പോലീസ്‌വാഹനം മുന്നോട്ടു നീങ്ങുന്നതിനിടയില്‍ ഞാന്‍ തിരിഞ്ഞ് ഗോപിയെ നോക്കി. അയാള്‍ തലതാഴ്ത്തിയിരിക്കുകയാണ്. കുറച്ചു നേരത്തേക്ക് ആരും ഒന്നും സംസാരിച്ചില്ല. ഏകദേശം ഒരു കിലോമീറ്റര്‍ കഴിയുന്നതിനു മുന്‍പുതന്നെ റോഡിന്റെ സ്വഭാവം മാറിത്തുടങ്ങി. റോഡിനോടു ചേര്‍ന്നുള്ള വീടുകളുടെ എണ്ണവും കുറഞ്ഞു കുറഞ്ഞു വരികയാണ്. ഇരുവശത്തുമുള്ള പുരയിടങ്ങളില്‍ കൂറ്റന്‍ തേക്കുമരങ്ങളും വീട്ടിമരങ്ങളും വളര്‍ന്നു നില്പുണ്ട്. മുന്നില്‍നിന്നും തടി കയറ്റിയ ഒരു ലോറി വരുന്നുണ്ട്. പോലീസ് ജീപ്പിനെക്കണ്ടപ്പോള്‍ ലോറിയുടെ ഡ്രൈവര്‍ ഒന്നു പകച്ചുപോയതുകൊണ്ടാവണം വണ്ടിയുടെ വേഗത താനെ കുറഞ്ഞു. ആവശ്യമുള്ള രേഖകള്‍ ഒന്നും തന്നെയില്ലാതെയാണ് വരവ് എന്ന് ന്യായമായും സംശയിക്കാം. വശങ്ങളിലുള്ള പുല്ലുകളെ തൊട്ടുരുമ്മിക്കൊണ്ട് പോലീസ്‌വാഹനം ലോറിയെ കടന്നുപോയി. ലോറിയുടെയുള്ളിലേക്കു നോക്കി. ഡ്രൈവറുടെ കണ്ണുകളിലെ ഭയം അയാളില്‍ കൗതുകമുണര്‍ത്തി. 
'ഇവിടുത്തെ പോലീസ് നല്ല സ്‌ട്രോങ്ങാണെന്നു തോന്നുന്നു.'

ജീപ്പിനുളളിലെ നിശ്ശബ്ദതയ്ക്കു വിരാമമിട്ടുകൊണ്ട് വിക്രമന്‍ പറഞ്ഞു. 
'അതെന്താ നീയങ്ങനെ പറഞ്ഞത്?'
ബാലകൃഷ്ണന്‍ വിക്രമന്റെ ചോദ്യത്തിനൊരു മറുചോദ്യമുന്നയിച്ചു.
'അല്ലാ, പോലീസ്‌വണ്ടി കണ്ടപ്പോഴുള്ള ബഹുമാനം കണ്ടതുകൊണ്ട് പറഞ്ഞതാ.'

