യുസ്സു തീര്‍ന്ന പകലിന്റെ വെളിച്ചത്തില്‍ പൊള്ളയായ മണ്‍പുറ്റു പോലെ ഇടത്തട്ടമഠം നിഴല്‍ വീഴ്ത്തി നിന്നു. പൊട്ടിയമരുന്ന ചിതയുടെ ഒടുവിലത്തെ ആന്തലിന്റെ ചുവപ്പായ് ചെരിഞ്ഞു വീണ അന്തിനാളം അതിന്റെ ചെങ്കല്‍ കെട്ടുകളെ പിന്നേയും ചുവപ്പിച്ചു.

ആളും ആരവവും ഒഴിഞ്ഞു. വെളുത്തേടത്തി ഉണക്കാന്‍ കൂട്ടിയിട്ട  മുഷിഞ്ഞ പാവുമുണ്ടുകള്‍ പോലെ അകത്തമ്മമാര്‍ പൂമുഖ കോലായയില്‍ നിശ്ശബദമിരിക്കുന്നു. ഇളയ നമ്പി പിറുപിറുത്ത് നനഞ്ഞ മുണ്ടു കൊണ്ട് നിലം തുടക്കുന്നു. നിലത്തൊഴുകി പറ്റിയ ചോരക്കറ തുടച്ചിട്ടും തുടച്ചിടും അയാള്‍ക്ക് മതിയാവാത്ത പോലെ.

നിര്‍നിമേഷയായി  നില്‍ക്കുന്ന ഉണിത്തേയിയെ ശേഖരന്‍ ഒരു മാത്ര നോക്കി നിന്നു.
ആചാരോപചാരങ്ങള്‍ വെടിഞ്ഞ, ഉള്ളിലേക്കിറങ്ങുന്ന കണ്ണുകള്‍.
'എന്തറിഞ്ഞാണ് അകത്തമ്മെ ഈ സാഹസം. ഒരു കണ്‍കാഴ്ച്ചയുടെ ഉന്‍മാദമല്ല ജീവിതം. നിന്നെ സ്വീകരിക്കാന്‍ എനിക്കാവതില്ല. പല കാരണങ്ങള്‍. പെണ്ണിനെ പ്രാപിക്കാന്‍ മഠം പൊളിച്ചു എന്ന ലോകാപവാദത്തെ പേടിയല്ല. പക്ഷെ, എനിക്കാവില്ല. അതു പറഞ്ഞു മനസ്സിലാക്കാനുള്ള സമയവുമിതല്ല.പക്ഷെ, നിന്നു നരക്കുമെന്ന ഭയം ഒട്ടും വേണ്ട നിനക്ക്. വാക്ക്..'

ശേഖരന്‍ പെണ്‍കുട്ടിയോട് മന്ത്രിച്ചു.

ഉണിത്തേയിയുടെ മുഖം നിസ്സംഗഭാവം പൂണ്ടു. ചുണ്ടുകള്‍ മാത്രം ചലിച്ചു.
'സാരമില്ല. മഠയത്തരമെന്നു ധരിക്കുക പുത്തലത്തിളയ പണിക്കരെ. ഒന്നോര്‍ത്താല്‍ വിശേഷം തന്നെ. ഈ മഠം പോലെയായി എന്റെ ജീവിതവും. തകരാനായി മാത്രം പാകിപ്പൊക്കിയ എടുപ്പ്. കാത്തുവെക്കേണ്ടതില്ലാത്ത ഓര്‍മ്മ പോലെ അതും ശേഷിപ്പില്ലാതെ കാലം മായ്ച്ചു കളയും.  നരച്ചു കൂനിപ്പോവുമെന്നു നിരൂപിച്ചല്ല അങ്ങയെ വേളി കൊള്ളണം എന്നു പറഞ്ഞത്. പ്രായമുറച്ചപ്പോള്‍ മനസ്സില്‍ വരച്ച രൂപം പടിപ്പുര കടന്നു വന്നപ്പോള്‍ അത്ഭുതം തോന്നി. ഇതാ നിന്റെ നായകന്‍. കാരാഗൃഹത്തില്‍ നിന്നുമേറ്റി കൈകവരാന്‍ വന്ന അഗ്‌നിമിത്രന്‍. അതൊരു ചാപല്ല്യം മാത്രം. എത്ര ദുഷ്ടനാണ് ഈ കാളിദാസന്‍ അല്ലെ....''

