പോലീസ്‌വാഹനം ചെമ്മാട് സ്‌കൂളിനു മുന്നിലൂടെ നീങ്ങുകയാണ്. ഗോപി ഇപ്പോഴും കണ്ണുകളടച്ച് തല താഴ്ത്തിയിരിക്കുകയാണ്. എല്ലാവരും അയാള്‍ക്ക് ശല്യമുണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഞാന്‍ പുറത്തേക്കു നോക്കിയിരുന്നു. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് അറ്റുപോയ തലമുറയുടെ കണ്ണികള്‍ കൂട്ടിയോജിപ്പിക്കാനായപ്പോള്‍ വിധി മറ്റൊരു രൂപത്തില്‍ വീണ്ടും തടസ്സം നില്ക്കുകയാണ്.
ചിന്തയുടെ ലോകത്തുനിന്നും പുറത്തു കടക്കാനാവുന്നേയില്ല. ഉറ്റവരുടെയടുത്തേക്കുള്ള തിരിച്ചുപോക്ക് അയാള്‍ക്കിനി സാധ്യമാണോ? ആവോ, ഒരു എത്തുംപിടിയും കിട്ടുന്നില്ല. എല്ലാം ഒരു സ്വപ്ന മെന്നരീതിയില്‍ മറക്കാന്‍ ശ്രമിക്കുമ്പോള്‍ നിറഞ്ഞൊഴുകുന്ന ശ്യാമളയുടെ കണ്ണുകളും നെഞ്ചു തിരുമ്മുന്ന ശങ്കുണ്ണി നമ്പ്യാരുടെ മുഖവും ദാക്ഷായണിയമ്മയും രേണുകയുമെല്ലാം തൊട്ടു മുന്‍പില്‍. സര്‍വീസ് റൂളുകളുടെ വേലിക്കെട്ടുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് എനിക്കെന്തു ചെയ്യാനാകും? എന്തെങ്കിലും ചെയ്തില്ലെങ്കില്‍ മനസ്സാക്ഷിയുടെ കോടതിയില്‍ പിടിച്ചുനില്ക്കാനാവാതെ വരും! പോലീസ്‌വണ്ടി ചുരമിറങ്ങി നിരപ്പായ റോഡിലൂടെ അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയാണ്. കുറച്ചു മുന്നിലായി റോഡിന് ഇടതു വശത്തായി കഴിഞ്ഞ ദിവസം ഊണു കഴിക്കാന്‍ കയറിയ നാടന്‍ ഹോട്ടല്‍ കാണുന്നുണ്ട്.

'നമുക്കൊരു ചായ കുടിച്ചാലോ?'
'ശരി സാര്‍.'

അനില്‍ വണ്ടി മുന്നോട്ടു നീക്കി കടയുടെ അരികുചേര്‍ത്ത് നിര്‍ത്തി. കടയുടെ വാതില്‍ അടഞ്ഞു കിടക്കുകയാണ്. വിക്രമന്‍ മാത്രം പുറത്തിറങ്ങി. ആരെയും കാണുന്നില്ല. കടയുടെ മുറ്റത്ത് കരിയിലകള്‍ വീണുകിടപ്പുണ്ട്. എന്തു പറ്റി? എതിര്‍വശത്തുനിന്നും ഒരാള്‍ സൈക്കിള്‍ ചവിട്ടി വരുന്നുണ്ട്. വിക്രമന്‍ കൈ വീശി. സൈക്കിള്‍ യാത്രികന്‍ സൈക്കിള്‍ നിര്‍ത്തി ഇടതു കാല്‍ നിലത്തമര്‍ത്തി നിന്ന ശേഷം സംശയത്തോടെ ഞങ്ങളെയും പോലീസ്ജീപ്പും മാറി മാറി നോക്കി.

'ഇവരെവിടെപ്പോയി? തുറന്നിട്ടില്ലല്ലോ?' 
'അറിഞ്ഞില്ലേ? ആള് തീര്‍ന്നു. അറ്റാക്കാരുന്നു. ഇന്നലെ!  അല്ല. മിനിഞ്ഞാന്ന് രാത്രിയില്‍. രണ്ടു ദിവസമായി അടച്ചിട്ടിരിക്കുകയാണ്. ഇനി തുറക്കാന്‍ സാധ്യതയില്ല.'
'ദൈവമേ...'

തരിച്ചുപോയി. വിക്രമന്‍ തിരികെ വണ്ടിയില്‍ക്കയറി.

