ഫീസില്‍ ഫയലുകള്‍ പരിശോധിച്ചുകൊണ്ടിരിക്കെ വാതില്‍ക്കല്‍ ആളനക്കം കേട്ട് ഞാന്‍ തലയുയര്‍ത്തി നോക്കി. കോടതിഡ്യൂട്ടിയിലുള്ള പോലീസുകാരനാണ്. അയാള്‍ സല്യൂട്ട് ചെയ്ത ശേഷം കൈയിലുള്ള ഡയറി നോക്കി പറഞ്ഞു, 'സാര്‍, മറ്റന്നാള്‍ ഗോപീടെ കേസ് വിചാരണ തുടങ്ങുകയാണ്. സാറിന്റെ എവിഡന്‍സ് പക്ഷേ പതിനാലു ദിവസം കഴിഞ്ഞാണ്. 28ന.്' 

'ഓ... മറ്റന്നാളാണ് തുടങ്ങുന്നത്. അന്ന് ഞാന്‍ കോടതിയില്‍ വരുന്നുണ്ട്.'

കോടതി ഡ്യൂട്ടിക്കാരന്‍ സമന്‍സില്‍ ഒപ്പിടീച്ച ശേഷം പുറത്തേക്കിറങ്ങി.  ദിവസങ്ങള്‍ എത്ര വേഗത്തിലാണ് നീങ്ങുന്നത്. ഒരു മാസത്തോളമായി ഗോപിയുടെ വിവരങ്ങള്‍ എന്തെങ്കിലും അറിഞ്ഞിട്ട്. തിരക്കിനിടയില്‍ ഒന്നും അന്വേഷിക്കാനായിരുന്നില്ല. എന്തായാലും അയാളെ മറ്റന്നാള്‍ കോടതിയില്‍ വെച്ച് കാണാമല്ലോ. വിചാരണയുടെ ആദ്യദിനങ്ങളില്‍ ബാബുവിന്റെ ഭാര്യയും റിക്ഷാഡ്രൈവര്‍ റഷീദും നാരായണനായ്ക്കും ഇന്‍ക്വസ്റ്റ് സാക്ഷികളും മറ്റുമായിരിക്കും ഹാജരാവുക. അവര്‍ക്ക് മനസ്സില്‍ തോന്നുന്നത് എന്തു വേണമെങ്കിലും കോടതിയില്‍ പറഞ്ഞുകൊള്ളട്ടെ, അക്കാര്യത്തില്‍ ഇടപെടാതിരിക്കുന്നതാണ് നല്ലത്. ഞാന്‍ വീണ്ടും ഫയലുകള്‍ക്കിടയിലേക്കിറങ്ങി. ഒരുപാട് ജോലികള്‍ ചെയ്തു തീര്‍ക്കാനുണ്ട്. അത്യാവശ്യം പണികളൊക്കെ പൂര്‍ത്തിയായപ്പോഴേക്ക് സമയം എട്ടു മണി കഴിഞ്ഞിരുന്നു.

അഡീഷണല്‍ ഡിസ്ട്രിക്റ്റ് സെഷന്‍സ് കോടതി- 2നു മുന്നില്‍ സാമാന്യം നല്ല തിരക്കുണ്ട്. വണ്ടി അഡീഷണല്‍ ഗവ.പ്ലീഡറുടെ ഓഫീസിനു മുന്നില്‍ നിര്‍ത്തിയ ശേഷം ഞാന്‍ ഓഫീസിലേക്കു കയറി. സ്റ്റെപ്പ് കയറുമ്പോള്‍ അഡ്വ.ശങ്കരന്‍ നമ്പ്യാര്‍ ശങ്കുണ്ണി നമ്പ്യാരോടൊപ്പം താഴേക്കിറങ്ങിവരുന്നുണ്ട്. എന്നെ കണ്ടപ്പോള്‍ ശങ്കരന്‍ വക്കീല്‍ ഹസ്തദാനം ചെയ്തു. ശങ്കുണ്ണി നമ്പ്യാര്‍ കൈകൂപ്പി.
'ഞങ്ങള്‍ ഇന്നലെത്തന്നെയെത്തിയിരുന്നു. ഇവിടെ ക്രൗണ്‍ പ്ലാസയിലാണ് താമസം,' ശങ്കുണ്ണി നമ്പ്യാര്‍ പറഞ്ഞു.