ഉണിത്തേയി പെട്ടെന്നു പൊട്ടിച്ചിരിച്ചു
''നീയെന്തറിഞ്ഞു അകത്തമ്മെ.. അഗ്‌നമിത്രന്‍....സ്വസ്ഥത മറന്ന് അലയുന്ന അശ്വഥാമാവാണ് ഞാന്‍... ''
ശേഖരന്‍ അര്‍ദ്ധോക്തിയില്‍ നിര്‍ത്തി. പിന്നെ നീട്ടി വിളിച്ചു
''നമ്പീ...''
ചോരക്കറ തുടച്ചു കറുത്തുപോയ മുണ്ടുമായി  ഇട്ടിരവി വേച്ചു വന്നു..

''ഇന്നിവിടെ തങ്ങല്‍ വേണ്ട.  ആന്തട്ടയിലെ കളപ്പുരയില്‍ ഇടമുണ്ട്. ഏര്‍പ്പാക്കാം. സന്ധ്യയാകും മുമ്പു ഇറങ്ങുക. മഠം നാളെ പൊളി തുടങ്ങും. നാലഞ്ചു നാള്‍ക്കകം കുളം കുത്തും. ഇടവപ്പാതിക്കു മുമ്പ് പുഷ്പകത്തിന്റെ പണി തീര്‍ക്കാം...''
കുറ്റബോധത്തിന്റെ ലാഞ്ചല്‍ പറച്ചിലില്‍  തരിമ്പും പകരാതിരിക്കാന്‍  ശേഖരന്‍ ശ്രദ്ധിച്ചു. പിന്നെ തിരിഞ്ഞു നോക്കാതെ പടിയിറങ്ങി നടന്നു.
''ചിണ്ടാ...  ''
പുറത്തു കാത്തു നിന്ന ചന്തപ്പന്‍ വിളിച്ചു..
''നാഴികനേരങ്ങളില്‍ നീ ആടിയ അവതാരങ്ങള്‍ കണ്ടന്തിച്ചു നില്‍ക്കുകായിരുന്നു ഞാന്‍.. ''
''ഉം...'' ശേഖരന്‍ മൂളി.

''നമ്പിമാരോടു സാമം ചൊന്നപ്പോള്‍ ഹസ്തിനസദസ്സിലെ കൃഷ്ണൻ. വാളടുത്തപ്പോള്‍ തൂണു പിളര്‍ന്നിറങ്ങിയ നരഹരി, പുത്തലത്തവലുടെ മുന്നില്‍ നീതിശാസ്ത്രം വിളമ്പിയപ്പോള്‍ സാകേതരാമന്‍... കോലായയില്‍ ഞാന്‍ കണ്ട അവസാന അവതാരരൂപം ഏതായിരുന്നു..''
ചന്തപ്പന്‍ ചോദിച്ചു.
''ഉറപ്പു പോരാത്ത ഒരു മനുഷ്യന്റെ..''
ശേഖരന്‍ പറഞ്ഞു.

***********

Art by Madanan
വര: മദനന്‍


ബന്ദറിന്റെ തിരക്കില്‍നിന്നു വിട്ടുമാറി നടന്നപ്പോള്‍ കടല്‍ ഒറ്റയ്ക്കു വന്നു. ചാരനിറമാര്‍ന്ന തിരകള്‍ തീരത്ത് ചിണുങ്ങി നിന്നു. വേലിയേറ്റമായിട്ടില്ല.
''ഇപ്പഴേ മറ്റൊരു കൂട്ടര്‍ക്കാ പ്രമാണംന്നു കേള്‍ക്കണു... പറങ്കികളെ വെന്ന് ലന്തക്കാര്‍ വന്നു. ഇപ്പോ ദാ ധ്വരകള്‍ ആണത്രെ. മേല്‍ജാതികളേക്കാള്‍ വെളുപ്പു ശ്ശി കൂടും. കുളി തേവാരം ഒന്നും പതിവില്ല. ആരു വന്നാന്താ.. കച്ചവടം തന്നെ കാര്യം. ന്നാലും ഒരു കാര്യം അങ്ങട്ട് സമ്മതിക്ക്യേ വഴിയുള്ളു. ഇക്കാണുന്ന മുളകിനായി കാറ്റും പിശറും കണ്ട് ഏഴു കടലും കടന്നങ്ങനെ വരണ്ടെ.. ചേതം മാപ്പിളമാര്‍ക്കു തന്നെ. ലാഭപ്പങ്കിന് അധ്വാനിക്കേണ്ടി വരും...''
വെളള വിപ്രന്‍നമ്പൂതിരി പറഞ്ഞു.

