ന്നലെ രേഷ്മ പാര്‍വതിയെ സ്വപ്നം കണ്ടുവെന്നു പറഞ്ഞു. ജീവിതത്തില്‍ ഒരിക്കല്‍പ്പോലും കാണാത്ത ഒരാളെ എങ്ങനെയാണ് സ്വപ്നം കാണാനാവുക? ഗോപിയുടെ ജീവിതം അവളില്‍ അത്രയ്ക്കു ബാധിച്ചിരിക്കുന്നു. അപ്പോള്‍ മുതല്‍ തോന്നിയതാണ് മോളെയൊന്ന് കാണണമെന്ന്. നവോദയ സ്‌കൂളില്‍ പോകണം. അവള്‍ അവിടത്തെ ഏറ്റവും ബ്രൈറ്റസ്റ്റ് സ്റ്റുഡന്റാണ്. 'നെക്സ്റ്റ് ഐ.ഐ.ടിയന്‍' എന്നാണ് ടീച്ചേഴ്‌സ് അവളെക്കുറിച്ചു പറയാറ്. അവളെ പോയി കാണണം.  ചിലപ്പോള്‍ അങ്ങിനെയാണ്. കാണണമെന്നു തോന്നിയിട്ട് കണ്ടില്ലെങ്കില്‍ വല്ലാത്ത വിഷമമാണ്. പ്രിന്‍സിപ്പാള്‍ സുഹൃത്തായതുകൊണ്ട് കാണാന്‍ പറ്റും. വഴിയിലുള്ള കൊച്ചിന്‍ ബേക്കറിയില്‍നിന്നും മോള്‍ക്കിഷ്ടമുള്ള സ്വീറ്റ്‌സ് വാങ്ങിയ ശേഷം നവോദയ സ്‌കൂളിന്റെ ഗേറ്റിനു മുന്‍പില്‍ വണ്ടി നിര്‍ത്തി ഞാന്‍ പുറത്തിറങ്ങി. സ്‌കൂളിനു മുന്നിലെ പൂന്തോട്ടത്തില്‍ നിറയെ റോസാപ്പൂക്കളും വാടാമുല്ലയും ഇടവിട്ടിടവിട്ട് നില്ക്കുന്നു. വളരെ മനോഹരമായി ചെത്തിയൊരുക്കിയ മൈസൂര്‍ മൈലാഞ്ചിയുടെ പച്ചയും മഞ്ഞയും ഇലകള്‍ തീര്‍ത്ത മതില്‍ തോട്ടത്തിന്റെ ശോഭ വര്‍ധിപ്പിച്ചിട്ടുണ്ട്. ഞാന്‍ കെട്ടിടത്തിനടുത്തേക്കു നടന്നു. ടാറിട്ട റോഡ് അവസാനിക്കുന്നത് കാര്‍ പോര്‍ച്ചിലാണ്. നടന്ന് ഓഫീസിനു മുന്നിലെത്തി. ഭാഗ്യം, പ്രിന്‍സിപ്പാള്‍ മുറിയിലുണ്ട്.

'ഗുഡ് ഈവനിങ് സര്‍.'

വിഷ് ചെയ്തുകൊണ്ട് ഞാന്‍ ഓഫീസിലേക്കു കടന്നു.

'ഹായ്... ഗുഡ് ഈവനിങ് സാര്‍ എന്തൊക്കെയുണ്ട് വിശേഷങ്ങള്‍? ഇടയ്ക്കിടെ പത്രങ്ങളില്‍ കാണാറുണ്ട്. ഈയടുത്ത് ഒരു മര്‍ഡര്‍ കേസുണ്ടായിരുന്നുവല്ലേ? പത്രത്തില്‍ ഒരു ആര്‍ട്ടിക്കിള്‍ കണ്ടിരുന്നു.' 'അതെ സര്‍. അതിന്റെ ട്രയല്‍ കഴിഞ്ഞു. നാളെ വിധിയാണ്.'

'മോള്‍ സുഖമായി ഇരിക്കുന്നു. ഞാന്‍ വിളിപ്പിക്കാം.'