'ഞാന്‍ രണ്ടു ദിവസം മുന്‍പ് വിളിച്ചിരുന്നു. പക്ഷേ കിട്ടിയില്ല.'

'ഇന്‍വെസ്റ്റിഗേറ്റിങ് ഓഫീസറായതുകൊണ്ട് താങ്കളെ വിളിക്കുന്നത് ഉചിതമല്ലെന്നു തോന്നിയതുകൊണ്ടാണ് ഇന്നലെ വിളിക്കാതിരുന്നത് സാര്‍,' അഡ്വ. ശങ്കരന്‍ വിശദീകരിച്ചു.
'ഇറ്റ്‌സ് ഓക്കേ സര്‍. ഏതായാലും ഇന്ന് വിചാരണ തുടങ്ങുകയല്ലേ... ബെസ്റ്റ് വിഷസ്!'

ഞാന്‍ മുകളിലേക്കു കയറി ഗവണ്‍മെന്റ് പ്ലീഡറെ കണ്ടു. അദ്ദേഹവുമായി കേസിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തശേഷം ഒരുമിച്ച് കോടതിയിലേക്കു നടന്നു.

'മാധവി മര്‍ഡര്‍ കേസ് പോലെ ഇത് അത്ര എളുപ്പമാവില്ല. അപ്പുറത്ത് ശങ്കരന്‍ വക്കീലാ. ഇതെങ്ങാനും ശിക്ഷിച്ചാല്‍ എന്റെ സര്‍വീസില്‍ അതൊരു പൊന്‍തൂവലാ... എന്റെ മാത്രമല്ല, നമ്മുടെ,' പ്ലീഡര്‍ കുലുങ്ങി ചിരിച്ചു.എന്റെ മനസ്സാക്ഷിക്കു മുന്നില്‍ ഒരു കറുത്ത ദിനമായിരിക്കും. ഞാന്‍ വാക്കുകള്‍ ഉള്ളിലൊതുക്കി.

കോടതി ആരംഭിച്ചു. ജ്യോതീന്ദ്രകുമാര്‍ സാര്‍ സ്ഥലം മാറിയിരിക്കുന്നു. പുതിയ ജഡ്ജിയാണ് നീതിപീഠത്തില്‍. അല്പം പരുക്കന്‍ സ്വഭാവക്കാരനാണെന്നാണു കേട്ടത്. കോളിങ് വര്‍ക്കില്‍ ആദ്യം വിളിച്ചത് ഗോപിയുടെ കേസായിരുന്നു. സാക്ഷികളെ വിളിച്ച ശേഷം 'അല്പം കഴിഞ്ഞ് വിളിക്കും' എന്ന് പറഞ്ഞ് മാറ്റിവെച്ചു. ഞാന്‍ കോടതിക്ക് പുറത്തേക്കിറങ്ങി.

