അഞ്ച്

ഗേറ്റിനു മുന്‍പില്‍ നിന്നുള്ള ഹോണടി ശബ്ദം കേട്ടു. രേഷ്മയാണ് വാതില്‍ തുറന്നത്. ഗേറ്റിനു പുറത്ത് പോലീസ്ജീപ്പ് നിര്‍ത്തിയിട്ടുണ്ട്. അവള്‍ മോനോട് ഗേറ്റ് തുറക്കാന്‍ പറഞ്ഞു. കെവിന്‍ ഓടിച്ചെന്ന് ഗേറ്റ് തുറന്നശേഷം ഡ്രൈവറങ്കിളിന് സല്യൂട്ട് കൊടുത്തു. കെവിന്‍ കേന്ദ്രീയവിദ്യാലയത്തില്‍ മൂന്നാംക്ലാസിലാണ് പഠിക്കുന്നത്. അവന്‍ പഠിക്കാന്‍ മിടുക്കനാണെന്നു മാത്രമല്ല കംപ്യൂട്ടര്‍ സംബന്ധമായ എല്ലാ കാര്യങ്ങളിലും നല്ല താത്പര്യമാണ്. മൂത്തയാള്‍ പെണ്‍കുട്ടിയാണ്. അവള്‍ നവോദയ വിദ്യാലയത്തില്‍ പന്ത്രണ്ടാംക്ലാസില്‍ പഠിക്കുന്നു. അവള്‍ അവിടെ ഹോസ്റ്റലിലായതുകൊണ്ട് വീട്ടില്‍ എല്ലാ കാര്യങ്ങളിലും അമ്മയെ സഹായിക്കുന്നത് കെവിനാണ്. ഞാന്‍ പ്രാതല്‍ കഴിഞ്ഞു പുറത്തേക്കിറങ്ങി സ്റ്റെപ്പിലിരുന്ന് ഷൂ ലെയ്സ് കെട്ടുമ്പോഴേക്കും കെവിന്‍ ഒരു കപ്പില്‍ ചായ കൊണ്ടുവന്ന് ഡ്രൈവര്‍ അനിലിനു കൊടുത്തു. അനില്‍ ചായ വാങ്ങിക്കുടിച്ചശേഷം കപ്പ് കൈമാറുമ്പോഴേക്കും ഞാന്‍ വണ്ടിയില്‍ കയറിക്കഴിഞ്ഞിരുന്നു.

'ഇന്നും ലെയ്റ്റാവുമോ?'
വൈകിവരുന്നതിലെ അതൃപ്തി രേഷ്മയുടെ ചോദ്യത്തില്‍ വ്യക്തമാണ്.
'ഞാനാ കേസിന്റെ കാര്യം പറഞ്ഞില്ലേ? അതിന്റെ കാര്യത്തില്‍ ഒരു തീരുമാനമാക്കണം. അതുകൊണ്ട് ചിലപ്പോള്‍ ലെയ്റ്റായേക്കാം.' ഞാന്‍ അവളോടും മോനോടും ബൈ പറഞ്ഞ് വണ്ടി മുന്നോട്ടെടുക്കാന്‍ ആംഗ്യം കാണിച്ചു. വണ്ടി പുറപ്പെട്ടപ്പോള്‍ ഞാന്‍ മൊബൈലില്‍ എബിന്റെ നമ്പര്‍ ഡയല്‍ ചെയ്തു. അപ്പുറത്ത് റിങ് ചെയ്യുന്നുണ്ട്. ഭാഗ്യം ഔട്ട്ഓഫ് റെയ്ഞ്ചല്ല.
'ങ്ഹാ... ഗുഡ് മോര്‍ണിങ്... ഗുഡ് മോര്‍ണിങ്. രാവിലെത്തന്നെ ഗോപിയെ ഒന്നുകൂടി കൂട്ടിക്കൊണ്ടുവരണം. കൂടെ ഗോപി പറഞ്ഞ ആ ഓട്ടോഡ്രൈവറേയും. ശരി... ഇപ്പോത്തന്നെ ആരെയെങ്കിലും വിട്ടോ.'
'ശരി സര്‍.'

