പെയ്തിറങ്ങാന്‍ വെമ്പുന്ന കരിമേഘംപോലെ മേപ്പാട്ടെ പറമ്പ് കണ്ണുകള്‍ക്കു മുന്നില്‍ ഇരുണ്ടു കനത്തു. ഇടക്കിടെ ചിതറിയ പിണരുകളില്‍ പാഴ്മരങ്ങളും മുള്‍ച്ചെടികളും ഏതോ മറവിയുടെ അന്തരാളങ്ങളില്‍ നിന്ന് മിന്നിമാഞ്ഞു.
മാദകമായ ഗന്ധം മുന്നോട്ടുള്ള വഴി ചൂണ്ടി. കനത്ത പടര്‍പ്പുകള്‍ യാന്ത്രികമായി വകഞ്ഞു മാറ്റി വേണു സ്വപ്നാടകനെപോലെ ചുവടുകള്‍ വെച്ചു. കരിയലകളില്‍ വീണ കാലയടിയൊച്ചകള്‍ കേട്ട് അപരിചിതമായ ശബ്ദങ്ങള്‍ ഉയര്‍ന്നു. പടര്‍പ്പുകള്‍ക്കടിയില്‍ കൂമ്പിനിന്ന സ്പര്‍ശലജ്ജകള്‍ കാലുകളെ ആസക്തിയോടെ ദംശിച്ചു. മഴക്കാറ്റിന്റെ സര്‍പ്പനിശ്വാസത്തിലും വേണു വിയര്‍ത്തു.
തടുക്കാനാവാത്ത ഏതു ബാധാവേശമാണിത്!എന്തിനിങ്ങോട്ടു വന്നു?
ഒരിടകഴിഞ്ഞാല്‍ വീടായി. അമ്മ കഞ്ഞിയും പുഴുക്കും ചൂടോടെ എടുത്തു വെച്ചിട്ടുണ്ടാവും. പറമ്പില്‍ വീണ മാങ്ങ നുറുക്കിയിട്ട അച്ചാറുമുണ്ടാവും. മഴയുടെ ഈണത്തില്‍ റേഡിയോയിലെ ഗീത്മാല കേട്ടു സുഖംപിടിച്ച് കിടന്നു വായിക്കാം. ആലസ്യത്താല്‍ ഉറങ്ങിപ്പോകും വരെ.അതിനേക്കാള്‍ സുഖമുള്ള വേറെ എന്തുണ്ട്..
പിന്നെ എന്തിനീ പാഴ്പ്പറമ്പില്‍ ഭൂതാവിഷ്ടനെപ്പോലെ കയറി?
കൈകള്‍ കൊണ്ട് വായുവില്‍ ആയം പിടിച്ച് ഇരുട്ടില്‍ അന്ധനെപ്പോലെ വേണു മുന്നോട്ടു നീങ്ങി. അടുത്തൊരു കാലടിച്ചുവടില്‍ നിലപോയപ്പോള്‍ വേണു അന്തിച്ച് താഴേക്കു വീണു. കൊഴിഞ്ഞ ഇലകളും വള്ളികളും ഇണചേര്‍ന്നു കുതിര്‍ന്ന മണ്ണില്‍ ചെരിഞ്ഞു വീണ ഉടല്‍ താഴേക്ക് പലവുരു ഉരുണ്ടു.
ഇലകള്‍ തീര്‍ത്ത ഒരു മഞ്ചത്തിലാണ് താന്‍ കിടക്കുന്നതെന്ന് വേണുവിന് അടുത്ത നിമിഷം തോന്നി. വീഴ്ച്ചയുടെ ശബ്ദത്തില്‍ പ്രതിഷേധിച്ച് കടവാതിലുകള്‍, ചേക്കേറിയ മരം വിട്ടു പറന്നു. നിശ്ചലതയുടെ ഗോപുരം പോലെ നിന്ന ഇലഞ്ഞി പെട്ടെന്ന് തനിക്കു മുകളില്‍ ആയിരം കൈകളുയര്‍ത്തി പൊട്ടിച്ചിരിക്കുന്നതു പോലെ... ഞെട്ടല്‍ മാറാതെ വേണു തളര്‍ന്ന് മലര്‍ന്നുകിടന്നു.
