മൂന്ന്

'പ്പോള്‍ ബാബുവിന്റെ ഭാര്യ രണ്ടുരണ്ടര മാസത്തോളം നിങ്ങളോടൊപ്പം ഉണ്ടായിരുന്നു അല്ലേ?'
'ഉവ്വ് സര്‍,' മേശയ്ക്ക് എതിര്‍വശത്തെ കസേരയില്‍ ഇരുന്നുകൊണ്ട് ഗോപി അക്ഷാഭ്യനായി മറുപടി പറഞ്ഞു. ഇടതുവശത്തെ കസേരയിലിരുന്ന് ബാലകൃഷ്ണന്‍ ഗോപി പറയുന്ന കാര്യങ്ങള്‍ കൃത്യമായി എഴുതിയെടുക്കുന്നുണ്ട്. വീണ്ടുമെന്തോ ചോദിക്കാന്‍ തുടങ്ങുമ്പോഴാണ് മൊബൈല്‍ റിങ് ചെയ്തത്.
'സാര്‍... ബോര്‍ഡറിലുള്ള മിക്ക ക്വാറികളിലും നമ്മുടെ ആളുകള്‍ അന്വേഷിച്ചു. പക്ഷേ, വേലുവിനെക്കുറിച്ച് ഒരു വിവരവുമില്ല,' മറുവശത്ത് ക്വാറിയുടമ രമേശാണ്.
'നിങ്ങള്‍ ഒന്നുകൂടി ശ്രമിച്ചുനോക്കൂ... ചിലപ്പോള്‍ കുറച്ച് ഉള്ളിലേക്കുള്ള ക്വാറികളില്‍ എവിടെയെങ്കിലും?!'
'നോക്കാം സാര്‍,' ഞാന്‍ ഫോണ്‍ കട്ട് ചെയ്യുംമുന്‍പേ ഗോപി ഇടപെട്ടു.
'ഇല്ല സാര്‍... ഊരും പേരുമില്ലാത്തവനാ... അവനെ കണ്ടുകിട്ടാന്‍ ബുദ്ധിമുട്ടാ...'

'അവന്‍ നിങ്ങളുടെ കൂടെ എത്രനാള്‍ ഉണ്ടായിരുന്നു?' ഗോപി ഇടയ്ക്കു കേറി സംസാരിച്ചതിലുള്ള ദേഷ്യം പുറത്തു കാണിക്കാതെ ഞാന്‍ ചോദിച്ചു.
'ഒന്നരമാസമടുത്തുണ്ടായിരുന്നു സാര്‍.'
'അവന്‍ ആളെങ്ങനാ?' ബാലകൃഷ്ണന്റെ ചോദ്യം വളരെ പെട്ടെന്നായിരുന്നു.
'വൃത്തികെട്ടവനാ സാറേ... അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തവന്‍. ഒരുതവണ ക്വാറിയിലെ അരിവെക്കുന്ന പെണ്ണിനോട് അനാവശ്യം പറഞ്ഞതിനു മുതലാളി കൊറേ ചീത്ത പറഞ്ഞതാണ്, എവടെ നന്നാവാന്‍?'
'പിന്നീടെന്തുണ്ടായി?' എന്റെ ചോദ്യത്തിലെ ആകാംക്ഷ തിരിച്ചറിഞ്ഞപോലെ ഗോപി തുടര്‍ന്നു:
'ബാബുവിന്റെ ഭാര്യ സുചിത്ര വന്നപ്പോഴാണ് ഇവന്‍ എന്റെ മുറിയിലേക്ക് വരുന്നത്. സുചിത്ര ഒരു പാവം കുട്ടിയാണ്. അവളുടെ വീടിനടുത്ത് അഞ്ചാറുമാസം എന്തോ പണിക്കു നിന്നപ്പോള്‍ ബാബു സ്നേഹിച്ചതാണ്. അവരു തമ്മില്‍ പത്തു പതിനഞ്ചു വയസ്സിന്റെ വ്യത്യാസമുണ്ട്. ആ കുട്ടിക്ക് മുപ്പത്തിരണ്ടു മുപ്പത്തിമൂന്നു വയസ്സേയുണ്ടാകൂ... ഒടുവില്‍ രണ്ടുപേരും ഒളിച്ചോടിപ്പോയി എവിടന്നോ രജിസ്റ്റര്‍ ചെയ്തതാണ്. പതിനൊന്നു വര്‍ഷമായിട്ടും ഇതുവരെ കൊച്ചുങ്ങളുണ്ടായിട്ടില്ല. ഒരുദിവസം അതിരാവിലെ ബാബു എന്തോ കാര്യത്തിന് മുന്‍പു പണിയെടുത്തിരുന്ന സ്ഥലത്തേക്കു പോയപ്പോള്‍ ഈ വേലു ആ കൊച്ചിന്റടുത്ത് തെണ്ടിത്തരം കാണിച്ചു.' ഒരു നിമിഷം ഗോപിയുടെ കണ്ണുകളില്‍ ക്രോധം നിറഞ്ഞു. അയാളുടെ ചുണ്ടുകള്‍ വിറച്ചു, 'ചെറ്റ...അടിച്ചവന്റെ നട്ടെല്ലൊടിക്കണം...'

