മലബാറിന്റെ മധ്യകാല ഫ്യൂഡല്‍ ചരിത്രം നാടുവാഴികളുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. സ്ഥിര സൈന്യങ്ങളെ പാലിക്കാന്‍ ധനസ്ഥിതി ഇല്ലാഞ്ഞതിനാല്‍ അവര്‍ സ്ഥാനമാനങ്ങള്‍ നല്‍കിയും കരമൊഴിവായി ഭൂമി സമ്മാനിച്ചും മാനാഭിമാനങ്ങള്‍ പൊലിപ്പിച്ചും ദേശങ്ങളിലും അംശങ്ങളിലുമുള്ള പ്രമാണികളെ പ്രീണിപ്പിച്ചു നിര്‍ത്തി. കളരിത്തറകളില്‍ പരീശീലനം തികച്ച യോദ്ധാക്കളെ പ്രമാണിമാര്‍ നാടുവാഴികള്‍ക്ക് ആവശ്യാനുസരണം കാഴ്ച്ച വെച്ചു. ചത്തും കൊന്നും അവര്‍ നാടുവാഴികളുടെ അതിര്‍ത്തി മോഹങ്ങളെയും പെരുമയേയും വളര്‍ത്തിവലുതാക്കി.
കേരളത്തിലെ ഏറ്റവും വലിയ വാണിജ്യോത്സവമായി ക്രമേണ മാറിത്തീര്‍ന്ന തിരുന്നാവായയിലെ മാമാങ്കം നിയന്ത്രിക്കുക എന്നാല്‍ കേരളചക്രവര്‍ത്തിയാവുക എന്നതിനപ്പുറം മലയാളക്കരയുടെ സമ്പദ്ഘടനയെ നിയന്ത്രിക്കുക എന്നതുകൂടിയായിരുന്നു. ചേരമാന്‍ പെരുമാളില്‍ നിന്ന് മറ്റ് ദേശവാഴികളെ വകവെക്കാതെ മഹാമഹത്തിന്റെ രക്ഷാധികാരം വള്ളുവനാട്ടിന്റെ അധിപന്‍ വള്ളുവക്കോനാതിരി ഏറ്റെടുത്തു. പന്തലായനി കൊല്ലത്തേയും ബേപ്പൂരിലേയും തുറമുഖവ്യാപാരം പൊന്നാനി വികസിച്ചാല്‍ വീതിക്കേണ്ടി വരുമെന്ന ഉപദേശം കേട്ട സാമൂതിരി രക്ഷാധികാരസ്ഥാനം പിടിച്ചെടുത്തത് ചരിത്രം.
ബ്രഹ്മ-വിഷ്ണു-ശിവ സംഗമഭൂമിയായ നാവായിലെ മണിത്തറയിലെഴുന്നള്ളി രക്ഷാധികാരസ്ഥാനം പ്രാപിക്കുന്ന കുന്നലക്കോനാതിരിയായ സാമൂതിരിയെ ചതിയനായ ഒരു ഏറാടിയായി മാത്രമെ പല്ലവപാരമ്പര്യം അവകാശപ്പെടുന്ന വെള്ളാട്ടിരി കണ്ടിരുന്നുള്ളു. ആവതുണ്ടെങ്കില്‍ എന്നെ വെട്ടി സ്ഥാനമേറ്റുകൊള്‍ക എന്ന സാമൂതിരിയുടെ അപമാനപ്രയോഗത്തില്‍ നിന്നാണ് വള്ളുവനാട്ടെ ചാവേറുകള്‍ പിറക്കുന്നത്. ഈ പശ്ചാത്തലം മുന്‍നിര്‍ത്തി കുറുമ്പ്രനാട്ടെ ചില കഥകളില്‍ നിന്നും കടമെടുത്തു തയ്യാറാക്കിയ ഈ ആഖ്യായികയില്‍ ഐതിഹ്യവും ചരിത്രവും ഇടകലരുന്നുണ്ടെങ്കിലും ഭാവനയാണതിന്റെ ഊടും പാവും..
ഒന്ന്
പനിക്കുന്നുണ്ടോ.. ഉള്ളാകെ കുളിര്‍ന്ന് കിടുക്കുന്നു.
ഹൃദയമിടിപ്പിന്റെ താളം തെറ്റിയ പോലെ...