ഫോണ്‍ കട്ട് ചെയ്തശേഷം ഞാന്‍ ചിന്തിച്ചത് മുഴുവന്‍ വേലു പറഞ്ഞ കാര്യങ്ങളെക്കുറിച്ചാണ്. അവന്‍ ബാബുവിന്റെയടുത്ത് പോയിട്ടില്ലെങ്കില്‍ കേസ് വീണ്ടും കോംപ്ലിക്കേറ്റഡാകും. പിന്നെന്തിനാണ് ഗോപി അവനെ ഓട്ടോയില്‍ കണ്ടുവെന്നു പറഞ്ഞത്? അവരില്‍ ആരാണ് കള്ളം പറയുന്നത്? അതോ ഗോപിയാണോ ഇനി കൊലയാളി?  അങ്ങനെയെങ്കില്‍ ബാബുവിന്റെ മരണംകൊണ്ട് ഗോപിക്ക് എന്ത് കിട്ടാനാണ്? ചോദ്യങ്ങളുടെ ഒരു പെരുമഴതന്നെ മനസ്സിലേക്ക് അലയടിച്ചുവന്നു. സ്റ്റേഷനിലെത്തിയപ്പോള്‍ ബാലകൃഷ്ണന്‍ ഫയലുമായി കാത്തുനില്ക്കുന്നുണ്ടായിരുന്നു. എബിന്‍ പുറത്തേക്കിറങ്ങിവന്ന് സല്യൂട്ട് ചെയ്തു.

'സര്‍, വിക്രമന്‍ സംഭവസ്ഥലത്തെത്തി വിളിച്ചിരുന്നു. ഗോപി എഴുന്നേറ്റ് വരുന്നതേയുള്ളു. സംഭവദിവസം ചേനക്കല്ലില്‍നിന്നും ബാബു ഓട്ടോറിക്ഷയിലായിരുന്നു തിരിച്ച് ക്വാര്‍ട്ടേഴ്സിലേക്ക് വന്നതെന്ന് കണ്‍ഫേമാണ്. അത് ക്വാര്‍ട്ടേഴ്സ് ഓണറോടും മറ്റും ചോദിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്. ചേനക്കല്ലിലുണ്ടായിരുന്ന രണ്ട് ഓട്ടോക്കാരോട് വിക്രമന്‍ ചെന്നപാടെ തന്നെ ചോദിച്ചിരുന്നു. അവരില്‍ രണ്ടുപേരൊഴിച്ച് ബാക്കിയാരും ഞായറാഴ്ച ഓടിക്കുന്നവരല്ല എന്നാണ് പറഞ്ഞത്. ആകെ നാലഞ്ചുപേരെ ഞായറാഴ്ച സ്റ്റാന്‍ഡില്‍ വണ്ടിവെക്കാറുള്ളൂവത്രേ. അവരില്‍ രണ്ടുപേരെ വിക്രമന്‍ കണ്ടിരുന്നു. ഒരാളുടെ റിക്ഷയിലാണ് ഗോപിയുടെയടുത്തേക്ക് അയാള്‍ പോയിരിക്കുന്നത്. ബാക്കിയുള്ള ഡ്രൈവര്‍മാര് കുറച്ചു കഴിഞ്ഞാല്‍ വരുമെന്നു പറഞ്ഞിട്ടുണ്ട്.'

