നാല്

മയം രാത്രി പതിനൊന്നു മണിയായിട്ടുണ്ട്. പുറത്ത് നല്ല ഇരുട്ടാണ്. മുറ്റത്ത് വടക്കുകിഴക്കേ മൂലയില്‍ പടര്‍ന്നുപന്തലിച്ചുനില്ക്കുന്ന മാവിന്റെ ഇലകള്‍ ഇരുട്ടിന്റെ ആധിക്യം കൂട്ടുന്നുണ്ട്. സ്റ്റേഷന്റെ ടെറസില്‍ പിടിപ്പിച്ചിരിക്കുന്ന സോഡിയം വേപ്പര്‍ ലാമ്പിനു ചുറ്റും ഈയാംപാറ്റകള്‍ വട്ടമിട്ടു പറക്കുന്നു. നേരത്തെ വാങ്ങിവെച്ചിരുന്ന പാര്‍സല്‍ തണുത്തുപോയിരുന്നു. അതില്‍നിന്നും ഒരു ചപ്പാത്തി എടുത്ത് മീന്‍കറിയില്‍ മുക്കി എന്തെങ്കിലും കഴിച്ചെന്നു വരുത്തി ബാക്കിവന്നത് വെയ്സ്റ്റ് ബാസ്‌കറ്റില്‍ കളഞ്ഞശേഷം എഴുന്നേറ്റ് കൈകഴുകി. സ്റ്റേഷനിലെ വാഷ്‌ബേസിന്‍ കറുത്ത കുത്തുകളും പാടുകളും പിടിച്ച് ആകെ വൃത്തികെട്ട ഒരു അവസ്ഥയിലാണ്. 

ക്വാര്‍ട്ടേഴ്‌സില്‍ പോയി ഭക്ഷണം കഴിച്ചശേഷം യൂണിഫോമൊക്കെ മാറ്റി എബിന്‍ തിരികെ സ്റ്റേഷനിലെത്തിയിരുന്നു. അയാള്‍ ഫ്‌ളാസ്‌കില്‍ കരുതിയ ആവി പറക്കുന്ന ചായ ഒരു ഗ്ലാസില്‍ പകര്‍ന്ന് എനിക്കു നീട്ടി.  നല്ല കടുപ്പമുള്ള ചായ.
'ക്വാര്‍ട്ടേഴ്‌സില്‍ ഫാമിലി കൂടെയുണ്ടല്ലേ?' 
'ഉണ്ട് സാര്‍. ഇല്ലാതെ പറ്റില്ല. ഇവിടത്തെ ഫുഡ് ഹൊറിബിളാണ,്' ചായ ഊതിക്കുടിച്ചുക്കൊണ്ട് എബിന്‍ പറഞ്ഞു.
'ഉം... 2005 മുതല്‍ രണ്ടുവര്‍ഷം ഞാനിവിടെയുണ്ടായിരുന്നു.'
'അറിയാം സാര്‍. ഇപ്പോഴും തോമസ്‌സാറെപ്പറ്റി ആളുകള്‍ പറയാറുണ്ട്.' 
'എബിന്റെ ഫസ്റ്റ്‌പോസ്റ്റിങ് ആണല്ലേ?'
'സര്‍...'
'കാര്യങ്ങള്‍ നന്നായി പഠിക്കുക. ഒരുപാട് പ്രശ്‌നങ്ങള്‍ക്കിടയിലാണ് നമുക്കു ജോലി ചെയ്യേണ്ടത്. അറിഞ്ഞുകൊണ്ട് ഒരാള്‍ക്കും നീതി നിഷേധിക്കപ്പെടാന്‍ ഇടയാവരുത,്' ടവ്വല്‍ കൊണ്ട് മുഖം തുടച്ചശേഷം ഞാനിത്തിരി ഗൗരവത്തില്‍ പറഞ്ഞു. മറ്റെന്തോകൂടി എബിനോടു പറയണമെന്നു വിചാരിച്ചതാണ്. ഓര്‍മ കിട്ടുന്നില്ല.
