ഫീസില്‍ നല്ല തിരക്കുള്ള ദിവസമാണ്. വിവിധ കേസുകളില്‍ കോടതി മുന്‍പാകെ ഹാജരാക്കേണ്ട റിപ്പോര്‍ട്ടുകളും ചീഫ്മിനിസ്റ്റര്‍ ഓഫീസില്‍ നിന്നുള്ള പെറ്റിഷനുകളുടെ മറുപടിയും സുപ്പീരിയര്‍ ഓഫീസര്‍മാര്‍ ആവശ്യപ്പെട്ടിട്ടുളള റിപ്പോര്‍ട്ടുകളും മറ്റും നിശ്ചിത കാലാവധിക്കുള്ളില്‍ത്തന്നെ സമര്‍പ്പിക്കേണ്ടതായുണ്ട്. കോടതി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിനിടയിലാണ് ഞാനോര്‍ത്തത്. ഇന്നോ ഇന്നലെയോ മറ്റോ ആയിരുന്നല്ലോ, 313 ഹിയറിങ്. ഗോപി കോടതിയില്‍ എന്തു പറഞ്ഞിട്ടുണ്ടാവും? ഞാന്‍ എഴുത്തു നിര്‍ത്തി മൊബൈലില്‍ കോടതിഡ്യൂട്ടി പോലീസുകാരന്റെ നമ്പര്‍ പരതി. നമ്പര്‍ സേവ് ചെയ്തിട്ടില്ലെന്നു തോന്നുന്നു. ഞാന്‍ റൈറ്ററെ വിളിച്ചു. റൈറ്റര്‍ മുറിയിലേക്കു വന്നു. 
'സര്‍.'
'വേലേശ്വരത്തെ കോടതിഡ്യൂട്ടിക്കാരനെ വിളിച്ച് എന്നെ ഒന്ന് വിളിക്കാന്‍ പറയാമോ?'
'ഇപ്പോള്‍ പറയാം സര്‍.'

റൈറ്റര്‍ പോക്കറ്റില്‍നിന്നും കണ്ണടയെടുത്ത് മുഖത്തു വെച്ച ശേഷം മൊബൈലില്‍ പരതാന്‍ തുടങ്ങി. പത്തു മിനിട്ടിനുള്ളില്‍ത്തന്നെ എനിക്ക് ഫോണ്‍ വന്നു. കോടതിക്കാരനാണ്.

'ഹലോ... പറയൂ ശ്രീജേഷ്.'

'സാര്‍. ഞാന്‍ വിളിക്കാനിരിക്കുകയായിരുന്നു.'

'ഇന്നായിരുന്നില്ലേ ബാബു വധക്കേസില്‍ 313 ഹിയറിങ്?' 

'അല്ല സാര്‍. ആ കേസിലെ നടപടികളെല്ലാം ഇന്നുകൊണ്ട് പൂര്‍ത്തിയായി. വിധി പറയുന്നത് മറ്റന്നാളാണ്. വെള്ളിയാഴ്ച.'
'ഓഹോ, ഇത്ര പെട്ടെന്നാ?'

എനിക്ക് അദ്ഭുതം തോന്നി. 

'കസ്റ്റഡിമാറ്ററല്ലേ സാര്‍, കൂടാതെ ഹൈക്കോടതിയിലെ സീനിയര്‍ വക്കീലല്ലേ പ്രതിക്കുവേണ്ടി അപ്പിയര്‍ ചെയ്യുന്നത്.'
'ഉം. 313 ഹിയറിങ് സമയത്ത് നിങ്ങള്‍ കോടതിയില്‍ ഉണ്ടായിരുന്നോ?'

