ഞാന്‍ വേലേശ്വരത്ത് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന കാലത്തു നടന്ന കേസാണ്. ഡിപ്പാര്‍ട്ട്മെന്റിലെ എണ്ണം പറഞ്ഞ കുറ്റാന്വേഷണവിദഗ്ധരില്‍ ഒരാളായി പേരെടുക്കാന്‍ സഹായിച്ച പ്രമാദമായ കേസുകള്‍ പലതുണ്ടെങ്കിലും, ഒരാള്‍ക്ക് ഒരേസമയം പോലീസുകാരനായും മനുഷ്യനായും ജീവിതം സാധ്യമാണോയെന്ന ചോദ്യം ഞാന്‍ ഇത്രമേല്‍ എന്നോടുതന്നെ ചോദിച്ച സന്ദര്‍ഭങ്ങള്‍ വിരളമാണ്.

അന്നു രാവിലെ എന്നത്തേയുംപോലെ എന്നെ പിക്ക് ചെയ്യാനായി അനില്‍ വണ്ടിയുമായി വീട്ടിലെത്തി. കെവിന്റെ സ്‌കൂള്‍ ബസ് വരാന്‍ സമയമായിട്ടുണ്ട്. അവന്‍ ഇനിയും ഭക്ഷണം കഴിച്ചിട്ടില്ല. അടുക്കളയില്‍ രേഷ്മ അവന്റെ ലഞ്ച് പാക്ക് ചെയ്യുന്ന തിരക്കിലാണ്. അവളോടു യാത്ര പറഞ്ഞ് ഞാന്‍ അനിലിന്റെ കൂടെ സ്റ്റേഷനിലേക്കു പുറപ്പെട്ടു.

കടല്‍ക്കരയില്‍നിന്നും അധികം ദൂരത്തല്ലാത്ത ഉയര്‍ന്ന ഒരു കുന്നിന്‍മുകളിലാണ് വേലേശ്വരം പോലീസ് സ്റ്റേഷന്‍. സ്വാതന്ത്ര്യലബ്ധിക്കും മുന്‍പേ പണിതീര്‍ത്ത സ്റ്റേഷന്റെ ഒത്തനടുവില്‍ തലയുയര്‍ത്തിപ്പിടിച്ച് നില്ക്കുന്ന വാച്ച്ടവര്‍ ഭീമാകാരനായ ഒരു വ്യാഘ്രത്തെ ഓര്‍മിപ്പിക്കും. വണ്ടി കുന്നുകയറാന്‍ തുടങ്ങവേയാണ് എസ്.ഐ. എബിന്റെ കോള്‍. ചേനക്കല്ല് അടുത്ത് എവിടെയോ വാടകമുറിയില്‍ ഒരാള്‍ മരിച്ചുകിടക്കുന്നെന്ന് റിപ്പോര്‍ട്ടുണ്ട്. ആരോ രാവിലെ സ്റ്റേഷനില്‍ വിളിച്ചുപറഞ്ഞതാണ്. എബിനും എ.എസ്.ഐ. രാഘവനും ഒക്കെ സംഭവസ്ഥലത്താണുള്ളത്. ഈയടുത്ത് പ്രൊബേഷന്‍ പൂര്‍ത്തിയാക്കിയ എബിന്റെ ആദ്യ പോസ്റ്റിങ് ആണ് വേലേശ്വരത്ത്. കാര്യങ്ങള്‍ പഠിച്ചു വരുന്നേ ഉള്ളൂ. ഞാന്‍ അനിലിനോടു വണ്ടി തിരിക്കാന്‍ പറഞ്ഞു. ചേനക്കല്ലുള്ള ഒരു ക്വാറിയുടെ അടുത്താണെന്നാണ് എബിന്‍ പറഞ്ഞത്.

'ആ രമേശന്റെ ക്വാറിയാവും സര്‍. എക്സ്പ്ലോസീവ് ലൈസന്‍സ് ചെക്ക് ചെയ്യാന്‍ ഒരിക്കല്‍ രാഘവന്‍സാറിന്റെ കൂടെ ഞാന്‍ അവിടെ പോയിട്ടുണ്ട,്' അനില്‍ വണ്ടിയുടെ വേഗത കൂട്ടി.
ജീപ്പ് നിരപ്പായ റോഡ് കഴിഞ്ഞ് ഒരു കയറ്റത്തിലൂടെ മുന്നോട്ടു നീങ്ങുകയാണ്. കയറ്റം തീരുന്നതിനു താഴെ ഇടതുവശത്ത് നാഗത്തിന്റെ പ്രതിമ പണികഴിപ്പിച്ച ഒരു സ്തൂപം കാണാം. നാഗക്കട്ടയുടെ കാര്യം എബിന്‍ സൂചിപ്പിച്ചിരുന്നു. കയറ്റം കഴിഞ്ഞ് ഇടതുവശത്തേക്കുള്ള ഇറക്കം ചെന്നവസാനിക്കുന്നത് ഒരു കൊല്ലിയിലേക്കാണ്. കൊല്ലിയെന്നു പറഞ്ഞാല്‍ രണ്ടു മലകള്‍ക്കിടയിലൂടെ നീരൊഴുക്കുള്ള ചെറിയ ചാലാണ്. കൊല്ലി എത്തുന്നതിനു മുന്‍പ് ഇടതുവശത്തെ റോഡില്‍നിന്ന് എബിന്‍ കയറിവന്ന് വണ്ടി നിര്‍ത്താന്‍ കൈ കാണിച്ചു. ഒപ്പം അറുപതിനടുത്തു പ്രായം തോന്നിക്കുന്ന ഒരു വൃദ്ധനുമുണ്ട്. അനില്‍ വണ്ടി റോഡിന് അരികു ചേര്‍ത്ത് പാര്‍ക്ക് ചെയ്തു. ഞാന്‍ പുറത്തിറങ്ങി.