'എന്താ അവന്‍ ചെയ്തത്?' ബാലകൃഷ്ണന്‍ ഉദ്വേഗത്തോടെ ആരാഞ്ഞു.
'ബാബു കാലത്തു പോയത് ഞാന്‍ കണ്ടിരുന്നില്ല. സുചിത്രയുടെ ബഹളം കേട്ടാണ് ഞാനെണീക്കുന്നത്. അപ്പോള്‍ പുറത്ത് കക്കൂസിന്റെ മുന്നില്‍ വേലുവും സുചിത്രയും പിടിവലി കൂട്ടുന്നുണ്ട്. ഞാന്‍ ഓടിച്ചെല്ലുമ്പോള്‍ സുചിത്ര അവന്റെ കൈത്തണ്ടയില്‍ കടിക്കുന്നതാണ് കണ്ടത്. 'എടാ നാറീ' എന്നു വിളിച്ച് ഞാന്‍ അങ്ങോട്ടു ചെന്നപ്പോള്‍ അവന്‍ അവളെ വിട്ട് അപ്പുറത്തൂടെ ഓടി റോഡിലെത്തി എങ്ങോട്ടോ പോയി. പിന്നെ ഞാനവനെ കാണുന്നത് ഇന്നലെ ഞായറാഴ്ച ചേനക്കല്ലില്‍ കടയില്‍ വെച്ചാണ്. അവന്റെ ഒരു ബാഗ് എന്റെ മുറിയില്‍ ഇപ്പോഴുമുണ്ട്.'
'നിങ്ങള്‍ ഇതുവരെ അതു തുറന്നു നോക്കിയില്ലേ?'
'ഇല്ല സാര്‍...എനിക്കതിന്റെ ആവശ്യമില്ല. അതിലെന്തുണ്ടായാലും എനിക്കു വേണ്ട.'
'അവനെന്താണ് പിന്നീട് വരാതിരുന്നത്?'
'ഹാ...നല്ല കാര്യായി. അവന് ബാബുവിനെ പേടിയാ. ബാബു വരുമ്പോള്‍ സുചിത്രയോ ഞാനോ നടന്ന കാര്യങ്ങള്‍ പറഞ്ഞിരിക്കുമെന്ന് അവനറിയാം. അതുകൊണ്ടാവും.'
'വിവരമറിഞ്ഞപ്പോള്‍ എന്തായിരുന്നു ബാബുവിന്റെ പ്രതികരണം?'
'ഇല്ല സാര്‍...ഞാനോ സുചിത്രയോ ഈ കാര്യത്തെക്കുറിച്ച് ബാബുവിനോട് സംസാരിച്ചിട്ടേയില്ല.'
'അതെന്താ?'
'ബാബു അറിഞ്ഞാല്‍ കൊല നടക്കുമെന്ന് സുചിത്ര പറഞ്ഞു. പിന്നെ അവനെന്നോട് വേലുവിനെപ്പറ്റി ചോദിച്ചപ്പോള്‍ മുന്‍പ് പണിയെടുത്ത സ്ഥലത്തേക്കു പോയതായി ഞാന്‍ പറഞ്ഞു.'
'അയാളുടെ മൊബൈല്‍ നമ്പര്‍ എത്രയാണ്?'
