വിഷാദമെന്നത്

നിന്നെ കാണുമ്പോള്‍ മാത്രം

പൂക്കുന്ന ചെമ്പരത്തിയാണ്

അവള്‍ പതിയെ പറഞ്ഞു

മുഖം എന്റെ വയറോട് ചേര്‍ത്ത്

ഞാന്‍ അവളെ നോക്കി.....

പതുക്കെയാ കട്ടി കണ്ണട മാറ്റിവെച്ചു

നിറഞ്ഞ കണ്ണുകളില്‍ പൂക്കാലം

എനിയ്ക്കു പെട്ടെന്ന് കരച്ചില്‍ വന്നു

അവളങ്ങിനെയാണ്

എന്നില്‍ വിഷാദവും പ്രണയവും

നിറച്ചവള്‍.....

സമയമെറേയില്ല

അവള്‍ ഓര്‍മ്മപ്പെടുത്തി....

ഇപ്പോള്‍ കുസൃതിയാണ്

ആ കണ്ണുകളില്‍

എനിക്കിപ്പോള്‍ ചിരി വന്നു

ഞങ്ങളില്ലാതാവുകയും

അവള്‍ മാത്രമാവുകയും ചെയ്തു

ശേഷം

രണ്ട് കാറുകളില്‍ രണ്ട് ജീവിതങ്ങള്‍

ഇറങ്ങിപോകുന്നു

പടം പൊഴിക്കുന്നു

പിന്നെയും ജീവിക്കുന്നു

അടുത്ത വാര്യാന്തത്തിലേക്ക്

ഒരു കൊതിച്ചിപ്പൂച്ച

കണ്ണിറുക്കുന്നു

Content Highlights: Aswathy Plackal poem Malayalam