മേശ് സല്യാന്‍ ഹാജരാക്കിയ മറ്റു സാക്ഷികളില്‍നിന്നും മൊഴിയെടുക്കുകയാണ് ഞാനും ബാലകൃഷ്ണനും. ചേനക്കല്ല് ക്വാറിയിലെ മറ്റു നാലു പണിക്കാരും അവര്‍ക്കറിയാവുന്ന കാര്യങ്ങള്‍ കൃത്യമായിത്തന്നെ പറഞ്ഞുകഴിഞ്ഞു. അവര്‍ക്കെല്ലാം ഗോപിയേട്ടനെപ്പറ്റി പറയുമ്പോള്‍ നൂറു നാവാണ്. തലവിറയന്‍വേലു അപമര്യാദയായി പെരുമാറിയ നാല്പത്തിരണ്ടുകാരിയായ വനജ പറഞ്ഞതുവെച്ച് അന്ന് ഗോപിയേട്ടന്‍ എത്തിയില്ലായിരുന്നെങ്കില്‍ ആ ദുഷ്ടന്‍ വേലു തന്നെ നശിപ്പിക്കുമായിരുന്നുവെന്നാണ്.

ഗോപി ഇങ്ങനൊരു കൊലപാതകം ചെയ്തുവെന്ന് ആര്‍ക്കും വിശ്വസിക്കാനാവുന്നില്ല. എസ്.പി. അദ്ദേഹം പറഞ്ഞതുപോലെ ഇവരൊന്നും പ്രോസിക്യൂഷനെ സഹായിക്കുന്ന സാക്ഷികളല്ല. അതുകൊണ്ടുതന്നെ ഇവരുടെയൊന്നും മൊഴികള്‍ കേസിലേക്ക് ഒട്ടും റെലവന്റല്ല. 

'ഇവരുടെ ആവശ്യം കഴിഞ്ഞു രമേശ്. ഇവരെ തിരിച്ചയച്ചിട്ട് നിങ്ങള്‍ ഒന്ന് മുകളിലേക്ക് വരണം.'

രമേശ് തലയാട്ടി അവരെ താഴേക്ക് അയച്ച ശേഷം തിരികെയെത്തി. 

'സര്‍, ഇനി ആരെയെങ്കിലും കൊണ്ടുവരേണ്ടതുണ്ടോ?' 

'ഉടനെ വേണ്ടി വരില്ല. പലചരക്ക് കടക്കാരന്‍ നാരായണനായ്ക്കിന്റെ മൊഴി ആവശ്യമുണ്ട്. ഞാനറിയിക്കാം. അപ്പോള്‍ കൂട്ടിക്കൊണ്ടു വന്നാല്‍ മതി.' 
'പറഞ്ഞാല്‍ മതി സാര്‍. ഞാന്‍ എത്തിച്ചോളാം. എങ്കില്‍ ഞാനിറങ്ങട്ടെ സാര്‍.' 

രമേശ് താഴേയ്ക്കിറങ്ങുമ്പോള്‍ വിക്രമന്‍ മുകളിലേക്കു കയറിവരുന്നുണ്ട്. കോടതിയില്‍ നടന്ന കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി അറിയാനായി ഞാന്‍ വിക്രമനെ കാത്തിരിക്കുകയായിരുന്നു.

'എങ്ങിനെയുണ്ടായിരുന്നു ഗോപിയേട്ടന്റെ അവസ്ഥ?'

വിക്രമന്‍ മുറിയിലെത്തിയപ്പോള്‍ ബാലകൃഷ്ണനാണ് ചോദിച്ചത്.

'ഓക്കെ ആയിരുന്നു സാര്‍, അയാള്‍ മാനസികമായി തയ്യാറെടുത്തതു പോലെ തോന്നി.'

വിക്രമന്‍ കോടതിയില്‍നിന്നും ലഭിച്ച റിമാന്റ് ഉത്തരവ് കൈമാറിക്കൊണ്ട് പറഞ്ഞു.

