ആറ്

പോലീസ് സ്റ്റേഷനു മുന്‍പില്‍ അവിടെ ചെറിയ ആള്‍ക്കൂട്ടമുണ്ട്. അവര്‍ ജീപ്പിനു വഴിമാറി.
'എന്താണ് തിരക്ക്?' 
സ്റ്റേഷനിലേക്കു കയറുമ്പോള്‍ ഞാന്‍ ജി.ഡി. ചാര്‍ജിനോടായി ചോദിച്ചു. 
'സര്‍, അത് കുറച്ചു പരാതിക്കാരും പിന്നെ ഗണ്‍ലൈസന്‍സ് ചെക്കിങ്ങിനായി വന്നവരുമാണ്. അവര് കുറേ നേരമായി നില്ക്കുന്നു.'
'ഓകെ. നിങ്ങള്‍ അവരെ കണ്ട് വേണ്ടതു ചെയ്തോളൂ. എനിക്ക് ഗോപിയോട് ചില കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ട്.'
'എങ്കില്‍ സാര്‍ ഇവിടിരുന്നോളൂ,' തന്റെ മുറി ചൂണ്ടിക്കാണിച്ചുകൊണ്ട് എബിന്‍ പറഞ്ഞു.
'വേണ്ട, ഞാന്‍ മുകളിലെ മുറിയില്‍ ഇരുന്നോളാം. ഗോപിയെ അങ്ങോട്ട് വിട്ടാല്‍ മതി.'
'ഓകെ. സര്‍.'
'വേലു ഓകെയല്ലേ?' 
ഞാന്‍ പാറാവുകാരനോടു ചോദിച്ചു.
'ഓകെ ആണ് സാര്‍. ഭക്ഷണമൊക്കെ കൊടുത്തിരുന്നു.'

ജി.ഡിയോട് ഗോപിയെ മുകളിലേക്കു കൊണ്ടുവരാന്‍ പറഞ്ഞ് ഞാന്‍ സ്റ്റെയര്‍കേസ് കയറി മുകളിലേക്കു ചെന്നു. പിന്നാലെ ഫയലുമായി ബാലകൃഷ്ണനുമെത്തി. മുകളില്‍ പോലീസുകാര്‍ക്കുള്ള വിശ്രമസ്ഥലമാണ്. അവിടെ ഇരുമ്പിന്റെ മൂന്നു കട്ടിലുകള്‍ നിരത്തിയിട്ടിട്ടുണ്ട്. രണ്ടെണ്ണത്തില്‍ ഡെറിയില്‍ പൊതിഞ്ഞ തലയിണകള്‍ വെച്ചിട്ടുണ്ട്. മുറിയുടെ കിഴക്കേഭിത്തിയോടു ചേര്‍ന്ന് ഒരു മേശയും അതിനു മുകളില്‍ അല്പം വെള്ളമുള്ള രണ്ടു പ്ലാസ്റ്റിക് കുപ്പികളുമുണ്ട്. അലക്ഷ്യമായി ഇട്ടിരുന്ന രണ്ടു പ്ലാസ്റ്റിക് കസേരകളില്‍ ഒന്നില്‍ ഞാനിരുന്നു. മറ്റേ കസേരയെടുത്ത് ഇരിക്കാന്‍ ബാലകൃഷ്ണനോടു പറഞ്ഞു. ബാലകൃഷ്ണന്‍ മേശയുടെ മറുതലയ്ക്കലായി കസേരയിട്ടിരുന്നു.

'എന്തു തോന്നുന്നു? ആരാണ് കളവു പറയുന്നത്?'
'ഗോപിതന്നെ. സംശയമില്ല,' ബാലകൃഷ്ണന്‍ പറഞ്ഞു.
'ഗോപിയെന്തിനാണ് കളവു പറഞ്ഞത്? അതിന്റെ കാര്യമെന്താണ്?' 
ചോദ്യം മുഴുമിപ്പിക്കും മുന്നെ എന്റെ ഫോണ്‍ റിങ് ചെയ്തു.
ഡിസ്പ്ലേയില്‍ എസ്.പി. എന്നു കണ്ടതും ഞാന്‍ വേഗം കോള്‍ അറ്റന്‍ഡ് ചെയ്തു.
'സര്‍ സാബുവാണ്.'
'എന്തായി കേസിന്റെ കാര്യം? സസ്പെക്ടിനെ കസ്റ്റഡിയിലെടുത്തിട്ടെന്തായി?'
'അയാളാണത് ചെയ്തതെന്നു തോന്നുന്നില്ല സര്‍... കൂടുതല്‍ അന്വേഷിച്ചാലേ പ്രതിയെക്കുറിച്ചുള്ള ഏകദേശ രൂപമാകൂ.'
'നിങ്ങളല്ലേ പ്രതിയെപ്പറ്റി ക്ലൂ കിട്ടിയെന്നു പറഞ്ഞത്?'
'യെസ് സര്‍. പക്ഷേ, അതൊക്കെ വെരിഫൈ ചെയ്തു. ബട്ട് എവിടെയൊക്കെയോ മിസ്സിങ് ലിങ്ക്സ് ഉള്ളതുപോലെ.'
'ഓകെ ഓകെ... ഐ.ജി. ചോദിച്ചിരുന്നു. ട്രൈ റ്റു ഗെറ്റ് ദ റിസള്‍ട്ട് ആസ് ഏര്‍ളി ആസ് പോസിബിള്‍.'
എസ്.പി. ഫോണ്‍ കട്ട് ചെയ്തു. ഈസമയം ഗോപിയെയും കൂട്ടി വിക്രമന്‍ മുകളിലേക്കു വന്നു.

ഗോപിയോട് മുന്നിലുള്ള ഇരുമ്പുകട്ടിലില്‍ ഇരിക്കാന്‍ പറഞ്ഞു. അയാളുടെ കണ്ണുകളില്‍ ഇപ്പോഴും ഒരുതരം നിര്‍വികാരത നിറഞ്ഞുനില്ക്കുന്നുണ്ട്.
'എന്തുപറ്റി? ഇന്നലെ നന്നായി ഉറങ്ങാന്‍ പറ്റിയില്ലാ അല്ലേ?'
'ഓ... രണ്ടെണ്ണം ചെന്നില്ലെങ്കില്‍ നമ്മുടെ ഉറക്കമൊക്കെ കണക്കാ സാറേ!'
അയാളുടെ വാക്കുകള്‍ ഉള്ളിലെ നിരാശയും നിര്‍വികാരതയും കൂടുതല്‍ വ്യക്തമാക്കി. 
'നിങ്ങള്‍ ഇന്നലെ പറഞ്ഞ കാര്യങ്ങള്‍ ശുദ്ധ കളവാണെന്ന് അറിയാഞ്ഞിട്ടല്ല. നിങ്ങള്‍ എവിടെവരെ പോവുമെന്ന് നോക്കുകയായിരുന്നു ഞങ്ങള്‍.'
'ഞാന്‍ ഒരു കള്ളവും പറഞ്ഞിട്ടില്ല സാറേ...' 
യാതൊരു ഭാവഭേദവുമില്ലാതെ അയാള്‍ പ്രതികരിച്ചു.
'നിങ്ങള്‍ വീണ്ടും കളവ് ആവര്‍ത്തിക്കുകയാണ്. ഞായറാഴ്ച ചേനക്കല്ലില്‍നിന്നും ബാബുവിന്റെ കൂടെ വേലു വന്നുവെന്നു പറഞ്ഞത് ആദ്യത്തെ കള്ളം. പിന്നീടങ്ങോട്ട് പറഞ്ഞവയെല്ലാം പച്ചക്കള്ളങ്ങള്‍... എന്തിനാണ് സുഹൃത്തേ നിങ്ങള്‍ ഞങ്ങളെ മണ്ടന്മാരാക്കാന്‍ നോക്കുന്നത്? ആരെ രക്ഷിക്കാനാണ് നിങ്ങള്‍ നോക്കുന്നത്?'
ഞാന്‍ അയാളുടെ കണ്ണുകളിലേക്കുതന്നെ നോക്കി. ഗോപി ഒന്ന് പകച്ചപോലെ. അയാളുടെ നോട്ടം തറയിലേക്കായി. ശേഷം എന്തോ പറയാനായി തലയുയര്‍ത്തിയപ്പോഴേക്കും എന്റെ ഫോണ്‍ ശബ്ദിച്ചു. ഫിംഗര്‍പ്രിന്റ് എക്സ്പെര്‍ട്ടാണ് ഞാന്‍ ഫോണെടുത്ത് സ്റ്റെയര്‍കേസിനടുത്തേക്ക് മാറിനിന്നു.