'അവന് മൊബൈല്‍ ഒന്നുമില്ല സാര്‍..!' ബാലകൃഷ്ണന്റെ ചോദ്യത്തിനു മറുപടിയായി ഗോപി പറഞ്ഞു. ഞാന്‍ ഫോണെടുത്ത് എബിനെ വിളിച്ചു. നമ്പര്‍ ഔട്ട്ഓഫ് കവറേജ് ഏരിയയിലാണ്.

'ഓ... ഇനീപ്പോ ഈ കേസ് തെളിയുന്നതുവരെ അദ്ദേഹം ഔട്ട്ഓഫ് റേഞ്ചായിരിക്കും,' മേശപ്പുറത്തുള്ള കോളിങ്ബെല്ലില്‍ വിരലമര്‍ത്തിക്കൊണ്ട് ഞാന്‍ പറഞ്ഞു. ബാലകൃഷ്ണന്‍ ചെറുതായൊന്നു ചിരിച്ചു. ബെല്ലടിശബ്ദം കേട്ട് ജി.ഡി. ചാര്‍ജ് ഹാഫ്ഡോര്‍ തുറന്ന് എത്തിനോക്കി.
'സര്‍.'
'യെസ്. ഇയാളുടെ, ഈ ഗോപിയുടെ മുറിയില്‍ ഒരു ബാഗുണ്ട്. ഈ കേസിലെ സസ്പെക്ടിന്റേതാണ്. താനാരെയെങ്കിലും അയച്ച് അതിവിടെ എത്തിക്കണം. പോകുമ്പോള്‍ ഇയാളെക്കൂടി കൂട്ടിക്കോളൂ.'
ഗോപിയോട് വേലുവിനെപ്പറ്റി എന്തെങ്കിലും വിവരം കിട്ടിയാല്‍ അറിയിക്കാന്‍ പറഞ്ഞ് ജി.ഡി. ചാര്‍ജിന്റെ കൂടെ വിട്ടു. അവര്‍ പോലീസ്ജീപ്പില്‍ ഗേറ്റിനു പുറത്തേക്കു നീങ്ങി. ഗോപി പറഞ്ഞതെല്ലാം മനസ്സില്‍ ചേര്‍ത്തുവെച്ചുകൊണ്ട് കുറച്ചുനേരം ഞാന്‍ ജനലിലൂടെ പുറത്തേക്കുതന്നെ നോക്കിയിരുന്നു.
'വേലുവായിരിക്കാന്‍ ഒരുപാട് ചാന്‍സ് കാണുന്നുണ്ടല്ലേ?' ഞാന്‍ ബാലകൃഷ്ണനോടായി ചോദിച്ചു.
'ഉണ്ട് സാര്‍...പക്ഷേ, അയാളെക്കുറിച്ച് ആര്‍ക്കുമൊന്നും അറിയില്ലല്ലോ...'
'അയാളുടെ ബാഗില്‍നിന്നും എന്തെങ്കിലും ക്ലൂ കിട്ടാതിരിക്കില്ല. നമുക്ക് വെയിറ്റ് ചെയ്യാം.'
ഈ സമയം പുറത്ത് ഒരു വാഹനം വന്നുനില്ക്കുന്നതിന്റെ ശബ്ദം കേട്ടു. അല്പസമയത്തിനകം പാറാവുകാരന്‍ ഹാഫ്ഡോര്‍ തുറന്ന് സല്യൂട്ട് ചെയ്തു.
'സര്‍... മരിച്ച ബാബുവിന്റെ ഭാര്യയും ബന്ധുക്കളും കാണാന്‍ വന്നിട്ടുണ്ട്.'
'ശരി, അവരോട് വരാന്‍ പറയൂ...'

ഹാഫ്ഡോര്‍ തുറന്ന് സുചിത്രയും ദേവപ്പഗൗഡയും രാമലക്ഷ്മണന്മാരും മുറിയിലേക്കു പ്രവേശിച്ചു. ഞാനവരോട് ഇരിക്കാന്‍ പറഞ്ഞു. ദേവപ്പ ഇരുന്നശേഷം സുചിത്രയോട് ഇരിക്കാന്‍ ആംഗ്യം കാണിച്ചു. സുചിത്രയുടെ പിന്നിലായി രാമഗൗഡയും ലക്ഷ്മണഗൗഡയും നിന്നു. സുചിത്രയുടെ കണ്ണുകള്‍ കരഞ്ഞുകലങ്ങിയിരുന്നു. കൈയിലുള്ള തൂവാല നനഞ്ഞുകുതിര്‍ന്നിട്ടുണ്ട്. എവിടെ തുടങ്ങണമെന്നറിയാതെ ഞാനൊരു നിമിഷം പകച്ചു. പിന്നെ ചോദിച്ചു:
'ബാബുവിന്റെ ഭാര്യയാണല്ലേ?'