'ങ്ഹാ... യെസ്... ആ പി.ടി.എസിനോട് പറഞ്ഞ് ആ വാഷ്‌ബേസിന്‍ ഒന്നു വൃത്തിയാക്കണം. ആരെങ്കിലും മേലുദ്യോഗസ്ഥന്മാര്‍ വന്നാല്‍ ഭയങ്കര മോശമാ...'
'അയ്യോ സര്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. അത് നാളെത്തന്നെ ശരിയാക്കിക്കോളാം.'
എബിന്‍ മറുപടി പറയുന്നതിനിടയില്‍ പുറത്തൊരു വണ്ടി വന്നുനില്ക്കുന്നതിന്റെയും ശബ്ദം കേട്ടു. എബിന്‍ പുറത്തേക്കിറങ്ങി. 

അത് രമേശും അമ്മദും സംഘവുമാണ്. അവര്‍ വേലുവിനെ വണ്ടിയില്‍നിന്നിറക്കി.
'എന്താടാ നിന്റെ പേര്?'
'വേലു.' 
'ഹാ... നടക്ക്...' എബിന്‍ വേലുവിന്റെ തോളത്തു പിടിച്ച് സ്റ്റേഷന്റെയുള്ളിലേക്കു നടത്തിച്ചു. കയറുന്നതിനിടയില്‍ അയാള്‍ രമേശിനോടു ചോദിച്ചു:
'രമേശണ്ണാ, ഇവന് ഭക്ഷണം കൊടുത്തിരുന്നോ?'
'കൊടുത്തു സാര്‍. ഞങ്ങളെല്ലാവരും കഴിച്ചു.'
എബിന്‍ വേലുവിനെ എന്റെ മുന്‍പിലെത്തിച്ചു. വേലു കൈകൂപ്പി തൊഴുതുകൊണ്ട് നില്ക്കുന്നു. ഞാനവനെ അടിമുടിയൊന്നു നോക്കി. അവന്റെ തല ചെറുതായി വിറയ്ക്കുന്നുണ്ട്. അലസമായി വെച്ച ഫുള്‍കൈ ഷര്‍ട്ടും ഒരു കാവിമുണ്ടുമാണ് വേഷം. സുമാര്‍ നാല്പതു  വയസ്സ് തോന്നിക്കുന്ന കറുത്തു മെലിഞ്ഞ് ഉയരമുള്ള ശരീരം. കണ്ണുകള്‍ കുഴിഞ്ഞിട്ടുണ്ട്. പുകവലി കാരണമാകാം കീഴ്ച്ചുണ്ടിന്റ മധ്യഭാഗം വെളളപ്പാണ്ട് പിടിച്ചതുപോലെ വെളുത്തിരിക്കുന്നു.
'സാറേ, ഞാനൊന്നും ചെയ്തിട്ടില്ല സാറേ... എനിക്കൊന്നുമറിയത്തില്ല സാറേ... എന്നെ ഒന്നും ചെയ്യല്ലേ...' കരച്ചിലിന്റെ സ്വരമാണെങ്കിലും കണ്ണുകളില്‍ ഭാവമൊന്നുമില്ല.  
'നിന്നോട് ചോദിക്കുന്നതിനു മാത്രം ഉത്തരം പറഞ്ഞാല്‍ മതി,' പിന്നില്‍നിന്നും അയാളുടെ ഷോള്‍ഡറില്‍ പിടിച്ച് നന്നായി ഒന്നു കുലുക്കിയശേഷം എബിന്‍ പറഞ്ഞു.

'നീയാണല്ലേ തലവിറയന്‍വേലു..?'
ആണെന്നമട്ടില്‍ അവന്‍ തലയാട്ടി.
