മയക്ലിപ്തതയുടെ കാര്യത്തില്‍ അനിലിനെ വെല്ലാന്‍ ജില്ലയിലെ മറ്റൊരു ഡ്രൈവര്‍മാര്‍ക്കും ആകുമെന്നു തോന്നുന്നില്ല. അയാള്‍ കൃത്യം 9.30നു തന്നെ ഗേറ്റിനു മുന്നിലെത്തി. അനിലിനെ കണ്ടതും കെവിന്‍ ഓടിച്ചെന്ന് ഗേറ്റ് തുറന്ന് സല്യൂട്ട് ചെയ്തു. അതൊരു പതിവാണ്. അയാള്‍ തിരിച്ച് അഭിവാദ്യം ചെയ്ത ശേഷം വണ്ടി ഉള്ളിലേക്കു കയറ്റി പിന്നോട്ടെടുത്ത ശേഷം പോര്‍ച്ചില്‍ നിര്‍ത്തി. ഞാന്‍ അടുക്കളയില്‍ നിന്നുതന്നെ ബ്രേക്ക്ഫാസ്റ്റ് കഴിച്ച് ശേഷം കൈയും മുഖവും കഴുകി തുടച്ച് സിറ്റൗട്ടിലേക്കു വന്നു. തൊപ്പിയും ബാഗും പിടിച്ച് കെവിന്‍ അവിടെ കാത്തുനില്പുണ്ട്. അവന്റെ കവിളില്‍ ഉമ്മ കൊടുത്ത ശേഷം തൊപ്പിയും ബാഗുമെടുത്ത് വണ്ടിയില്‍ കയറി. 

'നേരെ ഡി.പി.ഒയിലേക്ക് വിട്ടോ...'

അനില്‍ വണ്ടി പുറത്തിറക്കി മുന്നോട്ടു നീങ്ങി. 'നാളത്തെ മൂകാംബിക ട്രിപ്പ് എങ്ങനെയാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്?' 
വിന്‍ഡോ ഗ്ലാസ് താഴ്ത്തിക്കൊണ്ട് ഞാന്‍ ചോദിച്ചു. 

'എന്റെ ഒരു ഫ്രന്‍ഡിന്റെ വണ്ടി തരാമെന്നു പറഞ്ഞിട്ടുണ്ട്. അതാവുമ്പോ ഡീസല്‍ അടിച്ചാല്‍ മാത്രം മതിയല്ലോ.' 
'ഉം...എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ പറയണം.'

എസ്.പിയുടെ മുന്‍പില്‍ അവതരിപ്പിക്കേണ്ട കാര്യങ്ങള്‍ ഓരോന്നായി ഞാന്‍ മനസ്സില്‍ ഓര്‍ഡറാക്കി വെച്ചു. ഡി.പി.ഒ. ഗേറ്റ് കടന്നപ്പോള്‍ മാത്രമാണ് ചിന്തയില്‍നിന്ന് ഉണര്‍ന്നത്. എസ്.പി. ഓഫീസിനു മുന്നില്‍ ഇന്നോവ കിടപ്പില്ല.

'എസ്.പിയദ്ദേഹം എത്തിട്ടില്ലെന്നു തോന്നുന്നു സാര്‍.'
'സാരമില്ല. നമുക്ക് വെയ്റ്റ് ചെയ്യാം.'

അനില്‍ ഡി.പി.ഒയുടെ മുന്നില്‍ വണ്ടി നിര്‍ത്തി. ഞാന്‍ തൊപ്പിയെടുത്ത് തലയില്‍ വെച്ച് പുറത്തിറങ്ങി. പാറാവുകാരെ നോക്കി കൈ ഉയര്‍ത്തിക്കാണിച്ച ശേഷം സ്റ്റെപ്പിലൂടെ മുകളിലേക്കു കയറി. ഭാഗ്യം. കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് വന്നിട്ടുണ്ട്.
'സാര്‍ എത്തിയില്ല അല്ലേ..?'
'സാറ് രാവിലെ മേക്കുന്ന് സ്റ്റേഷനിലേക്കു പേയാരിക്കുകയാ. അവിടെ ഒരു ജ്വല്ലറിയില്‍ തെഫ്റ്റ് അറ്റംപ്റ്റ് നടന്നിട്ടുണ്ട്.' സി.എ. കംപ്യൂട്ടറില്‍ നിന്നും മുഖമുയര്‍ത്തിപ്പറഞ്ഞു.

