എട്ട്

രാത്രി ഒന്‍പതു മണിയോടെ വീട്ടിലെത്തുമെന്ന് വിളിച്ചുപറഞ്ഞതുകൊണ്ടാവാം കെവിന്‍ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല.  ഗേറ്റില്‍ പോലീസ്‌വണ്ടി കണ്ടപ്പോള്‍ത്തന്നെ അവന്‍ വാതില്‍ തുറന്ന് പുറത്തേക്ക് ഓടി. 
'കെവിന്‍, കെവിന്‍...'
രേഷ്മ ഒച്ചവെച്ചുകൊണ്ട് അവന്റെ പിറകേ ഓടി. അവന്‍ ഓടിയെത്തി ഗേറ്റ് മലര്‍ക്കെത്തുറന്നു. വണ്ടി അകത്തേക്കു കയറി. രേഷ്മ തിടുക്കത്തില്‍ അടുത്തെത്തി കെവിന്റെ കൈയില്‍ പിടിച്ച് അവനെ സൈഡിലേക്ക് മാറ്റി നിര്‍ത്തി. ഞാന്‍ ജീപ്പില്‍നിന്നിറങ്ങിയതും കെവിന്‍ മമ്മിയുടെ പിടിവിടുവിച്ച് ഓടിവന്ന് എന്റെ കൈയില്‍ തൂങ്ങി. ഞാനവനെ ഒറ്റക്കൈയില്‍ പൊക്കിയെടുത്തു. 
'ചെറുക്കന്റെ ഒരു കാര്യം.'
രേഷ്മ പരിഭവിച്ചു. 
'അവന്‍ കളിക്കട്ടെടീ...' ഞാന്‍ ചിരിച്ചുകൊണ്ട് അവന്റെ മുടിയില്‍ തലോടി.
അനിലിനോടു രാവിലെ എട്ടു മണിക്ക് എത്താന്‍ പറഞ്ഞ് ഞാന്‍ സിറ്റൗട്ടിലേക്കു കയറി. അനില്‍ വണ്ടി ഗേറ്റിനു പുറത്തിറക്കി നിര്‍ത്തി ഗേറ്റടച്ചശേഷം ഓടിച്ചുപോയി. 

'ആരാണെന്നറിയാതെ പുറത്തിറങ്ങരുതെന്ന് ചെക്കനോട് ഞാന്‍ പലതവണ പറഞ്ഞിട്ടുള്ളതാ... കേക്കണ്ടേ?'
അവള്‍ കെവിനെ ശാസിച്ചു.
'ഞാന്‍ ഡാഡിയുടെ വണ്ടി കണ്ടതാ മമ്മീ.'
അവന്‍ ചിണുങ്ങി.
'ഗോപിതന്നെയാണല്ലേ ചെയ്തത്?'
അകത്തുകയറി വാതില്‍ അടയ്ക്കുന്നതിനിടയില്‍ രേഷ്മ ചോദിച്ചു.
'പിന്നെന്താ... അയാള്‍ ഒക്കെ കണ്‍ഫസ്സ് ചെയതല്ലോ. മാത്രമല്ല, കൊലയ്ക്കുശേഷം മുറി പൂട്ടിയിട്ട് ഒളിപ്പിച്ചുവെച്ച താക്കോല്‍ അയാള്‍തന്നെ എടുത്തു തന്നല്ലോ... അതല്ലേ ഏറ്റവും വലിയ തെളിവ്.'
'അപ്പോള്‍ പണി എളുപ്പം കഴിഞ്ഞുവല്ലേ? എന്നാലും അയാളുടെ സാഹചര്യങ്ങള്‍...'
'ശരിയാണ്. സത്യത്തില്‍ അയാള്‍ സ്വയരക്ഷാര്‍ഥം കൊന്നതാണ്. പക്ഷേ നമ്മുടെ കണ്ണില്‍ മര്‍ഡര്‍ ഈസ് മര്‍ഡര്‍.'
മുറിയിലെത്തി വസ്ത്രം മാറ്റിയപ്പോഴേക്കും കെവിന്‍ അന്നു പഠിപ്പിച്ച കണക്കുബുക്കുമായെത്തി. എക്‌സര്‍സൈസിനു കിട്ടിയ എക്‌സലന്റ് വിത്ത് സ്റ്റാര്‍ കാണിക്കാന്‍ വന്നതാണ്. ഞാനവനെ കവിളില്‍ തട്ടി അഭിനന്ദിച്ചു. അവന്‍ ഓടിപ്പോയി മറ്റൊരു ബുക്കെടുക്കാന്‍ തുടങ്ങുമ്പോഴേക്കും രേഷ്മ ഇടപെട്ടു.
'ഡാഡി ക്ഷീണിച്ചു വന്നതല്ലേ. ഒന്ന് ഫ്രഷ് ആയി വരട്ടെ മോനൂ...'
അവന്‍ എന്നെ നോക്കി ചിരിച്ചു. 

കുളി കഴിഞ്ഞ് ഹാളിലെത്തുമ്പോള്‍ രേഷ്മ ഭക്ഷണം ചൂടാക്കി വിളമ്പി വെച്ചിരുന്നു. കെവിന്‍ ഡൈനിങ് ടേബിളിന്റെ കസേരയില്‍ ഇരുന്ന് ഉറക്കം തൂങ്ങാന്‍ തുടങ്ങിയിരുന്നു. പാവം, സ്‌കൂളിലെ വിശേഷങ്ങള്‍ പറയാനായി ഉറങ്ങാതെ ഇത്രനേരം കാത്തിരിക്കുകയായിരുന്നു. ജോലിയുടെ തിരക്കു കാരണം അവന്റെ കൂടെയൊന്ന് കളിക്കാന്‍പോലും പറ്റാറില്ല. രേഷ്മ അവനെ എടുത്തുകൊണ്ടുപോയി ബെഡ്ഡില്‍ കിടത്തി. ഞാന്‍ ഭക്ഷണം കഴിച്ച് കൈ കഴുകുന്നതിനിടയില്‍ രേഷ്മ പാത്രങ്ങള്‍ കഴുകി വെടിപ്പാക്കി വെച്ചു.
'ഇപ്പോള്‍ മനസ്സിലെ ടെന്‍ഷന്‍ അല്പം കുറഞ്ഞില്ലേ?'
അലക്കി കംഫര്‍ട്ട് മുക്കിയുണക്കി പുതുതായി വിരിച്ച ബെഡ്ഷീറ്റിന്റെ സുഗന്ധത്തില്‍ ലയിക്കുമ്പോള്‍ ചെറുചിരിയോടെ അവള്‍ കാതില്‍ ചോദിച്ചു. ഞാനവളെ വലതുകൈകൊണ്ട് ചുറ്റിപ്പിടിച്ച് നെഞ്ചോടു ചേര്‍ത്തു. നെറ്റിയില്‍ പതുക്കെ ചുംബിച്ചു.
                  