'ഈശ്വരാ...അയാള്‍ക്കെന്തു പറ്റി. അങ്ങോട്ടു പോയപ്പോള്‍ നല്ല ഉഷാറായി നിന്നിരുന്നതാണല്ലോ? എത്ര കൃത്യമായാണ് നമുക്ക് അയാള്‍ വഴി പറഞ്ഞുതന്നത്?' എനിക്ക് വിശ്വസിക്കാനാവുന്നില്ല.
'എന്തോ... എനിക്കങ്ങോട്ട്... ശരിക്കും നമുക്ക് വഴി പറഞ്ഞു തരാന്‍ വേണ്ടി മാത്രം അയാള്‍ക്ക് ആയുസ്സ് നീട്ടിക്കൊടുത്തതുപോലെ...' വിക്രമന്‍ പറഞ്ഞു.
'ശരിയാ സാര്‍. ഈ കാലത്തിന്റെ ഒരു പോക്ക്. ഒന്നും മനസ്സിലാകുന്നില്ല.'

ബാലകൃഷണന്‍ അസ്വസ്ഥനായി. ഗോപി ഒന്നും സംസാരിച്ചില്ല. വണ്ടി ബൈപ്പാസ് കടന്ന് മുന്നോട്ടു നീങ്ങി. ഇരുവശത്തും ഒരുപാട് തട്ടുകടകള്‍ കാണുന്നുണ്ടെങ്കിലും ആര്‍ക്കും ചായ കുടിക്കാന്‍ തോന്നിയില്ല. വല്ലാത്തൊരു മൂകത വണ്ടിക്കുള്ളില്‍ നിറഞ്ഞു നിന്നു. ഇരുട്ടിനെ പകുത്തു മാറ്റി വാഹനം മുന്നോട്ടു കുതിച്ചു. ജില്ലാതിര്‍ത്തി കടന്ന് കുറച്ചു മുന്നോട്ടെത്തിയപ്പോള്‍ ഗോപി വല്ലാതെ അസ്വസ്ഥനായതുപോലെ ബാലകൃഷ്ണനു തോന്നി. അയാള്‍ ഇടയ്ക്കിടയ്ക്ക് ഗോപിയെ നോക്കുന്നുണ്ട്. ഗോപി അപ്പോഴും കണ്ണടച്ചിരിക്കുകയാണ്. അയാളുടെ മുഖത്ത് വിയര്‍പ്പു പൊടിഞ്ഞിട്ടുണ്ട്.

'ഗോപിയേട്ടാ.'


ബാലകൃഷ്ണന്‍ വിളിച്ചു. അയാള്‍ വേദന കടിച്ചമര്‍ത്തുന്നതുപോലെ തോന്നി. നാട്ടില്‍നിന്നുള്ള അകലം കൂടുംതോറും അയാള്‍ മാനസികമായി തളര്‍ന്നുപോകുകയാണെന്നു തോന്നുന്നു. 

'ഗോപിയേട്ടാ. വിഷമിക്കാതെ.'

ബാലകൃഷ്ണന്‍ ഗോപിയുടെ തോളില്‍ തട്ടി അയാളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. അയാള്‍ ബാലകൃഷ്ണന്റെ തോളിലേക്കു വീണു.

'സര്‍. ഗോപിയേട്ടന്‍.'

ഞാന്‍ നടുക്കത്തോടെ തിരിഞ്ഞു നോക്കി. 'അയ്യോ... എന്തുപറ്റി?'

ഞാന്‍ പിന്നിലേക്കു കൈ നീട്ടി ഗോപിയെ തട്ടിവിളിച്ചു. അയാള്‍ ഞരങ്ങുന്നുണ്ട്.

'അനില്‍ വേഗം വിടൂ... വണ്ടി അടുത്തുള്ള ഏതെങ്കിലും ഹോസ്പിറ്റലിലേക്ക് വിട്ടോ...'

