നില്‍ രാവിലെ തന്നെ വീട്ടിലെത്തി. വീട്ടില്‍ വെച്ചു തന്നെ 'സാട്ട' അറ്റന്‍ഡ് ചെയ്ത ശേഷം ബ്രേക്ക്ഫാസ്റ്റ് കഴിച്ച് ഞങ്ങള്‍ ഓഫീസിലേക്ക് പുറപ്പെട്ടു. മനസ്സില്‍ ഗോപിയുടെ കേസിന്റെ വിധിയെപ്പറ്റിയുള്ള ചിന്ത മാത്രമേയുള്ളൂ. എന്തോ ഒരു തരം ഭീതി ആഴ്ന്നിറങ്ങുന്നതുപോലെ തോന്നി. കൈകള്‍ കൂട്ടിത്തിരുമ്മിയ ചൂട് നെറ്റിയിലും കവിളിലും കണ്ണുകള്‍ക്കു മുകളിലും വെച്ച് റിലാക്‌സാവാന്‍ ശ്രമിച്ചു. പുറത്ത് ചെറിയ മൂടലുണ്ട്.

'ഇന്ന് ചിലപ്പോള്‍ മഴപെയ്‌തേക്കും,'
അനില്‍ എന്റെ ശ്രദ്ധ മാറ്റാനായി പറഞ്ഞു. 
'ഉം.'

ഞാന്‍ യാന്ത്രികമായി മൂളി.
യാത്രയ്ക്കിടയില്‍ ബാലകൃഷ്ണന്റെ ഫോണ്‍ വന്നു. 

'നമസ്‌കാരം ബാലകൃഷ്ണാ...'
'സാര്‍. ഞാന്‍ നേരെ കോടതിയിലേക്കു പോകാം. വിവരങ്ങള്‍ അപ്പോള്‍ത്തന്നെ വിളിച്ചറിയിക്കാം,' ബാലകൃഷ്ണന്‍ പറഞ്ഞു.
'ഓക്കെ, ബാലകൃഷ്ണാ ഞാന്‍ ഓഫീസില്‍ത്തന്നെ ഉണ്ടാകും.'

ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. വണ്ടി ഓഫീസിനു മുന്നിലെത്തിയപ്പോള്‍ വീണ്ടും ഫോണ്‍ ശബ്ദിച്ചു. ചാനല്‍ റിപ്പോര്‍ട്ടര്‍ മധുവിന്റെ ഫോണാണ്.  ഫോണെടുത്തുകൊണ്ട് ജീപ്പില്‍നിന്നും ഇറങ്ങി.

'ഹാ... മധു, കോടതിയില്‍ ഞാനുണ്ടാവില്ല. ഓഫീസില്‍ കുറച്ചു തിരക്കുണ്ട്.'

കൂടുതല്‍ സംസാരിക്കാന്‍ നില്ക്കാതെ ഞാന്‍ ഫോണ്‍ കട്ടു ചെയ്തു കൊണ്ട് ഓഫീസ് മുറിയിലേക്കു കയറി. റൈറ്റര്‍ സല്യൂട്ട് ചെയ്ത ശേഷം ഒരു കെട്ട് റെഫറന്‍സുകളുടെ ഫയല്‍ മേശപ്പുറത്തു വെച്ചു.

'ഇതെങ്ങനെ ഇത്രയും ഒരുമിച്ച് വന്നു?'
'സര്‍ ഇന്നലെ നെറ്റ് തകരാറിലായിരുന്നു. ഉച്ചതിരിഞ്ഞ് സാറ് പോയതിനു ശേഷമാണ് ശരിയായത്.'
'ഉം... ഓക്കെ.'

