ദിവസങ്ങളോളം വിശ്രമമില്ലാതെ ജോലി ചെയ്ത് കുറ്റപത്രം സമര്‍പ്പിക്കാനായതിന്റെ ആശ്വാസത്തിലാണ് ഞാനും ബാലകൃഷ്ണനും. ഏറെ നാളത്തെ അലച്ചിലിന്റെ ഭാരമിറക്കിവെക്കാന്‍ വേണ്ടി എസ്. പിയോട് ഹാഫ് ഡേ പെര്‍മിഷനെടുത്ത ശേഷം ഗസ്റ്റ് ഹൗസില്‍ 101-ാം നമ്പര്‍ മുറിയിലിരിക്കുകയാണ് ഞങ്ങള്‍. എസ്.പിയുടെ പെര്‍മിഷനു പുറമേ എന്റെ ഹോം മിനിസ്റ്റര്‍ രേഷ്മയില്‍നിന്ന് സ്പെഷല്‍ സാങ്ഷനും വാങ്ങിയിരുന്നു. കേസന്വേഷണത്തിന്റെ അവസാനഘട്ടത്തിലൂടെ കടന്നു പോയപ്പോള്‍ ഉത്കണ്ഠ കൂടിക്കൂടി വന്നിരുന്നു. ലീഗല്‍ ഒപീനിയനില്‍ എന്തെങ്കിലും കറക്ഷന്‍ നിര്‍ദേശിക്കുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല.

'ഫോറന്‍സിക് റിപ്പോര്‍ട്ട് ഇത്രയും പെട്ടെന്ന് ലഭിച്ചത് എന്റെ അന്വേഷണജീവിതത്തിലെ ആദ്യത്തെ സംഭവമാണ്. 
'മുന്‍പൊരിക്കല്‍, വെടിവെപ്പ് കേസില്‍ എസ്.പി. സാര്‍ നേരിട്ട് ഇടപെട്ടതുകൊണ്ട് ബാലിസ്റ്റിക് റിപ്പോര്‍ട്ട് പെട്ടെന്ന് കിട്ടിയിരുന്നു. അതിനുശേഷം ഇതാദ്യമാണ്.'
ബാലകൃഷ്ണന്‍ ഓര്‍മയില്‍നിന്നും ചികഞ്ഞെടുത്ത് വിവരിച്ചു.
'ഏതായാലും ശങ്കുണ്ണിയേട്ടനോടു പറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ നമുക്ക് കുറ്റപത്രം സമര്‍പ്പിക്കാനായതുകൊണ്ട് സമാധാനമായി. കോടതി ഡ്യൂട്ടിക്കാരനോട് നാളെ ജെ.എസ്നെയും ശിരസ്തദാറിനെയും നേരിട്ടു ്കണ്ട് കേസ് കമ്മിറ്റ് ചെയ്തുവെന്ന് ഉറപ്പുവരുത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.' 
ഞങ്ങള്‍ വിക്രമനെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നേരമായി.
'വിക്രമനെന്താ വൈകുന്നത്?'