'ഓ... അതെയോ. ഇന്ന് സാട്ട അറ്റന്റ് ചെയ്യാതിരുന്നതുകൊണ്ട് ഒന്നും അറിഞ്ഞില്ല. അന്വേഷണം കഴിഞ്ഞ് ഇന്നലെ ലേറ്റ് നൈറ്റ് ആണെത്തിയത്. '

മറുപടി പറഞ്ഞ ശേഷം ഞാന്‍ മേശമേല്‍ കിടന്ന ദിനപത്രത്തിലൂടെ കണ്ണോടിച്ചു. 'ഇനീപ്പോ വരാന്‍ ലേറ്റാവുമായിരിക്കും ല്ലേ..?' 

'അറിയില്ല. ഒന്ന് വിളിച്ചു നോക്കിക്കോളൂ...'
'ഞാന്‍ വിളിച്ചോളാം.'

സി.എയോട് കാണാമെന്നു പറഞ്ഞ് ഞാന്‍ താഴേക്കിറങ്ങി. താഴെ കാര്‍ പോര്‍ച്ചില്‍ ഡിവൈ.എസ്.പി. വണ്ടി നിര്‍ത്തിയിട്ട് ആരോടോ കയര്‍ത്ത് സംസാരിക്കുകയാണ്. ഞാന്‍ അദ്ദേഹത്തിന്റെ അടുത്തു ചെന്ന് സല്യൂട്ട് ചെയ്തു. അദ്ദേഹം സംസാരം തുടര്‍ന്നുകൊണ്ടുതന്നെ കൈ ഉയര്‍ത്തിക്കാണിച്ചു. ഫോണ്‍ കട്ട് ചെയ്തശേഷം ചോദിച്ചു,

'എന്തായി പോയ കാര്യങ്ങള്‍ ..?'
'മുഴുവന്‍ ചരിത്രവും കണ്ടെത്തി സാര്‍, ഒരു വല്ലാത്ത സംഭവം തന്നെ. '
'അപ്പോ ഇനി ചരിത്രകാരനാകാനുള്ള പുറപ്പാടായിരിക്കും. അല്ലേ..?'

അദ്ദേഹത്തിന്റെ വാക്കുകളിലെ പുച്ഛം വകവെക്കാതെ ഞാന്‍ പറഞ്ഞു:

'ഈ ചരിത്രമെഴുതിയാല്‍ ഒരു അവാര്‍ഡ് ഒറപ്പാ സാര്‍.'
'ഉം. എഴുതിക്കോ... എഴുതിക്കോ... ഒടുവില്‍ അന്വേഷണഫയല്‍ പരിശോധിക്കുമ്പോള്‍ പി.ആര്‍. ആകാതിരുന്നാല്‍ മതി.'
'സൂക്ഷിക്കാം സാര്‍. '

കൂടുതല്‍ സംസാരിച്ചാല്‍ ബന്ധം വഷളാകും എന്നുള്ളതുകൊണ്ട് നല്ലൊരു സല്യൂട്ട് കൊടുത്ത് ഞാന്‍ തിരിച്ച് വണ്ടിയില്‍ കയറി.

'ഡിവൈ.എസ്.പി. സാറ് കാലത്തെ നല്ല ചൂടിലാണല്ലോ..?'

അനില്‍ വണ്ടി മുന്നോട്ടെടുത്തുകൊണ്ടു ചോദിച്ചു.