രാവിലെ സ്റ്റേഷനിലെത്തിയപ്പോള്‍ ബാലകൃഷ്ണന്‍ കാത്തുനില്ക്കുന്നുണ്ടായിരുന്നു. പുറത്ത് ചാറ്റല്‍മഴ പെയ്യുന്നുണ്ട്. അപ്രതീക്ഷിതമായെത്തിയ മഴത്തുള്ളികള്‍ വൃക്ഷത്തലപ്പുകളില്‍ പവിഴമുത്തുകളായി. മേഘക്കീറുകള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന സൂര്യരശ്മികള്‍ മഴത്തുള്ളികളില്‍ തട്ടി മഴവില്ലു വിരിയിക്കുന്നത് കുറച്ചുനേരം നോക്കിനിന്നുപോയി. മനസ്സിലേക്ക് എങ്ങുനിന്നോ ഉന്മേഷം വന്നു നിറയുന്നതുപോലെ.
ഗോപിയെ മുകളിലേക്കു കൊണ്ടുവരാന്‍ നിര്‍ദേശം നല്കി കോണിപ്പടികള്‍ കയറി. 
ഗോപിയും ബാലകൃഷ്ണനും മുകളിലെത്തുമ്പോള്‍ ഞാന്‍ മൊബൈലില്‍ ഓണ്‍ലൈന്‍ വാര്‍ത്തകളിലൂടെ കണ്ണോടിക്കുകയായിരുന്നു. ഗോപി തലേ ദിവസത്തെക്കാള്‍ ഒന്നുകൂടെ ഉഷാറായിട്ടുണ്ട്.
'സര്‍, ഇയാള്‍ ഒന്ന് കുളിക്കാന്‍ പറ്റുമോ എന്നു ചോദിച്ചു.'
'അതിനെന്താ. അയാള്‍ക്ക് ഒരു തോര്‍ത്ത് സംഘടിപ്പിച്ച് കൊടുക്കൂ.'
ഗോപി കുളിച്ച് വൃത്തിയായി വരുമ്പോഴേക്കും വിക്രമന്‍ എസ്.ഐയുടെ ക്വാര്‍ട്ടേഴ്‌സില്‍നിന്നും ഒരു പഴയ കാവിമുണ്ടും ടീഷര്‍ട്ടും കൊണ്ടുവന്നിരുന്നു. ഇട്ടിരുന്ന വസ്ത്രങ്ങള്‍ കഴുകി അയയില്‍ വിരിച്ചശേഷം ഗോപി കാവിമുണ്ടും ടീഷര്‍ട്ടും ധരിച്ചു. അയാളില്‍ ഒരു ഫ്രഷ്‌നെസ് ഫീല്‍ ചെയ്തു. ഗോപിയുടെ മനസ്സൊന്നു തണുത്തെന്നു തോന്നിയപ്പോള്‍ ഞാന്‍ ഒരു കസേര നീക്കിയിട്ട ശേഷം ഇരിക്കാന്‍ പറഞ്ഞു. അയാള്‍ ഇരുന്നു. സ്റ്റേഷനിലെ രീതികളും പോലീസുകാരും അയാള്‍ക്ക് പരിചിതമായിക്കഴിഞ്ഞിരുന്നു. പി.ടി.എസ്. ഒരു ഫ്‌ളാസ്‌കില്‍ ചായയും മൂന്നു ഗ്ലാസുകളുമായി വന്ന് ചായ പകര്‍ന്ന് മേശമേല്‍ വെച്ചു. ഒരു ഫൈബര്‍ പ്ലേറ്റില്‍ കഴിക്കാനായി വാഴയിലയില്‍ പുഴുങ്ങിയെടുത്ത ചൂടുള്ള അടയും നിരത്തി. ഗോപി ബാലകൃഷ്ണന്‍ നീട്ടിയ ചായ ഗ്ലാസ് വാങ്ങി ഒരു കവിള്‍ കുടിച്ചു. നല്ല ചൂടുണ്ട്. പ്ലേറ്റിലെ അടയില്‍നിന്നും ഒന്നെടുത്ത് ബാലകൃഷ്ണന്‍ കഴിക്കാന്‍ തുടങ്ങി. രേഷ്മ വിളമ്പിയ കള്ളപ്പത്തിന്റെയും ബീഫിന്റെയും രുചി കളയേണ്ടെന്നു വെച്ച് ഞാന്‍ ഒന്നും കഴിച്ചില്ല. എവിടെ തുടങ്ങണമെന്നുള്ള ചിന്തയിലായിരുന്നു. മാവേലിക്കര പോലീസുമായി ബന്ധപ്പെട്ടെങ്കിലും കാര്യമായ വിവരമൊന്നും ലഭിച്ചില്ല. കേസിപ്പോഴും ലോങ് പെന്‍ഡിങ്ങായി ക്രൈംബ്രാഞ്ചിന്റെ കൈയിലാണെന്നു തോന്നുന്നു. പക്ഷേ, കുറുപ്പിന്റെ അന്നത്തെ ആരോഗ്യസ്ഥിതിയും എയര്‍ഫോഴ്‌സ് ചരിത്രവും വെച്ചുനോക്കുമ്പോള്‍ ഗോപിയുടെ ശാരീരികസ്ഥിതി അതിനോടു മാച്ചാവുന്നില്ല. മാത്രമല്ല, 1984-ല്‍ കുറുപ്പിനു പ്രായം 38 ആണെങ്കില്‍ 2014- ല്‍ 68 വയസ്സ്. ഒറ്റനോട്ടത്തില്‍ പ്രായം തോന്നിക്കുമെങ്കിലും ഇയാള്‍ക്ക് അന്‍പതിനോടടുത്തേ പ്രായം കാണാന്‍ സാധ്യതയുള്ളുവെന്നാണ് ബാലകൃഷ്ണന്റെ കണക്ക്. എന്തായാലും എസ്.സി.ആര്‍.ബിയില്‍ നിന്നുള്ള വിവരം ലഭിക്കുംവരെ ചോദ്യം ചെയ്യല്‍ തുടരാം. 

'ഗോപിയേട്ടാ... നിങ്ങള്‍ ഏതു വരെ പഠിച്ചു?'
'ഒന്‍പതാം ക്ലാസ് വരെ,' അയാള്‍ ചായ ഊതിക്കുടിച്ചുകൊണ്ട് പറഞ്ഞു.
'ഓകെ. ഏതു സ്‌കൂളിലായിരുന്നുവെന്ന് ഓര്‍മയുണ്ടോ?'
'വര്‍ഷങ്ങളായില്ലേ സാര്‍... ഒന്നും അങ്ങോട്ട് ഓര്‍മ കിട്ടുന്നില്ല. പക്ഷേ ചെറിയ ക്ലാസില്‍ ഒക്കെ ഹിന്ദിയിലായിരുന്നു ക്ലാസുകള്‍ എടുത്തിരുന്നത് എന്നോര്‍ക്കുന്നു. അതുമാത്രം അവ്യക്തമായി ഓര്‍മയില്‍ നില്ക്കുന്നുണ്ട്.'
'ഹിന്ദി എന്നു പറയുമ്പോള്‍ കേന്ദ്രീയവിദ്യാലയം. അതോ ഉത്തരേന്ത്യ ...?'
'ഓര്‍മയില്ല സാര്‍. ഞാനതേക്കുറിച്ച് ഓര്‍ക്കാന്‍ ശ്രമിച്ചിട്ടേയില്ല. ഓര്‍ത്താല്‍ അമ്മയുടെ മുഖം ഓര്‍മവരും. പണ്ട് ഞാന്‍ ഒരുപാട് കരഞ്ഞിട്ടുണ്ട്. അവസാനമായി അമ്മയെ കാണുന്നത് ഒരുപാട് ബസ്സുകളൊക്കെയുള്ള ഒരു വലിയ ടൗണില്‍ വെച്ചായിരുന്നു. മലയാളമായിരുന്നില്ല അവിടെ സംസാരിച്ചിരുന്നത്.'
അയാള്‍ ഒന്നു നിര്‍ത്തി. ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത രംഗങ്ങള്‍ പലതും മുന്നില്‍ തെളിഞ്ഞിട്ടെന്നപോലെ മുഖം ചുവന്നു. കണ്ണുകള്‍ നിറഞ്ഞു. ഒരുനിമിഷം വികാരനിര്‍ഭരനായി അയാള്‍ പറഞ്ഞു:
'സാറേ, ജയിലില്‍ പോകുന്നതിനു മുന്‍പ് എനിക്കൊരു ആഗ്രഹമേയുള്ളു. എന്റെ അമ്മയെ ഒന്നു കാണണം. ജീവിച്ചിരിപ്പുണ്ടാവുമോയെന്നറിയില്ല.'
അയാള്‍ വിതുമ്പിപ്പോകാതിരിക്കാന്‍ പാടുപെട്ടു. 
'തീര്‍ച്ചയായും ഞങ്ങള്‍ സഹായിക്കാം. പക്ഷേ നിങ്ങളുടെ വീടും സ്ഥലവുമൊക്കെ കണ്ടുപിടിക്കണമെങ്കില്‍ നിങ്ങള്‍ തന്നെ ശ്രമിക്കണം. ഓര്‍മയില്‍നിന്നും നിങ്ങള്‍ തരുന്ന ഓരോ വിവരങ്ങളും ചേര്‍ത്തു വെച്ച് ഞങ്ങള്‍ പരിശോധിക്കും. അതിനായി ഓരോ കാര്യങ്ങളും ഓര്‍ത്തെടുക്കണം'.
എന്റെ വാക്കുകള്‍ അയാളില്‍ അല്പമെങ്കിലും ആത്മവിശ്വാസമുണര്‍ത്തി എന്നു തോന്നുന്നു. അയാളുടെ മുഖം ഏറക്കുറേ പ്രസന്നമായി. 
'ഞാനിന്നലെ രാത്രിയില്‍ മുഴുവന്‍ അതേക്കുറിച്ചായിരുന്നു ചിന്തിച്ചത്. പക്ഷേ ഓര്‍മിച്ചെടുക്കാനാവുന്നില്ല സാര്‍.'
ഞാന്‍ കസേരയില്‍ കുറച്ചു മുന്നോട്ടാഞ്ഞിരുന്നു.
'ഗോപിയേട്ടാ, ആദ്യം മനസ്സ് ശാന്തമാക്കുക. മറ്റെല്ലാറ്റിനേയും തത്കാലം നമുക്ക് മറക്കാം. എന്നിട്ട് പിന്നിലേക്കു സഞ്ചരിക്കാം. നിങ്ങള്‍ ക്വാറിയില്‍ ജോലി തുടങ്ങിയ കാലം മുതല്‍ പിന്നോട്ടു പോകാം... അങ്ങനെയെങ്കില്‍ ഒരുപക്ഷേ നിങ്ങള്‍ക്ക് നിങ്ങളുടെ നാട്ടിലെത്താനായേക്കും.'
ഗോപി ഒന്നും മിണ്ടിയില്ല. അയാള്‍ ചിന്തയിലാണ്.

