കുതിച്ചൊഴുകുന്നൊരു പുഴയില്‍  നിലയറിയാതെ മുങ്ങിപ്പൊങ്ങി വെപ്രാളപ്പെടുന്നു. ഇനിയെതോ ജലപാതത്തിന്‍ കിനാവള്ളിപിടിത്തത്തിലോ?
വേണു കൈകാലിട്ടടിക്കാന്‍ ശ്രമിച്ചു. പറ്റുന്നില്ല. രക്ഷക്കായുള്ള നിലവിളി  ഉളളില്‍ തളഞ്ഞ് പ്രതിധ്വനിച്ചു.
ആപാദം കുതിര്‍ന്നൊഴുകുന്നുണ്ട് എന്നത് സത്യം. മിഴിയും മുഖവും ജലനാഡികളാല്‍ പിണഞ്ഞുപോയിരിക്കുന്നു. ശ്വാസത്തിനായി ചങ്കു പിടഞ്ഞു..
എങ്ങുനിന്നോ ഒരു ഊഞ്ഞാല്‍ കൈ ആയത്തില്‍ വന്നു പൊക്കിയെടുത്തപ്പോള്‍ ജലത്താഴ് പൊട്ടി.  ആഞ്ഞു ശ്വാസം വലിച്ചു വേണു കണ്ണു മിഴിച്ചു.
തിരിമുറിയാതെ മഴ തകര്‍ത്തു പെയ്യുകയാണ്.
സഹസ്രജലധാരിണിയായി  ഇലഞ്ഞി പൂത്തുനില്‍ക്കുന്നു. മഴയുടെ ഏകതാനമായ പതനാരവം ഘനീഭവിച്ചിറങ്ങി. വേണു ചുറ്റും പാളി നോക്കി. ഇലഞ്ഞിത്തറയില്‍ പേമാരിയിലും കെടാത്തൊരു പന്തം രൂപം പൂണ്ട് ഉയര്‍ന്നു പാളുന്നു.
പന്തത്തീയില്‍ നിന്ന് മഴയെ മുറിച്ച് ഘനമുള്ള ശബ്ദമുയര്‍ന്നു.
'ഉണ്ണീ...'

'ഞാനെന്തു പിഴച്ചു കുലവാ,ഈ കളിയില്‍ ഞാനേതു കരു?'
നിലയില്‍ നിസ്സഹായനായി വേണു പിറുപിറുത്തു.
ഇലഞ്ഞിച്ചോട്ടില്‍ മഴക്കുമേലെ ചിരി മുഴങ്ങി...

'നാമെല്ലാം കരുക്കള്‍ തന്നെ. കളിച്ചുതന്നെയാകണം.ജയിച്ചാലും തോറ്റാലും ക്രീഡാചതുരങ്ങള്‍ ഒഴിയും. കളത്തില്‍ പുതിയ കരുക്കള്‍ നിരക്കും. അതിനാല്‍ മനസ്സുറപ്പോടെ കളിക്കുക. ജയവും തോല്‍വിയും അപ്രസക്തം. കളിക്കുക നിന്റെ മര്‍ത്യയോഗമാണ്. കര്‍മ്മം അതില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു.അതൊരു പിഴവല്ല ഉണ്ണീ.'
'എങ്കില്‍ പറയൂ..കുന്നിന്‍മേലമ്പലത്തില്‍, തിരുനാവാ മണിക്കിണറില്‍, എനിക്കു നേരേ മുഴങ്ങിയ ക്രോധങ്ങളുടെ അര്‍ഥമെന്താണ് കുലവാ?'
'പറയാം, അതു കേള്‍ക്കാനാണല്ലൊ നീ ഇവിടേക്കു വന്നതു തന്നെ. ഞാനാകട്ടെ കാലങ്ങളായി കാത്തിരിക്കുന്നു. എന്റെ മോക്ഷവും അതു തന്നെ. നീ കേള്‍ക്കുക, പാടിപതിഞ്ഞ ചരിതങ്ങള്‍ മാത്രമെ ചരിത്രമാവുന്നുള്ളൂ. അത്  തിളക്കമുള്ള തൊങ്ങലുകള്‍ മാത്രം. കഥകള്‍ കേള്‍ക്കാന്‍ മാത്രമുള്ളതാണ്. ആപാദം മുങ്ങിപ്പോവരുത്. കേട്ട കഥകളിലെ കളകളും പതിരുകളും വേര്‍തിരിച്ചറിയാന്‍ പാടുതന്നെ. കാര്യങ്ങള്‍ ഗ്രഹിക്കാനും. കേള്‍ക്കാത്ത സത്യങ്ങളാണ് ചരിത്രം. അതിനായി ചുഴിയുക.'