'അതെ,' അവള്‍ പറഞ്ഞു.
'നിങ്ങളൊക്കെ?' ഞാന്‍ മറ്റുള്ളവരെ നോക്കി.
'ഞാന്‍ ദേവപ്പഗൗഡ. സുചിത്രയുടെ അക്കയുടെ ഭര്‍ത്താവാണ്. ഇവര്‍ ഇവളുടെ ബ്രദേഴ്സാണ്.'
'സീ,' ഒരുനിമിഷം ആലോചിച്ചശേഷം ഞാന്‍ തുടര്‍ന്നു, 'സുചിത്രയുടെ വിശദമായ സ്റ്റേറ്റ്മെന്റ് വേണം. ഈ അവസ്ഥയില്‍ അത് നിങ്ങള്‍ക്ക് ബുദ്ധിമുട്ടാവില്ലേ?'
'ഇല്ല സാര്‍. ഞാന്‍ സംസാരിക്കാന്‍ റെഡിയാണ്,' അവള്‍ ദൃഢസ്വരത്തില്‍ പറഞ്ഞു.
ഞാന്‍ ബാലകൃഷ്ണനെ നോക്കി. ബാലകൃഷ്ണനു കാര്യം മനസ്സിലായി. അയാള്‍ റൈറ്റിങ്പാഡും പേപ്പറുകളുമായി സ്റ്റേറ്റ്മെന്റ് രേഖപ്പെടുത്തുവാന്‍ തയ്യാറായി.

'അതിനുവേണ്ടിത്തന്നെയാണ് ഞങ്ങള്‍ ഇപ്പോഴിങ്ങോട്ട് വന്നതുതന്നെ,' അവളുടെ സംസാരത്തിലെ പകയുടെ ധ്വനി എന്നെ തെല്ല് അമ്പരപ്പിച്ചു.  അവളുടെ കണ്ണുകളില്‍ അപ്പോള്‍ വിഷാദത്തേക്കാളേറെ പ്രതികാരത്തിനുള്ള ദാഹമാണ് ഞാന്‍ കണ്ടത്. മനസ്സിനെ ശാന്തമാക്കാനായി ഞാന്‍ ജനലഴികള്‍ക്കിടയിലൂടെ പുറത്തേക്കു നോക്കി. പുറത്ത് ഇരുട്ട് പരന്നുതുടങ്ങിയിരിക്കുന്നു. ചോദ്യംചെയ്യലിനിടയില്‍ സമയം പോയതറിഞ്ഞില്ല. ഏഴുമണി കഴിഞ്ഞിരിക്കുന്നു.
'അപ്പോള്‍ നിങ്ങളെങ്ങനെയാണ് തിരിച്ചു പോവുന്നത്?'
'ബോഡി ഞങ്ങള്‍ ഇവിടെത്തന്നെയുള്ള സമുദായശ്മശാനത്തില്‍ സംസ്്കരിച്ചു. ഇനി ഈ കേസിലെ പ്രതിയുടെ കാര്യത്തില്‍ തീരുമാനമറിഞ്ഞിട്ടേ മടങ്ങുന്നുള്ളൂ...' ദേവപ്പയാണ് മറുപടി പറഞ്ഞത്. അയാളുടെ സംസാരത്തെ പിന്താങ്ങിക്കൊണ്ട് രാമലക്ഷ്മണന്മാര്‍ രണ്ടുപേരും തലയാട്ടി.
'ഇവളുടെ തീരുമാനമാണ് ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് വലുത്,' അവര്‍ പറഞ്ഞു.
'അപ്പോള്‍ നിങ്ങളുടെ താമസമൊക്കെ?'