ആകാശത്ത് പടഹധ്വനികള്‍ ഉയര്‍ന്നു. തളര്‍ച്ച കണ്ണുകളില്‍ കനമായി തൂങ്ങിയപ്പോള്‍ വേണുവിന്റെ കണ്ണുകള്‍ അടഞ്ഞുപോയി. ഒന്നു രണ്ടു മഴത്തുള്ളികള്‍ ഇലച്ചാര്‍ത്തുകളുടെ കെട്ടുപൊട്ടിച്ച് മുഖത്തു വന്നു വീണു ചിതറി.
ഉണ്ണീ..
ചെവിക്കരികെ ആരോ മന്ത്രിച്ചു.
ഉം... വേണു മൂളി.
ഇപ്പഴാണോ വരുന്നത്. കാതില്‍ വീണ്ടും മന്ത്രണം.
ആരാദ്? വേണു ചോദിച്ചു.
മുഴക്കമുള്ള ഒരു ചിരിയുടെ അവരോഹണത്തില്‍ വേണു കണ്ണ് പാതി തുറക്കാന്‍ ശ്രമിച്ചു.
വേരുകള്‍ ഇളക്കിയ ഇലഞ്ഞിത്തറയോടു ചേര്‍ന്ന് ഒരു പന്തം മുനിഞ്ഞു കത്തി. മഴക്കാറ്റിലും അത് ഇടറാതെ കത്തുന്നതെന്ത് എന്ന വേണു ആശ്ചര്യപ്പെട്ടു. ആരാണത് തെളിച്ചത്..
ആരാദ്.. വേണു പിന്നേയും ചോദിച്ചു.
വീണ്ടും മുഴങ്ങുന്ന ചിരി...
വേണു കണ്ണ് മിഴിച്ച് ചുവന്നു കത്തുന്ന പന്തത്തിനു പിറകിലേക്കു നോക്കാന്‍ ശ്രമിച്ചു.
ഇരുട്ടില്‍ അലിഞ്ഞുചേര്‍ന്ന ഇലഞ്ഞിയുടെ ചുവടെ അഭൗമമായൊരു നിഴല്‍ രൂപം. പന്തത്തിന്റെ പാളിച്ചയില്‍ ഭാമാകാരം പൂണ്ട്, അടുത്ത നൊടിയില്‍ ചുരുങ്ങിചെറുതാവുന്ന അമാനുഷാകാരം..
ആരാ?വേണു വീണ്ടും ചോദിച്ചു.
ഞാന്‍ കുലവന്‍..
നിന്റെ കുലാധിപന്‍..
വംശവേരുകളിലൂടെ നിന്നിലേക്ക് ഒഴുകുന്ന ചോര...
നിന്നിലേക്കു പകര്‍ന്ന വിധിവിഹിതം
ദേശാന്തരത്തിലും കാലാന്തരത്തിലും
അനുധാവനം ചെയ്യുന്ന നിന്റെ പിന്‍നിഴല്‍..
നീ തേടാത്ത സ്മരണകളുടെ പൂര്‍വ്വബിംബം..
കുലവന്‍!
വേണു അവിശ്വസനീയതയോടെ അര്‍ദ്ധബോധത്തിലും ഉരുവിട്ടു..
നേദ്യവും പന്തവും തരാത്തതുകൊണ്ട് കുലവന്‍ കോപിച്ചോ?
വേണു ചോദിക്കാന്‍ ശ്രമിച്ചു.
മുഴങ്ങുന്ന ചിരി.
ഉണ്ണീ.. ഭൂതകാലത്തിനെന്തിന് അഗ്നിയും നേദ്യവും! അത് ജീവിച്ചിരിക്കുന്നവര്‍ക്കുള്ളതാണ്. സ്മരണകള്‍ കെടാതിരിക്കാന്‍...മാഞ്ഞുപോയ പിന്‍വഴികള്‍ മറക്കാതിരിക്കാന്‍.
കാഴ്ച്ചകള്‍ എന്നെ വേട്ടയാടുന്നു...വേണു ഉരുവിട്ടു.
നീ കാണുന്ന കാഴ്ച്ചകള്‍ നിന്റെ സന്താനങ്ങള്‍... മനസ്സില്‍ ഉയരുന്ന ചോദ്യങ്ങള്‍ക്ക് കണ്ടൈത്താന്‍ ശ്രമിക്കുന്ന ഉത്തരങ്ങളുടെ സൂചനകള്‍.
കുന്നിന്‍മേലമ്പലത്തില്‍ അമ്പലത്തില്‍ പാതിരാവില്‍ ഞാന്‍ കണ്ട ആ രൂപം ആരുടേതാണ്. കുന്നിന്‍മേല്‍ വാഴും അമ്മയുടേതോ..?
