വിചാരണ നടക്കുന്നതുകൊണ്ടാവാം ദിവസങ്ങള്‍ നീങ്ങുന്നത് അറിയുന്നേയില്ല. നാളെ കേസിന്റെ വിചാരണയ്ക്കിടയില്‍ കോടതിയില്‍ പറയേണ്ട കാര്യങ്ങള്‍ ഞാന്‍ ഓരോന്നായി ഡയറിയില്‍ കുറിച്ചുവെച്ചു.
ടിവി ഓണാക്കിവെച്ച ശേഷം എന്തൊക്കെയോ കളികളില്‍ ഏര്‍പ്പെട്ടിരിക്കുന്നതിന്റെ തിരക്കിലാണ് കെവിന്‍. 
ടിവിയുടെ വോളിയം ഒന്ന് കുറച്ചു വെക്കാന്‍ ഞാന്‍ ഉറക്കെ വിളിച്ചു പറഞ്ഞെങ്കിലും അവന്‍ കേട്ടില്ലെന്നു തോന്നുന്നു. ഞാന്‍ രണ്ടാമതും ആവര്‍ത്തിച്ചപ്പോള്‍ രേഷ്മ ഹാളിലെത്തി കെവിനോട് ദേഷ്യപ്പെട്ട ശേഷം ടിവിയുടെ ശബ്ദം കുറച്ചു.
'ഡാഡി പഠിക്കുകയാണെന്നറിഞ്ഞൂടെ നിനക്ക്?'
അവള്‍ അവനെ താക്കീതു ചെയ്തു.
'അതിന് ഡാഡിക്ക് നാളെ പരീക്ഷയാണോ മമ്മീ?'
കെവിന്‍ ആത്മാര്‍ഥമായാണ് ചോദിച്ചത്. ശരിയാണ്. നാളെ എനിക്ക് പരീക്ഷ തന്നെയാണ്. അഗ്നിപരീക്ഷ. ഒരു വശത്ത് പ്രൊഫഷണല്‍ എത്തിക്‌സ് പരാജയപ്പെടുന്നതിനെതിരെയുള്ള ഈഗോയും മറുവശത്ത് മനസ്സാക്ഷിയും ഗോപിയും ശ്യാമളയും ദാക്ഷായണിയമ്മയും മറ്റും. ഇങ്ങനെയൊരു പരീക്ഷണം ജീവിതത്തില്‍ തന്നെ ആദ്യമായാണ്.
'സാബുച്ചായാ... ഭക്ഷണം എടുക്കട്ടെ.'
രേഷ്മ മുറിയിലേക്കു വന്നു. ഞാന്‍ എഴുന്നേറ്റ് അവളോടൊപ്പം ഊണു മുറിയിലേക്കു നടന്നു.
'മോന്‍ കഴിച്ചോ?'
'അവന് ഞാന്‍ വാരിക്കൊടുത്തു. അവന്‍ ഇപ്പൊ കിടന്നതേയുള്ളൂ.' അവള്‍ പറഞ്ഞപ്പോഴാണ് ഞാന്‍ സമയത്തെക്കുറിച്ച് ബോധവാനാകുന്നത്. അടുക്കളയിലിരുന്ന് ഞങ്ങള്‍ ഒരുമിച്ച് ഭക്ഷണം കഴിച്ച ശേഷം പ്രാര്‍ഥിച്ച് കിടന്നു. 
'നല്ല ടെന്‍ഷനുണ്ടല്ലേ..?' 
എന്റെ മുടിയിഴകളിലൂടെ വിരലോടിച്ചുകൊണ്ട് രേഷ്മ ചോദിച്ചു.
'ഉം. മുന്‍പൊരിക്കലും ഇല്ലാത്ത രീതിയിലൊരു ടെന്‍ഷന്‍.'
'സാരമില്ല. ഞാന്‍ നല്ലോണം പ്രാര്‍ഥിക്കുന്നുണ്ട്. എല്ലാം നല്ലതേ വരൂ.' അവള്‍ ചേര്‍ന്നുകിടന്നുകൊണ്ട് പറഞ്ഞു. മറുവശത്ത് ഇടതുകൈകൊണ്ട് കെവിനെ ചേര്‍ത്തുപിടിച്ച് ഞാന്‍ ഉറങ്ങി.
