വിക്രമനോടൊന്നിച്ച് രാവിലെ കുറച്ചു താമസിച്ചാണ് അന്ന് സ്റ്റേഷനിലേക്കു പുറപ്പെട്ടത്. സ്റ്റേഷനു മുന്നിലെത്താറായപ്പോള്‍ വെളിയില്‍ ഇടതു വശത്തെ മതിലിനോടു ചേര്‍ന്ന് ഒരു സ്‌കോര്‍പിയോ നിര്‍ത്തിയിട്ടത് കണ്ടു.

'സാര്‍, അതു നമ്മുടെ ഗോപിയേട്ടന്റെ വീട്ടില്‍ കണ്ട വണ്ടിയാണല്ലോ!'

വിക്രമന്‍ ഉറപ്പിച്ചു പറഞ്ഞു. വണ്ടിയുടെ മുന്‍ഭാഗം എതിര്‍ദിശയിലേക്ക് ഇട്ടിട്ടുള്ളതുകൊണ്ട് പിന്‍ഭാഗം മാത്രമേ കാണാനാകുന്നുള്ളൂ. നമ്പര്‍ ഞാന്‍ കൃത്യമായി ഓര്‍ത്തു വെച്ചിട്ടുമില്ല. ജീപ്പ് സ്റ്റേഷനു മുന്നില്‍ നിര്‍ത്തിയപ്പോഴേക്കും പിന്നില്‍നിന്നും 'സാറേ'എന്നൊരു വിളി കേട്ട് ഞാന്‍ തിരിഞ്ഞു നോക്കി. ശങ്കുണ്ണി നമ്പ്യാരും പാന്റും ഫുള്‍ സ്ലീവ് ഷര്‍ട്ടിട്ട് ഇന്‍ ചെയ്ത് നല്ല രീതിയില്‍ വസ്ത്രധാരണം ചെയ്ത ഒരു മധ്യവയസ്‌കനും ഗേറ്റ് കടന്നു വരുന്നുണ്ട്.

'ശങ്കുണ്ണിയേട്ടാ. ഇതെപ്പോഴെത്തി? ഞാനിന്നു വിളിക്കണമെന്ന് വിചാരിച്ചിരുന്നതാണ്.

'ഇപ്പോഴെത്തീതേയുള്ളൂ. ഞങ്ങള്‍ അതിരാവിലെത്തന്നെ അവിടുന്ന് പുറപ്പെട്ടിരുന്നു.'

മറുപടി പറഞ്ഞ ശേഷം ശങ്കുണ്ണി നമ്പ്യാര്‍ കൂടെയുള്ളയാളെ പരിചയപ്പെടുത്തി.

'ഇത് എന്റെ ക്ലാസ്‌മേറ്റും ഉറ്റ സുഹൃത്തുമാണ്. അഡ്വക്കേറ്റ് ശങ്കരന്‍ നമ്പ്യാര്‍. ഹൈക്കോര്‍ട്ടിലാണ്. കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്തെ പ്ലീഡറായിരുന്നു.'

'അറിയാം സാര്‍. ഈ പേര് പലതവണ കേട്ടിട്ടുണ്ട്. നേരില്‍ കണ്ടിട്ടില്ലെന്നേയുള്ളൂ.'

ഞാന്‍ രണ്ടുപേരെയും കൂട്ടി എസ്.ഐയുടെ മുറിയിലേക്കു കടന്നു. എബിന്‍ സബ് ഡിവിഷന്‍ നൈറ്റ് ചെക്ക് കഴിഞ്ഞ് റെസ്റ്റിലാണ്. 

'ഇരിക്കൂ സാര്‍.'

അവര്‍ രണ്ടുപേരും അഭിമുഖമായുള്ള കസേരകളില്‍ ഇരുന്നു.

'ഗോപിക്കുട്ടനെ.... ഇന്നലെ ഹാജരാക്കിയെന്ന് ഇവിടുന്ന് പറഞ്ഞിരുന്നു. '

'ഉവ്വ,് ഇന്നലെത്തന്നെ വിളിച്ചറിയിക്കണമെന്ന് കരുതിയതാണ്. പിന്നെക്കരുതി ഇങ്ങോട്ട് വിളിപ്പിച്ച് നേരില്‍ പറയാമെന്ന്.'

'ഒരുവിധത്തില്‍ അത് നന്നായി സാര്‍, ഏടത്തിയമ്മ സദാസമയവും ചോദിച്ചുകൊണ്ടിരിക്കുകയാ.'

നമ്പ്യാര്‍ വക്കീലിന്റെ മുഖത്തേക്കു നോക്കിയ ശേഷം പറഞ്ഞു,

'ബെയില്‍ അപ്ലിക്കേഷന്‍ മൂവ് ചെയ്തുകൊണ്ട് കാര്യമൊന്നുമില്ലെന്നറിയാം. എന്നാലും ഒന്നും ചെയ്തില്ലെന്നു വരുമ്പോള്‍ ഒരു സമാധാനം കിട്ടുന്നില്ല.' 

'അത് ഞാന്‍ പറഞ്ഞില്ലേ ശങ്കു, അതുകൊണ്ട് പ്രയോജനമൊന്നുമില്ല. ഇവര്‍ക്ക് ഒഫിഷ്യലായി മാത്രമേ റിപ്പോര്‍ട്ട് കൊടുക്കാനാവൂ,'വക്കീല്‍ നമ്പ്യാരെ ഓര്‍മിപ്പിച്ചു. 

'ഞങ്ങള്‍ക്ക് ഇനിയൊരു പതിനഞ്ചു ദിവസങ്ങള്‍കൂടി വേണ്ടിവരും. ഒരു മാസത്തിനുളളില്‍ത്തന്നെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാം.'