'ഒരു കാര്യം ചെയ്യൂ,' 
ഗോപി ബാലകൃഷ്ണനെ നോക്കി.
'നിങ്ങള്‍ അമ്മയെ മിസ്സായ സ്ഥലത്തേക്കുറിച്ച് പറഞ്ഞില്ലേ?  നമുക്കവിടെനിന്നും തുടങ്ങാം.'
'ശരിയാണ്. ആ സംഭവം എങ്ങനെയായിരുന്നു... ഒന്ന് ഓര്‍ത്ത് നോക്കാമോ?'
ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഗോപി മറുപടി പറഞ്ഞില്ല. പകരം അയാള്‍ കണ്ണുകള്‍ അടച്ചിരുന്നു. ഞങ്ങള്‍ ശല്യപ്പെടുത്തിയില്ല. ബാലകൃഷ്ണന്‍ എഴുന്നേറ്റ് താഴേക്കിറങ്ങുന്ന വാതില്‍ ചാരി. മുറിയില്‍ നിശ്ശബ്ദത കയറി വന്നു. തുറന്നിട്ട ജനാലയിലൂടെ കാലത്തു പെയ്ത മഴയുടെ തണുപ്പെത്തുന്നുണ്ട്. ഞാന്‍ ജനാലയിലൂടെ പുറത്തേക്കു നോക്കി. ആകാശം മേഘാവൃതമാണ്. നല്ലൊരു മഴയ്ക്കുള്ള കോപ്പുകൂട്ടലാണ്. പത്തു മിനിറ്റോളം നീണ്ട മൗനത്തിനുശേഷം അയാള്‍ കണ്ണുകള്‍ പതിയെ തുറന്നു. ചുണ്ടുകള്‍ ചലിച്ചു:
'കുറച്ചൊക്കെ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയാണ് ഞാന്‍.'
ഞങ്ങള്‍ രണ്ടുപേരും ഉദ്വേഗത്തോടെ അയാളെ നോക്കി. അയാള്‍ പുറത്തെ കറുത്തിരുണ്ട ആകാശത്തിലേക്ക് കണ്ണും നട്ടിരിക്കുകയാണ്. അകലെ ഏതോ ഒരു ബിന്ദുവില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഗോപി പറഞ്ഞു തുടങ്ങി, 
'എന്റെ അമ്മ ഒരുപാട് സ്‌നേഹമുള്ളവളായിരുന്നു. എല്ലാവരോടും. അതിലേറെ, എന്റെ ഏതു ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമായിരുന്നു അമ്മ. ഒന്നൊഴികെ.'
ഒന്നു നിര്‍ത്തി, പുറത്തേക്കുള്ള നോട്ടത്തില്‍നിന്നും വ്യതിചലിക്കാതെ അയാള്‍ തുടര്‍ന്നു,
'എന്റെ അച്ഛനാരാണെന്ന ചോദ്യത്തിനു മാത്രം അവര്‍ ഉത്തരം തന്നില്ല. എന്നോടു മാത്രമല്ല ആരോടും ആ ഉത്തരം അമ്മ പറഞ്ഞില്ല. നാലാം ക്ലാസു വരെ ഏതോ നാട്ടിലായിരുന്നു താമസം. ഞാന്‍ മുന്‍പ് പറഞ്ഞില്ലേ, ഹിന്ദിയില്‍ പഠിപ്പിക്കുന്ന സാറുമ്മാര്‍, ഹിന്ദി മാത്രം സംസാരിക്കുന്ന കുട്ടികള്‍. അവിടെ എനിക്കങ്ങനെ കൂട്ടുകാരൊന്നും ഉണ്ടായിരുന്നില്ല. ചിലപ്പോഴൊക്കെ അമ്മ എന്നെയുംകൊണ്ട് കാട്ടിലുള്ള ആദിവാസിവീടുകളില്‍ താമസിക്കുമായിരുന്നു. ഒരു ദിവസം പോലീസുകാര്‍ സ്‌കൂളില്‍ വന്ന് എന്നെ വിളിച്ച് എന്തൊക്കെയോ ഹിന്ദിയില്‍ ചോദിച്ചിരുന്നു. ഞാനത് വൈകീട്ട് അമ്മയോടു പറഞ്ഞു. അന്നു രാത്രിതന്നെ രണ്ടുപേര്‍ ഞങ്ങളേയും കൂട്ടി രണ്ടുമൂന്നു ബാഗുകളില്‍ സാധനങ്ങളുമായി അമ്മയുടെ നാട്ടിലേക്കു വന്നു. ട്രെയിനിലും ബസ്സിലും മറ്റുമായിരുന്നു യാത്ര.'