കാലത്ത് നേരത്തെ തന്നെ എഴുന്നേറ്റ് കുളിച്ചു വൃത്തിയായ ശേഷം ബ്രേക്ക്ഫാസ്റ്റ് കഴിച്ചെന്നു വരുത്തി കോടതിയിലേക്കു തിരിച്ചു. ഒന്‍പതു മണിക്കുതന്നെ ഗവണ്‍മെന്റ് പ്ലീഡറുടെ ഓഫീസിലെത്തി തലേദിവസം തയ്യാറാക്കിയ നോട്ടുകള്‍ ചര്‍ച്ച ചെയ്തു. 
'കാര്യമൊക്കെ ശരിയാ. പക്ഷേ ശങ്കരന്‍ സാര്‍ എന്താ ചോദിക്കുകയെന്ന് ആര്‍ക്കും പ്രെഡിക്റ്റ് ചെയ്യാനാവില്ല.'
പ്ലീഡര്‍ കൈവിട്ട ലക്ഷണമാണ്. അദ്ദേഹത്തിന് ഇപ്പോള്‍ ഇതൊരു തമാശപോലെയായി എന്നു തോന്നുന്നു. 
'പക്ഷേ, ഒഫീഷ്യല്‍ വിറ്റ്‌നസസ് എല്ലാവരും നന്നായി പറഞ്ഞിരുന്നല്ലോ. 27 റിക്കവറി സാക്ഷികളും പ്രോസിക്യൂഷനെ നന്നായി ഹെല്‍പ്പ് ചെയ്തിട്ടുണ്ട്. അന്നത്തെ ദിവസം ശങ്കരന്‍ സാര്‍ അല്പം ടെന്‍ഷനിലുമായിരുന്നു,' ഞാന്‍ വാദിച്ചു നോക്കി.
'അതൊക്കെ അദ്ദേഹം ആര്‍ഗ്യുമെന്റിന്റെ ടൈമില്‍ മറികടക്കും. അത്രയ്ക്ക് തന്ത്രശാലിയാ.'
പ്ലീഡര്‍ അദ്ദേഹത്തിന്റെ ഒരു ആരാധകനായി മാറിയെന്നു തോന്നുന്നു. ഞങ്ങള്‍ ഒരുമിച്ച് ഓഫീസില്‍ നിന്നിറങ്ങി. കോടതിക്കു മുന്നില്‍ പതിവ് ആള്‍ക്കൂട്ടത്തിനു പുറമേ മധുവും മറ്റു രണ്ടുമൂന്നു ചാനല്‍ റിപ്പോര്‍ട്ടര്‍മാരുമുണ്ട്. മധു എന്നെക്കണ്ട് കൈ ഉയര്‍ത്തിക്കാണിച്ചു. ഞാന്‍ തിരിച്ച് വിഷ് ചെയ്തശേഷം കോടതിയിലേക്കു കയറി. ഗോപി പോലീസുകാരോടൊപ്പം ബെഞ്ചിലിരിപ്പുണ്ട്. ശങ്കുണ്ണി നമ്പ്യാര്‍ കാറില്‍ത്തന്നെ ഇരിക്കുകയാണെന്നു തോന്നുന്നു. കോടതിമുറിക്കുള്ളില്‍ പതിവില്‍ക്കൂടുതല്‍ വക്കീലന്മാരുണ്ട്. ഏറ്റവും മുന്‍വശത്തെ കസേരയില്‍നിന്നും ശങ്കരന്‍ വക്കീല്‍ തിരിഞ്ഞ് പുറകിലേക്കു നോക്കി ഞാന്‍ ഉണ്ടെന്ന് ഉറപ്പുവരുത്തി. എനിക്ക് ഉത്കണ്ഠ കൂടിക്കൂടി വന്നു.  ദീര്‍ഘശ്വാസമെടുത്ത് റിലാക്‌സ് ചെയ്യാന്‍ ശ്രമിച്ചു. എല്ലാവരും നോക്കിനില്ക്കുമ്പോള്‍ മൊഴിയില്‍ എന്തെങ്കിലും പിഴവ് സംഭവിച്ചാല്‍ അത് വല്ലാത്ത നാണക്കേടാവും. കോളിങ് വര്‍ക്കിനു ശേഷം ആദ്യകേസായി ഗോപിയുടെ കേസ് പരിഗണിച്ചു.