അനില്‍ വണ്ടിയുടെ വേഗത കൂട്ടി. കണിയൂര്‍ ടൗണില്‍ പോലീസ് സ്റ്റേഷന്റെ എതിര്‍വശത്തുള്ള എന്‍.എച്ച്.എം. സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ കാഷ്വാലിറ്റിക്കു മുന്‍പില്‍ വണ്ടി നിര്‍ത്തി. പോലീസ്‌വാഹനം കണ്ട് സെക്യൂരിറ്റി ജീവനക്കാരന്‍ ഓടിവന്നു. പെട്ടെന്നൊരു സ്ട്രച്ചര്‍ കൊണ്ടുവരാന്‍ ഞാന്‍ വിളിച്ചു പറഞ്ഞു. ഉടനെത്തന്നെ രണ്ട് അറ്റന്‍ഡര്‍മാര്‍ സ്ട്രച്ചറുമായെത്തി. വിക്രമനും ബാലകൃഷ്ണനും ചേര്‍ന്ന് ഗോപിയെ സ്ട്രച്ചറില്‍ കിടത്തി. കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ ഗോപിയെ വിശദമായി പരിശോധിച്ച് ഒരു ഇന്‍ജക്ഷന്‍ കൊടുക്കാന്‍ നിര്‍ദേശിച്ച ശേഷം എന്റെ അടുത്തെത്തി. ഞാന്‍ യാത്രയുടെ വിശദാംശങ്ങള്‍ ഡോക്ടറുമായി പങ്കുവെച്ചു.

'പ്രഷര്‍ കുറച്ച് കൂടുതലുണ്ട്. ഒരുപാട് ടെന്‍ഷനുള്ള വ്യക്തിയായതു കൊണ്ടാവും. മറ്റു കുഴപ്പങ്ങളൊന്നുമില്ല. വേണ്ട മെഡിസിന്‍ ഞാന്‍ എഴുതിയിട്ടുണ്ട്. യാത്ര തുടരുന്നതില്‍ കുഴപ്പമില്ല.'
ഞാന്‍ എഴുന്നേറ്റ് ഗോപിയുടെ അടുത്തെത്തി. അയാള്‍ ബെഡ്ഡില്‍ എഴുന്നേറ്റിരിപ്പുണ്ട്.

'ഒരേ ഇരുപ്പ് ഇരുന്നതുകൊണ്ടാണെന്നു തോന്നുന്നു, വല്ലാത്തൊരു വിമ്മിട്ടമായിരുന്നു. ഇപ്പം ശരിയായി സാര്‍.'

അയാള്‍ ബെഡ്ഡില്‍നിന്നും ഇറങ്ങാന്‍ ശ്രമിച്ചു. വിക്രമന്‍ അയാളെ സഹായിച്ചു. ബാലകൃഷ്ണന്‍ മരുന്നുകള്‍ വാങ്ങിയ ശേഷം എല്ലാവരും പോലീസ്‌വണ്ടിയില്‍ കയറി ആശുപത്രിയുടെ പുറത്തേക്കിറങ്ങി. ഞാന്‍ മൊബൈല്‍ ഫോണെടുത്ത് ഡയല്‍ ചെയ്തു. അപ്പുറത്ത് ബെല്ലടിക്കുന്നുണ്ട്. മറുവശത്ത് ജില്ലാ പോലീസ് മേധാവിയാണ്.

'നമസ്‌കാരം സാര്‍. സാബുവാണ്...'

തിരിച്ചെത്തിയ വിവരം ഞാന്‍ അദ്ദേഹത്തെ ധരിപ്പിച്ചു.

'ശരി സര്‍, നാളെ കാലത്തു തന്നെ ഞാനെത്തിക്കോളാം സാര്‍.'

വണ്ടി പുതിയങ്ങാടിയില്‍നിന്നും ഇടത്തേക്കു തിരിഞ്ഞ് മുന്നോട്ടു നീങ്ങി. അമ്പലത്തിനു മുന്നിലൂടെ കടന്ന് കയറ്റം കയറി ഗേറ്റിലൂടെ വേലേശ്വരം പോലീസ് സ്റ്റേഷന്റെ മുന്നിലെത്തി നിന്നു. വാഹനം കണ്ട് ജി.ഡി.ചാര്‍ജ് ഡ്യൂട്ടിയിലുള്ള എ.എസ്.ഐ. രാഘവന്‍ പെട്ടെന്ന് പുറത്തേക്കിറങ്ങി വന്ന് സല്യൂട്ട് ചെയ്തു. 

'ഭാര്യയ്ക്ക് എങ്ങനുണ്ട്?' 

വണ്ടിയില്‍നിന്ന് ഇറങ്ങുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു.

'കുറവുണ്ട് സാര്‍. മരുന്നു കഴിക്കുന്നുണ്ട്.'

ബാലക്യഷ്ണനും വിക്രമനും ചേര്‍ന്ന് ഗോപിയെ ലോക്കപ്പിനടുത്തേക്കു കൊണ്ടുപോയി. അനില്‍ വണ്ടിയില്‍നിന്നിറങ്ങി കൈകളും കാലുകളും നിവര്‍ത്തി റിലാക്‌സാകാന്‍ ശ്രമിക്കുകയാണ്.