'നമസ്‌കാരം ശിവേട്ടാ... എന്തായി പ്രിന്റുകളുടെ സെര്‍ച്ച്റിസള്‍ട്ട്?'
'ഞാനതു പറയാനാണ് സാര്‍ വിളിച്ചത്. സീനില്‍നിന്നും ടോട്ടല്‍ അഞ്ചു പ്രിന്റുകള്‍ കിട്ടിയിരുന്നു. അതില്‍ പൂട്ടിയിരുന്ന ലോക്കില്‍നിന്നും മുറിയിലെ മദ്യക്കുപ്പിയില്‍നിന്നും കിട്ടിയ പ്രിന്റുകള്‍ കമ്പയര്‍ ചെയ്യാന്‍ പാകത്തിനുള്ള ക്ലിയര്‍ പ്രിന്റുകളാണ്. അതുകൊണ്ട് സസ്പെക്റ്റുകളുണ്ടെങ്കില്‍ പ്രിന്റെടുത്ത് പെട്ടെന്ന് അയച്ചോളൂ. ഞാന്‍ കമ്പയര്‍ ചെയ്ത് വേഗം റിസള്‍ട്ട് തരാം.'
'ഓകെ. രണ്ടുപേരുടെ പ്രിന്റുകളുണ്ട്. ഞാനിപ്പോഴയയ്ക്കാം.'
ഫോണ്‍ കട്ട്ചെയ്ത് ഞാന്‍ ആലോചിച്ചു. ഗോപിയുടെ ശരീരത്തിന് എന്റെ പതിവുരീതിയിലുള്ള യാതൊരു ട്രീറ്റ്മെന്റും താങ്ങാനാവില്ല. അപ്പോള്‍ പിന്നെ ഒരു പരീക്ഷണമാകാം. ഞാന്‍ വിക്രമനെ അടുത്തു വിളിച്ച് രഹസ്യമായി നിര്‍ദേശം കൊടുത്തു.
'നിങ്ങള്‍ താഴെപ്പോയി വേലുവിന്റെ പ്രിന്റെടുക്കുക. ശേഷം അയാള്‍ കാണാതെ ഗോപിയുടെയും എടുത്ത് രണ്ടു പ്രിന്റുകളും ഉടനടി എസ്.ഡി.എഫ്.പി.ബിയിലെത്തിക്കുക. അവരപ്പോള്‍ത്തന്നെ പ്രിന്റ് കമ്പാരിസണ്‍ നടത്തി റിസള്‍ട്ട് തരും. അതു വാങ്ങിയിട്ട് മാത്രം തിരിച്ചുവന്നാല്‍ മതി.'
'യെസ് സര്‍,' വിക്രമന്‍ തിടുക്കത്തില്‍ താഴേക്കു പോയി.

വിക്രമന്‍ പറഞ്ഞതുപ്രകാരം പാറാവുകാരന്‍ ലോക്കപ്പു തുറന്ന് വേലുവിനെ പുറത്തിറക്കി. വിക്രമന്‍ വേലുവിനെ റൈറ്ററുടെ മുറിയില്‍ കൊണ്ടുപോയി അയാളുടെ ഓരോ വിരലിലും മഷിപുരട്ടി ഫിംഗര്‍പ്രിന്റ് സെര്‍ച്ച് സ്ലിപ്പിലേക്കു പകര്‍ത്തി. അയാള്‍ വിരലുകള്‍ സെര്‍ച്ച് സ്ലിപ്പില്‍ പതിപ്പിക്കുന്ന രീതി കണ്ടാലറിയാം ആദ്യമായിട്ടല്ല ചെയ്യുന്നതെന്ന്. 
'നിന്റെ പഴയ കേസുകളൊക്കെയെന്തായി..?'
വിക്രമന്‍ ഒരു കൗതുകത്തിനായി ചോദിച്ചു.
'ഇല്ല സര്‍. എനിക്ക് മുന്‍പ് കേസൊന്നുമില്ല,' വേലുവിന്റെ സംസാരത്തില്‍ അല്പം പതര്‍ച്ചയുണ്ട്.
'ശരീരം നൊന്താലെ നീ സത്യം പറയൂന്ന് സി.ഐ. സാര്‍ പറഞ്ഞിരുന്നു.'
വിക്രമന്റെ ശബ്ദം കനത്തതു കണ്ട് വേലുവൊന്നു പരുങ്ങി.
'സാര്‍... ഒന്നും ചെയ്യരുത്. രണ്ടു കേസുണ്ടായിരുന്നു. കര്‍ണാടകത്തിലാ. രണ്ടും തീര്‍ന്നു. അതിനുശേഷമാ ഇവിടെ പണിക്കു വന്നത്.'
'ഉം.'
വിക്രമന്‍ വേലുവിന്റെ പ്രിന്റെടുത്തശേഷം തിരിച്ച് പാറാവുകാരനെ ഏല്പിച്ച് ലോക്കപ്പിലാക്കി. എന്നിട്ട് പ്രിന്റെടുക്കുന്ന സാധനസാമഗ്രികളുമായി മുകളിലേക്കു വന്നു. ഞാന്‍ ഗോപിയോട് വീണ്ടും ചിലതു ചോദിക്കുകയായിരുന്നു. 

'അപ്പോള്‍ നിങ്ങള്‍ ഞായറാഴ്ച ബാബുവിന്റെ കൂടെ മദ്യപിച്ചിട്ടേയില്ല അല്ലേ?'
'ഇല്ല സാറേ. വെള്ളമടിച്ചാല്‍ അവനെ വിശ്വസിക്കാനൊക്കൂല സാറേ... അവന്‍ മഹാ പെശകാ. ആ പെങ്കൊച്ചിനോടുപോലും വെറുതെ വഴക്കുണ്ടാക്കും. അവള്‍ ഒച്ചവെക്കുമ്പോള്‍ ഇടയ്ക്ക് ഞാന്‍ പോയാണ് രക്ഷപ്പെടുത്താറ്. അവള്‍ പോകുന്ന അന്ന് എന്തോ കാര്യമായ പ്രശ്നം നടന്നിരുന്നു. അന്നു മാത്രം എനിക്ക് ഇടപെടാനായില്ല. ഞാന്‍ ചെല്ലുമ്പോഴേക്കും അവള്‍ പെട്ടിയെടുത്ത് ഇറങ്ങിയിരുന്നു. അന്നവന്‍ നല്ല മത്തിലുമായിരുന്നു. അതുകൊണ്ട് ഞാനൊന്നും മിണ്ടാന്‍ പോയില്ല.'
'ഉം... നിങ്ങളുടെ വിരലടയാളം എടുക്കേണ്ടതുണ്ട്.'
ഗോപി എന്നെയും വിക്രമനെയും മാറിമാറി നോക്കി. വിക്രമന്‍ ഇരുമ്പു കട്ടിലില്‍ റോളറും മഷിയും സെര്‍ച്ച് സ്ലിപ്പുകളും വെച്ചശേഷം ഗോപിയുടെ പ്രിന്റ് എടുക്കാനുള്ള പണികള്‍ തുടങ്ങി. ഓരോ വിരലുകളുടെയും പ്രത്യേകം പ്രത്യേകമായും ശേഷം കൈ മൊത്തമായും വെച്ചും പ്രിന്റുകള്‍ എടുത്തശേഷം വിക്രമന്‍ താഴേക്കിറങ്ങി. ഗോപി പതുക്കെ എഴുന്നേറ്റ് വീണ്ടും എന്റെ മുന്നിലായി ഇരുന്നു.
'ആ കൊച്ച് നല്ല ഭക്ഷണം ഉണ്ടാക്കുമായിരുന്നു. ബാബു കാണാതെ കറിയൊക്കെ ഇടയ്ക്ക് ഞങ്ങള്‍ക്കും തരുമായിരുന്നു. ആരുമില്ലാത്തപ്പോള്‍ ബാബുവിന്റെ കൂടെ പോന്നതിനു ശേഷമുള്ള എല്ലാ കാര്യങ്ങളും വിഷമങ്ങളും എന്നോടു പറഞ്ഞ് കരയുമായിരുന്നു. മക്കളില്ലാത്തതായിരുന്നു ഏറ്റവും വലിയ പ്രശ്നം. ഒരു കുട്ടിയുണ്ടായാല്‍ ബാബു നന്നാവുമെന്ന് അവള്‍ വിശ്വസിച്ചിരുന്നു. എന്തൊക്കെയായാലും ആ പെങ്കൊച്ച് വന്നതില്‍പ്പിന്നെ ക്വാര്‍ട്ടേഴ്സ് ഒന്നു വേറെതന്നെയായിരുന്നു.'
ഗോപി പറയുന്നതിനിടയില്‍ താഴെ സ്റ്റേഷനു പുറത്ത് വിക്രമന്റെ ബൈക്കിന്റെ ശബ്ദം അകന്നുപോകുന്നത് മുകളില്‍ കേള്‍ക്കാമായിരുന്നു. താഴെ നിന്നും ഒരു പോലീസുകാരന്‍ മുകളിലേക്കു കയറിവന്നു.