പ്രിന്‍സിപ്പാള്‍ മൊബൈലെടുത്ത് ഡോര്‍മെട്രിയിലേക്ക് വിളിച്ച് ഹൗസ് മിസ്സിനോട് എലീനയുടെ ഡാഡി വന്നിട്ടുണ്ടെന്നു പറഞ്ഞു. അഞ്ചു മിനിട്ടിനുള്ളില്‍ത്തന്നെ എലീന ഓഫീസിനു മുന്നിലെത്തി.
'ഡാഡീ... '
പറയാതെ വന്നതുകൊണ്ട് എന്നെ കണ്ടപ്പോള്‍ അവള്‍ സര്‍പ്രൈസ്ഡ് ആയി.

'മോള് മിടുക്കിയാണ് ട്ടോ. ഷി ഈസ് വെരി സ്മാര്‍ട്ട് ആന്‍ഡ് ബ്രില്യന്റ് ഓള്‍സോ..!' പ്രിന്‍സിപ്പാളിന്റെ സംസാരത്തില്‍ വാത്സല്യം നിറഞ്ഞു. അവള്‍ സാറിനെ നോക്കി 'ഗുഡ് ഈവനിങ്' പറഞ്ഞു. പ്രിന്‍സിപ്പാളിനു നന്ദി പറഞ്ഞ ശേഷം ഞാന്‍ പുറത്തേക്ക് ഇറങ്ങി ചെന്നു. മോള്‍ എന്നെ കെട്ടിപ്പിടിച്ചു. ഞാന്‍ അവളുടെ കവിളില്‍ ഉമ്മ കൊടുത്തു. കൈയിലുള്ള കവര്‍ അവള്‍ക്കു കൊടുത്ത ശേഷം അടുത്ത സെക്കന്‍ഡ് സാറ്റര്‍ഡേ യില്‍ അവളെ വീട്ടിലേക്കു കൂട്ടാന്‍ വരുന്നുണ്ടെന്നു പറഞ്ഞു. അവളുടെ വിശേഷങ്ങളില്‍ സ്‌കൂളിലെ എല്ലാ വിവരങ്ങളും ഉണ്ട്. 

'ഞങ്ങടെ സ്‌കൂളിലെ ഓള്‍ഡ് സ്റ്റുഡന്റ്‌സ് അഞ്ചാറു പേര്‍ രണ്ടു ദിവസം മുന്‍പ് വന്നിരുന്നു. അവര്‍ എല്ലാവരും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നായിരുന്നു.'
അവള്‍ തുടര്‍ന്നു,
'അവരുടെ എക്‌സ്പീരിയന്‍സ് ഷെയറിങ്ങില്‍ ത്രില്ലടിച്ച് ഗായത്രിയും ഷെഹനയും സംഗീതയുമൊക്കെ എന്‍.ഐ.ടിയില്‍ പഠിക്കുകയാണ് ഇനിയുള്ള ലക്ഷ്യം എന്നു പറഞ്ഞു.'
അവള്‍ എന്റെ മുഖത്തു നോക്കി പറഞ്ഞു,
'പ്ലസ്ടു കഴിഞ്ഞാല്‍ എനിക്കും അവിടെ പോണം ഡാഡീ...'
എന്തുകൊണ്ടാണ് അപ്പോള്‍ വീണ്ടും പാര്‍വതിയെ, ഗോപിയുടെ അമ്മയെ ഓര്‍ത്തത്?
ഞാനൊന്നു പതറി.
'ഹാ മോളെ... സമയമാകുമ്പോള്‍ നമുക്കു നോക്കാം,' ഞാന്‍ യാന്ത്രികമായി പറഞ്ഞു.
പിന്നെയും പല കാര്യങ്ങളെക്കുറിച്ചും സംസാരിച്ചശേഷം പരസ്പരം ആശ്ലേഷിച്ച് ഞങ്ങള്‍ പിരിഞ്ഞു. ഗേറ്റ് കടക്കുംവരെ അവള്‍ എന്നെ നോക്കി നിന്നു. 
പുറത്തിറങ്ങി വണ്ടിയില്‍ കയറി വീട്ടിലേക്കു മടങ്ങി. വീട്ടിലെത്തുമ്പോള്‍ രേഷ്മ കെവിന് അന്നത്തെ പാഠങ്ങള്‍ പറഞ്ഞുകൊടുക്കുകയാണ്. അനില്‍ തിരിച്ചു പോയി. യൂണിഫോം മാറിയ ശേഷം ഞാന്‍ രേഷ്മയുടെയും മോന്റെയും അടുത്തക്കു ചെന്നു.
'മോള്‍ടെ അടുത്തു പോയിരുന്നോ..?'
രേഷ്മ ആകാംക്ഷയോടെ ചോദിച്ചു.
'ഉം.'
ഞാന്‍ മോളുടെ വിശേഷങ്ങള്‍ ഓരോന്നായി പറയാന്‍ തുടങ്ങി. 
'ഡാഡി എന്നെ കൊണ്ടുപോയില്ലല്ലോ... എനിക്കും ചേച്ചിയെ കാണണം,' 
കെവിന്‍ ഇടയ്ക്കു കയറി പരാതി പറഞ്ഞു.
'അടുത്ത തവണ മോനെയും കൊണ്ടു പോകാം.'
അവന്റെ കണക്കുപുസ്തകം മറിച്ചുനോക്കിക്കൊണ്ട് ഞാന്‍ പറഞ്ഞു.
രേഷ്മ മോന്‍ വന്നപ്പോഴുണ്ടാക്കിയ ചായ ചൂടാക്കാന്‍ വെച്ചു. കെവിനെ കളിക്കാന്‍ വിട്ട ശേഷം ഞാന്‍ അടുക്കളയിലേക്കു ചെന്നു. രേഷ്മ ചായ ഒരു ഗ്ലാസിലേക്കു പകര്‍ന്ന് ഡൈനിങ് ടേബിളില്‍ വെച്ച ശേഷം ഒരു പ്ലേറ്റില്‍ പഴം പൊരിച്ചതും വിളമ്പി.