'എസ്.ഐ?'

'ഇപ്പോ ഇറങ്ങിയതേയുളളു സാര്‍'

പാറാവുകാരനാണ് മറുപടി പറഞ്ഞത്.വിക്രമന്‍ ഗോപിയെ ലോക്കപ്പിനുള്ളിലേക്കു കയറ്റി. 

'ഡെറിയോ പായയോ മറ്റോ ഇരിപ്പുണ്ടോ ഇവിടെ?'

ഞാന്‍ രാഘവനോടു ചോദിച്ചു.

'നോക്കാം സാര്‍.'

രാഘവന്‍ സ്റ്റെപ്പിലൂടെ മുകളിലേക്കു കയറി.  ഞാന്‍ ഗോപിയുടെ അടുത്തക്കു ചെന്നു.

'ഭക്ഷണത്തിനു ശേഷം മരുന്ന് കൃത്യമായി കഴിക്കണം. ഭക്ഷണം എന്താ കഴിക്കാന്‍ തോന്നുന്നത്?'
'ഓ...എനിക്കൊന്നും വേണ്ട സാര്‍,'

ഗോപി പറഞ്ഞു

'അതു പറ്റില്ല മരുന്ന് കഴിക്കാനുള്ളതാണ്.'

ബാലകൃഷ്ണന്‍ ഇടപെട്ടു. ഗോപി ബാലകൃഷ്ണനെ നോക്കി.

'രണ്ടു ചപ്പാത്തിയായാലോ.'

മറുപടിയായി ഗോപി തലയാട്ടി. ഞാന്‍ പഴ്‌സില്‍നിന്നും ഒരു നൂറു രൂപയെടുത്ത് വിക്രമന്റെ നേര്‍ക്കു നീട്ടി.

'വേണ്ട സാര്‍, എന്റെ കൈയിലുണ്ട്.'

അയാള്‍ പുറത്തിറങ്ങി ബൈക്കെടുത്ത് സ്റ്റേഷനു പുറത്തേക്കു പോയി. മുകളില്‍നിന്നും ഒരു പായയും ഡെറിയുമായി രാഘവന്‍ എ.എസ്.ഐ. ഇറങ്ങിവന്നു.

'രണ്ടുമുണ്ട് സാര്‍.'

അയാള്‍ പായും ഡെറിയും ഉയര്‍ത്തിക്കാട്ടി. 'ഹാ... അത് നന്നായി. രണ്ടും കൊടുത്തേക്ക്.'

രാഘവന്‍ ഡെറിയുടെ മുകളില്‍ പായ വിരിച്ച് കൊടുത്ത ശേഷം ലോക്കപ്പിനു പുറത്തിറങ്ങി. 

'സര്‍, ഭക്ഷണം പറയട്ടെ?'

'ഞാന്‍ വീട്ടില്‍ ചെന്നിട്ട് കഴിച്ചോളാം. ഗോപിയുടെ ഭക്ഷണം വാങ്ങാന്‍ വിക്രമന്‍ പോയിട്ടുണ്ട്.

'അയ്യോ... നമ്മുടെ മുസ്തഫയുടെ തട്ടുകടയില്‍ വിളിച്ചു പറഞ്ഞാല്‍ അവനിവിടെ എത്തിക്കുമായിരുന്നു.'

'ഹാ... അത് സാരമില്ല. അയാള്‍ക്കും കഴിക്കണമായിരിക്കും.'

ഗോപി ലോക്കപ്പിന്റെ ഭിത്തിയില്‍ ചാരി ഇരിക്കുകയാണ്.ഞാന്‍ രാഘവനെയും വിളിച്ച് പുറത്തിറങ്ങി.

'അയാള്‍ ഒരു വല്ലാത്ത അവസ്ഥയിലാണ്. പ്രത്യേക ശ്രദ്ധ വേണം.'
'പേടിക്കേണ്ട സാര്‍. ഞാന്‍ നോക്കിക്കോളാം.'
'എങ്കില്‍ ഞാനിറങ്ങുകയാണ്.'