'ഓ... പുള്ളി കാലത്തു മാത്രമല്ലല്ലോ എപ്പഴും അങ്ങനെത്തന്നല്ലേ..?'

ഫോണെടുത്ത് എസ്.പിയുടെ നമ്പര്‍ ഡയല്‍ ചെയ്തു. ഫോണ്‍ റിങ് ചെയ്യുന്നുണ്ടെങ്കിലും അറ്റന്‍ഡ് ചെയ്യുന്നില്ല. ഒരുപക്ഷേ തിരക്കിലാവും. ഫോണ്‍ കട്ട് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ത്തന്നെ മെസേജ് വന്നു. 'വില്‍ കാള്‍ യു ലേറ്റര്‍.'

ഓ, അദ്ദേഹം എന്തൊരു ജന്റിലാണ്. ഇതാണ് ലീഡര്‍ഷിപ്പ് ക്വാളിറ്റി. ഞാന്‍ മനസ്സില്‍പ്പറഞ്ഞു.

വണ്ടി പുതിയങ്ങാടി കഴിഞ്ഞപ്പോള്‍ ബാലകൃഷ്ണന്റെ വിളി വന്നു.  

'സാര്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് എഴുതട്ടെ സാര്‍?' 

'ഹാ... ബാലകൃഷ്ണാ. നമുക്ക് ഉച്ചയ്ക്കു ശേഷം പ്രൊഡ്യൂസ് ചെയ്യാം.'

ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.

വണ്ടി സ്റ്റേഷനു മുന്നിലെത്തിയപ്പോള്‍ അവിടെ പതിവുപോലെ പരാതിക്കാരുടെ തിരക്കാണ്. പുറത്തിറങ്ങിയപ്പോള്‍ ജി.ഡി. ചാര്‍ജ് ഓടിവന്ന് അറ്റന്‍ഷനായ ശേഷം പറഞ്ഞു,

'സാര്‍, ബാലകൃഷ്ണനൊക്കെ മുകളിലുണ്ട്.' 

സ്റ്റെപ്പിലേക്കു നടക്കുമ്പോള്‍ അകത്ത് എബിന്‍ പെറ്റിഷന്‍ ഡിസ്‌പോസല്‍ നടത്തുകയാണ്. ഒരു സ്ത്രീയും രണ്ടു പുരുഷന്മാരും എതിര്‍വശത്ത് ഇരിപ്പുണ്ട്. എന്നെക്കണ്ട് എബിന്‍ എഴുന്നേറ്റു. ഇരിക്കാന്‍ ആംഗ്യം കാണിച്ചശേഷം ഞാന്‍ മുകളിലേക്കു കയറി. മുകളിലത്തെ ഹാളില്‍ ബാലകൃഷ്ണന്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയാണ്.

രണ്ടു പോലീസുകാര്‍ ഗോപിയുടെ ഫിംഗര്‍ പ്രിന്റ് എടുക്കുന്നു.

'ഗോപിയേട്ടാ... ക്ഷീണമൊക്കെ കുറഞ്ഞോ..?'

എന്റെ ശബ്ദം കേട്ട് അയാള്‍ തിരിഞ്ഞു നോക്കി. 

'ഓ... കുഴപ്പമില്ല സാറേ.'

ഗോപി ചിരിക്കാന്‍ ശ്രമിച്ചു.