ശേഖരന്‍ മൂളി. നമ്പൂതിരി രസികനും കാര്യവിവരമുളളവനുമാണ്. ധര്‍മ്മോത്തിളയ പണിക്കര്‍ പ്രത്യേകം ചട്ടം കെട്ടി കാര്യങ്ങള്‍ നോക്കാന്‍ കൂടെ വിട്ടതാണ്.''എന്താ ഏര്‍പ്പാട്ന്നു കൃത്യം ചോദിച്ചാല്‍ ബുദ്ധിമുട്ടിലാവും. ന്നാലൊ എല്ലാം ഏര്‍പ്പാടുംണ്ട് താനും. കാവ്യം മീമാംസ. അധ്യയനം, പൂജ, കണക്കെഴുത്ത്. ഇത്യാദി. ന്നത് ന്നില്ല്യ.'
തിരുമേനി എന്താണാവോ നേരംപോക്ക് എന്നു ചോദിച്ചപ്പോള്‍ മറുപടി.

പന്നിയൂര്‍ മഹാഗ്രാമത്തിന്റെ മൂര്‍ത്തിയായ ശ്വേതവരാഹത്തിന്റെ ഉപസാകരാണ് വെളളയില്‍ മനക്കാര്‍. പന്നിയൂര്‍ കൂറുകാര്‍ കാലാകാലമായി സാമൂതിരി പക്ഷക്കാരാണ്. ചൊവ്വരം പന്നിയൂര്‍ കൂറുകാര്‍ തമ്മിലുളള കിടമത്സരമാണ് മലയാളനാട്ടിന്റെ ദിശ പോലും നിശ്ചയിച്ചത്. അദ്വൈതം സ്വരൂപിച്ച ശങ്കരന്റെ കൂട്ടരാണ് തമ്മിലിടഞ്ഞു പകപരത്തുന്നത്. ആരായാലെന്താ മനുഷ്യപ്രകൃതം എല്ലായിടത്തുമൊന്നു തന്നെ. മനയിലെ വിരൂപാക്ഷന്‍ നമ്പൂതിരി  കാലങ്ങളായുള്ള പതിവനുസരിച്ച് മാനവിക്രമന്റെ കൊട്ടാരത്തിലേക്ക് എത്തിയതാണ്.

''അതേയ്‌, നാം രണ്ടു വട്ടം നമ്പൂതിരിയായി ഭാവിച്ചാണ് നടപ്പ് കേട്ടോ. വിപ്രനും പിന്നോരു നമ്പൂതിരിയും. കേമത്തം അങ്ങട് കൂടീല്ല്യേ..."  നമ്പൂതിരി രസികത്തം പറഞ്ഞ് പൊട്ടിച്ചിരിച്ചു. അമ്പതോടടുത്തു പ്രായം വരുന്ന മേദസ്സില്ലാത്ത, മുറുക്കാത്ത ബ്രാഹ്‌മണന്‍.
''പരിഭ്രമിക്കണ്ട ഹെ. തൊടീലും തീണ്ടലും ഒന്നും ല്ല്യ. അങ്ങനാനെണെ നമുക്ക് കുളി കഴിഞ്ഞ് നേരംണ്ടാവില്ല, ജലജീവിയാവാന്‍ വയ്യേ..ഹ ഹ ഹ... അപ്പോ തത്വം പറയന്നെ നല്ലത്. 'കര്‍മ്മണാ ജായതേ ദ്വിജ' എന്നല്ലേ. നാലാം വേദം നോക്കി ചിട്ടയായി ജീവിക്കുന്ന ആ ഷാ ബന്ദര്‍ കോയയും അപ്പോ ബ്രാഹണണ്‍ തന്നെ. ഉവ്വോ..''

മുഷിയാതിരിക്കാന്‍ സുഹൃത്ത് ഏര്‍പ്പാടാക്കിയ രസികനെ ശേഖരന് ഇഷ്ടപ്പെട്ടു. കടല്‍കാറ്റില്‍ നാലാം മുണ്ടുപാറിയപ്പോൾ ബ്രാഹ്‌മണന്റെ വടിവൊത്ത ദേഹം കണ്ടു. ശേഖരന്റെ നെറ്റി ചുളിഞ്ഞു.
''ഈ കടലാണ് കുന്നലക്കോനാതിരിയുടെ ഐശ്വര്യം.'' നമ്പൂതിരി ശേഖരനോട് പറഞ്ഞു.
''മാലോകര്‍ക്കെല്ലാം സധൈര്യം വന്നിറങ്ങാവുന്ന സ്ഥാനം മറ്റേതുണ്ടു ഹെ ഭൂലോകത്ത്. ''

യത്ര ജ്ഞാത്വാ കൃതനിലയനാമന്ദിരാം ആത്മകന്യാം
മധ്യോ സ്നേഹാകുലിതഹൃദയാ വാഹിനീനാം വിപോഡാ
തത്തദ്ദീപാന്തരശതാനീത രത്നൗഘപൂര്‍ണം
നൗകാജാലം മുഹുരുപഹരന്‍ വീചിഭിശ്ശീഷ്യതീവ...