ഞാന്‍ ജീപ്പിലേക്കു കയറി. ബാലകൃഷ്ണന്‍ ഗോപിയോടു യാത്ര പറഞ്ഞ ശേഷം ഓടിവന്ന് വണ്ടിയില്‍ കയറി. വണ്ടി മുന്നോട്ടു നീങ്ങി. അമ്പലത്തിന്റെ മുന്നിലുള്ള റോഡില്‍ വെച്ച് വിക്രമന്റെ ബൈക്ക് കണ്ടു. അനില്‍ വണ്ടിയുടെ വേഗത കുറച്ചു. 

'ഇന്ന് പോണുണ്ടോ?'

'ഇല്ല സാര്‍. കാലത്തേയുള്ളൂ. ഉച്ച കഴിഞ്ഞെത്തിക്കോളാം സാര്‍.'

'ഓക്കെ.'

അനിലിനോട് വണ്ടി മുന്നോട്ടെടുക്കാന്‍ പറഞ്ഞു. ബാലകൃഷ്ണനെ ക്വാര്‍ട്ടേഴ്‌സില്‍ ഇറക്കിയ ശേഷം വണ്ടി വീടിന്റെ ഗേറ്റിനു മുന്നിലെത്തി. ഹോണടി കേട്ടിട്ടാവണം ഗേറ്റിലെ ലൈറ്റ് തെളിഞ്ഞു. രേഷ്മ ജനലിലൂടെ നോക്കി ഉറപ്പു വരുത്തിയ ശേഷം വാതില്‍ തുറന്ന് മുറ്റത്തേക്കിറങ്ങി ഗേറ്റ് തുറന്നു. വണ്ടി ഉള്ളിലേക്കു കടന്ന് പോര്‍ച്ചില്‍ നിര്‍ത്തി. ഞാന്‍ ഇറങ്ങവേ അനില്‍ ചോദിച്ചു,

'നാളെ എത്ര മണിക്കാ സാര്‍?'
'ഒന്‍പതരയാകുമ്പോഴേക്കും എത്തിക്കോ. ആദ്യം നമുക്ക് നേരെ എസ്.പി യുടെ അടുത്തേക്കു പോകാം.' 

'ഓക്കെ സാര്‍. തിരക്കില്ലെങ്കില്‍ മറ്റന്നാള്‍ ഒരു ദിവസത്തെ ലീവ് തരണം സാര്‍. ഒന്ന് കുടുംബത്തെക്കൂട്ടി മൂകാംബിക വരെ പോകാനാണ്.'
'ഓ... ആയിക്കോട്ടെ'
ഞാന്‍ സിറ്റൗട്ടിലേക്കു കയറി. അനില്‍ വണ്ടി തിരിച്ച് പുറത്തേക്കിറങ്ങി. രേഷ്മ തിടുക്കത്തില്‍ ഗേറ്റ് പൂട്ടിയ ശേഷം എന്റെ പിന്നാലെ വീടിനുള്ളിലേക്കു കയറി.
'ഞാന്‍ വെള്ളം ചൂടാക്കാന്‍ വെച്ചിട്ടുണ്ട്. കുളിക്കുമ്പോഴേക്കും ചപ്പാത്തി ചുട്ടു വെക്കാം.'
രേഷ്മ വെള്ളമെടുക്കാന്‍ അടുക്കളയിലേക്ക് ഓടി.

യൂണിഫോമിന്റെ ബട്ടണ്‍ അഴിച്ചുകൊണ്ട് ബെഡ്‌റൂമിലെത്തി. ഡിം ലൈറ്റിന്റെ പ്രകാശത്തില്‍ കെവിന്‍ ഉറങ്ങുന്നതു കാണാം. അവന്റെ കണ്ണുകള്‍ പാതി തുറന്ന നിലയിലാണ്. പാവം കാത്തു കാത്തിരുന്ന് ഉറങ്ങിപ്പോയതാവും.അവന്റെ കവിളില്‍ തലോടിയ ശേഷം വസ്ത്രം മാറി ലോണ്‍ഡ്രി ബക്കറ്റിലേക്കിട്ടു. രേഷ്മ ചൂടുവെള്ളം കുളിമുറിയിലെ ബക്കറ്റിലൊഴിച്ച് തണുത്ത വെളളവുമായി മിക്‌സ് ചെയ്തു.

