ഴിഞ്ഞ ജന്മത്തില്‍ ഞാന്‍ മനുഷ്യനായിരുന്നു.
തലച്ചോര്‍ ഉപയോഗിച്ച് ഹൃദയത്തെ വ്രണപ്പെടുത്താന്‍ കഴിവുള്ള ജീവി!
തലച്ചോറും ഹൃദയവും തമ്മിലുള്ള മത്സരത്തിലാണ് ഞാന്‍ പരാജയപ്പെട്ടത്.
ജനനമരണങ്ങള്‍ക്ക് ഇടയിലുള്ള അനന്തമായ ശൂന്യതയില്‍ ആ ജന്മം അവസാനിച്ചു.
അവിടെ ഭൂതവും ഭാവിയുമില്ല. ശൂന്യത മാത്രം.
ഉജ്ജ്വലമായ ഒരു പ്രകാശ ഗോളത്തിനു ചുറ്റും ഭ്രമണം ചെയ്തുകൊണ്ടിരുന്ന 
അനേകം കണങ്ങളില്‍ ഒന്നായി ഞാന്‍ രൂപാന്തരപ്പെട്ടു.

പ്രകാശ ഗോളത്തില്‍ എത്തുമ്പോള്‍ ഭ്രമണം അവസാനിക്കും. 
ആ നിമിഷം തന്നെ പുതിയ ജന്മം ആരംഭിക്കും.
അതുവരെയുള്ള കാലവും ദൂരവും 
ഭൂമിയിലേതിനെക്കാള്‍ ആയിരം മടങ്ങ് വേഗതയിലാണ് കടന്നുപോവുക.
ഒരു നിമിഷത്തെ ആയിരം അംശങ്ങളാക്കി 
അത്രത്തോളം ചിന്തകള്‍ പ്രകാശവേഗത്തില്‍ മിന്നിമറയും.

ഓരോ ചിന്തകളും ഓരോ യുഗങ്ങളാകും.
അതിനുള്ളില്‍ ഞാന്‍ ജനിക്കുകയും മരിക്കുകയും ചെയ്യും.

ഒറ്റക്കൊമ്പുള്ള കുതിര, സൂര്യനെ ചുറ്റിപ്പറക്കുന്ന ശലഭം, 
മഴമേഘങ്ങളില്‍ കൂടുകൂട്ടുന്ന വേഴാമ്പല്‍...
സ്വപ്നങ്ങളിലൂടെ നിരവധി ജന്മങ്ങളെടുത്ത് 
യാഥാര്‍ത്ഥ്യത്തിലേക്ക് ഞാന്‍ പിറന്നു വീണു.

ഏത് ജന്മമാണിത്?
മേഘങ്ങള്‍ക്ക് മുകളിലല്ല... സൂര്യന്‍ അരികിലില്ല...
ഒറ്റക്കൊമ്പും ചിറകുകളും മുളച്ചില്ല!
മണ്ണിനടിയില്‍ നിന്നും സാവധാനം മുകളിലേക്ക് വരാന്‍ ശ്രമിച്ചു. 
ഒന്നും കാണാന്‍ കഴിയുന്നില്ല... ഒന്നും കേള്‍ക്കാന്‍ കഴിയുന്നില്ല...

തലച്ചോര്‍ തിരയുന്നതിനിടയില്‍ 
അഞ്ചു ഹൃദയങ്ങളും ഒരുപോലെ മിടിച്ചു...
ഏത് ജന്മമാണിത്!

Content Highlight s: Anchu Hridayangalum Oru Thalachorum Poem Written by Divine George