ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിനു മുന്നിലെത്തിയപ്പോള്‍ ഉച്ചതിരിഞ്ഞിരുന്നു. ഡി.പി.ഒ.ഗാര്‍ഡ് പോലീസുകാരന്റെ സല്യൂട്ടിന് ഞാന്‍ പ്രത്യഭിവാദ്യം ചെയ്തു. എസ്.പിയുടെ ഇന്നോവ കാര്‍ പോര്‍ച്ചില്‍ ഉണ്ടായിരുന്നില്ല.
'സാറ് എത്തിയില്ല അല്ലേ?'
ഞാന്‍ ഗാര്‍ഡിനോടു ചോദിച്ചു.
'ഉണ്ട് സാര്‍, മുകളിലുണ്ട്.'
'അപ്പോ വണ്ടി?'
'അത് സാര്‍, വണ്ടി വര്‍ക്‌ഷോപ്പിലേക്കു പോയിരിക്കുവാ എന്തോ ചെറിയ പണി.'
'ഓകെ.'
ഞാന്‍ മുകളിലത്തെ നിലയിലേക്കു കയറി. മുകളില്‍നിന്നും സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. സ്റ്റെപ്പിറങ്ങി വരുന്നതു കണ്ട് അദ്ദേഹത്തെ സല്യൂട്ട് ചെയ്തു. പ്രത്യഭിവാദ്യം ചെയ്ത ശേഷം അദ്ദേഹം പറഞ്ഞു:
'ഞാന്‍ എസ്.സി.ആര്‍.ബിയില്‍ കോണ്‍ടാക്റ്റ് ചെയ്തിരുന്നു. നീ പറഞ്ഞ പ്രായവും ഹൈറ്റും ഒന്നും മാച്ചാകുന്നില്ല: ഇനി ഫിംഗര്‍പ്രിന്റ് കമ്പാരിസണ്‍ മാത്രമേ ബാക്കിയുള്ളൂ. നാളത്തേക്ക് റിസള്‍ട്ട് കിട്ടും.' 
'ശരിയാ സാര്‍. ഞാനും അന്വേഷിച്ചിരുന്നു. ലീസ്റ്റ് ചാന്‍സേയുള്ളൂ.'
ഡിവൈ.എസ്.പി. താഴേക്കു പോയി. മുകളിലെ മുറിയില്‍ എസ്.പിയുടെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഓഫീസിലുണ്ട്.
'ഹാ. സാബുസാറേ ഗുഡ് ആഫ്റ്റര്‍ നൂണ്‍... എത്തിയോ, വരുമെന്ന് സാറു പറഞ്ഞിരുന്നു.' 
'ഗുഡ് ആഫ്റ്റര്‍ നൂണ്‍. അകത്താരെങ്കിലുമുണ്ടോ?'
'ഇല്ല. ഇപ്പോ എസ്.ബി. ഡിവൈ.എസ്.പി. ഇറങ്ങിയതേയുള്ളൂ. സാറ് കേറിക്കോ.'
ഞാന്‍ വാതില്‍ തുറന്ന് അകത്തേക്കു കയറി. ശീതീകരിച്ച വിശാലമായ മുറിയില്‍ കസേരകള്‍ ഭംഗിയായി നിരത്തിവെച്ചിരിക്കുന്നു. ഇടതു വശത്തെ സ്റ്റാന്‍ഡില്‍ വെച്ചിരിക്കുന്ന ടിവിയില്‍ ന്യൂസ് ചാനല്‍ ശബ്ദം മ്യൂട്ട് ചെയ്ത നിലയില്‍ വെച്ചിട്ടുണ്ട്. ഞാന്‍ എസ്.പിയുടെ മുന്നില്‍ അറ്റന്‍ഷനായ ശേഷം പ്രോപ്പറായി സല്യൂട്ട് ചെയ്തു. എസ്.പി. സിറ്റ് അറ്റന്‍ഷനായ ശേഷം ഇരിക്കാന്‍ പറഞ്ഞു. എസ്.പി. പ്രമോട്ടഡ് കെ.പി.എസ.് ഓഫീസറാണ്. അതുകൊണ്ടുതന്നെ അനുഭവസമ്പത്ത് കൂടുതലുള്ള മനുഷ്യന്‍. എതു കാര്യവും പാകതയോടെ കൈകാര്യം ചെയ്യാന്‍ പ്രാപ്തനാണ്.