'നമസ്‌കാരം സാര്‍... സാറിനെ കാണാന്‍ ഒരു സ്ത്രീയും രണ്ടുമൂന്നുപേരും വന്നിട്ടുണ്ട്.'
'അവരോട് ഇരിക്കാന്‍ പറയൂ. ഞാനിപ്പോഴെത്താം. അല്ലെങ്കില്‍ നിങ്ങളിവിടെ നില്ക്കൂ. ഞാന്‍ അവരെ കണ്ടിട്ടു വരാം.'
ഗോപി അപ്പോഴും ചിന്തയിലാണ്. ഞാന്‍ താഴേക്ക് ഇറങ്ങുന്നതിനിടയില്‍ പോലീസുകാരനോട് 'സൂക്ഷിച്ചോണം' എന്ന് പതിയെ പറഞ്ഞു. താഴെയെത്തിയപ്പോള്‍ സുചിത്രയും മറ്റു മൂന്നുപേരും കസേരയില്‍ ഇരുപ്പുണ്ട്.
സുചിത്രയോടും കൂടെയുളളവരോടും ഉള്ളിലേക്കു വരാന്‍ പറഞ്ഞശേഷം ഞാന്‍ ഹാഫ്ഡോര്‍ തുറന്ന് എസ്.ഐയുടെ മുറിയിലേക്കു കയറി. സുചിത്ര മാത്രമാണ് അകത്തേക്കു കയറിയത്. അവള്‍ കസേരയില്‍ ഇരുന്ന് ഒരുനിമിഷം എന്റെ കണ്ണുകളിലേക്കു നോക്കി.
'അവനെ കിട്ടിയല്ലേ?'
'ആരെ?' തെല്ലൊരമ്പരപ്പോടെ ഞാന്‍ ചോദിച്ചു.
'ആ വൃത്തികെട്ടവനെ... ആ തലവിറയനെ!  അതെ അവന്‍ തന്നെയാ അതു ചെയ്തത്. ഒരിക്കല്‍ അവനെന്നെ നശിപ്പിക്കാന്‍ നോക്കിയതാണ്. അന്ന് ഗോപിയേട്ടന്‍ ഒരാളാ എന്നെ രക്ഷപ്പെടുത്തിയത്. ഏട്ടന്മാരോട് ഞാന്‍ അവനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. അറിഞ്ഞാല്‍ അവരവനെ വെട്ടിനുറുക്കും.'
സുചിത്ര ദേഷ്യംകൊണ്ട് വിറയ്ക്കാന്‍ തുടങ്ങി.
'ഹേയ്... ശബ്ദമുണ്ടാക്കല്ലേ. സമാധാനപ്പെടൂ. നിങ്ങളുടെ വിഷമം എനിക്ക് മനസ്സിലാക്കാം. എല്ലാത്തിനും നമുക്ക് പരിഹാരമുണ്ടാക്കാം.'
ഒരു നിമിഷം സുചിത്രയുടെ മുഖത്തേക്കു നോക്കിയശേഷം ഞാന്‍ ചോദിച്ചു,
'ഇപ്പുറത്തെ മുറിയില്‍ താമസിച്ചിരുന്ന ഗോപിയാണോ അന്ന് നിങ്ങളെ രക്ഷിച്ചെന്നു പറഞ്ഞത്? അയാള്‍ ആളെങ്ങനെ?'
'ഇത്ര നല്ലൊരു മനുഷ്യനെ ഞാന്‍ വേറെ കണ്ടിട്ടില്ല സാറേ. അദ്ദേഹം ഒരച്ഛനെപ്പോലെയോ ചേട്ടനെപ്പോലെയോ ആണെന്നോട് പെരുമാറിയിട്ടുള്ളത്. ക്വാര്‍ട്ടേഴ്സില്‍ കഴിഞ്ഞ ദിവസങ്ങളില്‍ എനിക്ക് ഒരുപാട് ആശ്വാസമായിരുന്നു ഗോപിയേട്ടന്‍,' സുചിത്ര വിതുമ്പാതിരിക്കാന്‍ ആവതു ശ്രമിച്ചു.

'എനിക്കവനെ കാണണം സാര്‍. ആ വേലുവിനെ, എന്റെ ഭര്‍ത്താവിനെ കൊന്നവനെ. സാര്‍ അവനെ പിടിച്ചതായി പുതിയങ്ങാടിയില്‍ വെച്ച് ഏട്ടന്മാരോട് ആരോ പറഞ്ഞിരുന്നു. അതാ ഞങ്ങള്‍ വന്നത്.'
'നിങ്ങളോട് ഞാന്‍ നുണ പറയുന്നില്ല. അവന്‍ എന്റെ കസ്റ്റഡിയിലാണ്. പക്ഷേ, അന്വേഷണം കുറച്ചുകൂടി ബാക്കിയുണ്ട്. അതിനുശേഷം നിങ്ങളുടെ മുന്നില്‍ ഞാന്‍ അവനെ കൊണ്ടുവരാം... എന്താ... പോരെ?' ഞാന്‍ പറഞ്ഞുതീരുന്നതിനു മുന്‍പ് മേശമേലിരുന്ന മൊബൈല്‍ റിങ് ചെയ്തു. ടെസ്റ്റര്‍ ഇന്‍സ്പെക്ടര്‍ ശിവരാജിന്റെ കോളാണ്.
'നമസ്‌കാരം ശിവേട്ടാ... എന്തായി?'
'പ്രിന്റ് മാച്ചുണ്ട്. ഡോറിലും ലോക്കിലും മുറിക്കകത്തെ മദ്യക്കുപ്പിയിലും കണ്ട പ്രിന്റ് ഒരാളുടേതാണ്. അത് രണ്ടാമത്തെ സസ്പെക്ടിന്റെ പ്രിന്റുമായി മാച്ചിങ്ങാണ്.'
'റിയലീ? ഐ കാണ്ട് ബിലീവ്..!'
'യെസ് സര്‍, ദിസ് ഈസ് ട്രൂത്ത്. ക്യാച്ച് ഹിം ഇമ്മീഡിയറ്റ്ലി.'
'താങ്ക്യൂ... താങ്ക്യൂ സോ മച്ച്...'
ഫോണ്‍ കട്ട് ചെയ്തശേഷം ഞാന്‍ ഒരു നിമിഷം സുചിത്രയെ നോക്കി. അവള്‍ ഇപ്പോഴും ഞാന്‍ കൊടുത്ത ഉറപ്പിന്മേല്‍ ആശ്വസിച്ചിരിക്കുകയാണ്. ഇനി അവളോട് തല ഉയര്‍ത്തിപ്പിടിച്ച് സംസാരിക്കാം. പ്രതിയുടെ കാര്യത്തില്‍ കൃത്യമായ രൂപമായി. പക്ഷേ, ഇവള്‍ സ്വന്തമെന്നു കരുതി വിശ്വസിച്ചയാളാണ് പ്രതി. എങ്ങനെ കാര്യങ്ങള്‍ അവതരിപ്പിക്കും? ഏതായാലും ഗോപിയുടെ ഭാഗം കേട്ടശേഷം സാവകാശം കാര്യങ്ങള്‍ പറയാം.

'വേലുവിനോട് കുറച്ചു കാര്യങ്ങള്‍കൂടി ചോദിച്ചറിയാന്‍ ഉണ്ട്. നിങ്ങള്‍ ഇപ്പോള്‍ പൊയ്ക്കോളൂ. നാളെ ഉച്ചയ്ക്കു മുന്‍പ് വന്നാല്‍ ഞാന്‍ പ്രതിയെ നിങ്ങള്‍ക്കു കാട്ടിത്തരാം.'
സുചിത്രയുടെ മുഖം അല്പം പ്രസന്നമായി. അവള്‍ എഴുന്നേറ്റ് ഹാഫ്ഡോര്‍ തുറന്ന് പുറത്തേക്കിറങ്ങി. സഹോദരന്മാര്‍ അവളെ അനുഗമിച്ചു. ഞാന്‍ കോളിങ്ബെല്ലില്‍ വിരലമര്‍ത്തി. ഹാഫ്ഡോറിനു മുകളില്‍ ജി.ഡി. ചാര്‍ജിന്റെ മുഖം തെളിഞ്ഞു. 
'ആ ബാലകൃഷ്ണനോട് ഒന്നു വരാന്‍ പറയൂ.'
'സര്‍.'
ജി.ഡി. മുകളിലേക്ക് സ്റ്റെപ്പ് കയറി ബാലകൃഷ്ണനെ വിളിച്ചു. എഴുത്തു മതിയാക്കി ബാലകൃഷ്ണന്‍ താഴേക്കിറങ്ങിവന്നു. ഞാന്‍ ഫിംഗര്‍പ്രിന്റ് ബ്യൂറോയില്‍നിന്നും കിട്ടിയ വിവരങ്ങള്‍ ബാലകൃഷ്ണനുമായി പങ്കുവെച്ചു.
'എനിക്കപ്പഴേ സംശയമുണ്ടായിരുന്നു സാര്‍,' ബാലകൃഷ്ണന്റെ മുഖത്ത് കേസ് തെളിഞ്ഞതിന്റെ സന്തോഷം. 
'ഇനിയിപ്പൊ എന്തിനുവേണ്ടി, എങ്ങനെ കൊന്നുവെന്ന് അറിഞ്ഞാല്‍ മതി. സമയം കളയണ്ട. നമുക്ക് മുകളിലേക്കു പോവാം. ഗോപിയുടെ കണ്‍ഫെഷന്‍ സ്റ്റേറ്റ്മെന്റ് തയ്യാറാക്കണം.'
ഞങ്ങള്‍ മുകളിലേക്കുളള സ്റ്റെപ്പുകള്‍ കയറി. ഹാളില്‍ പോലീസുകാരന്‍ മൊബൈലില്‍ നോക്കിക്കൊണ്ടിരുന്നു. ഞാന്‍ വരുന്നതു കണ്ടയാള്‍ മൊബൈലില്‍നിന്നും ശ്രദ്ധമാറ്റി എഴുന്നേറ്റ് നിന്നു. 
'ഗോപിയെവിടെ?'
ചോദ്യം കേട്ടയാള്‍ ചുറ്റും നോക്കി. ഗോപി അവിടെങ്ങുമില്ല.