'പുതുമന മൂത്ത അമ്മയുടെ നിലയില്ലാത്ത ക്രോധത്തിനു കാര്യവും കാരണവുമുണ്ട്. നൂറ്റാണ്ടുകളായി വ്യാഴവട്ടങ്ങളില്‍ ബലിയര്‍പ്പിക്കപ്പെടുന്ന യുവാക്കളുടെ അമ്മയുടെ കോപമാണത്. നിലപാടുതറയിലേക്ക് പാഞ്ഞണയുന്ന അവരെ കുന്തത്തില്‍ കോര്‍ത്തും കുതികാല്‍ വെട്ടിയും തീര്‍ക്കുന്ന രക്ഷാനിരയുടെ ഇളമുറക്കാരനാണു നീ. കുന്നിന്‍മ്മേലമ്മയുടെ നടവഴിയിലെ തറയില്‍ നിന്ന് ഒടുവിലത്തെ ചേവേര്‍ചോറുരുള ഭക്ഷിച്ചെത്തുന്ന രൗദ്രമൂര്‍ത്തികളുടെ അന്തകന്‍മാരുടെ പിന്‍ഗാമികളെ, വള്ളുവക്കോന്റെ പരദേവത അഭയമുദ്രകൊണ്ടു സ്വീകരിക്കുമെന്ന് നീ കരുതിയോ. നീ കരുതിയാലും ചാവേര്‍ത്തറവാട്ടുകാര്‍ കരുതില്ല.  കുടിപ്പകകളെ കാലം മായ്ച്ചാലും , സ്വരൂപങ്ങള്‍ സമരസപ്പെട്ടാലും പുത്തലത്തുകാര്‍ അവിടെ കയറാറില്ല എന്നറിയുക...'
''പക്ഷെ, മണിക്കിണറില്‍ നിന്നുയര്‍ന്നു വന്ന ആ ബാലകന്‍...അത്, കഥ വേറെയാണ്....''
പന്തത്തീ ഒന്നുലഞ്ഞു. മുഴക്കമുള്ള ശ്ബദത്തിന് ഇടര്‍ച്ചയോ. മഴ നെഞ്ചടിച്ചലച്ചു പെയ്തു കൊണ്ടേയിരുന്നു.
''കുലവാ.. ''വേണു അമ്പരപ്പില്‍ വിളിച്ചു.
''കഥനം  ചെവി കൂര്‍പ്പിച്ചു തിരിയൊഴിയാതെ കേട്ടുകൊള്‍ക ഉണ്ണീ...''
ശബ്ദം ഗൗരവം പൂണ്ടു..
സ്വര്‍ഗ്ഗപ്രവാഹമേറ്റു വാങ്ങിയ ആദിയോഗിയെപ്പോലെ ഇലഞ്ഞി വേണുവില്‍ മഴയായി ചൊരിഞ്ഞു.
പന്തം ഹുംകാരത്തോടെ ജ്വലിച്ചു കത്തി..
**   **   **   **   **   **  **
വള്ളുവക്കോനാതിരിയുടെ ആസ്ഥാനമായ കുറുവ കോവിലകം പുരുഷാരത്താല്‍ നിറഞ്ഞു.  കൂട്ടത്തിന്റെ പിറുപിറുപ്പുകള്‍ വണ്ടിന്‍ മുരളല്‍ പോലെ ഉയര്‍ന്നുപറന്നു. ഗൗരവം ഘനീഭവിച്ച മുഖങ്ങള്‍. പടിപ്പുരക്കപ്പുറം കുരുത്തോലകള്‍ തൂങ്ങിയാടുന്ന നെടുംപന്തലുകളില്‍ സ്ഥാനികളും സ്വരൂപികളും ഊരാള കാരാളന്‍മാരും ഉണ്ട്.
