രണ്ട്

വണ്‍മെന്റ് മെഡിക്കല്‍കോളേജ് മോര്‍ച്ചറിക്കു മുന്നില്‍ നല്ല തിരക്കുണ്ട്. ആംബുലന്‍സ് ഡ്രൈവര്‍ സലീമിനോട് സംസാരിച്ചുകൊണ്ട് നില്ക്കുകയാണ് വിക്രമന്‍. കുറച്ച് അപ്പുറത്തായി മെലിഞ്ഞ് ഏകദേശം 32 വയസ്സു തോന്നിക്കുന്ന ഒരു സ്ത്രീയും കൂടെ കറുത്തുതടിച്ച് കൊമ്പന്‍മീശയുള്ള രണ്ടുപേര്‍ എന്തോ സംസാരിച്ച് നില്ക്കുന്നതും കാണാം. എന്തിനും പോന്നവരാണെന്ന് അവരുടെ മുഖത്തെ ഭാവവും മട്ടും കണ്ടാലറിയാം. സ്ത്രീയുടെ മുഖത്ത് നിരാശയും ദുഃഖവുമാണ്. അവള്‍ എന്തോ പറയാന്‍ തുടങ്ങിയപ്പോള്‍ കൂടെയുള്ള രണ്ടുപേരും ആകാംക്ഷയോടും അതിലേറെ വാത്സല്യത്തോടും അവളുടെയടുത്തേക്ക് ചേര്‍ന്നുനിന്നു. അവള്‍ക്കു പറയാനുള്ളത് കേട്ടമാത്രയില്‍ത്തന്നെ അവരിലൊരാള്‍ കുറച്ചപ്പുറത്തായി വാകമരച്ചോട്ടില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ടെമ്പോടാക്‌സിയില്‍ ഇരിക്കുന്ന സുമാര്‍ അന്‍പതു വയസ്സു തോന്നിക്കുന്നയാളുടെ നേര്‍ക്കു നടന്നു. ഒരു രാഷ്ട്രീയനേതാവിന്റെ ഛായയുള്ള അയാള്‍ തടിയനു പറയാനുള്ളതു കേള്‍ക്കാനായി വണ്ടിയില്‍നിന്നിറങ്ങി. വെള്ള മുണ്ടിന്റെ കുത്തഴിച്ചിട്ടശേഷം നടന്ന് വിക്രമനും സലീമും നില്ക്കുന്നിടത്തെത്തി അവരോടായി അയാള്‍ പറഞ്ഞു:

'ഞാന്‍ ദേവപ്പഗൗഡ. കന്നട രക്ഷണമഞ്ചിന്റെ ദക്ഷിണകന്നട പ്രസിഡന്റാണ്. മരിച്ചയാളുടെ ഭാര്യ എന്റെ ഭാര്യയുടെ അനുജത്തിയാണ്‌ അപ്പുറത്തു നില്ക്കുന്ന സ്ത്രീയെയും തടിയന്മാരെയും ചൂണ്ടി അയാള്‍ പറഞ്ഞു,
'അതാണ് മരിച്ചയാളുടെ ഭാര്യ സുചിത്ര. കൂടെയുള്ളത് അവളുടെ ബ്രദേഴ്‌സാണ്. രാമഗൗഡയും ലക്ഷ്മണഗൗഡയും'
'ബാബുവിന്റെ ഭാര്യയുടെ അവസ്ഥയെന്താണ്?'
'അവള്‍ രണ്ടുമാസം ഗര്‍ഭിണിയാണ്. പക്ഷേ അവള്‍ പിടിച്ചുനില്ക്കും. എന്നാല്‍ കൊന്നയാളെ കിട്ടിയേ മതിയാകൂ..! വിടില്ലവനെ..!' വിക്രമന്റെ ചോദ്യം പ്രതീക്ഷിച്ചിരുന്നതുപോലെയാണ് ദേവപ്പഗൗഡ മറുപടി പറഞ്ഞത്. 
'നിങ്ങള്‍ക്ക് വിശ്വസിക്കാം... പ്രതിയെ ഞങ്ങള്‍ പിടിച്ചിരിക്കും,' അയാളുടെ ദേഷ്യം കുറച്ചൊന്ന് തണുപ്പിക്കാനെന്നവണ്ണം വിക്രമന്‍ പറഞ്ഞു.    
'ഹാ... എന്തായാലും അതുവരെ ഞങ്ങള്‍ ഇവിടൊക്കെത്തന്നെയുണ്ടാവും,' വിക്രമന് അയാളുടെ സൈക്കോളജി വേഗം മനസ്സിലായി. മരിച്ചയാളുടെ ബന്ധുക്കളുടെ വികാരം മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ അയാള്‍ സമര്‍ഥനാണ്.