'എത്ര നേരം യാത്ര ചെയ്തുവെന്ന് ഓര്‍മയുണ്ടോ?'
'ഇല്ല സര്‍. എന്തായാലും രാത്രിയും പകലുമൊക്കെ യാത്രയിലായിരുന്നു. ഒടുവില്‍ തറവാട്ടിലെത്തുന്നതിനു തൊട്ടുമുന്‍പ് കൂടെവന്ന രണ്ടുപേരും തിരികെ പോയി. വീട്ടിലെത്തുമ്പോഴല്ലേ പൂരം. പ്രായമായ ഒരാള്‍ വലിയൊരു വടിയും കുത്തിപ്പിടിച്ച് ഇറയത്തേക്കു വന്നു. അയാള്‍ അമ്മയുടെ മുഖത്ത് ആഞ്ഞടിച്ചു. ഒരുപാട് ദേഷ്യപ്പെട്ടു. ബഹളം കേട്ട് മൂന്നുനാലു പേര്‍ പുറത്തേു വന്ന് അയാളെ പിടിച്ച് അകത്തേക്കു കൊണ്ടുപോയി. അപ്പോഴൊന്നും അമ്മ കരഞ്ഞതായി ഞാന്‍ ഓര്‍ക്കുന്നില്ല. ഒടുവില്‍ തിണ്ണയില്‍ തളര്‍ന്നിരുന്ന അമ്മയെയും കൂട്ടി എന്റെ കൈയും പിടിച്ച് ഒരു ചെറുപ്പക്കാരന്‍ പുറത്തേക്കു നടന്നു. പിന്നിലൂടെ വന്ന് പ്രായമായ ഒരമ്മ താക്കോല്‍കൂട്ടംപോലെ എന്തോ ഒന്ന് അയാളുടെ കൈയില്‍ കൊടുക്കുന്നതു കണ്ടിരുന്നു. പിന്നീട് ദൂരെ ഒരു വീട്ടില്‍ ഞങ്ങളെയാക്കി കുറേ സാധനങ്ങളും വാങ്ങിത്തന്ന് അയാളും പോയി. അത് അമ്മയുടെ അനുജനാണെന്ന് പിന്നീടറിഞ്ഞു. തല്ലിയ ആള്‍ അച്ഛനാണെന്നും മറ്റുള്ളവര്‍ അമ്മയും സഹോദരന്മാരുമാണെന്നും കാലക്രമത്തില്‍ അമ്മ പറഞ്ഞുതന്നിരുന്നു. അമ്മയുടെ അച്ഛന്റെ കലി അല്പംപോലും അടങ്ങിയിരുന്നില്ല. അതുകൊണ്ടാവാം തറവാടിനു പുറത്തെ ഒരു ഒറ്റപ്പെട്ട വീട്ടിലായിരുന്നു ഞാനും അമ്മയും പിന്നീടങ്ങോട്ട് താമസിച്ചത്. അമ്മയുടെ അച്ഛന് മരത്തിന്റെ കച്ചോടമായിരുന്നുവെന്നാണ് എന്റെ ഓര്‍മ. അവിടെ ആനയൊക്കെയുണ്ടായിരുന്നു. അമ്മമ്മയേയും അമ്മാവന്മാരേയും പിന്നെ ഒന്നോ രണ്ടോ തവണ കണ്ടിട്ടുണ്ട്. അവരെല്ലാവരും അമ്മയുടെ അച്ഛനെ ഒരുപാട് പേടിച്ചിരുന്നു. ഞങ്ങളുടെ അടുത്ത് വരുന്നതില്‍നിന്ന് അവരെ വിലക്കിയിരുന്നു. പക്ഷേ എപ്പോഴെങ്കിലും അവര്‍ ഒളിച്ചും പാത്തും അമ്മയുടെ അരികില്‍ എത്തുമായിരുന്നു.'
അയാള്‍ ഒന്നു നിര്‍ത്തി.

'വെരി ഗുഡ്. ഇത്രയും കാര്യങ്ങള്‍ ഓര്‍ത്തെടുത്തല്ലോ... ഒന്നുകൂടി ശ്രമിച്ചാല്‍ ഇനിയും പലതും ഓര്‍ക്കാനാവും.'
ബാലകൃഷ്ണന്‍ പ്രോത്സാഹിപ്പിച്ചു.
'ഒരിക്കല്‍ വീട്ടില്‍ ഒരു വലിയ പ്രശ്‌നം നടന്നത് ഞാനോര്‍ക്കുന്നു. അന്ന് ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുകയായിരുന്നു. ഒരു രാത്രിയില്‍ ഹിന്ദി സംസാരിക്കുന്ന താടിയൊക്കെ വെച്ച ഒരാള്‍ എന്റെ വീട്ടില്‍ വന്നു. അയാളോട് അമ്മ സ്‌നേഹത്തിലാണ് പെരുമാറിയത്. അയാള്‍ എന്നെ കെട്ടിപ്പിടിക്കുകയും ഉമ്മവെക്കുകയുമൊക്കെ ചെയ്തു. രണ്ടു ദിവസമോ മറ്റോ അയാള്‍ വീട്ടില്‍ ഉണ്ടായിരുന്നു. മൂന്നാം നാള്‍ പോലീസുകാരടക്കം കുറേ പേര്‍ തോക്കുകളും മറ്റുമായി വന്ന് അയാളെ പിടിച്ചുകൊണ്ടുപോയി. ഞാന്‍ വല്ലാതെ പേടിച്ചുപോയി. അത് കഴിഞ്ഞുള്ള രണ്ടു മൂന്നു രാത്രികള്‍ എനിക്ക് ഉറങ്ങാനായില്ല. അന്നാണ് അമ്മ കരയുന്നത് ആദ്യമായി ഞാന്‍ കണ്ടത്.'
'എന്നിട്ട്?'
എനിക്ക് കൂടുതല്‍ ആകാംക്ഷയായി.
'പിന്നീട് ഒന്നുരണ്ട് വര്‍ഷത്തേക്ക് അയാളെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. ഞാന്‍ നാലാം ക്ലാസ് മുതലാണ് അമ്മയുടെ തറവാടിനടുത്തുള്ള സ്‌കൂളില്‍ പഠിക്കാന്‍ തുടങ്ങുന്നത്. അതുവരെ ഹിന്ദി മാത്രം അറിയാമായിരുന്ന എന്നെ മലയാളം പഠിപ്പിച്ചുതന്നത് ശ്യാമളയാണ്.'
'ശ്യാമള. അതു നന്നായി. അമ്മയെ കൂടാതെ ഒരാളുടെ കൂടെ പേര് ഓര്‍ക്കാന്‍ പറ്റിയല്ലോ'
'ശരിയാണ്. ശ്യാമള... അവള്‍ എന്റെ കളിക്കൂട്ടുകാരി ആയിരുന്നു. തറവാട്ടിലെ കാര്യസ്ഥന്റെ മകള്‍. സദാസമയവും അവള്‍ എന്നോടൊപ്പമുണ്ടാകും. എന്റെ എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധാലുവായിരുന്നു. എന്റെ അമ്മയ്ക്കും ജീവനായിരുന്നു അവള്‍.'
ഒരു നിമിഷം അയാള്‍ വല്ലാത്തൊരു അനുഭൂതിയിലമര്‍ന്നതുപോലെ പുഞ്ചിരിച്ചു. ഗോപിയുടെ മുഖത്ത് ആദ്യമായാണ് ഞാന്‍ അങ്ങനെയൊരു പ്രകാശം കണ്ടത്.

'ഒരിക്കല്‍ സ്‌കൂളില്‍നിന്ന് വരുന്ന വഴിക്കുള്ള പഴയ കാവിനു പിന്നില്‍ വെച്ച് അവള്‍ ചോറ്റുപാത്രത്തോടൊപ്പം സൂക്ഷിച്ച ഒരു ചെറിയ പൂമാലയെടുത്ത് എന്നോടത് അവളുടെ കഴുത്തിലിടാന്‍ പറഞ്ഞു. ഞാനൊന്ന് ശങ്കിച്ചുനിന്നു. എനിക്കൊന്നും മനസ്സിലായില്ല.
'ഗോപിയേട്ടന്‍ എന്നെ കല്യാണം കഴിക്കണം.'
ഞാന്‍ പേടിച്ചുപോയി. ഞാന്‍ പകച്ചുനില്ക്കുന്നതു കണ്ട് അവള്‍ ചുറ്റും നോക്കിയിട്ട് ആ മാല എന്റെ കഴുത്തിലേക്കിട്ടു. എന്നിട്ട് നാണത്തോടെ ഓടിപ്പോയി. അവളുടെ കാലിലെ കൊലുസിന്റെ കിലുക്കം ഇപ്പോഴും എന്റെ കാതിലുണ്ട്.'
ഗോപി  കുട്ടിക്കാലത്തിന്റെ നിറമുള്ള അനുഭവങ്ങളില്‍ മതിമറന്നിരിക്കുകയാണ്. ഞങ്ങള്‍ അയാളെ ആ അവസ്ഥയില്‍ തുടരാന്‍ അനുവദിച്ച് നിശ്ശബ്ദരായി ഇരുന്നു. അല്പനിമിഷങ്ങള്‍ക്കു ശേഷം ഒരു നെടുവീര്‍പ്പിലൂടെ അയാള്‍ ആ ഉന്മാദഭാവത്തില്‍നിന്നു തിരിച്ചെത്തി. വീണ്ടും കുറച്ചു നേരം അയാള്‍ തറയിലേക്കു നോക്കി ചിന്താമഗ്നനായി ഇരുന്നു. ഞാന്‍ ഫ്‌ളാസ്‌ക് തുറന്ന് ചൂടു ചായ രണ്ടു ഗ്ലാസുകളില്‍ ഒഴിച്ച് ഒന്ന് ഗോപിക്ക് നീട്ടി. മറ്റേത് ഞാന്‍ ഊതിക്കുടിച്ചു തുടങ്ങി. ഗോപി ചായ ഗ്ലാസില്‍ പിടിച്ച് കുറച്ചു നേരം വെളിയിലേക്കു നോക്കിയിരുന്നു. പെട്ടെന്ന് പുറത്ത് മഴ പെയ്യാന്‍ തുടങ്ങി. മഴയിലേക്കു നോക്കിയിരുന്ന് ഗോപി പറഞ്ഞു,