'പോലീസ്‌വണ്ടി വല്ലപ്പോഴും കണ്ടാലും ആളുകള്‍ക്ക് പേടിയുണ്ടാകും.' ബാലകൃഷ്ണന്‍ ചിരിച്ചു. ഗോപിയൊഴിച്ച് എല്ലാവരും ചിരിയില്‍ പങ്കുചേര്‍ന്നു. പോലീസ്ജീപ്പ് ഒരു വളവു തിരിഞ്ഞ് ഇടതുവശത്തേക്ക് നീങ്ങവേ ഗോപി റോഡിന്റെ വലതുവശത്തെ പഴയ മതില്‍ക്കെട്ടിലേക്ക് സൂക്ഷിച്ചു നോക്കുന്നുണ്ട്. മതില്‍ക്കെട്ടിനുള്ളില്‍ നല്ല വാസ്തുശില്പഭംഗിയില്‍ പണികഴിപ്പിച്ച മനോഹരമായ ഒരു കോണ്‍ക്രീറ്റ് വീടും വീടിന്റെ അല്പം പടിഞ്ഞാറു മാറി പഴക്കം ചെന്ന ഒരു ഓടുമേഞ്ഞ വീടും കാണാം. ഗോപിയുടെ ശ്രദ്ധ മുഴുവന്‍ ആ പഴയ വീടിന്‍മേലാണ്. വണ്ടി വീടിന്റെ ഗേറ്റിന്റെ മുന്നിലൂടെ ഇടതുവശത്തേക്ക് തിരിഞ്ഞ് മുന്നോട്ടു നീങ്ങി. ഗോപി തല തിരിച്ച് ആ വീടിനെ തന്നെ നോക്കിക്കൊണ്ടിരിക്കുകയാണ്.  അയാളുടെ കണ്ണുകളില്‍ അവാച്യമായ ഏതൊക്കെയോ ഭാവങ്ങള്‍ മിന്നിമറിയുന്നുണ്ട്. 
'സാര്‍, ഒന്ന് വണ്ടി നിര്‍ത്താമോ..? അതാണെന്റെ വീട്.'

അദ്ഭുതവും സന്തോഷവും കൊണ്ട് അയാളുടെ ശബ്ദം ഇടറിയിരുന്നു. 
'ഇതിപ്പോള്‍ കഷ്ടിച്ച് രണ്ടു കിലോമീറ്റര്‍ ആയിട്ടേയുള്ളൂ.'
അനിലാണത് പറഞ്ഞത്. ഞാന്‍ ഗോപിയുടെ മുഖത്തേക്കു നോക്കി. അയാളുടെ കണ്ണുകളിലെ തിളക്കത്തെ അവിശ്വസിച്ചില്ലെങ്കിലും ഒരു സംശയം ഉന്നയിച്ചു. 
'വേലായുധന്‍ സാര്‍ പറഞ്ഞത് ഏതാണ്ട് നാലഞ്ചു കിലോമീറ്റര്‍ പോകണമെന്നാണ് ഇതിപ്പോ..?'
'അല്ല സാര്‍, ആ പഴയ വീട്ടില്‍ത്തന്നെയാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. എനിക്കൊറപ്പാ.' ഗോപിയുടെ വാക്കുകളിലെ ദൃഢത കണ്ട് ഞാന്‍ വണ്ടി റിവേഴ്‌സെടുക്കാന്‍ അനിലിനോടു പറഞ്ഞു. വാഹനം സുമാര്‍ നാല്പതു മീറ്ററോളം പിന്നോട്ടു നീങ്ങി മനോഹരമായ ആ വീടിന്റെ ഗേറ്റിനു മുന്നില്‍ നിര്‍ത്തി ഞാനും വിക്രമനും മാത്രം പുറത്തിറങ്ങി. 
ഗോപി വാഹനത്തില്‍നിന്നും ഇറങ്ങാന്‍ തുനിഞ്ഞപ്പോള്‍ ഞാന്‍ തടഞ്ഞു.   'ഗോപിയേട്ടന്‍ ഇവിടിരിക്കൂ. ഞങ്ങളൊന്ന് അന്വേഷിച്ചിട്ട് വരാം.'