ഞാന്‍ റെഫെറന്‍സുകള്‍ ഓരോന്നായി പരിശോധിച്ച് അതില്‍ വേണ്ട നിര്‍ദേശങ്ങള്‍ എഴുതിത്തുടങ്ങി. ഒരു പരിധിവരെ അതു നന്നായി എന്നു വേണം കരുതാന്‍. അത്രയും സമയം മനസ്സിനെ ആ ഫയലുകളില്‍ കെട്ടിയിടാന്‍ സാധിച്ചത് ഒരു അനുഗ്രഹമാണ്. പതിനൊന്നര കഴിഞ്ഞ് ബാലകൃഷ്ണന്റെ വിളി വന്നപ്പോഴാണ് ഞാന്‍ ഫയലില്‍നിന്നും കണ്ണുകള്‍ ഉയര്‍ത്തുന്നത്. ഉത്കണ്ഠയോടെയാണ് ഫോണെടുത്തത്. 'സാര്‍, ഞാന്‍ അവിടെനിന്നും പോന്നു. കോടതി ഗോപിയെ കുറ്റക്കാരനായി കണ്ടെത്തി. ശിക്ഷ നാളെ പ്രസ്താവിക്കും. കേസ് നാളത്തേക്ക് പോസ്റ്റ് ചെയ്തു.'

ഞാന്‍ കസേരയില്‍ തരിച്ചിരുന്നു പോയി. എനിക്കൊന്നും സംസാരിക്കാനായില്ല. തൊണ്ട വറ്റിപ്പോയതുപോലെ തോന്നുന്നു.   മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയുന്നപോലെയൊക്കെ ശ്രമിക്കുന്നുണ്ട്. മേശപ്പുറത്തു വെച്ചിരിക്കുന്ന കുപ്പിയെടുത്ത് വായിലേക്കു ചൊരിഞ്ഞു. കുറേ വെള്ളം കുടിച്ച ശേഷം രണ്ടും കല്പിച്ച് റിമോട്ടെടുത്ത് വലതുവശത്ത് ഭിത്തിയോടു ചേര്‍ത്തുവെച്ചിരിക്കുന്ന സ്റ്റാന്‍ഡിലെ ടിവി ഓണ്‍ ചെയ്തു. പ്രാദേശിക ചാനലുകളടക്കം പല ചാനലുകളും വിധി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എല്ലാ ചാനലുകളിലും ഗവണ്‍മെന്റ് പ്ലീഡര്‍ നിറഞ്ഞു നില്ക്കുകയാണ്. ചാനല്‍ മാറ്റിക്കൊണ്ടിരിക്കുന്നതിനിടയില്‍ മധുവിന്റെ മുഖം കണ്ടതുകൊണ്ട് ആ ചാനല്‍ വെച്ചു.

പ്ലീഡര്‍ തകര്‍ക്കുകയാണ്. 

'ഒരു ഘട്ടത്തില്‍ കൈ വിട്ടുപോകുമെന്ന് കരുതിയിടത്തുനിന്നും ഞാന്‍ ബുദ്ധിപരമായ നീക്കങ്ങളിലൂടെയാണ് ഈ കേസിനെ ഇവിടം വരെയെത്തിച്ചത്. പ്രതിക്ക് മാക്‌സിമം ശിക്ഷ വാങ്ങിക്കൊടുക്കുന്നതിലാണ് എന്റെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്...'

കോപ്പ്. ഞാന്‍ ടിവി ഓഫ് ചെയ്തു. മൊബൈലില്‍ നോക്കിക്കൊണ്ട് റൈറ്റര്‍ മുറിയിലേക്കു വന്നു.

'അപ്പോള്‍ അധ്വാനിച്ചത് വെറുതേയായില്ല അല്ലേ സാറേ?' 

ഫോണ്‍ മെസേജ് വായിച്ചുകൊണ്ട് റൈറ്റര്‍ പറഞ്ഞു. ഒന്നു ചിരിച്ചെന്ന് വരുത്തിയ ശേഷം ഫോണെടുത്തതു രേഷ്മയുടെ വിളി വന്നു. ഞാന്‍ കോള്‍ അറ്റന്‍ഡ് ചെയ്യുന്ന സമയം റൈറ്റര്‍ മേശപ്പുറത്തെ ഫയലില്‍ നിന്നും പരിശോധിച്ച റെഫറന്‍സുകളെടുത്ത് അയാളുടെ മുറിയിലേക്കു പോയി.

'ഹാ... രേഷ്മാ... എല്ലാം കഴിഞ്ഞു.'

എനിക്ക് മുഴുമിക്കാനായില്ല. തൊണ്ടയിടറി.