'പിന്നീടെപ്പോഴോ ഒരിക്കല്‍ അമ്മയെ അന്വേഷിച്ച് ഒരു പോസ്റ്റുമാന്‍ വന്നിരുന്നു. അയാള്‍ അമ്മയ്ക്ക് ഒരു കടലാസ് കൈമാറിയിട്ട് തിരികെ പോയി. അമ്മ ആ കടലാസില്‍ നോക്കി കുറേ നേരം ഇരുന്നതും എന്തുചെയ്യണമെന്നറിയാതെ ഇരുന്ന ഇരുപ്പില്‍ വിങ്ങിപ്പൊട്ടിയതും എനിക്കോര്‍മയുണ്ട്. പിറ്റേന്ന് ഒരു ബാഗുമെടുത്ത് എന്റെ കൈയും പിടിച്ച് അമ്മ യാത്രയാരംഭിച്ചു. കുറേ ബസ്സുകളിലും പിന്നെ ട്രെയിനിലും മറ്റും യാത്ര ചെയ്തത് ഓര്‍ക്കുന്നു. രാത്രിയായപ്പോള്‍ വലിയൊരു ടൗണിലെത്തി. അമ്മ വല്ലാതെ ഭയപ്പെടുന്നതുപോലെ എനിക്കു തോന്നി. ട്രെയിനിറങ്ങി നടക്കുന്നതിനിടെ അമ്മ കൂടക്കൂടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. കുറേ ബസ്സുകളൊക്കെയുള്ള സ്ഥലത്ത് എത്തിയപ്പോള്‍ എന്നെ ഒരു സിമന്റ് ബെഞ്ചിലിരുത്തിയ ശേഷം അമ്മ അപ്പുറത്തേക്കു മാറുന്നതും ആരൊക്കെയോ അമ്മയുടെ അടുത്തേക്ക് നീങ്ങുന്നതും കണ്ടു. കുറച്ചു നേരം കഴിഞ്ഞ് അമ്മ ഇരുട്ടിലേക്ക് ഓടി മറഞ്ഞതുപോലെ എനിക്കു തോന്നി. ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു. കുറച്ചുപേര്‍ എന്റെ ചുറ്റും കൂടി. അവരില്‍ ആരൊക്കെയോ 'പോലീസ്് പോലീസ്' എന്നോ മറ്റോ പറയുന്നുണ്ടായിരുന്നു. ഞാന്‍ കരഞ്ഞുകരഞ്ഞ് തളര്‍ന്നുവീണു. പിന്നീട് കണ്ണുകള്‍ തുറക്കുമ്പോള്‍ ഞാനൊരു ഓലമേഞ്ഞ വീട്ടിലെ പായയില്‍ കിടക്കുകയായിരുന്നു. അതിനടുത്തുളള കരിങ്കല്‍ ക്വാറിയില്‍നിന്നാണ് ഒറ്റയ്ക്കുള്ള ജീവിതത്തിന്റെ തുടക്കം. ആദ്യമൊക്കെ ഞാന്‍ ആരും കാണാതെ വല്ലാതെ കരയുമായിരുന്നു. പിന്നെ കണ്ണീരില്ലാത്തതുപോലെയായി. എന്നെ കൂട്ടിക്കൊണ്ടുവന്നയാള്‍ മരിച്ചപ്പോള്‍ ഞാന്‍ കര്‍ണാടകയിലെത്തി. അവിടെ പല സ്ഥലങ്ങളില്‍ കല്‍പ്പണിയെടുത്ത ശേഷം ഒടുവില്‍ ചേനക്കല്ലിലുമെത്തി.'

അയാള്‍ സംസാരം നിര്‍ത്തി പുറത്തേക്കു കണ്ണുകള്‍ പായിച്ചു. അപ്പോഴും പുറത്ത് മഴ തിമിര്‍ക്കുകയായിരുന്നു. നനുത്ത കാറ്റിന്റെ കുളിര്‍മയില്‍ ഞങ്ങള്‍ കുറച്ചു നേരം മിണ്ടാതെയിരുന്നു. ഗോപി പറഞ്ഞ കഥ കൂടുതല്‍ ചോദ്യങ്ങളെ പെറ്റുകൂട്ടുകയാണ് ചെയ്തത്. ഇയാളുടെ അച്ഛന്‍ ആരായിരുന്നു..?
എന്തായിരുന്നു അയാളുടെ ജോലി?
അയാള്‍ ഏതു നാട്ടുകാരനാണ്? എങ്ങനെയാണ് ആ കാലഘട്ടത്തില്‍ അയാള്‍ ഗോപിയുടെ അമ്മയെ കണ്ടുമുട്ടിയത്?
ഹിന്ദി മാത്രം സംസാരിക്കുന്ന കുട്ടികള്‍...
ചോദ്യങ്ങള്‍ക്കൊന്നും തൃപ്തികരമായ മറുപടികള്‍ കണ്ടെത്താനാവുന്നില്ല. ഗോപിയുടെ കഥയിലെ മുറിഞ്ഞുപോയ കണ്ണികള്‍ എങ്ങനെയെങ്കിലും വിളക്കിച്ചേര്‍ക്കണം. ഞാന്‍ മുന്നിലിരിക്കുന്ന ഗോപിയെ നോക്കി. അയാള്‍ മറ്റേതോ ലോകത്താണ്. 
'ഗോപിയേട്ടാ... നിങ്ങളുടെ ആഗ്രഹം നിറവേറ്റുകയെന്നത് ഇന്നിപ്പോള്‍ ഞങ്ങളുടെ കടമയായാണ് ഞാന്‍ കരുതുന്നത്. നിങ്ങള്‍ സ്വസ്ഥമായിരുന്ന് നന്നായി ആലോചിക്കുക. നമുക്കെന്തെങ്കിലും വഴി തുറന്ന് കിട്ടാതിരിക്കില്ല.'
ഇതുവരെ ഗോപി ആയിരുന്ന ഈ മനുഷ്യന്‍ ഞാന്‍ പോലുമറിയാതെ എനിക്ക് ഗോപിയേട്ടന്‍ ആയിത്തീര്‍ന്നിരിക്കുന്നു. അയാളുടെ ഭൂതകാലം എന്നെ അയാളിലേക്ക് വലിച്ചടുപ്പിച്ചപോലെ. 
ഗോപിയേട്ടന്‍ എന്നെ നോക്കി തലയാട്ടി.
 
