നാലുകെട്ടിനു മുന്നില്‍ വിശാലമായ വരാന്തയാണ്. വരാന്തയില്‍ വീട്ടിത്തടിയില്‍ കടഞ്ഞെടുത്ത നാലു കസേരകളും കസേരയില്‍ വിവിധ നിറങ്ങളിലുള്ള തുണിക്കഷണങ്ങളില്‍ വിരിഞ്ഞ പൂവിതളുകള്‍ തുന്നിയ കുഷ്യനുകള്‍ വൃത്തിയില്‍ വിരിച്ചുവെച്ചിട്ടുണ്ട്.
വീട്ടിയില്‍ തന്നെ പണി തീര്‍ത്ത ടീപ്പോയുടെ മുകളില്‍ ഒരു മലയാള ദിനപത്രവും ഒരു ഇംഗ്ലീഷ് ദിനപത്രവും തുറന്നുവെച്ചിട്ടുണ്ട്. ഇംഗ്ലീഷ് ദിനപത്രത്തിനു മുകളിലായി ഒരു കണ്ണടയുടെ കൂടും കാണാം. നടക്കല്ലിന് ഇരുവശങ്ങളിലും രണ്ട് ഓട്ടുകിണ്ടികളില്‍ വെള്ളം നിറച്ച് വെച്ചിരിക്കുന്നു. വാരാന്തയുടെ തെക്കുഭാഗം ചേര്‍ന്ന് പിന്നീട് കൂട്ടിച്ചേര്‍ത്ത് പണികഴിപ്പിച്ചതുപോലുള്ള ഷെഡ്ഡില്‍ ഒരു പഴയ മോഡല്‍ കോണ്ടസാ ക്ലാസിക് കാറും അതിനപ്പുറം ഒരു മഹീന്ദ്ര സ്‌കോര്‍പിയോയും നിര്‍ത്തിയിട്ടിരിക്കുന്നു.
വിക്രമന്‍ വരാന്തയുടെ പുറത്തേ കഴുക്കോലില്‍ തൂക്കിയിട്ടിരിക്കുന്ന ഓട്ടുമണിയുടെ വാലില്‍ പിടിച്ചുവലിച്ചതും മധുരതരമായ ഒരു മുഴക്കം കേട്ടു. എന്തോ ഒരു പോസിറ്റീവ് എനര്‍ജി അവിടമാകെ നിറഞ്ഞു നില്ക്കുന്നതു പോലെ തോന്നി.
ഗോപി അടച്ചിട്ട പൂമുഖവാതില്ക്കലേക്കു തന്നെ നോക്കി നില്ക്കുകയാണ്. അയാളുടെ ഹൃദയത്തിന്റെ താളം ദ്രുതഗതിയിലാകുന്നത് പുറത്തു കേള്‍ക്കാം. മണിമുഴക്കം കേട്ടിട്ടാവണം വീട്ടിത്തടിയില്‍ കൊത്തുപണികള്‍ തീര്‍ത്ത ഇരട്ടപ്പാളി വാതിലിന്റെ ഒരു പാളി പതുക്കെ തുറന്ന് സുമാര്‍ അന്‍പത്തെട്ട്- അറുപതു വയസ്സു തോന്നിക്കുന്ന ഒരു കുലീനയായ സ്ത്രീ പുറത്തേക്കിറങ്ങി വന്ന് ഞങ്ങളെ മാറി മാറി നോക്കി. ഇളം മഞ്ഞയില്‍ കറുത്ത് പുള്ളികളോടു കൂടിയ സാരിയുടുത്ത അവരുടെ മുഖം വളരെ പ്രസന്നമായിരുന്നു. 'ആരാണാവോ?'
ചെറുപുഞ്ചിരിയോടെ അവര്‍ ചോദിച്ചു. 
'ഞങ്ങള്‍ കുറച്ച് ദൂരെനിന്നാണ്. ഒരു പാര്‍വതി നമ്പ്യാരുടെ വീട് അന്വേഷിച്ചു വന്നതാണ്.'
എന്റെ മറുപടി കേട്ടതും അവരുടെ മുഖം എന്തോ അത്ഭുതവര്‍ത്തമാനം കേള്‍ക്കുന്നതുപോലെ ചുവന്നു. കണ്ണുകള്‍ വിടര്‍ന്നു. ഒരു നിമിഷം അവര്‍ സ്തബ്ധയായി. 'രേണു...ആരാ അവിടെ...'
അകത്തുനിന്നുള്ള പുരുഷശബ്ദം മെല്ലെ ഉമ്മറത്തേക്കു വന്നു. നിര്‍ന്നിമേഷയായി നില്ക്കുന്ന ഭാര്യയെയും ആഗതരെയും അയാള്‍ സൂക്ഷിച്ചു നോക്കി. അയാളുടെ കണ്ണുകള്‍ ഗോപിയുടെ മുഖത്ത് പതിഞ്ഞു. അയാള്‍ വീണ്ടും വീണ്ടും സംശയത്തോടെ ഗോപിയെത്തന്നെ നോക്കി. അയാള്‍ക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനാകുന്നില്ല. സംശയം തീര്‍ക്കാനായി അയാള്‍ ടീപ്പോയിലെ പത്രത്തിനു മുകളില്‍ വെച്ചിരുന്ന കണ്ണടയെടുത്ത് മുഖത്തു വെച്ച് വീണ്ടും സൂക്ഷിച്ചു നോക്കി. 
'അതെ, ഇത് എന്റെ കുട്ടിതന്നെ!' 
അയാള്‍ മനസ്സില്‍ ഉറപ്പിച്ചുകൊണ്ട് പറഞ്ഞു. 
'ചെറിയച്ഛാ... ഞാന്‍... ഗോപി.' 
ഗോപിയുടെ വാക്കുകള്‍ മുഴുമിക്കുന്നതിനു മുന്‍പ് തന്നെ വല്ലാത്തൊരു ആവേശത്തോടെ അയാള്‍ പുറത്തേക്കിറങ്ങിക്കഴിഞ്ഞിരുന്നു. 'എന്റെ മോനേ...'
അതാരു അലര്‍ച്ചയായിരുന്നു. അയാള്‍ ഗോപിയെ കെട്ടിപ്പിടിച്ചു. അവന്റെ മൂര്‍ധാവില്‍ ചുംബിച്ചു. ഇരുകൈകളുംകൊണ്ട് ഗോപിയുടെ കവിളിലൂടെ തലോടിയ ശേഷം വീണ്ടും ആലിംഗനം ചെയ്തു. ഉമ്മറത്തുനിന്നും രേണുക നമ്പ്യാര്‍ ഇരുവരേയും നോക്കി വിതുമ്പിക്കരയുകയാണ്. അവര്‍ സാരിത്തലപ്പുകൊണ്ട് മുഖം തുടച്ച ശേഷം എല്ലാവരോടും കയറി ഇരിക്കാന്‍ പറഞ്ഞു. നമ്പ്യാര്‍ ഗോപിയുടെ ഇരുകൈകളും പിടിച്ച് പൂമുഖത്തേക്കു കയറി. രേണുക വാതില്‍പ്പാളികള്‍ മലര്‍ക്കെത്തുറന്നു. എല്ലാവരും ഗോപിയോടൊപ്പം സ്വീകരണമുറിയിലേക്കു കടന്നു. വിശാലമായ മുറിയില്‍ തേക്കിലും വീട്ടിയിലും തീര്‍ത്ത ഫര്‍ണിച്ചറുകളുടെ ഒരു നിര തന്നെയുണ്ട്.
'ഇരിക്കൂ സാര്‍.'
ഞങ്ങളോട് ഇരിക്കാന്‍ പറഞ്ഞ ശേഷം അയാള്‍ ഗോപിയെ ചേര്‍ത്തു പിടിച്ചിട്ട് പറഞ്ഞു,
'ഞാനിവനെ ശരിക്കൊന്നു കാണട്ടെ.'
അയാളുടെ കണ്ഠമിടറി. അയാള്‍ക്ക് ഗോപിയുടെ മുഖത്തുനിന്നും കണ്ണെടുക്കാനാവുന്നില്ല. എല്ലാവരും ഇരുന്നു. അയാള്‍ ഗോപിയെ തന്റെ അടുത്തുതന്നെയിരുത്തി.
'ഗോപിക്കുട്ടാ...എവിടാരുന്നെടാ നീയിതുവരെ?' 
അയാള്‍ വേദനയോടെ ചോദിച്ചു.
ഗോപി എന്തു പറയണമെന്നറിയാതെ വിതുമ്പി. 'ഗോപിയേട്ടനെ ഒരാഴ്ച മുന്‍പ് അബോധാവസ്ഥയില്‍ വേലേശ്വരം ബസ്സ്റ്റാന്‍ഡില്‍ കണ്ട് നാട്ടുകാരാണ് സ്റ്റേഷനില്‍ വിവരമറിയിച്ചത്. പിന്നീട് ഹോസ്പിറ്റലിലെത്തിച്ചു.'
'ഓ... കൃഷ്ണാ...'
അയാളുടെ വാക്കുകളില്‍ വിറയല്‍ അനുഭവപ്പെട്ടു. 
'എന്തുപറ്റി എന്റെ കുട്ടിക്ക്?'
'ബോധം തെളിഞ്ഞപ്പോള്‍ പഴയ കാര്യങ്ങളെപ്പറ്റി ഒരോര്‍മയും ഉണ്ടായിരുന്നില്ല, പിന്നീട് ഞങ്ങള്‍ ഗോപിയേട്ടനെ സാമൂഹികക്ഷേമവകുപ്പിന്റെ വൃദ്ധസദനത്തിലാക്കി. രണ്ടു ദിവസം മുന്‍പ് ഇയാള്‍ വീടിനെപ്പറ്റി സൂചന നല്കുന്നുണ്ടെന്നുള്ള വിവരം വ്യദ്ധസദനത്തില്‍നിന്നും അറിയിച്ചിരുന്നു. അങ്ങനെ ഇന്നലെ അന്വേഷണം തുടങ്ങിയതാണ്. ഏതായാലും അത് വെറുതേയായില്ല.'
'ശങ്കൂ... ആരാ അവിടെ? എന്താ വിശേഷിച്ച്?' അകത്തെ മുറിയില്‍നിന്നും വിറയാര്‍ന്നൊരു ശബ്ദം കേള്‍ക്കാം. ഉള്ളില്‍നിന്നുള്ള ശബ്ദത്തിനു വല്ലാത്ത തളര്‍ച്ച അനുഭവപ്പെടുന്നുണ്ട്. ഞാനും ബാലകൃഷ്ണനും മുഖാമുഖം നോക്കി. 
'ഗോപിയുടെ അമ്മ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ? പാര്‍വതി നമ്പ്യാര്‍?' ബാലകൃഷ്ണന്‍ ഉദ്വേഗത്തോടെ ചോദിച്ചു.
'അല്ല, ഏടത്തിയാണ് ദാക്ഷായണി. റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് കൂടതലാണ്. കുറച്ചു നാളായി കിടപ്പിലാ. ഞാനിവനെ ഏടത്തിയെ ഒന്ന് കാണിക്കട്ടെ. ഇവരെ കണ്ടുകിട്ടാത്തതില്‍ ഏട്ടനായിരുന്നു ഏറ്റവും വിഷമം. പാര്‍വതിയേച്ചിയെയും അന്വേഷിച്ച് അലയാത്ത നാടുകളില്ല. ഒടുവില്‍ പ്രതീക്ഷ നശിച്ച്... അങ്ങനെ, അങ്ങനെ...'
