നിശബ്ദത

നിശ്ശബ്ദതയുടെ രാജ്യത്ത്
ഭയാക്രാന്തനായ കവി
ഹോട്ടലിൽ ഭക്ഷണത്തിനായി പോകുന്നു.

ഇരുൾ നിറഞ്ഞൊരു മൂലയിൽ
തണുപ്പ് വിതാനിച്ച അന്തരീക്ഷത്തിൽ മാറാലയും പൊടിയും പുകയും മയക്കുന്ന മുകതയിൽ മൂർച്ചയുള്ളൊരു മീൻമുള്ള്
തൊണ്ടയിൽ കുരുങ്ങി അയാൾ അലറുന്നു ഹോട്ടലുടമ ജാഗരുഗകനാകുന്നു കള്ളനോ?
ഭ്രാന്തനോ?
ഭീകരനോ?
രോഗിയോ?
പൊലീസ് അറസ്റ്റ് ചെയ്യുന്നു
കോടതി തൂക്കിലേറ്റുന്നു
നിശ്ശബ്ദതക്ക് മാത്രം ഒരു മാറ്റവുമില്ല
അത് ഇപ്പോഴും അവിടെയുണ്ട്

വിശപ്പ്

അകല കാലത്ത്
ഉദ്യാനത്തിൽ ഒറ്റക്കിരുന്നയാളെ പൊലിസ് പൊക്കി മാസ്ക്കില്ലാത്തതിന്
അയാളുടെ മടി
സഞ്ചി
കോന്തല
വായ
മുടിയിഴകൾ
എല്ലാം പരിശോധിച്ചു
ഒന്നും കണ്ടില്ല
പിറ്റേന്ന്
പോസ്റ്റ്മോർട്ടത്തിൽ കിട്ടി

അധികാരത്തൊപ്പിയുടെ ഗൂഢസ്മിതം മൂന്ന് ദിവസം മുമ്പത്തെ വറ്റ്

തൊട്ടുകൂടായ്മ

നഗരത്തിന്റെ ഓവുചാലിൽനിന്നാണ് മൃതദേഹം കിട്ടിയത് ആക്സിഡന്റായിരുന്നു
കാൽവിറ മാറിയിട്ടില്ല
കണ്ണുകൾ അനക്കമറ്റിട്ടില്ല
ഹൃദയം
കരൾ
രക്തം ഒന്നിനും കുഴപ്പമില്ല പ്രമേഹം
രക്തസമ്മർദം
ഒന്നുമില്ലഠയിരുന്നു തെരുനായ്ക്കളാണ് കണ്ടെത്തിയത് അയാൾ രോഗിയല്ലായിരുന്നു

കറുപ്പ്

വാക്കുകൾ നഷ്ടപ്പെട്ട ദിനം
മാരിവില്ലിന് ആത്മഹത്യചെയ്യാൻ തോന്നി സന്ധ്യയിലെ സൂര്യൻ പക്ഷേ,
കടലിനെ പല വർണങ്ങളിൽ
കാഴ്ചക്കാരുടെ മുഖങ്ങളിൽ പ്രതിബിംബിച്ചു എന്നിട്ടും,
രാത്രിയുടെ നീരാളിക്കൈ അതിനെ മുക്കിക്കൊന്നു എങ്ങും ഒരേ കറുപ്പ്

ഭയം

ജീവിതത്തിന്റെ ലാവണ്യനിയമങ്ങളെക്കുറിച്ചെഴുതിയ പ്രബന്ധത്തിൽ വീർപ്പുമുട്ടിമരിച്ചു ഒരു കുഞ്ഞുകിളി
കാട്ടിലെ ഏകാന്തതയിൽ വീണ ഒരു വാക്കിനെ
ഇലകൾ മൂടിവെച്ചു
കാറ്റുതി വിരിച്ച മണൽപ്പായയിൽ വെയിലുകൊള്ളുന്നു,
ഇന്നലത്തെ സ്വപ്നാവശിഷ്ടം.
അകലെയെങ്ങാനും ഒരു കാക്ക കാത്തിരിക്കുന്നുണ്ട്
അതിനീ കടപ്പുറമൊന്നൊഴിയണം
വാ തുറക്കാൻ

വിസിൽ

കടപ്പുറവണ്ടിയിലെ കണ്ണാടിച്ചിൽവിഭവങ്ങളിൽ
വിശപ്പു തീരാത്ത കാണികൾ
കടല കൊറിക്കാതെ
കഥ പറയാതെ
പ്രണയിക്കാതെ
കെട്ടിപ്പിടിക്കാതെ
ഒന്നും മിണ്ടാതെ
ഒരേയിരിപ്പ്
കടൽനോക്കി.
അകലെ ഒരു
വിസിൽ മാത്രം മുഴങ്ങുന്നു

നെഞ്ചിടിപ്പ്
നഗരപ്രാന്തത്തിലെ വലിയ റോഡ് കഴിഞ്ഞ് ചെറു വഴിയിഡിലേക്ക് തിരിയുന്ന വളവിൽ ചുവന്ന ബീക്കണുള്ള വാഹനം തിരിച്ചറിയൽ കാർഡുണ്ടോ?
ആധാർ?
പാൻകാർഡ്?
ജനനസർട്ടിഫിക്കറ്റ്?
യൂനിവേഴ്സിറ്റി സർട്ടിഫിക്കറ്റ്?
ബാങ്ക് കാർഡ്?
ഹോസ്പിറ്റൽ കാർഡ്?
ചെറിയ വഴി
വലിയൊരു തടവറ പോലെ !

Content Highlights :Akalakala Kavithakal by K M Rasheed