'ളളാഹു അക്ബര്‍...'
പള്ളിയില്‍നിന്നുള്ള ബാങ്കുവിളി കേട്ടാണ് ഉണര്‍ന്നത്. ബാങ്കു വിളിക്കുന്നത് ചെറിയ കുട്ടിയാണെന്നു തോന്നുന്നു. നല്ല ഈണത്തിലുള്ളതും മനസ്സിനെ തൊട്ടുണര്‍ത്തുന്നതുമായ ശബ്ദം . എന്തായാലും അധികം ദൂരത്തല്ലാതെ ഒരു പള്ളിയുണ്ട്. പുറത്ത് ഇരുട്ടാണ്. മൊബൈലെടുത്ത് സമയം നോക്കി, അഞ്ച് മണിയാകുന്നതേയുള്ളൂ. എപ്പോഴാണ് ഉറങ്ങിയതെന്നറിയില്ല. രാത്രിയില്‍ എന്തൊക്കെയാണ് സംഭവിച്ചത്. ഏതൊക്കെയോ ദുഃസ്വപ്നങ്ങളുടെ ഘനം ഇപ്പോഴും കണ്ണുകളില്‍ തങ്ങിനില്ക്കുന്നപോലെ. രേഷ്മയെ ഒന്ന് വിളിക്കണം. അത്യാവശ്യമായി മോനോടൊന്നു സംസാരിക്കണം. മനസ്സിനു വല്ലാത്തൊരു വിങ്ങല്‍ പോലെ, ബാങ്കുവിളിയുടെ ഈണത്തില്‍ മാത്രം ശ്രദ്ധിച്ച് മനസ്സിനെയൊന്നു ശാന്തമാക്കാന്‍ ശ്രമിച്ചു. പതുക്കെ വീണ്ടും കിടക്കയിലേക്കു തന്നെ ചെരിഞ്ഞു. ഇനി ഉറങ്ങിയാല്‍ ക്ഷീണമാകും.
കണ്ണുകള്‍ മച്ചിലെ ഇരുട്ടില്‍ ഉടക്കി. പള്ളിയില്‍ ബാങ്കുവിളി അവസാനിച്ചു. ആ ശബ്ദവീചികളില്‍നിന്നും ആര്‍ജിച്ചെടുത്ത ഊര്‍ജത്തില്‍ അല്പമൊരു ഉന്‍മേഷം തോന്നി. ഇന്ന് ഗോപിയേട്ടന്റെ വീട്ടിലെത്തണം. എങ്ങനെ അവരെ അഭിമുഖീകരിക്കണമെന്നു നിശ്ചയമില്ല. എന്തായാലും അയാള്‍ കേസില്‍ പ്രതിയാണെന്നു ്പറയാതിരിക്കുന്നതാവും ഉചിതം. ഇനിയുമൊരു ദുരന്തവാര്‍ത്ത താങ്ങാന്‍ അവര്‍ക്കായെന്നു വരില്ല. ബാലക്യഷ്ണനോടും മറ്റും നേരത്തെ തന്നെ ഇക്കാര്യം സൂചിപ്പിക്കണം.
'ഓം കൗസല്യാ സുപ്രജാ രാമ പൂര്‍വാ...' കുറച്ചകലത്തുനിന്നും കാറ്റിലൊഴുകിയെത്തുന്ന പ്രഭാതവന്ദനം മനസ്സില്‍ ഒരു കുളിര്‍മഴപോലെ പെയ്തിറങ്ങാന്‍ തുടങ്ങി. ഞാന്‍ പ്രഭാതവന്ദനത്തില്‍ത്തന്നെ മുഴുകിയിരുന്നു. ശ്രദ്ധകേന്ദ്രീകരിക്കും തോറും ഉത്കണ്ഠകളുടെ മഞ്ഞു മല ഉരുകി ഒഴുകാന്‍ തുടങ്ങി. ആരാധനാലയങ്ങളില്‍നിന്നുള്ള പ്രഭാത പ്രാര്‍ഥനകളുടെ അര്‍ഥം ഇപ്പോഴാണ് മനസ്സിലാവുന്നത്. കണ്ണുകളടച്ച് നെറ്റിയില്‍ കുരിശടയാളം വരച്ച് മനസ്സിനെ ഏകാഗ്രമാക്കി.  ഇന്നു ചെയ്യേണ്ട കാര്യങ്ങള്‍ മനസ്സില്‍ അടുക്കിവെച്ച് ഈശ്വരനോട് പ്രാര്‍ഥിച്ച ശേഷം പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും വെച്ച് ഞാന്‍ എഴുന്നേറ്റു.