'പോസ്റ്റ്‌മോര്‍ട്ടം താമസിക്കുമോ?'
'ഇന്നലെ നടന്ന ആക്‌സിഡന്റ് കേസിലെ രണ്ടു ബോഡികള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുണ്ട്‌'. മറുപടി പറഞ്ഞത് സലീമാണ്.
'ശരിയാ, രണ്ടുപേരും ഒരേ ഫാമിലിയില്‍നിന്നാണ്. വല്ലാത്ത അവസ്ഥയാണ് അവരുടേത്. അതുകൊണ്ട് കുറച്ചു വൈകുമെന്ന് അറ്റന്‍ഡര്‍ പറഞ്ഞിരുന്നു. എന്തായാലും വെയിറ്റ് ചെയ്യാം...' സ്ഥിതി വഷളാവാതിരിക്കാന്‍ വിക്രമന്‍ സംസാരത്തില്‍ അല്പം സെന്റിമെന്റ്‌സ് കൂട്ടിച്ചേര്‍ത്തു. മുഴുമിക്കുന്നതിനു മുന്‍പേ തടിയന്മാരിലൊരാള്‍ അവിടെയെത്തി വിക്രമനോടായി ചോദിച്ചു,
'പ്രതിയെ കിട്ടിയോ?' അയാളുടെ ചോദ്യത്തില്‍ പകയുടെ ചൂരുണ്ട്. 
'കുറച്ചു വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അവന്റെ പിന്നാലെ പോലീസ് പോയിട്ടുണ്ട്,' തെല്ലൊരമ്പരപ്പോടെ വിക്രമന്‍ പറഞ്ഞൊപ്പിച്ചു.
'ആരാണവന്‍?' വിക്രമനെ പറഞ്ഞുതീര്‍ക്കാന്‍ വിടാതെ അയാള്‍ അലറി.
'മുന്‍പ് ബാബുവിന്റെ കൂടെ ജോലി ചെയ്തിരുന്ന ആളാണ്. അവനെ ഉടനടി ഞങ്ങള്‍ പിടിക്കും.' 

വിക്രമന്റെ മറുപടിയില്‍ തൃപ്തനാവാതെ ക്രുദ്ധനായി അയാള്‍ തിരിഞ്ഞുനടന്നു. പിന്നില്‍ അപ്പോഴും സുചിത്ര സങ്കടവും കോപവും ഉള്ളിലൊതുക്കി നില്ക്കുകയാണ്. മറ്റേ തടിയന്‍, രാമഗൗഡ ഇടയ്ക്ക് അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതൊന്നും അവളുടെ മനസ്സിനെ സ്പര്‍ശിച്ചതായി തോന്നിയില്ല. വിക്രമന് സമയം ഇഴഞ്ഞുനീങ്ങുന്നതുപോലെ തോന്നി. പോസ്റ്റ്‌മോര്‍ട്ടത്തിന്റെ കാര്യമെന്തായെന്ന ഗൗഡയുടെ ഇടയ്ക്കിടെയുള്ള ചോദ്യം അയാളുടെ ഉത്കണ്ഠ വര്‍ധിപ്പിച്ചു. അയാള്‍ ഇടയ്ക്കിടെ വാച്ചില്‍ നോക്കുകയും പോസ്റ്റ്‌മോര്‍ട്ടം നടക്കുന്ന മുറിയുടെ മുന്നിലുള്ള വിസിറ്റിങ് റൂമില്‍ കയറി വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഏതാണ്ട് രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അറ്റന്‍ഡര്‍ മണി പുറത്തേക്കു വന്ന് വിക്രമനോട് പോസ്റ്റ്‌മോര്‍ട്ടം എക്‌സാമിനേഷന്‍ കഴിഞ്ഞതായി പറഞ്ഞു. വിക്രമന്‍ ദേവപ്പഗൗഡയെയും മറ്റു രണ്ടുപേരെയും നടപടികള്‍ പൂര്‍ത്തിയായ വിവരം അറിയിച്ച ശേഷം അവരെ മൃതദേഹം ഏറ്റുവാങ്ങുന്നതിനായി വിളിച്ചു. ഇതിനിടയില്‍ കന്നട സംസാരിക്കുന്ന തദ്ദേശീയരായ സമുദായക്കാര്‍ പത്തുപതിനഞ്ചു പേര്‍ അവിടെയെത്തിയിരുന്നു. അവര്‍ എല്ലാ കാര്യങ്ങളിലും ദേവപ്പയെയും മറ്റും സഹായിക്കുന്നുണ്ടായിരുന്നു. എല്ലാവരും ചേര്‍ന്ന് ബാബുവിന്റെ മൃതദേഹം ആംബുലന്‍സിലേക്കു കയറ്റി. അതുവരെ ഒന്നും സംസാരിക്കാതിരുന്ന സുചിത്ര വിക്രമന്റെയടുത്തെത്തി കൈകൂപ്പിക്കൊണ്ട് പറഞ്ഞു, 

'എല്ലാത്തിനും നന്ദി സാര്‍...' അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ലക്ഷ്മണഗൗഡ അവളെ ചേര്‍ത്തുപിടിച്ച് താഴെ റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കോര്‍പ്പിയോയ്ക്കടുത്തേക്കു കൊണ്ടുപോയി.
'ഞങ്ങള്‍ സ്റ്റേഷനിലേക്കു വരുന്നുണ്ട് സര്‍. മൃതദേഹം ഇവിടെ സമുദായ ശ്മശാനത്തിലാണ് സംസ്‌കരിക്കുന്നത്,' വിക്രമന്റെ കൈയിലെ കച്ചീട്ടില്‍ ഒപ്പിടുന്നതിനിടയില്‍ ദേവപ്പ പറഞ്ഞു. കച്ചീട്ട് തിരികെ വാങ്ങി അവരെ യാത്രയാക്കിയ ശേഷം വിക്രമന്‍ പോലീസ് സര്‍ജനെ കാണാന്‍ പോയി.

ആദ്യ ഭാഗം വായിക്കാം

മൂന്നാം ഭാഗം തിങ്കളാഴ്ച (06-09-2021) വായിക്കാം

Content Highlights: Kuttasammatham Malayalam Novel By Sibi Thomas part two