മുന്‍നിരയില്‍ മധ്യത്തിലുള്ള കസേരയില്‍ ഞാന്‍ ഇരുന്നു. അദ്ദേഹം എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു:
'ഗുഡ് വര്‍ക്കാണ് നിങ്ങള്‍ ചെയ്തിരിക്കുന്നത്. ഏതൊരു മര്‍ഡറിന്റെയും അന്വേഷണത്തിലെ ആദ്യദിനങ്ങള്‍ ക്രൂഷ്യലാണ്. മാക്‌സിമം എവിഡന്‍സുകള്‍ കളക്റ്റ് ചെയ്തിരിക്കണം. അത് മിസ്സായാല്‍ പിന്നെ ഒരിക്കലും നമുക്കാ കേസ് തെളിയിക്കാനായെന്നു വരില്ല. എനിവേ യു ഡിഡ് വെല്‍...! നാളെത്തന്നെ പ്രൊഡ്യൂസ് ചെയ്‌തോളൂ.'
'താങ്ക്യൂ സര്‍. തെളിവുകളെല്ലാം സ്‌ട്രോങ്ങാണ് സര്‍. 27 റിക്കവറി ഈസ് പെര്‍ഫക്റ്റ്, ഫിംഗര്‍ പ്രിന്റ് ഈസ് മാച്ചിങ്, പിന്നെ ലാസ്റ്റ് സീന്‍ തിയറി അങ്ങിനെയെല്ലാം... എല്ലാം മാച്ചിങ് ആണ്. പക്ഷേ അയാള്‍ സ്വയരക്ഷാര്‍ഥം ചെയ്തതാണെന്നത് അന്വേഷണത്തില്‍ സുവ്യക്തമാണ് സാര്‍.'
'ഡൂയൂ ഫീല്‍ എനി സിമ്പതി റ്റൂ? എന്താ അയാളെ ശിക്ഷിക്കരുതെന്നുണ്ടോ?'
എസ്.പിയുടെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു. 'ഒരിക്കലുമില്ല സാര്‍. ക്രൈം ഷുഡ് ബി പണിഷ്ഡ്. ബട്ട്... അയാളുടെ ഫ്‌ളാഷ്ബാക്ക് എന്നെ വല്ലാതെ സ്വാധീനിച്ചു. നാല്പതു വര്‍ഷത്തോളം മുന്‍പ് നഷ്ടപ്പെട്ടുപോയ അയാളുടെ ഫാമിലിമെമ്പേഴ്‌സിനെ കണ്ടെത്താന്‍, അയാളുടെ ഫാമിലി ബാക്ഗ്രൗണ്ടൊന്ന് കണ്ടുപിടിക്കാന്‍ ഒരു യാത്ര പോകേണ്ടി വന്നേക്കാം. അതിന് എനിക്ക് രണ്ടുദിവസം തരാമോ സാര്‍?'
'ഹേയ് അത് റിസ്‌കാണ്. അതു വേണ്ട. മാത്രവുമല്ല കസ്റ്റഡിയില്‍ വെച്ച് അയാള്‍ രക്ഷപ്പെടുകയോ അതല്ലാ അയാള്‍ക്കെന്തെങ്കിലും സംഭവിക്കുകയോ ചെയ്താല്‍ അത് തന്റെ കരിയറിനെ ബാധിക്കും. ഇറ്റ്‌സ് വെരി റിസ്‌കി ജോബ്. അതു വേണ്ട.'
ഞാന്‍ ഒന്നുകൂടി ശ്രമിച്ചു നോക്കാന്‍ തീരുമാനിച്ചു.
'ചോദിക്കുന്നതു ശരിയല്ല, എന്നാലും സാര്‍... അയാളെ ഇതുവരെ നമ്മള്‍ അക്കൗണ്ട് ചെയ്തിട്ടില്ലല്ലോ സാര്‍.'
'അതുകൊണ്ട്?'
'ഇതിന്റെ എല്ലാ റിസ്‌കും എനിക്ക് വിട്ടുതന്നേക്കൂ സാര്‍. വളരെ ശ്രദ്ധയോടെ ഞാന്‍ എല്ലാ കാര്യങ്ങളും ചെയ്തുകൊള്ളാം. പ്ലീസ്...'
'അയാളുടെ ബാക്ക്ഗ്രൗണ്ടില്‍ എന്താണിത്ര ഇന്ററസ്റ്റിങ് ഫാക്ടര്‍?'