'ഹാ... ഞാന്‍ ന്യൂസ് കണ്ടുകൊണ്ടിരിക്കുകയാ... ഇങ്ങോട്ട് പോരുന്നാ?' രേഷ്മ ചോദിച്ചു. 

'ഞാന്‍ ഉച്ചയ്ക്ക് എത്താം.'

ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. അല്പസമയത്തിനുശേഷം ബാലകൃഷ്ണന്‍ ഓഫീസിലെത്തി. ഞാന്‍ ആകാംക്ഷയോടെ അയാളെ നോക്കി.

'ജഡ്ജിന്റെ വാക്കുകള്‍ കേട്ട് ഗോപിയേട്ടന്‍ പ്രതിക്കൂട്ടില്‍ നിര്‍വികാരനായാണ് നിന്നിരുന്നത്. പക്ഷേ പുറത്ത് ശങ്കുണ്ണി നമ്പ്യാര്‍ അതു കേട്ട് കുഴഞ്ഞുവീണു. കൂടെയുണ്ടായിരുന്നവര്‍ അയാളെ താങ്ങിയെടുത്ത് ഹോസ്പിറ്റലിലേക്കു കൊണ്ടുപോയി.'

ബാലകൃഷ്ണന്‍ കോടതിയില്‍ നടന്ന സംഭവങ്ങള്‍ വിവരിച്ചു. 

'എന്നിട്ട് ശങ്കുണ്ണിയേട്ടന് എങ്ങനുണ്ടെന്ന് അറിയാമോ?'

'ഇപ്പോള്‍ കുഴപ്പമില്ലെന്നാണ് സ്‌പെഷല്‍ ബ്രാഞ്ച് എ.എസ്.ഐ. രാജു പറഞ്ഞത്.'
'ഗോപിയേട്ടന്‍?'
'എന്നെ അദ്ഭുതപ്പെടുത്തിയത് അതാണ്. ഗോപിയേട്ടന്‍ കോടതിയില്‍ ഒരക്ഷരം മിണ്ടിയില്ല. ആ മുഖത്ത് വല്ലാത്ത നിസ്സംഗതയായിരുന്നു. ഈ കേസിന്റെ ആദ്യദിവസങ്ങളില്‍ അയാളുടെ മുഖത്ത് കണ്ടിരുന്ന അതേ നിസ്സംഗത.'

അങ്ങനെയെങ്കില്‍ അയാള്‍ കൈവിട്ടു പോയിരിക്കുന്നു... ഒരു ശക്തിക്കും ഇനി അയാളെ തിരിച്ചുകൊണ്ടുവരാനാവുമെന്നു തോന്നുന്നില്ല.  പ്രതീക്ഷ നശിച്ചവനെപ്പോലെ ഞാന്‍ മനസ്സില്‍ പറഞ്ഞു. കുറച്ചു നേരം ഞാന്‍ തലകുനിച്ചിരുന്നു.

'ഒരുപക്ഷേ ശിക്ഷ വിധിക്കും മുന്‍പ് റൈറ്റ്ഓഫ് പ്രൈവറ്റ് ഡിഫന്‍സ് അടക്കമുള്ള കേസിലെ സാഹചര്യങ്ങള്‍ കൂടി കോടതി പരിഗണിക്കില്ലേ സാര്‍?'

ബാലകൃഷണന്‍ എന്നെ ആശ്വസിപ്പിക്കാനെന്നവണ്ണമാണ് അങ്ങിനെ ചോദിച്ചത്. ഞാന്‍ മുഖമുയര്‍ത്തി ബാലകൃഷ്ണനെ നോക്കി,

'നമുക്ക് പ്രത്യാശിക്കാം.'

സ്വയം സമാധാനിക്കാനായി പറഞ്ഞുകൊണ്ട് ഞാന്‍ ജനലിലൂടെ പുറത്തേക്കു നോക്കി. ആകാശം കറുത്തിരുണ്ട് നില്ക്കുകയാണ്. മഴ പെയ്യാന്‍ സാധ്യതയുണ്ട്. അതിനു മുന്‍പ് വീട്ടിലെത്തണം. 
'ഞാനിറങ്ങുകയാണ്. രേഷ്മയും അല്പം മൂഡ്ഓഫിലാണ്. ഞാനങ്ങോട്ട് ചെല്ലട്ടെ.'