'ഇവിടെ പുതിയങ്ങാടിയില്‍ ഒരു പരിചയക്കാരന്‍വഴി റൂം പറഞ്ഞുവെച്ചിട്ടുണ്ട്. ഹോട്ടല്‍ ഹില്‍പാലസില്‍.' ഞാന്‍ മേശപ്പുറത്തെ കോളിങ്ബെല്‍ അമര്‍ത്തി എ.എസ്.ഐ. ശോഭയോടു വരാന്‍ പറഞ്ഞു. അപ്പോള്‍ പുറത്ത് പോലീസ്ജീപ്പ് വന്നുനില്ക്കുന്നതിന്റെ ശബ്ദം കേട്ടു. അല്പം കഴിഞ്ഞ് ഹാഫ്ഡോര്‍ തുറന്ന് ജി.ഡി ചാര്‍ജ് എ.എസ്.ഐ. ബാഗുമായി കടന്നുവന്നു.
'ബാഗ് കിട്ടി സര്‍...'
'ഒ.കെ. ഞാന്‍ പിന്നീട് നോക്കാം. അകത്ത് ഭദ്രമായി വെച്ചോളൂ.'
എ.എസ്.ഐ. ശോഭ മുറിയിലെത്തിയിരുന്നു. അവര്‍ മഫ്തിയിലാണ്.

'ഈ സ്ത്രീയുടെ ഒരു ഡീറ്റയില്‍ഡ് സ്റ്റേറ്റ്മെന്റ് എടുക്കാനുണ്ട്. നിങ്ങള്‍ ക്വാര്‍ട്ടേഴ്സിലല്ലേ താമസം?'
'അതെ, സര്‍,' ശോഭ സുചിത്രയുടെ വലതുവശത്തായി ഒരു കസേര വലിച്ചിട്ട് ഇരുന്നു.
'ബുദ്ധിമുട്ടില്ലെങ്കില്‍ നിങ്ങള്‍ മൂന്നുപേരും പുറത്തിരിക്കൂ. ആവശ്യമുണ്ടെങ്കില്‍ വിളിപ്പിക്കാം...'
ഞാന്‍ മറ്റു മൂവരോടുമായി പറഞ്ഞു. ദേവപ്പ സുചിത്രയെ നോക്കി. അവള്‍ തലയാട്ടി. അവര്‍ മൂന്നുപേരും ഹാഫ്ഡോര്‍ തുറന്ന് പുറത്തേക്കിറങ്ങി.
'എന്തൊക്കെയാണ് ബാബുവിന്റെ മരണത്തെക്കുറിച്ച് നിങ്ങള്‍ക്ക് പറയാനുള്ളത്?'
'കൂടുതലൊന്നും പറയാനില്ല സാര്‍. ഞങ്ങളുടേത് പ്രേമവിവാഹമായിരുന്നു. ഇടയ്ക്കൊക്കെ ചീത്ത പറയുമായിരുന്നെങ്കിലും എന്നെ വല്യ കാര്യമായിരുന്നു. മദ്യപിക്കുമെങ്കിലും നന്നായി അധ്വാനിച്ച് നല്ല പണമുണ്ടാക്കുമായിരുന്നു. ആഴ്ചയില്‍ അയ്യായിരം രൂപയ്ക്ക് മുകളില്‍ ഉണ്ടാക്കും... പക്ഷേ!'
പെട്ടെന്ന് അവള്‍ എന്തോ ആലോചിച്ച് വികാരധീനയായി. അവളുടെ മുഖം ചുവന്നു. കണ്ണുകള്‍ തുളുമ്പുമെന്നായപ്പോള്‍ മുഖം കുനിച്ചു.
'എന്നിട്ട്..?' ശോഭയുടെ പെട്ടെന്നുള്ള ചോദ്യം കേട്ടവള്‍ മുഖമുയര്‍ത്തി.
'പക്ഷേ, അയാള്‍ക്കൊരു കുഞ്ഞിനെ കൊടുക്കാന്‍ എനിക്കായില്ല.'
സുചിത്ര കൈയിലുള്ള തൂവാലകൊണ്ട് കണ്ണുകള്‍ ഒപ്പി. അവള്‍ സ്വന്തം വയറിനു മുകളില്‍ തലോടിക്കൊണ്ട് തുടര്‍ന്നു:
'പക്ഷേ, ഞങ്ങളുടെജീവിതത്തിലേക്ക് മൂന്നാമതൊരാള്‍ വരുമെന്നായപ്പോഴേക്കും അയാള്‍ പോയില്ലേ?' അവള്‍ വിതുമ്പാന്‍ തുടങ്ങി. ശബ്ദം കേട്ട് ഹാഫ്ഡോറിനരികില്‍ രാമഗൗഡയുടെ മുഖം പ്രത്യക്ഷപ്പെട്ടു. അവള്‍ കരച്ചിലടക്കാന്‍ പാടുപെട്ടുകൊണ്ട് പറഞ്ഞു,

'എങ്ങനെയെങ്കിലും കൊന്നവനെ പിടിക്കണം സാറേ. അത്രമാത്രം എനിക്കുവേണ്ടി നിങ്ങള്‍ ചെയ്താല്‍ മതി.'