'എന്റെ ഊഹമാണ്, അയാളുടെ ഫാദര്‍ അന്ന് വാണ്ടഡ് ആയിട്ടുള്ള ഒരാളായിരുന്നു. അയാള്‍ പിന്നീട് പോലീസ് കസ്റ്റഡിയില്‍ മരണപ്പെട്ടിട്ടുണ്ടാവാം. അമ്മയുടെ കാര്യവും അങ്ങനെതന്നെയാവാം. ഒരു എഴുപതുകളിലെ ആദര്‍ശരാഷ്ട്രീയത്തിന്റെ ഇരകള്‍ എന്നപോലെ തോന്നുന്നു. പിന്നെ... '
'ഓ. ഇറ്റ്‌സ് ഇന്ററസ്റ്റിങ്, പിന്നെ...'
'സര്‍...പിന്നെ കേസെല്ലാം കഴിഞ്ഞ് അയാള്‍ക്കൊരു ജീവിതമുണ്ടെങ്കില്‍ അതെങ്കിലും അയാള്‍ക്ക് വേണ്ടപ്പെട്ടവരോടൊപ്പം ആയാല്‍ അത് നമ്മുടെ മനസ്സിനു സംതൃപ്തി നല്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു സാര്‍.'
'ഓ... ദാറ്റ്‌സ് ഗ്രെയ്റ്റ്. യു ക്യാരി ഓണ്‍, പക്ഷേ ശ്രദ്ധിക്കണം.'
എസ്.പി വാത്സല്യം നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞു.
'താങ്ക്യൂ, സര്‍,'ഞാന്‍ എഴുന്നേറ്റ് അറ്റന്‍ഷനായി സല്യൂട്ട് ചെയ്തശേഷം പുറത്തേക്കു നടന്നു. പുറത്തെ പോലീസുകാരോടും കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റിനോടും യാത്ര പറഞ്ഞ് താഴേക്കിറങ്ങി.

പോലീസ്‌വണ്ടി വീടിന്റെ ഗേറ്റ് കടന്നുവരുമ്പോള്‍ ബ്ലാക്കിയുമായി ഓടിക്കളിച്ചുകൊണ്ടിരിക്കുകയാണ് കെവിന്‍. ചേച്ചിയുടെ പഠനം നവോദയ സ്‌കൂളിലേക്ക് മാറ്റിയതില്‍പ്പിന്നെ അവനു വല്ലാത്ത വിഷമമായിരുന്നു. അപ്പോഴാണ് ഒരു സുഹൃത്തിന്റെ വീട്ടില്‍നിന്നും ഡൂഡില്‍സ് ഇനത്തില്‍പ്പെട്ട പട്ടിക്കുഞ്ഞിനെ ലഭിക്കുന്നത്.  അതില്‍പ്പിന്നെ അവന്‍ അതിന്റെ പുറകെതന്നെയാണ്. വണ്ടി വരുന്നതു കണ്ട് അവന്‍ ബ്ലാക്കിയെ ചേര്‍ത്തുപിടിച്ചു. നാളെ അതിരാവിലെ എത്തിക്കൊള്ളാമെന്നു പറഞ്ഞ് അനില്‍ തിരികെ പോയി. വണ്ടി വന്ന ശബ്ദം കേട്ട് രേഷ്മ പുറത്തേക്കിറങ്ങി വന്നു. കുളിച്ച് ഈറനണിഞ്ഞാണ് വരവ്. കെവിന്‍ ബ്‌ളാക്കിയുമായി എന്റെയരികിലെത്തി. ഞാനതിന്റെ മുടിയിഴകളില്‍ തലോടി. ബ്ലാക്കി എന്നെ നോക്കി വാലാട്ടിക്കൊണ്ടു നിന്നു.
'മോനെ ബ്ലാക്കിയെ കൂട്ടിലാക്കിട്ട് വേഗം കേറിവന്ന് കുളിക്ക.്'
രേഷ്മ ഉത്തരവ് പുറപ്പെടുവിച്ചു.
'ഡാഡീ... ഞാന്‍ കുറച്ചു നേരം കൂടി കളിച്ചിട്ട് വന്നാല്‍ പോരെ?'
കെവിന്‍ അമ്മയുടെ ഉത്തരവ് റദ്ദാക്കുന്നതിനുള്ള അപ്പീല്‍ സമര്‍പ്പിച്ചു. ഞാന്‍ രേഷ്മയെ നോക്കി. അവള്‍ കൂളാണ്.
'ഉം. പൊയ്‌ക്കോ. പെട്ടെന്ന് മതിയാക്കി വന്നേക്കണം ട്ടോ. '
അവന്‍ ഓടി. പിന്നാലെ ബ്ലാക്കിയും.