ഗോപി അനുസരണയുളള ഒന്‍പതാം ക്ലാസുകാരനെപ്പോലെ സീറ്റിന്റെ അരികിലിരുന്ന് വീടും പുരയിടവും സശ്രദ്ധം വീക്ഷിച്ചു. പഴയ വീടിനു പിന്നിലുള്ള കുടമ്പുളിയുടെ ചെടി വളര്‍ന്ന് മരമായി ഒരു ഭാഗം തന്നെ കീഴടക്കിയിരിക്കുന്നു. കുറേ ഭാഗം പൂന്തോട്ടം കവര്‍ന്നെടുത്തിട്ടുണ്ട്. ഞങ്ങള്‍ ഗേറ്റ് തുറന്ന് ഇന്റര്‍ലോക്ക് പാകിയ മുറ്റത്തു കൂടി നടന്ന് വീടിനു മുന്നിലെത്തി. സിറ്റൗട്ടില്‍ രണ്ടു ചൂരല്‍ക്കസേരകളും ഒരു ടീപ്പോയും, ടീപ്പോയില്‍ മടക്കിവെച്ച ഒരു മലയാള ദിനപ്രത്രവുമുണ്ട്. കാര്‍പോര്‍ച്ചില്‍ മഹീന്ദ്ര 'താര്‍' നിര്‍ത്തിയിട്ടിട്ടുണ്ട്. സ്റ്റെപ്പിനോടു ചേര്‍ന്നുകിടക്കുന്ന ചെരുപ്പുകള്‍ നോക്കി വിക്രമന്‍ പാഞ്ഞു:
'എന്തായാലും ആളുണ്ട് സാര്‍.'

അയാള്‍ കോളിങ്ബെല്ലില്‍ വിരലമര്‍ത്തി. കോളിങ്‌ബെല്ലിനു സമീപത്തായി 'സീനത്ത് മന്‍സില്‍' എന്നെഴുതിയ ബോര്‍ഡ് പതിപ്പിച്ചിരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. അകത്ത് കാല്‍പ്പെരുമാറ്റമൊന്നും കേള്‍ക്കാത്തതിനാല്‍ അയാള്‍ വീണ്ടും ബെല്ലടിച്ചു. അല്പസമയത്തിനു ശേഷം സിറ്റൗട്ടിലെ പാതി തുറന്ന ജനലിനു പിന്നിലായി വെളുത്തു സുന്ദരിയായ ഒരു സ്ത്രീരൂപം പ്രത്യക്ഷപ്പെട്ടു. അവര്‍ക്കൊരു നാല്പതു വയസ്സിനു മുകളില്‍ പ്രായം തോന്നിക്കില്ല. സാരിത്തലപ്പുകൊണ്ട് ശിരസ്സു മൂടിയിട്ടിരിക്കുന്നതു കണ്ടാല്‍ത്തന്നെ ഉറപ്പിക്കാം അവര്‍ ഒരു കുലീന മുസ്‌ലിം കുടുംബത്തില്‍പ്പെട്ട സ്ത്രീയാണെന്ന്. നേരിയ ഭയപ്പാടോടു കൂടിയ അവരുടെ നോട്ടത്തിന് ഉത്തരമെന്നോണം ഞാന്‍ പറഞ്ഞു:
'പേടിക്കേണ്ട. ഒരു പാര്‍വതി നമ്പ്യാരെ അന്വേഷിച്ചു വന്നതാണ്. അവര്‍ ഇവിടെയടുത്ത് എവിടെയോ ആണ് താമസിച്ചിരുന്നത്. അവരെക്കുറിച്ച് എന്തെങ്കിലും അറിയാമോ?'
'അറിയും സാര്‍, ഇത് അവരുടെ അമ്മയുടെ സ്ഥലമായിരുന്നു. ആ പടിഞ്ഞാറു വശത്തുള്ള വീട്ടിലായിരുന്നു അവര്‍ താമസിച്ചിരുന്നതെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.' 
സ്ത്രീയുടെ ഭയം മാറിയെന്ന് മറുപടിയില്‍നിന്നും വ്യക്തമായതുകൊണ്ട് ഞാന്‍ കൂടുതല്‍ ചോദ്യങ്ങളിലേക്കു കടന്നു.