'ഉണ്ടായിരുന്നു സാര്‍. 313 ശനിയാഴ്ച കഴിഞ്ഞിരുന്നു. വല്ലാത്ത രംഗങ്ങളായിരുന്നു കോടതിയില്‍. പ്രതി 'ഞാന്‍ മനപ്പൂര്‍വം ഒരു തെറ്റും ചെയ്തിട്ടില്ല' എന്നു മാത്രം പറഞ്ഞുകൊണ്ടിരുന്നു. അയാള്‍ വല്ലാതെ വിങ്ങിപ്പൊട്ടി ഒടുവില്‍ 313 പൂര്‍ത്തിയായപ്പോഴേക്കും അയാള്‍ പ്രതിക്കൂട്ടില്‍ കുഴഞ്ഞുവീണു. പിന്നെ പോലീസുകാരും അയാളുടെ ബന്ധുക്കളാരൊക്കെയോ ചേര്‍ന്ന് അയാളെ താങ്ങിയെടുത്ത് പുറത്തേക്ക് കൊണ്ടുപോയി.'

അയാള്‍ കാര്യങ്ങള്‍ വിവരിച്ചു.

'അയ്യോ...എന്നിട്ടയാള്‍ക്ക് എങ്ങിനെയുണ്ടെന്ന് അറിയാമോ?' 

എന്റെ ഉള്ളൊന്നു പിടഞ്ഞു.

'ഓ... കുഴപ്പമില്ലെന്നു തോന്നുന്നു സാര്‍. ഇന്നലെയും ഇന്നുമൊക്കെ കോടതിയിലുണ്ടായിരുന്നു. വേണമെങ്കില്‍ ഞാന്‍ അന്വേഷിച്ചിട്ട് അറിയിക്കാം സാര്‍.'
'ഓക്കെ.'

ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. അയാള്‍ക്ക് ഇപ്പോള്‍ എങ്ങിനെയുണ്ടാകും? മനസ്സ് വല്ലാതെ അസ്വസ്ഥമായി. ഞാന്‍ പോലീസ് ഡയറക്ടറിയില്‍ നിന്ന് കണിയൂര്‍ സബ്ജയിലിന്റെ നമ്പറെടുത്ത് ഡയല്‍ ചെയ്തു. അപ്പുറത്ത് ആരോ ഫോണെടുത്തു.

'ഹലോ ഞാന്‍ വേലേശ്വരം സി.ഐ. ആണ്.'

'നമസ്‌കാരം സാര്‍, ജയിലറാണ്. എന്താ സാര്‍ വിളിച്ചത്?' 

'ഒരു റിമാന്റ ്പ്രിസണറുണ്ട്. ഒരു ഗോപിനാഥ് പ്രധാന്‍. ഞങ്ങളുടെ കേസിലെ പ്രതിയാണ്. അയാള്‍ക്ക് എങ്ങനെയുണ്ട്.'

'അറിയാം സാര്‍. വളരെ നല്ല ആളാണ് സാര്‍. അയാള്‍ക്കെങ്ങനെ ഒരാളെ കൊല്ലാനാകുമെന്ന് എത്ര ആലോചിച്ചിട്ടും എനിക്കങ്ങോട്ട് മനസ്സിലാകുന്നില്ല. അത്രയ്ക്ക് ശുദ്ധനാണ്.' ജയിലറുടെ വാക്കുകളില്‍ ഗോപിയോടുള്ള സ്‌നേഹവും ബഹുമാനവും വ്യക്തമാണ്. 

'അയാളുടെ ആരോഗ്യമൊക്കെ?' ശബ്ദത്തിലെ ഇടര്‍ച്ചമറച്ചുകൊണ്ട് ഞാന്‍ ചോദിച്ചു.

'ഒരാഴ്ച മുന്‍പ് കുറച്ച് ക്ഷീണമുണ്ടായിരുന്നു. ഇപ്പോള്‍ കുഴപ്പമില്ല.'
'ഓക്കെ, താങ്ക്യൂ.'

