ചെമ്പരത്തിച്ചെടിയുടെ
ഇളം ചില്ലകളിലൂടെ
നേര്‍ത്ത സൂര്യപ്രകാശത്തിന്റെ
മൂര്‍ച്ചയേറിയവെളിച്ചം.
വെളിച്ചത്തിനും
വേലിച്ചെടികള്‍ക്കും
ഇടയിലൂടെ ഒരു മേഘച്ചീള്.
മഴയുടെ വരവറിയിക്കുന്ന
പാട്ടുകളുമായി പക്ഷികള്‍.

എല്ലാം പഴയപടി
ഭൂമിയും വാനവും സൂര്യനും മേഘവും
ഇടയില്‍ കടന്നുവരുന്ന കാറ്റും.
പുതിയൊരതിഥിയുണ്ടെന്ന്
ആരുമറിയുന്നില്ല
ചെടികള്‍ക്കും മരങ്ങള്‍ക്കും മുകളിലൂടെ
ഭൂര്‍ജ്ജപത്രങ്ങള്‍
നനഞ്ഞുതിരുന്ന മഴത്തുള്ളികളിലൂടെ
വീഴാറായ പീറ്റത്തെങ്ങുകളെയും
പൊടിച്ചുയരുന്ന കൂമ്പുകളെയും
തഴുകിയെത്തുന്ന പുതിയ അതിഥി

ചാമരങ്ങളിലും
ചെങ്കോലുകളിലും
ദണ്ഡകളിലും
പേടിയില്ലാതെ കടന്നുവന്ന
വിളിക്കപ്പെടാത്ത അതിഥി
മയില്‍പ്പീലിത്തണ്ടുകള്‍ക്കൊപ്പം
പെറ്റുപെരുകുന്ന അതിഥി.

പ്രണയരാശികളില്‍ നനവില്ലാതെ
കിരീടം വെച്ചെത്തുന്ന അതിഥി
മരണരാശികളില്‍ വീര്‍പ്പുമുട്ടാതെ
ഈ തൊടിയിലും ആ തൊടിയിലും
ഈ പുഴയിലും ആ നദിയിലും
ഈ കടലിലും ആ സമുദ്രത്തിലും
പാറിയെത്തുന്ന അതിഥി.

മഴ പെയ്തുതുടങ്ങി
എവിടെയും പോവാനില്ലാതെ
അതിഥി കാത്തിരിക്കുന്നുണ്ട്
വാതില്‍ തുറക്കാന്‍
ഒരു സുഷിരത്തിലൂടെ കടന്നെത്താന്‍.
വാതില്‍പ്പടികളിലെല്ലാം അതിഥി.
മണിസൗധങ്ങളിലും
ചെറുകൂരകളിലും
നഗരങ്ങളിലും ഗ്രാമങ്ങളിലും
ജനപദങ്ങളിലെല്ലാം
സുഷിരങ്ങള്‍തേടി അതിഥി.

വിലാപവും മന്ദഹാസവും
മറഞ്ഞുപോയ മണ്ണ്
മഹിതമായ ഭൂമി
ഏഴുസമുദ്രങ്ങളുടെ ഭൂമി
വ്രണിതമല്ലാത്ത മുറിവുകളുമായി
ചോരവീഴാത്ത മുറിവുകളുമായി
എന്റെ ഭൂമി
നമ്മുടെ ഭൂമി!

Content Highligts : Athidhi poem by CP Aboobacker