'സര്‍, ഇത് ഗോപി. ഇയാളാണ് സ്റ്റേഷനിലേക്കു വിളിച്ചത്. സംഭവം നടന്ന റൂമിന്റെ തൊട്ടടുത്ത റൂമിലാണ് താമസം,' സല്യൂട്ട് ചെയ്തശേഷം എബിന്‍ പറഞ്ഞു. എബിന്‍ ഒരു റൗണ്ട് ചോദ്യം ചെയ്തുകഴിഞ്ഞെന്ന് അയാളുടെ മുഖത്തുനിന്ന് വ്യക്തമാണ്. ഞങ്ങള്‍ റോഡില്‍നിന്ന് കുറച്ച് ഉള്ളിലേക്കു മാറിനില്ക്കുന്ന കെട്ടിടത്തിനടുത്തേക്കു നടന്നു. രണ്ടു മുറികളിലായി ഓരോ വാതിലും ജനലും മാത്രമുള്ള ഒരുനിലക്കെട്ടിടം. ആദ്യത്തെ മുറിയുടെ വാതില്‍ പുറത്തുനിന്ന് താഴിട്ടു പൂട്ടിയിരിക്കുന്നു. തീരെ വില കുറഞ്ഞ സ്റ്റീല്‍കോട്ടിങ്ങുള്ള പൂട്ടിന് കുറച്ചു പഴക്കമുണ്ട്. രണ്ടാമത്തെ മുറിയുടെ വാതിലും ജനലും പാതി തുറന്ന നിലയിലാണ്.

'സാര്‍ ആ മുറിയിലാണ,്' എബിന്‍ പൂട്ടിയിട്ട മുറിയുടെ ജനലിലേക്കു വിരല്‍ ചൂണ്ടി. ഉള്ളില്‍ വെളിച്ചം കുറവാണ്. എന്നാലും അരണ്ട വെളിച്ചത്തില്‍ ഒരാള്‍ തറയില്‍ വീണുകിടക്കുന്നതു കാണാം.  കറുത്തിരുണ്ട മുഖത്തിന്റെ വശങ്ങളിലും തലയിലും രക്തം കട്ടപിടിച്ചിരിക്കുന്നു. മൃതദേഹത്തിന്റെ കിടപ്പു കണ്ടാല്‍ത്തന്നെ മരണം നടന്നിട്ട് മണിക്കൂറുകള്‍ കഴിഞ്ഞെന്നു വ്യക്തമാണ്. ഞാന്‍ ചുറ്റുമൊന്നു കണ്ണോടിച്ചു. മുറ്റം കല്ല് കെട്ടിപ്പൊക്കി ഉണ്ടാക്കിയതാണ്. താഴേക്ക് കുത്തനെയുള്ള ഇറക്കമായതിനാല്‍ കെട്ടിനോടു ചേര്‍ന്ന് മണ്ണിട്ടിട്ടുണ്ട്. മണ്ണില്‍ ഇടതൂര്‍ന്ന് മുള്‍ച്ചെടികള്‍ വളര്‍ന്നുനില്ക്കുന്നു. രാഘവനും വിക്രമനും ഗോപിയോട് പ്രാഥമികവിവരങ്ങള്‍ ചോദിച്ചറിഞ്ഞ് കുറിച്ചിടുന്നുണ്ട്. ഞാന്‍ കെട്ടിടത്തിന്റെ പിന്‍ഭാഗത്തേക്കു നടന്ന് ചുറ്റുമൊന്നു കണ്ണോടിച്ചു. രണ്ടു മുറികള്‍ക്കും പിന്നിലായി നിലത്ത് ചാരം നിറഞ്ഞ രണ്ട് അടുപ്പുകള്‍ കാണാം. ആദ്യത്തെ മുറിയുടെ അടുപ്പിനു സമീപം അലൂമിനിയത്തിന്റെ ഒരു കലം തുറന്നു വെച്ച നിലയിലുണ്ട്. കണ്ടിട്ട് ഇന്നലെ രണ്ടടുപ്പിലും ഭക്ഷണം പാകം ചെയ്ത ലക്ഷണമുണ്ട്. തിരിച്ച് കെട്ടിടത്തിന്റെ മുന്‍വശത്തേക്ക് എത്തിയപ്പോള്‍ റോഡില്‍ ഒരു സ്‌കോര്‍പ്പിയോ വന്നുനിന്നു. സ്‌കോര്‍പ്പിയോയില്‍ നിന്നിറങ്ങിയ രണ്ടു മധ്യവയസ്‌കരിലൊരാള്‍ അടുത്തെത്തി സ്വയം പരിചയപ്പെടുത്തി.

