പിറ്റേന്നു കാലത്ത് എട്ടു മണിക്ക് മുന്‍പുതന്നെ ഞാനും ബാലകൃഷ്ണനും സ്റ്റേഷനിലെത്തി. പാറാവുകാരന്‍ ഗോപിക്ക് പ്രാതല്‍ കൊടുക്കുകയായിരുന്നു. ഞാന്‍ ലോക്കപ്പിനടുത്തേക്കു ചെന്നു. ഗോപി ക്ഷീണിതനാണ്. ദോശ മുറിച്ച് ചമ്മന്തി മുക്കി കഴിക്കാന്‍ ശ്രമിക്കുകയാണയാള്‍.

'എന്താ ഗോപീ, ഭക്ഷണം ഇഷ്ടപ്പെട്ടില്ലേ? തീരെ കുറവാണല്ലോ കഴിക്കുന്നത്?'

ചോദ്യം കേട്ടയാള്‍ തലയുയര്‍ത്തി എന്നെ നോക്കി. കണ്ണുകളില്‍ അതേ നിര്‍വികാരത.

'ഓ... തീരെ വിശപ്പില്ല സാറേ..!'

അയാള്‍ കഷ്ടിച്ച് ഒരു ദോശ കഴിച്ചെന്നു വരുത്തി.

'അയാള്‍ക്ക് ആവശ്യമുള്ളത് കൊടുക്കണം. ഇപ്പോള്‍ത്തന്നെ വളരെ വീക്കാണ്'
'ഒന്നുമില്ല സാര്‍. ഇയാള്‍ക്ക് മറ്റേത് കിട്ടാത്തതിന്റെ ക്ഷീണമാ...'

പാറാവുകാരന്‍ കൈ മടക്കി കുപ്പി പോലെ കാണിച്ചുകൊണ്ട് പറഞ്ഞു. ശരിയാണ്. കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളായി പോലീസ് അയാളുടെ ജീവിതരീതിയാകെ മാറ്റിമറച്ചിരിക്കുന്നു. മദ്യത്തിന്റെ അസാന്നിധ്യത്തോട് അയാളുടെ ശരീരം പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു.

'സര്‍, ടൈഗര്‍ സെറ്റിലുണ്ട്.'

റൈറ്ററുടെ മുറിയുടെ വാതില്‍ക്കല്‍ നിന്ന് ജി.ഡി ചാര്‍ജുകാരന്‍ പറഞ്ഞു. വയര്‍ലെസ്സില്‍നിന്നും എസ്.പിയുടെ നിര്‍ദേശങ്ങള്‍ കേള്‍ക്കുന്നുണ്ട്. ഞാന്‍ റൈറ്ററുടെ മുറിയിലേക്കു കയറി.
'...ബ്രാവോ- 2 ടൈഗര്‍.'
വയര്‍ലെസ്സ് കോണ്‍ഫറന്‍സില്‍ എന്റെ ഊഴമെത്തി.  

'ടൈഗര്‍ ബ്രാവോ - 2 ആന്‍സറിങ് സര്‍. മര്‍ഡര്‍ കേസിലെ പ്രതി കസ്റ്റഡിയിലുണ്ട്. അറസ്റ്റും 27 റിക്കവറിയും റെക്കോര്‍ഡ് ചെയ്തിട്ടില്ല സര്‍. ആളുടെ ഐഡന്റിറ്റിയെ പറ്റി അന്വേഷിക്കേണ്ടതുണ്ട്. അതിനുശേഷം റെക്കോഡാക്കാം സാര്‍...'

സംസാരം തുടരുന്നതിനിടെ സ്റ്റേഷനു പുറത്ത് ഒരു വണ്ടി വന്നുനില്ക്കുന്നതിന്റെ ശബ്ദം കേട്ടു.
'മറ്റു വിശേഷങ്ങള്‍ ഒന്നും അറിയിക്കാനില്ല സര്‍... ഓവര്‍.'

വയര്‍ലെസ്സ് അറ്റന്‍ഡ് ചെയ്തശേഷം ഞാന്‍ അന്നത്തെ ദിനപത്രത്തിലൂടെ വെറുതേയൊന്ന് കണ്ണോടിച്ചു. പ്രാദേശികവാര്‍ത്താകോളത്തില്‍ 'ബാബു വധം: മുഖ്യപ്രതി അറസ്റ്റില്‍' എന്ന് കണ്ടപ്പോള്‍ വല്ലാത്ത നിരാശ തോന്നി. എല്ലാം രഹസ്യമായിരിക്കണമെന്ന് എല്ലാവരോടും പ്രത്യേകം പറഞ്ഞതാണ്. അല്ലെങ്കിലും ഇത് പോലീസിന്റെ ശാപമാണ്. രഹസ്യമാക്കി വെക്കേണ്ടവ ചോര്‍ത്തിക്കൊടുക്കുവാന്‍ മാത്രമായി ഒരു വിഭാഗം ഇതിനുള്ളില്‍ത്തന്നെയുണ്ട്, ഞാന്‍ മനസ്സില്‍ പരിതപിച്ചു.