കാവല്‍പ്പാറാവ് ബന്തവസ്സാക്കിയ പടിപ്പുരക്കു പുറത്ത് അകമ്പടിജനവും നാട്ടുമക്കളും
പൂമുഖത്ത്, വെള്ളയും പട്ടും വിരിച്ച ചിത്രക്കിടക്കയില്‍ വള്ളുവക്കോനാതിരി നിശ്ശബ്ദമൂര്‍ത്തിയെപോല്‍ ഇരുന്നു. മുദ്രമോതിരവും വജ്രമോതിരവും, മൂന്നിഴയുള്ള മുത്തുമാലയും കടുക്കനും ഭസ്മവും മാത്രം അലങ്കാരങ്ങള്‍.  കണ്ണുകളിലെ വിഷാദരാശിയോടടുത്ത ദൃഢഭാവം അദ്ദേഹത്തെ ഗംഭീരനാക്കി. പടരാത്ത വെളുത്ത താടിയും മീശയും. ഇടക്ക് കണ്ണുകളടച്ച് ദീര്‍ഘമായ നിശ്വാസങ്ങളും മന്ത്രിക്കലുകളും..രാജര്‍ഷി തന്നെ സദസ്യര്‍ നിരൂപിച്ചു

''തമ്പുരാന്റെ നായാട്ടുടയ അനന്തരവന്‍, ചാത്തു ഉണ്ണാമന്‍ എന്ന മണ്ണാറക്കാട്ടു നായര്‍ വന്നവരെ തമ്പുരാനു മുന്നില്‍ എഴുന്നള്ളിച്ചവതരിപ്പിക്ക.''
വെള്ളാട്ടിരിയുടെ അമാത്യന്‍ കരുവായൂര്‍ മൂസത്*1 സദസ്സിലേക്കു വിളിച്ചു ചൊല്ലി.
ഇരുണ്ടു ദീര്‍ഘകായനായ മണ്ണാറക്കാട്ടു നായര്‍*2  സദസ്സില്‍ നിന്നു മുന്നോട്ടു വന്നു തമ്പുരാനെ മുട്ടറ്റം താണുവണങ്ങി. അരചന്റെ കണ്ണാട്ടം മനസ്സിലാക്കി, പൂമുഖത്തേക്കു കയറി വിളിച്ചു ചൊല്ലല്‍ ആരംഭിച്ചു
''വല്ലഭന്‍മാരായ അഞ്ചു സ്വരൂപികള്‍ക്കും ശ്രീ മാനവല്ലഭ കോതൈകടുങ്ങോനായ കോവില്‍ കരുമികള്‍ വളളുവക്കോനാതിരി പൊന്നുതമ്പുരാന്റെ * സമീപസ്ഥ പീഠത്തിലേറാം..തമ്പുരാന്‍മാര്‍ വരിക വരിക..''
കടന്നമണ്ണ, മങ്കട, ആയിരനാഴി, അരിപ്പുറെ കോവിലകങ്ങളിലെ ഇളമുറ സ്ഥാനികളായ വെള്ളാല്‍പ്പാട്, തച്ചാര്‍പ്പാട്, എടത്രാല്‍പ്പാട്, കൊളത്തൂര്‍ തമ്പുരാന്‍, പടിഞ്ഞാറക്കര തമ്പുരാന്‍  എന്നിവര്‍ മുറ്റത്തിട്ട പീഠത്തില്‍ നിന്നുമെഴുന്നേറ്റ് മൂപ്പിളമ ക്രമപ്രകാരം തമ്പുരാനെ സാഷ്ടാംഗം വണങ്ങി ഉമ്മറക്കോലായിലെ പീഠങ്ങളില്‍ ഇരിപ്പുറപ്പിച്ചു.
നീലകണ്ഠനു തമാശ തോന്നി. എടത്രാല്‍പാടിന്റെ നടത്തില്‍ അല്‍പ്പം ചട്ടുണ്ട് തീര്‍ച്ച. തമ്പുരാന്‍ കൊത്രിച്ചാണു ഉമ്മറപ്പടി കയറുന്നത്. പരിഭ്രമവും പരവേശവും ആവോളം. അതിനിടയില്‍ ഒന്നു ആന്തുകയും ചെയ്തു. തിരുമുറ്റത്തുള്ള എല്ലാവരും വാ പൊത്തി നില്‍ക്കുന്നതിനാല്‍ ചിരിപൊന്തിയില്ല എന്നു മാത്രം. നീലകണ്ഠനു പക്ഷെ ചിരി പൊട്ടി.