'ദൈവമേ... അയാളെവിടെ?'
എന്റെ ഉള്ളൊന്നു കാളി. ബാലകൃഷ്ണനൊപ്പം വേഗം തിരിച്ച് സ്റ്റെപ്പിറങ്ങി താഴെ ടോയ്ലെറ്റിനടുത്തേക്ക് ഓടി.  ടോയ്ലെറ്റിനുള്ളില്‍നിന്നും ബീഡിപ്പുകയുടെ മണം പുറത്തേക്കു പരന്നു. ഫ്ളഷ് ചെയ്യുന്ന ശബ്ദവും കേട്ടു. രണ്ടു മിനിട്ടുകള്‍ക്കു ശേഷം ഗോപി മുണ്ടു മടക്കി മുഖം തുടച്ചുകൊണ്ട് ഇറങ്ങിവരുന്നതു കണ്ടപ്പോഴാണ് ശ്വാസം നേരെ വീണത്. എന്തൊരു അശ്രദ്ധ. ഇങ്ങനെ പോയാല്‍ കാര്യങ്ങള്‍ ശരിയാവില്ല. എനിക്ക് ദേഷ്യം പിടിച്ചുനിര്‍ത്താനായില്ല.
'ഒരു കാര്യം ഏല്പിച്ചാല്‍ കൃത്യമായി ചെയ്യാന്‍ പഠിക്കണം. അല്ലെങ്കില്‍ ഈ പണിക്ക് നിക്കരുത്.'
'സോറി സര്‍. ഇനി ഉണ്ടാവില്ല.'
പോലീസുകാരന്റെ മറുപടി എനിക്ക് തീരെ പിടിച്ചില്ലെങ്കിലും സമയം കളയാനില്ലാത്തതുകൊണ്ട് കൂടുതല്‍ ഒന്നും പറഞ്ഞില്ല.
'നിങ്ങള്‍ താഴേക്കു പൊയ്ക്കോളൂ... ആവശ്യം വരുമ്പോള്‍ ഞാന്‍ വിളിക്കാം.'
അയാള്‍ താഴേക്കുള്ള പടികള്‍ പതുക്കെ ഇറങ്ങി. ഞാന്‍ ഗോപിയോട് ഇരിക്കാന്‍ പറഞ്ഞശേഷം അയാളുടെ എതിര്‍വശത്തായി ഇരുന്നു. ബാലകൃഷ്ണന്‍ മേശയില്‍ ചാരി ഗോപിയുടെ മുഖത്തേക്കു നോക്കിനിന്നു.  നോട്ടത്തിലെ അസ്വാഭാവികത മനസ്സിലാക്കിയിട്ടെന്നോണം ഗോപി ഞങ്ങളെ മാറിമാറി നോക്കി. എല്ലാം മനസ്സിലായി എന്ന മട്ടിലുള്ള ബാലകൃഷ്ണന്റെ ചിരി ഗോപിയെ തെല്ലൊന്ന് അമ്പരപ്പിച്ചു.

'എന്താ സാര്‍... എന്താ സംഭവിച്ചത്? എന്താ ഇങ്ങനെ സംശയത്തോടെ നോക്കുന്നത്?'
ഗോപിയുടെ ശബ്ദത്തില്‍ നേരിയ വിറയല്‍ കലര്‍ന്നിരുന്നു.
'ഒരാള്‍ക്ക് ഒരു പ്രാവശ്യം എല്ലാവരേയും പറ്റിക്കാം... പക്ഷേ എപ്പോഴും അങ്ങനെ പറ്റില്ലല്ലോ സുഹൃത്തേ. ഇനി നിങ്ങള്‍ കളവുപറയാന്‍ ശ്രമിക്കരുത്. എന്റെ ട്രീറ്റ്മെന്റ് താങ്ങാനുള്ള ആരോഗ്യസ്ഥിതി നിങ്ങള്‍ക്കില്ലെന്ന് എനിക്കുറപ്പാണ്. അതുകൊണ്ട് ഒരവസരം കൂടി നിങ്ങള്‍ക്കു തരുന്നു. ഞായറാഴ്ച നിങ്ങള്‍ ബാബുവിന്റെ മുറിയില്‍ പോയി മദ്യപിച്ചിരുന്നു അല്ലേ?' ഞാന്‍ ശബ്ദം കനപ്പിച്ചു.
ഗോപി ഒന്നും ഉരിയാടാതെ നോട്ടം തറയിലുറപ്പിച്ച് നിശ്ചലനായി ഇരുന്നു.
'എഴുന്നേല്ക്കെടാ പുല്ലേ... നിന്നെക്കൊണ്ട് സത്യം ഛര്‍ദിപ്പിക്കാന്‍ എനിക്കറിയാം.'
ഞാന്‍ ചാടിയെണീറ്റു. ഗോപി എഴുന്നേറ്റ് കൈകള്‍ കൂപ്പി. അയാളുടെ കൈകളിലെ ഞരമ്പുകള്‍ വലിഞ്ഞുമുറുകി.
'സാറേ, എന്നെ ഒന്നും ചെയ്യരുത്...'
അയാള്‍ കേണു. ബാലകൃഷ്ണന്‍ മെല്ലെ ഗോപിയുടെ പിന്നില്‍ ചെന്നുനിന്നു. അയാളുടെ തോളില്‍ തള്ളവിരലും ചൂണ്ടുവിരലും താഴ്ത്തി. ഗോപി വേദനകൊണ്ട് പുളഞ്ഞു.
'സാറേ ചെയ്യല്ലേ സാറേ...'
'എങ്കില്‍ സത്യം പറയെടാ, എന്തിനാ ബാബുവിനെ കൊന്നത്?'
സ്റ്റേഷന്‍ നടുങ്ങുമാറ് ഉച്ചത്തിലാണ് ഞാന്‍ ചോദിച്ചത്. എന്റെ ശബ്ദം നാലു ചുവരുകളില്‍ത്തട്ടി പ്രകമ്പനം കൊണ്ടു.
ഒരു നിമിഷത്തേക്ക് സ്റ്റേഷന്‍ ആകമാനം നിശ്ശബ്ദമായി. സ്റ്റെപ്പിലൂടെ ആരൊക്കെയോ മുകളിലേക്കു കയറിവന്നു. ബാലകൃഷ്ണന്‍ അവരോട് പൊയ്ക്കൊള്ളാന്‍ ആംഗ്യം കാണിച്ചു. ഗോപിക്ക് അധികനേരം എന്റെ കണ്ണുകളിലേക്കു നോക്കാനായില്ല. അയാള്‍ തലകുനിച്ച് തറയില്‍ നോക്കിക്കൊണ്ട് വിതുമ്പി. 

'ഒരബദ്ധം പറ്റിയതാണ് സാര്‍. ഒരു കൈയബദ്ധം. എന്തു ശിക്ഷ വേണമെങ്കിലും തന്നോളൂ. ഞാന്‍ നിങ്ങളോടു പറഞ്ഞതൊക്കെ നുണയാണ്.'
അയാള്‍ രണ്ടു കൈകളും മുഖത്തമര്‍ത്തി പൊട്ടിക്കരയാന്‍ തുടങ്ങി. ഞാന്‍ ഗോപിയുടെ അടുത്തെത്തി അയാളുടെ തോളില്‍ തട്ടിയശേഷം ശബ്ദം താഴ്ത്തി പറഞ്ഞു,
'എന്താണ് ഉണ്ടായത്? സത്യം പറഞ്ഞാല്‍ ഒരുപരിധിവരെ ഞങ്ങള്‍ക്ക് നിങ്ങളെ സഹായിക്കാനായേക്കും. എന്താണ് സംഭവിച്ചത്?'
ഗോപി കരച്ചിലടക്കി നിറകണ്ണുകളോടെ എന്നെ നോക്കി. അയാളുടെ ചുണ്ടുകള്‍ വരണ്ടുണങ്ങിയിരുന്നു.
'കുറച്ച് വെള്ളം തരാമോ?'
അപ്പുറത്തെ ജനാലയ്ക്കരുകില്‍ വെച്ചിരുന്ന ജഗ്ഗില്‍നിന്നും ബാലകൃഷ്ണന്‍ ഒരു ഗ്ലാസ് വെള്ളം പകര്‍ന്നെടുത്ത് ഗോപിക്ക് കൊടുത്തു. ഗോപി ഒരു കവിള്‍ വെള്ളമെടുത്ത് കുടിച്ചു. വെള്ളം തൊണ്ടയില്‍ കുടുങ്ങിയതുപോലെ അയാള്‍ നിര്‍ത്താതെ ചുമച്ചു. ദീര്‍ഘശ്വാസമെടുത്തശേഷം ബാക്കി വെള്ളം കൂടി കുടിച്ചു.