'അയാള്‍ പിടിച്ചുനില്ക്കും. കാരണം അയാളുടെ ജനുസ് അത്രയ്ക്ക് പെക്കുലിയര്‍ ആണ്.'

'പോലീസ് സര്‍ജന്റെ മൊഴിയെടുക്കണം. സയന്റിഫിക് അസിസ്റ്റന്റിന്റെയും ഫിംഗര്‍ പ്രിന്റ് എക്‌സ്‌പെര്‍ട്ടിന്റെയും മൊഴി പറഞ്ഞശേഷം എഴുതിവെക്കാവുന്നതേയുള്ളൂ.'

ഞാന്‍ രണ്ടുപേരോടുമായി പറഞ്ഞു.

'ഈ കേസില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ റഷീദിന്റെയും പലചരക്ക് കടക്കാരന്‍ നാരായണനായിക്കിന്റെയും മൊഴികള്‍ ഉപകാരപ്പെട്ടേക്കാം.'

ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. 

'ഉം ശരിയാണ്. ബാക്കിയുള്ളത് സാഹചര്യത്തെളിവുകളാണ്. അതു വളരെ സ്‌ട്രോങ്ങുമാണ്. അങ്ങിനെയെങ്കില്‍ ഇനിയൊരു പത്തു പതിനഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ നമുക്ക് കുറ്റപത്രം സമര്‍പ്പിച്ചുകൂടെ?'
'കൊടുക്കാവുന്നതേയുള്ളൂ സാര്‍. പക്ഷേ എഴുതാന്‍ ഒരാളെ കൂടി വേണം. സി.ഡിയൊക്കെ അപ്‌ഡേറ്റ് ആക്കാനുണ്ട്,' ബാലകൃഷ്ണന്‍ തന്റെ ആശങ്ക പങ്കുവെച്ചു. 
'ശരി, ഞാന്‍ എബിനോടു സംസാരിക്കാം.' 

ഞാന്‍ വാച്ചില്‍ നോക്കിക്കൊണ്ട് പറഞ്ഞു. സമയം എട്ടര കഴിഞ്ഞിരിക്കുന്നു. ഇന്നെങ്കിലും കുറച്ചു നേരത്തെയെത്തി മോന്റെ കൂടെ അല്പനേരം ചെലവഴിക്കണം. 

'നാളെ അനില്‍ ഉണ്ടാവില്ല. വിക്രമന്‍, നിങ്ങള്‍ എന്നെക്കൂട്ടാന്‍ വീടു വരെയൊന്നു വരണം.'
'വരാം സാര്‍. പക്ഷേ ഞാനിന്നു നെറ്റ്ഡ്യൂട്ടിയാണ്.'

വിക്രമന്‍ പറഞ്ഞു.

'അന്വേഷണം കഴിയുംവരെ നിങ്ങളെ നൈറ്റിടരുതെന്ന് ഞാന്‍ പറഞ്ഞിരുന്നതാണല്ലോ.'

ഞാന്‍ ഫോണെടുത്തു എബിനെ ഡയല്‍ ചെയ്തു. ഫോണ്‍ റിങ് ചെയ്തു.

'നമസ്‌കാരം സാര്‍.'

'ഹാ...എബിന്‍. വിക്രമനെ കുറച്ചുനാളേക്ക് നൈറ്റും ജി.ഡിയും ഡ്യൂട്ടിയിടരുതെന്ന് ഞാന്‍ പറഞ്ഞിരുന്നതാണല്ലോ. എന്നിട്ട് ഇന്നയാള്‍ക്ക് നൈറ്റാണ്.'
'സോറി സാര്‍, ഞാനറിഞ്ഞിരുന്നില്ല. റൈറ്റര്‍ ഇട്ടതായിരിക്കും. കുഴപ്പമില്ല സാര്‍, അയാള്‍ നൈറ്റ് കയറണ്ട. ഞാനിന്ന് സബ്ഡിവിഷന്‍ നൈറ്റ് ചെക്കുണ്ട്. ഞാന്‍ നോക്കിക്കാളാം,'എബിന്‍ ഉത്തരവാദിത്വമേറ്റെടുത്തു. 