അവള്‍ നിയന്ത്രണംവിട്ട് കരയാന്‍ തുടങ്ങി. രാമലക്ഷ്മണന്മാര്‍ ഹാഫ്ഡോര്‍ തള്ളിത്തുറന്ന് അകത്തേക്കു വന്നു. രണ്ടുപേരുടെയും മുഖം കോപംകൊണ്ട് ജ്വലിക്കുന്നുണ്ട്. കൊലചെയ്തവനെ കൈയില്‍ കിട്ടിയാല്‍ ഇപ്പോള്‍ത്തന്നെ വെട്ടിനുറുക്കാനുള്ള പക അവരിലുണ്ട്. പെട്ടെന്ന് പ്രതിയെ പിടിച്ചില്ലെങ്കില്‍ ഇവന്മാരുടെ ആളുകള്‍തന്നെ അവനെ തപ്പിയെടുത്ത് വെട്ടിക്കൊല്ലാന്‍ സാധ്യതയുണ്ടെന്നെനിക്കു തോന്നി. സുചിത്ര അപ്പോഴും കരയുകയാണ്.
'ബാക്കി നമുക്ക് നാളെയെടുക്കാം,' എന്റെ അനുവാദത്തിനു കാത്തുനില്ക്കാതെ രാമലക്ഷ്മണന്മാര്‍ സുചിത്രയെ കൈപിടിച്ച് എഴുന്നേല്പിച്ചു. ഇപ്പോള്‍ അവളെ അവരോടൊപ്പം അയയ്ക്കുന്നതാണ് നല്ലതെന്ന് എനിക്കും തോന്നി. അവര്‍ പുറത്തേക്കിറങ്ങി. ശോഭയോട് നാളെ ഉച്ചയ്ക്കു ശേഷം ബാക്കി സ്റ്റേറ്റ്മെന്റ് എടുക്കാന്‍ പറഞ്ഞശേഷം ക്വാര്‍ട്ടേഴ്സിലേക്ക് പൊയ്ക്കൊള്ളാന്‍ പറഞ്ഞു. ശോഭ അറ്റന്‍ഷനായി സല്യൂട്ട് ചെയ്തശേഷം റൈറ്ററുടെ മുറിയിലേക്കു പോകുമ്പോള്‍ പുറത്തൊരു വാഹനത്തിന്റെ ശബ്ദം അകന്നുപോവുന്നതു കേട്ടു.
'ബാലകൃഷ്ണാ... ആ ബാഗ് ഇങ്ങോട്ടെടുക്കണം. അത് നന്നായി ചെക്ക് ചെയ്യണം.'
'എടുത്ത് വരാം സര്‍,' അയാള്‍ റൂമിനു പുറത്തേക്കു പോയി. ഞാന്‍ ജനലിലൂടെ പുറത്തേക്കു നോക്കി കുറച്ചുനേരമിരുന്നശേഷം മൊബൈലെടുത്ത് ഭാര്യയെ വിളിച്ചു. ഒന്നാമത്തെ റിങ്ങില്‍ത്തന്നെ അവള്‍ ഫോണെടുത്തു.
'രേഷ്മാ... ഞാന്‍ അല്പം വൈകും. നീ കിടന്നോ... ഒരു കേസിന്റെ പിന്നാലെത്തന്നെയാണ്. ഞാന്‍ എത്തിയിട്ട് വിളിച്ചോളാം.'  
ഫോണ്‍ കട്ട് ചെയ്യവേ പുറത്ത് പോലീസ്ജീപ്പ് വന്നുനില്ക്കുന്ന ശബ്ദം കേട്ടു. ഹാഫ്ഡോര്‍ തുറന്ന് എബിന്‍ അകത്തേക്കു വന്നു.