'അപ്പോള്‍ നിങ്ങള്‍ ഈ സ്ഥലം വാങ്ങിയതാണോ?' 
'അതെ സാര്‍. അവരുടെ വീട്ടുകാര്‍ക്ക് ഒരു മരമില്ലുണ്ടായിരുന്നു. അത് വാങ്ങിയത് എന്റെ ഭര്‍ത്താവ് അസീസിക്കയുടെ ഉപ്പയാണ്. ഉപ്പയുടെ കാലശേഷം മില്ല് നടത്തുന്നത് ഞങ്ങളാണ്. അസീസിക്ക ഗള്‍ഫീന്ന് വന്നപ്പോ ഈ പഴയ വീടും പുരയിടവും വാങ്ങി.' അപ്പുറത്തെ പഴകി വീഴാറായ വീട് ചൂണ്ടിക്കാണിച്ച ശേഷം അവര്‍ തുടര്‍ന്നു, 'അഞ്ചെട്ടു വര്‍ഷമായി ഞങ്ങളാണിവിടെ താമസം.'
'ഓക്കെ. അപ്പോ, ഇവിടെയുണ്ടായിരുന്ന സ്ത്രീയുടെ തറവാട്?'
'നിങ്ങള് മുന്നോട്ട് ഒരു രണ്ടര കിലോമീറ്റര്‍ പോയാല്‍ റൈറ്റ് സൈഡില്‍ നമ്മുടെ മില്ല് കാണും. അവിടെ റോഡിനു റൈറ്റ് സൈഡില്‍ത്തന്നെ ഒരു പെട്ടിപ്പീടികയുണ്ടാകും. മില്ലിലെ പണിക്കാര്‍ക്കുവേണ്ടി സൈനു തുടങ്ങിയതാ. അതിന്റെ സൈഡിലൂടെ ഒരു കരിങ്കല്ല് പാകിയ റോഡുണ്ട്. അത് അവരുടെ വീട്ടിലേക്കു മാത്രള്ള വഴിയാ. എന്തേലുമുണ്ടേല്‍ അവിടുന്ന് പറഞ്ഞു തരും.'
ഞാനും വിക്രമനും അവരോടു നന്ദി പറഞ്ഞ് തിരികെ വന്ന് ജീപ്പില്‍ കയറി. ഗോപി ആകാംക്ഷയോടെ ഞങ്ങളെ രണ്ടുപേരെയും മാറി മാറി നോക്കി.
'വീട് ഇതുതന്നെ. പക്ഷേ, ഇന്നത് മറ്റു ചിലരുടെ കൈവശമാണ്.'

എന്റെ ഉത്തരം അയാള്‍ക്കു വിശ്വസിക്കാനായില്ല.
'സര്‍, എനിക്കിവിടൊന്ന് ഇറങ്ങാനാകുമോ?' ഗോപി വികാരാധീനനായി. 
'ഗോപിയേട്ടാ, അവിടിപ്പോള്‍ ഒരു സ്ത്രീ മാത്രമേയുള്ളൂ. നമുക്ക് തിരിച്ചു വരുമ്പോള്‍ കയറാം.'
ഞാന്‍ പറഞ്ഞത് അയാളുടെ മനസ്സിനു തെല്ലും ആശ്വാസം നല്കിയില്ലെന്നു മനസ്സിലായി. അയാള്‍ കണ്ണടച്ചിരുന്നു സ്വന്തം മനസ്സിനെ തണുപ്പിക്കാന്‍ ശ്രമിക്കുന്നതുപോലെ.
വണ്ടി മുന്നോട്ടു നീങ്ങി. ഏതാണ്ട് രണ്ടര കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ റോഡിന്റെ വലതുവശത്തായി ഒരു പെട്ടിപ്പീടികയും അതിനു പിറകിലായി കുറേ മരത്തടികള്‍ കൂട്ടിയിട്ടിട്ടുള്ളതും അവിടെ പണിക്കാര്‍ വിവിധ പണികളില്‍ ഏര്‍പ്പെട്ടിരിക്കുന്നതും കാണാറായി. പെട്ടിക്കടയിലെ ചില്ലുകൂട്ടില്‍ വെള്ളയപ്പവും പഴംപൊരിയും സുഖിയനും മറ്റും. ചായയുണ്ടാക്കുന്ന സമോവര്‍ കനലിനു മുകളിരുന്ന് തിളയ്ക്കുന്നുണ്ട്. വള്ളിയില്‍ കെട്ടിത്തൂക്കിയിട്ടിരിക്കുന്ന പാന്‍പരാഗ് അടക്കമുളള പുകയില ഉത്പന്നങ്ങള്‍ കാറ്റില്‍ ആടുന്നുണ്ട്. പോലീസ്‌വണ്ടി വരുന്നതു കണ്ട്, നേരത്തേ കണ്ട സ്ത്രീ പറഞ്ഞ സൈനു ആയിരിക്കാം, പുകയിലപ്പാക്കറ്റുകള്‍ വലിച്ചുവാരി എടുക്കുന്നു. മുണ്ടഴിച്ചിട്ട് വെപ്രാളത്തോടെ  അയാള്‍ ജീപ്പിനടുത്തേക്കു വന്നു.