'ഓക്കേ, താങ്ക്യൂ.'

ഫോണ്‍ കട്ട് ചെയ്ത ശേഷം ബാലകൃഷ്ണനെയും വിക്രമനെയും കൂട്ടി ഞാന്‍ താഴേക്കിറങ്ങി. പുറത്ത് സ്റ്റേഷന്‍ ജീപ്പ് നില്പുണ്ട്. ജീപ്പില്‍ നിന്നും ജി.ഡി.ചാര്‍ജും പിന്നാലെ പവിത്രനും ഇറങ്ങി. പവിത്രന്റെ കാലുകള്‍ നിലത്തുറയ്ക്കുന്നില്ല. അയാള്‍ വീഴാതിരിക്കാന്‍ ജി.ഡിയുടെ ചുമലില്‍ പിടിച്ചിട്ടുണ്ട്. ലഹരിയുടെ സ്വാധീനത്തില്‍ അയാള്‍ ആരെയൊക്കെയോ ചീത്ത വിളിക്കുന്നുണ്ട്. എന്നെ കണ്ടതും കൈകൂപ്പി നിലം മുട്ടുമാറ് തൊഴുതശേഷം പറഞ്ഞു,

'തോമസ്‌സാറേ, ഞാന്‍ രണ്ടു ദിവസം സ്ഥലത്തില്ലാരുന്നു. അതുകൊണ്ടാ കാണാതിരുന്നത്.'

അയാള്‍ വെളുക്കെ ചിരിച്ചു.

ഞാന്‍ ഒന്നു ചിരിച്ച ശേഷം പുറത്തിറങ്ങി വണ്ടിയില്‍ക്കയറി. പഴയ ആളുകളെല്ലാം ഇപ്പോഴും എന്നെ അങ്ങനെയാണ് വിളിക്കാറ്.'തോമസ് സാര്‍,' അച്ഛന്റെ പേര്. ഞാനായിട്ടത് തിരുത്താനും പോവാറില്ല. ആദ്യമായി എസ്. ഐ. ആയി ഡ്യൂട്ടിക്കു വന്നപ്പോള്‍ തുടങ്ങി രണ്ടു വര്‍ഷത്തെ സേവനത്തിനു ശേഷം സ്ഥലം മാറി പോകുമ്പോള്‍ വരെ നാട്ടുകാര്‍ സ്‌നേഹത്തോടെ വിളിച്ചിരുന്ന പേരാണത്. അക്കാലത്ത് സര്‍ക്കാര്‍ ചാരായം നിരോധിച്ചതിന്റെ ആരംഭകാലഘട്ടമാണ്. അന്യ സംസ്ഥാനത്തു നിന്നുമുള്ള സ്പിരിറ്റ്, ചാരായക്കടത്ത് മാഫിയയുടെ ഇന്‍ഫോര്‍മന്റ് ആയിരുന്നു പവിത്രന്‍. ബോര്‍ഡറില്‍ വര്‍ക്ക് ഷോപ്പില്‍ ഹെല്‍പ്പിനു നിന്നിരുന്ന ചെക്കന്‍. പോലീസ്‌വാഹനം എപ്പോള്‍, ഏത് റൂട്ടില്‍ ഉണ്ടെന്നുള്ള കൃത്യമായ വിവരം അവന്‍ കള്ളക്കടത്തുകാര്‍ക്ക് കൈമാറും. ഓരോ ഇന്‍ഫര്‍മേഷനും നിശ്ചിതതുക കിട്ടും. ഒരു ദിവസം കാലത്ത് പത്രവിതരണത്തിനു പോയ അവന്റെ അച്ഛന്‍ വണ്ടിയിടിച്ച് റോഡില്‍ കിടന്ന് രക്തം വാര്‍ന്നു മരിച്ചു. ഇടിച്ച വണ്ടിയെക്കുറിച്ചുള്ള അന്വേഷണം ചെന്നെത്തിയത് പ്രമുഖ ചാരയക്കടത്തുകാരനായ രവി ഗൗഡയിലായിരുന്നു. ആ സംഭവത്തെക്കുറിച്ച് ചോദിക്കാന്‍ ചെന്ന പവിത്രനെയും ഗ്യാരേജ് ഉടമ രമേശനെയും രവിയുടെ ആളുകള്‍ മര്‍ദിച്ചവശരാക്കി. കുറേ നാളുകള്‍ പല ആശുപ്രതികളിലൂടെ ചികിത്സയ്ക്കായി അലഞ്ഞ ശേഷമാണ് ഒരു വിധം ജീവിതത്തിലേക്ക് തിരിച്ചുവന്നത്. പിന്നീടങ്ങോട്ട് ഞാന്‍ പിടിച്ച സ്പിരിറ്റ് കേസുകളുടെയും ചാരായ കേസുകളുടെയുമെല്ലാം പിന്നിലെ രഹസ്യവിവരം പവിത്രനില്‍നിന്നായിരുന്നു.