'എന്തായി പോയ കാര്യങ്ങള്‍?'
'അവനെക്കുറിച്ച് യാതൊരു വിവരവുമില്ല സര്‍...'
'ഓ, ഓകെ. ഗോപിയുടെ മുറിയില്‍നിന്ന് അവന്റെയൊരു ബാഗ് കിട്ടിയിട്ടുണ്ട്. അതൊന്ന് നന്നായി പരിശോധിക്കണം.'
പറഞ്ഞുതീരുംമുന്‍പേ ബാലകൃഷ്ണന്‍ ബാഗുമായെത്തി. ബാഗ് മേശമേല്‍വെച്ച് അതിനുള്ളിലെ ഓരോ സാധനങ്ങള്‍ പുറത്തെടുത്തുവെച്ചു. രണ്ടു ജോഡി ഡ്രസ്സുകള്‍, ഒരു ലുങ്കി, ഓട്ടവീണ അടിവസ്ത്രങ്ങള്‍, കുറച്ച് പ്ലാസ്റ്റിക് കയര്‍, ഒരു പേന, ഷേവിങ്ങിനുപയോഗിക്കുന്ന റേസര്‍, കുറച്ചു ചില്ലറപൈസ അങ്ങനെ കുറേ സാധനങ്ങള്‍. ഏറ്റവും പുറത്തെ ചെറിയ കള്ളിയില്‍നിന്നും ഒരു സിഗരറ്റ്ലൈറ്ററും നെയില്‍കട്ടറും ഒരു പേനയും ഒന്നുരണ്ട് ബില്ലുകളും ഫോണ്‍ നമ്പറെഴുതിയ ഒരു കടലാസും കിട്ടി. എബിന്‍ നമ്പറെഴുതിയ കടലാസ് എന്റെ നേരെ നീട്ടി. ഞാനത് വാങ്ങിനോക്കിയശേഷം മൊബൈലെടുത്ത് ഡയല്‍ ചെയ്തു. അപ്പുറത്ത് റിങ് ചെയ്യുന്നുണ്ട്.

'ഹലോ... നമസ്‌കാരം. സൈബര്‍സെല്ലല്ലേ? ഇത് സി.ഐ. സാബുവാണ്. ഒരു നമ്പറിന്റെ അഡ്രസ്സും പ്രസന്റ് ടവര്‍ ലൊക്കേഷനും വേണം. അര്‍ജന്റാണ്. ക്രൈംനമ്പര്‍ 148/2017. ഞാന്‍ മെയില്‍ ചെയ്യാം. ഓകെ.'
സൈബര്‍സെല്ലില്‍ ഫോളോഅപ്പ് ഉണ്ടാവണം. ഫോണ്‍ കട്ട്ചെയ്തശേഷം ഞാന്‍ എബിനോടു പറഞ്ഞു. അപ്പോഴാണ് എബിന്റെ ഫോണ്‍ റിങ് ചെയ്തത്.  ഡിസ്പ്ലേയിലെ രമേശന്റെ പേര് എന്നെ കാണിച്ചശേഷം എബിന്‍ ഫോണെടുത്തു.
ഞാന്‍ കാര്യമെന്തെന്നറിയാന്‍ എബിന്റെ കണ്ണുകളിലേക്കു നോക്കി. എബിന്‍ ഇടതുകൈകൊണ്ട് മൊബൈല്‍ ഫോണിന്റെ മൈക്ക് പൊത്തിപ്പിടിച്ചശേഷം അവനെ കിട്ടി സര്‍ എന്നു പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു. എബിന്റെ മുഖത്ത് സന്തോഷവും ജിജ്ഞാസയും.
'അവനെയുംകൊണ്ട് അവരിങ്ങോട്ട് വരുന്നുണ്ട് സര്‍,'  ഫോണ്‍ പോക്കറ്റിലിട്ടശേഷം എബിന്‍ പറഞ്ഞു.
ഗുഡ്, പെട്ടെന്നുതന്നെ കാര്യങ്ങള്‍ക്കൊരു തീരുമാനമാകട്ടെ...

അടുത്ത ഭാഗം ബുധനാഴ്ച (08-09-2021) വായിക്കാം

മുന്‍ ഭാഗങ്ങള്‍ വായിക്കാം

Content Highlights: Kuttasammatham Malayalam Novel By Sibi Thomas part three