'എസ്.സി. നം.202/2010 സി.ഡബ്ല്യു - 32 ,സാബു തോമസ്, സി.ഐ. ഓഫ് പോലീസ്'
ബഞ്ച് ക്ലര്‍ക്കിന്റെ ശബ്ദം കേട്ടതും എഴുന്നേറ്റ് ജഡ്ജിയെ സല്യൂട്ട് ചെയ്ത് സാക്ഷിക്കൂട്ടില്‍ കയറി. സത്യവാചകം ചൊല്ലി.
'കോടതി മുന്‍പാകെ സത്യം മാത്രം ബോധിപ്പിക്കുമെന്നും സത്യമല്ലാത്തതൊന്നും ബോധിപ്പിക്കുകയില്ലയെന്നും...'
'ഉം പറയൂ,'
ജഡ്ജി വെള്ളപേപ്പറില്‍ മൊഴി രേഖപ്പെടുത്താന്‍ തയ്യാറായിക്കഴിഞ്ഞു.
'2010 ഏപ്രില്‍ മാസം 11ന് ഞാന്‍ വേലേശ്വരം സി.ഐ. ആയി ജോലിചെയ്ത് വരവെ ...' കേസിന്റെ പ്രസക്തമായ ഭാഗങ്ങള്‍ ഞാന്‍ കഴിവതും വേഗത്തില്‍ ചുരുക്കിപ്പറഞ്ഞു. കേസിന്റെ ആദ്യഘട്ടത്തില്‍ പ്രഥമവിവരം തന്നയാള്‍ പിന്നീട് പ്രതിസ്ഥാനത്ത് വന്നതും 27 റിക്കവറിയടക്കമുള്ള വിവരങ്ങള്‍ കോടതി മുന്‍പാകെ വിവരിച്ചു. പതിവില്‍ കൂടുതല്‍ സമയമെടുത്തെങ്കിലും ചീഫ്. എക്‌സാമിനേഷന്റെ ഭാഗമായി കേസിനോടനുബന്ധിച്ചുള്ള എല്ലാ വസ്തുതകളും പറഞ്ഞു. ജഡ്ജി പേന താഴെ വെച്ച് കൈ കുടഞ്ഞ ശേഷം ഭിത്തിയിലെ ക്ലോക്കില്‍ നോക്കിക്കൊണ്ട് പറഞ്ഞു,
'ദ കോര്‍ട്ട് ഈസ് അഡ്‌ജെണ്‍ഡ്. റെസ്റ്റ് ഓഫ് ദ പ്രൊസീഡിങ്‌സ് മെ ബി ആഫ്റ്റര്‍ ലഞ്ച്.'
ജഡ്ജി എഴുന്നേറ്റ് കൈ കൂപ്പിയ ശേഷം കോടതി ഉച്ചഭക്ഷണത്തിനു പിരിഞ്ഞു. ഗവണ്‍മെന്റ് പ്ലീഡര്‍ സംതൃപ്തനാണ്. കോടതിക്കു പുറത്ത് മധുവും മറ്റും കാത്തുനില്പുണ്ട്. അവര്‍ ക്യാമറയും മൈക്കുമായി ഓടി വന്നു.
'ഈ കേസിന്റെ ഒരു ഹ്രസ്വചരിത്രം ഒന്ന് വിവരിക്കാമോ?'
മധുവിന്റെ ചോദ്യം എന്നോടായിരുന്നെങ്കിലും ഞാനത് പ്ലീഡറിലേക്ക് തിരിച്ചുവിട്ടു. അയാള്‍ ഉത്സാഹത്തോടെ കേസിനെപ്പറ്റി വിവരിച്ചു.
'ഈ കേസിന്റെ ഇതുവരെയുള്ള രീതി വെച്ച് ശിക്ഷിക്കാന്‍ പര്യാപ്തമാണെന്ന് തോന്നുന്നണ്ടോ?'
ഒടുവില്‍ മധു സംസാരിക്കുന്നയാളെ വെട്ടിലാക്കുന്ന തന്റെ പതിവു ചോദ്യത്തിലേക്കു കടന്നു. 
'കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതുകൊണ്ട് അക്കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനാവില്ല.'
ഗവണ്‍മെന്റ് പ്ലീഡര്‍ പറഞ്ഞു തീരുന്നതിനു മുന്‍പ് അഡ്വക്കേറ്റ്, ശങ്കരന്‍ നമ്പ്യാര്‍ പുറത്തേക്കിറങ്ങി വരുന്നതുകൊണ്ട് ചാനലുകാര്‍ അദ്ദേഹത്തിന്റെ പിന്നാലെ നീങ്ങി. അതുകൊണ്ട് തന്നെ പ്ലീഡര്‍ വലിയ തട്ടുകൂടാതെ രക്ഷപ്പെട്ടു. ഞാന്‍ ഫോണെടുത്ത് അനിലിനെ വിളിച്ച് ഭക്ഷണത്തിനായി പുറത്തേക്കു പോയി.
ഉച്ചകഴിഞ്ഞ് രണ്ടര മണിക്കു തന്നെ കോടതി സിറ്റിങ് ആരംഭിച്ചു. അഡ്വക്കേറ്റ് ശങ്കരന്‍ നമ്പ്യാര്‍ അറ്റന്‍ഡ ്‌ചെയ്യുന്ന കേസായതുകൊണ്ടാവാം മറ്റു കേസുകളെല്ലാം വേറെ ദിവസങ്ങളിലേക്കു മാറ്റിവെച്ച ശേഷം ഈ കേസിന്റെ സാക്ഷിവിസ്താരം തുടര്‍ന്നു. ഞാന്‍ നല്കിയ മൊഴി തലനാരിഴ കീറിമുറിച്ച് പരിശോധിച്ച് ശങ്കരന്‍ വക്കീല്‍ ക്രോസ് വിസ്താരം നടത്തുകയാണ്. കേസിന്റെ കാണാപ്പുറങ്ങളിലേക്ക് എത്ര വിദഗ്ധമായാണ് അദ്ദേഹം ഇറങ്ങിച്ചെല്ലുന്നത്. 'സംഭവദിവസം രാവിലെ കസ്റ്റഡിയിലെടുത്ത് എന്റെ കക്ഷിയെ സംഭവസ്ഥലത്തുനിന്നും ബന്തവസ്സിലെടുത്തുവെന്ന് പറയുന്ന മദ്യക്കുപ്പിയില്‍ പോലീസ് സ്‌റ്റേഷനില്‍ വെച്ച് പിടിപ്പിച്ച വ്യാജമായി ഉണ്ടാക്കിയതാണ് എം.ഓ - 3 കുപ്പിയിലെ ഫിംഗര്‍ പ്രിന്റ് എന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ക്ക് നിഷേധിക്കാനാവുമോ?'
'നിഷേധിക്കുന്നു.'
ഉള്ളിലെ ടെന്‍ഷന്‍ മറച്ചുവെച്ചുകൊണ്ട് ഞാന്‍ അദ്ദേഹത്തിന്റെ വാദമുഖത്തെ ഖണ്ഡിച്ചു. 'ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ് സെക്ഷന്‍ 27 അനുസരിച്ച് നിങ്ങള്‍ക്ക് എന്റെ കക്ഷി യാതൊന്നും എടുത്ത് ഹാജരാക്കിത്തന്നിട്ടില്ലായെന്നും നിങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കി നിര്‍ത്തിയ സാക്ഷികളെ ഉപയോഗിച്ച് കളവായി ചമച്ചതാണ് 27 റിക്കവറി മഹസ്സറെന്നും ഞാന്‍ പറയുന്നു.'
'ശരിയല്ല.' 
'അവസാനമായി എന്റെ കക്ഷി കുറ്റപത്രത്തില്‍ പറഞ്ഞപ്രകാരമുള്ള യാതൊരു കുറ്റവും ചെയ്തിട്ടില്ലയെന്നും മറ്റാരേയോ രക്ഷിക്കാന്‍ വേണ്ടി അന്വേഷണ ഉദ്യോഗസ്ഥനായ താങ്കള്‍ എന്റെ കക്ഷിയെ മനപ്പൂര്‍വം പ്രതിയാക്കിയതാണെന്നും ഞാന്‍ പറയുന്നു.'