ഞാന്‍ ചോദിച്ചു തീരുന്നതിനു മുന്‍പുതന്നെ വാതിലില്‍ മുട്ടു കേട്ടു.
'യെസ്, കം ഇന്‍.'
വാതില്‍ തുറന്ന് വിക്രമന്‍ ഉള്ളിലേക്കു വന്നു.
'സോറി സാര്‍, സാധനം കിട്ടാന്‍ കുറച്ചു വൈകി. ഹോം ഗാര്‍ഡ് കൃഷ്ണേട്ടന്‍ കാന്റീനില്‍ നിന്നെത്താന്‍ വൈകിയതാ.'
കൂടിനുള്ളില്‍നിന്നും പൊതി തുറന്ന് ബ്ലെന്‍ഡേഴ്സ് പ്രൈഡിന്റെ ഒരു ഫുള്‍ബോട്ടിലും വണ്‍ ലിറ്ററിന്റെ രണ്ടു സോഡാ ബോട്ടിലുകളും പുറത്തെടുത്ത് മേശമേല്‍ വെച്ചുകൊണ്ട് വിക്രമന്‍ പറഞ്ഞു. ഗോപാലേട്ടന്‍ മൂന്നു ഗ്ലാസുകളും ജഗ്ഗില്‍ വെള്ളവും ഐസ് ക്യൂബ്സുമായി വന്നു. വിക്രമന്‍ ബോട്ടില്‍ തുറന്ന് അറുപതു മില്ലിയോളം ഗ്ലാസിലൊഴിച്ച് ഐസ് ക്യൂബ് ഇട്ട് അര ഗ്ലാസ് സോഡയും ബാക്കി വെള്ളവും നിറച്ചു. ഗോപാലേട്ടന്‍ ഒരു പ്ലേറ്റില്‍ നിലക്കടല പുഴുങ്ങിയത് ഉള്ളിയും മുളകുപൊടിയും മല്ലിയിലയുമിട്ട് മിക്സ് ചെയ്ത് കൊണ്ടുവന്ന് മേശമേല്‍ വെച്ചു.
'ചിയേഴ്സ്.'

നുരയുന്ന ഗ്ലാസുയര്‍ത്തിക്കൊണ്ട് ഞാന്‍ പറഞ്ഞു,
'സര്‍ ചിയേഴ്സ്'
ബാലകൃഷ്ണനും വിക്രമനും ഓരോ സിപ്പെടുത്തു. 
'നമ്മള്‍ എത്രനാളുകൂടിയാണ് ഇങ്ങനെയിരിക്കുന്നത് അല്ലേ?' 
'സക്കീര്‍ വധത്തിനു ശേഷം ഇതാദ്യമാണ്.' വിക്രമന്‍ പറഞ്ഞു.
'ഹേയ്, മാധവി കേസ്. റേപ് ആന്‍ഡ് മര്‍ഡര്‍. അതിന്റെ വിധി വന്നപ്പോള്‍ ഇരുന്നതോര്‍മയില്ലേ.'
ബാലകൃഷ്ണന്‍ തര്‍ക്കിച്ചു. 

'അന്ന് ഞാനില്ല, ഞങ്ങള്‍ ഒരു കേസുമായി അജ്മീരിലായിരുന്നു,'വിക്രമന്‍ ഓര്‍മിച്ചു.
'സത്യത്തില്‍ ഞാനെല്ലാം മറക്കാന്‍ ശ്രമിക്കുകയാണ്. ശ്യാമളയെയും ദാക്ഷായണിയമ്മയെയും എല്ലാവരേയും. പക്ഷേ പറ്റുന്നില്ല.'
'നമുക്ക് നല്ലതു സംഭവിക്കുമെന്നു പ്രതീക്ഷിക്കാം സാര്‍.'