ഞാന്‍ വാച്ചില്‍ നോക്കിക്കൊണ്ട് പറഞ്ഞു. താഴെയെത്തിയപ്പോള്‍ അനില്‍ വണ്ടിയില്‍ ഇരിപ്പുണ്ട്.

'വീട്ടിലേക്കാണോ സാര്‍?'

അനില്‍ ചോദിച്ചു. ആണെന്ന അര്‍ഥത്തില്‍ ഞാന്‍ തലയാട്ടി. അനില്‍ വണ്ടി മുന്നോട്ടെടുത്തു. മനസ്സില്‍ ഇപ്പോള്‍ നിറഞ്ഞുനില്ക്കുന്നത് ശ്യാമളയുടെ കരഞ്ഞുകലങ്ങിയ കണ്ണുകളാണ്. എത്ര മറക്കാന്‍ ശ്രമിച്ചിട്ടും സാധിക്കുന്നില്ല. വീട്ടിലെത്തുമ്പോള്‍ രേഷ്മ ഗേറ്റ് തുറന്നിട്ടിട്ടുണ്ടായിരുന്നു. അനില്‍ കാര്‍പോര്‍ച്ചില്‍ വണ്ടി നിര്‍ത്തി. ഞാന്‍ പുറത്തിറങ്ങുമ്പോള്‍ രേഷ്മ വാതില്‍ തുറന്ന്  പുറത്തേക്കിറങ്ങി. നാളെ കാലത്ത് എത്തിക്കൊളളാമെന്നു പറഞ്ഞ് അനില്‍ തിരിച്ചുപോയി. ഞാനും രേഷ്മയും അകത്തേക്കു കടന്നു. ഹാളില്‍ ടിവിയില്‍ ന്യൂസ് ചാനല്‍ വാര്‍ത്തകളുടെ കെട്ടഴിച്ചുകൊണ്ടിരിക്കുന്നു. ദേഷ്യമാണ് തോന്നിയത്. റിമോട്ടെടുത്ത് ടിവി ഓഫ് ചെയ്ത ശേഷം റിമോട്ട് സോഫയിലേക്കിട്ടു. മുറിയിലെത്തി യൂണിഫോം മാറി കുളിമുറിയില്‍ കയറി കൈയും മുഖവും തണുത്ത വെള്ളത്തില്‍ നന്നായി കഴുകി. രേഷ്മ ചോറും കറികളും എടുത്തു വെച്ചിട്ട് വിളിച്ചു.  ഊണ്‍മുറിയില്‍ എത്തി അവളോടൊപ്പം കഴിക്കാനിരുന്നു. രണ്ടുപേര്‍ക്കും ഒന്നും പറയാനാകുന്നില്ല. ഇടയില്‍ മൂന്നാമതൊരാളെ പോലെ  നിശ്ശബ്ദത കയറി നിന്നു. ഭക്ഷണം കഴിച്ചെന്നു വരുത്തി എഴുന്നേറ്റു. അവള്‍ മുഖമുയര്‍ത്തി എന്നെ നോക്കി.  മുഖം കൊടുക്കാതെ ഞാന്‍ ബെഡ്‌റൂമിലേക്കു നടന്നു. പാത്രങ്ങള്‍ സിങ്കിലേക്ക ്എടുത്തു വെച്ചതിനു ശേഷം കൈയും മുഖവും കഴുകി അവളും റൂമിലേക്കു വന്നു. ഞാന്‍ ബെഡ്ഡില്‍ കിടക്കുകയായിരുന്നു. 

അവള്‍ ബെഡ്ഡില്‍ സമീപം വന്നിരുന്നു. 'നമ്മളെക്കൊണ്ട് ആവുന്നതെല്ലാം നമ്മള്‍ ചെയ്തതല്ലേ? എന്നിട്ടും ഇങ്ങനെ വിഷമിക്കുന്നതു കാണുമ്പോള്‍. ഓ... എനിക്കിത് താങ്ങാനാവുന്നില്ല.'

