ഈ വലിയ ലോകത്ത് ചെറുതിന്റെ സൗന്ദര്യം ആരായുന്നവര്‍ക്കായി കഥാകാരി അഷിത രചിച്ച ഹൈക്കു കവിതകള്‍. മൂന്നടികൊണ്ട് മൂലോകവും അളന്ന വാമനനെപ്പോലെ ഈ ലഘുകവിതകള്‍ വായനക്കാരന്റെ ബോധമണ്ഡലത്തില്‍ പ്രകാശിക്കുന്നു. ഗഹനമായ വനനിശ്ശബ്ദതയിലെ ചെറിയ ഇലയനക്കങ്ങളായി ഇവയോരോന്നും അനുഭവപ്പെടുന്നു. ചെറുതിന്റെ ശക്തിസൗന്ദര്യങ്ങളെ ഹൃദയത്തില്‍ സ്വാംശീകരിക്കുന്ന ഹൈക്കു കവിതകള്‍

അവസാനകാഴ്ചകള്‍ 

സന്ധ്യ 
ഒറ്റയ്ക്ക് അസ്തമയം കണ്ടിരിക്കും
പ്രാവിന്‍നെഞ്ചിലെ ആ കുറുകല്‍...


പാഠം 

കൊഴിയും ഇല, വീഴുംവഴിക്കു 
പൂവിനൊരുമ്മ കൊടുത്തു മണ്ണില്‍ ചേര്‍ന്നത് 
കണ്ടു പഠിപ്പൂ, ഞാനും...


പ്രഭാതസവാരി 

ഒറ്റയടിപ്പാതയില്‍ 
ബുദ്ധഭിക്ഷുപോല്‍ വിനമ്രമായി 
ഒരു പുല്‍ക്കൊടി

സ്വകാര്യം 

ഉറക്കം പിണങ്ങിയ രാത്രിയില്‍ 
പിണക്കം മറന്ന കുഞ്ഞിനെപ്പോല്‍
ചിരി തൂവുന്ന നക്ഷത്രമേ...

പറയാതിരുന്നത് 

ദൂരെനിന്ന് ചാറിവന്നു 
ആകെ നനയിച്ചു പോം മഴപോല്‍
കരയിച്ചുപോവുന്നു നിന്റെയോര്‍മ.

കൃതജ്ഞത 

തലകുനിച്ച മാവിലെ
മധുരമാമ്പഴം 
മാവിന്റെ കൃതജ്ഞത.


അഷിതയുടെ ഹൈക്കു കവിതകള്‍ ഓണ്‍ലൈനില്‍ വാങ്ങാം 

 

Content Highlights: ashithayude haiku kavithakal, malayalam poem