സമുദ്രപുത്രിയായ കന്യക ഈ നഗരത്തില്‍ വാസമുറപ്പിച്ചതുകൊണ്ടാണത്രെ സമുദ്രം വിവിധ ദ്വീപുകളില്‍നിന്ന്‌ രത്നങ്ങളൊക്കെ ചുമന്നു കൊണ്ടുവരുന്ന കപ്പലുകളെ തിരമാലകള്‍കൊണ്ട് തട്ടിത്തട്ടി ഇവിടെത്തിച്ചിരിക്കുന്നു....ഉദ്ദണ്ഡന്‍ കോകിലസന്ദേശത്തില്‍ വര്‍ണ്ണിച്ചതാ..കേട്ടുണ്ടോ പണിക്കരെ..''
ശേഖരന്‍ കടലു നോക്കിനിന്നു.
''കടലു തേടി വന്നില്ലായിരുന്നെങ്കില്‍  നെടിയിരിപ്പ് വളളുവനാടന്റെ ചൊല്‍പ്പടിക്ക് നില്‍ക്കേണ്ടി വരില്ലായിരുന്നോ. കാലത്തിന്റെ കളി. കടല്‍ വെന്നതോടെ കുന്നോന്‍ കുന്നലക്കോനാതിരിയായി. മാപ്പിളമാരുടെ സാമര്‍ഥ്യവും തുണയായീന്ന് കൂട്ടിക്കോളൂ. പൊന്നാനി അഴി പോയതോടെ തന്നെ വള്ളുവനാടന്റെ കഥ കഴിഞ്ഞില്ലെ. നാവാമണപ്പുറത്ത് മാമകത്തിനു രക്ഷാപുരുഷാവകാശം കൈവിട്ടതോടെ അപമാനവും ഭവിച്ചു. ആചാരം പോലെ ചാവേറാന്‍ കുറേ എണ്ണത്തിനെ പോറ്റി വളര്‍ത്തിയിട്ടെന്തു കാര്യം. ന്നാലോ ക്ഷാത്ര ധര്‍മ്മം പാലിക്കുക നൃപധര്‍മ്മം തന്നെ...''

ശേഖരന്റെ കണ്ണില്‍ നോക്കി നമ്പൂരി പറഞ്ഞു. ശേഖരന്‍ അസ്വസ്ഥനായി...
വെട്ടിത്തുറന്നാണെങ്കിലും പറഞ്ഞതത്രയിലും കാര്യമുണ്ട്. മാനാഭിമാനത്തിനും മരണത്തിനും രാജനീതിയില്‍ സ്ഥാനമില്ല. പക്ഷെ ചാവാന്‍ തയ്യാറായി വരുന്നവര്‍ ചോരയും നീരുമുളളവരല്ലെ. ആത്മാഭിമാനത്തനും കുടിപ്പകക്കും അപ്പുറം അവര്‍ക്കും അരനേരമെങ്കിലും മാനുഷവികാരങ്ങള്‍  ഉണ്ടാവുകയില്ലെ.....പണ്ട് മുചിരിയില്‍ ചോളനെ എതിരിടാന്‍ പെരുമാളിന്റെ ചാരെ പോയ  കാരണവന്നമാരും അതല്ലെ ചെയ്തത്. സ്വയം ചാവേറായി പലയിടങ്ങളില്‍ വേഷം കെട്ടിയ തിനിക്കുള്ളിലും നുരഞ്ഞു പതഞ്ഞ വികാരങ്ങള്‍ പച്ചമനുഷ്യന്റെതല്ലെ. ഏതാണ് ശരി, ഏതാണ് തെറ്റ്. അതറിയാനാണ് പ്രയാസം..