'ശരി. ഗോപിയെ കൂട്ടി പോരാന്‍ വിക്രമനോടു പറഞ്ഞേക്കൂ. റിക്ഷക്കാരെ അന്വേഷിക്കുന്ന വിവരം ഗോപി അറിയരുത്.'
'ഓകെ സര്‍, ഇപ്പൊത്തന്നെ വിളിക്കാം,' എബിന്‍ ഫോണെടുത്ത് വിളിക്കുമ്പോഴേക്കും ഞാന്‍ സ്റ്റേഷനിലേക്കു കയറി. ലോക്കപ്പിന്റെ മുന്നില്‍ തറയില്‍ വിരിച്ച പത്രത്തില്‍ വേലു കിടന്നുറങ്ങുന്നുണ്ട്.
'ഇവനെന്താ എണീറ്റില്ലേ..?'
'അവന്‍ രാത്രി ഉറങ്ങിയിട്ടേയില്ല സാര്‍. വെളുപ്പിനോ മറ്റോ ആണ് അല്പമൊന്നു മയങ്ങിയത്.'
'ഓകെ, വിളിക്കേണ്ട.'
ഞാന്‍ എസ്.ഐയുടെ മുറിയിലേക്കു കയറി. അപ്പോഴേക്കും പാര്‍ട്ട്ടൈം സ്വീപ്പര്‍ രാഘവന്‍ സ്റ്റീല്‍പാത്രംകൊണ്ട് അടച്ച ഒരു ഗ്ലാസ് ചായയുമായി വന്നു.
'ങ്ഹാ, രാഘവാ ...ആ വാഷ്ബേസിന്‍ ഒന്ന് കഴുകി വൃത്തിയാക്കണേ. വളരെ മോശം അവസ്ഥയാണ.്'
'ചെയ്യാം സര്‍...' സ്വീപ്പര്‍ തല ചൊറിഞ്ഞുകൊണ്ട് മെല്ലെ പുറത്തേക്കിറങ്ങി. ഞാന്‍ ചായ കുടിക്കുമ്പോള്‍ എബിന്‍ റൂമിലെത്തി.
'സാട്ട കഴിഞ്ഞെങ്കില്‍ നമുക്കങ്ങോട്ട് ഒന്നു പോയാലോ?'
'പോകാം സാര്‍,' എബിന്‍ ഡ്രൈവറെ വിളിക്കാന്‍ പുറത്തേക്കിറങ്ങി. ഞാന്‍ തിടുക്കത്തില്‍ ചായ കുടിച്ചു തീര്‍ത്ത് പുറത്തേക്കിറങ്ങി. ഒപ്പം ബാലകൃഷ്ണനുമുണ്ട്.
'ഒരു വണ്ടി മതിയാകും. രാജേഷ് ഇവിടെ നില്ക്കട്ടെ. എന്തെങ്കിലും ആവശ്യം വന്നാല്‍ അറ്റന്‍ഡ് ചെയ്യാമല്ലോ...'
'ശരി സര്‍.'

വണ്ടി പതുക്കെ സ്റ്റേഷന്‍ കോമ്പൗണ്ടിന്റെ പുറത്തുകടന്നു. പുതിയങ്ങാടി കഴിഞ്ഞ് വണ്ടി മുന്നോട്ടു നീങ്ങുകയാണ്. എതിരെ വാഹനങ്ങള്‍ കുറവാണ്.
'വേലു എന്തിനാണ് സാര്‍ കാര്യങ്ങള്‍ മറച്ചുവെക്കുന്നത്?'
'ഒരുപക്ഷേ വേലു പറയുന്ന കാര്യങ്ങള്‍ സത്യമാവാം,' എബിന്റെ സംശയത്തിനു മറുപടിയായി ഞാനെന്റെ നിഗമനം പറഞ്ഞു.
'പക്ഷേ, ബാബു മരിച്ചാല്‍ എന്തെങ്കിലും ബെനിഫിറ്റ് ഉണ്ടാകുന്നുണ്ടെങ്കില്‍ അത് വേലുവിനാണ്. ബാബുവിനെ പേടിച്ച് എത്രനാള്‍ അയാള്‍ക്ക് കഴിയാനാകും?'
ഞങ്ങള്‍ സംസാരം തുടരവേ എതിരെ വന്ന ഒരു ഓട്ടോറിക്ഷ വണ്ടിക്ക് മുന്നില്‍ നിര്‍ത്തി കൈവീശി. അതു വിക്രമനാണ്. റിക്ഷയ്ക്കുള്ളില്‍ താടി തടവിക്കൊണ്ട് ഗോപി ഇരിക്കുന്നുണ്ട്. അനില്‍ വണ്ടി നിര്‍ത്തുമ്പോഴേക്കും വിക്രമന്‍ വേഗത്തില്‍ റിക്ഷയില്‍ നിന്നിറങ്ങി എന്റെ മുന്നിലെത്തി സല്യൂട്ട് ചെയ്തു.
'സര്‍, റിക്ഷക്കാര്‍ എല്ലാവരും സ്റ്റാന്‍ഡിലുണ്ട്. തിരിച്ചുവരുമ്പോള്‍ ഞാന്‍ ഒന്നും സംസാരിച്ചില്ല,' അയാള്‍ ശബ്ദം താഴ്ത്തിപ്പറഞ്ഞു.
'നന്നായി. ഞങ്ങള്‍ അവരെ കണ്ടോളാം. നിങ്ങള്‍ ഗോപിയെയും കൊണ്ടുപൊയ്ക്കോളൂ. പക്ഷേ, ഗോപിയും വേലുവും തമ്മില്‍ കാണാതെ ശ്രദ്ധിക്കണം.'
'ഉവ്വ് സര്‍.'