'സര്‍, ഞാന്‍ രമേശ്. ബാബു എന്റെ ക്വാറിയിലെ പണിക്കാരനാണ്. ഇയാള്‍ക്കും എന്റെയടുത്തുതന്നെയാണ് പണി,' ഗോപിയെ ചൂണ്ടി അയാള്‍ പറഞ്ഞു.
'മനസ്സിലായി. എന്തായാലും ആള് തീര്‍ന്നു. ഇനിയിപ്പോ എങ്ങനെ സംഭവിച്ചുവെന്നു കണ്ടെത്തണം.' അന്നത്തെ ദിവസം ഇങ്ങനെ തുടങ്ങേണ്ടിവന്നതിലുള്ള അമര്‍ഷം ഞാന്‍ മറച്ചുവെച്ചില്ല.
'സാര്‍, ഇയാള്‍ക്ക് കുറച്ചുകാര്യങ്ങള്‍ പറയാനുണ്ട,്' വിക്രമന്‍ ഗോപിയെ മുന്നോട്ടു നിര്‍ത്തി. ഗോപിയില്‍ ഭാവമാറ്റങ്ങളൊന്നുമില്ല. അയാള്‍ താടിതടവിക്കൊണ്ട് എബിന്റെ അടുത്തേക്ക് നീങ്ങിനിന്നു. വല്ലാതെ മെലിഞ്ഞുണങ്ങിയ ശരീരപ്രകൃതമാണ്. മീശയും താടിയും നരച്ചുതുടങ്ങിയിരിക്കുന്നു. തലമുടിയിലും അവിടവിടായി വെള്ളിനൂലുകള്‍.

'ഗോപിയേട്ടാ, ഇവിടെ നടന്ന കാര്യങ്ങള്‍ ഒന്നു വ്യക്തമായി സാറിനോട് പറയാമോ?' വിക്രമന്‍ ഗോപിയുടെ ചുമലില്‍ തട്ടിയശേഷം  പറഞ്ഞു. രമേശനും അവരുടെ അടുത്തെത്തി.
'എന്താണ് ഗോപിയേട്ടാ സംഭവിച്ചത്? എന്താണെങ്കിലും ധൈര്യമായി പറഞ്ഞോ,' രമേശന്റെ സംസാരം ഗോപിക്ക് അല്പം ധൈര്യം നല്കിയെന്നു തോന്നി.
'ബാബു മരിച്ചെന്ന് ഉറപ്പാണോ സാറേ?' ഗോപി വിക്രമനോടാണ് ചോദിച്ചതെങ്കിലും മരിച്ചെന്നുള്ള മറുപടി പറഞ്ഞത് എബിനാണ്.
'അങ്ങനാണെങ്കില്‍ കൊന്നത് അവന്‍തന്നെയാ... ആ തലവിറയന്‍ വേലു. അവനിന്നലെ രാത്രി ഇവിടുണ്ടായിരുന്നു. ഒരു സംശയവുമില്ല, അവന്‍തന്നെ.'
'ഏത് വേലു?'
ചോദ്യം കേട്ട് കുറച്ചുകൂടി എന്റെ അടുത്തേക്കു വന്ന് ശബ്ദം താഴ്ത്തി ഗോപി തുടര്‍ന്നു,
'എല്ലാം ഞാന്‍ വിശദമായി പറയാം സാറേ. ഞായറാഴ്ചയായതുകൊണ്ട് ഞാനിന്നലെ രാവിലെ കുറച്ചു വൈകിയാണ് എഴുന്നേറ്റത്.'
'അതെന്താ എഴുന്നേല്ക്കാന്‍ വൈകിയത്?' ചോദ്യം ഗോപിയില്‍ ഭാവഭേദമൊന്നും ഉണ്ടാക്കിയില്ല.

'പിറ്റേന്ന് ഞായറാഴ്ചയായതുകൊണ്ടും പണിയില്ലാത്തതുകൊണ്ടും നന്നായി കിടന്നുറങ്ങി. ശനിയാഴ്ച രാത്രി കൂലി വാങ്ങിയശേഷം കൈയിലുണ്ടായിരുന്ന ഒരു പൈന്റടിച്ച് കഞ്ഞിയും ഉച്ചക്കത്തെ പച്ചമീന്‍കറിയും കഴിച്ച് കിടന്നുറങ്ങി. അതുകൊണ്ട് നേരം വെളുത്തത് അറിഞ്ഞേയില്ല.'
'മരിച്ച ബാബു അപ്പോള്‍ ഇവിടെ ഉണ്ടായിരുന്നില്ലേ?' എബിനാണ് ചോദിച്ചത്.
'സാര്‍. ശനിയാഴ്ചകളില്‍ ബാബു പുതിയങ്ങാടിക്കു വരികയാണ് പതിവ്. അവിടെ വന്ന് ബാറില്‍ കയറി വെള്ളമടിച്ച ശേഷം കള്ളും വാങ്ങി തിരിച്ചുപോകും. കഴിഞ്ഞ ഒരഞ്ചെട്ടു മാസമായിട്ടുള്ള ശീലമാണ.്' രമേശന്റെ മറുപടി ശരിവെച്ചുകൊണ്ട് തലയാട്ടിയ ശേഷം ഗോപി തുടര്‍ന്നു,
'ഞാന്‍ പല്ലു തേക്കാനായി കൊല്ലിയിലേക്കു നടക്കുമ്പോള്‍ ബാബു പുറകിലെ കക്കൂസിലേക്ക് കുടത്തില്‍ വെള്ളവുമായി പോകുന്നതു കണ്ടിരുന്നു. അവന്‍ എന്നോടൊന്നും മിണ്ടിയില്ല.'
'അതെന്താ നിങ്ങള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായിരുന്നോ?' മറുപടിയെന്നോണം നിര്‍വികാരനായി ഗോപി എന്നെ നോക്കി.  
'അന്നന്നത്തെ കാര്യം മാത്രം നോക്കി ജീവിക്കുന്ന ഞങ്ങളെപ്പോലുള്ളവര്‍ തമ്മില്‍ എന്ത് പ്രശ്നമാ സാറേ? അങ്ങനൊന്നുമില്ല. അവന്‍ ഉടനേത്തന്നെ റെഡിയായി പുറത്തേക്കു പോകുന്നതു കണ്ടു. ഞാന്‍ ഉപ്പുമാവുണ്ടാക്കി കഴിച്ചശേഷം റെഡിയായി ചേനക്കല്ലിലേക്കു പോയി. അങ്ങാടിയിലെത്തിയപ്പോള്‍ നാരായണനായ്ക്കിന്റെ പലചരക്കുകടയില്‍ തലവിറയന്‍വേലു നില്പുണ്ടായിരുന്നു. കഴിഞ്ഞ ഒന്നൊന്നരമാസമായിട്ട് അവനെ കാണാനില്ലായിരുന്നു. അവനെന്നോട് ബാബുവിനെപ്പറ്റി ചോദിച്ചു. കുറച്ചുമുന്‍പ് ബാബു അങ്ങാടിയിലേക്ക് ഇറങ്ങിയകാര്യം ഞാന്‍ അവനോടു പറഞ്ഞു.