'സര്‍, ആ മരിച്ച ബാബുവിന്റെ ഭാര്യയും മറ്റും കാലത്തെ വന്നിട്ടുണ്ട്... വല്ലാത്ത കുരിശാണ്. രാവിലെ തൊട്ട് സ്റ്റേഷന്‍ ഫോണില്‍ വിളിക്കുന്നുണ്ട്. ഓഫീസര്‍മാര്‍ ആരും എത്തിയിട്ടില്ലെന്നു പറയട്ടേ സാര്‍..?'

ജി.ഡി. ചാര്‍ജ് ശബ്ദം താഴ്ത്തി ചോദിച്ചു.

'അപ്പോള്‍ നിങ്ങളോ..?'

അപ്പോഴാണ് അയാള്‍ സ്വന്തം തോളിലെ നക്ഷത്രത്തിലേക്കു നോക്കുന്നത്.

'ഓ... നമ്മളൊക്കെ വെറും ഗ്രേഡല്ലേ സര്‍...' അയാളൊരു ചമ്മിയ ചിരി ചിരിച്ചു.
'അവരോടു വരാന്‍ പറയൂ...'

ഞാന്‍ എസ്.ഐയുടെ റൂമിലേക്കു നടന്നു. മുറി വൃത്തിയാക്കി പുറത്തേക്കിറങ്ങുന്ന പി.ടി.എസ്. നമസ്‌കാരം പറഞ്ഞുകൊണ്ട് ചെയറിലെ ടവ്വല്‍ നേരെയിട്ടു. ഞാന്‍ കസേരയില്‍ ഇരുന്നപ്പോഴേക്ക് ഹാഫ്‌ഡോര്‍ തുറന്ന് സുചിത്രയും ദേവപ്പയും സഹോദരന്മാരും മുറിയിലേക്കു കടന്നുവന്നു. സുചിത്രയും ദേവപ്പയും എനിക്ക് അഭിമുഖമായി ഇരുന്നു. അവള്‍ എന്നെത്തന്നെ നോക്കിയിരിക്കുകയാണ്. ആലോചിച്ചുറച്ചതുപോലെ ഞാന്‍ തുടങ്ങി.

'പ്രതിയെ കിട്ടിയിട്ടുണ്ട്. ചില പ്രധാനപ്പെട്ട തെളിവുകളും ലഭിച്ചിട്ടുണ്ട്.'
'ആരാണവന്‍..? വേലുതന്നെയല്ലേ?'

പല്ലു ഞെരിച്ചുകൊണ്ടാണവള്‍ ചോദിച്ചത്.

'അവനെ ഒന്നു കാണാന്‍ പറ്റുമോ സാര്‍...'

ദേവപ്പയാണ്. പിന്നില്‍ നില്ക്കുന്ന രാമലക്ഷ്മണന്മാര്‍ മുഷ്ടി ചുരുട്ടുന്നുണ്ട്. വേലുവിനെ കൈയില്‍ കിട്ടിയാല്‍ അവരവനെ കൊന്നുതള്ളുമെന്നുറപ്പാണ്.
'വേലുവല്ല പ്രതി... '
'പിന്നെയാരാണ് സാര്‍?'

ഞാന്‍ മുഴുമിപ്പിക്കുംമുന്‍പെ സുചിത്ര ചോദിച്ചു.

'ഞാനയാളെ നിങ്ങളുടെ മുന്നിലേക്കു കൊണ്ടുവരാം. പക്ഷേ, നിങ്ങള്‍ ആവേശമൊന്നും കാണിക്കരുത്.'
മറുപടിക്ക് കാത്തുനില്ക്കാതെ ഞാന്‍ മേശപ്പുറത്തേക്ക് വിരലമര്‍ത്തി. ജി.ഡി. ഹാഫ് ഡോറില്‍ മുഖം കാണിച്ചു.

'അയാളെ ഒന്നു കൊണ്ടുവരൂ.'