'ഞാനെല്ലാം പറയാം സാറേ...'
അയാള്‍ ഇരുമ്പുകട്ടിലില്‍ ഇരുന്നശേഷം നെടുവീര്‍പ്പിട്ടു. ബാലകൃഷ്ണന്‍ മൊബൈലെടുത്ത് ക്യാമറയില്‍ വീഡിയോ റെക്കോര്‍ഡിങ് ഓണ്‍ ചെയ്ത് ഗോപിയുടെ നേരെ ഫോക്കസ് ചെയ്തു. ഗോപി പറയാനാരംഭിച്ചു:
ചേനക്കല്ലില്‍നിന്നും ഞാന്‍ സാധനം വാങ്ങിവന്നതും നാഗക്കട്ടക്കടുത്തുവെച്ച് റിക്ഷയില്‍ ബാബുവിനെ കണ്ടതുമെല്ലാം സത്യമാണ് സാര്‍. പക്ഷേ, റിക്ഷയില്‍ ബാബു തനിച്ചായിരുന്നു... ഞാന്‍ ക്വാര്‍ട്ടേഴ്സിലെത്തുമ്പോള്‍ ബാബു പാര്‍സല്‍ വാങ്ങി വന്ന് പൊറോട്ടയും ചിക്കന്‍കറിയും നിരത്തിവെച്ച് ഫുള്‍ബോട്ടിലിന്റെ അടപ്പ് തുറന്നിരുന്നു. ഞാന്‍ മുറിയില്‍ കയറി മീന്‍ വൃത്തിയാക്കാന്‍ മണ്‍ചട്ടിയെടുത്ത് പുറത്തേക്കിറങ്ങുമ്പോള്‍ ബാബു വിളിച്ചു:
'തിന്നാനിവിടുണ്ട് ഗോപീ, ഇന്നൊന്നും ഉണ്ടാക്കണ്ട. വന്ന് രണ്ട് അടിച്ചിട്ട് പോ' എന്ന് വിളിച്ചു പറഞ്ഞു. ഞാന്‍ ഒന്നും മിണ്ടാതെ പുറകില്‍ പോയി മീന്‍ വൃത്തിയാക്കി തിരികെ വന്ന് അരപ്പു ചേര്‍ത്ത് അടുപ്പത്ത് വെച്ചു. അപ്പുറത്തെ മുറിയില്‍നിന്ന് വീണ്ടും വിളി വന്നു. 
'വാടാ പുല്ലേ... ഇന്നെന്റെ ചെലവാ നിനക്ക്. നീ ഇങ്ങോട്ട് വാ.'
അവന് എന്നേക്കാളും പ്രായം കുറവാണെങ്കിലും അങ്ങനെയേ വിളിക്കൂ. ഞാന്‍ മിണ്ടാതിരുന്നപ്പോള്‍ അവന്‍ വീണ്ടും വിളിച്ചുപറഞ്ഞു,
'വാടോ ഗോപിയേട്ടാ... പുല്ലെ... ഇന്നെന്റെ ചെലവാന്ന് പറഞ്ഞില്ലേ. എന്റെ കെട്ടിയോള് ഗര്‍ഭിണിയാ... അതിന്റെ സന്തോഷാ. വാടോ ഗോപിയേട്ടാ.'
സുചിത്ര ഗര്‍ഭിണിയാണെന്നു കേട്ട സന്തോഷത്തില്‍ ഞാന്‍ പുറത്തിറങ്ങി വാതിലടച്ച ശേഷം അവന്റെ മുറിയിലേക്കു പോയി. ഞാന്‍ മുറിക്കുള്ളില്‍ കടന്ന് അവന് അഭിമുഖമായി നിന്നു. അവന്‍ അരക്കുപ്പി അപ്പോത്തന്നെ ഉള്ളിലാക്കിയിരുന്നു.
'ഇരിക്കെടോ...'
ഞാന്‍ ഇരുന്നു. ബാബു ഒരു ഗ്ലാസെടുത്ത് അര ഗ്ലാസ് കള്ളൊഴിച്ച് അല്പം വെള്ളം ചേര്‍ത്ത് എനിക്കു തന്നു. അവനും ഒരു ചെറുതൊഴിച്ചു.

'എന്റെ പെണ്ണിന് വയറ്റിലുണ്ട്.'
എന്റെ ഗ്ലാസില്‍ വീണ്ടും കള്ളൊഴിച്ച് എനിക്ക് നീട്ടിക്കൊണ്ട് അവന്‍ പറഞ്ഞു.
'എന്റെ ഭാര്യ ഗര്‍ഭിണിയായതിന് ഞാനല്ലല്ലോ ആഘോഷിക്കേണ്ടത്. നീയല്ലേ? നീയല്ലേ സന്തോഷിക്കേണ്ടത്.'
ഞാനവനെ സംശയത്തോടെ നോക്കി. അവന്റെ കൈയിലിരുന്ന് കള്ളുഗ്ലാസ് വിറയ്ക്കുന്നുണ്ടായിരുന്നു. 
'... കാരണം, ഞാനല്ലല്ലോ അതിനുത്തരവാദി. നീയല്ലേ? നീയല്ലേ എന്റെ പെണ്ണിനെ വയറ്റിലുണ്ടാക്കിയത്... പട്ടീ...' ബാബു എന്നെ കടിച്ചുകീറാന്‍ എന്നോണം നോക്കി. 
'എന്നെ ചതിച്ചത് അവളല്ലല്ലോ, നീയല്ലേ... അപ്പോപ്പിന്നെ അവളെയല്ലല്ലോ കൊല്ലേണ്ടത് നിന്നെയല്ലേ... അവള്‍ക്കുള്ളത് ഞാന്‍ പിന്നെ കൊടുത്തോളാം.'
ഏതോ ബാധ കേറിയതുപോലെ അവന്‍ വിറച്ചു. പെട്ടെന്നവന്‍ വലതുവശത്ത് കൂട്ടിയിട്ടിരുന്ന വിറകുകൊള്ളിയെടുത്ത് എന്റെ നേര്‍ക്ക് ആഞ്ഞുവീശി. അടിയേല്ക്കാതെ ഞാന്‍ രക്ഷപ്പെട്ടെങ്കിലും വീശലിന്റെ ശക്തികൊണ്ട് വലതുവശത്തേക്ക് ചെരിഞ്ഞുവീണു. എന്റെ നിറുകയിലെ തലമുടി പറിച്ചെടുത്തുകൊണ്ട് വിറകുകൊള്ളി നിലത്തു വീണു. ഉന്നം തെറ്റിയ ബാബു അവന്റെ ഇടതുവശത്തേക്ക് വേച്ചുവീണു. അവന്‍ എഴുന്നേറ്റ് അടുത്ത കൊള്ളിയെടുത്താല്‍ എന്റെ മരണം ഉറപ്പാണ്. ഒരു നിമിഷം എന്റെ മനസ്സില്‍ രക്ഷപ്പെടണമെന്ന തോന്നലുണ്ടായി. പ്രതിരോധിച്ചില്ലെങ്കില്‍ ഞാനവിടെ തീര്‍ന്നേനെ. ഇരുന്ന ഇരുപ്പില്‍ ഞാന്‍ തപ്പിയതില്‍ കൈയില്‍ കിട്ടിയത് ഒരു ചുറ്റികയായിരുന്നു. അവന്‍ മെല്ലെ എഴുന്നേറ്റ് അടുത്ത കൊള്ളിയെടുക്കും മുന്‍പ് സര്‍വശക്തിയുമെടുത്ത് ഞാന്‍ ചുറ്റിക അവന്റെ തല ലക്ഷ്യമാക്കി ആഞ്ഞുവീശി. 