പുതുമന പണിക്കര്‍ കണ്ണുരുട്ടി അരുത് എന്ന അനന്തരവനോടു പറഞ്ഞു.
മണ്ണാറക്കാട്ടു നായര്‍ ചൊല്ലുവിളി തുടര്‍ന്നു

''പാതേക്കര, ഏലംകുളം നിന്തിരുമേനിമാര്‍ വരിക.''
സദസ്സിലെ പ്രത്യേക ഇരിപ്പങ്ങളില്‍ ഇരുന്ന വളളുവഭൂപതിയുടെ പുരോഹിതരായ പാതാക്കര നമ്പൂതിരിപ്പാടും ഏലംകുളം നമ്പൂതിരിപ്പാടും പൂമുഖം പൂകി വെള്ളാട്ടിരിയെ രണ്ടും കൈയ്യും കുടയാക്കി അനുഗ്രഹിച്ച് തന്താങ്ങളുടെ പീഠത്തില്‍ ആസനസ്ഥരായി.
''അപ്പക്കളം പിഷാരടി, ചെറുകര പിഷാരടി, എളംപുലാക്കാട്ട് അഛന്‍, കുണ്ടറക്കല്‍ നായര്‍, കാകുന്നത്തു മൂപ്പില്‍ നായര്‍, ഇരിക്കാലിക്കര നായര്‍, കിഴിശ്ശേരി അമ്മദുഗുരിക്കള്‍...''
ചൊല്ലുവിളിച്ച എല്ലാവരും മുറ്റത്തു നിന്നു തമ്പുരാനെ താണു തൊഴുത് അവിടെ തന്നെ ഇരുന്നു.
മണ്ണാറക്കാട്ടു നായര്‍ തെല്ലിടനിര്‍ത്തി, സദസ്സിനെ ആകമാനം നോക്കി. ശബദത്തില്‍ മാറ്റം വരുത്തി, നാടകീയമായി വിളിച്ചു..

''വല്ലഭന്റെ മാറോടു ചേര്‍ന്നമക്കള്‍, വള്ളുവനാട്ടിന്റെ മാനം ചുമക്കുന്ന നാലുവീട്ടില്‍ ചാവേര്‍പണിക്കമ്മാര്‍, വയങ്കര, വേര്‍ക്കാട്ട്, പുതുമന, ചെന്ത്രത്തില്‍ പണിക്കന്‍മാരും താവഴികളും വന്നുപൊലിക വന്നു പൊലിക വന്നു പൊലിക...''
കണ്ണുകളെല്ലാം മുറ്റത്തുള്ള ഒരു കൂട്ടം യുവാക്കളുടെ നേര്‍ക്കായി.

''കണ്ടരെ, വന്നോളൂ...''
പുതുമന കുഞ്ഞിപ്പണിക്കര്‍ മരുമകനെ കൈയ്യാല്‍ വലിച്ചു.
മുറ്റത്തു കരിമ്പടവും വെളളയുമിട്ട് പ്രത്യേകമായി തയ്യാറാക്കിയ  വിരിയില്‍ മുപ്പതോളം യുവാക്കള്‍ തമ്പുരാനെ ദീര്‍ഘദണ്ഡനമസ്‌ക്കാരം ചെയ്തു വന്നു പത്മാസനത്തില്‍ ഇരുന്നു.
മുറുകിയ ചുണ്ടുകളും, ചുവന്ന കുറികളും വടിവാര്‍ന്ന ശരീരവുമുള്ള മുപ്പതിനടുത്തു പ്രായമുള്ള ചെറുപ്പക്കാര്‍.  ചിന്തയും ചേതനയും ഏതൊ ലോകത്തെന്ന മട്ടിലുള്ള നിര്‍വികാരമാര്‍ന്ന മുഖങ്ങള്‍. ക്ഷൗരം ചെയ്യാതെ നീട്ടി വളര്‍ത്തിയ മീശയും താടിയും. മൗനകപാലമണിഞ്ഞ ഇമ വെട്ടാത്ത,വാള്‍ത്തല നോട്ടമുള്ള കാലഭൈരവ സംഘം. പുതുമന കുഞ്ഞിപണിക്കര്‍ നേതൃസ്ഥാനമെന്ന കണക്ക,് കൂട്ടത്തിനു മുന്നില്‍ നിവര്‍ന്നിരുന്നു.