സുചിത്രയും ദേവപ്പയും പരസ്പരം നോക്കി. റൈറ്ററുടെ മുറിവഴി അകത്തേക്ക് കൊണ്ടുവരാനാണ് ഞാന്‍ ഉദ്ദേശിച്ചതെന്ന് മനസ്സിലാക്കിയ ജി.ഡി. ചാര്‍ജ് ലോക്കപ്പു തുറന്ന് ഗോപിയെ ഉള്ളിലൂടെ ഞങ്ങളുടെ മുന്‍പിലെത്തിച്ചു. ഗോപി മുറിയിലിരുന്നവരെ സൂക്ഷിച്ചു നോക്കി. അയാളുടെ കണ്ണുകള്‍ സുചിത്രയില്‍ ഉടക്കിനിന്നു. മുഖം പേപ്പര്‍പോലെ വിളറി വെളുത്തു. ഗോപിയെ കണ്ടമാത്രയില്‍ രാമലക്ഷ്മണന്മാര്‍ അയാള്‍ക്ക് നേരെ ആക്രോശിച്ചുകൊണ്ട് ചാടി. എനിക്ക് എന്തെങ്കിലും ചെയ്യാനാവുന്നതിനു മുന്‍പെ സുചിത്ര ചാടിയെഴുന്നേറ്റ് അവരെ തടഞ്ഞു.

'മോളേ ഇവന്‍...'

അവര്‍ അവളുടെ കൈയില്‍ പിടിച്ച് അലറി.

'വേണ്ടാ.'

അവള്‍ എന്നെ നോക്കിക്കൊണ്ട് വിതുമ്പാന്‍ തുടങ്ങി.

'സാറേ, ഗോപിയേട്ടനൊരിക്കലും അത്... അത് ചെയ്യില്ല. നിങ്ങള്‍ക്ക് തെറ്റുപറ്റി. എനിക്കുറപ്പാണ്.'
അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങിയിരുന്നു. ഞാനൊന്നും മിണ്ടിയില്ല.

അവള്‍ തലതിരിച്ച് ഗോപിയെ നോക്കി.

'ഗോപിയേട്ടാ..!'
'മോളേ... ഒരബദ്ധം... പറ്റിപ്പോയി മോളേ. അറിയാതെ...'

ഇതുവരെ നിര്‍വികാരനായി നിന്ന അയാളുടെ കണ്ണുകളില്‍നിന്നും കണ്ണുനീര്‍ ധാരധാരയായി ഒഴുകാന്‍ തുടങ്ങി. സ്വരം ഇടറി. വിറയ്ക്കുന്ന കൈകള്‍കൊണ്ടയാള്‍ മുഖം തുടച്ചു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ സുചിത്രയുടെ സഹോദരന്മാര്‍ സ്തബ്ധരായി നിന്നു.

'വേണ്ട സാര്‍... ഇനിയെനിക്കൊന്നും അറിയേണ്ട... ഒരിക്കലും ഗോപിയേട്ടനിതു ചെയ്യില്ല.'
ഒരു നിമിഷം ഗോപിയെ നോക്കിക്കൊണ്ട് അവള്‍ കെഞ്ചി,
'ഞാനങ്ങനെ വിശ്വസിച്ചോട്ടേ ഗോപിയേട്ടാ..?'
അവളുടെ മിഴികള്‍ തുളുമ്പി. കൈകള്‍ വിറച്ചു.
എന്റെ നേരെ കൈകൂപ്പിക്കൊണ്ടവള്‍ പുറത്തേക്കു നടന്നു. രാമലക്ഷ്മണന്മാര്‍ അവള്‍ക്ക് ഹാഫ് ഡോര്‍ തുറന്നുകൊടുത്തു.
'ഇനിയൊരുനിമിഷം നമ്മളിവിടെ നില്ക്കരുത്. നമുക്കു പോകാം... '

പുറത്തേക്ക് ഇറങ്ങുന്നതിനിടയില്‍ അവള്‍ പുലമ്പി. കാര്യമെന്തെന്നറിയാതെ ദേവപ്പയും സഹോദരന്മാരും അവളോടൊപ്പം ഓടിയിറങ്ങി.
ഞാന്‍ ഗോപിയെ നോക്കി. അയാള്‍ ഭിത്തിയില്‍ ചാരിനില്ക്കുകയാണ്. വീണുപോകാതിരിക്കാന്‍ അയാള്‍ ഇരുകൈകളും ഭിത്തിയോട് അമര്‍ത്തിപ്പിടിച്ച് തല കുനിച്ചു നില്ക്കുകയാണ്. ജി.ഡിയോട് ഞാനയാളെ ലോക്കപ്പിലേക്കു കൊണ്ടുപോവാന്‍ പറഞ്ഞു. റൂമിന്റെ പുറത്തേക്കിറങ്ങുമ്പോള്‍ എന്തോ പറയാനെന്നപോലെ ഗോപിയെന്നെ തിരിഞ്ഞു നോക്കി. പിന്നെ മനസ്സുമാറ്റി ഒന്നും മിണ്ടാതെ ലോക്കപ്പിലേക്ക് നടന്നു.