'അയ്യോ ഇത്രരാവിലെ അവന്‍ ഇറങ്ങിയോ? എങ്കില്‍ അവനെ കാണുന്നതിനു മുന്‍പ് ഞാന്‍ പോട്ടെ' എന്നു പറഞ്ഞ് അവന്‍ തിടുക്കത്തില്‍ പുറത്തേക്കിറങ്ങി. ഞാന്‍ വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് നായ്ക്കര്‍ക്ക് കൊടുത്തശേഷം അക്കരെ വൈന്‍ഷോപ്പിലേക്കു നടന്നു. പാലത്തിലൂടെ അക്കരയ്ക്കു പോകുമ്പോള്‍ ഒരു സഞ്ചിയില്‍ രണ്ടു ഫുള്ളുമായി ബാബു നടന്നുവരുന്നുണ്ടായിരുന്നു. എന്നോട് ഒന്ന് ചിരിച്ചിട്ട് അവന്‍ നായ്ക്കറുടെ പീടികയിലേക്കു പോയി. ഞാന്‍ പൈന്റും പാലത്തിന്റെ ഇക്കരെയുള്ള ജമാലിന്റെ കൈയില്‍നിന്നും അരക്കിലോ മത്തിയും വാങ്ങി തിരിച്ച് നായ്ക്കറുടെ അടുത്തെത്തി. കഴിഞ്ഞയാഴ്ചത്തെ പറ്റും തീര്‍ത്ത് സാധനങ്ങള്‍ വാങ്ങി തിരിച്ച് റോഡിലൂടെ നടന്നുവരുമ്പോള്‍ അവിടെ റോഡരുകില്‍ ബാബുവും തലവിറയന്‍വേലുവും സംസാരിച്ച് നില്പുണ്ടായിരുന്നു. ഞാന്‍ കേറ്റം കേറി നാഗക്കട്ടയുടെ അടുത്തെത്തുമ്പോഴേക്കും എന്റെ അരികില്‍ ഒരു റിക്ഷ വന്നുനിന്നു. നോക്കുമ്പോള്‍ ബാബുവും തലവിറയനും. ബാബു എന്നോട് കേറിക്കോളാന്‍ പറഞ്ഞു. അധികം ദൂരമില്ലല്ലോ, നടന്നു വന്നോളാമെന്ന് ഞാന്‍ പറഞ്ഞു. അവര്‍ എന്നെ കടന്ന് മുന്നോട്ടു പോയി. ഞാന്‍ ക്വാര്‍ട്ടേഴ്സിനടുത്തെത്തിയപ്പോഴേക്ക് റിക്ഷ തിരിച്ചു പോയിരുന്നു.  ബാബുവിന്റെ മുറിയുടെ വാതില്‍ അപ്പൊ ചാരിയിട്ടിരുന്നു. അകത്ത് രണ്ടാളുടേം ഉച്ചത്തിലുള്ള സംസാരവും ചിരിയും ഞാന്‍ കേട്ടു. ഞാന്‍ മുറിയിലെത്തി മീന്‍ വെട്ടി കറിവെച്ചുകൊണ്ടിരിക്കുമ്പോള്‍ 'ഗോപീ... വേണേ വന്ന് രണ്ടെണ്ണമടിച്ചോ' എന്ന് ബാബു വിളിച്ചുപറയുന്നതു കേട്ടു. ഞാന്‍ പോയില്ല. അപ്പോത്തന്നെ തലേദിവസത്തെ പൈന്റിന്റെ ബാക്കിയുണ്ടായിരുന്നത് ഞാന്‍ ഒറ്റവലിക്ക് തീര്‍ത്തു. മത്തിക്കറി പാകമായപ്പോള്‍ പുതിയ പൈന്റ് പൊട്ടിച്ച് ഒരു തൊണ്ണൂറുകൂടി കഴിച്ചു. 