'ഇന്നലെ നീ ചേനക്കല്ലില്‍ വന്നിരുന്നോ?' കണ്ണുകളിലേക്കു നോക്കിയാണ് ഞാന്‍ ചോദിച്ചത്.
'വന്നിരുന്നു സാറേ,' ഇമവെട്ടിച്ചുകൊണ്ട് അവന്‍ പറഞ്ഞു.
'നീ ഇന്നലെ രാവിലെ ബാബുവിനെ കണ്ടിരുന്നോ?'
'കണ്ടിരുന്നു സാറേ. പക്ഷേ, ബാബു എന്നെ കണ്ടില്ല.'
'യെസ്... അതുമതി. അങ്ങനെയാണെങ്കില്‍ നീ എപ്പോള്‍, എന്തിന്, എവിടെനിന്നും വന്നെന്ന് കൃത്യമായി പറയണം. അതിനു മുന്‍പ് നീയെന്തിനാണ് ഇവിടുത്തെ പണിനിര്‍ത്തിപ്പോയതെന്നും പറയണം.'
'എല്ലാം പറയാം സാറേ. പക്ഷേ, ബാബു മരിച്ചതെങ്ങനെയെന്നുമാത്രം എനിക്കറീല സാറേ...'
'അതിന് ബാബു മരിച്ചെന്ന് നീയെങ്ങനാ അറിഞ്ഞത്?' എബിനാണ് ചോദിച്ചത്.
'മുതലാളി പറഞ്ഞു സാറേ.'
'എപ്പോള്‍? മുതലാളി നിന്നോട് എപ്പോള്‍ പറഞ്ഞു?' ഞാന്‍ ശബ്ദം കനപ്പിച്ചു.
'ക്ഷമിക്കണം സാര്‍, ഞാന്‍ ഇവനോട് ഇങ്ങോട്ടു വരുമ്പോള്‍ വണ്ടിയില്‍ വെച്ച് പറഞ്ഞിരുന്നു സാറേ...'
ഹാഫ്‌ഡോറിനു പിന്നില്‍നിന്നും എത്തിനോക്കിക്കൊണ്ട് നില്ക്കുകയായിരുന്ന രമേശ് സല്യാന്‍ ശബ്ദം താഴ്ത്തി പറഞ്ഞു. 
രമേശിനെ അപ്പുറത്തേക്കു മാറ്റിയിരുത്താന്‍ ഞാന്‍ പാറാവുകാരനോട് ആംഗ്യം കാണിച്ചു. അയാള്‍ രമേശിനെയും മറ്റുള്ളവരെയും വിളിച്ച് സ്റ്റേഷന്റെയുള്ളില്‍ ലോക്കപ്പിന്റെ എതിര്‍വശത്ത് ഭിത്തിയോടു ചേര്‍ത്തിട്ടിരിക്കുന്ന ബെഞ്ചില്‍ ഇരുത്തി.

'എങ്കില്‍പ്പറയൂ... എന്തിനാണ് ഇവിടെനിന്നും ഒന്നരമാസം മുന്‍പ് ഓടിപ്പോയത്?' എന്റെ ശബ്ദം ഉയരുന്നതിനനുസരിച്ച് വേലുവിന്റെ വിറയല്‍ കൂടിവന്നു. അവന്‍ മുന്നിലിട്ടിരിക്കുന്ന കസേരയില്‍ മുറുകെപ്പിടിച്ച് നിന്നു. ചുണ്ട് വരളുന്നതുകൊണ്ട് ഇടയ്ക്കിടെ അവന്‍ നാവുകൊണ്ട് ചുണ്ട് നനയ്ക്കുന്നുണ്ട്. അതിനിടയില്‍ അയാള്‍ പിന്നില്‍ നില്ക്കുന്ന എബിനെ ഒന്നു നോക്കി. 
'സാറേ, കുറച്ച് വെള്ളം തരാമോ?'