'മറ്റു പണികള്‍ ഒന്നുമില്ലാത്തതുകൊണ്ട് ഞാന്‍ മാക്‌സിമം ആലോചിച്ചെടുക്കാന്‍ ശ്രമിക്കാം സാര്‍.'
'ഓകെ. താഴെപ്പോയി ഭക്ഷണം കഴിച്ച് വിശ്രമിക്കൂ. നമുക്ക് ഉച്ചയ്ക്കു ശേഷം വീണ്ടുമിരിക്കാം.'
ഗോപിയെയും കൂട്ടി ഞാനും ബാലകൃഷ്ണനും താഴേക്കിറങ്ങി. താഴെ എസ്.ഐയുടെ മുറിക്കു മുന്നില്‍ പതിവുപോലെ നല്ല തിരക്കാണ്. 
എബിന്‍ പെറ്റിഷന്‍ ഡിസ്‌പോസല്‍ ഡ്യൂട്ടിയിലാണ്. പുറത്തേക്കിറങ്ങുമ്പോള്‍ എസ്.ഐയുടെ മുറിയില്‍നിന്നുള്ള സംസാരം അല്പനേരം ഞാന്‍ ശ്രദ്ധിച്ചു. എബിന്‍ മെച്ചപ്പെട്ടുവരുന്നുണ്ട്. പരാതിക്കാരെ അയാള്‍ നല്ലരീതിയില്‍ കൈകാര്യം ചെയ്യുന്നുണ്ട്. സ്റ്റേഷനതിര്‍ത്തിയിലെ പെറ്റിഷന്‍ ഡിസ്‌പോസല്‍ പ്രോപ്പറല്ലെങ്കില്‍ ക്രൈം കേസുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കും. ഞാന്‍ വണ്ടിയിലേക്ക് കയറുമ്പോഴേക്കും എബിന്‍ ചാടിയിറങ്ങി പുറത്തേക്കു വന്ന് സല്യൂട്ട് ചെയ്തു.
'എബിന്‍, പ്ലീസ് ക്യാരി ഓണ്‍. ഞാനിപ്പോള്‍ തിരിച്ചുവരും.'
ബാലകൃഷ്ണന്‍ വന്ന് വണ്ടിയില്‍ കയറി. വണ്ടി സ്റ്റേഷന്‍ ഗേറ്റ് വഴി പുറത്തേക്കിറങ്ങി. 
'എങ്ങോട്ടു പോകണം സാര്‍?'
'നേരെ ഗസ്റ്റ്ഹൗസിലേക്ക് വിട്ടോ...'
വണ്ടി താഴേക്കിറങ്ങി അമ്പലത്തിനു മുന്നിലൂടെ വലതുവശത്തേക്ക് തിരിഞ്ഞ് ആല്‍ത്തറയുടെ സമീപത്തുകൂടി ഗസ്റ്റ്ഹൗസിന്റെ ഗേറ്റിനു മുന്നിലെത്തി. പോലീസ്‌വണ്ടി വരുന്നതു കണ്ട് ഗസ്റ്റ്ഹൗസ് മാനേജര്‍ പുറത്തേക്കിറങ്ങി വന്നു.
'ഗോപാലേട്ടാ... നമസ്‌കാരം.'
'നമസ്‌കാരം സാര്‍. റൂമിലിരിക്കണോ അതോ ഡൈനിങ് ഹാളിലിരിക്കുന്നോ?'
'റൂമിലിരിക്കാം. ഊണ് മതീട്ടോ...'
ഗോപാലേട്ടന്‍ ഓടിച്ചെന്ന് 101 നമ്പര്‍ മുറിയുടെ താക്കോലെടുത്തു വന്ന് മുറി തുറന്ന് ഫാനും ലൈറ്റുകളുമിട്ട ശേഷം പുറത്തേക്കു പോയി. ഞാനും ബാലകൃഷ്ണനും ഒരു മേശയ്ക്ക് ഇരുവശത്തുമായിരുന്നു. 

'ഗോപിയുടെ കഥ വളരെ സ്‌ട്രെയ്ഞ്ചായി തോന്നുന്നു.'
'ശരിയാണ് സര്‍. അയാളുടെ ഫാദര്‍ വല്ല തീവ്രവാദസംഘടനയിലും പെട്ടയാളായിരുന്നിരിക്കുമോ?'
ബാലകൃഷ്ണന്റെ പെട്ടെന്നുള്ള ചോദ്യം എന്നെ തെല്ലൊന്ന് അമ്പരപ്പിച്ചെങ്കിലും ആ സംശയത്തില്‍ കാര്യമുണ്ടെന്നു തോന്നി.  'ഹിന്ദി സംസാരിക്കുന്നതും പോലീസ് അന്വേഷിക്കുന്നയാളുമാകുമ്പോള്‍ അത് തീവ്രവാദിയോ കള്ളനോ ആകാം. ഇവിടെ ഗോപിയുടെ ചെറുപ്പകാലം ദാരിദ്ര്യത്തില്‍ മുങ്ങിയതിനാല്‍ ഒരു കാര്യമുറപ്പിക്കാം. അയാളൊരു ഓര്‍ഗനൈസ്ഡ് കളവിന്റെ കണ്ണിയല്ല.'
'മറിച്ച് ആദര്‍ശത്തിന്റെ തടവുകാരനായാലോ?'
ബാലകൃഷ്ണന്റെ സംശയം കുറച്ചുകൂടി സ്‌പെസിഫിക്കായി.
'എക്‌സാക്റ്റ്‌ലി. അതിലേക്കാണ് എന്റെ ചിന്തയും പോകുന്നത്. അങ്ങനെയാണെങ്കില്‍ അയാള്‍ നക്‌സലിസത്തിന്റെയോ മറ്റോ വക്താവായിരിക്കാം.'
'പക്ഷേ, ഗോപിയുടെ അമ്മയുമായുള്ള ബന്ധത്തിന്റെ പിന്നാമ്പുറം വ്യക്തമാവുന്നില്ല.'
'അതിനു നമുക്കു ഗോപിയുടെ അമ്മയുടെ പഠനവുമായി സംബന്ധിച്ചുള്ള കുറച്ച് ഡീറ്റയില്‍സ് കൂടി വേണം. കിട്ടും, നമുക്ക് പരിശ്രമിക്കാം.'
ഗോപാലേട്ടന്‍ രണ്ടു പ്ലെയ്റ്റുകളും രണ്ടു ഗ്ലാസുകളുമായി മുറിയിലേക്ക് വന്നു. തോളിലിട്ടിരുന്ന ടവല്‍ കൊണ്ട് തുടച്ച ശേഷം പ്ലെയ്റ്റുകള്‍ മേശപ്പുറത്ത് നിരത്തി. കൂടെ ഗ്ലാസുകളും വെച്ചു.