വിക്രമന്‍ തിരിച്ച് റിക്ഷയിലേക്കു പോയി. ജീപ്പ് മുന്നോട്ടു നീങ്ങി. പത്തുമിനിട്ടില്‍ ഞങ്ങള്‍ ചേനക്കല്ലിലെ ഓട്ടോസ്റ്റാന്‍ഡിലെത്തി. എബിനും ബാലകൃഷ്ണനും വണ്ടിയില്‍ നിന്നിറങ്ങി റിക്ഷക്കാരുടെ അടുത്തെത്തി. ഡ്രൈവര്‍മാര്‍ എല്ലാവരും സ്റ്റാന്‍ഡിന്റെ പിന്നിലായി പോലീസ്ജീപ്പ് നിര്‍ത്തിയിട്ട സ്ഥലത്തേക്കു വന്നു.
'ബോണിയായില്ല സാറേ. ആകെപ്പാടെ വിക്രമന്‍ സാറിനെ കൊണ്ടുപോകാനുള്ള ഓട്ടം മാത്രമേ നടന്നുള്ളു, പ്രതിയെ കിട്ടിയോ സാറേ..?'
'ഇല്ല,' എബിനാണ് മറുപടി പറഞ്ഞത്.
'ഇവിടെ ഞായറാഴ്ച ഓട്ടം പോകുന്ന എത്ര പേരുണ്ട്..?' എന്റെ ചോദ്യം പ്രതീക്ഷിച്ചിരുന്നതുപോലെ ഡ്രൈവര്‍ തിമ്മപ്പ നാലുപേരെ മുന്നോട്ടു നീക്കി നിര്‍ത്തി. തിമ്മപ്പ യൂണിയന്‍ നേതാവാണ്.
'ഇവര്‍ നാലുപേരും പിന്നെ ധര്‍മനുമാണ് ഞായറാഴ്ച ഇവിടെ വണ്ടി ഓട്ടുന്നത്. ധര്‍മനാണ് വിക്രമന്‍ സാറിന്റെ കൂടെ പോയിരിക്കുന്നത്... പോലീസ്വണ്ടി വരുന്നതിനു മുന്‍പ് തന്നെ എല്ലാവരോടും കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. അവരു തന്നെ പറയും സാറേ.'
'ഞങ്ങളാരും മിനിയാന്ന് ബാബുവിന്റെ ഓട്ടം പോയിട്ടില്ല സാറേ...'
ഓരോരുത്തരായി പറഞ്ഞു തുടങ്ങി.
'ഞാനന്ന് പതിനൊന്നു മണിയായപ്പോഴേക്ക് ഒരു മംഗലത്തിനു പോയിരുന്നു.'
'ധര്‍മന്‍ ഓട്ടം പോയിരുന്നില്ലെന്ന് ആദ്യമേ സാറിന്റെടുത്ത് പറഞ്ഞിരുന്നു.'
'അപ്പോള്‍ പിന്നെയാരാണ് ബാബുവിനെ ക്വാര്‍ട്ടേഴ്സിലെത്തിച്ചത്?'
ഈ സമയം പ്രായമുളള ഒരു ഡ്രൈവര്‍ തിമ്മപ്പയുടെ ചെവിയില്‍ എന്തോ അടക്കം പറഞ്ഞു. തിമ്മപ്പ എന്റെയടുത്തേക്ക് അല്പം ചേര്‍ന്നുനിന്ന് പതിയെ പറഞ്ഞു:

'മേലെ, നന്താരപ്പടവില്‍ ഒരു റഷീദുണ്ട്. അവന്‍ സ്റ്റാന്‍ഡില്‍ വണ്ടിവെക്കാറില്ല. അക്കരെ വൈന്‍ ഷോപ്പില്‍നിന്നും കുപ്പി കടത്തലാണ് അവന്റെ പണി. ആളുകള്‍ക്ക് ഓര്‍ഡറനുസരിച്ച് വാങ്ങി എത്തിച്ചുകൊടുക്കും. രാത്രി ഓട്ടമാണ് കൂടുതലും.'
'അവന്റെ വീടെവിടാണ്?'
'മേലെ കേറ്റം കഴിഞ്ഞ് നന്താരപ്പടവ് എത്തുന്നതിന് ഒരന്‍പതു മീറ്റര്‍ മുന്‍പ് ലെഫ്റ്റ് സൈഡില്‍ ഒരു ആലുണ്ട്. അതിന്റെ സൈഡിലൂടെ പോകുന്ന മഡ്റോഡില്‍ ഇടതുവശത്തെ നാലാമത്തെ വീട്. ഒരു നീല പെയിന്റടിച്ച ഒറ്റത്തട്ട് വീടാ. ചെല്ലുമ്പം അറിയും സര്‍. നമ്പറില്ലാത്ത ഒരു റിക്ഷ വീട്ടില്‍ നിര്‍ത്തിയിട്ടിട്ടുണ്ടാകും.'
'ഓകെ. അപ്പോള്‍ റഷീദാവാന്‍ ചാന്‍സുണ്ട്. ഞങ്ങള്‍ അങ്ങോട്ടു പോകുകയാണ്. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കാം...'
വണ്ടിയില്‍ കയറുന്നതിനിടയില്‍ ബാലകൃഷ്ണന്‍ തിമ്മപ്പയുടെ നമ്പര്‍ നോട്ട് ചെയ്തു. എല്ലാവരും വണ്ടിയില്‍ കയറി. ജീപ്പ് നന്താരപ്പടവ് ലക്ഷ്യമാക്കി നീങ്ങി.
കയറ്റം കയറി നിരപ്പായ റോഡിലൂടെ ജീപ്പ് മുന്നോട്ടു നീങ്ങി. കുറച്ചു മുന്നിലായി ഇടതുവശത്ത് ഒരു ആല്‍മരം നില്ക്കുന്നുണ്ട്. വണ്ടി ആലിന്റെ സൈഡിലൂടെയുള്ള റോഡിലേക്കു കയറി. മുന്നില്‍ നാലാമതായി നീല പെയിന്റടിച്ച വീടു കാണാം.