ഗോപി രണ്ടു പോലീസുകാരോടൊപ്പം പുറത്തെ ബഞ്ചില്‍ ഇരിപ്പുണ്ട്. ഞാന്‍ ഗോപിയെ നോക്കി ചിരിച്ചു. ഗോപി ചിരിക്കുകയാണോയെന്ന് വ്യക്തമാകുന്നില്ല. താടി വളര്‍ന്നുവളര്‍ന്ന് ഇപ്പോള്‍ ഒരു സന്ന്യാസിയുടെ രൂപം പോലെയായിട്ടുണ്ട്. ശങ്കുണ്ണി നമ്പ്യാര്‍ കക്ഷത്തില്‍ ചെറിയൊരു ബാഗുമായി തൊട്ടടുത്തു തന്നെയുണ്ട്. പുറത്ത് അല്പം മാറി സുചിത്രയും സഹോദരന്മാരും.  അധികം കേസുകള്‍ പോസ്റ്റ് ചെയ്തിട്ടില്ലാത്തതിനാലാവണം കുറച്ചു സമയത്തിനുള്ളില്‍ത്തന്നെ ഗോപിയുടെ കേസ് വിളിച്ചു. പ്രതിക്കൂട്ടില്‍ ഗോപിയെ കാണാന്‍ ഇഷ്ടമില്ലാത്തതുകൊണ്ട് ഞാന്‍ ആ ഭാഗത്തേക്കു നോക്കിയില്ല. സാക്ഷികള്‍ ഓരോരുത്തരായി കൂട്ടില്‍ക്കയറി. ഹൈക്കോടതിയുടെ അകത്തളങ്ങളെ ഇളക്കിമറിക്കുന്ന അഡ്വ. ശങ്കരന്റെ മുന്‍പില്‍ സാക്ഷികള്‍ ഓരോരുത്തരും ചീട്ടുകൊട്ടാരംപോലെ തകര്‍ന്നടിഞ്ഞു.
സുചിത്രയുടെ ഭാഗം മാത്രമാണ് അല്പം സംശയമുണ്ടായിരുന്നത്.

'നിങ്ങള്‍ക്ക് ഗോപിയുമായി എത്രനാളുകളുടെ പരിചയമുണ്ട്?'
ശങ്കരന്‍ വക്കീലിന്റെ ചോദ്യത്തിന്
'രണ്ടു മാസത്തെ പരിചയം.'
'ആ കാലഘട്ടത്തില്‍ അയാളുമായി ബാബുവോ നിങ്ങളോ കലഹത്തില്‍ ഏര്‍പ്പെട്ടോ?'

'ഇല്ല. ഇല്ലെന്നു മാത്രമല്ല ഗോപിയേട്ടന്‍ വളരെ സ്‌നേഹത്തോടെയാണ് എന്നോടും ബാബുവേട്ടനോടും പെരുമാറിയിരുന്നത്.'
'ഗോപിയാണ് ബാബുവിനെ കൊലപ്പെടുത്തിയതെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്?'
'പോലീസ്... '
എന്റെ ഉള്ളൊന്ന് പിടഞ്ഞു. അവര്‍ തുടര്‍ന്നു,
'ഞാന്‍ ഇതുവരെ അത് വിശ്വസിച്ചിട്ടുമില്ല,' സുചിത്ര കോടതിക്കു മുന്‍പില്‍ കൈ കൂപ്പി.
'ദാറ്റ്‌സ് ഓള്‍ യുവര്‍ ഓണര്‍...'
ശങ്കരന്‍ വക്കീല്‍ കേസ് അവസാനിപ്പിച്ചു.

ഗവണ്‍മെന്റ് പ്ലീഡറുടെ റീ എക്‌സാമിനേഷനൊന്നും അവരുടെ മൊഴി തിരുത്താനായില്ല.

'ട്രീറ്റ് ദിസ് വിറ്റ്‌നസ് ആസ് ഹോസ്‌റ്റൈല്‍,' ഒടുവില്‍ സാക്ഷി കൂറുമാറിയതായി പ്രഖ്യാപിച്ച് അയാള്‍ തടിയൂരി.

എനിക്ക് ഒരേസമയം സന്തോഷവും ദുഃഖവും തോന്നി. ഗോപി രക്ഷപ്പെടുമെന്നുള്ളത് സന്തോഷകരമായ സംഗതിയാണ്. പക്ഷേ ഞങ്ങളുടെ അധ്വാനം, ഇതുവരെ ഉണ്ടാക്കിയെടുത്ത 'ബെസ്റ്റ് ഇന്‍വെസ്റ്റിഗേറ്റര്‍' എന്ന ഇമേജ് എല്ലാം തകര്‍ന്നടിയും. താനൊരു പരിഹാസകഥാപാത്രമാവുന്നതു ചിന്തിക്കാന്‍ വയ്യ.
സാരമില്ല. ഒരു നല്ല കാര്യത്തിനല്ലേ. ഞാന്‍ സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു.