മത്തിക്കറിയില്‍നിന്നും സാമാന്യം മുഴുത്ത ഒരു മത്തിയെടുത്ത് മുള്ളു കൂട്ടി കടിച്ചുതിന്നശേഷം ഒരു തൊണ്ണൂറു കൂടി വലിച്ചു. മൊബൈലെടുത്ത് സമയം നോക്കിയപ്പോള്‍ രണ്ടേകാലായിരുന്നു. ഭക്ഷണം കഴിക്കാത്തോണ്ടാവാം ചെറുതായിട്ട് തലയ്ക്ക് പിടിച്ചുതുടങ്ങിയിരുന്നു. അപ്പോഴും ബാബുവിന്റെ റൂമില്‍ ഉറക്കെയുള്ള സംസാരം കേള്‍ക്കുന്നുണ്ടായിരുന്നു. എന്തോ കശപിശയാണെന്ന് എനിക്കു മനസ്സിലായി. ഞാന്‍ വല്യകാര്യമാക്കിയില്ല. അതല്ലേലും വെള്ളമടിച്ചാല്‍ ബാബു അങ്ങനാ... വെറുതെ ചൂടാവും. വാങ്ങിക്കൊണ്ടുവന്ന ബ്രഡ് മത്തിക്കറി കൂട്ടി കഴിച്ചു. ബാക്കിയുള്ള കള്ളുംകൂടി കുടിച്ചു തലയ്ക്ക് നല്ല ഭാരം തോന്നിയപ്പോള്‍ മെല്ലെ കിടന്നു. പിന്നെ കണ്ണു തുറന്നപ്പോള്‍ ഇരുട്ടായിരുന്നു. അപ്പുറത്ത് അപ്പോള്‍ അനക്കമൊന്നുമില്ല. ഞാന്‍ കട്ടിലില്‍ത്തന്നെയിരുന്ന് മെല്ലെ ജനല്‍ അല്പം തുറന്ന് നോക്കിയപ്പോള്‍ വേലു പുറത്ത് അഴ കെട്ടിയിരുന്ന കൊന്നമരത്തില്‍ ചാരിനില്ക്കുന്നതു കണ്ടു. ഞാന്‍ വീണ്ടും കിടന്നു. പിന്നീട് രാത്രിയിലെപ്പോഴോ ഒരു ഞരക്കം കേട്ടപോലെ തോന്നി. നല്ല ഫിറ്റായിരുന്നതുകൊണ്ട് ഞാനധികം ശ്രദ്ധിച്ചില്ല. പിന്നെ ഇന്നു രാവിലെ എണീറ്റു നോക്കിയപ്പോള്‍ പുറത്താരെയും കണ്ടില്ല. അവന്റെ മുറി പുറത്തുനിന്ന് പൂട്ടിയിരിക്കുന്നതു കണ്ടു. ഇത്രരാവിലെ ഇവനെവിടെപ്പോയെന്ന് വിചാരിച്ച് ജനലിലൂടെ നോക്കുമ്പോഴാണ് ഈ കാഴ്ച. ഞാന്‍ പേടിച്ച് ഉടനെത്തന്നെ രമേശണ്ണനെ വിളിച്ചു. പക്ഷേ, മൊബൈലില്‍ ബാലന്‍സില്ലാത്തോണ്ട് കോള്‍ പോയില്ല. പിന്നെ ഞാന്‍ ഓടി താഴെയുളള രാമചന്ദ്രറേയുടെ വീട്ടിലെത്തി. അവിടന്നാണ് സ്റ്റേഷനിലേക്കും രമേശണ്ണനെയും വിളിച്ചത,്' അയാള്‍ പറഞ്ഞു നിര്‍ത്തി.

'ആരാണീ തലവിറയന്‍വേലു?'
'വേലു എന്റെ പണിക്കാരനായിരുന്നു സാര്‍... ഒന്നരമാസം മുന്‍പ് ഇവിടന്ന് പോയതാ. പിന്നെയെവിടാ പണിയെന്നറിയില്ല,' രമേശനാണ് ഉത്തരം പറഞ്ഞത്.
'അപ്പൊ അത്യാവശ്യമായി നമുക്ക് വേലുവിനെ കാണണം. എവിടെയാണെങ്കിലും അവനെ പിടിക്കണം.'
'സര്‍, ഞാന്‍ ക്വാറി ഓണേഴ്സ് അസോസിയേഷന്‍ സെക്രട്ടറി അമ്മദാണ്, ഇവിടടുത്താണ് വീട്. വേലുവിനെപ്പറ്റി അന്വേഷിക്കാന്‍ ഇപ്പോള്‍ത്തന്നെ പുറപ്പെടാം. ബോര്‍ഡറായതുകൊണ്ട് കര്‍ണാടക അസോസിയേഷന്‍കാരെയും വിളിച്ചുപറയാം,' രമേശന്റെ കൂടെ വന്നയാള്‍ ഭവ്യതയോടെ പറഞ്ഞു.
അയാളോട് ഓകെ പറഞ്ഞ് ഞാന്‍ എബിനോട് അര്‍ജന്റായി ഫിംഗര്‍പ്രിന്റിനും ഡോഗ്സ്‌ക്വാഡിനും കൂടെ സീന്‍ വിസിറ്റ് ചെയ്യാനുള്ള സയന്റിഫിക് അസിസ്റ്റന്റിനും മെസേജ് കൊടുക്കാന്‍ പറഞ്ഞു. ഇനി എസ്.പിയോടും ഡി.വൈ.എസ്.പിയോടും വിളിച്ച് കാര്യം പറയണം.