ഒരു നിമിഷം നിര്‍ത്തി എന്തോ ഉള്ളിലൊതുക്കിയ ശേഷം തുടര്‍ന്നു, 
'മരിച്ചിട്ട് ആറു മാസമായി. അവര്‍ക്ക് മക്കളില്ലാത്തതുകൊണ്ട് ഞങ്ങള്‍ ഒരുമിച്ചാണ് താമസം.'
അയാള്‍ എഴുന്നേറ്റ് ഗോപിയുടെ കൈ പിടിച്ച് ഉള്ളിലേക്കു നടന്നു. രേണുക ഒരു ട്രേയില്‍ നിരത്തിയ ഗ്ലാസുകളില്‍ മാമ്പഴച്ചാറുമായി ഹാളിലേക്കു വന്നു. നാലു ഗ്ലാസുകള്‍ ടീപ്പോയില്‍ നിരത്തിയശേഷം വരാന്തയിലേക്കിറങ്ങി പോലീസ് വണ്ടിയുടെ ഭാഗത്തേക്ക് നോക്കിപ്പറഞ്ഞു,
'ദേ...ഇങ്ങാട്ട് വരൂ. ഇവിടിരിക്കാം.'
അനില്‍ ജീപ്പില്‍നിന്നുമിറങ്ങി വീട്ടിലേക്കു വന്നു.
'ഇതുതന്നെയാണല്ലേ ഗോപിയേട്ടന്റെ വീട്?'
സോഫയില്‍ ഇരുന്നുകൊണ്ട് അനില്‍ ചോദിച്ചു. വിക്രമന്‍ അതെയെന്ന് തലയാട്ടി. എല്ലാവരും മാമ്പഴത്തിന്റെ ജ്യൂസ് കുടിച്ചു. അകത്തുനിന്നും കരച്ചിലും പരിഭവംപറച്ചിലും കേള്‍ക്കാം.
'എന്റെ മോനല്ലേടാ നീ... എന്തു പറ്റിയെടാ നിനക്ക്?'
അകത്ത് വിറയാര്‍ന്ന ശബ്ദത്തില്‍ വിതുമ്പുന്ന ഒരു സ്വരം.
'ഏടത്തിയമ്മ കരയാതെ. ഗോപിക്കുട്ടനിങ്ങ് എത്തിയല്ലോ? ഇനി ഇവന്‍ ഇവിടത്തന്നെയുണ്ടാവും. നമ്മുടെ കൂടെത്തന്നെ.'
നമ്പ്യാര്‍ അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് തേങ്ങല്‍ ഒതുക്കാനാവുന്നില്ല. 
'ഇവന്‍ ഇവിടെത്തന്നെയുണ്ടാകും നമ്മുടെ കൂടെത്തന്നെ.' എന്ന വാക്കുകള്‍ അപ്രതീക്ഷിതമായി കാതില്‍ പതിച്ചപ്പോള്‍ എന്റെ ഉള്ളൊന്നു പിടഞ്ഞു. ഞാന്‍ ബാലകൃഷ്ണനെ നോക്കി. അയാളും ആ സംസാരം ശ്രദ്ധിച്ചെന്നു തോന്നുന്നു, അമ്പരന്നു തന്നെയാണിരിപ്പ്. ഞാന്‍ ബാലക്യഷ്ണനെ കണ്ണുകൊണ്ട് കാണിച്ച ശേഷം പുറത്തേക്കിറങ്ങി. പുറത്ത് ഗേറ്റ് കടന്ന് സെറ്റുമുണ്ടുടുത്ത് വെളുത്തു സുന്ദരിയായ ഒരു സ്ത്രീ കൈയില്‍ എന്തോ തൂക്കിപ്പിടിച്ചുകൊണ്ട് വീട്ടിലേക്കു വരുന്നുണ്ട്. വല്ലാത്തൊരു ഐശ്വര്യം അവരുടെ മുഖത്ത് തെളിഞ്ഞു നില്പുണ്ട്. ഒരു നിമിഷം ഞാന്‍ ഗോപി മുന്‍പറഞ്ഞ കഥയിലേക്ക് മനസ്സോടിച്ചു.
ഗോപി പറഞ്ഞ ശ്യാമളയായിരിക്കുമോ അത്?
വെറുതെയെങ്കിലും മനസ്സില്‍ അങ്ങനെയൊരു തോന്നല്‍ മിന്നിമറഞ്ഞു. ഗോപിയുടെ വാക്കുകളില്‍നിന്നും ഞാന്‍ ശ്യാമളയുടെ രൂപം ചികഞ്ഞെടുക്കാന്‍ ശ്രമിച്ചു. പോലീസ്ജീപ്പും യൂണിഫോമിട്ടയാളെയും കണ്ടതുകൊണ്ടാവണം അവര്‍ സംശയത്തോടെ എന്നെയും ബാലകൃഷ്ണനെയും നോക്കിക്കൊണ്ട് തെല്ലൊരു പരിഭവത്തോടെ ജീപ്പിന്റെ വലതുവശത്തുകൂടി നടന്ന് അടുക്കളവശത്തേക്കു നീങ്ങി.
'ഗോപിയേട്ടനെ ഇവിടെ നിര്‍ത്തിയിട്ട് പോകാന്‍ പറഞ്ഞാല്‍ നമ്മള്‍ ഇവരോടിനി എന്തു പറയും.'
ഒരു പിടിയും കിട്ടുന്നില്ല. ബാലകൃഷ്ണന്‍ തല പുകഞ്ഞുകൊണ്ട് നിലത്തേക്കു നോക്കിനിന്നു.
ബാലകൃഷ്ണന്റെ വാക്കുകള്‍ എന്നെ ചിന്തയില്‍നിന്നുണര്‍ത്തി. ഒന്നാലോചിച്ച ശേഷം ഞാന്‍ പറഞ്ഞു:
'വൃദ്ധസദനത്തില്‍നിന്നും വീട്ടിലേക്ക് വിട്ടുകിട്ടുന്നതിനു ചില ഫോര്‍മാലിറ്റീസ് ഉണ്ടെന്നും, എത്രയും പെട്ടെന്ന് അതു പൂര്‍ത്തിയാക്കി ഗോപിയേട്ടനെ തിരിച്ചിവിടെ കൊണ്ടുവന്നാക്കാമെന്ന് പറഞ്ഞാലോ?' 'ശരിയാണ് സാര്‍... തത്കാലം അങ്ങിനെയെന്തെങ്കിലും പറഞ്ഞ് അയാളെ നമുക്കിവിടെനിന്നും കൊണ്ടുപോകാം. അതാവും നല്ലത്.'
ഞങ്ങള്‍ രണ്ടുപേരും ഹാളിലേക്കു കയറി. അകത്ത് ദാക്ഷായണിയമ്മയുടെ അരികത്ത് കട്ടിലില്‍ ഇരിക്കുകയാണ് ഗോപി. ദാക്ഷായണിയമ്മ അവന്റെ കൈയില്‍ പിടിച്ചുകൊണ്ട് പരിഭവം പറയുകയാണ്. അടുക്കളയില്‍നിന്നും ഒരു സ്ത്രീയെയും കൂട്ടി രേണുക ആ മുറിയിലേക്കു വന്നു. ഗോപി ദാക്ഷായണിയമ്മയ്ക്ക് അഭിമുഖമായാണ് ഇരിക്കുന്നത്. ശങ്കുണ്ണി നമ്പ്യാര്‍ കട്ടിലിനു തൊട്ടടുത്തുള്ള കസേരയില്‍ ഇരുന്നുകൊണ്ട് രേണുകയെ നോക്കി. അയാളുടെ കണ്ണുകള്‍ വിടര്‍ന്നു. അയാള്‍ സന്തോഷത്തില്‍ നിറഞ്ഞുകൊണ്ട് ചോദിച്ചു:
'ശ്യാമേ...ഇതാരാണ് വന്നിരിക്കുന്നതെന്ന് നോക്കിയേ...'
ശ്യാമ എന്ന വാക്കുകേട്ടതും ഗോപി വെട്ടിത്തിരിഞ്ഞു നോക്കി. പിന്നില്‍ രേണുകമ്മായിയും അവര്‍ക്കു പിന്നില്‍ നെറ്റിയില്‍ ചന്ദനക്കുറിയുമായി ശ്യാമള.  
'മനസ്സിലായോ നെനക്ക്?'
ദാക്ഷായണിയമ്മ ശ്യാമളയെ നോക്കി. ശ്യാമള ഗോപിയുടെ കണ്ണുകളിലേക്കു സൂക്ഷ്മമായി നോക്കി. അയാളുടെ ആത്മാവിലേക്ക് ഇറങ്ങിച്ചെല്ലുന്ന നോട്ടം. 
എന്തോ പറയാനായി ചുണ്ടുകള്‍ വെമ്പി. സ്ഥലകാലബോധം നഷ്ടപ്പെട്ടതുപോലെ അവള്‍ ഇരുകൈയും നീട്ടി മുന്നോട്ടാഞ്ഞു. ഒരു നിമിഷം അവള്‍ ഏതോ ശക്തിയുടെ പ്രേരണയെന്നവണ്ണം പിടിച്ചുകെട്ടിയതുപോലെ നിന്നു. 
അവള്‍ മനസ്സിനെ സ്വയം നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും കണ്ണുകള്‍ നിറഞ്ഞൊഴുകി. അവള്‍ സാരിത്തലപ്പുകൊണ്ട് മുഖം തുടച്ച ശേഷം വിതുമ്പി.
'ഗോപിയട്ടന്‍ തനിച്ചാണോ വന്നത്.'
'അല്ല, എന്റെകൂടെ കുറച്ചുപേരുണ്ട്. അവര്‍ പുറത്തുണ്ട്.'
അയാള്‍ അവളുടെ കണ്ണുകളിലേക്ക് ഇമവെട്ടാതെ നോക്കി, അവളുടെ ചോദ്യത്തിന്റെ അര്‍ഥം ഗ്രഹിച്ചെടുത്തശേഷം തുടര്‍ന്നു, 
'ഇവിടെനിന്നും പോയശേഷം, അമ്മയുടെ രൂപം കണ്ണില്‍നിന്നും മറഞ്ഞതില്‍ പിന്നെ ഞാനെന്നും തനിച്ചായിരുന്നു.'