കാറ്റും കുളിരും കൊണ്ടതോ. വൃശ്ചികത്തിലെ ഉച്ചവെയിലേറ്റതൊ..അറിയില്ല.. അല്ല, അതു കൊണ്ടൊന്നുമല്ല..
ഭയം കൊണ്ടാണ്.
ഇന്നലെ രാത്രിയിലെ ആ സ്വപ്നം.. അല്ല, ആ അനുഭവം... ആ നോട്ടം, ആ രൂപം.. ആ പല്ലു ഞെരിക്കല്‍..
ഒന്നുമില്ല, തോന്നല്‍ മാത്രമല്ലേ?
അല്ല കണ്ടതാണ്.. മനസ്സത് പറയുന്നുണ്ട്. മറുപാതിയില്‍ പക്ഷെ മറ്റാരൊ സമ്മതിക്കാന്‍ മടിക്കുന്നു.
ആ ഭീഷണമായ ശാസന... !
കെട്ടുകഥകള്‍ വിശ്വസിക്കുന്ന പൊട്ടനാവരുത് മനുഷ്യന്‍, ലഹരി ഉള്ളില്‍ കയറിയപ്പോള്‍ വന്ന അബദ്ധം..പഴയ കഥകള്‍ മനസ്സില്‍ വെച്ചു നടന്നാല്‍ ഇങ്ങനെയായിരിക്കും. പുരോഗമന ചിന്ത പുറത്തുപോര... ഉള്ളിലും വേണം..
മാറിപ്പോ മ്ലേഛാ.. എന്നാജ്ഞാപിച്ചത് ആരാണ്? വ്യക്തമായി അത് കേട്ടു. ഇല്ലേ.? ഉവ്വ്..കേട്ടു..മയങ്ങി വീണില്ലേ...? ഉറങ്ങിപ്പോയതാവാം.. കലുഷിതമായ മനസിന്റെ കല്‍പിത വ്യാപാരങ്ങള്‍ ദുസ്വപ്നമായി പുറത്തു വന്നതാകാം,
പക്ഷെ സ്വപ്നങ്ങള്‍ ഇത്ര സ്പഷ്ടടമാകില്ല..
ഒരു കാര്യം സത്യം, ഇതേ ആധി, ഇതേ വെപ്രാളം, ഇതേ ഭയം എത്രയെത്ര രാത്രികളില്‍ ഉറക്കത്തെ തല്ലിക്കൊഴിച്ചു. വിയര്‍പ്പില്‍ കുതിര്‍ന്ന് എത്രതവണ ഞെട്ടിയെഴുന്നേറ്റു. എല്ലാമൊന്ന് തീര്‍ന്നെന്ന് കരുതിയതാണ്. പക്ഷെ ഇപ്പോഴിതാ അതേ പകപ്പ്.. മാരണം...!
അച്ഛന്റെ കൈപിടിച്ച് നിളാമണപ്പുറത്ത് സര്‍വോദയമേളക്കു പോയ നാള്‍. അവ്യക്തമായ ഓര്‍മ്മകള്‍ക്കിടയിലും ആ അനുഭവം തന്ന ഭീതിയുടെ തീ ഇപ്പോഴും ഹൃദയത്തില്‍ കനലായ് കിടക്കുന്നു. അന്നും ഏതോ ശബ്ദം ഉയര്‍ന്ന് കരാളരൂപം പ്രാപിച്ച് അലറി...
'വഞ്ചകാ.. മാറിപ്പോ...'
പൊരുളറിയാതെ പരിഭ്രമിച്ചു പനിച്ച കുട്ടിയെ അഛന്‍ വീട്ടിലെത്തിച്ചപ്പോഴും ഇതുപോലെ വിറച്ചിരുന്നു.
എന്തിനാണീ വെറുപ്പ്? ആരോടാണീ കോപവും താപവും? എന്നെ മാത്രം ഒറ്റതിരിഞ്ഞ് വേട്ടയാടുന്നത് എന്തിനാണ്?
ആരോടാണിതൊക്കെയൊന്ന് പറയുക?
'വേണു... യ്യെന്താടാ നനഞ്ഞ കോഴിയെപ്പോലെ ? ഇസ്മയില്‍ ബസ് അങ്ങാടുപ്പുറം വിട്ടപ്പഴേ ചോദിച്ചു തുടങ്ങിയിരുന്നു. രാത്രി നിലാവത്ത് നടന്ന് ഓരോ പണി ഒപ്പിച്ചോളും. എന്തായിനും പരിപാടി... ഇന്നല്യൊക്കെ നല്ല ഉഷാറായിനല്ലൊ.. ദിപ്പൊ ന്തു പറ്റി ചങ്ങായ്?'