പുറത്തേക്കിറങ്ങുമ്പോള്‍ ശങ്കരന്‍ നമ്പ്യാര്‍ക്ക് ചുറ്റും നിന്ന് രണ്ടുമൂന്ന് ജൂനിയര്‍ വക്കീലന്മാര്‍ വിശേഷങ്ങള്‍ പങ്കിടുന്നുണ്ട്. സുചിത്രയും രാമലക്ഷ്മണന്മാരും ഗേറ്റിലൂടെ പുറത്തേക്കിറങ്ങുന്നു. ശങ്കുണ്ണി നമ്പ്യാര്‍ ഗോപിയുടെ തോളില്‍ തട്ടിക്കൊണ്ട് എന്തൊക്കെയോ സംസാരിക്കുകയാണ്. ഗോപിയുടെ മുഖം പ്രസന്നമാണ്. അക്ഷമയോടെ രണ്ടു പോലീസുകാര്‍ അവരുടെയടുത്തു തന്നെയുണ്ട്. അവരുടെ മുഖത്തെ അനിഷ്ടം കണ്ടതുകൊണ്ടാവണം ശങ്കുണ്ണി നമ്പ്യാര്‍ ഗോപിയെ അവരോടൊപ്പം യാത്രയാക്കിയ ശേഷം വക്കീലിന്റെ സമീപത്തേക്ക് വന്നു. വക്കീല്‍ സംസാരം നിര്‍ത്തി ശങ്കുണ്ണി നമ്പ്യാരോടൊപ്പം പുറത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കോര്‍പിയോയ്ക്കടുത്തേക്കു നീങ്ങി. ഞാന്‍ ഫോണെടുത്ത് അനിലിനെ വിളിച്ചശേഷം ഗേറ്റിനു പുറത്തേക്കിറങ്ങി. അല്പസമയത്തിനുള്ളില്‍ത്തന്നെ അനില്‍ വണ്ടിയുമായി വന്നു. ഞങ്ങള്‍ ഓഫീസിലേക്ക് തിരിച്ചു. വണ്ടിയിലിരിക്കുമ്പോഴും ചിന്ത കോടതിയില്‍ത്തന്നെയാണ്. ശങ്കരന്‍ വക്കീലിന്റെ പെര്‍ഫോമന്‍സ് എത്ര മനോഹരമാണ്..! 'എക്‌സ്പീരിയന്‍സ് മെയ്ക്ക് അസ് മാസ്റ്റര്‍' എന്നു പറയുന്നത് തികച്ചും വാസ്തവമാണ്. എത്ര ശാന്തവും സുന്ദരവുമായാണ് തന്റെ വാദമുഖങ്ങള്‍ അയാള്‍ കോടതിയെ വിശ്വസിപ്പിക്കുന്നത്. റഷീദിന്റെ മൊഴി ഈ കേസിലേക്ക് പ്രസക്തമല്ലായെന്ന് അയാള്‍ സ്ഥാപിച്ചതുതന്നെ അതിന്റെ ബെസ്റ്റ് എക്‌സാമ്പിളാണ്.

മൊബൈല്‍ ഫോണിന്റെ റിങ് ടോണാണ് എന്നെ ചിന്തയില്‍ നിന്നുണര്‍ത്തിയത്. ചാനല്‍ റിപ്പോര്‍ട്ടര്‍ മധുവാണ്. 
'നമസ്‌കാരം സാര്‍, ബാബു വധക്കേസ് വിചാരണ തുടങ്ങിയല്ലേ..?'
'നമസ്‌കാരം മധു, പറയൂ. ഹാ. മധു ഇന്ന് തുടങ്ങി.' 
'പ്രതിക്കുവേണ്ടി ശങ്കരന്‍ നമ്പ്യാര്‍സാറാണല്ലേ ഹാജരാവുന്നത്.'
'അതെ...'
'വെറുതെയല്ല ചാനലില്‍ സ്‌ക്രോളിങ് പോകുന്നുണ്ട്. ഞാനറിഞ്ഞില്ല. ചാനല്‍ മീഡിയാ സെന്ററില്‍ നിന്ന് നേരിട്ടുള്ള ന്യൂസാണ്. എന്തായാലും ഇതു വലിയൊരു സംഭവമായി മാറും. ഞാന്‍ വിളിക്കാം സാര്‍. കുറച്ച് ഡീറ്റയില്‍സ് തരണേ.'
'തീര്‍ച്ചയായും.'
അയാള്‍ ഫോണ്‍ കട്ട് ചെയ്തു.