വീട്ടില്‍നിന്നും അമ്മയോടൊപ്പം പുറപ്പെട്ടതുതൊട്ടുള്ള ജീവിത ഗതിയെപ്പറ്റി അയാള്‍ ചുരുക്കിപ്പറഞ്ഞു. ഒരു ഒന്‍പതാം ക്ലാസുകാരന്‍ ജീവിതപഥങ്ങളിലെ അനാഥത്വത്തിലും കഷ്ടപ്പാടിലും ഇടറിവീണതും ക്രമേണ അവന്റെ സ്വപ്നങ്ങള്‍ക്കു മങ്ങലേറ്റു തുടങ്ങിയതും ഒടുവില്‍ മറവിയുടെ കരിമ്പടത്തിനുള്ളില്‍ അവയെല്ലാം അലിഞ്ഞലിഞ്ഞില്ലാതായതും എല്ലാം അയാള്‍ പറഞ്ഞു. എല്ലാവരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകി. നീറുന്ന ഓര്‍മകളുടെ വേദനയില്‍പ്പെട്ട് അയാള്‍ വിതുമ്പുകയാണ്. ശങ്കുണ്ണി നമ്പ്യാര്‍ എഴുന്നേറ്റ് അയാളെ ചേര്‍ത്തുപിടിച്ചു. 
'മതി... മതി. ഇനി നിര്‍ത്ത്. എന്തായാലും ഒടുവില്‍ ഇങ്ങെത്തിയല്ലോ!'
ഗോപി വീണ്ടും സംസാരിക്കാനുള്ള ശ്രമത്തിലാണ്. ഞാനും ബാലകൃഷ്ണനും ഗോപിയുടെ അവ്യക്തമായ സംസാരം ഹാളില്‍ നിന്നുകൊണ്ട് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ബാബുവിന്റെ കൊലപാതകത്തെപ്പറ്റി അയാള്‍ പറഞ്ഞേക്കുമോയെന്നും, പറഞ്ഞാല്‍ അത് ആ കുടംബത്തില്‍ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെപ്പറ്റിയും ഞാന്‍ ഭയപ്പെട്ടു. ഒടുവില്‍, കഥ ചേനക്കല്ലിലെ കരിങ്കല്‍ ക്വാറിയിലെത്തി നില്‌ക്കേ ബാലകൃഷ്ണന്‍ വാതില്‍ക്കലെത്തി പറഞ്ഞു,
'ഗോപിയട്ടന്റെ കുടുംബത്തെക്കുറിച്ചുള്ള കുറച്ച് ഡീറ്റെയില്‍സ് ആവശ്യമുണ്ടായിരുന്നു. ഓഫീസില്‍ കൊടുക്കാനാണ്.'
ഗോപി സംസാരം നിര്‍ത്തി ബാലകൃഷ്ണനെ നോക്കി. ശങ്കുണ്ണി നമ്പ്യാര്‍ എഴുന്നേറ്റ് ഗോപിയെയും ബാലകൃഷ്ണനെയും നോക്കിയശേഷം ചോദിച്ചു, 
'അയ്യോ ഞാന്‍ ചോദിക്കാന്‍ മറന്നു. നിങ്ങള്‍ കാലത്ത് എന്തെങ്കിലും കഴിച്ചിരുന്നോ?' 
'ഈശ്വരാ ശരിയാണല്ലോ. ഞാന്‍ ചൂടു ദോശയുണ്ടാക്കാം.'
രേണുക അടുക്കളയിലേക്കു തിരിഞ്ഞു.
'ഞങ്ങള്‍ പ്രാതല്‍ കഴിച്ചിരുന്നു,' ബാലകൃഷ്ണനാണ് മറുപടി പറഞ്ഞത്. തന്റെ കൈ വിടുവിച്ച് എഴുന്നേറ്റ ഗോപിയെ നോക്കി ദാക്ഷായണിയമ്മ പറഞ്ഞു,
'നിനക്ക് നല്ല ക്ഷീണമുണ്ട്. മുകളിലെ മുറിയില്‍ പോയി അല്പം വിശ്രമിക്ക്. ശങ്കു അവര്‍ക്കു വേണ്ട വിവരങ്ങള്‍ പറഞ്ഞുകൊടുത്തോളും.' 
ശേഷം ശ്യാമളയോടായി പറഞ്ഞു,
'മോളെ, നീ അവന്റെ മുറിയൊന്ന് കാണിച്ചുകൊടുക്ക്.'
ശ്യാമള ഗോപിയെ വിളിച്ച് മുറിക്കു പുറത്തിറങ്ങി ഇടതുവശത്തുള്ള കോണിപ്പടികളിലൂടെ മുകളിലേക്കു കയറി. ശങ്കുണ്ണി നമ്പ്യാരും ബാലകൃഷ്ണനും ഒരു നിമിഷം അവരെത്തന്നെ നോക്കിനിന്നു. ഒരിക്കലുമില്ലാത്ത ഒരു ഉത്സാഹം അവളുടെ പ്രവൃത്തിയില്‍ കാണാന്‍ കഴിഞ്ഞതില്‍ നമ്പ്യാരുടെ മുഖത്ത് ആശ്വാസം നിറഞ്ഞ പുഞ്ചിരി വിടര്‍ന്നു. അയാള്‍ ഹാളിലേക്കിറങ്ങി. ഞാന്‍ കസേരയില്‍ ഇരിക്കുകയായിരുന്നു. വിക്രമനും അനിലും പുറത്തേക്കിറങ്ങി കാര്‍ പോര്‍ച്ചിനപ്പുറത്തുള്ള പേരമരത്തില്‍നിന്നും പേരയ്ക്കാ പറിച്ച് കഴിക്കുകയാണ്.
ശങ്കുണ്ണി നമ്പ്യാര്‍ എന്റെ കസേരയ്ക്കടുത്തുള്ള സോഫയില്‍ ഇരുന്നു.
'ഗോപിയേട്ടന്റെ അച്ഛനും അമ്മയും?'
ഒരു വിവരവും അറിയാത്തതുപോലെ ഞാന്‍ ചോദിച്ചു.
'അതൊരു വലിയ കഥയാണ് സാര്‍. എന്നെക്കാള്‍ എട്ടു വയസ്സ് മൂത്തതാണ് ചേച്ചി. ഞങ്ങള്‍ക്ക് അമ്മയെപ്പോലായിരുന്നു. പത്താം തരത്തില്‍ അഞ്ഞൂറിനു മുകളില്‍ മാര്‍ക്ക് വാങ്ങുന്ന ഈ നാട്ടിലെയെന്നല്ല,  ഈ ജില്ലയിലെത്തന്നെ ആദ്യത്തെ പെണ്‍കുട്ടി. പത്തില്‍ പഠിക്കുമ്പോള്‍ത്തന്നെ അച്ഛനോടെപ്പം തൊടിയിലും അമ്മയോടൊപ്പം അടുക്കളയിലും നിറഞ്ഞു നിന്നവള്‍. പ്രീഡിഗ്രിക്കു ശേഷം എന്‍ജിനീയറിങ്ങിനു ചേര്‍ന്നതോടെയാണ് ഞങ്ങളുടെ ജീവിതത്തിലെ ദുരിതങ്ങളുടെ തുടക്കം. ഈ ജില്ലയില്‍നിന്നും ആദ്യമായി ഭോപ്പാല്‍ റീജിയണല്‍ എന്‍ജിനീയറിങ് കോളേജിലേക്ക് അഡ്മിഷന്‍ കിട്ടിയത് ചേച്ചിക്കായിരുന്നു. എത്ര വലിയ കോളേജായിരുന്നാലും അവിടെ പഠിപ്പിക്കാന്‍ അച്ഛനു താത്പര്യമുണ്ടായിരുന്നില്ല. പിന്നെ ഭോപ്പാലിലുള്ള മാധവമ്മാമനാണ് അച്ഛനെക്കൊണ്ട് സമ്മതിപ്പിച്ചത്.'
നമ്പ്യാര്‍ ഒന്നു നിര്‍ത്തിയശേഷം പുറത്തേക്കു നോക്കി ആരെയോ ശപിച്ചുകൊണ്ട് തുടര്‍ന്നു, 'ആരാണ് എന്താണ് എന്നറിയാതെ ഒരാളോടൊപ്പമുള്ള ജീവിതം... ഹോ.. ഞങ്ങള്‍ ചേച്ചിയെ കൂട്ടിക്കൊണ്ടുവരാന്‍ അവിടെ ചെന്നതാണ്. അതൊരു മറക്കാനാവാത്ത യാത്രയായിരുന്നു. ഒരു വിധത്തിലാണ് ജീവനുംകൊണ്ട് തിരിച്ചെത്തിയത്. അച്ഛനാകെ തകര്‍ന്നുപോയിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം എല്ലാം നഷ്ടപ്പെട്ട് അവളും ഗോപിക്കുട്ടനും വന്നപ്പോള്‍ അച്ഛന്‍ അവരെ സ്വീകരിച്ചില്ല. ഞങ്ങള്‍ ഇടപെട്ടാണ് വെമ്പായത്തെ വീട്ടില്‍ അവരെ താമസിപ്പിച്ചത്. അച്ഛന്‍ അതിന് എതിരു പറഞ്ഞിരുന്നുമില്ല. അച്ഛന്റെയുള്ളില്‍ അത്രയ്ക്ക് സ്‌നേഹമായിരുന്നു അവരോട്. പിന്നീട് എപ്പോഴോ ആരോടും മിണ്ടാതെ അവര്‍ ഇവിടെ നിന്നിറങ്ങി എങ്ങോട്ടോ പോയി. ഒടുവില്‍ പോലീസ് പിടിച്ചെന്നാ... ഓ. ഭഗവാനേ... എനിക്കൊന്നും ഓര്‍ക്കാനാവുന്നില്ല.'
വാക്കുകള്‍ മുറിഞ്ഞുമുറിഞ്ഞു പോകുന്നു.
അയാള്‍ ഒരു നിമിഷം നെഞ്ചു തിരുമ്മി ഒരു ദീര്‍ഘശ്വാസമെടുത്തു. ഞാനും ബാലകൃഷ്ണനും അതീവശ്രദ്ധയോടെ അയാളുടെ വാക്കുകള്‍ക്ക് ചെവികൊടുത്തു. 'ഈ വിവരങ്ങള്‍ അറിഞ്ഞതിനു ശേഷം അച്ഛന്‍ കിടന്നുപോയി. ഒടുവില്‍ മരിക്കുന്നതിനു മുന്‍പ് ഈ വീടും പുരയിടവും ഗോപിക്കുട്ടന്റെ പേര്‍ക്കെഴുതിവെച്ച ശേഷം അവരെ എങ്ങിനെയെങ്കിലും കണ്ടുപിടിച്ച് തിരിച്ചുകൊണ്ടുവന്ന് ഇവിടെ താമസിപ്പിക്കണമെന്ന് പറഞ്ഞിരുന്നു. ഏട്ടന്‍ എവിടെയൊക്കെയോ അലഞ്ഞു. ഒടുവില്‍ എട്ടനും പോയി.'
നമ്പ്യാര്‍ സംസാരം നിര്‍ത്തി സോഫയില്‍ ചാരിയിരുന്നു. അകത്തു നിന്നും രേണുക ഹാളിലേക്കു വന്നു.
'ഞാന്‍ ചോദിക്കാന്‍ വിട്ടുപോയി. കഴിക്കാന്‍ നോണ്‍വെജ് ആകാല്ലോ അല്ലേ?'
ഞാന്‍ തലകുലുക്കി. നമ്പ്യാര്‍ മുഖമുയര്‍ത്തി ചോദിച്ചു: 
'ഗോപിക്കുട്ടനെവിടെ...'