'യെസ്. ദാറ്റ്‌സ് ഗുഡ്. അങ്ങിനെയെങ്കില്‍ എത്രയും പെട്ടെന്ന് സി.പിയാക്കി വലിയ താമസമില്ലാതെ സെഷന്‍സ് കേസ് നമ്പറിടുവിച്ച് ട്രയലിന്റെ നടപടിക്കായുള്ള സംവിധാനമാക്കാം.'
വക്കീലിന്റെ സംസാരത്തില്‍ തികഞ്ഞ ആത്മവിശ്വാസമുണ്ട്. 

'തീര്‍ച്ചയായും സാര്‍. ഇവിടെ കോടതിയില്‍ കസ്റ്റഡി ട്രയല്‍ സ്പീഡ് അപ്പ് ചെയ്യാനാകുന്ന എല്ലാ കാര്യങ്ങളും ഞങ്ങളും ചെയ്തുതരാം,'

ഞാന്‍ സന്തോഷത്തോടെ പറഞ്ഞു.

'എഫ്.ഐ.ആറിന്റെ കോപ്പിയോ മറ്റോ വേണോ സാര്‍?' 

'വേണ്ട. എല്ലാത്തിന്റെയും സര്‍ട്ടിഫൈഡ് കോപ്പിയെടുക്കാനുള്ള ഏര്‍പ്പാട് ചെയ്തിട്ടുണ്ട്.'

വക്കീല്‍ മറുപടി പറഞ്ഞ ശേഷം നമ്പ്യാരെ നോക്കി ഇറങ്ങാം എന്ന രീതിയില്‍ തല കുലുക്കി.

'എങ്കില്‍ ഞങ്ങളിറങ്ങട്ടേ സാര്‍. കോടതിയിലും ശേഷം സബ്ജയിലിലുമൊന്നു പോകണം.' നമ്പ്യാര്‍ എഴുന്നേറ്റു.

'നമ്പ്യാരേട്ടാ, ചായ വരുത്തിക്കാം. കുടിച്ചിട്ട് പോയാല്‍ മതി. ' 

ഞാന്‍ ടേബിള്‍ ബെല്ലില്‍ വിരലമര്‍ത്തി. ജി.ഡി. ഹാഫ്‌ഡോര്‍ തുറന്ന് അകത്തേക്കു വന്നു.

'വേണ്ട സാര്‍, സാര്‍ വരാന്‍ സമയമുണ്ടെന്നു പറഞ്ഞപ്പോള്‍ ഞങ്ങള്‍ താഴെ ചെന്ന് ചായയും സീറയും കഴിച്ചിരുന്നു,' നമ്പ്യാര്‍ കൈകൂപ്പിക്കൊണ്ട് തിരിഞ്ഞു. വക്കീലും പിന്നാലെ പുറത്തേക്കിറങ്ങി. സ്‌കോര്‍പിയോ തിരിച്ചുപോകുന്നതിന്റെ ശബ്ദം കേട്ടുകൊണ്ട് ഞാന്‍ മുകളിലേക്കുളള സ്റ്റെപ്പുകള്‍ കയറി. മുകളില്‍ ബാലകൃഷ്ണനും വിക്രമനും മറ്റൊരു പോലീസുകാരനും ചേര്‍ന്ന് കേസ്ഫയലിന്റെ പണിപ്പുരയിലാണ്.

'സര്‍, ഇന്ന് ആഫ്റ്റര്‍നൂണ്‍ ചെന്നാല്‍ പോലീസ് സര്‍ജന്‍ ഉണ്ടാവുമെന്ന് പറഞ്ഞു. പിന്നെ ഫിംഗര്‍ പ്രിന്റ്  എക്‌സ്‌പെര്‍ട്ടിന്റെയും ടെസ്റ്റര്‍ ഇന്‍സ്‌പെക്ടറുടെയും മൊഴി ഞാന്‍ ഫോണിലൂടെ ചോദിച്ച് എഴുതിയിട്ടിട്ടുണ്ട്. എസ്.പി. സാറെ വിളിച്ച്   ആര്‍.എഫ്.എസ്.എല്ലില്‍ ഒന്ന് വിളിപ്പിക്കണം. കൂടാതെ ഞാനൊരു റിമൈന്‍ഡര്‍ റെഡിയാക്കിയിട്ടുണ്ട്. സി.എയെ വിളിച്ച് എസ്.പിയുടെ സൈന്‍ വാങ്ങിച്ച് ആര്‍.എഫ്.എസ്.എല്ലിലേക്ക് അയപ്പിക്കണം. അങ്ങിനെയെങ്കില്‍ മാത്രമേ സീനിയോറിറ്റി മറികടന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് കിട്ടുകയുള്ളു.'

'ഓക്കേ. അപ്പോള്‍ ഞങ്ങള്‍ ഇന്ന് ഇക്കാര്യങ്ങളെല്ലാം നടത്തിയിട്ട് വരാം.'  

ഞാന്‍ വിക്രമനെയും വിളിച്ച് താഴേക്കിറങ്ങി. എബിന്‍ നൈറ്റ് റെസ്റ്റ് കഴിഞ്ഞ് സ്റ്റേഷനിലെത്തിയിട്ടുണ്ട്. 

'എബിന്‍, ഞാനൊന്ന് മെഡിക്കല്‍ കോളജ് വരെ പോവുകയാണ്. പോലീസ് സര്‍ജന്റെ മൊഴി രേഖപ്പെടുത്താനുണ്ട്.' 

'ശരി സാര്‍.'
അയാള്‍ സല്യൂട്ട് ചെയ്തു. 

(തുടരും)

മുൻ ഭാഗങ്ങൾ വായിക്കാം