ബാലകൃഷ്ണന്‍ എഴുന്നേറ്റ് അറ്റന്‍ഷനായി. ഞാനൊരു കസേര വലിച്ച് ജനാലയ്ക്കരികിലുള്ള മേശയോടു ചേര്‍ത്ത് അതിലിരുന്നു. മൊബൈല്‍ ഫോണില്‍ മിസ്ഡ് കോളുകള്‍ ഒന്നും ഇല്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷം അത് മേശപ്പുറത്തു വെച്ചു. ജനാലയിലൂടെ ഒരു തണുത്ത കാറ്റു വീശി. എവിടെയോ മഴ പെയ്യുന്നുണ്ടെന്നു തോന്നുന്നു. പുറത്ത് നല്ല ശാന്തമായ തെളിഞ്ഞ അന്തരീക്ഷം. അവിടവിടായി വെള്ളിമേഘങ്ങള്‍ ഒഴുകി നടക്കുന്നുണ്ട്. ബാലകൃഷ്ണന്‍ റിപ്പോര്‍ട്ടുകള്‍ എന്റെ മുന്നില്‍ വെച്ചു. റിപ്പോര്‍ട്ട് വായിച്ചു നോക്കി ഒപ്പുവെക്കുന്നതിനിടയില്‍ ഫോണ്‍ റിങ് ചെയ്തു. 

'സാര്‍, എസ്.പിയാണ്.'

ബാലകൃഷ്ണന്‍ ഫോണെടുത്ത് എനിക്കു തന്നു.

'നമസ്‌കാരം സാര്‍, സാബുവാണ്.'

'യെസ്, പറയൂ സാബു. എങ്ങിനെയായി കാര്യങ്ങള്‍..?'

പുറപ്പെട്ടതു മുതലുള്ള എല്ലാ കാര്യങ്ങളും ചുരുക്കി ഞാന്‍ എസ്.പിയെ ധരിപ്പിച്ചു. 'വെല്‍ ഡണ്‍ സാബു. എവരിതിങ് ഫൈന്‍, ബട്, വീ ആര്‍ ഓണ്‍ ദ പ്രോസിക്യൂഷന്‍ സൈഡ്, സോ ഇന്‍വെസ്റ്റിഗേഷന്‍ ഷുഡ് ബീ പക്കാ. ഓക്കേ?' 

അദ്ദേഹം ഫോണ്‍ കട്ട് ചെയ്തു. അല്ലെങ്കിലും അദ്ദേഹത്തിന് അതല്ലേ പറയാനാവൂ. ഞാനാകെ ധര്‍മസങ്കടത്തിലായി. അന്വേഷണം കൃത്യമായാല്‍ ഗോപി ശിക്ഷിക്കപ്പെടും. അന്വേഷണത്തില്‍ പാളിച്ച കണ്ടെത്തിയാല്‍ അത് എന്റെ ഭാവി ഔദ്യോഗികജീവിതത്തെ പ്രതികൂലമായി ബാധിക്കും. റിപ്പോര്‍ട്ടുകളെല്ലാം ഒപ്പിട്ട ശേഷം ഞാന്‍ ഗോപിയെ നോക്കി.

'ഗോപിയേട്ടാ ഇന്ന് ഞങ്ങള്‍ നിങ്ങളെ കോടതിയില്‍ ഹാജരാക്കും. എത്രയും പെട്ടെന്ന് വിചാരണ തുടങ്ങാനുള്ള എല്ലാ ശ്രമവും ഞങ്ങള്‍ നടത്തും. വിഷമിക്കേണ്ട.'
'എനിക്കത് അറിയാം സാര്‍.'

അയാള്‍ നിറഞ്ഞ മനസ്സോടെ പറഞ്ഞു. ഈ സമയം വിക്രമന്‍ അവിടേക്ക് കടന്നുവന്നു. 
'വിക്രമാ നിങ്ങള്‍ കൂടി ഇവരോടൊപ്പം കോടതിയില്‍ പോകണം.' 
'ഉവ്വ് സാര്‍.'
ഭക്ഷണം കൊടുത്ത് രണ്ടു മണിയോടെ ഗോപിയെ വിക്രമന്റെയും രണ്ടു പോലീസുകാരുടെയും എസ്‌കോര്‍ട്ടില്‍ കോടതിയിലേക്ക് അയച്ചു. 

(തുടരും)

മുൻ ഭാഗങ്ങൾ വായിക്കാം