യൂണിഫോമില്‍ നിന്ന് സ്റ്റാറുകളും റിബണും നെയിം ബോര്‍ഡും മറ്റും അഴിച്ചു മാറ്റി അലമാരയില്‍ വെച്ച ശേഷം അവള്‍ അടുക്കളയിലേക്ക് പോയി. ഞാന്‍ കുളിച്ച് വസ്ത്രം മാറി അടുക്കളയിലേക്കു ചെന്നു. അവിടെ കട്ടിങ് ടേബിളില്‍ കശുവണ്ടിപ്പരിപ്പ് അരച്ചിട്ട ഉരുളക്കിഴങ്ങിന്റെ സ്റ്റൂവില്‍നിന്നും ആവി പാറുന്നുണ്ട്. അടുത്തു വെച്ചിരിക്കുന്ന പ്ലേറ്റിലേക്ക് തീയില്‍ പൊള്ളിച്ച ചപ്പാത്തി ഓരോന്നായി ഇടുകയാണ് രേഷ്മ. ഞാന്‍ കഴിക്കാന്‍ തുടങ്ങുമ്പോള്‍ രേഷ്മ ചോദിച്ചു,

'പോയ കാര്യങ്ങള്‍..?'
'ഓ... ഒരുപാടുണ്ട് പറയാന്‍.'

വീട്ടില്‍നിന്ന് ഇറങ്ങിയപ്പോള്‍ മുതലുള്ള സംഭവങ്ങള്‍ ഇടമുറിയാതെ ഞാന്‍ അവളോടു പറഞ്ഞു. രേഷ്മ ആകാംക്ഷയോടെ എല്ലാം കേള്‍ക്കുകയാണ്. അവളുടെ മുഖത്ത് വിവിധ ഭാവങ്ങള്‍ മിന്നി മറയുന്നതും മിഴികള്‍ നിറയുന്നതും ഞാന്‍ കണ്ടു. ഒടുവില്‍ കൈ കഴുകുന്നതിനിടയില്‍ അവള്‍ ചോദിച്ചു:

'ആ... ശ്യാമളച്ചേച്ചിയുടെ ഫോട്ടോ വല്ലതുമുണ്ടോ കൈയില്‍? കാണാന്‍ വല്ലാത്തൊരാഗ്രഹം,'

എനിക്ക് കൈ തുടക്കാന്‍ ടവ്വല്‍ തന്നുകൊണ്ട് അവള്‍ തുടര്‍ന്നു,

'പത്തു നാല്പതു വര്‍ഷം കല്യാണം കഴിക്കാതെ ഒരു പെണ്ണ് തന്റെ സ്‌നേഹം സൂക്ഷിച്ചു വെച്ച് കാത്തിരിക്കുകയെന്നു പറഞ്ഞാല്‍... അവര്‍ ഒരു വല്ലാത്ത പെണ്ണായിരിക്കും. എത്ര ജന്മം കാത്തിരിക്കേണ്ടി വന്നാലും അവളോടൊപ്പം ജീവിക്കുകയെന്നത് അയാളുടെ ജീവിതത്തില്‍ കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യമായിരിക്കും.'

ഞാന്‍ രേഷ്മയുടെ കണ്ണുകളിലേക്കൊന്നു പാളി നോക്കി. അവളുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു. അവളെ ഞാന്‍ ചേര്‍ത്തുപിടിച്ചു. അവള്‍ തോളിലേക്ക് മുഖം താഴ്ത്തി. എല്ലാ നിയന്ത്രണങ്ങളും വിട്ട് അവള്‍ പൊട്ടിക്കരഞ്ഞു. ഞാന്‍ അവളുടെ നിറുകയില്‍ ചുംബിച്ചു. അവള്‍ ഏങ്ങലടിച്ചുകൊണ്ടിരുന്നു.

'അയ്യോ... നീ ഇത്രയ്ക്ക് പാവമാവല്ലേ...'
വലതുകൈകൊണ്ട് അവളുടെ മുഖമുയര്‍ത്തി ആ കണ്ണുകളിലേക്ക് നോക്കി ഞാന്‍ പറഞ്ഞു,
'വരൂ. നമുക്ക് കിടക്കാം.'
'അയ്യോ, പാത്രങ്ങളൊക്കെ കഴുകി വെക്കാനുണ്ട്.'
കൈ വിടുവിച്ചുകൊണ്ട് അവള്‍ പറഞ്ഞു. 
'അതൊക്കെ രാവിലെ കഴുകിയാല്‍ മതി.'
അടുക്കളയിലെ ലൈറ്റ് ഓഫാക്കി ഞാന്‍ അവളുടെ കൈ പിടിച്ച് ബെഡ്‌റൂമിലേക്കു നടന്നു.

(തുടരും)

 

മുൻഭാഗങ്ങൾ വായിക്കാം

Content Highlights : Kuttasammatham Novel by Sibi Thomas part 16