ഴത്തിന്റെ വക്കില്‍നിന്ന്
ഏന്തിനോക്കുകയായിരുന്നു.
ആഴം
ചൂഴ്ന്നുപോകുമ്പോലെ തോന്നി.

ആഴത്തില്‍ വേറെയും ആഴങ്ങളുണ്ട്.
കിണറിനകത്ത് വട്ടത്തിലിറക്കിയിട്ട
റിങ്ങുകള്‍ പോലെ,
പല വലിപ്പത്തില്‍ ആഴം.

ഒരു സങ്കടത്തിനുള്ളിലെ
അനേകം കുഞ്ഞുസങ്കടങ്ങള്‍ പോലെ...

എനിക്ക് കുറേ കരച്ചില്‍ വന്നു
പേടി തോന്നി.
ആഴത്തിന്റെ ഏറ്റവും 
ചോട്ടില്‍
പേടി ചെന്ന് മുട്ടി, സങ്കടവും

ആഴമെന്ന വാക്ക് ഉള്ളിലേക്ക് വലിച്ചിട്ടു.
ഭാഷയില്‍ 'ആ'
തന്നെയായിരുന്നു 
ആദ്യത്തെ
ആഴം.
ആനയെന്നെഴുതിയ വലിപ്പവും.

ആഴത്തിലൊരു സൂര്യനെ 
മുല കൊടുത്ത് മയക്കുന്നു,
അതിന്റെയിടുക്കില്‍
ശ്വാസം പറത്തിയ
ഒരു പെണ്ണ്.

ആഴത്തിലൊരു മരത്തിന്റെ
ഉയരത്തില്‍ കയറി
കാലിളക്കിക്കളിക്കുന്നു,
അതിന്റെ ശൂന്യതയില്‍ 
ഏകാന്തത മറന്ന 
ഒരു പെണ്ണ്.

ആഴത്തിലെ നിലാവില്‍
നക്ഷത്രങ്ങളെ മടക്കി തോണിയുണ്ടാക്കി
വെള്ളത്തിലേക്കിടുന്നു, 
അതിന്റെയിരുട്ടില്‍
ഉടലുടക്കിയ ഒരു പെണ്ണ്...
അവള്‍ ഞാനായിരിക്കാനിടയുണ്ട്.

എന്റെ പേടി
ആഴം പോലെയത്ര ആഴമുള്ളതല്ലിപ്പോള്‍.

ഒരിക്കലിറങ്ങിയാല്‍ 
ഒഴിഞ്ഞുപോകാവുന്ന ഭയമേയുള്ളൂ,
ഏതാഴത്തിനും!

Content Highlights : Azham poem by Ragila Saji