പുറത്ത് ഇരുട്ട് ഉള്‍വലിഞ്ഞു തുടങ്ങിയിരിക്കുന്നു. ലൈറ്റിട്ട ശേഷം ബാഗില്‍നിന്നും പേസ്റ്റും ബ്രഷുമെടുത്ത് ടോയ്ലറ്റിലേക്ക് കയറിയതും മൊബൈല്‍ ഫോണ്‍ ശബ്ദിക്കാന്‍ തുടങ്ങിയതും ഒരുമിച്ചായിരുന്നു.
ആരാണിത്ര നേരത്തെയെന്നാലോചിച്ചുകൊണ്ട് ഞാന്‍ തിരിച്ചു നടന്നു. 
ഈശ്വരാ... രേഷ്മയാണല്ലോ. മനസ്സൊന്നു കാളി. 
'ഹലോ... എന്താ മോളെ?'
'സാബുച്ചായന്‍ എവിടെയാ ഉളളത്?' 
'ഞങ്ങള്‍ ഇവിടെയൊരു റിട്ടയേര്‍ഡ് ഓഫീസറുടെ വീട്ടിലാണ്.'
'മോന്‍ രാത്രിയില്‍ ഒട്ടും ഉറങ്ങിയിട്ടില്ല. സാബുച്ചായന്റെ ഫോണ്‍ വന്നു കുറച്ചു കഴിഞ്ഞപ്പോള്‍ അവന്‍ ഡാഡീന്നു വിളിച്ച് ഞെട്ടിയെഴുന്നേറ്റു. പിന്നെ ഉറങ്ങീട്ടില്ല. എന്നെ കെട്ടിപ്പിടിച്ച് കിടന്നു.'
'അവനിപ്പോള്‍ എങ്ങനെയുണ്ട്.?
'രാത്രി ചെറിയ ടെമ്പറേച്ചറുണ്ടായിരുന്നു. ഇപ്പോഴാ ഒന്ന് ഉറങ്ങിയത്. ഇച്ചായന്‍ ഉച്ച കഴിഞ്ഞ് ഇങ്ങെത്തുമല്ലോ ല്ലേ?'
'ഉം... എത്തും.' 
രാത്രി കണ്ട സ്വപ്നം രേഷ്മയോടു പറഞ്ഞില്ല. യാന്ത്രികമായി മൂളിയ ശേഷം ഫോണ്‍ കട്ട് ചെയ്തു.
പേസ്റ്റ് എടുത്ത് ബ്രഷ് ചെയ്യുമ്പോഴും മനസ്സ് മറ്റെവിടെയോ ആണ്. ഇന്നലത്തെ ദുഃസ്വപ്നവും കെവിന്റെ അവസ്ഥയും
ഉറക്കമില്ലാത്ത മണിക്കൂറുകളും പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്നു. ഒന്നും മനസ്സിലാവുന്നില്ല. ബാഗില്‍നിന്നും ടവ്വലെടുത്ത് കൈയും മുഖവും തുടച്ചു. നമ്മുടെ ചിന്താധാരകള്‍ക്കപ്പുറത്ത് ദുരൂഹതകളുടെ ഒരു താരാപഥമുണ്ട്. അവിടെയുള്ള നക്ഷത്രങ്ങളില്‍നിന്നുള്ള പ്രകാശം ഇതുവരെ ഭൂമിയില്‍ പതിച്ചിട്ടില്ല. അനേകായിരം പ്രകാശവര്‍ഷങ്ങള്‍ക്കു ശേഷമേ ആ കിരണങ്ങള്‍ ഭൂമിയെ സ്പര്‍ശിക്കുകയുള്ളൂ. ആ പ്രകാശരശ്മികള്‍ക്കൊപ്പം മാത്രമേ ചില അതീന്ദ്രിയരഹസ്യങ്ങളുടെ ചുരുളഴിയുകയുള്ളൂ.