ബാലകൃഷണന്‍ ആശ്വസിപ്പിച്ചു. ഞങ്ങളുടെ സംസാരം ക്രൈമുകളില്‍ നിന്നും ക്രിമിനലുകളില്‍നിന്നും വിട്ട് പതുക്കെ കലയുടെയും സംഗീതത്തിന്റെയും ലോകത്തിലേക്കു കടന്നു. ബാലകൃഷ്ണന്‍ പഴയ ഗസലുകള്‍ നന്നായി പാടും. ഗസല്‍സംഗീതത്തില്‍ ലയിച്ച് ഞങ്ങള്‍ സ്വയം മറന്ന് കുറേനേരമിരുന്നു. ഒടുവില്‍ ഗോപാലേട്ടന്റെ ആവോലി പൊള്ളിച്ചതും ചപ്പാത്തിയും കഴിച്ച് ഞങ്ങള്‍ പുറത്തേക്കിറങ്ങി. പുറത്ത് കാറുമായി അനില്‍ കാത്തുനില്പുണ്ട്. അയാള്‍ മദ്യപിക്കാത്ത സ്വഭാവക്കാരനായതുകൊണ്ട് ധൈര്യമാണ്. ബാലകൃഷ്ണനെ ക്വാര്‍ട്ടേഴ്സില്‍ ഇറക്കിയശേഷം പത്തുമണിയോടെ വീട്ടിലെത്തി. രേഷ്മ അക്ഷമയായി നില്പുണ്ട്. മുഖം കൊടുക്കാതെ അനില്‍ വിക്രമനെയും കൊണ്ട് സ്ഥലം വിട്ടു. സിറ്റൗട്ടിലേക്കുള്ള പടവുകള്‍ കയറുമ്പോള്‍ 'ഒരല്പം ഓവറായില്ലേ' എന്നെനിക്കും തോന്നി. വാതില്‍ തുറന്നു വെച്ച് രേഷ്മ മുറിയില്‍ കയറി കിടന്നു. വസ്ത്രം മാറുന്നതിനിടയില്‍ രേഷ്മയുടെ മുഖത്ത് ഒരുവട്ടമേ നോക്കിയുള്ളൂ. ലോകത്തെ മുഴുവന്‍ ക്രോധഭാവങ്ങളും അവള്‍ മുഖത്ത് ആവാഹിച്ചിട്ടുണ്ട്. ഞാന്‍ ബാത്ത്റൂമില്‍ കയറി തല തണുക്കെയൊന്നു കുളിച്ചു. തല തോര്‍ത്തി പുറത്തിറങ്ങിയപ്പോഴും രേഷ്മയുടെ മുഖഭാവത്തില്‍ അരഡിഗ്രിയുടെ കുറവുപോലും സംഭവിച്ചിട്ടില്ല. ലൈറ്റണച്ച് അനുസരണയുള്ള ഒരാട്ടിന്‍ കുട്ടിയെപ്പോലെ ഞാന്‍ ബെഡ്ഡിലേക്കു ചെരിഞ്ഞു.

'ഓരോ പ്രാവശ്യവും ചോദിക്കുമ്പോള്‍ എങ്ങനാ എതിര്‍ക്കുന്നതെന്നോര്‍ത്ത് സമ്മതിക്കും. ഇങ്ങനെ ഒരളവില്ലാതെ കുടിച്ച് എന്തെങ്കിലും സംഭവിച്ചാല്‍ എനിക്കും മക്കള്‍ക്കും പിന്നെയാരുണ്ട്?' അവള്‍ യുദ്ധത്തിനുള്ള കാഹളം മുഴക്കിക്കഴിഞ്ഞു.
'രേഷ്മേ ഞാനധികമൊന്നും... ' 
സന്ധിസംഭാഷണത്തിനുളള ശ്രമം അവള്‍ മുളയിലേ നുള്ളി.
'വേണ്ട. അന്നും ഇതുതന്നെയല്ലേ പറഞ്ഞത്. എന്തോ അമൃത് കഴിക്കുന്നതുപോലെയല്ലേ ഇത് കുടിക്കുന്നത്.'

അവള്‍ നിര്‍ത്താനുള്ള ലക്ഷണമില്ല. ഞാന്‍ കെവിനെ അരികിലേക്ക് നീക്കി കിടത്തിയശേഷം രണ്ടും കല്പിച്ച് എതിര്‍പ്പുകളെ മറികടന്ന് അവളെ കരവലയത്തിലൊതുക്കി. ക്രമേണ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് എപ്പോഴോ ഞങ്ങള്‍ ഉറക്കത്തിലേക്കു വഴുതിവീണു.
കാലത്ത് ഉണര്‍ന്നപ്പോള്‍ ബെഡ്ഡില്‍ ഒരുവശത്ത് കെവിന്‍ ഉറങ്ങുന്നുണ്ട്. രേഷ്മ നേരത്തെ എണീറ്റ ലക്ഷണമാണ്. മെല്ലെ എഴുന്നേറ്റ് മുഖം കഴുകി അടുക്കളയിലേക്കു ചെല്ലുമ്പോള്‍ കുളിച്ച് ഈറനണിഞ്ഞ് കോഫിയുണ്ടാക്കുകയാണവള്‍. ഞാന്‍ അവളെ നോക്കി കണ്ണിറുക്കി ചിരിച്ച ശേഷം കട്ടിങ് ടേബിളിനടുത്തു വെച്ചിരുന്ന കസേരയില്‍ ഇരുന്നു.
'വേണ്ട ട്ടോ... ഇങ്ങനെ നോക്കല്ലേ... ഓരോന്ന് ഒപ്പിച്ചുവെച്ചിട്ട്...'