'രാഘവാ, രമേശനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് വിശദമായി സ്റ്റേറ്റ്മെന്റ് എടുക്കണം. അതുവെച്ച് വേണം എഫ്.ഐ.ആര്‍. ഇടാന്‍. വിക്രമന്‍ ഒരു കയറെടുത്ത് ചുറ്റിക്കെട്ടി സീന്‍ ഓഫ് ക്രൈം ഗാര്‍ഡ് ചെയ്യണം. ആരെയും അടുപ്പിക്കണ്ട.' രണ്ടുപേര്‍ക്കും വേണ്ട നിര്‍ദേശങ്ങള്‍ കൊടുത്ത് ഞാന്‍ മുന്നോട്ടു നടന്നു. ഈ സമയം താഴത്തെ വീട്ടിലുള്ള രാമചന്ദ്രറേയും അയാളുടെ പതിനാലു വയസ്സുള്ള മകന്‍ വിഘ്നേശറേയും വീട്ടുപണിക്കാരായ മുത്തപ്പഗൗഡയും വേറെ രണ്ടുപേരും അവിടേക്ക് എത്തിയിരുന്നു. ഗോപി പറഞ്ഞതൊക്കെ അതേപോലെ വിഴുങ്ങാന്‍ തോന്നിയില്ല. ഞാനയാളെ അടുത്തേക്ക് വിളിപ്പിച്ചു.
'നിങ്ങള്‍ മൂന്നുപേരും ഒരുമിച്ചല്ലേ ഇന്നലെ കുടിച്ചത്?'
'അല്ല സാറേ... ഞാനവന്റെ കൂടെ കുടിക്കാറില്ല. ഞാന്‍ പറഞ്ഞില്ലേ, വെള്ളമടിക്കാനിരുന്നാല്‍ അവന്‍ മഹാ അലമ്പാണ്. വെറുതെ നമ്മളെ അപമാനിച്ച് സംസാരിക്കും. അതൊക്കെ സഹിച്ചാലും മെക്കിട്ടു കേറുന്നത് സഹിക്കാനാവൂല സാറേ. പോരാഞ്ഞിട്ട് അവന് ഭയങ്കര ഊരുമാണ്. ഫിറ്റായിക്കഴിഞ്ഞാല്‍ ഒടുക്കത്തെ ശക്തിയാ, നമ്മള് പാവം... ഇങ്ങനെയങ്ങ് ജീവിച്ചുപോകുന്നു,' യാതൊരു ഭാവപ്പകര്‍ച്ചയുമില്ലാതെ ഗോപി മറുപടി നല്കി.

'അപ്പോ നിങ്ങളിതുവരെ ഒരുമിച്ച് മദ്യപിച്ചിട്ടില്ലേ?'
'ഉണ്ട് സാര്‍... മുന്‍പ് കുടിച്ചിരുന്നു... ഇവന്‍ വന്നിട്ട് ഒരു കൊല്ലമാകുന്നതേയുള്ളൂ. വന്നസമയത്തൊക്കെ ഒരുമിച്ച് കുടിക്കുമായിരുന്നു. അപ്പോഴൊക്കെ മോശം അനുഭവമായിരുന്നു. പിന്നീട് തലവിറയന്‍ വന്നു. അന്നു മുതല്‍ അവര്‍ രണ്ടുപേരും ഒരുമിച്ചായിരുന്നു താമസം. മൂന്നാലു മാസം ബാബുവിന്റെ ഭാര്യ ഇവിടെ നിന്നിരുന്നു. അതിനുശേഷം ഞാന്‍ അവന്റെ കൂടെ കുടിക്കാറില്ലായിരുന്നു.'
'അപ്പോള്‍ വേലു എവിടെപ്പോയി?'
'ഒന്നരമാസമായി അവനെപ്പറ്റി യാതൊരു വിവരവുമുണ്ടായിരുന്നില്ല സര്‍...' ഗോപി പറഞ്ഞു.
'അപ്പോള്‍ മരിച്ച ബാബുവുമായി നിങ്ങള്‍ അത്ര നല്ല ബന്ധത്തിലായിരുന്നില്ല... അല്ലേ?' ഞാന്‍ പ്രകോപനമുണ്ടാക്കാന്‍ നോക്കിയെങ്കിലും ഗോപിയില്‍ പ്രത്യേകിച്ച് മാറ്റമൊന്നുമുണ്ടായില്ല.
'ബന്ധത്തിനു കുഴപ്പമൊന്നുമുണ്ടായിരുന്നില്ല സാറേ... പിന്നെ ആ പെങ്കൊച്ച് നല്ല മാതിരിയായിരുന്നു.'