നീലകണ്ഠനില്‍ പക്ഷെ അഭിമാനം തിളച്ചുപൊന്തി. മെയ്കണ്ണായ പോരാളികളില്‍ ഒരാളായിരിക്കുന്നു. പത്തുകുറെ നാനൂറില്‍ പെട്ടിരിക്കുന്നു. പൊന്നുതമ്പുരാന്റെ അരുമ. തിരുമാന്ധാംകുന്നിലമ്മയുടെ വീരപുത്രന്‍. സാമൂരിപ്പടക്ക് നെഞ്ചിടിപ്പു കൂട്ടുന്ന പരാക്രമി, വള്ളുവനാടിന്റെ ചാവേര്‍....! മുത്തശ്ശി പറഞ്ഞു തന്ന വിശേഷണങ്ങള്‍ ഓര്‍ക്കെ നീലകണഠന്റെ ശരീരം തരിച്ചു കയറി. അമ്മയുടെ കണ്ണില്‍ മാത്രം അപ്പോഴൊക്ക കരച്ചിലിന്റെ കടല്‍ കണ്ടു. പുതുമന വീട്ടിലെ പെണ്ണുങ്ങള്‍ കരയാന്‍ പാടില്ല. നിലത്തു കണ്ണീര്‍ വീണാല്‍ അപശകുനമാണ്. ഛെ, അമ്മയെന്താ ഇങ്ങനെ..

''ആണ്ടും പകുതിയും കഴിഞ്ഞാല്‍ മഹാമഹമായി. സാമൂരി മാമാങ്കത്തിനുളള ഓലകളോക്കെ അയച്ചു തുടങ്ങിയെന്നാണ് കേള്‍വി. ഇവിടെ വെട്ടിയിടാന്‍ ആളു തയ്യാറോ...''
കുറുവ കോവിലകത്തെ നടുമുറ്റത്തുകൂടിയവരോട് മന്ത്രിമുഖ്യന്‍ കരുവായൂര്‍ മൂസത് ഔപചാരികമെന്നോണം ചോദിച്ചു

''ഏറാനാട്ടുടയ സാമൂരിയെ വെട്ടിക്കളഞ്ഞ്, മാമാങ്ക രക്ഷാപുരുഷ സ്ഥാനം ശ്രീവല്ലഭന് സമര്‍പ്പിച്ച്, വള്ളുവനാട്ടിന്റെ യശ്ശസ്സുയര്‍ത്താന്‍ ഇക്കാണുന്ന മെയ്യും തലയും നല്‍കാന്‍ ഞങ്ങള്‍ തയ്യാര്‍. തിരുമാന്ധാംകുന്നിലമ്മ പൊന്നുതമ്പുരാനെ കാക്കട്ടെ.''
പുതുമനപണിക്കര്‍ ദാര്‍ഢ്യത്തോടെ തന്റെ വാളുയര്‍ത്തി തൊണ്ടപൊട്ടുമുച്ചത്തില്‍ പടവിളിച്ചു പറഞ്ഞു.
പിന്നിലിരുന്ന യുവാക്കള്‍ കൈകളുയര്‍ത്തി, ഒററസ്വരത്തില്‍ വായ്ത്താരി മുഴക്കി
''വാള്‍ സാമൂരിക്ക്,
തല പൊന്നുതമ്പുരാന്,
മനം തിരുമാന്ധാംകുന്നിലമ്മക്ക്,
മാനം വളളുവനാട്ടിന്.''
നീലകണ്ഠന്‍ ഉന്‍മാദത്താല്‍ വിറകൊണ്ടു...
''ചാവേര്‍ക്കൂട്ടം പൊലിക പൊലിക...''
സദസ്സ് ഉറക്കെ പ്രതിവചിച്ചു.
അന്തരീക്ഷം പൊടുന്നനെ ചടുലമായി.
വള്ളുവക്കോനാതിരി കൂട്ടത്തിലേക്കു കണ്ണുഴിഞ്ഞ് എന്തോ അമാത്യനോടു മന്ത്രിച്ചു.
മൂസത് മുന്നിലേക്കു വന്നു ചോദിച്ചു
''പുതുമന പണിക്കരെ. കൂട്ടത്തില്‍ ഏതാ ഒരു ബാലകന്‍ എന്നു പൊന്നുടയതമ്പുരാന്‍ നിവര്‍ത്തിക്കുന്നു...''