അവള്‍ നാണംകൊണ്ട് തല കുനിച്ചു നിന്നു. ആ മൂഡില്‍ അവളെ കാണാന്‍ വല്ലാത്തൊരു ഭംഗിയാണ്. കുറച്ചു നേരം ഞാന്‍ അവളെത്തന്നെ നോക്കിയിരുന്നു.
വിഷയം മാറ്റാനെന്നവണ്ണം അവള്‍ പറഞ്ഞു,
'എനിക്ക് ഏറെ സ്വത്തോ കാറോ ഒന്നും വേണ്ട. ദൈവത്തോടുള്ള എന്റെ പ്രാര്‍ഥന ഒന്നു മാത്രമേയുള്ളൂ. എന്നും നമുക്ക് ഒരുമിച്ച് ഇങ്ങനെയങ്ങ് ജീവിക്കാന്‍ സാധിക്കണേയെന്നു മാത്രം.'
'അതെ മോളെ. നമുക്ക് നമ്മുടേതായി ഒരാളുണ്ട് എന്നുള്ള വിശ്വാസമല്ലേ നമ്മളെ മുന്നോട്ടു ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. അല്ലെങ്കില്‍ ഈ ടെന്‍ഷനുകള്‍ക്കിടയില്‍ ഞാനൊക്കെ എപ്പോഴെ തീര്‍ന്നേനേ.'
രേഷ്മ എന്റെ മുഖത്തേക്കു നോക്കി.

'നീയോ ഞാനോ ഒറ്റയ്ക്കാകുന്ന ഒരവസ്ഥയെപ്പറ്റി എനിക്കു ചിന്തിക്കാനേ ആവില്ല. ഈ ലോകത്ത് എവിടെയായിരുന്നാലും ജീവനോടെയിരിക്കുന്നു എന്ന ഒരു വിവരം മാത്രം മതി നമ്മളെ മുന്നോട്ട് നയിക്കാന്‍.'
പറഞ്ഞു നിര്‍ത്തുന്നതിനു മുന്‍പ് അവള്‍ നല്ല ചൂടുള്ള ഒരു കപ്പ് കാപ്പി മുന്നില്‍ വെച്ചശേഷം എന്റെ മുടിയിഴകളില്‍ വിരലോടിച്ചുകൊണ്ട് പറഞ്ഞു,
'ആ ശ്യാമളച്ചേച്ചിയുടെ ജീവിതം അങ്ങിനെയായിരുന്നിരിക്കില്ലേ..?' 'തീര്‍ച്ചയായും. അവരെ അതുവരെ ജീവിക്കാന്‍ പ്രേരിപ്പിച്ചത് ഗോപിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ മാത്രമാണ്. എന്നെങ്കിലും തിരിച്ചുവരുമെന്നുള്ള പ്രതീക്ഷ. അന്നത്തെ കൂടിക്കാഴ്ചയ്ക്കു ശേഷം ഗോപിയേട്ടനെ മുന്നോട്ടു നയിക്കുന്നതും അതേ പ്രതീക്ഷകളായിരിക്കാം.' 
'അങ്ങിനെയെങ്കില്‍ അവരെ തമ്മില്‍ യോജിപ്പിക്കുന്നതിന് എന്തെങ്കിലും ചെയ്യാനാവുമെങ്കില്‍ സാബുച്ചായന്‍ ചെയ്യണം.'