'ഒന്നുല്ലടാ...'
അവനോട് എന്തു പറയാന്‍..? തലേന്നു രാത്രിയത്തെ കാര്യം പറയാനോ..? കാരണമായ ഭയം മൂടിപ്പൊതിയുന്നെന്നൊ? അസ്വസ്ഥത പുകഞ്ഞപൊട്ടി അലറി വിളിക്കാന്‍ തോന്നുവെന്നൊ?
അന്നെ ചവിട്ടാന്‍ ആളില്ലാത്ത സൂക്കേടാ എന്നായിരിക്കും മറുപടി. അവനെന്തറിയാന്‍... നല്ല വാറ്റടിച്ച് കോണു തിരിഞ്ഞ് കിടക്കുകയായിരുന്നു..
സഖാവിന്റെ പ്രസംഗം കേള്‍ക്കാന്‍ പോയതാണ് പെരിന്തല്‍മണ്ണ. അപൂര്‍വമേ അദ്ദേഹം ജന്മനാട്ടില്‍ വരാറുളളൂ. നന്തനാര്‍ സ്മാരക ലൈബ്രറി ഉദ്ഘാടനം ചെയ്യാന്‍ അദ്ദേഹമെത്തുമെന്നു പറഞ്ഞത് കൗണ്‍സില്‍ കമ്മറ്റിയംഗം നമ്പ്യാരു മാഷാണ്.
ഇസ്മായില്‍ കേട്ടയുടനെ പോകണം എന്നുറപ്പിച്ചു. അങ്ങാടിപ്പുറത്ത് ശിവനുണ്ട്, ബി എഡ് മേറ്റാണ്. വൈകുന്നേരത്തെ പരിപാടി കഴിഞ്ഞ് അവിടെ താമസിക്കാം എന്ന പദ്ധതിയിട്ടത് ഞാനാണ്. രാത്രി ഒന്നു കൊഴുപ്പിക്കാം. 'തേരി ആംഖോ കെ സിവാ' എന്ന് എപ്പൊഴും പാടി നടക്കുന്നതു കൊണ്ട് ശിവാ എന്നതിന് പകരം സിവാ എന്നാണ് പെണ്‍കുട്ടികള്‍ അന്ന് വിളിക്കാറ്. അതോരു കാലം. പഠിക്കുന്ന സമയത്ത് അവന്റെ അഛന്‍ മരിച്ചപ്പോള്‍ വീട്ടില്‍ പോയത് ഓര്‍മ്മയുണ്ട്. അമ്പലത്തിന് പിന്നിലുള്ള വയലിലൂടെ നടന്നു പോണം. നല്ല ഭംഗിയുള്ള സ്ഥലം.
പെരിന്തല്‍മണ്ണ പോകാനോരുങ്ങുമ്പോള്‍ ആദ്യം ഓര്‍മ്മ വന്ന പേരുതന്നെ അവന്റെതായിരുന്നു... ഉണ്ടാവുമെന്ന് ഉറപ്പൊന്നുമില്ലായിരുന്നു. പോസ്റ്റാഫീസിലെ മാഷെ സ്വാധീനിച്ച് ഫോണ്‍ ചെയ്ത് വിളിച്ചുറപ്പിച്ചു... വേണ്ടായിരുന്നു.
പരിപാടി കഴിഞ്ഞ് നേരെ കോഴിക്കോട് ബസ്സ് പിടിച്ചു വന്നാല്‍ മതിയായിരുന്നു. വേണു വിയര്‍ത്തു കുളിച്ചു ബസ്സിന്റെ സീറ്റിലേക്കു ചാരി കണ്ണടച്ചു. ഇസ്മയില്‍ നെറ്റി ചുളിച്ചു നോക്കി.
സഖാവിന്റെ പ്രസംഗം ഗംഭീരമായിരുന്നു. വാക്കുകള്‍ തള്ളിത്തുറക്കാനുള്ള വിക്കല്‍. പിന്നീട് തിടം തല്ലി തകര്‍ത്തുവരുന്ന പ്രവാഹം പോലെ. കൃത്യവും കണിശവും. കുറിപ്പു പോലെ തന്നെ പ്രസംഗവും.