'ശ്യാമയുടെ കൂടെ മുകളിലാണ്. '
മറുപടി പറഞ്ഞ ശേഷം രേണുക അകത്തേക്ക് കയറിപ്പോയി. 
'അത് ഗോപിയേട്ടനോടൊപ്പം പഠിച്ചിരുന്ന ശ്യാമളയാണല്ലേ?'
'ഒപ്പം പഠിച്ചിരുന്നതല്ല. കുറേ ക്ലാസ് താഴെയാണ്, പക്ഷേ ഗോപിക്കുട്ടന്റെ എല്ലാ കാര്യങ്ങളും ഇവളായിരുന്നു നോക്കിയിരുന്നത്.
ഗോപിക്കുട്ടനെ കാണാതായതിനു ശേഷം ഒരു വര്‍ഷം അവള്‍ സ്‌കൂളില്‍ത്തന്നെ പോയിരുന്നില്ല. പിന്നീട് ഏട്ടനും അമ്മയുമൊക്കെ സംസാരിച്ചു സംസാരിച്ച് ഒരു വിധത്തില്‍ സ്‌കൂളിലയച്ചു.'
'ശ്യാമളയുടെ കുടുംബം?'
ബാലകൃഷ്ണന്റെ ചോദ്യം കേട്ട് നമ്പ്യാര്‍ വളരെ വിഷാദമൂകനായി. മനസ്സാന്നിധ്യം വീണ്ടെടുത്ത ശേഷം പറഞ്ഞു: 
'ഇപ്പോ അവള്‍ക്ക് നാല്പത്തിനാലു വയസ്സായി. ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ നല്ല ഒരാലോചന വന്നിരുന്നു. പാലക്കാട് നിന്ന്. ചെക്കന് സര്‍ക്കാര്‍ ജോലിയായിരുന്നു. തന്റെ കല്യാണം കഴിഞ്ഞതാണെന്ന് പെണ്ണുകാണല്‍ ചടങ്ങിന്റെ അന്നുതന്നെ അവള്‍ ചെക്കനോട് നേരിട്ട് പറഞ്ഞു. അപ്പോഴവന്‍ തിരിച്ചൊന്നും പറഞ്ഞില്ല. പിന്നീടവര്‍ ഞങ്ങളെ വിളിച്ച് പരിഭവം അറിയിച്ചു. എല്ലാവരും അവളെ വഴക്കു പറഞ്ഞു. നിര്‍ബന്ധിച്ചു. അവളുടെ മറുപടി വളരെ ഉറച്ചതായിരുന്നു. പണ്ടെങ്ങോ അവള്‍ കാവിലെ ഭഗവതിയുടെ മുന്നില്‍ വെച്ച് ഗോപിയുടെ കഴുത്തില്‍ മാലയിട്ടിരുന്നുവത്രേ. ജീവിക്കുന്നുണ്ടെങ്കില്‍ ഗോപിയേട്ടനോടൊപ്പം മാത്രമേയുള്ളൂവെന്ന് ഒറ്റ വാശിയായിരുന്നു. പിന്നീടവളെ ആരും നിര്‍ബന്ധിച്ചില്ല.'
അയാള്‍ അടുക്കളയിലേക്കു നോക്കി കുടിക്കാന്‍ സംഭാരമോ മറ്റോ എടുക്കാന്‍ പറഞ്ഞശേഷം തുടര്‍ന്നു,
'അന്നു തൊട്ട് അവള്‍ എന്നും ഇവിടെ വരും. മുകളില്‍ വലതുവശത്തെ മുറി എന്നും തൂത്തു തുടച്ച് വൃത്തിയാക്കും. പുതിയ ബെഡ്ഷീറ്റുകളെടുത്ത് ബെഡ് ഒരുക്കും. ആരും അവളെ തടയാറില്ല. ഇപ്പോള്‍ അവള്‍ ഇവിടുത്തെ ഒരംഗത്തെ പോലാണ്.'
രേണുക ഗ്ലാസുകളില്‍ നല്ല തണുത്ത സംഭാരവുമായി വന്നു. എല്ലാവരും ഓരോ ഗ്ലാസ് സംഭാരം കുടിച്ചു. ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ചതച്ചിട്ട സംഭാരത്തിന് പാകത്തിന് ഉപ്പുകൂടി ചേര്‍ന്നപ്പോള്‍ വല്ലാത്ത രുചി. കുടിച്ച സംഭാരത്തിന്റെ ഗ്ലാസ് ടീപ്പോയില്‍ വെച്ച ശേഷം ഞാന്‍ ചോദിച്ചു,
'എവിടാണ് ശരിക്കുള്ള വീട്?'
'ഞങ്ങള്‍ സ്‌കൂളിനടുത്ത് വീട് വെച്ചിരുന്നു. അച്ഛനു വയ്യാണ്ടായപ്പോള്‍ മുതല്‍ ഇവിടെത്തന്നെയാണ് താമസം. ഏട്ടന്‍...' 
'അയ്യോ, അതല്ല. ശ്യാമളയുടെ വീടാണ് ഞാന്‍ ഉദ്ദേശിച്ചത്.'
'ഓ ശരി. അത് മുന്‍പ് ഗോപിക്കുട്ടനൊക്കെ താമസിച്ചിരുന്ന വീടിന് അടുത്തായിരുന്നു. ഏട്ടന്‍ ആ വീട് വിറ്റപ്പോള്‍ അവരും ഇങ്ങോട്ടു പോന്നു. ഇപ്പോള്‍ ആ മില്ലിന്റെ തെക്കുവശത്താണ്. മാമനു പ്രായമായെങ്കിലും എല്ലാ കാര്യങ്ങളും ഇപ്പോഴും സ്വന്തമായിത്തന്നെയാണ് ചെയ്യുന്നത്...'

 

'ശങ്കൂ... അയാള്‍ക്ക് ഉടുക്കാന്‍ അച്ഛന്റെ മുണ്ടും മറ്റും എടുത്ത് കൊടുക്കൂ...' ഉള്ളില്‍നിന്നും ദാക്ഷായണിയമ്മയാണ്. അവരുടെ ശബ്ദത്തിന് അല്പം ഉണര്‍വു വന്നതുപോലെ തോന്നുന്നു. 
'ഉവ്വ് ഏടത്തിയമ്മേ... ഇപ്പോ കൊടുക്കാം.' നമ്പ്യാര്‍ തിടുക്കത്തില്‍ എഴുന്നേറ്റ് അകത്തേക്കു പോയി. അയാളുടെ ചലനത്തിലെ ചടുലത ഒരു മുപ്പതുവയസ്സുകാരനെ വെല്ലുന്ന തരത്തിലായതുപോലെ അനുഭവപ്പെട്ടു.
ഞാന്‍ ബാലകൃഷ്ണന്റെ മുഖത്തേക്കു നോക്കി. അയാളുടെ മുഖത്തും ഒരു വൈക്ലബ്യം കാണുന്നുണ്ട്. യാഥാര്‍ഥ്യം ഇവിടെ ആരോടെങ്കിലും അറിയിക്കേണ്ടതല്ലേ. ശങ്കുണ്ണി നമ്പ്യാരോടെങ്കിലും പറയണം. അല്ലാത്തപക്ഷം ഒരു ദിവസം എല്ലാ വിവരങ്ങളും അറിയുമ്പോള്‍ അവര്‍ നമ്മളെ ശപിക്കും. ഞാന്‍ ബാലകൃഷ്ണനെയും കൂട്ടി പുറത്തേക്കിറങ്ങി.
'ആരോടെങ്കിലും സത്യം പറയാഞ്ഞിട്ട് വല്ലാത്തൊരു ശ്വാസംമുട്ടല്‍ പോലെ...'
എന്റെ വാക്കുകളിലെ വിമ്മിഷ്ടം ബാലകൃഷണനു മനസ്സിലായി. 
'അയാളോടെങ്കിലും പറയാമെന്നു തോന്നുന്നു സാര്‍. അയാളത് സാവധാനം എല്ലാവരേയും പറഞ്ഞ് മനസ്സിലാക്കട്ടെ,' ബാലകൃഷ്ണന്‍ ശങ്കുണ്ണി നമ്പ്യാരെ ഉദ്ദേശിച്ച് പറഞ്ഞു.
വിക്രമനും അനിലും പേരക്കയും മാങ്ങയുമൊക്കെ കഴിച്ചുകൊണ്ട് വണ്ടിയിലിരുന്ന് എന്തോ കാര്യമായ സംസാരത്തിലാണ്. അല്പസമയത്തിനുള്ളില്‍ ശങ്കുണ്ണി നമ്പ്യാര്‍ ഉമ്മറത്തേക്കു വന്നു.
'ഇവിടങ്ങനെ പുഴയോരം തീര്‍ന്ന് പന്ത്രണ്ട് ഏക്കറുണ്ട്,'
വീടിന്റെ തെക്കുപടിഞ്ഞാറു ഭാഗം ചൂണ്ടിക്കാണിച്ചുകൊണ്ട് നമ്പ്യാര്‍ പറഞ്ഞു.
'തെങ്ങും കമുകും ജാതിയുമൊക്കെയുണ്ട്. സ്ഥിരം പണിക്കാരായി രണ്ടു പേരുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് വളരെ മുന്‍പ് വന്നവരാ.'
നമ്പ്യാര്‍ മുറ്റത്തേക്കിറങ്ങി. 
ഞാനും ബാലകൃഷ്ണനും തൊടിയിലേക്കിറങ്ങി. മാനംമുട്ടെ വളര്‍ന്നു നില്ക്കുന്ന കൊന്നക്കമുകള്‍ക്കിടയിലൂടെ തൈകമുകുകള്‍ നട്ടിട്ടുണ്ട്. തോട്ടത്തിലെ നടപ്പാതയിലൂടെ ഞങ്ങള്‍ നടന്നു. ഏറ്റവും മുന്നില്‍ ശങ്കുണ്ണി നമ്പ്യാരാണ്.
'മഴക്കാലമായാല്‍ ഭയങ്കര കൊതുകായിരിക്കും. അതുകൊണ്ട് മഴ തുടങ്ങുമ്പോഴേക്കും മുഴുവന്‍ പാളകളും പെറുക്കി മുറിച്ച് ഉണക്കി പശുക്കള്‍ക്കായി സൂക്ഷിച്ചുവെക്കും. അല്ലെങ്കില്‍ അതില്‍ വെള്ളം നിറഞ്ഞ് കൊതുകുകള്‍ പെറ്റുപെരുകും,' അയാള്‍ പറഞ്ഞു.
'ഉം.' 
ബാലകൃഷ്ണന്‍ യാന്ത്രികമായി മൂളി.
എനിക്ക് അതൊന്നും ശ്രദ്ധിക്കാനാവുന്നില്ല. ഞാന്‍ എല്ലാം തുറന്നു പറയാന്‍ തക്കവിധം മനസ്സിനെ പാകപ്പെടുത്തിയെടുക്കുകയാണ്.
'സാമാന്യം നല്ല ഭൂസ്വത്തുണ്ട് അല്ലേ..?' 
ബാലകൃഷ്ണന്‍ ചോദിച്ചു. 