നിമിഷനേരത്തില്‍ എന്തോ പൊട്ടിച്ചിതറുന്ന ശബ്ദം കേട്ട് ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. എന്റെ മുഖത്തേക്ക് രക്തം ചീറ്റിത്തെറിച്ചു. അവന്റെ കണ്ണിലൂടെയും ചെവിയിലൂടെയും രക്തം കുടുകുടെ ഒഴുകി. ബാബു മുന്നോട്ട് കമിഴ്ന്നുവീണു. നിലത്തു വീണുരുണ്ട മദ്യക്കുപ്പി എടുത്ത് നേരെ വെച്ചശേഷം ഞാന്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിന്നു. കണ്ണിലാകെ ഇരുട്ടു കയറുന്നപോലെ. എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയാന്‍തന്നെ സമയമെടുത്തു. ഒരുവിധത്തില്‍ പുറത്തിറങ്ങിയ ശേഷം അവന്റെ മുറിയുടെ വാതില്‍ പൂട്ടി താക്കോല്‍ പിറകില്‍ അവന്റെതന്നെ അടുപ്പിലെ ചാരത്തിലിട്ടു. പിന്നെ കൊല്ലിയില്‍ പോയി ഞാനുടുത്തിരുന്ന ലുങ്കി കഴുകിയശേഷം മുറിയിലെത്തി വാങ്ങിവെച്ച പൈന്റ് പൊട്ടിച്ച് കുടിച്ച് ഞാന്‍ കിടന്നുറങ്ങി. സത്യം പറഞ്ഞാല്‍ ജീവിക്കാനുള്ള കൊതികൊണ്ടൊന്നുമല്ല സാര്‍, മരിക്കാന്‍ എന്നെക്കാള്‍ യോഗ്യന്‍ അവനായതുകൊണ്ടാ. അല്ലെങ്കില്‍ ആ പെണ്‍കൊച്ചും ഒന്നുമറിയാത്ത ആ കുഞ്ഞും മരിക്കും. ഞാന്‍ ചെയ്തത് തെറ്റാണെന്നറിയാം. ഏതു കോടതിയിലും ഞാനിത് ഏറ്റുപറയാം സാര്‍.'
ഗോപി ഒരു നിമിഷം നിര്‍ത്തി ലുങ്കിയുടെ തലപ്പില്‍ കണ്ണുകള്‍ തുടച്ചു.
'അപ്പോള്‍ നിങ്ങള്‍ ആത്മരക്ഷാര്‍ഥം ചെയ്തതാണല്ലേ?'
'വേണമെന്നു വെച്ചിട്ടല്ല സാറേ, അപ്പൊഴത്തെ മാസികാവസ്ഥയില്‍ ചെയ്തുപോയി. ഇപ്പഴാണെങ്കില്‍ കണിശമായും എനിക്ക് ചെയ്യാനാവില്ല.'

ഞാന്‍ ബാലകൃഷ്ണനോട് അയാള്‍ക്കൊരു ഗ്ലാസ് വെള്ളം കൊടുക്കാന്‍ പറഞ്ഞു. ബാലകൃഷ്ണന്‍ ജഗ്ഗില്‍നിന്നുമെടുത്ത് കൊടുത്ത വെള്ളം അയാള്‍ ആര്‍ത്തിയോടെ കുടിച്ചു. ഗോപിയെ ബാലകൃഷ്ണനെ ഏല്പിച്ച ശേഷം ഞാന്‍ ഫോണെടുത്ത് എസ്.പിയെ ഡയല്‍ ചെയ്ത് താഴോട്ടിറങ്ങി. എസ്.പി. പെട്ടെന്നുതന്നെ ഫോണെടുത്തു. ഞാന്‍ പ്രതിയെ തിരിച്ചറിഞ്ഞതും കൊലപാതകത്തിന്റെ സാഹചര്യങ്ങളും എല്ലാം വിശദമായിത്തന്നെ എസ്.പിയെ ധരിപ്പിച്ചു.
'വെല്‍ഡണ്‍ സാബു. കീപ് ഇറ്റ് അപ്പ്! 27 റിക്കവറിയും എവിഡന്‍സ് കളക്ഷനും മറ്റും കൃത്യമായി ചെയ്യുക. ഒരു സക്സസ്ഫുള്‍ പ്രോസിക്യൂഷനാവണം നമ്മുടെ ലക്ഷ്യം. ബെസ്റ്റ് ഓഫ് ലക്ക്.' 
മറുതലയ്ക്കല്‍ എസ്.പി. ഫോണ്‍ കട്ട് ചെയ്തു.
ഒരു നിമിഷം ആലോചിച്ചശേഷം ഞാന്‍ രമേശ് സല്യാനോട് സ്റ്റേഷനിലേക്ക് അടിയന്തിരമായി എത്താന്‍ നിര്‍ദേശം കൊടുത്തു. സമയം ഒട്ടും കളയാനില്ല. മറ്റു പ്രൊസീജറുകള്‍ എത്രയും പെട്ടെന്ന് തീര്‍ക്കണം. വേലുവിനെ പുറത്തേക്കു കൊണ്ടുവരാന്‍ പാറാവുകാരനോട് പറഞ്ഞശേഷം ഞാന്‍ എബിന്റെ മുറിയിലേക്കു കയറി. പാറാവുകാരന്‍ വേലുവിനെ റൂമിലെത്തിച്ചു.
'നിങ്ങള്‍ ഭക്ഷണം കഴിച്ചോ?'
'ഉവ്വ് സാര്‍. ഉച്ചയ്ക്ക്.'
'സുചിത്രയുടെ പരാതിപ്രകാരം എനിക്ക് വേണമെങ്കില്‍ നിങ്ങള്‍ക്കെതിരെ കേസെടുക്കാം. പക്ഷേ ഞാനതിപ്പോള്‍ ചെയ്യുന്നില്ല. നിങ്ങളെ ഇപ്പോള്‍ ഞാന്‍ വിടുകയാണ്. രമേശ് വന്നാല്‍ അയാളോടൊപ്പം നിങ്ങള്‍ക്കു പോവാം. ആവശ്യം വന്നാല്‍ വീണ്ടും വിളിക്കും. അപ്പോള്‍ കൃത്യമായി ഹാജരായിക്കൊളളണം.'
'നന്ദി സാര്‍. എപ്പോ വിളിച്ചാലും ഞാന്‍ എത്തിക്കൊള്ളാം...'
ഈ സമയം പുറത്ത് ഒരു വാഹനം നിര്‍ത്തുന്ന ശബ്ദം കേട്ടു. അല്പസമയത്തിനകം രമേശ് സല്യാന്‍ മുറിയിലെത്തി. ഞാന്‍ വേലുവിനോട് പുറത്തുനില്ക്കാന്‍ പറഞ്ഞു.
'ഇയാളല്ല പ്രതി. ഇയാളെ നിങ്ങള്‍ക്കൊപ്പം വിടുകയാണ.്'
'അപ്പോള്‍ ഇനി ആരെ സംശയിക്കണം സാര്‍?'
'പ്രതിയെ കിട്ടി. ആള്‍ കുറ്റം സമ്മതിച്ചു. എല്ലാ കാര്യങ്ങളും പറഞ്ഞു.'
'ങ്‌ഹേ... ആര്..? ആരാണ് സാര്‍?' അയാള്‍ പെട്ടെന്ന് മുന്നിലേക്ക് ഒന്ന് ആഞ്ഞു.
'ഗോപിയാണ് ചെയ്തത്. അയാള്‍ എല്ലാം വിശദമായി പറഞ്ഞു.'
'അയ്യോ ഗോപിയേട്ടനോ?'
ഞാന്‍ രമേശിനോടു നടന്ന കാര്യങ്ങള്‍ പറഞ്ഞു. അയാള്‍ സ്തബ്ധനായി എല്ലാം കേട്ടിരുന്നു. എന്നിട്ട് വിശ്വസിക്കാനാവാത്തതുപോലെ എന്നെ നോക്കി.

'ഗോപിയുടെ കുറ്റസമ്മതം വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. ഇനി അയാള്‍ പറഞ്ഞതു പ്രക്രാരം ആ സ്ഥലത്തു പോയി അയാള്‍ ഒളിപ്പിച്ചു വെച്ച സ്ഥലത്തുനിന്നും താക്കോല്‍ സീസ് ചെയ്യണം. നിങ്ങള്‍ വേലുവിനെ കൊണ്ടുപൊയ്ക്കോളൂ. അയാളെ തിരിച്ചയച്ചശേഷം ക്വാര്‍ട്ടേഴ്സിലേക്കൊന്നു വരണം. 27 റിക്കവറിക്ക് രണ്ടു സാക്ഷികള്‍ വേണം. അവിടെ അടുത്തുള്ള താമസക്കാരാണെങ്കില്‍ ഏറ്റവും നല്ലത്.'
'ശരി സാര്‍, ഞങ്ങളങ്ങോട്ട് എത്തിക്കൊള്ളാം...'
രമേശ് പുറത്തിറങ്ങി വേലുവിനെയും കൂട്ടി സ്റ്റേഷനു വെളിയിലേക്കു പോയി. ഞാന്‍ മുകളിലേക്കു കയറി. ഗോപിയോടു വിവരങ്ങള്‍ വിശദമായി ചോദിച്ച് എഴുതിയെടുക്കുകയാണ് ബാലകൃഷ്ണന്‍.
'ബാലകൃഷ്ണാ, നമുക്ക് ഗോപിയെയും കൂട്ടി സീന്‍ ഓഫ് ക്രൈമിലേക്കു പോകണം. അവിടെനിന്നും ആ താക്കോല്‍ സീസ് ചെയ്യണം'.
'ശരി സാര്‍.' 
ബാലകൃഷ്ണന്‍ എഴുത്തു നിര്‍ത്തി റൈറ്റിങ് പാഡില്‍ ആവശ്യത്തിനു പേപ്പറുകളും കാര്‍ബണ്‍ ഷീറ്റുകളും ഉണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം മേശയ്ക്ക് താഴെ വെച്ചിരുന്ന ഒരു പ്ലാസ്റ്റിക് കവറില്‍നിന്നും സംഭവസ്ഥല മഹസ്സര്‍ പ്രകാരം ബന്തവസ്സിലെടുത്ത ബാബുവിന്റെ റൂം പൂട്ടാന്‍ ഉപയോഗിച്ച ചുളുങ്ങിയ ഒരു പൂട്ടെടുത്ത് പോക്കറ്റിലിട്ടശേഷം ഗോപിയെ നോക്കി.
'നമുക്ക് ക്വാര്‍ട്ടേഴ്സുവരെ പോയി വരാം. പോകുന്നതിനു മുന്‍പ് ടോയ്ലറ്റിലോ മറ്റോ പോകണങ്കില്‍ പോകാം.'
'വേണ്ട സാറേ, നമുക്കു പോകാം.'
ഗോപി എഴുന്നേറ്റ് ലുങ്കി അഴിച്ച് വൃത്തിയായി ഉടുത്തു. അഴിച്ചിട്ടിരുന്ന ഫുള്‍കൈ മടക്കിവെച്ച ശേഷം എന്നെ നോക്കി. അയാളുടെ മുഖത്ത് വല്ലാത്തൊരു നിസ്സംഗത. ഞങ്ങള്‍ ഒരുമിച്ച് സ്റ്റെപ്പിലൂടെ താഴേക്കിറങ്ങി.