'ബാലകൃഷ്ണന്‍ ഒറ്റയ്ക്കു പോയാല്‍ മതി. റഷീദിന് സെക്കന്‍ഡ് ബിസിനസ് ആയതുകൊണ്ട് പോലീസ്വണ്ടി കണ്ടാല്‍ ചിലപ്പോള്‍ മാറിനില്ക്കാന്‍ സാധ്യതയുണ്ട്.'
വണ്ടി നിര്‍ത്തിയതും ബാലകൃഷ്ണന്‍ പുറത്തിറങ്ങി റഷീദിന്റെ വീടിനെ ലക്ഷ്യമാക്കി നടന്നു. ഞങ്ങള്‍ ജീപ്പില്‍ കാത്തുനിന്നു. ബാലകൃഷ്ണന്‍ വീടിനു മുന്നിലെത്തി. തേക്കാത്ത മതിലില്‍ ഗേറ്റൊന്നും പിടിപ്പിച്ചിട്ടില്ല. മുറ്റത്ത് ഒന്നുരണ്ട് പോരുകോഴികള്‍ ചികഞ്ഞു പെറുക്കി നടക്കുന്നുണ്ട്. വീടിന്റെ ഇടതുവശം ചേര്‍ന്ന് അടുക്കളയ്ക്കടുത്തായിട്ടാണെന്ന് തോന്നുന്നു നമ്പര്‍പ്ലെയ്റ്റ് ഇളക്കിമാറ്റിയ നിലയില്‍ ഒരു ഓട്ടോറിക്ഷ നിര്‍ത്തിയിട്ടിട്ടുണ്ട്. ടൈല്‍ പാകിയ സിറ്റൗട്ടില്‍ ഒരു പഴയ പ്ലാസ്റ്റിക് കസേരയിട്ടിട്ടുണ്ട്. ബാലകൃഷ്ണന്‍ മുന്നോട്ടു ചെന്ന് കോളിങ്ബെല്ലില്‍ വിരലമര്‍ത്തി. പ്രതികരണമില്ലാത്തതുകൊണ്ട് ഒരിക്കല്‍ക്കൂടി ബെല്ലടിച്ചു. അടച്ചിട്ട വാതിലിനോടു ചേര്‍ന്ന് വലതുവശത്തായുളള മൂന്നുപാളി ജനാലയുടെ പിന്നില്‍ ഒരു ആളനക്കം കണ്ടു. ചെറുപ്പക്കാരിയായ ഒരു സ്ത്രീയാണ്.
'റഷീദില്ലേ?'
അവര്‍ ഒന്നും മിണ്ടിയില്ല.
'റഷീദ് ഇവിടില്ലേ?'
ബാലകൃഷ്ണന്‍ കുറച്ചുകൂടി ഉച്ചത്തില്‍ ചോദിച്ചു. ആ സ്ത്രീ ഒരു ജനല്‍പ്പാളി അല്പം തുറന്നശേഷം പറഞ്ഞു:
'ഈടില്ല. പുതിയങ്ങാടി മൂത്താപ്പാന്റാടെ പോയി സാറേ.'
'സാറേ' എന്ന വിളി ബാലകൃഷ്ണനെ തെല്ലൊന്ന് അമ്പരപ്പിച്ചുവെങ്കിലും അയാള്‍ ചോദിച്ചു:
'എപ്പോള്‍ വരും?'
'അറീല്ല സാറേ...'
'എങ്കില്‍ അയാളുടെ നമ്പര്‍ ഒന്നുതന്നേ...'
'8606739668, എന്താ സാറേ പ്രശ്നം?'
'ഒന്നുമില്ല ഒരു കാര്യം ചോദിച്ചറിയാനായിരുന്നു.'
ബാലകൃഷ്ണന്‍ തിരികെ ജീപ്പിനടുത്തേക്കു നടന്നു.  ബാലകൃഷ്ണന്‍ തന്ന നമ്പറില്‍ ഞാന്‍ റഷീദിനെ വിളിച്ചു. നമ്പര്‍ ബിസിയാണ്.