എട്ടു മണിക്ക് ശിവന്‍ ഓട്ടോയുമായി കൂട്ടാന്‍ വന്നു. . കണ്ടപാടെ കെട്ടിപ്പിടിച്ച് ഒരുമ്മ തന്നു. 'ശിവാ വീട്ടില്‍ മാലതിയില്ലെ, എല്ലാവര്‍ക്കും കൂടിം അവിടെ സൗകര്യം കാണുമോ? ഭാര്യയും കുട്ടികളുള്ള കാര്യം ആവേശത്തില്‍ ചോദിക്കാന്‍ വിട്ടു പോയതാണ്.
'ഒന്നു പോടാ.. മാലതി തിരുവനന്തപുരത്ത് ട്രെയിനിങ്ങിലാ, പിള്ളാരെ വണ്ടൂര്‍ കൊണ്ടാക്കി. അമ്മ മാത്രേ ഒള്ളൂ. കളപ്പുര റെഡിയാണ്. നല്ല നെല്ലു വാറ്റിയത് സംഘടിപ്പിച്ചിട്ടുണ്ട്.'
ബുദ്ധിമുട്ടായി ല്ലെ? ഇസ്മായില്‍ കള്ളച്ചിരിയോടെ ചോദിച്ചു. ഞങ്ങള്‍ പൊട്ടിച്ചിരിച്ചു. കൃഷിഭവന്‍ ചുറ്റി ഓട്ടോ ഇടവഴികള്‍ തുള്ളി വീട്ടിലെത്തി.
'വയലുമുറിച്ചു നടന്നാ നേരത്തെ എത്തായിരുന്നല്ലൊ കുട്ടികളെ...'
ഇരുട്ടില്‍ വരുന്നത് ഞങ്ങളെന്നുറപ്പിക്കാന്‍ അമ്മ കണ്ണുപിടിച്ചു ശ്രമിച്ചു പറഞ്ഞു.
'എന്താ പ്പൊ നിന്റെ സ്ഥിതി.' അമ്മ വിശേഷങ്ങളൊക്കെ തിരക്കി.
കല്ല്യാണത്തിനു കൂടിയ നേരായി കുട്ടീ. അമ്മക്ക് നല്ലോണം വിഷമം ണ്ടാവും. കാള കളിച്ചിങ്ങനെ നടന്നാല്‍ കാലം തെറ്റുമ്പോ പശ്ചാത്തപിച്ചിട്ട് കാര്യല്ല. കൂട്ടുകാരനെ നോക്ക്...
രണ്ടു കുട്ടികളുടെ ബാപ്പയായ ഇസ്മായില്‍ ഇതൊന്നും ഇവനെക്കൊണ്ട് കൂട്ട്യാകൂടില്ല എന്ന മട്ടില്‍ നോക്കി കുറ്റപ്പെടുത്തി.
ഓന്റെ പെങ്ങളൂട്ടിയും മര്വോനും വീട്ടിലുണ്ട്. അളിയന്‍ പോയതോടെ ആ വീട്ടുകാര്‍ക്കും പിടുത്ത്വോല്ലാതായി. ഓരെ കാര്യാലോചിച്ചിട്ടാ ഓന്റെ ബേജാറ്. പാര്‍ട്ടിയില്‍ ഉഷാറാ. പിന്നെ സഹകരണ ബാങ്കും. പാര്‍ട്ടി പ്രവര്‍ത്തനം കാളകളിയല്ലെന്ന് വരുത്താന്‍ ഇസ്മായില്‍ പടപടാ പറഞ്ഞു.
നേര്യത് കോഴിക്കോടു നിന്നേ വാങ്ങി വെച്ചിരുന്നു. കൊടുത്തപ്പോള്‍ അമ്മയുടെ കണ്ണു നിറഞ്ഞു. 'കുന്നിലമ്മ കാക്കട്ടെ കുട്ടീ'. എന്നു മന്ത്രിച്ചു നെറുകയില്‍ കൈവെച്ചു.
ശിവന്റെ വിളി വന്നു, 'അമ്മേ അവരെ വിട്ടോളൂ. ഞങ്ങള്‍ക്കും ഇത്തിരി സംസാരിക്കാനുണ്ട്.'