'അനിലിനെ വിളിക്കൂ... പുറത്തു പോകാനുണ്ട്.'  ജി.ഡി. ചാര്‍ജ് അനിലിനെ വിളിച്ചുകൊണ്ട് അകത്തേക്ക് ഓടി. അല്പസമയത്തിനുള്ളില്‍ അനില്‍ തിടുക്കത്തില്‍ പുറത്തേക്കു വന്നു. യൂണിഫോമിന്റെ ഷര്‍ട്ട് ഇന്‍ ചെയ്തുകൊണ്ട് ജീപ്പിലേക്കു കയറി. പകലുറക്കത്തിന്റെ മന്ദതയുണ്ട് മുഖത്ത്. 
അയാള്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തശേഷം സീറ്റില്‍ വിരിച്ച ടര്‍ക്കി ഇടതുകൈകൊണ്ട് വിരിച്ച് വെടിപ്പാക്കി. ഞാന്‍ എബിന്റെ നമ്പര്‍ ഡയല്‍ ചെയ്തുകൊണ്ട് ജീപ്പിലേക്കു കയറി.
'നിങ്ങള്‍ വിളിക്കുന്ന സബ്സ്‌ക്രൈബര്‍ പരിധിക്കു പുറത്താണ്.'
'നാശം. ആവശ്യമുള്ളപ്പോള്‍ കിട്ടില്ല,' ഞാന്‍ ആരോടെന്നില്ലാതെ പിറുപിറുത്തു.
അനില്‍ വണ്ടി മുന്നോട്ടെടുത്തു. വണ്ടി പുതിയങ്ങാടി കഴിഞ്ഞപ്പോള്‍ എബിന്‍ തിരിച്ചുവിളിച്ചു.
'നമസ്‌കാരം സര്‍... വിളിച്ചിരുന്നു അല്ലേ'
'ങ്ഹാ. വിളിച്ചിരുന്നു. ഇപ്പോ ലൊക്കേഷനെവിടെയാണ്.'
'സര്‍ , ഞാന്‍ ചേനക്കല്ല് റൂട്ടിലുണ്ട്. എന്തെങ്കിലും അര്‍ജന്‍സിയുണ്ടോ സര്‍?'
'ഉണ്ട്. നിങ്ങള്‍ ഒരു കാര്യം ചെയ്യൂ. പെട്ടെന്ന് നമ്മുടെ സീന്‍ഓഫ് ക്രൈമിലേക്ക് ചെല്ലുക. ഞാനിപ്പോള്‍ അങ്ങോട്ടേക്ക് എത്തും. ആ രമേശന്‍ വന്നാല്‍ അവിടെ നില്ക്കാന്‍ പറയ്.'
'ശരി സര്‍.'
മറ്റു വാഹനങ്ങളെ പിന്തള്ളിക്കൊണ്ട് സാമാന്യം വേഗത്തിലാണ് അനില്‍ ജീപ്പോടിച്ചത്. വിചാരിച്ചതിലും വേഗത്തില്‍ ഞങ്ങള്‍ ക്രൈം സീനിലെത്തി. എബിനും രണ്ടു പോലീസുകാരും പിന്നെ രമേശും അമ്മദും മറ്റു രണ്ടുപേരും കാത്തുനില്പുണ്ട്. ഞാന്‍ വണ്ടിയില്‍നിന്നിറങ്ങി. എബിന്‍ ഓടിയെത്തി സല്യൂട്ട് ചെയ്തു.

'പ്രതിയുടെ കാര്യത്തില്‍ തീരുമാനമായി.'
'ആരാ സാര്‍?'
എബിന്‍ ജീപ്പിനുള്ളിലേക്ക് ആകാംക്ഷയോടെ നോക്കി. ജീപ്പിന്റെ ഡോര്‍ തുറന്നപാടെ ബാലകൃഷ്ണനും പിന്നാലെ ഗോപിയും ഇറങ്ങി.
'ഇയാളോ?'
എബിന്‍ അവിശ്വസനീയതയോടെ ചോദിച്ചു. 
'അതെ. ഇയാള്‍ എല്ലാം കണ്‍ഫെസ്സ് ചെയ്തുകഴിഞ്ഞു. കൊലയ്ക്കുശേഷം ഇയാള്‍ മുറിപൂട്ടി താക്കോല്‍ പുറകിലെ അടുപ്പിലിട്ടിട്ടുണ്ടെന്ന് മൊഴി തന്നിട്ടുണ്ട്.' 
'പ്രതി നയിച്ചാനയിച്ച വഴിയെ സഞ്ചരിച്ച് ടിയാന്‍ എടുത്ത് ഹാജരാക്കിത്തന്ന താക്കോല്‍... റെലവന്റ് പോര്‍ഷന്‍ അത്രമാത്രം.'
'ഓ... 27 റിക്കവറിയാണല്ലേ സാര്‍...'
'യെസ്. താങ്കള്‍ക്കിത് പുതിയ അനുഭവമായിരിക്കും അല്ലേ..?'
'അതെ സാര്‍. ട്രെയിനിങ്ങിന് ഇന്‍ഡോര്‍ ക്ലാസുകളില്‍ കേട്ടിട്ടുള്ളത് മാത്രം.'
'എങ്കില്‍ അയാളുടെ പിന്നാലെ നടന്നോളൂ.'
എബിന്‍ ഗോപിയെയും കൂട്ടി അയാള്‍ പോകുന്നതിനു പിന്നാലെ നടന്നു. ബാലകൃഷ്ണനും പോലീസുകാരും അവരെ അനുഗമിച്ചു. അതിനു പിന്നിലായി രമേശും അമ്മദും മറ്റു രണ്ടുപേരും ഒടുവിലായി ഞാനും നടന്നു. ഗോപി ക്വാര്‍ട്ടേഴ്സിന്റെ വടക്കുവശം ചേര്‍ന്നുള്ള മണ്‍തിട്ടയില്‍ നിന്നും ചാഞ്ഞുകിടക്കുന്ന തെരുവുപുല്ല് വകഞ്ഞു മാറ്റി പുറകുവശത്തേക്കു നടന്നു.
'പിടിക്കുമ്പോള്‍ സൂക്ഷിക്കണം. മൂര്‍ച്ചയുള്ള പുല്ലാണ്. കൈമുറിയും.'
രമേശ് പറഞ്ഞു തീരും മുന്‍പേ എബിന്‍ തന്റെ ഇടതുകൈയുടെ നടുക്കത്തെ കൈവിരല്‍ വായില്‍ വെച്ച് കടിച്ച് ചോര തുപ്പിക്കളഞ്ഞു. നല്ല മൂത്ത മൂര്‍ച്ചയുള്ള പുല്‍നാമ്പുകള്‍.