'ഉം. ഈ വീടും പുരയിടവും ഗോപിക്കുട്ടന്റെ പേര്‍ക്കുള്ളതാണ്.  ഞങ്ങളുടെ വിഹിതം ടൗണിനോട് അടുത്താണ്. ഇനി അവന്‍ വേണം ഇതെല്ലാം നോക്കി നടത്താന്‍. കുറച്ചു നാള്‍ കൂടി ഞങ്ങള്‍ സഹായിച്ചു കൊടുക്കാം. കാനഡയില്‍നിന്നും മോള് വിളിച്ചോണ്ടിരിക്കയാ. അങ്ങോട്ട് ചെല്ലാന്‍.'
ശങ്കുണ്ണി നമ്പ്യാര്‍ ഗോപിയെ മുന്നില്‍ക്കണ്ട് പല പുതിയ തീരുമാനങ്ങളും എടുക്കുകയാണെന്നു മനസ്സിലാക്കിയ ഞാനും ബാലകൃഷ്ണനും പരസ്പരം നോക്കി. ഞങ്ങള്‍ ഒരു കാര്യം ഉറപ്പിച്ചു. ഇനിയും സത്യം തുറന്നു പറയാന്‍ വൈകിക്കൂട. 
'ശങ്കുണ്ണിയേട്ടാ...'
വിളി കേട്ട് നമ്പ്യാര്‍ തിരിഞ്ഞ് എന്റെ മുഖത്തേക്കു നോക്കി.
'എനിക്ക് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്. നിങ്ങള്‍ ശ്രദ്ധയോടെ അതു കേള്‍ക്കണം.'
'എന്താ സാര്‍..?' അയാള്‍ ഉത്കണ്ഠാകുലനായി.
'ഗോപിയേട്ടന്റെ കാര്യം പറയാനാണ്...'
'എന്താ സാര്‍... പറയൂ..!'
അയാള്‍ പരവശനായി. 
ഞാനും ബാലകൃഷ്ണനും ചേര്‍ന്ന് ചേനക്കല്ലില്‍ നടന്ന കൊലപാതകത്തെക്കുറിച്ചും ഗോപി അതില്‍ പ്രതിയാകാനുണ്ടായ സാഹചര്യത്തെക്കുറിച്ചും വളരെ ലഘുവായ രീതിയില്‍ പറഞ്ഞു മനസ്സിലാക്കി.
നമ്പ്യാര്‍ വിവശനായി. അയാളുടെ ശരീരത്തിന് ക്ഷീണം അനുഭവപ്പെടുന്നതുപോലെ തോന്നി. അയാള്‍ തൊട്ടടുത്തു കണ്ട മരത്തടിയില്‍ ഇരുന്നു. അയാള്‍ എന്തു പറയണമെന്നറിയാതെ എന്റെ മുഖത്തേക്ക് ദയനീയമായി നോക്കി.
'എന്തെങ്കിലും ചെയ്തു തരണം സാര്‍. ഇതറിഞ്ഞാല്‍ ഇവിടെ എല്ലാവരും തകര്‍ന്നുപോകും. എന്റെ അപേക്ഷയാണ്.'  
അയാള്‍ കൈ കൂപ്പി അപേക്ഷിച്ചു. 
അയാള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. ഇടറിയ സ്വരത്തില്‍ പറഞ്ഞു:
'എല്ലാം സഹിക്കാം. പക്ഷേ, മുപ്പത്തഞ്ചു വര്‍ഷത്തിലധികം ഒരു വിധവയെപ്പോലെ ജീവിച്ച ആ പെണ്‍കുട്ടിയോട് ഞാനെന്തു പറയും..?'
അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. 
ഞാനും ബാലകൃഷ്ണനും വല്ലാത്ത ആശങ്കയിലായി.
'നമ്പ്യാരേട്ടാ...എത്ര ഒളിച്ചുവെച്ചാലും സത്യം സത്യമല്ലാതാവുമോ. നിങ്ങളെങ്കിലും കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. അതുകൊണ്ടാണ് നിങ്ങളോടിതു പറയണമെന്ന് ഞങ്ങള്‍ തീരുമാനിച്ചത്...'   ബാലകൃഷ്ണനാണ് പറഞ്ഞത്. 
ഞാന്‍ അയാളുടെ ചുമലില്‍ കൈവെച്ച് ആശ്വസിപ്പിക്കാനെന്നവണ്ണം പറഞ്ഞു.
'സ്വയരക്ഷാര്‍ഥം ചെയ്ത പ്രവൃത്തി ന്യായീകരിക്കത്തക്കതാണ്. അത് കോടതി തിരിച്ചറിയാതിരിക്കില്ല. എത്രയും പെട്ടെന്ന് നമുക്ക് കേസ് തീര്‍ത്തെടുക്കാന്‍ നോക്കാം. അതിന് ഞങ്ങളെല്ലാവരും നിങ്ങളോടൊപ്പമുണ്ട്.'
അയാള്‍ എന്റെ മുഖത്തേക്കു നോക്കി.
'അതുകൊണ്ട് നമുക്കിത് ഇപ്പോഴാരോടും പറയേണ്ട.'
അയാള്‍ മുണ്ടുകൊണ്ട് മുഖം തുടച്ചു. ഞങ്ങള്‍ തിരികെ നടന്ന് വീടിനു മുന്നിലെത്തി. ഉമ്മറത്ത് രേണുക കാത്തുനില്പുണ്ട്.
'ഊണ് റെഡിയായിട്ടുണ്ട്.' 
'ഗോപിക്കുട്ടനെവിടെ..?'
നമ്പ്യാര്‍ ചോദിച്ചു.
അയാളുടെ ശബ്ദത്തിലെ തളര്‍ച്ച മനസ്സിലാക്കിയെന്നോണം രേണുക സംശയത്തോടെ ചോദിച്ചു:
'എന്തു പറ്റി? മുഖം വല്ലാണ്ടിരിക്കുന്നല്ലോ... എന്താ സുഖമില്ലേ?'
'ഓ... ചെറിയൊരു തലവേദന... സാരമില്ല..! അവനെവിടെ?' 
നെറ്റിയില്‍ വിരലമര്‍ത്തിക്കൊണ്ട് അയാള്‍ ചോദിച്ചു.
'അവര്‍ മുകളിലുണ്ട്. വര്‍ഷങ്ങള്‍ക്കു ശേഷം കാണുന്നതല്ലേ..?' ശേഷം എന്നെയും ബാലകൃഷ്ണനെയും നോക്കിപ്പറഞ്ഞു,
'എല്ലാവരെയും വിളിക്കൂ. ഊണ് റെഡിയായിട്ടുണ്ട്.'
'ശരി.' ബാലകൃഷ്ണന്‍ വിക്രമനെയും അനിലിനെയും വിളിക്കുവാനായി വണ്ടിയുടെയടുത്തേക്കു നടന്നു.
ഈ സമയം എന്റെ മൊബൈല്‍ ഫോണ്‍ റിങ് ചെയ്തു. രേഷ്മയാണ്. ഞാന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തു.
'ഹലോ... സോറി രേഷ്മാ. തിരക്കിനിടയില്‍ ഞാന്‍ വിളിക്കാന്‍ മറന്നു പോയി. ഞങ്ങള്‍ ഗോപിയേട്ടന്റെ വീട്ടിലെത്തി. അവിടെത്തന്നെയാണുള്ളത്. എല്ലാം വിശദമായി വന്നിട്ട് പറയാം. മോനെങ്ങനെയുണ്ട്..?'
'അവന് കുഴപ്പമൊന്നുമില്ല. എന്നാലും ഞാനിന്ന് അവനെ സ്‌കൂളില്‍ വിട്ടില്ല.'
'ഓക്കെ.' 
'പെട്ടെന്ന് വരാന്‍ നോക്കണേ,' രേഷ്മയുടെ സ്ഥിരം പല്ലവിയാണ്.
ഞാന്‍ ഫോണ്‍ കട്ട് ചെയ്ത ശേഷം ഹാളിലേക്കു കയറി. ശങ്കുണ്ണി നമ്പ്യാര്‍ എല്ലാവരെയും ഊണുമുറിയിലേക്കു നയിച്ചു. ശ്യാമള ഗോപിയെയും കൂട്ടി അവിടേക്കു വന്നു. ശങ്കുണ്ണി നമ്പ്യാര്‍ ഗോപിയുടെ മുഖത്തേക്കൊന്നു പാളി നോക്കി. സ്‌ഫോടനാത്മകമായ ഒരു അഗ്നിപര്‍വതം അവിടെ മറഞ്ഞിരിക്കുന്നുണ്ടെന്ന് അയാള്‍ക്കു തോന്നി. അയാളുടെ നിയന്ത്രണം വിട്ടു പോകുമോയെന്ന് അയാള്‍ ഭയപ്പെട്ടു. 
വിഭവസമൃദ്ധമായ ഭക്ഷണമാണ് ഒരുക്കിയിരിക്കുന്നത്. സാമ്പാറും കാളനും ഓലനും പച്ചപ്പയര്‍ തോരനും കൂട്ടുകറിയും പോരാത്തതിന് ചിക്കന്‍ ചെറിയ കഷണങ്ങളാക്കി വറുത്തതും.
'ഇത്ര പെട്ടെന്ന് ഇതെല്ലാം എങ്ങനുണ്ടാക്കി?'കൂട്ടുകറി രുചിച്ചുകൊണ്ട് ബാലകൃഷ്ണന്‍ ചോദിച്ചു.
'അടുക്കളയില്‍ സഹായിക്കാന്‍ രണ്ടുപേരുണ്ട്,' രേണുക ചിരിച്ചുകൊണ്ട് പറഞ്ഞു.
ഒരു പ്രത്യേക സ്വാതന്ത്ര്യത്തോടെ ശ്യാമള ഗോപിയുടെ പാത്രത്തിലേക്ക് കറികള്‍ വിളമ്പിക്കൊടുക്കുകയാണ്. 
നല്ല രുചിയുള്ള ഭക്ഷണമാണെങ്കിലും എനിക്ക് ഒട്ടും കഴിക്കാനാകുന്നില്ല. ഞാന്‍ ഇടയ്ക്കിടെ ഗ്ലാസില്‍നിന്നും വെള്ളമെടുത്ത് കുടിക്കാന്‍ തുടങ്ങി. അതിനിടയില്‍ നമ്പ്യാരെ നോക്കി. നമ്പ്യാര്‍ കുറച്ച് ഭക്ഷണം കഴിച്ചെന്നു വരുത്തി എഴുന്നേറ്റു. 
'അയ്യോ... അമ്മാവന്‍ തീരെ കഴിച്ചില്ലല്ലോ. എന്തു പറ്റി?'  
'നല്ല തലവേദന. ഒരു ഗുളിക കഴിക്കട്ടെ,' ശ്യാമളയുടെ ചോദ്യത്തിന് മറുപടിയായി ശങ്കുണ്ണി പറഞ്ഞു.
മറ്റുള്ളവര്‍ കഴിച്ചു തീരുന്നതുവരെ ഞാന്‍ കാത്തിരുന്ന ശേഷം പാത്രത്തില്‍ വെച്ചിരിക്കുന്ന മാമ്പഴത്തിന്റെ ഒരു കഷണമെടുത്ത് രുചിച്ചു നോക്കി. നല്ല മധുരവും ചെറിയ പുളിയും കലര്‍ന്ന് നല്ല രുചിയുള്ള ഇനമാണ്. 