''മരുമകനാണ് തിരുമേനീ, പുതുമന നീലകണ്ഠ മേനവന്‍.''
എല്ലാവരും തന്നെ നോക്കുന്നതായി തോന്നിയപ്പോള്‍ നീലകണ്‍ഠന്‍ പരിഭ്രമിച്ചു. പിന്നെ, കണ്ണും വാളും താഴാതെ നോക്കണം  എന്നമ്മാവന്‍ ഉരുവിട്ടു പാഠം ഓര്‍ത്ത് ശിരസ്സുയര്‍ത്തി നിന്നു.
''കൂട്ടത്തില്‍ കൂട്ടിയതാണോ അതോ ഇനി..
കുരുവായൂര്‍ മൂസത് സംശയിച്ചു

Art Madanan


'അല്ല തിരുമേനി, അഭ്യാസമെല്ലാം പഴുതില്ലാതെ  തീര്‍ത്തിരിക്കുന്നു, ഏതു കൂട്ടത്തിലും പുളഞ്ഞു നീങ്ങാനുള്ള പാടവം ആയിക്കഴിഞ്ഞു കണ്ടരിന്. അവന്‍....
''എന്‍ മാറോടരുമ പണിക്കരെ...''
വളളുവക്കോനാതിരിയുടെ ശബ്ദമുയര്‍ന്നു.
പണിക്കര്‍ വാപൊത്തി നിലം നോക്കി എഴുന്നേറ്റു നിന്നു.
''ചാവേറലിന് ഈ ബാലന്‍ പോകേണ്ടതില്ല. നോക്കൂക, ആ മുഖത്ത് കുട്ടിത്തം മാറിയിട്ടുപോലുമില്ല. ശിശുസഹജമായ കൗതുകം കണ്ണുകളില്‍ ഇപ്പോഴും തിളങ്ങി നില്‍ക്കുന്നു. ആചാരം പാലിക്കാന്‍, വള്ളുവനാടിന്റെ മാഹാത്മ്യം ഉദ്ധരിക്കാന്‍ ബാലബലി വേണ്ട എന്നാണു നോമിന്റെ തീരുമാനം.'
'തമ്പുരാന്‍, അയാള്‍ മെയ്യുറച്ച പുരുഷനായിരിക്കുന്നു, ശരീരം നോക്കുക, തികഞ്ഞ അഭ്യാസിയുടേത് തന്നെ.. ' രണ്ടാം മുറ വെള്ളാല്‍പ്പാട് തമ്പുരാനോടു  പതിയെ പറഞ്ഞു. 'ചാവേറുകള്‍ ഇപ്പോ തന്നെ കഷ്ടി മുപ്പതെന്നു പറയാം. നാണക്കേടല്ലെ..'

''പ്രായവും ഉറക്കേണ്ടെ, വീരമാര്‍ത്താണ്ഡാ,''വെള്ളാട്ടിരി തന്റെ ഇളമുറയോടു  പറഞ്ഞു. ''നാണക്കേടെന്തിരിക്കുന്നു ഇനി. പന്തല്ലൂര്‍ മല മുതല്‍ പൊന്നാനി വരെ നീണ്ട നമ്മുടെ രാജ്യം ഇന്നിനിയെത്രയിങ്ങഴി ബാക്കിയുണ്ട്. അതില്‍ പരം ഹാനി ഇനി എന്തുണ്ടാവാന്‍. അടുത്ത മഹാമഹമുണ്ടെങ്കില്‍ അന്നവന്‍ പോകട്ടെ, അന്നു നാം ഉണ്ടായാലും ഇല്ലെങ്കിലും..'
ആരും മറുത്തു പറഞ്ഞില്ല. പരമാര്‍ഥം കേട്ട് സദസ്സ് നിശ്ശബദ്മായി.
പൊന്നുതമ്പുരാന്‍ ചൊന്നതിന്റെ പൊരുള്‍ പൂര്‍ണ്ണമായും നീലകണ്ഠന് മനസ്സിലായില്ല, പക്ഷെ താന്‍ ചാവേറലിന് പോകണ്ടതില്ല എന്നാണതിന്റെ ചുരുക്കം എന്നവന് തിരിയുകയും ചെയ്തു.
മനസ്സിടിഞ്ഞു മുഖം വാടി, കണ്ണീര്‍ പൊടിഞ്ഞ് അമ്മാവന്റെ മുഖത്തേക്കവന്‍ നോക്കി.