'വെള്ളമൊന്നും വേണ്ട. നീ കാര്യങ്ങള്‍ പറയ്...' എബിന്‍ അങ്ങനെ പറഞ്ഞെങ്കിലും എന്നെ നോക്കി കണ്ണുകൊണ്ട് 'കൊടുക്കണോ' എന്ന് ചോദിച്ചു. ഞാന്‍ തലയാട്ടിയപ്പോള്‍ എബിന്‍ തിരിഞ്ഞ് ഹാഫ്‌ഡോറിനു മുകളിലൂടെ പുറത്തേക്കു നോക്കി വെള്ളം കൊണ്ടുവരാന്‍ പാറാവുകാരനോടു പറഞ്ഞു. അയാള്‍ ഉടനെത്തന്നെ ഒരു കപ്പില്‍ വെള്ളമെടുത്ത് വേലുവിനു കൊടുത്തു. വേലു ഒറ്റവലിക്ക് കുടിച്ചുതീര്‍ത്തു. ഒരു ദീര്‍ഘശ്വാസം വിട്ടശേഷം അയാള്‍ പറഞ്ഞു:
'സാറേ മുന്‍പ് പണിയെടുത്ത സ്ഥലത്ത് എനിക്കൊരു പരിചയക്കാരിയുണ്ടായിരുന്നു. അവള്‍ പലതവണ വിളിച്ചതുകൊണ്ട് ഞാന്‍ അങ്ങോട്ട് പോയതാ. പിന്നെ അവളെന്നെ വിട്ടില്ല.'
'ഫ..! കള്ളം പറയുന്നോടാ ചെറ്റേ... അതിന് നിനക്ക് മൊബൈലുണ്ടോടാ?'
എബിന്‍ ചാടിയെഴുന്നേറ്റു.
'നീ ബാബുവിന്റെ കെട്ട്യോളെ കേറിപ്പിടിച്ചതും അവള് നിന്നെക്കടിച്ചതുമൊക്കെ ഞങ്ങളറിഞ്ഞതാ. നീ സത്യം പറയുമോയെന്നറിയാന്‍ ഞാനൊന്ന് ചോദിച്ചെന്നേയുള്ളൂ. നീ സത്യം പറയുന്നില്ലെങ്കില്‍ നിന്നെക്കൊണ്ട് പറയിപ്പിക്കാന്‍ എനിക്കറിയാം.'
വേലുവിന്റെ ദേഹമാസകലം ശരിക്കും വിറച്ചുപോയി.
'വെറുതെ തടികേടാക്കാതെ സത്യം പറയെടാ പുല്ലേ...'
എബിന്‍ വേലുവിന്റെ പുറത്ത് സാമാന്യം ശക്തിയില്‍ ഒരിടികൊടുത്തു. അയാള്‍ കസേരയിലമര്‍ന്ന് മുന്നോട്ടാഞ്ഞുപോയി. അയാള്‍ കൈകൂപ്പിക്കൊണ്ട് പറഞ്ഞു,

'എന്നെ ഒന്നും ചെയ്യല്ലെ സാറേ. ഞാനെല്ലാം പറയാവേ..!'
'എങ്കില്‍ പറയ്, വേലു എന്തിനാ നീ അവിടെനിന്നും ഒളിച്ചുപോയത്?' ഞാന്‍ അല്പം മയത്തില്‍ ചോദിച്ചു.
'ഞാന്‍ ബാബുവിന്റെ മുറിയിലായിരുന്നു ആദ്യം താമസിച്ചിരുന്നത്...' 
വേലു സുചിത്രയുമായുണ്ടായ പ്രശ്‌നങ്ങളും ഓടിപ്പോകാനുണ്ടായ സാഹചര്യങ്ങളും ഗോപി പറഞ്ഞ അതേ രീതിയില്‍ത്തന്നെ വള്ളിപുള്ളി തെറ്റാതെ, ഞങ്ങളോടു വിവരിച്ചു.