ഹോ... ഇത് വല്ലാത്ത പൊല്ലാപ്പായല്ലോ. വലിയ വാര്‍ത്തയായാല്‍ പണിയാണ്. ഞാന്‍ പരാജയപ്പെട്ടാല്‍ അതെല്ലാവരും അറിയും. അത് എന്റെ റെപ്യൂട്ടേഷനെ ദോഷകരമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മനസ്സില്‍ വല്ലാത്തൊരു ഈഗോ വളര്‍ന്നു.

മനുഷ്യനു മനുഷ്യനെ മനസ്സിലാക്കാനാവുന്നില്ലെങ്കില്‍ ഈ റെപ്യൂട്ടേഷന്‍ കൊണ്ട് എന്തു പ്രയോജനം? പോകാന്‍ പറ. മനസ്സാക്ഷി എന്നെ തിരുത്തി. ഓഫീസിനു മുന്നിലെത്തിയപ്പോള്‍ ബാലകൃഷ്ണന്‍ ഉച്ച ഭക്ഷണം കഴിഞ്ഞ് മടങ്ങിവരുന്നുണ്ട്.
'കഴിച്ചോ സാര്‍?' 
'ഇല്ലാ. അനില്‍ കഴിച്ച ശേഷം പാര്‍സല്‍ വാങ്ങി വരും.'
അനിലിനെ ഭക്ഷണത്തിനയച്ച ശേഷം ഞാന്‍ ഓഫീസിലേക്കു കയറി. 
'എങ്ങിനെയുണ്ടായിരുന്നു സാര്‍ ട്രയല്‍?'
ബാലകൃഷ്ണന്റെ ചോദ്യത്തില്‍ ആകാംക്ഷയുണ്ട്.

'ഓ. ഗംഭീരം.' 
ഞാന്‍ കോടതിയിലെ സംഭവങ്ങള്‍ വിവരിച്ചു.

'അപ്പോ രക്ഷപ്പെടും അല്ലേ സാര്‍?' ബാലകൃഷ്ണന്റെ മുഖത്ത് സന്തോഷമാണ്. അല്ലെങ്കിലും ബാലകൃഷ്ണന്‍ പൊതുവേ അനാവശ്യ ഈഗോ കൊണ്ടുനടക്കാത്ത ആളാണ്.
'ഉം. സാധ്യതയുണ്ട്.'
'ഇന്നൊരു 308  കേസുണ്ട് സാര്‍. എഫ്.ഐ.ആര്‍. ഇപ്പോള്‍ കിട്ടിയിട്ടേയുള്ളൂ. ആ സ്ഥലം വരെ ഒന്നു പോകണം.'
ബാലകൃഷ്ണന്‍ പറഞ്ഞു. 
'ഓക്കെ, ഭക്ഷണം കഴിഞ്ഞു പോകാം. ബാലകൃഷ്ണാ. നമ്മുടെ ആ വേലേശ്വരത്തെ രണ്ടു റേപ്പ് കേസുകളുടെയും ചാര്‍ജ് ഉടനടി കൊടുക്കണമെന്ന് എസ്.പി. നിര്‍ദേശിച്ചിട്ടുണ്ട്. അതിന്റെ കാര്യങ്ങള്‍ എന്തായി?'
'എല്ലാം കഴിഞ്ഞു സാര്‍. രണ്ടു ദിവസത്തിനുള്ളില്‍ കൊടുക്കാം.' ബാലകൃഷ്ണന്‍ മറുപടി പറഞ്ഞു.
'ഓ. ഓക്കെ.'