അനന്തരവന്റെ കണ്ണിലേക്കു നോക്കാതെ പുതുമന പണിക്കര്‍ മുഖം തുടച്ചു.
´´പൊന്നുടയതെ...´´പൂമുഖത്തിനു പിന്നിലുള്ള തെക്കിനിയില്‍ നിന്നൊരു വിളിയുണര്‍ന്നു
കുരുവായൂര്‍ മൂസത് ആത്മഗതം ചെയ്തു; ´പുതുമന അമ്മ.´
´´ചാവേര്‍ തറവാടുകള്‍ ആണ്‍കുട്ടികളെ പോറ്റിവളര്‍ത്തുന്നത് പന്തീരാണ്ട് കഴിഞ്ഞു പാകമാവാനാണ്. കാത്തിരിക്കാനല്ല. അമ്മിഞ്ഞപ്പാലിനു പകരം കുടിപ്പകയുടെ കനലൂട്ടിയാണ് അവരെ വളര്‍ത്തുന്നത്. പെറുമ്പോഴും മടക്കമില്ലാത്ത യാത്രപോവുമ്പോഴും നാവാമണലില്‍ അവര്‍ ഒടുങ്ങുമ്പോഴും അവിടുത്തെ പെണ്‍കള്‍ നിലവിളിക്കാറില്ല. തിരുവനുവാദമില്ലാത്ത ഈ ധിക്കാരപ്പറച്ചിലിനു തിരുവുള്ളക്കേടുണ്ടാവരുതേ...''
അകത്തുനിന്ന് തരിമ്പും തളരാത്ത പെണ്‍ശബ്ദം മുഴങ്ങി.
´´നേരുടയപെങ്ങളെ, അതിര്‍വിട്ടപറച്ചിലൊന്നുമില്ല. നീ പറയുമ്പോള്‍ വളളുവനാട് മറുവാക്കോതാതെ കേട്ടുനില്‍ക്ക തന്നെ വേണം. കേരളനൃപനെന്നു മേനി നടിക്കുന്ന കുന്നലക്കോന് വളളുദേശത്തപ്രതിയുള്ള വൈക്ലബ്യത്തിനു കാരണം തന്നെ നീ പരമ്പരയാ പെറ്റുപോറ്റുന്ന ആ ചാവേറുകള്‍ തന്നെ. മക്കള്‍ നാവായില്‍ നമുക്കായി ആഹൂതിചെയ്യുമ്പോള്‍ കണ്ണുകള്‍ കലങ്ങാതെ നില്‍ക്കുന്ന നീ വെള്ളാട്ടിരികള്‍ തീപ്പെടുമ്പോള്‍ മാത്രം നെഞ്ചടിച്ചു കരയുന്നു. നീയല്ലാതെ ഈ കൂട്ടത്തില്‍ മുന്‍ചൊല്ലാന്‍ മറ്റാര്‍ക്കവകാശം. അകത്തെഴുന്നള്ളിയിരിക്കുന്ന സ്വരൂപികളായ  വേദപുരാട്ടിയായ കുളത്തൂര്‍ തമ്പുരാട്ടിക്കും കടന്നമണ്ണ മൂത്ത തമ്പുരാട്ടിക്കും* ഒട്ടും കുറയാതെയാണ് നിന്റെ സ്ഥനമെന്നോര്‍ക്ക...´´
വെളളാട്ടിരി പൂമുഖത്തിനു പിറകിലേക്കു നോക്കാതെ മൊഴിഞ്ഞു..
പൂമുഖത്തെ സ്വരൂപികള്‍ അതിനെയംഗീകരിച്ചു തലയാട്ടി.
´´മാമാങ്കത്തിനിനി ഒരാണ്ടും പകുതിയുമുണ്ട്. അപ്പോഴേക്കും അവന്‍ ഒത്ത മെയ്ക്കണ്ണഭ്യാസിയാവും തിരുമനസ്സേ.വള്ളുനാടിന് അവന്‍ ശ്രേയസ്സ് കൊണ്ടു വരും...´´
പുതുമന അമ്മ പറഞ്ഞു നിര്‍ത്തി.
´´കുട്ടീ ഇവിടെ വരിക..´´ വള്ളുവക്കൊനാതിരി നീലകണ്ഠനെ അരികിലേക്കു ക്ഷണിച്ചു.