313 ഹിയറിങ്ങില്‍ ഗോപിയേട്ടന്‍ എന്തിനാണ് അങ്ങിനെ പറഞ്ഞത്? മനപ്പൂര്‍വം ഒരു തെറ്റും ചെയ്തിട്ടില്ലായെന്നു പറയുമ്പോള്‍ മനപ്പൂര്‍വമല്ലാതെ തെറ്റു പറ്റിയിട്ടുണ്ടാവാമെന്ന് കോടതി സംശയിച്ചാലോ? ഹോ... ഇത് വല്ലാത്തൊരു വിഷമാവസ്ഥയാണല്ലോ മനസ്സിന്റെ ഭാരം ഒന്ന് ഇറക്കിവെക്കാനാവുന്നില്ലല്ലോ. സത്യത്തില്‍ ഞാനെന്തിനാണ് ഇത്രയും സെന്‍സിറ്റീവാകുന്നത്. എത്രയോ കേസുകളും പ്രതികളും  ജീവിതത്തിലൂടെ കടന്നുപോയിരിക്കുന്നു. അതുപോലെ ഒരാള്‍, അത്ര മാത്രം കരുതിയാല്‍ മതി. പക്ഷേ, ഗോപിയേട്ടന്‍, ശ്യാമള അതിലേറെ ഒരു നാടിന്റെ മൊത്തം അഭിമാനമായിരുന്ന പാര്‍വതി, അടിച്ചമര്‍ത്തപ്പെട്ട ഒരു തലമുറയുടെ മുഴുവന്‍ പ്രതീക്ഷയുമായിരുന്ന, ഇതുവരെ തെളിയാത്ത ചിത്രമായി മഹേഷ് പ്രധാനും.

അതെ, ഇതൊരു സ്‌പെഷല്‍ കേസു തന്നെയാണ്. ഗോപി ഒരു സ്‌പെഷല്‍ വ്യക്തിത്വവും. പക്ഷേ ഇനി ഒന്നും ചെയ്യാനാവില്ല. എല്ലാം ദൈവത്തിനു വിടാം. ഞാന്‍ ആശ്വസിക്കാന്‍ ശ്രമിച്ചു.
'സാര്‍, ഗോപിയുടെ കേസിന്റെ ആര്‍ഗ്യുമെന്റടക്കം എല്ലാ നടപടികളും പൂര്‍ത്തിയായി എന്നാണ് അറിഞ്ഞത്. ഇനി വിധി പറയാന്‍ മാറ്റിവെച്ചിരിക്കുകയാണ്,' ബാലകൃഷ്ണന്‍ മുറിയിലേക്കു വന്നുകൊണ്ട് പറഞ്ഞു.

'ഉം. ഞാനറിഞ്ഞു. വിധി കേള്‍ക്കാന്‍ ഞാന്‍ വരുന്നില്ല. നിങ്ങള്‍ പോയാല്‍ മതി.'
'ഞാന്‍ പോകാം സാര്‍,' അയാള്‍ പറഞ്ഞു.
'ഓക്കേ. ആറു മണിയായില്ലേ. എങ്കില്‍ നമുക്ക് ഇറങ്ങിയാലോ?'
'ഇറങ്ങാം സാര്‍. ഞാനാ ഫയലുകളൊക്കെ എടുത്തുവെച്ചിട്ട് വരാം.'
ബാലകൃഷ്ണന്‍ മുറിയിലേക്കു നടന്നു.
ഫയലുകളൊക്കെ റൈറ്ററെ മടക്കി ഏല്പിച്ച ശേഷം ഞാന്‍ താഴേക്കിറങ്ങി. പുറത്ത് സന്ധ്യയുടെ ഇരുട്ട് വന്നു തുടങ്ങിയിരിക്കുന്നു. ജീപ്പിലിരിക്കുമ്പോള്‍ അകാരണമായ ഒരു വിഷാദം വന്നുനിറഞ്ഞു.

(തുടരും)

മുൻഭാഗങ്ങൾ വായിക്കാം