ഈസമയം ഡോഗ്സ്‌ക്വാഡും ഫിംഗര്‍പ്രിന്റ് എക്സ്പെര്‍ട്ടും ഫോട്ടോഗ്രാഫറും സ്ഥലത്തെത്തി. കുറച്ചുകഴിഞ്ഞ് സയന്റിഫിക് അസിസ്റ്റന്റും മറ്റൊരു വണ്ടിയിലെത്തി. ഡോഗ്സ്‌ക്വാഡ് സ്ഥലത്തുനിന്നും മണംപിടിച്ചതിനു ശേഷം റോഡിലെത്തി താഴെ കൊല്ലിയിലേക്കു കടന്ന് മുകളിലെ റബ്ബര്‍ത്തോട്ടത്തിലൂടെ ക്വാറിയിലേക്കുള്ള വഴിയേ ഓടി.  ഫിംഗര്‍പ്രിന്റ് ഉദ്യോഗസ്ഥര്‍ ബാബുവിന്റെ മുറിയുടെ ലോക്ക് പൗഡറിട്ട് പരിശോധിക്കുന്നുണ്ട്. അതു കഴിഞ്ഞപ്പോള്‍ ഞാന്‍ രാജേഷിനോടു ലോക്ക് പൊളിക്കാന്‍ പറഞ്ഞു. ഒരു ലിവര്‍ ഉപയോഗിച്ച് രാജേഷ് ലോക്ക് തിക്കിപ്പൊട്ടിച്ചു. രണ്ടു പാളികളുള്ള വാതില്‍ തുറന്ന് ഞങ്ങള്‍ അകത്തു കയറി. മുറിക്കുള്ളിലാകെ രക്തത്തിന്റെ രൂക്ഷഗന്ധം തളംകെട്ടിനിന്നിരുന്നു. സിമന്റുതറയില്‍ രക്തം ഒഴുകി കട്ടപിടിച്ചു കിടപ്പുണ്ട്. വാതിലില്‍നിന്നും മാറി മുറിയുടെ തെക്കേഭിത്തിയോടു ചേര്‍ന്ന് വലതുകാല്‍ മടക്കി നിവര്‍ന്ന് സ്റ്റഫായിരിക്കുന്ന ഇടതുകാലിനിടയില്‍വെച്ച് വ ലതുവശത്തേക്ക് ചെരിഞ്ഞുകിടക്കുന്ന ആരോഗ്യമുള്ള ഒരാളുടെ മൃതശരീരം. തലയുടെ ഇടതുഭാഗത്ത് ചെവിക്കു മുകളിലായി തലയോട് പൊട്ടി അകത്തേക്ക് കുഴിഞ്ഞ നിലയിലാണ്. മുറിവിനു ചുറ്റുമുള്ള മുടികള്‍ രക്തം വീണ് കട്ടപിടിച്ചിരിക്കുന്നു. ഇടത് കണ്‍പുരികത്തിനു മുകളിലായി നെറ്റി പൊട്ടി ഒരു സുഷിരം രൂപപ്പെട്ടിട്ടുണ്ട്. മുറിവില്‍നിന്നും രക്തം വാര്‍ന്നൊഴുകി നിലത്തു പരന്നിരിക്കുന്നു. ശരീരത്തിന്റെ വലതുഭാഗത്ത് അരമുതല്‍ മുകളിലോട്ട് രക്തത്തില്‍ കുളിച്ചനിലയിലാണ്.  ബോഡിയുടെ വലതുവശത്തായി കുറച്ചു വിറക് കൂട്ടിയിട്ടിട്ടുണ്ട്.   വാതിലിനോടു ചേര്‍ന്ന് ഭിത്തിക്കരികില്‍ സാമാന്യം വണ്ണമുള്ളതും കൈപിടിയില്‍ ഒതുങ്ങുന്നതുമായ ഒരു വിറകുകൊള്ളി കിടക്കുന്നുണ്ട്. അതിനടുത്തായി മരത്തിന്റെ പിടിയുള്ള രക്തംപുരണ്ട ഒരു ചുറ്റികയും കാണാം. മുറിയുടെ മധ്യഭാഗത്ത് മരിച്ചയാളുടെ മടക്കിവെച്ച കാലിനടുത്ത് ഒരു സ്റ്റീല്‍പ്ലേറ്റ് മറിഞ്ഞുകിടപ്പുണ്ട്. പ്ലേറ്റിനടിയില്‍ ചാറില്‍ കുതിര്‍ന്ന ഒരു പൊറോട്ടയുടെ പകുതി നിലത്തു കിടക്കുന്നു. അതിനടുത്തായി കാല്‍ഭാഗത്തോളം മദ്യമുള്ള ഓള്‍ഡ്കാസ്‌ക് റമ്മിന്റെ ഒരു പ്ലാസ്റ്റിക് ബോട്ടിലുമുണ്ട്. ഡിപ്പാര്‍ട്ട്മെന്റല്‍ ഫോട്ടോഗ്രാഫര്‍ നിരവധി ആംഗിളുകളില്‍നിന്ന് ചിത്രങ്ങള്‍ പകര്‍ത്തുന്നുണ്ട്. സയന്റിഫിക് അസിസ്റ്റന്റ് ഒരു കര്‍ച്ചീഫെടുത്ത് മൂക്കുപൊത്തി. അയാള്‍ വിറകുകൊളളി പരിശോധിച്ച ശേഷം മൃതദേഹത്തിന്റെ മുറിവില്‍നിന്നും ചുറ്റികയില്‍നിന്നും കോട്ടണ്‍പീസുപയോഗിച്ച് ബ്ലഡ്സാമ്പിളുകള്‍ ശേഖരിച്ചു. ശേഷം വാതിലിനടുത്ത് കിടന്നിരുന്ന മരവടിയില്‍നിന്നും കിട്ടിയ മുടിനാരും സാമ്പിളുകളുമായി പുറത്തേക്കിറങ്ങി. പ്ലാസ്റ്റിക് കുപ്പിയില്‍നിന്നും സ്റ്റീല്‍പ്ലേറ്റില്‍നിന്നും മറ്റും വിരലടയാളം ശേഖരിച്ചശേഷം ഫിംഗര്‍പ്രിന്റ് ഉദ്യോഗസ്ഥരും കുറച്ചുസമയത്തിനുള്ളില്‍ പുറത്തെത്തി. ഞാന്‍ മുറി വിശദമായി പരിശോധിച്ച് സംഭവസ്ഥലമഹസ്സര്‍ തയ്യാറാക്കാനായി രാഘവനെയും ബാലകൃഷ്ണനെയും മുറിയിലേക്കു വിളിപ്പിച്ചു. പുറത്ത് ആളുകളുടെ എണ്ണം കൂടിയിരിക്കുന്നു, ഏതാണ്ട് പത്തിരുപതു പേരുണ്ട്.