'നാളെ ഗോപിയേട്ടന്റെ കേസില്‍ വിധിയാണ്,' ചായ കുടിക്കവേ ഞാന്‍ പറഞ്ഞു. 
'മാതാവേ...നാളെയാ?'രേഷ്മ വിശ്വാസം വരാത്തപോലെ എന്നെ നോക്കി.
'എന്റെ മാതാവേ, കാത്തോളണേ.'

അവള്‍ ഒരു നിമിഷം കണ്ണടച്ച് പ്രാര്‍ഥിച്ചു. ചായ കുടിച്ച ശേഷം ഞാന്‍ വിസിറ്റിങ് ഹാളിലെത്തി കുറച്ചു നേരം ടിവിയില്‍ ന്യൂസ് കണ്ടിരുന്നു. കെവിന്‍ കളി നിര്‍ത്തി എന്റെ ദേഹത്ത് ചേര്‍ന്നു നിന്നു. അവനെ പിടിച്ച് മടിയിലിരുത്തി. അല്പനേരം ന്യൂസ് കണ്ട ശേഷം കെവിന് കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക് ചാനല്‍ വെച്ചുകൊടുത്തിട്ട് ഞാന്‍ കുളിമുറിയിലേക്കു പോയി. കുളിച്ചു വൃത്തിയായി ഏഴു മണിയോടെ തന്നെ സന്ധ്യാ പ്രാര്‍ഥനയ്ക്കിരുന്നു. പതിവിനു വിപരീതമായി രേഷ്മ തിരുസ്വരൂപത്തിനു മുന്നില്‍ മുട്ടുകുത്തിയാണ് നില്ക്കുന്നത്. ഒന്നാലോചിച്ചിട്ട് ഞാനും മുട്ടുകുത്തി നിന്ന് നെറ്റിയില്‍ കുരിശു വരച്ചു. ഡാഡി മുട്ടു കുത്തിനില്ക്കുന്നതു കണ്ടതുകൊണ്ടാവണം കെവിനും മുട്ടിന്മേല്‍ നിന്ന് കൈകള്‍ കൂപ്പി. മനസ്സില്‍ ഗോപി മാത്രമായിരുന്നു. രേഷ്മയും നാളത്തെ വിധിയോര്‍ത്ത് ഉള്ളുരുകി പ്രാര്‍ഥിച്ചു. ഒടുവില്‍ ബൈബിള്‍ പേജുകള്‍ ഉറക്കെ പകുത്തു വായിച്ചു.