നീ പോലുമറിയാതെ നിന്റെ ഉള്ളം കടഞ്ഞെടുത്ത രൂപം ഭുവനേശ്വരിയായ തിരുമാന്ധാം കുന്നിലമ്മയാവാം അല്ലെങ്കില്‍ പുതുമന വീട്ടിലെ അമ്മയാവാം. നിരൂപിച്ചു കണ്ടെത്തുന്നത് നിന്റെ യുക്തി.
പുതുമന വീട്ടിലെ അമ്മ!
വള്ളുവനാട്ടുടയവരുടെ വിളിപ്പെങ്ങള്‍...മാമാങ്കത്തറയിലേക്കുള്ള ചാവുതീണ്ടലിനു മുമ്പ് ചാവേറുരുള പോരാളികളുടെ വായില്‍ നല്‍കുന്ന പുതുമന തറവാട്ടിലെ മൂത്തമ്മ. പല തലമുറ വാണ കുലസ്ത്രീകള്‍...
ദീര്‍ഘായുസ്സായിരിക്കട്ടെ എന്നാചാരം പറയാത്ത, ജീവനോടെ മടങ്ങിവന്നാല്‍ മാനക്കേടാണെന്ന് പറയുന്ന ദുര്‍ഗ്ഗ... പോറ്റിവളര്‍ത്തിയവരോട് മരിച്ചുയശസ്സുണ്ടാക്കാന്‍ ആശംസിക്കുന്ന രുധിരകാളി.
കാവല്‍പതിനായിരത്തിനെ കടന്ന്, ആവതെങ്കില്‍ കുന്നലക്കോനാതിരിയുടെ തല കൊയ്യാന്‍ കല്‍പ്പിച്ച്, കണ്ണീരടക്കി, കാലാകാലം കുടിപ്പകയെ പെറ്റുവളര്‍ത്തുന്ന സിംഹിക...
പതിനാലുകൊല്ലം മറിഞ്ഞുവരുന്ന അടുത്ത മാമാങ്കത്തിന് ചോര നല്‍കാന്‍ കളരിയില്‍ കൈശോരങ്ങള്‍ വളരുന്നത് കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന ചണ്ഡിക..
പലതലമുറകള്‍ പകര്‍ന്നാടിയ പകയുടെ, ദാര്‍ഢ്യത്തിന്റെ സ്ത്രീരൂപം.
അവരില്ലെങ്കില്‍ വള്ളുവനാടിന് ഖ്യാതിയില്ല.
മാമാങ്കത്തിന് പെരുമയില്ല
ചാവേറുകളില്ല....
അവരെ വെട്ടിക്കളയാന്‍ വിധിക്കപ്പെട്ടവരില്ല
കുടിപ്പകകളില്ല..
കഥകളില്ല!
നീതിക്കും നിയമത്തിനും ഇടയില്‍, ചോരപ്പുഴയുടെ കരയില്‍ കണ്ണീരുണക്കി ശത്രുവിനെ ശപിച്ചു ജീവിച്ച ഒരു കൂട്ടം അമ്മമാരുടെ വിശേഷണബിരുദം. പുതുമന അമ്മ.
കടലിരമ്പം പോലെയുള്ള ആഖ്യാനങ്ങള്‍ വേണുവിന്റെ മനസ്സില്‍ വന്‍തിരകളായി വന്നടിച്ചുനുരഞ്ഞു.
ഒന്നും തോന്നായ്കയില്‍ നിന്നൊടുവില്‍ ചില ചോദ്യങ്ങള്‍ മാത്രം പിന്‍തിരയില്‍ പൊന്തിനിന്നു
അവരെന്തിന് എന്നെ ശപിച്ചു കുലവാ...
തിരുനാവായില്‍ കിണറില്‍ നിന്നും അറ്റുപോയ തല കൈയ്യാല്‍ താങ്ങി പൊന്തി വന്ന കുട്ടിയാരാണ് കുലവാ...
മാനത്തുപൊട്ടിയ ഇടിമുഴക്കത്തെ മറികടന്ന ദീര്‍ഘമായോരു നിശ്വാസം വേണുവിന്റെ കാതുകളില്‍ പ്രതിധ്വനിച്ചു...
പുരാവൃത്തങ്ങല്‍ പറവാനേറെയുണ്ട് ഉണ്ണീ....