'ഞാനിറങ്ങട്ടെ സാര്‍..?'

ബാലകൃഷ്ണന്റെ ചോദ്യം കേട്ടാണ് ചിന്തയില്‍നിന്നുണര്‍ന്നത്. ബാലകൃഷ്ണന്റെ ക്വാര്‍ട്ടേഴ്‌സ് എത്തിയിരിക്കുന്നു. ചിന്ത പുറകോട്ടു പോയപ്പോള്‍ വണ്ടി സ്റ്റേഷനില്‍ നിന്നെടുത്ത് ഇത്ര ദൂരം സഞ്ചരിച്ചത് അറിഞ്ഞില്ല.

'ഓക്കെ, അപ്പോ നാളെ കാണാം.'

അന്ന് ഒന്‍പതു മണിക്കു മുന്‍പു തന്നെ വീട്ടിലെത്തി. കെവിന്‍ എന്നെയും കാത്ത് ഉറങ്ങാതെ ഇരിപ്പുണ്ട്. മറ്റന്നാള്‍ വരാമെന്നു പറഞ്ഞ് അനില്‍ തിരികെപ്പോയി. ഞാന്‍ മോന്റെ കൈയില്‍ പിടിച്ച് ഉളളിലേക്കു കയറി. കുളിച്ചു വൃത്തിയായി ഭക്ഷണത്തിനിരുന്നു.

'മോന്‍ കഴിച്ചോ?'

'അവന് നേരത്തെതന്നെ കൊടുത്താരുന്നു,' രേഷ്മ പാത്രത്തിലേക്ക് ചിക്കന്‍ സുക്ക വിളമ്പിക്കൊണ്ട് പറഞ്ഞു.

'എന്തായി ഗോപിയേട്ടന്റെ കാര്യം?'

'ഓ. ഞാനത് പറയാന്‍ വിട്ടു. ഇന്ന് അയാളെ ഹാജരാക്കി. കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ്   ചെയ്ത് സബ് ജയിലിലാക്കി.'
'അയ്യോ, പാവം. എന്നിട്ട് ഈ കാര്യം വീട്ടില്‍ അറിയിച്ചോ?'

രേഷ്മയുടെ ചോദ്യത്തില്‍ വല്ലാത്തൊരു ഉത്കണ്ഠ നിഴലിക്കുന്നുണ്ട്.