അമ്മ ഒന്നു നീട്ടി മൂളി. കെടക്കാന്‍ അധികം വൈകണ്ട കുട്ടികളെ എന്നു പറഞ്ഞു ചിരിച്ചു ലളിതാ സഹസ്രനാമം മന്ത്രിച്ച് അകത്തേക്ക് പൊയി.
കളപ്പുര ഒരു തകര്‍പ്പന്‍ പാടിയാക്കി മാറ്റിയിട്ടുണ്ട്. താഴെ കിടക്കകളും സോഫയും. ഒന്നാന്തരം ലൈബ്രറിയും.
മേലെ റൂമിനോടു ചേര്‍ന്ന് വിശാലമായ സിറ്റൗട്ടില്‍ ഇരുന്നാല്‍ കാറ്റോടുകാറ്റു തന്നെ.
വഴിയിലെങ്ങോ കത്തുന്ന ആലക്തിക ദീപത്തിന്റെ മഞ്ഞ നിറംപകര്‍ന്ന കോടമഞ്ഞില്‍ ആലസ്യത്തോടെ നീളുന്ന വയല്‍. അതിനുമപ്പുറം ഇരുട്ടില്‍ എഴുന്നു നില്‍ക്കുന്ന കുന്നുമ്മലമ്മയുടെ ക്ഷേത്രത്തിന്റെ അവ്യക്തമായ നിഴല്‍ചിത്രം. മനസ്സ് പെട്ടന്ന് അസ്വസ്ഥമായി.
സദിര് രാത്രിയങ്ങോളംം നീണ്ടു. നെല്ലടിച്ച് ഇസ്മായില്‍ കരയാനും പുലമ്പാനും തടുങ്ങി. ശിവന്‍ പരീക്കുട്ടിയെ പോലെ ഒന്നിനു പിറകെ ഒന്നായി ദുഖഗാനങ്ങള്‍ പാടി ക്ഷീണിച്ചു.
ലഹരിയില്‍ ബീഡിപ്പുകയെടുത്ത് സിറ്റൗട്ടിന്റെ കൈവരിയില്‍ നിന്നപ്പൊള്‍ നിലാവില്‍ വയല്‍ മാടി വിളിച്ചു. കാറ്റു വന്നു മുഖത്തടിച്ചു..
'ശിവാ ഞാന്‍ ഒന്നു നടന്നു വരാം.' വേണ്ടെന്നോ അതൊ ആവട്ടെയന്നൊ മനസ്സിലാവാത്ത തരത്തില്‍ ശിവന്‍ ഒന്നു ഞെരങ്ങി. താഴെ ചാരി വെച്ച് ചെമ്പു കെട്ടിയ ഊന്നു വടിയെടുത്തു. നായ്ക്കളെ കരുതണം. ശബ്ദം കേള്‍പ്പിക്കാതെ കളപ്പുര ഇറങ്ങി മുണ്ടു മാടിക്കുത്തി തൊടി കടന്ന് പടിയിറങ്ങി.
ഇടവഴി നീളുന്നത് വയലിലേക്കാണ്. മുഖമുയര്‍ത്തി ദീര്‍ഘമായി ഒന്നു ശ്വസിച്ചു. ബീഡി കാറ്റില്‍ കെടാതെ തിരിഞ്ഞ് നിന്ന് കത്തിച്ചു മുന്നോട്ടു മെല്ലെ നടന്നു. രാത്രിയില്‍ മാത്രം പൂക്കുന്ന പൂക്കളുടെ രൂക്ഷഗന്ധം.
വയല്‍ മുന്നില്‍ തെളിഞ്ഞു കിടന്നു. വൃശ്ചികത്തിലെ നിലാവാണ്. രണ്ടു ദിവസം കഴിഞ്ഞാല്‍ കാര്‍ത്തികയാണെന്നു തോന്നുന്നു. മദിപ്പിക്കുന്ന ഏകാന്തത. ചീവീടുകള്‍ ശബ്ദം രാകി കൂര്‍പ്പിക്കുന്നു. രാപ്പുള്ളുകള്‍ ഇടവിട്ടു ഇണകളെ വിളിക്കുന്നത് ചെവിയോര്‍ത്താല്‍ കേള്‍ക്കാം. വിത കഴിഞ്ഞ വയലില്‍ പച്ചപ്പിന്റെ നാമ്പുകള്‍ തല കാട്ടിത്തുടങ്ങിയിട്ടുണ്ട്. മഞ്ഞേറ്റു കുതിര്‍ന്ന വരമ്പിലൂടെ മുന്നോട്ടു നടന്നു. കരഞെണ്ടുകളുടെ മാളങ്ങള്‍ വരമ്പോരങ്ങളില്‍ കാണാം. പാമ്പുകളെ നോക്കണം. തൊട്ടാവാടികള്‍ പാദങ്ങളെ നീറ്റിത്തുടങ്ങി.