ഞാന്‍ അവളെ നോക്കി ചിരിക്കാന്‍ ശ്രമിച്ചു. ചുണ്ടുകളിലെ ഓരോ പേശിയും ചലിക്കുന്നത് ഇപ്പോള്‍ അറിയുന്നുണ്ട്. അവള്‍ എന്നോട് ചേര്‍ന്നു കിടന്നു. കുറെ സമയം അതേ കിടപ്പു കിടന്നു കാണും. മൂന്നര മണി കഴിഞ്ഞപ്പോള്‍ കെവിന്‍ സ്‌കൂളില്‍നിന്നും വന്നു. അവള്‍ എന്നെയുണര്‍ത്താതെ എഴുന്നേറ്റു പോയി കുറേക്കഴിഞ്ഞപ്പോള്‍ ഞാന്‍ കണ്ണു തുറന്നു. മുന്‍പില്‍ ഞാന്‍ ഉണരുന്നതും കാത്തിരിക്കുന്ന കെവിന്‍ . ഞാന്‍ എന്തോ വിഷമത്തിലാണെന്നു മനസ്സിലായതുകൊണ്ടാവണം കെവിന്‍ ശല്യപ്പെടുത്താന്‍ നിന്നില്ല. അവന്‍ എന്നെ നോക്കി നിഷ്‌കളങ്കമായി ചിരിച്ചു. എഴുന്നേറ്റ് മുഖം കഴുകി തിരികെ വന്ന് അവന്റെ കൈ പിടിച്ച് അടുക്കളയിലേക്കു ചെന്നു. നല്ല ചൂടു ചായയും ഇലയടയും കഴിച്ചു. ഒന്ന് ഉറങ്ങിയപ്പോള്‍ തെല്ലൊരാശ്വാസം തോന്നുണ്ട്. കുറച്ചു നേരം കെവിനോടൊപ്പം മുറ്റത്ത് ഇറങ്ങി നടന്നു. പുതുതായി നട്ടിരിക്കുന്ന റമ്പൂട്ടാന്റെയും മങ്കോസ്റ്റൈന്റെയും ചുവട്ടിലെ കളകള്‍ പറിച്ച ശേഷം പുറത്തെ പൈപ്പില്‍നിന്നും കൈയും കാലും കഴുകി അകത്തേക്കു കയറി. അവന്റെ കൂടെ കുറച്ചു നേരം കാര്‍ട്ടൂണ്‍ ചാനല്‍ കണ്ടു. ടിവി ഓഫ് ചെയ്ത ശേഷം എട്ടു മണിയോടു കൂടി മോന് ഭക്ഷണം വാരിക്കൊടുത്തു. അല്പനേരം പ്രാര്‍ഥിച്ചു. പ്രാര്‍ഥനയ്ക്കിടയില്‍ ഉറങ്ങിപ്പോയ മോനെ എടുത്ത് ബെഡ്ഡില്‍ കിടത്തിയ ശേഷം കുറച്ചു നേരം അവനോടൊപ്പം കിടന്നു. അല്പം കഴിഞ്ഞ് രേഷ്മ വന്ന് ഭക്ഷണം കഴിക്കാന്‍ വിളിച്ചപ്പോള്‍ ഞാന്‍ എഴുന്നേറ്റ് അവളോടൊപ്പം അടുക്കളയിലേക്കു നടന്നു. 