'...കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്നും നീ അകറ്റേണമേ, എങ്കിലും എന്റെ ഇഷ്ടമല്ല, അങ്ങയുടെ ഇഷ്ടം നിറവേറട്ടെ.' പകച്ചുപോയ ഞാന്‍ അവളെ നോക്കി.
'അതെ, അതാണ് ശരി. അവിടുത്തെ തിരുവുള്ളം നിറവേറട്ടെ..!'

അവള്‍ പറഞ്ഞു. നെറ്റിയില്‍ കുരിശടയാളം വരച്ച് പരസ്പരം സ്തുതി ചൊല്ലിയ ശേഷം ഞങ്ങള്‍ ഭക്ഷണത്തിനായി ഇരുന്നു. ഇപ്പോള്‍ മനസ്സിന് അല്പം ആശ്വാസം തോന്നുന്നുണ്ട്. രേഷ്മ കെവിന് ഭക്ഷണം വാരിക്കൊടുത്ത ശേഷം കഴിക്കാനിരുന്നു. ഞാനവള്‍ക്കു കൂട്ടിനിരുന്നു. ഭക്ഷണം കഴിച്ച് പാത്രങ്ങള്‍ കഴുകുന്നതില്‍ അവളെ സഹായിച്ചു. കുറച്ചു നേരം ചാനല്‍ പ്രോഗ്രാമുകള്‍ നോക്കിയ ശേഷം കിടന്നു. ഉറക്കം വരാത്തതുകൊണ്ട് കുറേ നേരം അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കിടന്നു. പിന്നീടെപ്പോഴോ ഉറങ്ങിപ്പോയി. 

കൈകള്‍ പിന്നിലേക്ക് കൂട്ടിക്കെട്ടിയ ഒരു പെണ്‍കുട്ടി ഒരു ആല്‍മരച്ചുവട്ടില്‍ മുട്ടിന്‍മേല്‍ ഇരിക്കുന്നു. കുനിഞ്ഞിരിക്കുന്ന അവരുടെ ശിരസ്സ് ഉയര്‍ത്തിയപ്പോള്‍ അവളുടെ ഒരു കണ്ണ് ചൂഴ്‌ന്നെടുത്തിരിക്കുന്നു. അവിടെനിന്നും രക്തം വാര്‍ന്നൊഴുകി നെഞ്ചിലൂടെ മടിയിലേക്ക് വീഴുന്നുണ്ട്.  പെണ്‍കുട്ടിയുടെ പിന്നില്‍ ഇടത് തോല്‍പ്പലകയ്ക്ക് തൊട്ട് താഴെയായി, 303 റൈഫിള്‍ ആണെന്നു തോന്നുന്നു, ഒരു തോക്കിന്‍ കുഴല്‍ ചേര്‍ത്തുവെച്ചിട്ടുണ്ട്.

പെണ്‍കുട്ടി ഉച്ചത്തില്‍ എന്തോ വിളിച്ചു പറയുന്നതും തോല്‍പ്പലകയ്ക്ക് ചുറ്റും തീ പറക്കുന്നതും പൊട്ടുന്ന ശബ്ദവും ഒരുമിച്ച് മുഴങ്ങി. അവള്‍ മുന്നോട്ട് കമഴ്ന്നു വീണു. മരത്തില്‍നിന്നും കടവാവലുകള്‍ ഉണര്‍ന്ന് പറന്നകന്നു. മനസ്സിനെ തണുപ്പിക്കാന്‍ കിണഞ്ഞു ശ്രമിച്ചു. പക്ഷേ മനസ്സില്‍നിന്നും ആ പെണ്‍കുട്ടിയുടെ മുഖം മായുന്നില്ല. ആ കുട്ടിക്ക് എലീനയുടെ മുഖ സാദൃശ്യമുണ്ടായിരുന്നോ? ഇല്ലെന്ന് സമര്‍ഥിക്കാന്‍ ഞാന്‍ ആവത് ശ്രമിച്ചുനോക്കി.

(തുടരും)

മുൻ ഭാഗങ്ങൾ വായിക്കാം