'എന്റെ പൊന്നുസാറേ, ആ ബാബു ഒരു ഒറ്റക്കൊമ്പനാ... ഈ കാര്യം അവനറിഞ്ഞാല്‍പ്പിന്നെ എന്നെ വെച്ചേക്കില്ല. ദേഷ്യം വന്നാല്‍ അവന്‍ എന്തും ചെയ്യുന്നവനാ. അതുകൊണ്ടാ അവന്‍ വരുന്നതിനു മുന്‍പ് ഞാന്‍ രക്ഷപ്പെട്ടത്. ഞാന്‍ മുന്‍പ് പണിയെടുത്തിരുന്ന കാട്ടാലയുള്ള ഒരു ചെറിയ ക്വാറിയിലായിരുന്നു പിന്നെ പണി,' ഒരു നിമിഷം ആലോചിച്ചശേഷം വേലു തുടര്‍ന്നു,

'ബാബു മഹാ തെമ്മാടിയാ സാറേ. അവന്‍ വെള്ളമടിച്ചുകഴിഞ്ഞാല്‍ അവന്റെ പെമ്പ്രന്നോത്തിയേം തല്ലും എല്ലാവരേം തല്ലും. അന്ന്, ഒരു ദിവസം ആ ഗോപിയേട്ടന്‍ കഷ്ടിച്ചാ അവന്റെ കയ്യീന്ന് രക്ഷപ്പെട്ടത്.'
'അതെന്തായിരുന്നു സംഭവം?'
'ഒരു ദിവസം ഞങ്ങള്‍ മൂന്നുപേരും ഒരുമിച്ച് വെള്ളമടിക്കുന്ന സമയം ഒന്നു പറഞ്ഞ് രണ്ടു പറഞ്ഞ് ബാബു ഗോപിയേട്ടനുമായി ഉടക്കി. അവന്‍ ഗോപിയേട്ടന്റെ അമ്മയ്ക്കും അച്ഛനും വിളിച്ചു. ഗോപിയേട്ടന്‍...പാവം... അപ്പോള്‍ കുടിനിര്‍ത്തി എഴുന്നേറ്റുപോയി. അങ്ങേര്‍ക്ക് അമ്മയെ എന്തെങ്കിലും പറഞ്ഞാല്‍ പെട്ടെന്ന് ദേഷ്യവും സങ്കടവും വരും. എണീറ്റ് പോയ ഗോപിയേട്ടനെ ഇവന്‍ പിറകെ പോയി ഒരു വെറകുകൊള്ളിയെടുത്ത് അടിച്ചു. ഭാഗ്യത്തിന് അങ്ങേര്‍ക്ക് കൊണ്ടില്ല.'
'അപ്പോള്‍ അതിനു ശേഷം ഗോപി നിങ്ങളുടെ കൂടെ കളള് കുടിച്ചിട്ടില്ലേ?'
'കുറച്ചുനാള്‍ കൂടിയില്ല. പിന്നെ അയാളുടെ കൈയില്‍ പൈസയില്ലാതെ വരുമ്പോ കുടിക്കണമെങ്കില്‍ ഇവന്റടുത്ത് തന്നെ വരണം. അയാള്‍ക്ക് ആരോഗ്യമില്ലാത്തതുകൊണ്ട് കാര്യമായി പണിയൊന്നുമെടുക്കാറില്ല.'
'അതുപോട്ടെ, നീ ഇന്നലെയെന്തിനാണ് ചേനക്കല്ലില്‍ വന്നത്?'
'അത് സാറേ, ഞങ്ങള് ചേനക്കല്ലിലെ നാരായണനായ്ക്കിന്റെ കടയില്‍നിന്നാണ് സാധനങ്ങള്‍ വാങ്ങാറ്. പൈസ അയാള്‍ പറ്റിലെഴുതും. ആഴ്ചാവസാനമാണ് പറ്റു തീര്‍ക്കുന്നത്. ഞാന്‍ ഓടിപ്പോവുമ്പോള്‍ അയാളുടെ പറ്റ് തീര്‍ക്കാന്‍ നിന്നിരുന്നില്ല. അത് കൊടുത്തുതീര്‍ക്കാന്‍ വന്നതാണ്.'