'ചുവടു ചടുലമാക്കാന്‍ വള്ളുവക്കളരിക്കു പുറമെ രഹസ്യമായി തുളുനാട്ടില്‍ പഠിപ്പിനു പോണുണ്ടത്രെ ചാവേര്‍ തറവാട്ടില്‍നിന്ന്. രഹസ്യമായി ആളെ വരുത്തി പഠിപ്പിക്കാറുമുണ്ടു പോലും... എന്തു കാര്യത്തിന്. പാര്‍ഥസാരഥീ സമേതനായ സാക്ഷാല്‍ സവ്യസാചിക്കുപോലും പോലും പടക്കൂട്ടത്തില്‍ പെട്ട അഭിമന്യുവിനെ തടയാന്‍ പറ്റിയില്ലല്ലൊ. ഒന്നോര്‍ത്താല്‍ കഷ്ടം തന്നെ അവറ്റകളുടെ കാര്യം...''
ശേഖരന്‍ ഒന്നു ഞെട്ടി. തുളുക്കൂട്ടത്തില്‍ മെയ്യുറയാന്‍ വള്ളുവനാടന്‍ അഭ്യാസികളുമോ?
''തിരുമേനി എന്താ പറഞ്ഞത്,  ചാവേറുകള്‍ തുളുനാട്ടില്‍  പോവുന്നുണ്ടെന്നോ...''

കാലാകാലമായത്രെ. മൈസൂരു വഴി കൊടകും കടന്ന് മലനാടിനപ്പുറം വഴിയാണത്രെ പോക്കുവരവ്. ഗുപ്തവിവരമാണ്. ആട്ടെ പണിക്കരെ, അങ്ങ് ദക്ഷിണാപഥവും ലങ്കയും ആയോധനം പഠിക്കാന്‍ അലഞ്ഞ യോദ്ധാവല്ലെ. ഈ തുളനാടന്‍ വിദ്യ എന്താ... അതേ പണിക്കരേ കേള്‍ക്കുന്നുണ്ടോ.. അതോ മനോരാജ്യത്തിലൊ.. ''അന്തരീക്ഷം ഗൗരവകരമാണെന്നു കണ്ട് വിപ്രന്‍ നമ്പൂതിരി ശേഖരന്റെ പുറത്തു തട്ടി. മേയാന്‍പോയ മനസ്സിനെ തിരിച്ചു വിളിച്ച് ശേഖരന്‍ മറുപടി പറഞ്ഞു.
''തിരുമേനി. അത് ഒരു തരം തികവൊപ്പിക്കലാണ്. വടിവും ചുവടും കൂര്‍പ്പിക്കുക. തായവും തഞ്ചവും അറിയുക എന്നതാണ് പ്രധാനം. ആക്രമിക്കാനുള്ള പഴുതു മനസ്സിലാക്കുക, അതുപയോഗിക്കുക. ''

''നിമിഷാര്‍ദ്ധ പാടവം അല്ലെ.. ബലെ. മെയ് കണ്ണാവുക''
''സൂക്ഷ്മാര്‍ഥത്തില്‍ വ്യത്യാസമുണ്ട് തിരുമേനി. ആദ്യത്തേത്‌ പാടവം. മറ്റേത് ശീലഗുണം. രണ്ടും തികയുമ്പോള്‍ ഭേദമില്ല താനും..''
''അദ്വൈതം... '' നമ്പൂരി ചിരിച്ചു.

''ഇനി ഞാനുര ചെയ്യാം തിരുമേനി. അങ്ങ് ആരാണ്. കൊട്ടാരത്തില്‍ കാലം കഴിക്കുന്ന ബ്രാഹ്‌മണനല്ല എന്നു വ്യക്തം. വെയില്‍ വീണ ചെമ്പിച്ച ശരീരം കണ്ടാല്‍ യാത്രാകുതുകിയെന്നു സ്പഷടം. ഉടല്‍പ്പാകം അഭ്യാസ ലഭ്യം. തീണ്ടല്‍ കളഞ്ഞതിനാല്‍ സാത്വികത്തേക്കാള്‍ താമസമാണ് സ്വത്വം. രാജകാര്യങ്ങളേക്കാള്‍ രാജ്യകാരങ്ങളിലാണ് വ്യുല്‍പ്പത്തി. സത്യം പറയൂ അങ്ങാരാണ്.'
വിപ്രന്‍ നമ്പൂതിരി ചിരിച്ചു.