'ഇന്നെന്തു പറ്റി. ഇത്രനേരത്തെ എത്താന്‍?' അകത്തേക്കു കയറുമ്പോള്‍ അവള്‍ ചോദിച്ചു.
'എസ്.പിയെ കാണണമായിരുന്നു. കണ്ടു കഴിഞ്ഞ് പിന്നെ നേരെയിങ്ങ് പോന്നു.'
യൂണിഫോമിന്റെ ബട്ടണുകള്‍ അഴിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.
'എന്തായി ആ ഗോപിയേട്ടന്റെ കാര്യം?' 
'ഹാ... അതിനുതന്നെയാ ഞാന്‍ എസ്.പിയെ കാണാന്‍ പോയത്. നാളെയൊന്ന് മലപ്പുറം- പാലക്കാട് വരെ പോകേണ്ടി വരും. കുറച്ച് നേരത്തേയിറങ്ങണം.'
'ഉം. എന്താ പരിപാടി?'
'അയാളുടെ വീട് കണ്ടുപിടിക്കാന്‍ ഒരു ശ്രമം.'
ഒന്നു നിര്‍ത്തിയ ശേഷം പറഞ്ഞു,
'ഞാന്‍ പെട്ടെന്ന് ഒന്ന് കുളിച്ചിട്ട് വരാം.'
'അപ്പോഴേക്കും ഞാനൊരു ചായയിടാം.'
രേഷ്മ അടുക്കളയിലേക്കു നടന്നു. ബെഡ്‌റൂമിലെത്തി യൂണിഫോം മാറ്റുമ്പോഴും കുളിക്കുമ്പോഴും എന്റെ ചിന്ത മുഴുവന്‍ നാളത്തെ യാത്രയെക്കുറിച്ചായിരുന്നു. ഒപ്പം ബാലകൃഷണനും വിക്രമനും മതി.  അതിരാവിലെ പുറപ്പെട്ട് കഴിയുമെങ്കില്‍ രാത്രി തന്നെ തിരിച്ചെത്താന്‍ നോക്കണം.
കുളി കഴിഞ്ഞ് തല തോര്‍ത്തിക്കൊണ്ട് പുറത്തിറങ്ങിയപ്പോഴേക്കും രേഷ്മ നല്ല പഴംപൊരിച്ചതും ചൂടു ചായയുമായി അടുക്കളയില്‍ കാത്തുനില്പുണ്ടായിരുന്നു. ചായ കുടിക്കുമ്പോള്‍ കെവിന്‍ ഓടിവന്ന് പഴം പൊരി പാത്രത്തില്‍ കൈയിട്ടു.
'പോയി കൈ നന്നായി കഴുകിയിട്ടു വാ ചെക്കാ.  പട്ടീടെ കൂടെ കളിച്ചിട്ട് നേരേ ഇങ്ങോട്ട് പോന്നക്കും.'
അടിക്കാന്‍ കൈ ഓങ്ങിക്കൊണ്ടേ് രേഷ്മ പറഞ്ഞു. കെവിന്‍ ഓടി വാഷ്‌ബേസിനില്‍ കൈ കഴുകി തിരിച്ചു വന്ന് രണ്ടു പഴംപൊരിയെടുത്ത് വീണ്ടും പുറത്തേക്കോടി. 
'നിക്കെടാ അവിടെ.'
അവന്‍ നില്ക്കാതെ ഓടി.
'ഇതുപോലൊരു ചെക്കന്‍.  അതില്‍ ഒന്ന് ബ്ലാക്കിക്കായിരിക്കും തീര്‍ച്ച.'
രേഷ്മ പരിതപിച്ചു. ഇതെല്ലാം ആസ്വദിച്ചുകൊണ്ട് ഞാന്‍ ആവി പറക്കുന്ന ചായ ഊതിയൂതി കൂടിച്ചു. നാളത്തെ യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തിയശേഷം ബാലകൃഷ്ണനോടും വിക്രമനോടും നേരത്തെ റെഡിയാകണമെന്ന് ഓര്‍മിപ്പിച്ചു. കെവിന്റെ ഹോം വര്‍ക്കുകളില്‍ സഹായിച്ചശേഷം കുറച്ചുനേരം ന്യൂസ് ചാനല്‍ നോക്കിയിരുന്നിട്ട് അത്താഴം കഴിച്ച് കിടന്നു.

(തുടരും)

മുന്‍ ഭാഗങ്ങള്‍ വായിക്കാം

Content Highlights: Kuttasammatham Malayalam Novel By Sibi Thomas part 9