'ഈ മില്ലിന്റെ പഴയ ഉടമസ്ഥന്‍ നമ്പ്യാരില്ലേ... അയാളുടെ വീട്?'
'ഇതിലെ വലത്തോട്ടു പോയാല്‍ മതി സാറേ.' കല്ലുപാകി നല്ല വൃത്തിയുള്ള റോഡ് ചൂണ്ടിക്കാണിച്ചുകൊണ്ട് സൈനു പറഞ്ഞു. 
'പക്ഷേ അയാള്‍ കൊറേ വര്‍ഷം മുന്‍പ് മരിച്ചുപോയി സാറേ. മക്കള് പ്രായമായി. അവരുണ്ട്.'
'ഉം. ഓക്കെ. ചുരുട്ടിയെറിഞ്ഞതൊന്നും തിരിച്ചെടുക്കേണ്ട. ഞങ്ങളിനിയും വരും. മനസ്സിലായോ?'
'ഉവ്വ് സാറേ.'

അയാള്‍ തല ചൊറിഞ്ഞുകൊണ്ട് പറഞ്ഞു. പുറകിലെ മില്ലില്‍നിന്നും പണിക്കാരില്‍ ചിലര്‍ തടികളുടെയും മറ്റും മുകളില്‍ കയറിനിന്ന് രംഗം വീക്ഷിക്കുന്നുണ്ട്. ഗോപി മില്ലിലേക്കു തന്നെ നോക്കിയിരിക്കുകയാണ്.
പോലീസ്‌വണ്ടി ടാര്‍റോഡില്‍ നിന്ന് വലത്തോട്ടു തിരിഞ്ഞ് കല്ലുപാകിയ റോഡിലൂടെ സാവധാനം മുന്നോട്ടു നീങ്ങി. ദൂരെയായി ഒരു പുഴ കാണുന്നു. ശരിയാണ്, എന്നും പുഴയോടു ചേര്‍ന്നാണ് മരമില്ലുകള്‍ പ്രവര്‍ത്തിച്ചുവരാറ്.
വണ്ടി ഇടത്തേക്കു തിരിഞ്ഞ് തുറന്നു കിടന്ന ഗേറ്റിലൂടെ ഒരു മതില്‍ക്കെട്ടിനുള്ളിലേക്കു കടന്നു. ഏതാണ്ട് മുപ്പതു മീറ്റര്‍ അകലെയായി ഒരു നാലുകെട്ട് തലയുയര്‍ത്തി നില്പുണ്ട്. കെട്ടിടം നന്നായി പെയ്ന്റടിച്ച് നല്ല രീതിയില്‍ മെയ്ന്റയിന്‍ ചെയ്യുന്നുണ്ടെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ മനസ്സിലാക്കാം. അനില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ ഞാന്‍ എല്ലാവര്‍ക്കും വേണ്ട നിര്‍ദേശങ്ങള്‍ കൊടുത്തു.
'അപ്പോള്‍ നമ്മള്‍ മുന്നേ തീരുമാനിച്ചതുപോലെ തന്നെ പറയുന്നു. കൊലപാതകവും കേസും ഒന്നും നമ്മുടെ മുന്നിലില്ല. നമുക്ക് ഗോപിയേട്ടനെ അബോധാവസ്ഥയില്‍ വേലേശ്വരം ബസ്‌സ്്റ്റാന്‍ഡില്‍ വെച്ച് കിട്ടിയതാണ്. വീടന്വേഷിച്ച് കണ്ടുപിടിച്ച് ഇവിടെത്തിയതാണ്.'