എല്ലാവരും പിന്നിലൂടെ വന്ന് പിറകുവശത്ത് ചായ്ചു കെട്ടിയ ഷെഡ്ഡിലേക്കു കയറി. അവിടെ രണ്ടു മുറികളുടെയും പിന്നിലായി താത്കാലികമായി മൂന്നു ചെങ്കല്‍ക്കട്ടകള്‍ കൊണ്ടുണ്ടാക്കിയ ഓരോ അടുപ്പുകള്‍. രണ്ടടുപ്പിലും ചാരം നിറഞ്ഞിട്ടുണ്ട്. ഷെഡ്ഡിനു വെളിയില്‍ ഓടുമേഞ്ഞ ഒരു ചെറിയ കക്കൂസും അതിനു പിന്നിലായി നാട്ടിനിര്‍ത്തിയ സിമന്റ് പൈപ്പും. ഗോപി ഞങ്ങളെ എല്ലാവരെയും ഒന്ന് നോക്കിയശേഷം ബാബുവിന്റെ മുറിക്കു പിന്നിലുള്ള അടുപ്പിന്റെ മുന്നില്‍ കുത്തിയിരുന്നു. ബാലകൃഷ്ണന്‍ എല്ലാം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്നുണ്ട്.
'ഗോപി താക്കോല്‍ എവിടെയാ വെച്ചിരിക്കുന്നത് നോക്കി പുറത്തെടുത്തു തരിക.'
ഗോപി ചാരത്തില്‍ കൈയിട്ട് പരതാന്‍ തുടങ്ങി. അല്പനേരം തപ്പിനോക്കി വലതുവശത്തെ കല്ലിനു സമീപത്ത് ചാരത്തില്‍ മുങ്ങിക്കിടന്നിരുന്ന ഒരു സ്റ്റീല്‍താക്കോല്‍ എടുത്ത് എന്നെ ഏല്പിച്ചു. ബാലകൃഷ്ണന്‍ വീഡിയോ റെക്കോഡിങ് അവസാനിപ്പിച്ചശേഷം പോക്കറ്റില്‍ കരുതിയിരുന്ന ലോക്കെടുത്ത് താക്കോല്‍കൊണ്ട് തുറന്നു നോക്കി. ലോക്ക് തുറന്ന് അടയുന്നുണ്ട്. 
'പക്കായാണ് സാര്‍..!'
ബാലകൃഷ്ണന്‍ സന്തോഷത്തോടെ പറഞ്ഞു. എന്നിട്ട് പെട്ടെന്ന് തന്നെ ജീപ്പിന്റെ ബോണറ്റില്‍ വെച്ച് 27 റിക്കവറി മഹസ്സര്‍ തയ്യാറാക്കി പ്രതിയുടെയും രമേശ് കൊണ്ടുവന്ന സാക്ഷികളുടെയും ഒപ്പു വാങ്ങിയ ശേഷം എന്റെ ഒപ്പു വാങ്ങാനായി വണ്ടിയുടെ മുന്‍സീറ്റിലേക്കു വന്നു.
'സര്‍... എല്ലാം എഴുതിയിട്ടുണ്ട്. ഇനി സാര്‍ ഒപ്പിട്ടാല്‍ മാത്രം മതി.'
'മഹസ്സര്‍ സാക്ഷികളുടെ മൊഴിയെടുത്തോ?'
മഹസ്സര്‍ വാങ്ങി ഒപ്പിട്ടു കൊടുക്കുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു.
'ഇല്ല സാര്‍. അഡ്രസ് കളക്ട് ചെയ്തിട്ടുണ്ട്. സ്റ്റേറ്റ്മെന്റ് നമുക്ക് എഴുതിവെക്കാം.'
നേരം ഇരുട്ടി തുടങ്ങിയിരുന്നു. കുറച്ചു മാറി രമേശും കൂടെയുളളവരും ഞങ്ങളെ നോക്കിനില്ക്കുന്നുണ്ട്.
'എങ്കില്‍ അവരോട് പൊയ്ക്കൊള്ളാന്‍ പറഞ്ഞിട്ട് വന്നു കേറിക്കോ. നമുക്ക് തിരിച്ചുപോകാം.'

ഞാന്‍ രമേശിനെ നോക്കി കൈ കാണിച്ചു. അവര്‍ എല്ലാവരും രമേശിന്റെ സ്‌കോര്‍പ്പിയോയില്‍ കയറി യാത്രയായി. അവര്‍ക്ക് പിന്നിലായി ഞങ്ങള്‍ സ്റ്റേഷനിലേക്കു മടങ്ങി.
സ്റ്റേഷനിലെത്തുമ്പോള്‍ ഏകദേശം ഒന്‍പതു മണിയായിക്കാണും. ഗോപിയെ പാറാവുകാരനെ ഏല്പിച്ച ശേഷം ഞാനും എബിനും മുറിയിലേക്കു കയറി.
'സര്‍... എങ്ങനെയാണ് ഒടുവില്‍ ഗോപിയിലേക്കെത്തിയത്?'
എബിന്‍ സ്റ്റേഷനിലെത്താന്‍ കാത്തുനിന്നപോലെ ചോദിച്ചു.         
'അതാണ് എബിന്‍ ദൈവത്തിന്റെ കളി, ലൊക്കാര്‍ഡ്സ് പ്രിന്‍സിപ്പിള്‍ ഓഫ് എക്സ്ചേഞ്ച് ഓഫ് പാര്‍ട്ടിക്കിള്‍സ്. ഒരു ക്രൈം സീനില്‍ അക്യൂസ്ഡും വിക്ടിമും തമ്മില്‍ ബലപ്രയോഗമുണ്ടാകാം. അപ്പോള്‍ ഒരു എക്സ്ചേഞ്ച് ഓഫ് പാര്‍ട്ടിക്കിള്‍സ് സംഭവിക്കും. അല്ലാത്ത സാഹചര്യങ്ങളില്‍ പ്രതിയുടെ ഭാഗത്തുനിന്നും എന്തെങ്കിലും സീന്‍ ഓഫ് ക്രൈമില്‍ ഉപേക്ഷിക്കപ്പെടാം. അത് കണ്ടെത്തുന്നതിലാണ് ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ തന്റെ കഴിവ് തെളിയിക്കേണ്ടത്.'
'ഇവിടെ എന്തായിരുന്നു പ്രതി അവശേഷിപ്പിച്ചത്?'
'അയാളുടെ ഫിംഗര്‍പ്രിന്റ്. ഒരാള്‍ നെര്‍വസാവുമ്പോള്‍ അയാളുടെ പ്രിന്റ് കൂടുതല്‍ പ്രോമിനന്റാകും. ഇവിടെ സ്വയരക്ഷാര്‍ഥമാണ് ഗോപി ബാബുവിനെ കൊന്നത്. പക്ഷേ, ഈ കേസില്‍ റൈറ്റ് ഓഫ് പ്രൈവറ്റ് ഡിഫന്‍സിന്റെ ആനുകൂല്യം അയാള്‍ക്ക് ലഭിക്കാനുള്ള സാധ്യത കുറവാണ.്'
'അതെന്താണ് സര്‍ ?'
'കാരണം അയാളുടെ സബ്സിക്വെന്റ് കണ്ടക്റ്റ് തന്നെ. കൃത്യം നടത്തിയ ശേഷം അയാള്‍ കുറ്റം മറയ്ക്കാനായി തെളിവ് നശിപ്പിച്ചു. കൂടാതെ കളവായി മൊഴി നല്കി.'
'ഓ... ശരി സാര്‍ ഇവിടെ എഫ്.ഐ.ആര്‍ സ്റ്റേറ്റ്മെന്റ് അയാളുടേതാണല്ലോ?'
'യെസ്, അപ്പോ ഞാനിറങ്ങുകയാണ്. നാളെ കാണാം. നൈറ്റ് ഓഫീസറോട് ഇടയ്ക്ക് ലോക്കപ്പ് ചെക്കു ചെയ്യാന്‍ പറയണം.'
ഞാന്‍ പുറത്തേക്കിറങ്ങി. പിന്നാലെ എബിനും ഇറങ്ങി. പാറാവുകാരനട് ഗോപിയെ ശ്രദ്ധിക്കണമെന്ന് ഞാന്‍ ഓര്‍മിപ്പിച്ചു. ഈ സമയം ബാലകൃഷ്ണന്‍ മുകളില്‍നിന്നും ഇറങ്ങിവന്നു.
'നിങ്ങള്‍ ഇപ്പോള്‍ പോരുന്നുണ്ടെങ്കില്‍ എന്റെ വണ്ടിയില്‍ പോന്നോളൂ. ഞാന്‍ നിങ്ങളെ വീട്ടിലിറക്കിയിട്ട് പൊയ്ക്കൊള്ളാം.'
'വരുന്നുണ്ട് സാര്‍.'
ബാലകൃഷ്ണന്‍ മുകളിലേക്ക് ഓടിക്കയറി ബാഗുമായി തിരിച്ചുവന്ന് ഫയല്‍ റൈറ്ററുടെ മുറിയില്‍ വെച്ച് പൂട്ടിയശേഷം എന്റെ കൂടെ വണ്ടിയില്‍ കയറി. അനില്‍ വണ്ടിയെടുത്തു. എബിന്‍ സല്യൂട്ട് ചെയ്തശേഷം സ്റ്റേഷനിലേക്കു കയറി. ഉറക്കം വന്നു തുടങ്ങിയിരുന്നു. ഞാന്‍ സീറ്റിലേക്കു ചാരി കണ്ണുകളടച്ചു.

മുന്‍ ഭാഗങ്ങള്‍ വായിക്കാം

Content Highlights: Kuttasammatham Malayalam Novel By Sibi Thomas part six