'നീ അവിടെ നിന്ന് ബാബുവിനെ കണ്ടിരുന്നോ?'
'കണ്ടു സാറേ. ഗോപിയേട്ടനെ കണ്ടപ്പോള്‍. അവന്‍ സ്ഥലത്തുണ്ടെന്ന് ഗോപിയേട്ടന്‍ പറഞ്ഞിരുന്നു. അപ്പോഴേക്കും അവന്‍ വരുന്നത് അകലെനിന്ന് ഞാന്‍ കണ്ടു. ഭാഗ്യത്തിന് അവന്‍ റിക്ഷക്കാരോട് മിണ്ടിക്കൊണ്ട് നില്ക്കുന്നതിനിടയില്‍ ഞാന്‍ സ്ഥലം കാലിയാക്കി.'
'നീ വീണ്ടും കള്ളം പറയുകയാണല്ലോ വേലൂ...' ഞാന്‍ എഴുന്നേറ്റ് നിന്നു. എബിന്‍ പിന്നില്‍നിന്നും വേലുവിന്റെ മുതുകില്‍ പിടിച്ച് നന്നായി ഒന്ന് ഉലച്ചു. അവന്‍ അടിമുടി ഉലഞ്ഞുപോയി. ഞാനവന്റെ ലുങ്കികൂട്ടി അരക്കെട്ടില്‍ പിടിച്ച് മുകളിലേക്ക് ഉയര്‍ത്തി. ഇപ്പോള്‍ വേലുവിന്റെ പെരുവിരല്‍ മാത്രമേ നിലംതൊടുന്നുള്ളൂ. അവന്‍ നിന്നു വിറയ്ക്കാന്‍ തുടങ്ങി. നിലവിളിച്ചുകൊണ്ട് പറഞ്ഞു,
'ഞാന്‍ പറഞ്ഞത് സത്യമാ സാറേ. ചേനക്കല്ലില്‍ ആരോടു വേണമെങ്കിലും ചോദിച്ചോ സാറേ. ഞാനിന്നലെ ബാബുവുമായി നേര്‍ക്കുനേര്‍ കണ്ടിട്ടേയില്ല.'
'നീയിന്നലെ പോകാനിറങ്ങിയപ്പോള്‍ ബാബുവിനെ കണ്ടതും ബാബു നിന്നോട് ചൂടാകാതിരുന്നതുകൊണ്ട് നീ അവന്റെ കൂടെ ഓട്ടോറിക്ഷയില്‍ ക്വാര്‍ട്ടേഴ്‌സിലേക്കു പോയതും കണ്ടവരുണ്ട്. അതുകൊണ്ട് തടികേടാക്കാതെ കാര്യങ്ങള്‍ പറഞ്ഞാല്‍ നിനക്ക് നല്ലത്. അല്ലെങ്കില്‍ നിന്റെ എല്ലൊടിച്ചിട്ടാണെങ്കിലും ഞങ്ങള്‍ സത്യം പറയിപ്പിക്കും. എങ്ങനെ വേണമെന്ന് നിനക്കു തീരുമാനിക്കാം,' ഞാനവന്റെ വലതുകൈ പിടിച്ച് തിരിച്ചുകൊണ്ടു പറഞ്ഞു. കൈ തിരിയുന്നതിനനുസരിച്ച് വേലു പുളഞ്ഞുകൊണ്ട് മുന്നിലേക്കു കുനിഞ്ഞു. ഈ സമയം എബിന്‍ ഇരുവശത്തു നിന്ന് അയാളുടെ മുടിയില്‍ പിടിച്ച് തല മുകളിലേക്കുയര്‍ത്തി. അവന്‍ ഉറക്കെ നിലവിളിച്ചു. പുറത്ത് ബെഞ്ചിലിരുന്ന രമേശ് സല്യാനും അമ്മദും പേടിച്ചെഴുന്നേറ്റ് മുറിയുടെ വാതില്‍ക്കലേക്കു ഭയപ്പാടോടെ നോക്കി. പാറാവുകാരന്‍ തിരിഞ്ഞ് അവരെ നോക്കി ഒരു കണ്ണടച്ചശേഷം ഇരിക്കാന്‍ ആംഗ്യം കാണിച്ചു. ഞാന്‍ വേലുവിന്റെ കൈയില്‍നിന്നുളള പിടി മെല്ലെ അയച്ച ശേഷം അവന്റെ കൈ നിവര്‍ത്തിപ്പിടിച്ച് തടവി നേരെയാക്കിയശേഷം താഴേക്കിട്ടു. 