'മാമ്പഴവും കൈതച്ചക്കയുമെല്ലാം ഇവിടുത്തേതു തന്നെയാ,' ഗുളിക വായിലിട്ട് ഒരു ഗ്ലാസ് വെള്ളം കുടിച്ച ശേഷം നമ്പ്യാര്‍ പറഞ്ഞു. 
എല്ലാവരും കഴിച്ച് തൃപ്തിയോടെ എഴുന്നേറ്റ് കൈ കഴുകി. 
ശ്യാമള രേണുകയുടെ അടുത്ത് ചെന്ന് അടക്കം പറഞ്ഞു.
'വീട്ടില്‍ ഗോപിയേട്ടന് ഇഷ്ടമുള്ള കിളിച്ചുണ്ടന്‍ മാമ്പഴമുണ്ട്. ഞാന്‍ ഓടിച്ചെന്ന് എടുത്തിട്ടു വരാം.'
അനുവാദത്തിന് കാത്തുനില്ക്കാതെ ശ്യാമള പുറത്തേക്ക് ഓടി.
എല്ലാവരും ഹാളിലേക്ക് ഇറങ്ങി. ഗോപിയും വിക്രമനും അനിലും പുറത്തേക്കിറങ്ങി തോട്ടത്തിലൂടെ നടന്നു. ബാലകൃഷ്ണന്‍ പോലീസ് വണ്ടിക്കരികിലേക്കു പോയി.
'സാറൊന്ന് ഏടത്തിയമ്മയോട് മറ്റെന്തെങ്കിലും കാരണങ്ങള്‍ പറഞ്ഞ് സമ്മതിപ്പിക്കണം. അങ്ങനെയല്ലാതെ ഗോപിക്കുട്ടനെ കൊണ്ടുപോയാല്‍ അവര്‍ക്കത് താങ്ങാനാവില്ല.'  
നമ്പ്യാര്‍ എന്റെയടുത്തു വന്ന് ശബ്ദം താഴ്ത്തിപ്പറഞ്ഞു.
ഒരു നിമിഷം ആലോചിച്ച് പറയേണ്ട കാര്യങ്ങള്‍ മനസ്സിലുറപ്പിച്ച ശേഷം ഞാന്‍ എഴുന്നേറ്റ് നമ്പ്യാരോടൊപ്പം അകത്തേക്കു കടന്നു.
ദാക്ഷായണിയമ്മ കട്ടില്‍ ക്രസിയില്‍ ചാരിയിരുന്ന് പാത്രത്തില്‍നിന്നും ഒരു സ്പൂണുപയോഗിച്ച് കഞ്ഞി കോരിക്കുടിക്കുകയാണ്. രേണുക ഒരു പീലീസില്‍ കറികളുമായി അടുത്തുതന്നെയിരിപ്പുണ്ട്.
'ഗോപിക്കുട്ടനെ ഇവരിപ്പോള്‍ കൂടെ കൊണ്ടുപോവുകയാണെന്ന്,' 
നമ്പ്യാര്‍ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു.
'എന്തിന്..?' ദാക്ഷായണിയമ്മയുടെ കൈയില്‍നിന്നും സ്പൂണ്‍ പാത്രത്തിലേക്ക് വീണു. അവര്‍ പാത്രം രേണുകയുടെ കൈയിലേക്ക് കൊടുത്തശേഷം എന്നെ നോക്കി.
'അത് പിന്നെ, സര്‍ക്കാര്‍ കാര്യമല്ലേ... വൃദ്ധസദനത്തില്‍ കുറച്ച് എഴുത്തുകുത്തുകള്‍ നടത്താനുണ്ട്. നമ്പ്യാരേട്ടന്‍ രണ്ടു ദിവസം കഴിഞ്ഞ് അങ്ങോട്ടു വന്നാല്‍ മതി. അപ്പോഴേക്കും ഞങ്ങള്‍ എല്ലാം ശരിയാക്കി വെക്കാം!'
എന്റെ മറുപടിയില്‍ തൃപ്തി വരാതെ ദാക്ഷായണിയമ്മ ശങ്കുണ്ണിയെ നോക്കി. 
'ഏടത്തിയമ്മേ... അവര് പറയുന്നതിലും കാര്യമുണ്ട്. അവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരല്ലേ. റൂള്‍സ് അനുസരിച്ചല്ലേ അവര്‍ക്ക് പ്രവര്‍ത്തിക്കാനാവൂ,' ശങ്കുണ്ണി വിശദീകരിച്ചു.
'എന്ത് റൂള്‍സ്..? എന്റെ കുട്ടിയെ ഇനി എങ്ങോട്ടും കൊണ്ടു പോകേണ്ട!' ദാക്ഷായണിയമ്മയ്ക്ക് ദേഷ്യവും കരച്ചിലും വരുന്നുണ്ട്.  
'എടത്തിയമ്മേ. അവര്‍ എത്ര കഷ്ടപ്പെട്ട് അന്വേഷിച്ചു പിടിച്ചാണ് ഗോപിക്കുട്ടനെ ഇവിടെ വരെയെത്തിച്ചത്. എന്തായാലും നമുക്ക് വീണ്ടുമൊന്നു കാണാന്‍ കിട്ടിയല്ലോ.'    
ഒന്നു നിര്‍ത്തിയ ശേഷം അയാള്‍ ദാക്ഷായണിയമ്മയുടെ അടുത്തുചെന്ന് ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു,
'ഇത്രയുമായില്ലേ. ഇനിയൊരു രണ്ടു ദിവസം കൂടി നമുക്ക് കാത്തിരുന്നൂടെ..?'
'ഒക്കെ ശരി തന്നെ... പക്ഷേ, ആ പെങ്കൊച്ചിനോട് നമ്മളെന്ത് സമാധാനം പറയും മോളെ..?' 
അവര്‍ രേണുകയുടെ മുഖത്തേക്കു നോക്കി വിതുമ്പുകയാണ്.
'ശ്യാമയോട് ഞാന്‍ പറഞ്ഞോളാം,' ഒരു നിമിഷം ആലോചിച്ച ശേഷം രേണുക പറഞ്ഞു.
'അവനിപ്പോള്‍ തന്നെ ഈ കാര്യങ്ങളെല്ലാം അവളോട് പറഞ്ഞിട്ടുണ്ടാവണം. പറയാതിരിക്കില്ല. എനിക്കുറപ്പാ,' ശങ്കുണ്ണി നെടുവീര്‍പ്പെട്ടു.
'എന്തായാലും എന്റെ കുഞ്ഞിനെ എത്രയും പെട്ടെന്ന് ഇങ്ങ് എത്തിക്കണേ മോനെ..!'
ഒരു അപേക്ഷപോലെ ദാക്ഷായണിയമ്മ പറഞ്ഞു.
എന്തു പറയണമെന്നറിയാതെ ഞാന്‍ തലയാട്ടി. രേണുക ഏടത്തിയമ്മയുടെ കൈയും മുഖവും കഴുകി തുടച്ച ശേഷം അടുക്കളയിലേക്കു മടങ്ങി. അസ്വസ്ഥതയോടെ ഞാനും പുറത്തേക്കിറങ്ങി. ബാലകൃഷ്ണന്‍ ജീപ്പിനടുത്തു നില്പുണ്ട്. ഒരു പ്ലാസ്റ്റിക് കൂടില്‍ മാമ്പഴവുമായി ശ്യാമള അങ്ങോട്ടു വരുന്നുണ്ട്. സാബു വാഹനത്തിനടുത്തേക്കു ചെന്നു. ജീപ്പിന്റെ ഡോറിനു മുകളിലായുള്ള ഹാന്‍ഡിലില്‍ തൂങ്ങിക്കിടക്കുന്ന കൈവിലങ്ങ് അവളുടെ ശ്രദ്ധയില്‍പ്പെട്ടു. അതില്‍ത്തന്നെ  നോക്കിക്കൊണ്ട്  ശ്യാമള ചോദിച്ചു:
'സാറെ, ശരിക്കും എന്റെ ഗോപിയേട്ടന് എന്താ പറ്റീത്?'
'അയാളെ അബോധാവസ്ഥയില്‍ ബസ്സ്റ്റാന്‍ഡില്‍ വെച്ച്...' ബാലകൃഷ്ണന്‍ മുഴുമിപ്പിക്കുന്നതിനു മുന്‍പുതന്നെ ശ്യാമള ചോദിച്ചു:
'പിന്നെന്തിനാണ് സാറെ ഈ വിലങ്ങ്. ഒരു അനാഥനെ വിലങ്ങു വെച്ചാണോ സാര്‍ കൊണ്ടുവരിക?'  
വണ്ടിയിലെ വിലങ്ങ് ചൂണ്ടിക്കാണിച്ചുകൊണ്ട് ശ്യാമള ചോദിച്ചു. അപ്പോഴാണ് ഞങ്ങള്‍ പോലീസ് വണ്ടിയിലേക്കു നോക്കിയത്. നേരത്തെ നിലത്തു വീണ വിലങ്ങ് അലക്ഷ്യമായി തൂക്കിയിട്ടിരിക്കുന്നു.
ആ ചോദ്യത്തില്‍ ഞാനും ബാലകൃഷണനും  ഒരു നിമിഷം പകച്ചു പോയി.
'ഗോപിയേട്ടന്‍ എന്നോടെല്ലാം പറഞ്ഞു. ഒരു ചെറിയ കേസുണ്ടെന്നും അത് തീര്‍ത്തിട്ട് വരുന്നതുവരെ കാത്തിരിക്കണമെന്നും.'
അവള്‍ വാക്കുകള്‍ മുഴുമിക്കാന്‍ പണിപ്പെട്ടു.
'അത് സത്യമാവരുതേയെന്ന് ഞാന്‍ ഉള്ളുരുകി ഭഗവാനോട് പ്രാര്‍ഥിച്ചു. പക്ഷേ...'      
അവള്‍ വിതുമ്പിപ്പോകാതിരിക്കാന്‍ പാടുപെട്ടു. 
ഞാന്‍ എന്തു പറയണമെന്നറിയാതെ കുഴങ്ങി.
'അപ്പോള്‍ അത് സത്യമാണല്ലേ സാര്‍,' അവള്‍ക്ക് നിയന്ത്രണം വിട്ടു പോയി. ഉമ്മറത്തുനിന്നും ശങ്കുണ്ണി നമ്പ്യാര്‍ അവിടേക്ക് ഓടിവന്നു. അവള്‍ വീണുപോകാതിരിക്കാന്‍ പോലീസ് വണ്ടിയില്‍ പിടിച്ചു. അയാള്‍ അവളെ താങ്ങിയെടുത്ത് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. രേണുക അടുക്കള ഭാഗത്തുനിന്നും ശബ്ദം കേട്ട് അങ്ങോട്ടു നോക്കി. ശ്യാമളയുടെ തേങ്ങല്‍ കേട്ട് അവള്‍ അവിടേക്ക് ഓടിയെത്തി. രണ്ടുപേരും ചേര്‍ന്ന് അവളെ ചേര്‍ത്തു നിര്‍ത്തി.