ഞാന്‍ ഓഫീസ് മുറിയിലേക്കു കയറി. റൈറ്റര്‍ കൊണ്ടുവന്ന ഫയലുകള്‍ ഒപ്പിട്ടപ്പോഴേക്കും അനില്‍ ചോറുമായി എത്തി. ഭക്ഷണം കഴിഞ്ഞ് ബാലകൃഷ്ണനോടൊപ്പം സെക്ഷന്‍ 308 ഐ.പി.സി. കേസിന്റെ സംഭവസ്ഥലത്തേക്കു പോയി. കേസിന്റെ സംഭവസ്ഥലമഹസ്സറും മറ്റു പ്രാഥമിക അന്വേഷണങ്ങളും നടത്തിയ ശേഷം ഏഴുമണിയോടെ വീട്ടിലേക്കു തിരിച്ചു. വീട്ടിലെത്തുമ്പോള്‍ അവിടെ രേഷ്മയുടെ ചാച്ചനും അമ്മച്ചിയും എത്തിയിട്ടുണ്ട്. കെവിന്‍ ചാച്ചനോടൊപ്പം തകര്‍ക്കുകയാണ്. ചാച്ചനോട് ചോദ്യങ്ങള്‍ ചോദിക്കാനും തെറ്റിയാല്‍ ഇംപോസിഷന്‍ എഴുതിക്കാനും അവനു ഭയങ്കര ഉത്സാഹമാണ്. ചാച്ചന്‍ അത് ആസ്വദിക്കുന്നുമുണ്ട്. അമ്മച്ചിയും രേഷ്മയും അടുക്കളയില്‍ നല്ല തിരക്കിലാണ്. കെവിന് ഉറക്കം വരുന്നെന്നു പറഞ്ഞ് ചാച്ചന്‍ അവനു ഭക്ഷണം വാരിക്കൊടുത്ത ശേഷം അവരുടെ മുറിയില്‍ കൊണ്ടുപോയി കിടത്തി.

അത്താഴം കഴിക്കുമ്പോള്‍ അമ്മച്ചി പരിഭവം പറഞ്ഞു,
'ഈ ജോലി, ജോലി എന്നു മാത്രം പറഞ്ഞ് നടന്നാല്‍ മതിയോ മോനെ? ഇടയ്ക്ക് ഞങ്ങളൊക്കെ ജീവിച്ചിരിപ്പുണ്ടോയെന്ന് ഒന്ന് അന്വേഷിക്കേണ്ടേ?'
'വരാം അമ്മച്ചീ. സ്‌കൂളടച്ചിട്ട് മോളു കൂടി വന്നിട്ട് ഞങ്ങള്‍ ഒരുമിച്ച് വരാം.'
ഞാന്‍ ഉറപ്പു കൊടുത്തു.
'വന്നാല്‍ മാത്രം പോരാ. ഇവളെയും മക്കളെയും പത്തു ദിവസം അവിടെ നിര്‍ത്തുകേം വേണം.'
ചാച്ചന്‍ നിര്‍ബന്ധം പറഞ്ഞു. ഞാന്‍ ചിരിച്ചുകൊണ്ട് സമ്മതിച്ചു.
ഭക്ഷണത്തിനു ശേഷം പ്രാര്‍ഥനയും കഴിഞ്ഞ് എല്ലാവരും കിടന്നു. കെവിന്‍ നേരത്തേ തന്നെ ഉറങ്ങിയിരുന്നു.
'വിചാരണ തൊടങ്ങീന്ന് ടിവിയില്‍ കണ്ടു. എങ്ങനൊണ്ട്?'
രേഷ്മ ചോദിച്ചു.
'നല്ലരീതിയില്‍ പോകുന്നു. '
'ആ ശ്യാമളച്ചേച്ചിക്ക് ഒരു ജീവിതം കിട്ടുമോ..?'
'നമുക്ക് പ്രാര്‍ഥിക്കാം മോളെ.'  
'ഞാന്‍ ദിവസവും അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കാറുണ്ട്.'
പിന്നെയും പലതും സംസാരിക്കുന്നതിനിടയില്‍ ഞങള്‍ ഉറക്കത്തിലേക്ക് വഴുതിവീണു.

(തുടരും)

മുൻ ഭാഗങ്ങൾ വായിക്കാം