'അറിയിച്ചാലോ എന്ന് ഞാന്‍ രണ്ടു മൂന്നു പ്രാവശ്യം ആലോചിച്ചതാണ്. ഇങ്ങനെയൊരു കാര്യം അറിയിക്കാന്‍ പക്ഷേ മനസ്സുവരുന്നില്ല. നാളെയോ മറ്റോ ശങ്കുണ്ണിയേട്ടനെ വിളിച്ച് ഒന്ന് ഇവിടംവരെ വരാന്‍ പറയാം. എല്ലാ കാര്യങ്ങളും നേരില്‍ കാണുമ്പോള്‍ പറയാം.'

'ഒന്നാലോചിക്കുമ്പോള്‍ അത് തന്നെയാ നല്ലത്.'

രേഷ്മയും ആ അഭിപ്രായത്തോടു യോജിച്ചു. ഭക്ഷണം കഴിച്ചശേഷം ഞാന്‍ കെവിന്റെ സ്‌കൂളിലെ കഥകള്‍ കേള്‍ക്കാനിരുന്നു. ഷീല മിസ്സിന്റെയും ഗോമതി മാഡത്തിന്റെയും അരുണ്‍ സാറിന്റെയും ക്ലാസുകള്‍ അവന്‍ എന്റെ മുന്‍പില്‍ അവതരിപ്പിച്ചു. അതു കഴിഞ്ഞ് അവനു പറഞ്ഞുകൊടുത്ത പഞ്ചതന്ത്രം കഥകള്‍ക്കിടയില്‍ എപ്പോഴോ ഞങ്ങള്‍ രണ്ടുപേരും ഉറങ്ങിപ്പോയി. മോനെ എടുത്തുകൊണ്ടുപോയി കിടത്തിയ ശേഷം രേഷ്മ എന്നെ വിളിച്ചുണര്‍ത്തി ബെഡ്‌റൂമിലെത്തിച്ചു. പായയില്‍നിന്നും എഴുന്നേറ്റ് തോളില്‍ പുസ്തകസഞ്ചിയുമായി ശ്യാമളയുടെ കൈ പിടിച്ച് ഇരുമ്പഴികള്‍ക്കിടയിലൂടെ പുറത്തിറങ്ങി. ചെമ്മാട് ജമായത്ത് സ്‌കൂളിനു മുന്നിലെത്തിയപ്പോഴേക്കും ശ്യാമളയെ കാക്കിയിട്ട കുറേപ്പേര്‍ ചേര്‍ന്ന് ഓടിച്ചുകൊണ്ടു പോകുന്നതു കണ്ടു. ഞാന്‍ അലമുറയിട്ടെങ്കിലും അവര്‍ ഓടിമറഞ്ഞു. പിന്നാലെ ഓടാന്‍ ശ്രമിച്ചെങ്കിലും കാലുകളില്‍ ചങ്ങലയിട്ട് ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ അനങ്ങാന്‍ സാധിക്കുന്നില്ല. ഞാന്‍ പിടഞ്ഞെഴുന്നേറ്റു. 
ചുറ്റും ഇരുട്ടാണ്. കൈകൊണ്ട് പരതിനോക്കി. തൊട്ടപ്പുറത്ത് കെവിന്‍ കിടപ്പുണ്ട്. അതിനപ്പുറം രേഷ്മയും. എഴുന്നേറ്റ് ലൈറ്റിടാതെ ഊണുമുറിയിലെത്തി ജഗ്ഗില്‍നിന്നും വെള്ളമെടുത്ത് കുടിച്ചു. സ്വീകരണമുറിയിലെത്തി റിമോട്ടെടുത്ത് ടിവി ഓണാക്കി കുറച്ചു നേരം ചാനലുകള്‍ മാറ്റി മാറ്റി നോക്കി മനസ്സൊന്ന് ശാന്തമാക്കിയ ശേഷം തിരിച്ച് ബെഡ്ഡില്‍ വന്നു കിടന്നു.

(തുടരും)

മുൻ ഭാഗങ്ങൾ വായിക്കാം