'ശ്യാമേ... എന്തെല്ലാം പരീക്ഷണങ്ങളിലൂടെ കടന്നുപോയവളാണ് നീ. തളരരുത് പിടിച്ചുനില്ക്കണം. ഇവിടെ ആരും ഒന്നും അറിഞ്ഞിട്ടില്ല.'   ശങ്കുണ്ണി അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. രേണുക എന്നെയും ബാലകൃഷ്ണനെയും മാറി മാറി നോക്കി. അവള്‍ക്ക് ഒന്നും വ്യക്തമായില്ലെങ്കിലും ഗോപിയുമായി ബന്ധപ്പെട്ട് ഇനിയും അറിയാത്ത കാര്യങ്ങള്‍ ചിലതുണ്ടെന്ന് ആ നോട്ടത്തില്‍നിന്നും വായിച്ചെടുക്കാനാവും.
'എന്തൊക്കെ പ്രശ്‌നങ്ങളുണ്ടായാലും ഗോപിക്കുട്ടനെ നമ്മള്‍ തിരികെ കൊണ്ടുവരും. നീ ധൈര്യമായിരിക്ക്.'  നമ്പ്യാരുടെ ഉറച്ച വാക്കുകള്‍ അവള്‍ക്ക് തെല്ലൊരാശ്വാസം പകര്‍ന്നെന്നു തോന്നുന്നു. അവള്‍ സാരിത്തലപ്പുകൊണ്ട് കണ്ണുകള്‍ തുടച്ച ശേഷം കുനിഞ്ഞ് നിലത്തു വീണ കിളിച്ചുണ്ടന്‍ മാമ്പഴത്തിന്റെ പൊതിയെടുത്ത് എന്റെ കൈയിലേക്ക് തന്ന ശേഷം പറഞ്ഞു:
'ഗോപിയേട്ടന് കൊടുക്കണം.'
വാക്കുകള്‍ മുഴുമിപ്പിക്കാന്‍ നില്ക്കാതെ അവള്‍ രേണുകമ്മായിയുടെ തോളില്‍പ്പിടിച്ച് അടുക്കളഭാഗത്തേക്കു നടന്നു. നെഞ്ചു തിരുമ്മികൊണ്ട് വല്ലാത്തൊരു വിമ്മിഷ്ടത്തോടെ ശങ്കുണ്ണി നമ്പ്യാര്‍ ഉമ്മറത്തേക്കു നടന്നു.
ഞാനും ബാലകൃഷണനും പരസ്പരം നോക്കി. ഇനി എത്രയും പെട്ടെന്ന് ഇവിടെനിന്നും ഇറങ്ങണമെന്ന് ഞങ്ങള്‍ക്കു തോന്നി. ഗോപിയെയും മറ്റും കൂട്ടിക്കൊണ്ട് വരാന്‍ ബാലകൃഷ്ണനെ അയച്ച ശേഷം ഞാന്‍ ഉമ്മറത്തേക്കു നടന്നു. ശങ്കുണ്ണി നമ്പ്യാര്‍ കൂജയില്‍നിന്നും ഒരു ഗ്ലാസ് വെള്ളമെടുത്ത് അല്പാല്പമായി കുടിക്കുകയാണ്.
'ഈ... ബി.പിയുള്ളതുകൊണ്ട് വല്ലാത്തൊരു ബുദ്ധിമുട്ട്,' നമ്പ്യാര്‍ നെഞ്ച് തിരുമ്മിക്കൊണ്ട് പറഞ്ഞു.
'ഈ ലോകത്ത് പ്രശ്‌നങ്ങളില്ലാത്ത ആളുകളില്ല. എന്നാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടുതാനും. അതു കണ്ടെത്തുംവരെ നമുക്ക് കാത്തിരിക്കാം. പ്രതീക്ഷ കൈവിടാതെ.'    
എന്റെ വാക്കുകളിലെ ശുഭാപ്തിവിശ്വാസം നമ്പ്യാരെ അല്പമൊന്ന് ആശ്വസിപ്പിച്ചു എന്നു തോന്നുന്നു.
അയാള്‍ വെള്ളം മുഴുവന്‍ കുടിച്ചിട്ട് ഗ്ലാസ് കൂജയ്ക്കരുകില്‍ വെച്ചശേഷം ചോദിച്ചു:
'ചായ എടുക്കാന്‍ പറയട്ടേ..?'
'ഉവ്വ്. എനിക്ക് വിത്തൗട്ട് മതി കേട്ടോ.'     
അയാളുടെ മനസ്സൊന്ന് മാറ്റിയെടുക്കാന്‍ ഉദ്ദേശിച്ച് ഞാന്‍ മനപ്പൂര്‍വം പറഞ്ഞു.
'ഇത്ര നേരത്തെ ഷുഗര്‍ തുടങ്ങിയോ?'
എന്റെ മറുപടി കേട്ട് നമ്പ്യാര്‍ ചോദിച്ചു. 
'ഇല്ല. ഇന്ന് മധുരം കുറേ കഴിച്ചതല്ലേ, അതുകൊണ്ടാ.'
'രേണൂ...' 
'ചായ എടുത്തോളൂ. ഒന്നില്‍ മധുരം വേണ്ട.'
നമ്പ്യാര്‍ ഉറക്കെ വിളിച്ചു പറഞ്ഞു. 
ബാലകൃഷണനും ഗോപിയും മറ്റും ദൂരെ നിന്ന് നടവഴിയിലൂടെ വീട്ടിലേക്കു വരുന്നുണ്ട്. ഗോപി അല്പം ഉന്മേഷവാനായി കാണപ്പെട്ടു. നമ്പ്യാര്‍ എഴുന്നേറ്റ് അവരോട് ഇരിക്കാന്‍ പറഞ്ഞു. അവര്‍ ഉമ്മറത്തേക്ക് കയറിയിരുന്നു. ഗോപി അകത്തുനിന്നും കൈ പിടിയില്ലാത്ത മരത്തിന്റെ ഒരു കസേരയെടുത്ത് ഉമ്മറത്തേക്കിട്ട് അമ്മാവനോട് ഇരിക്കാന്‍ പറഞ്ഞു. ശേഷം അകത്തേക്കു പോയി.
'പുഴയുടെ അടുത്തേക്കു പോയാല്‍ അടിപൊളിയാ,' അനിലാണ് പറഞ്ഞത്.
'നാലഞ്ച് കോട്ടേജ് പണിതിട്ടാല്‍ പുഷ്പംപോലെ ചെലവാകും. ശരിക്കുമൊരു റിസോര്‍ട്ടിന്റെ ആംബിയന്‍സാ.'   
വിക്രമന്‍ അനിലിന്റ അഭിപ്രായത്തോടു യോജിച്ചു.
അകത്തുനിന്നും രേണുക ട്രേയില്‍ ചായയുമായി വന്നു. ശ്യാമള രണ്ടു പാത്രങ്ങളില്‍ അരിയുണ്ടയും ചീപ്പപ്പവുമായി പിന്നാലെ വന്നു. ഒരു കപ്പിലെ ചായ ഊതിക്കുടിച്ചുകൊണ്ട് ഗോപി ഉമ്മറത്തേക്കു വന്ന് വീട്ടിത്തടിയില്‍ കൊത്തിയുണ്ടാക്കിയ തൂണില്‍ ചാരി നിന്നു. തിരിച്ചു പോകാന്‍ മാനസികമായി തയ്യാറെടുത്തിട്ടെന്നവണ്ണം അയാളുടെ മുഖം പ്രസന്നമാണ്. എല്ലാവരും ചായയും പലഹാരങ്ങളും കഴിച്ച് എഴുന്നേറ്റു.
'നമുക്കിറങ്ങാന്‍ നോക്കിയാലോ?' 
ഞാന്‍ ഗോപിയോടു ചോദിച്ചു.
'ഇറങ്ങാം സാര്‍,' 
അയാള്‍ മറുപടി പറഞ്ഞു.
ശ്യാമളയും രേണുകയും അകത്തേക്കു കയറി. ശങ്കുണ്ണി നമ്പ്യാര്‍ ഗോപിയുടെ അടുത്തെത്തി അവനെ കെട്ടിപ്പിടിച്ച ശേഷം അടക്കം പറഞ്ഞു:
'ഞാനെല്ലാം അറിഞ്ഞു മോനേ...'  
അയാള്‍ ധൈര്യം സംഭരിച്ച് പറഞ്ഞു.
'നീ ഇനി ഒറ്റയ്ക്കല്ല. ഞങ്ങളെല്ലാവരുമുണ്ട് നിന്റെ കൂടെ. എല്ലാം ശരിയായി വരും.'    
ശേഷം ശങ്കുണ്ണി നമ്പ്യാര്‍ അടുത്തു വന്ന് എന്റെ കണ്ണുകളിലേക്ക് യാചനാപൂര്‍വം നോക്കി.
'ഏടത്തിയമ്മയ്ക്ക് മാത്രം ഒരു ഉറപ്പ് കൊടുക്കാമോ സാര്‍..? ഞങ്ങള്‍ പറയുന്നതുപോലെയല്ലല്ലോ സാറ് പറയുമ്പോള്‍. സാറിന്റെ ഒരുറപ്പ് ഒരു പക്ഷേ അവരുടെ ആയുസ്സിന്റെ ദൈര്‍ഘ്യം തന്നെ നീട്ടിക്കൊടുത്തേക്കാം. ഇവനെയോര്‍ത്ത് അത്രയ്ക്ക് പുകയുന്നുണ്ട് ആ മനസ്സ്.'
ലോകത്തിലെ സകല ദൈന്യതയും നിറഞ്ഞ ആ അപേക്ഷ എന്റെ മനസ്സിനെ വല്ലാതെ അസ്വസ്ഥതപ്പെടുത്തി. ഞാന്‍ അദ്ദേഹത്തെ നോക്കിശേഷം ഉള്ളിലേക്കു വരാമെന്ന രീതിയില്‍ തലയാട്ടി.
നമ്പ്യാര്‍ ഗോപിയേയും കൂട്ടി ഉള്ളിലേക്കു നടന്ന് ദാക്ഷായണിയമ്മയുടെ മുറിയിലെത്തി. ഞാനും അവരെ അനുഗമിച്ചു. ദാക്ഷായണിയമ്മ കണ്ണടച്ച് നാമം ജപിച്ചുകൊണ്ടിരിക്കുകയാണ്.
'ഏടത്തിയമ്മേ...'  
ശങ്കുണ്ണി ശബ്ദം താഴ്ത്തി വിളിച്ചു. അവര്‍ കണ്ണു തുറന്നു. ഗോപി ദാക്ഷായണിയമ്മയുടെ അരികിലിരുന്നു.
'അമ്മേ... ഇറങ്ങാറായി. ഞാന്‍ പോയിട്ട് പെട്ടെന്നിങ്ങു വരാം.' 
ഗോപി കുനിഞ്ഞ് ദാക്ഷായണിയമ്മയുടെ കവിളില്‍ ഉമ്മ വെച്ചു. അവര്‍ രണ്ടു കൈകൊണ്ടും അവനെ ചേര്‍ത്തുപിടിച്ചു.
'ഈശ്വരന്‍ കാക്കട്ടെ എന്റെ കുട്ടിയെ.'   