''പണിക്കര്‍ മിടുക്കന്‍ തന്നെ. ഞാന്‍ പറഞ്ഞല്ലോ ഇന്നത്ന്നില്ല്യ. പക്ഷെ എല്ലാംണ്ടു താനും. പദവി പുറത്തുപറയാന്‍ കൊള്ളില്ല. കൊള്ളില്ല ന്നാല്‍ പറ്റില്ലന്നൊരു അര്‍ഥം കൂടിയുണ്ടു കേട്ടോ. ഹഹഹഹ. നോം മാനവേദന്റെ ഗുപ്തമുഖ്യന്‍. വിലയുള്ള വിവരങ്ങളുടെ സമ്പാദകന്‍. ചില വിവരങ്ങള്‍ ചോരാതെ കാക്കുന്ന കാവലാള്‍. കുന്നലനാട്ടില്‍ തികവുറ്റ ആഭ്യാസികള്‍ എമ്പാടുമുണ്ട്. പക്ഷെ അങ്ങയെ പോലുളളവര്‍ വിരളം. ഒന്നു പരിചയപ്പെട്ടിരിക്കുന്നത് നല്ലതാണെന്ന താങ്കളുടെ സതീര്‍ഥ്യന്‍ പറഞ്ഞു.''

''അതു ഞാന്‍ ഊഹിച്ചു തിരുമേനി.  എന്റെ കൈയ്യില്‍ കഥകളല്ലാതെ അങ്ങേക്കു ദക്ഷിണയായി ഒന്നുമില്ല.''
ശേഖരന്‍ അസ്വസ്ഥനായി.
''ആയ്. അങ്ങനെയൊന്നും തന്നെയില്ലഹെ.. താങ്കളെ പരിചയപ്പെട്ടിരിക്കുന്നത് നല്ലതാണെന്ന് ഇളയ തമ്മേപണിക്കര്‍ ചൊല്ലി, അത്ര തന്നെ. ഭാവിയില്‍ അതു നന്നെന്നാരു കണ്ടു. അതു വിടുക.''
ശേഖരന്‍ കടലിനെ നോക്കി നിന്നു. ബന്ദറില്‍ കൂറ്റന്‍ പായക്കപ്പലുകള്‍ നങ്കൂരമിട്ടിരിക്കുന്നു. അറബിക്കപ്പലുകളും ലന്തക്കപ്പലുകളുമുണ്ട്. കടലിരമ്പത്തെ കവച്ചുള്ള ഒച്ചയനക്കങ്ങള്‍ മൂളക്കം പോലെ ചെവിയില്‍ തരങ്ങുന്നു.
ശേഖരന്‍ നോട്ടം സൂക്ഷ്മമാക്കി.

അറബിക്കപ്പലുകള്‍ ചെറുതാണ്. കാറ്റു പിടിച്ചു പായുന്ന അറബിക്കുതിരയെപ്പോലെ അത് തിര മുറിച്ചു കുതിക്കുമെന്ന് അനുഭവം സാക്ഷി. ലന്തക്കാരുടെ കപ്പലിനു വലിപ്പം കൂടും. ആനച്ചന്തമാണ്. ശില്‍പ്പചാതുരി പ്രകടം. അണിയത്തും പാമരങ്ങളിലും അലങ്കാരതോരണങ്ങള്‍ എമ്പാടും. ചിത്രപ്പണികള്‍ നിറഞ്ഞ  നാലാനപ്പൊക്കത്തിലുള്ള ചതുരത്തിലുള്ള മുഖപ്പ് നോക്കിനില്‍ക്കാവുന്നതു തന്നെ. കൂറ്റന്‍  പായകള്‍ ഉറയിലിട്ടവാള്‍ പോലെ കിടക്കുന്നു. ഇരു വശത്തുമായി മൂന്നു തട്ടുകളിലായി പീരങ്കിത്തുളകള്‍. ചരക്കുകപ്പലിനേക്കാള്‍ പടക്കപ്പലായി തോന്നും.

ഇതുപോലുള്ള കപ്പലിലിരുന്നാണ് പറങ്കികള്‍ പണ്ട് മാനവിക്രമനഗരവും പന്തലായനിയും പൊന്നാനിയും ചുട്ടുചാമ്പലാക്കിയത്.  അമ്പേ ചതിയന്‍മാര്‍. നിഷ്ഠൂരരും. കുഞ്ഞാലിമാര്‍ ഇല്ലായിരുന്നെങ്കില്‍ കോഴിക്കോട്ടു നഗരം അവര്‍ കുത്തകയാക്കിയേനെ. പറങ്കിഗര്‍വശമനത്തിനുശേഷം ഇതാ ലന്തക്കാര്‍. ധ്വരകളും വന്നു തുടങ്ങി.  കച്ചവടത്തില്‍ ലാഭമേയുള്ളൂ, കൂറില്ല. ലാഭമില്ലെന്നു കണ്ടാല്‍ ആരെയും അവര്‍ കുതികാല്‍ വെട്ടും. നാടുവാഴികളെ തമ്മില്‍ തല്ലിക്കും. പെരുമ്പടപ്പും കോലത്തുനാടും എന്തിന് വെട്ടത്തുനാടുപോലും  അവരുടെ ചൊല്‍പ്പടിക്കു നിന്നില്ലെ.