മുഴങ്ങുന്ന ശ്ബദത്തില്‍ ദു:ഖം ഘനീഭവിച്ചപ്പോള്‍ കനത്ത മഴ കണ്ണീരായി ഇലഞ്ഞിയില്‍ പെയ്തിറങ്ങി.
വേണുവിന്റെ കണ്ണുകള്‍ അടഞ്ഞു..
* * * * * * * * * * * * * * * * *
ഇട്ടിരവി മുകളിലേക്ക് പതിയെ കയറിവന്നു നിലകിട്ടാതെ നിന്നു...
മച്ചിനകത്തു പൂട്ടിയിട്ട നങ്ങയുടെ നിലവിളിയും പതം പറച്ചിലുകളും അകത്തു കനംവെച്ച നിശബ്ദതതയെ ഭഞ്ജിച്ചു
നശിച്ചു നാറാണക്കല്ലെടുത്തു പോവും രാക്ഷസ ജന്മങ്ങളേ....
നമ്പി അകത്തേക്കു നോക്കി, പിന്നെ പതുക്കെ ചിലമ്പിച്ച ശബ്ദത്തില്‍ പറഞ്ഞു.
അകത്തുളളാളുകളെയൊക്കെ താഴേക്കു വരാന്‍ കല്‍പ്പന...
അയാളുടെ കീഴ്ച്ചുണ്ടുകള്‍ വിറച്ചു പിടഞ്ഞു. ഇണമുണ്ടില്‍ ചോരപ്പാടുകള്‍ കറുത്തു കിടന്നു. ആകെ ഉലഞ്ഞു പോയ രൂപം. ഒരിട എന്തിനെന്നറിയാതെ ഇടറി നിന്ന് ആര്‍ക്കും മുഖം കൊടുക്കാതെ ആയാള്‍ അകത്തേക്കു ധൃതിയില്‍ പോയി.
താഴേക്കു വരാന്‍ ആരാണ് കല്‍പ്പിച്ചതെന്ന് ആരായിരിക്കാം. ഉണിത്തേയി ആലോചിച്ചു. എന്തിനായിരിക്കാം വിളിപ്പിച്ചത്. കണ്ണീര്‍ വറ്റിയ അന്തര്‍ജനങ്ങളുടെ കണ്ണുകളിലെ നിശ്ശൂന്യമായ നോട്ടങ്ങള്‍ അയാളെ പിന്തുടരുന്നത് അവള്‍ശ്രദ്ധിച്ചു.
ഞെട്ടലിന്റെയുംആശങ്കയുടേയും ചക്രവാതങ്ങള്‍ തുഴഞ്ഞു തളര്‍ന്ന് മരവിച്ചിരിക്കുന്ന നങ്ങമാര്‍. ചെവിതല തരാത്ത ചിതലപ്പുള്ളുകള്‍ ഇപ്പോള്‍ നിശ്ശബ്ദം.
ഉണിത്തേയിക്ക് എന്തെന്നില്ലാത്ത സന്തോഷമാണ് തോന്നിയത്. ചങ്ങലയഴിഞ്ഞ സ്വാതന്ത്ര്യത്തിന്റെ കിലുക്കം കാതില്‍ മുഴങ്ങുന്നു. മടുപ്പിക്കുന്ന മണംപേറുന്ന ഇടത്തിട്ടമഠത്തിന്റെ ഇരുണ്ട അകത്തളങ്ങളില്‍ ഇനി ശ്വാസംമുട്ടേണ്ടല്ലോ.ഹൃദയത്തില്‍ നിന്നൊരു ഭാരം നീങ്ങിയിരുക്കുന്നു. അവള്‍ നിശ്വസിച്ചു. പക്ഷെ കിളിവാതിലില്‍ നിന്നുളള കാഴ്ച്ച നഷ്ടമാവും. വളഞ്ഞൊഴുകുന്നു അണേലിപ്പുഴയും നീലക്കുന്നുകളും...
താഴെ ബഹളം തന്നെ. പറമ്പിലെ മാവുകള്‍ വെട്ടുന്ന ശബ്ദം. പട്ടുപോയ നമ്പിമാര്‍ക്കും അനുചരന്‍മാര്‍ക്കും പട്ടട ഒരുങ്ങുകയാണ്. ഓലയില്‍ പൊതിഞ്ഞ് ഒന്നിച്ചുകൂട്ടിയ കബന്ധങ്ങള്‍ നായും നരിയും കടിക്കാതിരിക്കാന്‍ രാത്രി പാറാവുകാര്‍ കാവലുകിടന്നിരുന്നു. പുത്തലത്തു തറവാട്ടുകാരും താവഴിക്കാരും നേരത്തകാലത്തെ തന്നെ എത്തിയിട്ടുണ്ട്. പല്ലക്ക് ചുമക്കുന്ന അമാലന്‍മാരുടെ മൂളല്‍ പുലര്‍ച്ചെ മുതല്‍ കേട്ടുതുടങ്ങിയിരുന്നു.