അവര്‍ വിതുമ്പിക്കൊണ്ട് എന്റെ കണ്ണുകളിലേക്കു നോക്കി.
'സര്‍ക്കാര്‍ നടപടികളിലെ ചെറിയ കാലതാമസം മാത്രം. അതു കഴിഞ്ഞാല്‍...ഞങ്ങള്‍... എത്രയും പെട്ടെന്ന് തന്നെ ഗോപിയേട്ടനെ ഇവിടെ അമ്മയുടെ അരികിലെത്തിക്കും. ഉറപ്പാണ്. അമ്മ വിഷമിക്കരുത്.'
വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ ഞാന്‍ പാടുപെട്ടെങ്കിലും തന്റെ വാക്കുകള്‍ ദാക്ഷായണിയമ്മയില്‍ പുത്തന്‍ പ്രതീക്ഷകളുണര്‍ത്തിയെന്ന് അവരുടെ കണ്ണുകളിലെ തിളക്കം കണ്ടാലറിയാം.
മുഖത്തെ വിഹ്വലത അറിയാതിരിക്കാന്‍ ഞാന്‍ തല അല്പം കുനിച്ച് ഇടനാഴിയിലേക്കിറങ്ങി. അവിടെ ശ്യാമള ഭിത്തിയില്‍ ചാരി മുഖം കുനിച്ച് നില്പുണ്ട്. ഞാന്‍ അവളുടെ മുഖത്തേക്ക് ഒന്ന് പാളി നോക്കി. പെയ്യാനൊരുങ്ങിയ കാലവര്‍ഷം മുഴുവന്‍ അവളുടെ കണ്ണുകളില്‍ തങ്ങിനില്പുണ്ട്. എന്തെങ്കിലും ഒരു ആശ്വാസവാക്ക് അനിവാര്യമാണെന്ന് എനിക്കു തോന്നി. ഞാന്‍ ഒരു നിമിഷം നിന്നു. അപ്പോഴേക്കും
ഗോപി എഴുന്നേറ്റ് ശങ്കുണ്ണിയോടൊപ്പം ഇടനാഴിയിലെത്തി. അവിടെ ശ്യാമള കാത്തു നില്ക്കുന്നതു കണ്ടപ്പോള്‍ ശങ്കുണ്ണി പെട്ടെന്ന് ഹാളിലേക്കിറങ്ങി. ഞാന്‍ എന്തു പറയണമെന്നറിയാതെ വാക്കുകള്‍ക്കായി പരതി. ഗോപി എന്റെ മുഖത്തേക്കും ശ്യാമളയുടെ കണ്ണുകളിലേക്കും നോക്കി കുറച്ചു നേരം അങ്ങിനെത്തന്നെ നിന്നു.  
അവളുടെ മനസ്സിന്റെ വേദന മുഴുവന്‍ ആ കണ്ണുകളിലുണ്ട്. 
'വിഷമിക്കരുത്. ഞങ്ങള്‍ എല്ലാവരും ഒപ്പമുണ്ട്. നല്ലതു മാത്രമേ വരൂ.'
ഞാന്‍ ഒരു വിധത്തില്‍ ശ്യാമളയോട് അത്രയും പറഞ്ഞൊപ്പിച്ചു. ഗോപി ഒത്തിരി നന്ദിയോടെ എന്നെയും ശേഷം ശ്യാമളയുടെ കണ്ണുകളിലേക്കും നോക്കി. 
അവളുടെ മുഖം ചുവന്ന് ചുണ്ടുകള്‍ വിറയ്ക്കുന്നുണ്ട്. വിതുമ്പിപ്പോകുമെന്നു തോന്നിയ മാത്രയില്‍ അയാള്‍ ഇരു കൈകളുംകൊണ്ട് അവളെ നെഞ്ചോട് ചേര്‍ത്തുപിടിച്ചു. 
ഇടനാഴിയിലാകെ മൂടല്‍മഞ്ഞ് നിറയുന്നതുപോലെ എനിക്കു തോന്നി. അവാച്യമായ ഒരു സുഗന്ധം അവിടമാകെ വലയം ചെയ്തതുപോലെ എനിക്ക് അനുഭവപ്പെട്ടു. ഏതോ ഒരു അനുഭൂതിയില്‍ അകപ്പെട്ട ഞാന്‍ യാന്ത്രികമായി ഹാളിലേക്കിറങ്ങി. സ്വീകരണമുറിയില്‍ ഇപ്പോള്‍ ഞാന്‍ തനിച്ചാണ്. അവിടുത്തെ സോഫയിലൊന്നില്‍ ഇരുന്ന ശേഷം ഞാന്‍ ഒരു നിമിഷം എന്റെ കണ്ണുകള്‍ പതിയെ അടച്ചു. ഇപ്പോള്‍
എന്റെയുള്ളില്‍ ഗോപിയും ശ്യാമളയും മാത്രമേയുള്ളൂ. ആയുസ്സ് മുഴുവന്‍ ഇഷ്ടപ്പെട്ടവനായി ജീവിതം ഹോമിച്ച് ഇത്രനാള്‍ കാത്തിരുന്ന സ്ത്രീ... ജീവിതത്തില്‍ ദുരിതവഴികള്‍ മാത്രം താണ്ടിയ ഗോപി... അയാള്‍ അവളെ നെഞ്ചോടു ചേര്‍ത്തുപിടിച്ചിരിക്കുകയാണ്. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അയാള്‍ സാവധാനം അവളുടെ  നെറുകയില്‍ ചുംബിച്ചു. ശ്യാമള ഒരു നിമിഷം എല്ലാം മറന്നു പോയി. ഈ ഒരു നിമിഷം..! വര്‍ഷങ്ങളായി മനസ്സിന്റെ ആഴങ്ങളില്‍ ചേര്‍ത്തുവെച്ച സ്വപ്ന മുഹൂര്‍ത്തം...
ദൈവമേ... 
ഈ നിമിഷത്തില്‍ മരിച്ചുപോയിരുന്നെങ്കിലെന്ന് അവള്‍ ആത്മാര്‍ഥമായി പ്രാര്‍ഥിച്ചു..!
ഒരു നിമിഷം അങ്ങിനെ നിന്ന ശേഷം അയാള്‍ അവളോടു പറഞ്ഞു:
'ഞാന്‍ തിരിച്ചുവരും. നിനക്കുവേണ്ടി.' 
'വേണ്ട... ഗോപിയേട്ടന്‍ എന്നെ വിട്ടെങ്ങും പോവണ്ട,'  
അയാളുടെ മാറില്‍നിന്നും മുഖം മാറ്റാതെ അവള്‍ പറഞ്ഞു.
'യാഥാര്‍ഥ്യങ്ങളില്‍നിന്നും മാറി നില്ക്കാന്‍ നമുക്കാവില്ല ശ്യാമേ... ഇപ്പോള്‍ എനിക്ക് പോവേണ്ടതുണ്ട്. നീയിവിടെയുണ്ട് എന്നുള്ളതാണ് ഇനിയങ്ങോട്ട് എന്റെ പ്രതീക്ഷയും ധൈര്യവും.' 
അയാള്‍ അവളുടെ കൈ പറിച്ചു മാറ്റി. അവളുടെ കണ്ണുനീര്‍ വീണ് അയാളുടെ നെഞ്ചകം കുതിര്‍ന്നു. അവള്‍ മുഖം തുടച്ചുകൊണ്ടു പറഞ്ഞു: 
'മരണംവരേയും ഗോപിയേട്ടന്റെ ശ്യാമള ഇവിടുണ്ടാകും. പ്രതീക്ഷകളോടെ...'  
അവള്‍ ചിരിക്കാന്‍ കിണഞ്ഞുശ്രമിച്ചു. 
അവര്‍ രണ്ടുപേരും സ്വീകരണമുറിയിലേക്ക് കടന്നുവന്നു. കാല്‍പ്പെരുമാറ്റം കേട്ട് ഞാന്‍ മുഖമുയര്‍ത്തി. ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും നല്ല സ്വപ്നങ്ങളിലൊന്നില്‍നിന്നും എന്റെ മനസ്സിനെ പറിച്ചു മാറ്റാനാവുന്നില്ല. ഞാന്‍ കണ്ണുകള്‍ തുറന്നു. ഗോപിയും ശ്യാമളയും എന്നെത്തന്നെ നോക്കി നില്ക്കുകയാണ്. 
ഞാന്‍ എഴുന്നേറ്റ് അല്പം ജാള്യതയോടെ ഉമ്മറത്തേക്കിറങ്ങി. ഗോപിയും ശ്യാമളയും എന്നെ അനുഗമിച്ചു. അവിടെ ശങ്കുണ്ണിയും രേണുകയും മറ്റുള്ളവരും നില്പുണ്ട്. ശങ്കുണ്ണി രേണുകയുടെ കൈയിലുണ്ടായിരുന്ന ചെറിയൊരു കവര്‍ വാങ്ങിയ ശേഷം എന്നോടു പറഞ്ഞു: 
'ഇത് കുറച്ച് പണമാണ്. ഗോപിയുടെ ആവശ്യങ്ങള്‍ക്കായിട്ട്..! ഇത് ഞാന്‍ ഇവന് കൊടുത്തോട്ടെ?'
'ഇപ്പോള്‍ ഇതിന്റെ ആവശ്യമില്ല ശങ്കുണ്ണിയേട്ടാ... എന്തെങ്കിലും ആവശ്യം വന്നാല്‍ ഞങ്ങള്‍ ബന്ധപ്പെട്ടോളാം...'   
പുറത്തേക്കിറങ്ങിക്കൊണ്ട് ഞാന്‍ പറഞ്ഞു. 
എല്ലാവരും നടന്ന് ജീപ്പിനടുത്തെത്തി. ഒരു വട്ടംകൂടി യാത്ര പറഞ്ഞ് എല്ലാവരും വണ്ടിയില്‍ കയറി.
'അവിടെത്തിയിട്ട് വിളിക്കണേ...'  
രേണുക പറഞ്ഞു.
ഗോപി പുറത്തേക്കു കൈയിട്ട് 'ശരി'യെന്നു പറഞ്ഞു.
അനില്‍ വണ്ടി അല്പം മുന്നോട്ടെടുത്ത ശേഷം തിരിച്ചെടുത്തു. ഗോപി ശ്യാമളയുടെ മുഖത്തേക്കു നോക്കാനാവാതെ തല കുനിച്ചിരിക്കുകയാണ്. ജീപ്പ് മുന്നോട്ടു നീങ്ങി ഗേറ്റ് കടന്നു. ഒരു നിമിഷം ഞാന്‍ പിന്നിലേക്കു നോക്കി. അവിടെ ശ്യാമള രേണുകയുടെ മാറിലേക്ക് വീണുകിടക്കുകയാണ്. ശങ്കുണ്ണി ഒരു ഗ്ലാസില്‍ വെള്ളവുമായി ഓടി വരുന്നു. ഒരു നിമിഷം ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. ജീപ്പ് കല്ലുപാകിയ റോഡ് കടന്ന് ടാര്‍റോഡിലൂടെ മുന്നോട്ടു നീങ്ങി.

(തുടരും)

മുൻഭാഗങ്ങൾ വായിക്കാം

Content Highlights: Kuttasammatham Novel by Sibi Thomas part 15