വരമ്പുചാടി അടുത്ത കണ്ടത്തിലേക്കു കടന്നു. നിശ്ശബ്ദദതയെ ഭേദിച്ച ഉറക്കേയൊന്നു ആര്‍പ്പു വിളിക്കണമെന്നു തോന്നി. ഉണ്ണിയെപ്പൊലെ, ഉണ്ണിയുടെ മുഖം മനസ്സിലേക്കൊടിയെത്തി. മരുമകന്‍. അല്ല മകന്‍ തന്നെ. അമ്മാവനും അച്ഛനും ഇനി ഞാന്‍ തന്നെ. ചിരിക്കാന്‍ പാടുപെടുന്ന ലക്ഷമിയും മനസ്സിലെത്തി. എട്ടാ, ഞാന്‍ ബുദ്ധിമുട്ടാവില്ലല്ലോ.! ഓര്‍മ്മകള്‍ ഇല്ലാതിരിക്കുന്നതാണ് ഭേദം.
തിരിഞ്ഞു നോക്കി. വന്നിറങ്ങിയ വഴി കാതങ്ങള്‍ പിറകിലാണെന്നു തോന്നി. മതി, ഇനി തിരിച്ചു നടക്കാം..എന്തിനു തിരക്കണം? മനസ്സ് ചോദിച്ചു. ഈ പ്രകൃതിയില്‍ അലിഞ്ഞിങ്ങനെ നടക്കുമ്പോള്‍ എന്തോരു സുഖം. ദാ.. അക്കാണുന്ന കല്ലു പാലം വരെ പോകാം...
വയല്‍ കയറി നടന്നപ്പോള്‍ പൊടുന്നനെ ഇരുട്ടു വീണ് കാഴ്ച്ച മൂടി. അകാരണമായി മാനം കറുത്ത പോലെ. പിന്നില്‍ വയലില്‍ പക്ഷേ ആതിരയുണ്ട്. ഇലച്ചാര്‍ത്തുകള്‍ നിലാവിനെ അടക്കിപ്പിടിച്ചതാവാം. കല്‍ക്കെട്ടില്‍ ചാരിയിരുന്നു ഒരു ബീഡി കത്തിച്ചു. അമ്പലത്തിലേക്കുളള കല്‍ക്കെട്ടുകള്‍ കഷ്ടിച്ചു കാണാം.
കാറ്റുപോലും നിലച്ചപ്പോള്‍ വിയര്‍ത്തു. കുളിരിലും നടന്ന് ക്ഷീണിച്ചാല്‍ വിയര്‍ക്കും. നെല്ലില്‍ വാറ്റിയ മദ്യത്തിന്റെ ലഹരിയും വിടാന്‍ മടിക്കുന്നു. കുളത്തിലേക്ക് നടന്നു. പടവുകള്‍ കൈകുത്തിയിറങ്ങി. ഊന്നു വടികൊണ്ട് വെളളം മൂടിയ പടവില്‍ തട്ടിയപ്പോള്‍ പരല്‍മീനുകള്‍ ഇളകിതെറിച്ച ഓളം തീര്‍ത്തു. പടവിലിരുന്നു പായല്‍ നിറഞ്ഞ വെള്ളത്തില്‍ കാല്‍വെച്ചപ്പൊള്‍ വെള്ളത്തിന് ഇളം ചൂട്. മുഖവും കഴുത്തും കഴുകുന്നതിന്റെ ശബ്ദം നിശ്ശബ്ദത ഭഞ്ജിച്ചു.
പെട്ടന്ന് ഒരാന്തലുണ്ടായി.
ആരോ നോക്കുന്നുണ്ടോ?
ഊന്നുവടി മുറുകെ പിടിച്ചു ചുറ്റും നോക്കി. ഇരുട്ടു മാത്രം.