മരവിച്ചു നില്‍ക്കുകയാണ് അമ്മ.
അമ്മ ങ്ങട് നീങ്ങി നിന്നോളൂ.
ഉണിത്തേയി അമ്മയെ പിടിച്ചു തന്നോടടുപ്പിച്ചു.
അവര്‍ ഉണിത്തേയിയുടെ നേര്യതില്‍ അമര്‍ത്തിതെരുപ്പിടിച്ചു.
മഠത്തിനു ചുറ്റും കുന്തക്കാരും വാള്‍ക്കാരും കാവലുണ്ടത്രെ. തലയില്‍ തൊപ്പിയിട്ട വെടിക്കാരെ പുറത്തു കണ്ടു എന്ന് വാല്ല്യക്കാരി കുഞ്ഞിപെണ്ണ് പറഞ്ഞു. മഠത്തിലെ പണിക്കാരെയും കാര്യസ്ഥന്‍മാരേയും പിമ്പറമ്പില്‍ കൂട്ടിനിര്‍ത്തി ചോദ്യം ചെയ്യുന്നുണ്ട്. ആരേയും പുറത്തേക്കു വിടാന്‍ അനുവാദമില്ല.
മഠത്തിന്റെ വലതുവശത്തുള്ള പത്തായപ്പുരയില്‍ ധാന്യങ്ങളും മുതലുകളും ഭാണ്ഡങ്ങളായി നിറച്ചു വെച്ചിരിക്കുന്നു. നിലവറയില്‍ സൂക്ഷിച്ച പണവും പണ്ടവും മഠത്തിന്റെ ഉമ്മറത്ത് കാര്യസ്ഥന്‍മാര്‍ എണ്ണിത്തിട്ടപ്പെടുത്തുകയാണ്..
പുത്തലത്തു ഇളയമരുമകന്‍ എവിടെ?
ഉണിത്തേയിയുടെ കണ്ണുകള്‍ മരയഴിയിലൂടെ പരതി.
രൗദ്രാവതാരം പൂണ്ട അഗ്‌നിമിത്രന്‍ അങ്കത്തളര്‍ച്ചയില്‍ മയങ്ങുകയാവുമോ... താഴെ താണ്ഡവം തുടങ്ങുമ്പോള്‍ നങ്ങമാരെല്ലാരും അകത്തേക്കോടിയൊളിച്ച് സാക്ഷയിട്ടിരുന്നു. ചോരപ്രളയമായിരുന്നത്രേ.
എല്ലാം കഴിഞ്ഞിരിക്കണു ഏടത്തീ... മഠം ഇനി ചാവുനിലം മാത്രം. അകത്തുള്ളാളുകളോടൊക്കെ പറഞ്ഞോളൂ. സര്‍വ്വേശ്വരന്‍ തരുന്ന വിധി എന്താണോ അത് ഏല്‍ക്കാന്‍ തയ്യാറായിക്ക്യ.
മങ്ങൂഴം ഇരുട്ടിനു വഴി മാറിയപ്പോള്‍ അമ്മാവന്‍ അമ്മയോടു വന്നു കാര്യംപറഞ്ഞു.
മേലൂരപ്പാ...അമ്മ മറ്റോന്നും പറഞ്ഞില്ല.
എന്തോ സന്തോഷമാണ് അപ്പോള്‍ തോന്നിയത്. ജീവിതം മാറിയൊഴുകാന്‍ തുടങ്ങുന്നു.
മുറ്റത്തു പന്തല്‍ ഉയര്‍ന്നതു കാണാം. പുത്തലത്തവലും മരുമകന്‍ മേപ്പാട്ടോറും കാവുതേരി കിടാവും പുനത്തില്‍ അവലും എത്തിയിട്ടുണ്ട്. അനന്തരകാര്യങ്ങള്‍ തീരുമാനിക്കയാവണം.