'അപ്പോള്‍ ആ സീന്‍ കഴിഞ്ഞുവല്ലേ സര്‍..?'
മുറിയിലേക്ക് കടക്കവേ ബാലകൃഷ്ണന്‍ ചോദിച്ചു.

'ഉം... വല്ലാത്തൊരു രംഗമായിരുന്നു... ഹാ അതു പോട്ടെ, അയാളുടെ ബാക്ഗ്രൗണ്ട് പരിശോധിച്ചിരുന്നോ? ഇയാളുടെ പ്രായം വെച്ച് നോക്കിയാല്‍ ചാക്കോവധവുമായി മാച്ചാവുമോ?'
'സാര്‍ സുകുമാരക്കുറുപ്പിനെയാണോ ഉദ്ദേശിച്ചത്?'

'യെസ്. ഇയാളുടെ സംസാരരീതിവെച്ച് ഇയാള്‍ തെക്കനാണ്. എനിവേ, നമുക്കാ സംശയം ഒന്ന് റൂള്‍ഔട്ട് ചെയ്യണം.'

'ഉവ്വ് സാര്‍. പക്ഷേ ഗോപിയുടെ മൊഴിപ്രകാരം നാല്പത്തഞ്ചു വര്‍ഷങ്ങളായി അയാള്‍ ഒറ്റയ്ക്കാണ് താമസം. പല സ്ഥലങ്ങളില്‍ ജോലി ചെയ്തു. ചെറുപ്പത്തില്‍ അമ്മയോടൊപ്പം യാത്രചെയ്തത് ഓര്‍മയുണ്ടെന്ന് അയാള്‍ പറയുന്നുണ്ട്. പക്ഷേ എവിടെ വെച്ചാണ് മിസ്സായതെന്നോ മുന്‍പ് എവിടെയായിരുന്നു താമസിച്ചിരുന്നതെന്നോ. ഓര്‍മയില്ല.'

'ഒരു കാര്യം ചെയ്യൂ, അയാളെ മുകളിലേക്കു കൊണ്ടുവരൂ. നമുക്കൊന്നുകൂടി വിശദമായി ചോദിച്ചു നോക്കാം. അതിനുമുന്‍പായി അയാളുടെ പ്രിന്റ് സ്റ്റെയ്റ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയിലേക്ക് ഒന്ന് അയച്ചുകൊടുക്കണം. നമ്മളാദ്യം പറഞ്ഞ കാര്യം വെരിഫൈ ചെയ്യണം. ഞാന്‍ എസ്.ബി.ഡിവൈ.എസ്.പിയുമായി ബന്ധപ്പെട്ടോളാം.'

'യെസ് സാര്‍, സാറ് ബ്രേക്ഫാസ്റ്റ് കഴിച്ചോ?'

'ഇല്ല. ഞാന്‍ താഴെ പോയി കഴിച്ചിട്ട് വരാം. നിങ്ങള്‍ വരുന്നില്ലേ?'

'ഞാന്‍ വീട്ടില്‍നിന്നും ചെറുതായിട്ട് കഴിച്ചിരുന്നു. സാര്‍ പൊയ്‌ക്കോളൂ, അയാളുടെ കാര്യം വന്നിട്ടു നോക്കാം.'

ഞാന്‍ പുറത്തേക്കിറങ്ങി. അനില്‍ വണ്ടിയിലിരുന്ന് മൊബൈലില്‍ എന്തോ നോക്കുകയാണ്. എന്നെ കണ്ടപ്പോള്‍ അയാള്‍ മൊബൈല്‍ മാറ്റി വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് പുറത്തേക്കെടുത്തു. സ്റ്റേഷന്റെ ഗേറ്റു കടക്കുമ്പോള്‍ എസ്.ഐയുടെ ജീപ്പ് അകത്തേക്കു കയറിവരികയായിരുന്നു.

മുന്‍ ഭാഗങ്ങള്‍ വായിക്കാം