''എന്താ പണിക്കരെ ചിന്ത''
''കച്ചവടത്തിന്റെ നീതിശാസ്ത്രം ആലോചിക്കുകയായിരുന്നു തിരുമേനി. ലാഭത്തിനായി അവര്‍ ചാവും കൊല്ലും.''
''ഹഹഹഹ.. ചത്തും കൊന്നുമല്ലെ പണിക്കരെ രാജ്യവും വളര്‍ത്തുക. പെരുമാള്‍ ഏറാടിമാരോട് പറഞ്ഞ ശാസന മറന്നുപോയോ. ചത്തും കൊന്നും വെന്നും രാജ്യം വെട്ടിപ്പിടിക്കുക. ചാണക്യനീതി തന്നെയാണത്. രാജ്യനീതിയിലും കച്ചവടത്തിലും മടിച്ചു നില്‍ക്കലില്ല.''
''നീതിശാസ്ത്രത്തില്‍ ധാര്‍മ്മിക സന്ദേഹം ഉണ്ടാവുക പതിവല്ല അല്ലെ.''
 ശേഖരന്‍ വെറുതെ ചോദിച്ചു.

''പണിക്കരെ. ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ സന്ദേഹങ്ങള്‍ പാടില്ല്യ. ശ്രീരാമചന്ദ്രന്റെയും ശ്രീകൃഷ്ണന്റയും തത്വങ്ങള്‍ നോക്കൂ. പ്രത്യക്ഷത്തില്‍ രണ്ടും വ്യത്യസ്തമാണ്. പക്ഷെ, സത്യത്തില്‍ ഒന്നുതന്നെയാണു താനും. ഭഗവാന്‍ രാമചന്ദ്രന് പരമപ്രധാനം ധാര്‍മ്മികത മാത്രമായിരുന്നു. ആ ഏറ്റിവെക്കല്‍ ശരിയോ തെറ്റോ എന്നതു വേറെ തര്‍ക്കവിഷയം.  തെറ്റായാലും ശരിയായാലും ധര്‍മ്മമാണ് പരമം. ബാലിവധത്തിലെ നീതിരാഹിത്യത്തേക്കാള്‍ വലുതായിരുന്നു സുഗ്രീവനീതി. സീത പരിത്യാഗം നോക്കുക. ജനങ്ങളെ നയിക്കുന്നവന്‍ ഏതു സംശയത്തിനും മീതെയായിരിക്കണം എന്നത് പരമമായ രാജധര്‍മ്മം. തനിക്കായല്ല, ആ പരമത്തിനു വേണ്ടിയാണ് ഗര്‍ഭിണിയായ സീതയെ ഉപേക്ഷിച്ചത്. ധര്‍മ്മം മറ്റെല്ലാ വിചാരങ്ങളേക്കാളും ശരിതെറ്റുകളേക്കാളും മേലേയാണ്.  അവിടെ മറ്റൊന്നും മുന്നിലില്ല.  എന്നാല്‍ കൃഷ്ണപരമാത്മാവിനെ നോക്കൂ. കര്‍മ്മമാണ് അദ്ദേഹത്തിനു പരമധര്‍മ്മം. സന്ദര്‍ഭനീതിയാണ് ആ കര്‍മ്മം. അമ്മാവനായ കംസനെ വധിക്കയല്ലാതെ മറ്റു മാര്‍ഗ്ഗമില്ല. പിതാമഹനെതിരെ ശരം തൊടുക്കാന്‍ ധനഞ്ജയനെ പ്രേരിപ്പിച്ചത് അതു കൊണ്ടാണ്.  ജയദ്രഥനെ വധിക്കാന്‍ സൂര്യനെ ചക്രസ്തംഭം നടത്തിയതും അതിനാല്‍ തന്നെ. ഉയരത്തില്‍ പ്രതിഷ്ഠിച്ച ധര്‍മ്മമാണ് ശ്രീരാമചന്ദ്രനു മുന്നിലുള്ളതെങ്കില്‍ ശ്രീകൃഷ്ണനു പ്രധാനം തൊട്ടുമുന്നിലുള്ള സമസ്യാപൂരണമാണ്.