'നല്ല ആവോലി മുളകും ഉപ്പും മാത്രം പുരട്ടി വാഴയിലയില്‍ പൊതിഞ്ഞ് വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കട്ടെ? കുറച്ചു മുന്‍പ് കൊണ്ടുവന്നതേയുള്ളൂ... വെട്ടിയൊരുക്കി ഫ്രീസറില്‍ വെക്കാമെന്ന് കരുതിയതാ. സാറ് കുറേ നാളുകൂടി വന്നതല്ലേ?'
ഒന്ന് നിര്‍ത്തിയ ശേഷം എന്റെ മുഖത്തു നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു.
'അതോ ഞണ്ട് മുളകിട്ടതു വേണോ?'
'രണ്ടും എടുത്തോ... കുറേനാളായി ഗോപാലേട്ടന്റെ പ്രിപ്പറേഷന്‍സ് കഴിച്ചിട്ട്,'
ഞാന്‍ വായില്‍ നിറഞ്ഞ ഉമിനീര് ഇറക്കാന്‍ പാടുപെട്ടുകൊണ്ട് പറഞ്ഞു.
'ശരി. ഇപ്പോ കൊണ്ടുവരാം.'
ഗോപാലേട്ടന്‍ മുറിക്കു പുറത്തിറങ്ങി. പെട്ടെന്ന് ദഹനരസങ്ങള്‍ ഉത്പാദിപ്പിക്കപ്പെട്ടതുകൊണ്ടാവാം നല്ല വിശപ്പു തോന്നി. വയറ്റില്‍നിന്നുയര്‍ന്ന ചില സ്വരങ്ങള്‍ അതിന്റെ സൂചനയും നല്കി. ഗോപാലേട്ടന്‍ ചോറും കറികളുമായി തിരിച്ചെത്തി. സാമ്പാറും പുളിശ്ശേരിയും കൂടാതെ നല്ല അവിയലും കോവക്കാകൊണ്ടാട്ടവുമുണ്ട്. പപ്പടം സാമ്പാറും വെള്ളക്കുറുവ ചോറും കൂട്ടിക്കുഴച്ച് ഉരുളയാക്കി ഒറ്റപ്പിടിത്തം. മേമ്പൊടിക്ക് വാഴയിലയിലെ വെള്ള ആവോലി പൊള്ളിച്ചതും ഞണ്ടും... വാഹ്..!
ഞങ്ങള്‍ രണ്ടുപേരും സുഭിക്ഷമായി കഴിച്ചു. ഒടുവില്‍ ഗോപാലേട്ടന്റെ സ്‌പെഷല്‍ പരിപ്പുപായസവും കുടിച്ച് മുറിക്കു പുറത്തിറങ്ങി. ഡൈനിങ് ഹാളില്‍ മൂന്നുനാലു പേര്‍ ഭക്ഷണം കഴിക്കുന്നുണ്ട്. അവര്‍ക്കു വിളമ്പിക്കൊടുക്കാന്‍ ഗോപാലേട്ടന്റെ സഹായിയുണ്ട്. ഞങ്ങള്‍ കൗണ്ടറിനടുത്ത് നില്ക്കുന്നതു കണ്ട് ഗോപാലേട്ടന്‍ തിടുക്കത്തില്‍ നടന്നു വന്നു. ഞാന്‍ പോക്കറ്റില്‍നിന്നും പേഴ്‌സ് എടുക്കുന്നതു കണ്ട് ഞങ്ങള്‍ രണ്ടുപേരേയും നിര്‍ബന്ധിച്ച് കൂട്ടി സിറ്റൗട്ടിലേക്കിറങ്ങി.
'സാറെന്തു പണിയാ ഈ കാണിക്കുന്നേ? വല്ലപ്പോഴും വന്നൊരു ഊണു കഴിക്കുന്നതിനു കണക്കുവെക്കുന്നോ? ഛെ... മോശം.'

ഗോപാലേട്ടന്‍ എന്റെ ഇരുകൈകളും ചേര്‍ത്തുപിടിച്ചു.
'അന്നത്തെ ഉപകാരം എനിക്ക് മറക്കാനാവുമോ സാറേ?'
ഞാന്‍ അയാളെ നോക്കി ചിരിച്ചു. ഗോപാലേട്ടന്‍ ഞങ്ങളെ ജീപ്പിനടുത്തു വരെ വന്ന് യാത്രയാക്കി. വണ്ടി ഗേറ്റു കടന്ന് പോകുംവരെ നോക്കിനിന്ന ശേഷമാണ് ഹാളിലേക്കു കയറിപ്പോയത്.
'സാറേ അയാള് എന്റെ കൈയീന്നും പൈസ വാങ്ങിയില്ല,' 
ഡ്രൈവര്‍ അനില്‍ പറഞ്ഞു. എനിക്ക് അദ്ഭുതം തോന്നിയില്ല.
'അയാളങ്ങനെയാണ്. ഇഷ്ടപ്പെട്ടാല്‍പ്പിന്നെ സ്വന്തം പോലെയാണ്.'
കുറച്ച് ഉള്ളിലേക്കുള്ള ഗസ്റ്റ്ഹൗസ് ആയതുകൊണ്ട് വി.ഐ.പികള്‍ വളരെ വിരളമായേ വരാറുള്ളൂ. അവിടുത്തെ മാനേജരും പാചകക്കാരനും സപ്ലയറും എല്ലാം ഗോപാലേട്ടനാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് എസ്.ഐ. ആയിരുന്നപ്പോഴുള്ള ബന്ധമാണ്. അന്ന് മംഗലാപുരത്ത് വര്‍ഗീയലഹളയെത്തുടര്‍ന്നുണ്ടായ കര്‍ഫ്യൂവില്‍ അയാളുടെ മകള്‍ ഹോസ്റ്റലില്‍ കുടുങ്ങിപ്പോയി. ഭാര്യ മരിച്ചതില്‍പ്പിന്നെ അയാള്‍ക്കെല്ലാം അവളായിരുന്നു. ബി.എസ്‌സി നഴ്‌സിങ് ഫൈനല്‍ ഇയറായിരുന്ന അവളെയും മറ്റു മലയാളി കുട്ടികളെയും പോലീസ്‌വാനിലാണ് ഞങ്ങളന്ന് രക്ഷിച്ചു കൊണ്ടുവന്നത്. അതയാള്‍ ഒരുപാട് തവണ പറഞ്ഞിട്ടുണ്ട്. 
വണ്ടി അമ്പലത്തിന്റെ മുന്നിലൂടെ ഇടതുവശത്തേക്ക് തിരിഞ്ഞ് മുകളിലേക്കു കയറി സ്റ്റേഷന്റെ ഗേറ്റു കടന്ന് സിറ്റൗട്ടില്‍ നിര്‍ത്തി.
'എസ്.ഐ. പോയോ?'
'ഇപ്പോ ഇറങ്ങിയതേയുള്ളൂ സര്‍.'
ജി.ഡി. മറുപടി നല്കി.
ഗോപിയെ മുകളിലേക്കു കൊണ്ടുവരാന്‍ ബാലകൃഷ്ണനോടു പറഞ്ഞശേഷം ഞാന്‍ സ്റ്റെപ്പുകള്‍ കയറി. വിക്രമന്‍ മുറി വൃത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. 
'ഇവിടെയൊക്കെയൊന്ന് അടുക്കി പെറുക്കി വെക്കാന്‍ എബിന്‍ സാര്‍ പറഞ്ഞു. സാര്‍ ഇവിടമാണ് കൂടുതല്‍ സമയവും ഉപയോഗിക്കുന്നതെന്നും പറഞ്ഞു.'
ഞാന്‍ വിക്രമനെ നോക്കി പുഞ്ചിരിച്ചു. 
'വിക്രമന്റെ സേവനം ഇനിയങ്ങോട്ട് ആവശ്യമുണ്ട്.'
'എന്താ സാര്‍, പ്രതിയൊക്കെ ആയിക്കഴിഞ്ഞില്ലേ? ഇനിയിപ്പൊ എഴുത്തുപണി മാത്രമല്ലേയുള്ളൂ?'
'പ്രതിയൊക്കെയായി. പക്ഷേ, ഇനിയാണ് പണി നടക്കുന്നത്. ഞാന്‍ എബിനോടു പറഞ്ഞോളാം.'
'അതിനെന്താ സാര്‍, ഞാനെന്തിനും റെഡി.'