'ശരിയല്ല.'
'കഴിഞ്ഞോ?'
ജഡ്ജി ശങ്കരന്‍ വക്കീലിനാടു ചോദിച്ചു.
അയാള്‍ കൈ കൂപ്പിയ ശേഷം കസേരയില്‍ ഇരുന്നു.
'എനി റി എക്‌സാമിനേഷന്‍?'
ജഡ്ജി ഗവണ്‍മെന്റ് പ്ലീഡറെ നോക്കി.
'നോ റീ. '
ഗവണ്‍മെന്റ്  പ്ലീഡര്‍ ദീര്‍ഘനിശ്വാസമുതിര്‍ത്തു. സല്യൂട്ട് ചെയ്ത ശേഷം ഞാന്‍ സാക്ഷിക്കൂട്ടില്‍നിന്നും പുറത്തിറങ്ങി. ഒരു വലിയ കൊടുങ്കാറ്റിലും പേമാരിയിലും പെട്ട കൊച്ചുകുട്ടി അപകടമൊന്നും ഏല്ക്കാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസമായിരുന്നു എന്റെയുളളില്‍. 
ജഡ്ജി രേഖപ്പെടുത്തിയ മൊഴി വായിച്ചു നോക്കി പേപ്പറുകളില്‍ ഒപ്പിട്ട ശേഷം ഞാന്‍ പുറത്തേക്കിറങ്ങി. അന്നത്തെ നടപടികള്‍ അവസാനിപ്പിച്ച് കോടതി പിരിഞ്ഞു. പുറത്ത് അഡ്വക്കേറ്റ് ശങ്കരന്‍ നമ്പ്യാരും ശങ്കുണ്ണി നമ്പ്യാരും എന്നെ കാത്തുനില്പുണ്ടായിരുന്നു.
'താങ്കള്‍ വളരെ നന്നായി പെര്‍ഫോം ചെയ്തു. കണ്‍ഗ്രാറ്റ്‌സ്. പക്ഷേ ഇത് ...' 
ശങ്കരന്‍ നമ്പ്യാര്‍ ശങ്കുണ്ണിയെ ഒന്നു നോക്കിയ ശേഷം പറഞ്ഞു,
'പക്ഷേ ഇത് കേസിനെ എങ്ങനെ ബാധിക്കുമെന്ന് എനിക്ക് പറയാനാവില്ല.' നമ്പ്യാര്‍ ഒരു നിമിഷം നിര്‍ത്തി.
'എന്നാലും ഒന്ന് ഞാന്‍ ഉറപ്പിച്ചു പറയാം. സ്വന്തം പ്രൊഫഷനെ ഒരിക്കലും പണയപ്പെടുത്താത്ത നിങ്ങളെപ്പോലുള്ള ഓഫീസര്‍മാരെയാണ് ഇന്നിന്റെ ആവശ്യം. കീപ്പ് ഇറ്റ് അപ്പ്.' 
'താങ്ക്യൂ സാര്‍.'
ശങ്കുണ്ണി നായരുടെ മുഖത്തെ മ്ലാനത കാരണം എനിക്ക് കൂടുതല്‍ ഒന്നും പറയാന്‍ തോന്നിയില്ല.
അവര്‍ സ്‌കോര്‍പിയോയില്‍ കയറി ഹോട്ടലിലേക്കു പോയി. ഞാന്‍ അനിലിനെ വിളിച്ച് പോലീസ്‌വണ്ടിയില്‍ വീട്ടിലേക്കു തിരിച്ചു. ഒരുവശത്ത് അഭിമാനവും മറുവശത്ത് താങ്ങാനാവാത്ത കുറ്റബോധവുമായാണ് ഞാന്‍ വണ്ടിയില്‍ ഇരുന്നത്. എങ്ങിനെയെങ്കിലും വീട്ടിലെത്തണം. തല തണുക്കെയൊന്നു കുളിക്കണം. ജീവിതത്തില്‍ ഒരിക്കലും അനുഭവിക്കാത്ത തരത്തിലൊരു മാനസികപിരിമുറുക്കത്തിലൂടെയാണ് കടന്നുപോകുന്നത്. എന്റെ മൊഴികൊണ്ട് ഗോപി ശിക്ഷിക്കപ്പെട്ടാല്‍ എല്ലാവരും, ഒരുപക്ഷേ രേഷ്മ പോലും, എന്നെ കുറ്റപ്പെടുത്തിയേക്കാം.