രേഷ്മ ജോണിവാക്കറിന്റെ കുപ്പി കട്ടിങ് ടേബിളില്‍ എടുത്തു വെച്ചിട്ടുണ്ട്. അതില്‍ രണ്ടു പെഗ്ഗില്‍ കൂടുതലുണ്ട്. അവള്‍ എന്റെ മുഖത്തേക്കൊന്നു നോക്കി. ഞാന്‍ കുപ്പി തുറന്ന് വിസ്‌കി ഗ്ലാസിലേക്ക് ഒഴിച്ചു. ഒരു സിപ് എടുത്ത ശേഷം രേഷ്മയുണ്ടാക്കിയ മുട്ടബുര്‍ജി അല്പമെടുത്ത് വായിലേക്കിട്ടു. അവള്‍ അടുത്തുതന്നെ നിന്നു. ഗ്ലാസ് കാലിയാക്കിയ ശേഷം ഒന്നുകൂടെ ഒഴിച്ചു. ഗ്ലാസ് ചുണ്ടോട് അടുപ്പിച്ചപ്പോള്‍ ഹാളില്‍നിന്നും മൊബൈല്‍ ഫോണ്‍ ശബ്ദിക്കുന്നത് കേട്ടു. അല്പംകൂടി കുടിച്ച ശേഷം ഞാന്‍ താത്പര്യമില്ലാതെ ഹാളിലേക്ക് നടന്നു. ഫോണ്‍ എടുത്തപ്പോഴേക്കും കാള്‍ കട്ടായി കഴിഞ്ഞിരുന്നു. ആരാണ് വിളിച്ചതെന്ന് അറിയാന്‍ ഫോണിന്റെ ലോക്ക് തുറന്നപ്പോള്‍ വിണ്ടും ഫോണ്‍ റിങ് ചെയ്തു. റിപ്പോര്‍ട്ടര്‍ മധുവാണ്. ഞാന്‍ ഫോണെടുത്തു. 

'ങ്ങ്ഹാ. നമസ്‌കാരം മധു.'

ആരാണ് ഈ നേരത്ത് വിളിക്കുന്നതെന്നറിയാന്‍ രേഷ്മ ഹാളിലേക്ക് വന്നു.

ഒരു കൈയില്‍ ഫോണും മറുകൈയിലെ ഗ്ലാസില്‍ മദ്യവുമായി ഞാന്‍ ചൂരല്‍ക്കസേരയില്‍ ഇരുന്നു. 

'ഭക്ഷണം കഴിച്ചിട്ട് സംസാരിച്ചാല്‍ പോരേ?' അവള്‍ ചോദിച്ചു. ഞാന്‍ ഒന്നും മിണ്ടിയില്ല. ഫോണ്‍ കട്ട് ചെയ്ത ശേഷം ഭയപ്പാടോടെ അവളെ നോക്കി.

'രേഷ്മാ... ടിവിയില്‍ ന്യൂസ് വെക്കാന്‍ മധു പറയുന്നു. ഗോപി...'

എന്റെ ശബ്ദം ഇടറി. വാചകം മുഴുമിക്കാനാവുന്നില്ല. രേഷ്മ ടിവി ഓണ്‍ ചെയ്ത് ന്യൂസ് വെച്ചു. ടിവിയില്‍ ഡിബേറ്റ് നടക്കുകയാണ്. ഭയപ്പെടേണ്ടതായി ഒന്നും കാണുന്നില്ല. ടിവി സ്‌ക്രീനിലൂടെ കണ്ണുകള്‍ സാവധാനം താഴേക്കു നീങ്ങി. താഴെ സ്‌ക്രീനില്‍ ബ്രെയ്ക്കിങ് ന്യൂസ് സ്‌ക്രോള്‍ ചെയ്യുന്നതു കാണാം. ഞാന്‍ സൂക്ഷിച്ചു നോക്കി. കണ്ണുകളില്‍ ഇരുട്ട് കയറുന്നതുപോലെ തോന്നി. ശരീരം വിറച്ചു. കൈയിലെ ഗ്ലാസ് താഴെ വീഴാതിരിക്കാന്‍ ഇറുകെ പിടിച്ചിട്ടുണ്ട്. മങ്ങിയ കാഴ്ചയില്‍ ഞാന്‍ വായിച്ചു. 'പ്രമാദമായ ബാബു മര്‍ഡര്‍ കേസില്‍ കുറ്റക്കാരനായി കോടതി കണ്ടെത്തിയ പ്രതി ഗോപിനാഥ് പ്രധാന്‍ (54) ഹൃദയാഘാതം മൂലം സബ്ജയിലില്‍ വെച്ച് മരണമടഞ്ഞു. കോടതി അയാള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കാനിരിക്കെ ഇന്ന് വൈകിട്ട് 8 മണിയോടെയാണ് സംഭവം.'

(നോവൽ അവസാനിച്ചു) 

നോവലിസ്റ്റിന്റെ ഫോൺ നമ്പർ- 9447203406

മുൻ ഭാഗങ്ങൾ വായിക്കാം