സയന്റിഫിക് അസിസ്റ്റന്റുമായി സംസാരിച്ചശേഷം എബിന്‍ എന്റെയടുത്തേക്കു വന്നു.
'എഫ്.ഐ.ആര്‍. ഇടുന്നതിനായി ഗോപിയെ രമേശന്റെ കൂടെ സ്റ്റേഷനിലേക്ക് അയച്ചിട്ടുണ്ട് സര്‍. കൂടാതെ ക്വാറി ഓണേഴ്സ് അസോസിയേഷന്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കര്‍ണാടക ബോര്‍ഡറിലുള്ള എല്ലാ ക്വാറികളും ചെക്ക് ചെയ്യാന്‍ ആളെ വിട്ടിട്ടുണ്ട് സാര്‍. അസോസിയേഷന്‍കാര്‍ നല്ല ഉഷാറാണ് സര്‍, തലവിറയന്‍ എവിടെയുണ്ടെങ്കിലും അവര് പൊക്കിക്കോളും. അതോടെ എല്ലാം ക്ലിയര്‍ ആവും,' എബിന്‍ ചെയ്തകാര്യങ്ങളുടെ ഏകദേശരൂപം വിളമ്പി.
'അപ്പോള്‍ നിങ്ങള്‍ പ്രതിയെ ഉറപ്പിച്ചല്ലേ?' എബിന്റെ ആവേശം കണ്ട് ഞാന്‍ ചോദിച്ചു.
'അല്ല സര്‍, കിട്ടിയ ഇന്‍ഫര്‍മേഷന്‍ റൂള്‍ഔട്ട് ചെയ്യാമല്ലോ,' ജാള്യം മറച്ചുകൊണ്ട് എബിന്‍ പറഞ്ഞു.
'ഓകെ. ഓകെ... താനേത് ബാച്ചാണെന്നാ പറഞ്ഞത്?'
'2012 ബാച്ചാണ് സര്‍.'
'ആ സാരമില്ല. കുറച്ചു കഴിയുമ്പോള്‍ ശരിയായിക്കൊള്ളും,' എന്റെ സംസാരം എബിന് ഇഷ്ടമായില്ലെന്ന് മുഖഭാവത്തില്‍നിന്ന് വ്യക്തമാണ്.
'സര്‍... ആറ് സീല്‍ഡ്പാക്കറ്റുകളുണ്ട്. ഞാന്‍ ഓഫീസിലേക്കെത്തിക്കാം,' സയന്റിഫിക് അസിസ്റ്റന്റ് അയാളുടെ ഭാഗം പൂര്‍ത്തിയാക്കി. അയാള്‍ തന്റെ ഔദ്യോഗികവാഹനത്തിലേക്കു നടന്നു. ശേഷം രണ്ടു പ്രിന്റുകള്‍ കിട്ടിയ കാര്യം ബോധിപ്പിച്ച് ഫിംഗര്‍പ്രിന്റ് എക്സ്പെര്‍ട്ടും തടിയൂരി. ഡോഗ് സ്‌ക്വാഡില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കണ്ട. ഇനി എല്ലാ  ഉത്തരവാദിത്വവും എന്റെ ചുമലിലാണ്.

പുറത്തുനിന്ന അഞ്ചു പേരെ വിളിച്ച് മൃതദേഹത്തോടൊപ്പം ഫോട്ടോ എടുത്ത ശേഷം വിശദമായ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കി. വിക്രമനോട് മൃതശരീരം പോസ്റ്റ്മോര്‍ട്ടം എക്സാമിനേഷനും മറ്റു നടപടികള്‍ക്കുമായി അയയ്ക്കാന്‍ പറഞ്ഞു. പൊട്ടിച്ച ലോക്കും മറ്റു മുതലുകളും സീഷ്വര്‍ മഹസ്സറില്‍ വിവരിച്ച് ബന്തവസ്സിലെടുത്ത ശേഷം രാമചന്ദ്രറേയില്‍നിന്നും വാങ്ങിയ മറ്റൊരു താഴുപയോഗിച്ച് ബാബുവിന്റെ മുറി അടച്ചുപൂട്ടി ഭദ്രമാക്കി.
'ബാബുവിന്റെ ഭാര്യയെ എങ്ങനെ വിവരമറിയിക്കും?'
'സര്‍, ഞാനത് രമേശനെ ഏല്പിച്ചിട്ടുണ്ട്. അയാള്‍ അറിയിച്ചോളും,' എബിന്‍ പറഞ്ഞു.
'എന്നാല്‍ വിക്രമനെ വിളിച്ച് ബന്ധുക്കള്‍ വന്നശേഷം പോസ്റ്റ്മോര്‍ട്ടം മതിയെന്ന് പറഞ്ഞേക്ക്.'
ഞങ്ങള്‍ സ്റ്റേഷനിലേക്കു തിരിച്ചപ്പോള്‍ സമയം ഉച്ചക്കഴിഞ്ഞിരുന്നു.

Content Highlights: Kuttapathram Malayalam Novel part one