വണ്ടി വീടിനു മുറ്റത്തെത്തിയപ്പോള്‍ രേഷ്മയും മോനും കാത്തുനില്പുണ്ട്. കെവിന്‍ ഓടിവന്ന് എന്റെ കൈയില്‍ തൂങ്ങി. എന്റെ മുഖഭാവം വായിച്ചെടുത്ത രേഷ്മ കെവിന്‍മോനെ തടഞ്ഞു. ഞാന്‍ നേരെ കുളിമുറിയിലേക്കു കയറി. യൂണിഫോം അവിടെത്തന്നെ അഴിച്ചുവെച്ച് നന്നായൊന്നു കുളിച്ചു. തെല്ലൊരാശ്വാസം തോന്നി. രേഷ്മയെ വിളിച്ചു. അവള്‍ വസ്ത്രങ്ങളുമായി വാതില്‍ക്കല്‍ത്തന്നെയുണ്ട്. വസ്ത്രം മാറ്റി അടുക്കളയിലേക്കു ചെന്ന് കിച്ചണ്‍ കാബിനറ്റിനുള്ളില്‍നിന്നും ജോണിവാക്കര്‍ ബ്ലാക്ക് ലേബലിന്റെ പൊട്ടിച്ച ഒരു ബോട്ടിലെടുത്തു. അരക്കുപ്പിക്കു മുകളില്‍ മദ്യമുണ്ടാകും. ഇതിനു മുന്‍പ് എപ്പോഴോ കഴിച്ചതിന്റെ ബാക്കിയാണ്. രേഷ്മ പെട്ടെന്ന് ഹാളിലേക്കു ചെന്ന് കെവിന് ഇഷ്ടമുള്ള കാര്‍ട്ടൂണ്‍ ചാനല്‍ വെച്ചു കൊടുത്തു. അപ്പോഴേക്കും ഞാന്‍ ഒരു പെഗ്ഗ് ഒറ്റവലിക്ക് കുടിച്ചുകഴിഞ്ഞിരുന്നു. രേഷ്മ ഒരു ഡബിള്‍ ബുള്‍സൈ ഉണ്ടാക്കി എന്റെ മുന്നില്‍ വെച്ചു. അവസരത്തിനൊത്ത് പെരുമാറാന്‍ അവള്‍ക്കാകും. അത്ര കണ്ട് അവള്‍ എന്നെ മനസ്സിലാക്കിയിരിക്കുന്നു. കോടതിയിലെ സംഭവങ്ങള്‍ വിവരിക്കാന്‍ തുടങ്ങി. മൂന്നു പെഗ്ഗ് കഴിഞ്ഞപ്പോള്‍ രേഷ്മ പറഞ്ഞു:
'ഇനി മതി. മോന്‍ കാണില്ലേ?'
ഞാന്‍ അനുസരണയോടെ കുപ്പി തിരിച്ചുവെച്ചു.  മാനസിക പിരിമുറുക്കത്തിന് അല്പം അയവുവന്നതുപോലെ തോന്നി. രേഷ്മ മോന് ചപ്പാത്തിയും ചിക്കന്‍ കറിയും വാരിക്കൊടുത്തു. കൂടെ ഓരോ വാ എനിക്കും തന്നു. മനസ്സിനെ കോടതിയില്‍നിന്ന് തിരിച്ചുകൊണ്ടുവരാന്‍ ഞാന്‍ ആവതു ശ്രമിച്ചു.  ഭക്ഷണം കഴിച്ചശേഷം കൈയും മുഖവും കഴുകി നേരെ ബെഡ്ഡിലേക്കു ചാഞ്ഞു. ഒന്നു വേഗം ഉറങ്ങാന്‍ കഴിഞ്ഞെങ്കില്‍...

Content Highlights: Kuttasammatham Novel by Sibi Thomas part 22

മുൻ ഭാഗങ്ങൾ വായിക്കാം

(തുടരും)