'ഉം, ഭാര്യ അവനെ വിളിച്ച് ഇന്‍ഫര്‍മേഷന്‍ കൊടുക്കുന്നുണ്ട്...'
ഞാന്‍ വീണ്ടും ഡയല്‍ ചെയ്തു. ഇത്തവണ റിങ്ങുണ്ട്.
'ഹലോ, റഷീദല്ലേ..? ഞാന്‍ വേലേശ്വരം സി.ഐ ആണ.്'
'ഹാ സാര്‍.'
'കഴിഞ്ഞ ദിവസം മരിച്ച ബാബുവിന്റെ കേസന്വേഷണവുമായി ബന്ധപ്പെട്ട് എനിക്ക് കുറച്ചു കാര്യങ്ങള്‍ ചോദിച്ചറിയാനാണ്. റഷീദ് ഇപ്പൊ എവിടാണുള്ളത്..?'
'സാറേ ഞാനിപ്പോള്‍ പുതിയങ്ങാടിയില്‍ നിന്ന് ബൈക്കില്‍ വീട്ടിലേക്ക് വരുന്നുണ്ട്. സാര്‍ വീട്ടില്‍ പോയിരുന്നുവെന്ന് ഭാര്യ പറഞ്ഞിരുന്നു. എന്താ സാര്‍ അറിയേണ്ടത്?'
'അത് നേരില്‍ കാണുമ്പോള്‍ പറയാം.'
'എന്നാലും ഒരു ടെന്‍ഷന്‍. അതുകൊണ്ട് പറയുവാ സാറേ. എനിക്കൊന്നുമറീല്ല, ബാബുവേട്ടനെ വൈന്‍ഷോപ്പില്‍ വെച്ച് പലതവണ കണ്ടിട്ടുള്ളതുകൊണ്ട് എനിക്കയാളെ നല്ല പരിചയമാ. രാത്രി വൈകി മുന്‍പ് പലതവണ ഞാനയാളെ ക്വാര്‍ട്ടേഴ്സില്‍ കൊണ്ടുചെന്നാക്കിയിട്ടുണ്ട്.'
'ഇന്നലെയാണയാള്‍ മരിച്ചത്. തലേദിവസം ഞായറാഴ്ച പകല്‍ നിങ്ങള്‍ അയാളെയും മറ്റൊരാളെയും വീട്ടില്‍ കൊണ്ടുചെന്ന് വിട്ടിരുന്നോ?'
'അത് സാര്‍... ' ഒന്നാലോചിച്ച ശേഷം റഷീദ് തുടര്‍ന്നു,
'കൊണ്ടുവിട്ടിരുന്നു സാര്‍, പക്ഷേ, അന്നയാള്‍ ഒറ്റയ്ക്കായിരുന്നു.'
'കൃത്യമായി ഓര്‍ത്തു പറയണം. അവന്റെ കൂടെ ആ വേലു ഉണ്ടായിരുന്നില്ലേ? ആ തലവിറയ്ക്കുന്ന വേലു?'
'ഹേയ്, ഇല്ല സാര്‍. തലവിറയനല്ലേ? അയാളെ എനിക്ക് നന്നായറിയാം. അയാളും സ്ഥിരം വൈന്‍ഷോപ്പില്‍ വരുന്നവനാ. മുന്‍പ് ഇവരെ രണ്ടുപേരെയും ഞാന്‍ ഒരുമിച്ച് കൊണ്ടുപോയി വിട്ടിട്ടുണ്ട്. പക്ഷേ, ഞായറാഴ്ച ബാബുവേട്ടന്‍ ഒറ്റയ്ക്കായിരുന്നു. എനിക്കൊറപ്പാ...'
'ഓകെ, ഇപ്പോള്‍ നീ എവിടെത്തി?'
'ഞാന്‍ നന്താരപ്പടവ് എത്താനായി സാര്‍'
'എങ്കില്‍ ഞാനിവിടെ വെയിറ്റ് ചെയ്യുന്നുണ്ട്. നമുക്ക് നേരില്‍ കണ്ടിട്ട് പിരിയാം...'
'ഞാനിപ്പോഴെത്താം സാര്‍.'