'സാര്‍.'
എല്ലാവരും ഒറ്റ സ്വരത്തിലാണ് മറുപടി പറഞ്ഞത്. ഗോപി എന്റെ മുഖത്തേക്ക് ഒന്നു നോക്കി. വാഹനം കുറച്ചുകൂടി മുന്നോട്ടു നീങ്ങി കറുപ്പും ചുവപ്പും നിറങ്ങളിലുളള ഇന്റ്ര്‍ ലോക്കിട്ട മുറ്റത്തേക്കു കയറ്റി നിര്‍ത്തി. മുറ്റത്തിനു ചുറ്റും മുട്ടൊപ്പം കെട്ടിയു യര്‍ത്തിയ ചുറ്റുമതിലിനു പുറത്ത് ചെത്തിയും ചെമ്പകവും അരളിയും വളര്‍ന്ന് നിറയെ പൂക്കളുമായി നില്ക്കുന്നു. കുറച്ചകലത്തായി ഒരു അശോകമരവും പുഷ്പിച്ച് നില്പുണ്ട്. സിറ്റൗട്ടിനു മുന്നില്‍ മുറ്റത്തിന്റെ ഒത്ത നടുക്കായി ഒരു തുളസിത്തറയും നിറയെ ഇലകളും പൂക്കളുമുള്ള കൃഷ്ണതുളസിയും നാലുകെട്ടിന്റെ ഐശ്വര്യം വിളിച്ചോതുന്നുണ്ട്. തൊടിയാകെ ഫലവൃക്ഷങ്ങളാല്‍ സമ്പന്നമാണ്. 
ഞങ്ങള്‍ വണ്ടിയില്‍ നിന്നിറങ്ങി.

ബാലകൃഷ്ണനും ഗോപിയും വലതുവശത്തേക്കാണ് ഇറങ്ങിയത്. വിക്രമന്‍ ഇറങ്ങിയപ്പോള്‍ അയാളുടെ പോക്കറ്റില്‍നിന്നും ഹാന്‍ഡ് കഫ് നിലത്തേക്കു വീണു. വിക്രമനെ ഒന്നു നോക്കിയശേഷം ഞാന്‍ മുന്നോട്ടു നടന്നു. ബാലകൃഷ്ണനും ഗോപിയും പിന്നാലായുണ്ട്. വിക്രമന്‍ നിലത്തുനിന്നും കൈയാമമെടുത്ത് വണ്ടിയുടെ ഡോറിന്റെ സൈഡില്‍ മുകളിലായുള്ള കൈപ്പിടിയില്‍ കൊളുത്തിയിട്ടു. പുതിയ ഹാന്‍ഡ് കഫ് ഓട്ടോലോക്കാണ്. തുറക്കണമെങ്കില്‍ മാത്രമേ താക്കോലിന്റെ ആവശ്യമുളളു.
'നഷ്ടപ്പെട്ടുപോയിരുന്നേല്‍ പി.ആര്‍. ആയേനെ. ഡിപ്പാര്‍ട്ട്‌മെന്റ് പ്രോപ്പര്‍ട്ടിയല്ലേ?'
അനിലിനോട് വിക്രമന്‍ പറയുന്നത് നടക്കുന്നതിനിടയില്‍ ഞാന്‍ കേട്ടു. 

(തുടരും)

മുൻ ഭാഗങ്ങൾ വായിക്കാം

Content Highlights : Kuttasammatham Novel by Sibi Thomas part 14