കണ്ടര് വിശ്വാസം വരാതെ കണ്ണുമിഴിച്ചു നിന്നു..
'കൈകൂപ്പി ഓഛാനിച്ചു വണങ്ങി നില്‍ക്ക ഉണ്ണീ..'
പുതുമന പണിക്കര്‍ പതിയെ പറഞ്ഞു.
മണ്ണാറക്കാട്ടു നായര്‍ കുട്ടിയെ കൂട്ടാന്‍ പൂമുഖമിറങ്ങി.
എല്ലാവരേയും അമ്പരപ്പിച്ച് ഒരുമാത്ര കൊണ്ട് അന്തമലക്കം മറിഞ്ഞ് നീലകണ്ഠന്‍ പൂമുഖം പൂകി സൂചിക്കിരുന്ന് നിവര്‍ന്ന് അരചനു മുന്നില്‍ ഗുരുവണക്കം നടത്തി.
ചിത്രക്കട്ടിലില്‍ നിന്നെഴുന്നേറ്റു വളളുവക്കോനാതിരി നീലകണ്ഠനെ മെല്ലെ പിടിച്ചെഴുന്നേല്‍പ്പിച്ചു മൂര്‍ദ്ധാവില്‍ ഉമ്മ വെച്ചു. വിരലില്‍ തിളങ്ങിയ വജ്രമോതിരമൂരി തഴമ്പുപൊന്തി ബാല്ല്യം വെടിഞ്ഞ കൈവെള്ളയില്‍ പിടിപ്പിച്ചു..
പിന്നെ പതിയെ പറഞ്ഞു.
ദീര്‍ഘായുസ്സായിരിക്ക!
കുരുവായൂര്‍ മൂസത് വേദനയോടെ ചിരിച്ചു.
(തുടരും)
1. വള്ളുവക്കോനാതിരിയുടെ മുഖ്യസചിവന്‍. ആസ്ഥാനമായ കോട്ടക്കല്‍ തിരുവെങ്കിടക്കോട്ട സാമൂതിരി ആക്രമിച്ചു പിടിച്ചപ്പോള്‍ പുഴക്കാട്ടിരിക്കു സ്ഥാനം മാറ്റേണ്ടി വന്നു. വള്ളുവക്കോനാതിരി മരിച്ചാല്‍ പതിനാറു പുല കഴിയും വരെ ഭരണം നടത്തുക കരുവായൂര്‍ മൂസതാണ്.
2.അരിയിട്ടു വാഴ്ച്ചയുള്ള കുന്നത്താട്ടു മാടമ്പില്‍ തറവാട്ടിലെ സ്ഥാനി. മണ്ണാര്‍ക്കാട്ടിനു കിഴക്ക് കാടും മലവാരങ്ങളുമുള്ളതിനാല്‍ വള്ളുവക്കോനാതിരി 'എന്റെ നായാട്ടുടയ അന്തിരവന്‍' എന്ന് മണ്ണാറക്കാട്ടു നായരെ വിശേഷിപ്പിക്കുന്നു. സാമൂതിരി പക്ഷത്തേക്കു മാറാതെ കൂറു കാണിച്ച സാമന്തരില്‍ ഒരാള്‍.
3. ആറങ്ങോട്ടു സ്വരൂപത്തിലെ നാലു താവഴികളില്‍ വയസ്സു മൂത്തയാളാണു വളളുവക്കോനാതിരിയാവുക. കുറുവക്കോവിലകത്തു വെച്ചാണ് രാജാവിന്റെ അരിയിട്ടു വാഴ്ച്ച നടക്കുക
4.നാലു താവഴികളിലും വയസ്സു മൂത്ത സ്ത്രീയാണ് കുളത്തൂര്‍ തമ്പുരാട്ടി. വേദങ്ങളുടെ അധിപ എന്നയര്‍ഥത്തില്‍ വേദപുരാട്ടിയെന്നും സ്ഥാനം. വേദപുരാട്ടി വളളുവുനാടിന്റ സകലസമ്പത്തിന്റെയും നാഥ എന്നാണലങ്കാരം. കാര്യകര്‍ത്താവ് രജാവും. മൂപ്പിളമയില്‍ രണ്ടാമത്തയാള്‍ കടന്നോം മൂത്ത തമ്പുരാട്ടിയും.

Content Highlights : Malayalam E Novel Kulavan Part Ten