ഉണിത്തേയി തൂണില്‍ചാരി നിന്നുറങ്ങുന്ന തന്റെ ചെറിയമ്മായിയെ നോക്കി. രാത്രി കഷ്ടിച്ചാണ് ഉറങ്ങിയത്...പാവം, വേട്ടുകൊണ്ടു വന്ന് അധികം കഴിയും മുമ്പെ വിധി പിഴച്ചിരിക്കുന്നു. ഇളം പ്രായത്തില്‍ അതിനി എന്തു ചെയ്യുമോ ആവോ...തനിക്ക് പക്ഷെ പേടിയൊട്ടും തോന്നാത്തത് എന്തുകൊണ്ടാണെന്ന് ഉണിത്തേയി അത്ഭുതപ്പെട്ടു..വിപദിധൈര്യമാവും.
ആര്‍ക്കാ തേയീ നമ്മെ പിടിച്ചു ഏല്‍പ്പിക്കാന്‍ പോണത്... ജോനകന്‍മാര്‍ക്കും മുക്കുവന്‍മാര്‍ക്കും ആവുമെന്ന് കുഞ്ഞി അടക്കംപറയണൂ.. പെരുമ്പടപ്പിലൊക്കെ ദോഷം പറ്റിയ അന്തര്‍ജനങ്ങളെ അങ്ങനെ കൊടുക്കുമെന്ന് കേട്ടിരിക്കണൂ..
ദു:സ്സ്വപ്നങ്ങള്‍ കാണാതിരിക്കാന്‍ ഉറക്കമൊഴിച്ചു കിടക്കുമ്പോള്‍ മനോമായ ചോദിച്ചു..
ആവോ ആര്‍ക്കാ അറിയാ.. എനിക്ക് പക്ഷെ അഗ്‌നിമിത്രനെ മതി.
അഗ്‌നിമിത്രനൊ... അതാരാ തേയീ?
അതൊരു രാജാവാ..., മാളവികയെ വേട്ട രാജാവ്. ഒരു സ്വപ്നത്തിലെ നായകന്‍.
വിധവകള്‍ക്ക് സ്വപ്നം കാണാനും പാടില്ലാന്നത്രെ സ്മൃതികള്‍ പറേണത്.
മനസ്സിലുളളത് ആരും അറയാണ്ട്ന്നാല്‍ പോരെ, അതാ സുഖവും.
ഉം... മനോമായ മൂളി.
ചങ്ങലക്കിട്ട വലിയമ്മായിയുടെ നിലവിളി അകത്തു നിന്നു കേട്ടു. പാവം അതെന്തറിഞ്ഞു. എന്തിനാണാവോ അവര്‍ അലറിക്കരയുന്നത്. അതിനെ ഇനി എന്തു ചെയ്യും.. വല്ലാത്ത ദുര്യോഗം തന്നെ.
ഒച്ചയും അനക്കവും പെട്ടന്നു നിന്നു. തളര്‍ന്നു കാണും. എത്ര നേരമായി വായ്ക്കുരവയിടുന്നു. ഭക്ഷണമൊന്നും ആരും കൊടുത്തു കാണില്ല. ഉണിത്തേയിക്ക് കുറ്റബോധം തോന്നി.
ഇട്ടിരവി അകത്തുനിന്നിറങ്ങി വന്നു. അയാളുടെ കൈയ്യില്‍ കരിയില പോലെ ഭ്രാന്തിയായ നങ്ങ തൂങ്ങിക്കിടന്നു. ചങ്ങലയഴിച്ച കാല്‍പാദങ്ങളില്‍ വൃണങ്ങള്‍ പഴുത്തോലിക്കുന്നു.
വര്വ...താഴേക്ക്, ഇട്ടിരവി സ്ത്രീകളോടു പറഞ്ഞു..
ഏടത്തിനങ്ങമ്മക്ക് എന്തോപറ്റീത് ഇട്ടിരവി?അമ്മ ആന്തലോടെ ചോദിച്ചു.
മോക്ഷം കൊടുത്തു. ഞാന്‍ കഴുത്തുഞെരിച്ചു കൊന്നു.
ഇട്ടിരവി നിര്‍വികാരം പറഞ്ഞു.
മോക്ഷം കിട്ടിയ നങ്ങയുടെ ശരീരവും താങ്ങി അയാള്‍ താഴേക്കുള്ള ഗോവണി ആയാസപ്പെട്ടിറങ്ങി..
ഉണിത്തേയി ആദ്യമായി നടുങ്ങി.
(തുടരും)
Content Highlights: Malayalam E Novel Kulavan Part eight