അയാള്‍ ഫോണ്‍ കട്ട് ചെയ്തു. ഞാന്‍ അനിലിനോടു വണ്ടി തിരിക്കാന്‍ പറഞ്ഞു. അനില്‍ വണ്ടി തിരിച്ച് ആലിന്റെ ചുവട്ടില്‍ ഓരം ചേര്‍ത്തു നിര്‍ത്തി. അല്പസമയത്തിനുള്ളില്‍ത്തന്നെ ഒരു കറുത്ത ബജാജ് പള്‍സര്‍ പോലീസ്വണ്ടിയുടെ സമീപത്തെത്തി. അവനെ കണ്ടമാത്രയില്‍ ബാലകൃഷ്ണന്‍ പറഞ്ഞു:
'ഇവനെ മുന്‍പ് ഞാനൊരു വാറണ്ടില്‍ പൊക്കിയതാ... മിക്കവാറും ജാമ്യം എടുത്തിട്ടുണ്ടാവും.'
റഷീദ് ബൈക്കില്‍നിന്നിറങ്ങി ജീപ്പിനടുത്തേക്കു വന്നു.
'നീ പറഞ്ഞ കാര്യങ്ങളൊക്കെ സത്യമല്ലേ?'
'സത്യമാ സാറേ. ഞായറാഴ്ച ബാബുവേട്ടന്‍ ഒറ്റയ്ക്കായിരുന്നു. ആ തലവിറയനെ എനിക്കറിയാം. സ്ഥിരമായി വൈന്‍ഷോപ്പില്‍ കാണാറുണ്ടായിരുന്നതാണ്. പക്ഷേ, ഈയിടെയായി അയാളെ അങ്ങോട്ടു കാണാറില്ല.'
'റഷീദിന്റെ പഴയ കേസെന്തായി?'
ചോദ്യം കേട്ട് അയാള്‍ പിന്നിലെ സീറ്റിലേക്കു നോക്കി. അപ്പോഴാണ് അവന്‍ ബാലകൃഷ്ണനെ കാണുന്നത്.
'ഹാ... സാറേ. സാറാരുന്നോ?'
'ഉം... നിന്റെ വാറണ്ട് കേസെന്തായി?' ബാലകൃഷ്ണന്‍ വീണ്ടും ചോദിച്ചു.
'അതാ വക്കീല് പറ്റിച്ചതല്ലേ സാറേ. ഒരു ആക്സിഡന്റ് കേസ്. അത് ജാമ്യമെടുത്തു. ആ കേസു കഴിഞ്ഞാഴ്ച തീര്‍ന്നു.'
ശേഷം റഷീദ് എന്നെ നോക്കി ചോദിച്ചു,
'ഈ കേസില്‍ ഞാനെന്താ സാര്‍ ചെയ്യേണ്ടത്?'
'നിന്റെ മൊഴി വേണം. അത് ഞാനെഴുതി വെച്ചോളാം. ഇത്രയല്ലേ നിനക്ക് പറയാനുള്ളത്... ചിലപ്പോള്‍ സ്റ്റേഷനിലേക്ക് ഒരു തവണ വരേണ്ടിവരും. ഞാന്‍ വിളിച്ചോളാം.'
ഞാന്‍ വണ്ടിയെടുക്കാന്‍ പറഞ്ഞു. ഞങ്ങള്‍ സ്റ്റേഷനിലേക്കു തിരിച്ചു.

വീണ്ടും മനസ്സില്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ നിറയുകയാണ്. റിക്ഷയില്‍ ബാബു ഒറ്റയ്ക്കേ ഉണ്ടായിരുന്നുള്ളൂവെങ്കില്‍ ഗോപിയെന്തിനാണ് കളവു പറഞ്ഞത്? ഗോപിയെ സംശയിക്കാനുള്ള കാരണങ്ങള്‍ ഏറിവരികയാണ്. പക്ഷേ ഗോപിയുടെയും ബാബുവിന്റെയും ഫിസിക്കല്‍ സ്ട്രക്ചര്‍ വെച്ചുനോക്കിയാല്‍ അതിനുള്ള സാധ്യത വിരളമാണ്. അങ്ങിനെയെങ്കില്‍ മൂന്നാമതൊരാളെ രക്ഷിക്കാന്‍ ഗോപി കളവു പറയുന്നതാവുമോ?  ചിന്തകള്‍ കാടുകയറുകയാണ്. ഒരു നിഗമനത്തിലെത്താനാവുന്നില്ല. വണ്ടി വളവുകളും തിരിവുകളും താണ്ടി സ്റ്റേഷനു മുന്നിലെത്തി.

അടുത്ത ഭാഗം തിങ്കളാഴ്ച (13-09-2021) വായിക്കാം

മുന്‍ ഭാഗങ്ങള്‍ വായിക്കാം

Content Highlights: Kuttasammatham Malayalam Novel By Sibi Thomas part Five