ബാലകൃഷ്ണന്‍ ഗോപിയുമൊത്ത് റൂമിലേക്കു വന്നു. ഞാന്‍ ഗോപിക്ക് ഇരിക്കാന്‍ കസേര നീക്കിയിട്ടു കൊടുത്തു. ഗോപിയോട് ഇരിക്കാന്‍ പറഞ്ഞ് ബാലകൃഷ്ണന്‍ മേശയില്‍ ചാരിനിന്നു. തൊട്ടുപിന്നിലുള്ള കസേരയില്‍ വിക്രമന്‍ ഇരിക്കുന്നുണ്ട്. 
'നന്നായി ഭക്ഷണം കഴിച്ചോ ഗോപിയേട്ടാ?'
'എന്തോ... വിശപ്പില്ല സാറേ. തൊണ്ട വറ്റിയ ഒരവസ്ഥ. വയറ്റില്‍ മൊത്തം ഗ്യാസു നിറഞ്ഞപോലെ.'
അയാള്‍ വയറിനു മുകളിലൂടെ കൈയോടിച്ചു.
'നമുക്കിനിയും ഒരുപാട് മുന്നോട്ടു പോകാനുണ്ട്... അല്ല ഒരുപാട് പിന്നോട്ട് പോകാനുണ്ട്.'
'സാറേ, കുറേ ആലോചിച്ചപ്പോള്‍ ഒരു ചെറിയ ഓര്‍മ കിട്ടുന്നുണ്ട്. അമ്മയുടെ വീട് കഴിഞ്ഞാല്‍ പിന്നെ ഫോറസ്റ്റാണ്. അവിടെ കാട്ടിനുള്ളില്‍ ഒരമ്പലമുണ്ട്. വര്‍ഷത്തിലൊരിക്കല്‍ അവിടെ ഫോറസ്റ്റുകാരുടെ അനുവാദത്തോടെ ഉത്സവം നടത്താറുണ്ട്. ആദിവാസി മൂപ്പനോ മറ്റോ ആണ് ഉത്സവത്തിന്റെ കാര്യക്കാരന്‍ 'കാട്ടിലെ അമ്പലമെന്നു പറഞ്ഞാല്‍ ഒന്ന് ശബരിമല. പിന്നെ... മലപ്പുറം പാലക്കാട് ബോര്‍ഡറില്‍ എടക്കര ഒരു കാനനക്ഷേത്രമുണ്ട്.'
ബാലകൃഷ്ണന്‍ പറഞ്ഞു.
'ഇതൊരു നല്ല ഇന്‍ഫര്‍മേഷനാണ്. കുറച്ചുകൂടി സമയമെടുത്താല്‍ ഗോപിയേട്ടന് ഇനിയും കാര്യങ്ങള്‍ ഓര്‍മവരും. '
ഞാനയാളെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ചു.

അയാള്‍ വീണ്ടും കണ്ണുകളടച്ചു.  ഞാന്‍ വിക്രമനെ ആംഗ്യം കാണിച്ച് പുറത്തേക്കു വിളിച്ച് മദ്യം വാങ്ങിവരാന്‍ പറഞ്ഞുവിട്ടു. വിക്രമന്‍ സ്റ്റെപ്പിറങ്ങി താഴേക്കു പോയി. ഗോപി കണ്ണു തുറക്കാതെ രണ്ടു കൈയുടെയും നടുവിരലുകള്‍ കൊണ്ട് നെറ്റിയുടെ ഇരുവശവും അമര്‍ത്തിപ്പിടിച്ച് കുറച്ചുനേരമിരുന്ന ശേഷം പറഞ്ഞു,
'സാറേ, ചെറിയ തലവേദനയുണ്ട്.'
'സാരമില്ല. വിക്രമന്‍ മരുന്നുവാങ്ങാന്‍ പോയിട്ടുണ്ട്. ഇപ്പാഴിങ്ങെത്തും.'
ഗോപി കണ്ണു തുറന്ന് അദ്ഭുതത്തോടെ എന്നെ നോക്കി. അയാള്‍ എന്തോ ചോദിക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് വിക്രമന്‍ ഒരു കടലാസ് പൊതിയും ഒരു ഗ്ലാസും കൊണ്ടുവന്ന് മേശമേല്‍ വെച്ചു. ഗോപിയുടെ കണ്ണുകള്‍ വിടര്‍ന്നു. ഞാന്‍ കടലാസ് പൊതി തുറന്ന് മക്ഡവല്‍സിന്റെ ഒരു പൈന്റെടുത്ത് പൊട്ടിച്ച് ഗ്ലാസിലൊഴിച്ചു. വിക്രമന്‍ ജനാലയ്ക്കല്‍ വെച്ച മണ്‍കൂജയില്‍നിന്നും ഗ്ലാസിലേക്ക് തണുത്ത വെള്ളം പകര്‍ന്നു. ഗോപിയോട് കുടിച്ചോളാന്‍ പറഞ്ഞു. ഗോപി ഒന്നും നോക്കാതെ ഗ്ലാസെടുത്ത് ഒറ്റവലി. നിമിഷങ്ങള്‍കൊണ്ട് ഗ്ലാസിലെ മദ്യം കാലിയായി. ഇപ്പോള്‍ അയാളില്‍ ചെറിയൊരു പ്രസരിപ്പു കാണാനാവുന്നുണ്ട്. ഒഴിച്ചുകൊടുത്ത രണ്ടാമത്തെ പെഗ്ഗു കൂടി അയാള്‍ ഒറ്റവലിക്കുതന്നെ തീര്‍ത്തു. അയാള്‍ക്ക് എവിടെനിന്നോ ഊര്‍ജം കിട്ടിയപോലെയായി. മുഖത്ത് ചെറിയൊരു ചിരി വിടര്‍ന്നു.
'ഇനിയൊന്ന് ആലോചിക്കണം.'
അയാള്‍ വീണ്ടും ചിരിച്ചു. കുറച്ചു നേരം കണ്ണുകളടച്ചിരുന്ന ശേഷം പറഞ്ഞു,
'തറവാടിനു മുന്നില്‍ വിശാലമായ മുറ്റവും ചുറ്റുമതിലുമുണ്ട്. ഒരാള്‍ പൊക്കത്തിലുള്ള ഇരുമ്പ് ഗേറ്റും. ഗേറ്റിനു പുറത്തുള്ള വീതി കുറഞ്ഞ ടാര്‍ റോഡ് മതില്‍ ചുറ്റി കിഴക്കുഭാഗത്തേക്കു പോകുന്നുണ്ട്. മതിലിനോടു ചേര്‍ന്ന് മാവുകള്‍ വളര്‍ന്ന് പന്തലിച്ചുനില്ക്കുന്നുണ്ട്. പക്ഷേ... അവിടേക്കെത്താനുള്ള വഴി ഓര്‍ത്തെടുക്കാനാവുന്നില്ല,'
അയാള്‍ വീണ്ടും ചിന്തയിലാണ്ടു.
'അവിടുത്തെ സ്‌കൂളില്‍ കൂടുതലും മുസ്‌ലിം കുട്ടികളായിരുന്നു! ശരിയാണ്, സ്‌കൂളിനു തൊട്ടടുത്ത് ഒരു മുസ്‌ലിം പള്ളിയുമുണ്ട്.'
ഓര്‍മകളില്‍ അവ്യക്തമായി മറഞ്ഞുകിടന്ന കാര്യങ്ങള്‍ പതുക്കെ മറ നീക്കി പുറത്തുവരാന്‍ തുടങ്ങി. 
പെട്ടെന്ന് എന്റെ ഫോണ്‍ ശബ്ദിച്ചു. എസ്.പിയാണ്.
'സാര്‍... സാബുവാണ്.'
'എന്തായി കാര്യങ്ങള്‍? അയാളെ അക്കൗണ്ട് ചെയ്‌തോ? അന്വേഷണം എവിടെവരെയായി? '
'എല്ലാം കൃത്യമായി നടക്കുന്നു സര്‍. ഞാന്‍ സാറിന്റെ ഓഫീസിലേക്ക് വരാം സാര്‍. നേരിട്ട് സംസാരിക്കാം.' 
'ഓകെ.'
എസ്.പി. ഫോണ്‍ കട്ട് ചെയ്തു.
ഞാനയാള്‍ക്ക് ഒരു പെഗ്ഗു കൂടി ഒഴിച്ചുകൊടുത്തു.
'ബാലകൃഷ്ണാ, ഗോപിയേട്ടന് എന്താ കഴിക്കാന്‍ താത്പര്യമെന്നു നോക്കി വാങ്ങിക്കൊടുക്കുക. ഞാന്‍ എസ്.പിയദ്ദേഹത്തെ കണ്ടശേഷം വിളിക്കാം.'
പോക്കറ്റില്‍നിന്നും ഭക്ഷണത്തിനുള്ള കാശെടുത്ത് ബാലകൃഷ്ണനു കൊടുത്തശേഷം ഞാന്‍ താഴേക്കിറങ്ങി.

മുന്‍ ഭാഗങ്ങള്‍ വായിക്കാം

Content Highlights: Kuttasammatham Malayalam Novel By Sibi Thomas part 8