'ഇനി നീ സത്യം പറയും... അല്ലേടാ..?'
'സാറേ, ഞാന്‍ സത്യമാ പറഞ്ഞത്. ഞാന്‍ ബാബുവിന്റെയടുത്ത് പോയിട്ടില്ല. ദൈവത്താണേ സത്യം.'
'നീ പിന്നെയും കൊള്ളും,' എബിന്‍ കൈ ഉയര്‍ത്തി. 
ഞാന്‍ വേണ്ടെന്ന് ആംഗ്യം കാണിച്ചു. 'നിന്നെയും ബാബുവിനെയും ഒരുമിച്ച് കണ്ടവരുടെ മുന്നില്‍ നിര്‍ത്തി പറയിച്ചാലോ..?'
'വേണം സാറേ... എന്റെ മുമ്പീന്ന് പറയട്ടെ. ആ റിക്ഷക്കാരനെയും വിളിക്കണം സാറേ... അവര് രണ്ടുപേരും എന്റെ മുന്നീന്ന് പറയട്ടെ...'
'ശരി. അപ്പോള്‍ നിനക്ക് ഒരു രാത്രി തരുന്നു. നന്നായി ആലോചിക്കുക.'
ഞാന്‍ എബിനോട് വേലുവിനെ ലോക്കപ്പിലിടാന്‍ പറഞ്ഞ് പുറത്തേക്കിറങ്ങി. രമേശും അമ്മദും അവിടെത്തന്നെ നില്പുണ്ടായിരുന്നു. 
'സാറേ ഞങ്ങള്‍?'
'നിങ്ങള്‍ പൊക്കോളൂ. നാളെ വിളിക്കാം.'
ശേഷം എബിനോടായി പറഞ്ഞു, 'ഞാനിറങ്ങുകയാണ്. നാളെ രാവിലെ എത്തണം. കുറച്ച് അര്‍ജന്റ് വര്‍ക്കുണ്ട്.'
'സര്‍,' എബിന്‍ അറ്റന്‍ഷനായിക്കൊണ്ട് പറഞ്ഞു. ജി.ഡിയും പാറാവുകാരനും സല്യൂട്ട് ചെയ്തു. പ്രത്യഭിവാദ്യം ചെയ്തശേഷം ഞാന്‍ സ്റ്റേഷന്റെ പുറത്തേക്കിറങ്ങി. പുറത്ത് സാമാന്യം നല്ല തണുപ്പുണ്ട്. ഒരു തണുത്ത കാറ്റ് ശരീരത്തിലെ ചൂടിനെ ആവാഹിച്ചുകൊണ്ട് കടന്നുപോയി.

അടുത്ത ഭാഗം ശനിയാഴ്ച (11-9-2021) വായിക്കാം

മുന്‍ ഭാഗങ്ങള്‍ വായിക്കാം

Content Highlights: Kuttasammatham Malayalam Novel By Sibi Thomas part Four