ക്ഷേത്രത്തിന്റെ മേല്‍ക്കൂര പടിക്കെട്ടിനപ്പുറം.
അല്ല, ആരോ ഉണ്ട്, ചെയ്തികള്‍ നിശിതമായി നീരിക്ഷിക്കുന്ന കണ്ണുകള്‍. ഇരുട്ട് അയഥാര്‍ഥങ്ങളുടെ തമ്പുരാട്ടിയാണ്. പലതും തോന്നും. മനസ്സിന്റെ കളികള്‍. പടവില്‍ തന്നെ ഇരുന്നു. യുക്തിക്ക് മനസ്സിലടിഞ്ഞ ചിതല്‍പുറ്റുകളെ തട്ടിക്കളയാന്‍ പറ്റണം. മനസ്സാണ് എല്ലാം. ഇരുട്ട് ആപേക്ഷികമാണ്....
അഛമ്മ പറയാറുളളത് ഓര്‍മ്മ വന്നു.
'ഉണ്ണീ...കാവുതേരി, പുനത്തില്‍, പുത്തലത്തു തറവാട്ടുകാര്‍ അവിടെ കയറാന്‍ പാടില്ല.'
'കയറിയാന്താ?'
'കയറാന്‍ പാടില്ല അദന്നെ. എണ്ണപോലും കൊടുത്തയക്കാന്‍ പാടില്ലാന്നാ..ഒറവിങ്കല്‍ ഭഗവതി ണ്ടല്ലൊ ഇവിടെ, പിന്നെന്താ...'
മെല്ലെയെഴുന്നേറ്റു, കാലുകള്‍ യാന്ത്രികമായി ക്ഷേത്രത്തിന്റെ പടികള്‍ കയറി.
മുറ്റം മൂടുന്ന നിശ്ശൂന്യത. കല്‍വിളക്ക് മുന്നില്‍ എട്ടടി മനഷ്യനെപ്പൊലെ നിന്നു. കൊടിമരത്തിനപ്പുറം ക്ഷേത്രവാതില്‍ തുറന്നോ. ഇരുട്ടിലേക്കു കണ്ണിറുക്കി നോക്കി.
ആകാശത്ത് അകാരണമായൊരു വെള്ളിടി വീണു പൊട്ടി.
മിന്നല്‍ കണ്ണഞ്ചിപ്പിച്ച വെളിച്ചത്തിന്റെ അര്‍ദ്ധ നിമിഷത്തില്‍ വേണു അതു കണ്ടു.
വാതില്‍ പാളികള്‍ വിടര്‍ത്തി ക്രുദ്ധയായി നോക്കുന്ന സ്ത്രീരൂപം.
നിറമാറില്‍ കുത്തിയ തിളങ്ങുന്ന സ്വര്‍ണ്ണക്കസവിലും ചന്ദനക്കാതല്‍ നിറമാര്‍ന്ന നഗ്‌നമായ തോളുകളിലും അഴിഞ്ഞുവീണ മുടി താണ്ഡവമാടുന്നു. തിളങ്ങുന്ന വജ്രമൂക്കുത്തി, മുത്തുമാല കോര്‍ത്തലങ്കരിച്ച കൊണ്ട അഴിയാനൊരുങ്ങുന്നു.
കല്ലുകള്‍ പതിച്ച കുണ്ഡലങ്ങളും, പവിഴം തൂങ്ങുന്ന ഫാലാഭരണവും ആ കണ്ണുകളിലെ അഗ്‌നിജ്വാലയില്‍ നിഷ്‌പ്രഭമായി.
അരിശം കൊണ്ടു വിറക്കുന്ന രുതിരാധരം. നീളുന്ന അണപ്പല്ലിന്റെ ഞെരിച്ചിലില്‍ കേട്ടത് അമര്‍ന്ന സിംഹഗര്‍ജ്ജനം.
'മ്ലേഛാ മാറിപ്പോ...എന്തു ധൈര്യത്തില്‍ നീയീ തട്ടകത്തില്‍ കാലു കുത്തി.'
കണ്ണില്‍ ഇരുട്ടു കയറി. സപ്തനാഡികളും തളര്‍ന്ന് വേണു നടയില്‍ കുഴഞ്ഞുവീണു.
(തുടരും)
Content Highlights: Malayalam E novel Kulavan Part one