'ചെയ്യാം മോളേ, എന്നാല്‍ എന്റെ അവസ്ഥ നിനക്കറിയാമല്ലോ. ചെയ്യാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല. പക്ഷേ ഈ പൊസിഷനില്‍ നിന്നുകൊണ്ട് കഴിയാഞ്ഞിട്ടാണ്,'
കോഫി കുടിച്ചു തീര്‍ത്ത ശേഷം ഞാന്‍ പറഞ്ഞു.
'എന്നാലും... '
'നോക്കാം മോളേ. നമ്മുടെ പ്രൊഫഷണല്‍ എത്തിക്സിന് എതിരു നില്ക്കാത്ത എന്തു സഹായവും ഞാന്‍ ചെയ്തിരിക്കും.'
അവള്‍ക്ക് ഉറപ്പു കൊടുത്ത ശേഷം എഴുന്നേറ്റ് ബാത്ത്റൂമിലേക്കു നടന്നു. കെവിന്‍ എഴുന്നേറ്റ് ഉറക്കച്ചടവോടെ എന്റെയടുത്തേക്കു വന്നു. അവനെ കൈ പിടിച്ച് വാഷ്ബേസിന്റെയടുത്ത് കൊണ്ടുപോയി മുഖം കഴുകിച്ച ശേഷം രേഷ്മയുടെ അടുത്തേക്കു വിട്ടു. 

പത്രം വായിച്ച് അത്യാവശ്യം വേണ്ട ഫോണ്‍കോളുകള്‍ നടത്തിയ ശേഷം കുളിച്ചു വൃത്തിയായി ബ്രേക്ഫാസ്റ്റിനായി അടുക്കളയിലേക്ക് ചെന്നു. രേഷ്മ കെവിന്റെ സ്‌കൂള്‍ബാഗിലേക്ക് ലഞ്ച്ബോക്സ് വെക്കുകയാണ്. പുറത്ത് സ്‌കൂള്‍ വാനിന്റെ ഹോണ്‍ കേട്ടമാത്രയില്‍ അവള്‍ അവനെയും കൂട്ടി പുറത്തേക്ക് ഓടി. കെവിനെ വാനില്‍ കയറ്റി വിട്ട ശേഷം രേഷ്മ തിരിച്ചെത്തി ബ്രേക്ഫാസ്റ്റ് വിളമ്പി.
'മോന്റെ സ്‌കൂളിലൊന്ന് പോകണമായിരുന്നു. ഈ വര്‍ഷത്തെ ഒരു പി.റ്റി.എ. മീറ്റിങ്ങുകള്‍ക്കും നമ്മള്‍ പോയിട്ടില്ല,'
രേഷ്മ പരിഭവം പറഞ്ഞു.
'ഹാ... എന്തായാലും അടുത്ത തവണ പോകാം.'

കൈ കഴുകി യൂണിഫോമിടാനായി മുറിയിലേക്കു നടക്കുമ്പോള്‍ പുറത്തു വണ്ടി വന്നുനില്ക്കുന്നതിന്റെ ശബ്ദം കേട്ടു. ഞാന്‍ റെഡിയായി പുറത്തേക്കിറങ്ങുമ്പോള്‍ രേഷ്മ അനിലിന്റെ കൈയില്‍ പുറത്തുനിന്നും വാങ്ങിക്കുവാനുളള സാധനങ്ങളുടെ ലിസ്റ്റ് കൈമാറുകയായിരുന്നു.
'അനിലേ മറക്കല്ലേ... സാറിന്റെ കൈയില്‍ കൊടുത്തിട്ട് ഒരു കാര്യവുമില്ല. അതുകൊണ്ടാ ട്ടോ.'
അവള്‍ ചിരിച്ചു.
വണ്ടി ഗേറ്റ് കടന്ന് പുറത്തേക്കു നീങ്ങി.

മുൻ ഭാഗങ്ങൾ വായിക്കാം

(തുടരും)

Content Highlights : Kuttasammatham Novel by Sibi Thomas part 20