ചുരുക്കിപ്പറഞ്ഞാല്‍ രണ്ടും തത്വങ്ങളും പറയുന്നത് ഒന്നു തന്നെ. മടിച്ചുനില്‍ക്കാതിരിക്കുക. തീരുമാനങ്ങളില്‍ നിന്ന് ഒളിച്ചോടാതിരിക്കുക. തെറ്റായാലും ശരിയായാലും. മാ ഫലേഷു കദാചന...''
കടല്‍ചക്രവാളത്തിലേക്കു കണ്ണയച്ച് ചെറുപുഞ്ചിരിയോടെ പറയുന്ന വിപ്രന്‍ നമ്പൂതിരിയെ ശേഖരന്‍ അത്ഭുതത്തോടെ നോക്കി.
 ''തിരുമേനി വ്യഖ്യാനപാടവം അത്ഭുതം തന്നെ. ഇനി പറയൂ. എന്താണെന്റെ നിയോഗം.''

"പണിക്കരെ. നിന്തിരുവടി തിരുമനസ്സു കൊണ്ടു ഉണര്‍ത്തിക്കേണ്ട കാര്യങ്ങള്‍ ഞാന്‍ പറയുന്നത് ശരിയല്ല. ഒന്നു മനസ്സിലാക്കുക. ശ്രീരാമനെപ്പോലെ സന്ദേഹപ്പെടാതിരിക്കുക. ശ്രീകൃഷണനെ പോലെ മടിച്ചു നില്‍ക്കാതിരിക്കുക. രാജപ്രീതിക്കു പാത്രമായ കിടാങ്ങളാണു നിങ്ങള്‍. അരുമയായതു കൊണ്ടല്ലെ സാമൂതിരിപ്പാടു തന്നെ കിടാവ് എന്ന പദവി തന്നതും.  സാക്ഷാല്‍ ചേരപെരുമാളിന്റെ കിടാങ്ങളാണു നിങ്ങള്‍ എന്നുമോര്‍ക്കുക. ചോളരെ എതിരിടാന്‍ പോയ യോദ്ധാക്കള്‍. അതെല്ലാം വിടുക ഹെ താങ്കളുടെ ആ മഹാകായനായ മച്ചൂനന്‍ ഭീമസേനനെവിടെ...''...

''ചന്തപ്പന്‍ കുതിരവട്ടത്തുള്ള കെട്ടിലുണ്ട് തിരുമേനി. പുത്തലത്തു നിന്നു വന്ന പരിവാരങ്ങള്‍ക്കും ആനകള്‍ക്കും സൗകര്യമവിടെയാണെന്ന് പറഞ്ഞു."
''മടങ്ങാം. സൂര്യന്‍ വീണു തുടങ്ങി. കുതിരവട്ടം വരെ അനുഗമിക്കണമെന്നാണ് സതീര്‍ഥ്യനായ ഭാവി പടത്തലവന്റെ ഉത്തരവ്.'' വിപ്രന്‍ നമ്പൂതിരി ചിരിച്ചു കൊണ്ടു പറഞ്ഞു.

''നിന്തിരുവടി  പൊന്നാനിയില്‍നിന്നു പുറപ്പെട്ടു കഴിഞ്ഞു. കടല്‍ വഴി ചാലിയത്ത്‌. വെട്ടത്തു വാഴുന്നവരെ കണ്ട് വിശ്രമം. പിന്നെ പന്നിയങ്കര കോലോത്ത്‌. കല്ലഴി കടന്നാല്‍ തിരുവാനയിക്കലുണ്ട്. പണിക്കര്‍ കണ്ടു കാണില്ലല്ലോ. ബഹുവിശേഷമാണ്.  ആനയും അമ്പാരിയും താലപ്പൊലിയും കുരവയും. മാപ്പിളമാരുടെ കമ്പവെടിയും. നാളെ രാഹു കഴിഞ്ഞാല്‍ തിരുമേനി പുഴ കടക്കും. എഴുന്നള്ളി തിരുവളയനാട് തൊഴുത് വിക്രമപുരം എത്തും. മധ്യാഹനം സദസ്സ്. അങ്ങേക്ക് മുഖം ഉണര്‍ത്തിക്കാനുള്ള മുഹൂര്‍ത്തം തരം പോലെ വഴിയാക്കാം. ഇന്നു തരം പോലെ വിശ്രമിക്കുക...''

തിരുവചസ്സ് എന്തായിരിക്കും... ശേഖരന്‍ ദീര്‍ഘനിശ്വാസം ചെയ്തു.

(തുടരും)

കുലവന്‍ നോവല്‍ മുന്‍ഭാഗങ്ങള്‍ വായിക്കാം

Content Highlights: Malayalam E Novel Kulavan Part Eleven