ടിക... ടിക്...
ഞാന്‍ മൊബൈലിലേക്കു നോക്കി. ബാലകൃഷ്ണന്റെ വാട്സാപ്പ് മെസേജാണ്. സംഭവിച്ചുകൊണ്ടിരിക്കുന്നതും നല്ലതിന്, സംഭവിക്കാനിരിക്കുന്നതും നല്ലതിന്. സംഭവിച്ചതെല്ലാം നല്ലതിന്.
സുപ്രഭാതം.
മനസ്സിലെ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരമാക്കി ആ വാക്കുകളെ മാറ്റി സ്വയം സമാധാനിച്ചുകൊണ്ട് ടവ്വലെടുത്ത് ബാത്ത്റൂമിലേക്കു കയറി. ഷേവ് ചെയ്ത് കുളിച്ച് തിരിച്ചിറങ്ങുമ്പോള്‍ പുറത്തുനിന്നും ആരോ വാതിലില്‍ മുട്ടുന്നുണ്ട്. വാതില്‍ തുറന്നപ്പോള്‍ പുറത്ത് ട്രേയില്‍ ആവിപറക്കുന്ന ചായയുമായി വിദ്യാധരന്‍ മാസ്റ്റര്‍.
'നന്നായി ഉറങ്ങീട്ടുണ്ടാവും ല്ലേ?' 
'തീര്‍ച്ചയായും മാഷെ.'
സത്യം മറിച്ചാണെങ്കിലും അയാളുടെ സ്നേഹാന്വേഷണത്തെ തളര്‍ത്തുന്ന മറുപടി പറയാന്‍ തോന്നിയില്ല. 
'ഇടയ്ക്ക് അച്ഛന്റെ കൊളീഗ്സ് ഇവിടെ വരുമ്പോള്‍ അവരും പറയാറുണ്ട്,' 
ചായക്കപ്പ് കൈമാറിക്കൊണ്ട് അയാള്‍ പറഞ്ഞു.
'ഗോപി നേരത്തെ തന്നെ എഴുന്നേറ്റ് കുളിച്ച് റെഡിയായിരിപ്പുണ്ട്. അയാള്‍ വല്ലാത്ത ത്രില്ലിലാണ്,'
തിരിച്ചിറങ്ങുമ്പോള്‍ മാസ്റ്റര്‍ പറഞ്ഞു.
നല്ല ചൂടു ചായ ഊതിക്കുടിച്ചുകൊണ്ട് ഞാന്‍ ഹാളിനപ്പുറത്തുള്ള മുറിയിലേക്കു നോക്കി. വാതില്‍ ചാരിയിട്ടേയുള്ളൂ. അകത്ത് കാല്‍പ്പെരുമാറ്റം കേള്‍ക്കുന്നുണ്ട്.  വാതിലില്‍ മുട്ടിയ മാത്രയില്‍ തുറന്നത് ബാലകൃഷ്ണനാണ്. അയാള്‍ അറ്റന്‍ഷനായി. കുളിച്ച് വസ്ത്രങ്ങള്‍ മാറി ഫ്രഷായി നില്ക്കുകയാണ്. 
'ബാലക്യഷ്ണാ... ഇത്ര നേരത്തെ റെഡിയായോ?'
'ഹാ...സാര്‍. അതിരാവിലെത്തന്നെ എണീറ്റിരുന്നു. വിക്രമന്‍ ബാത്ത്റൂമിലാണ്.' ഈ സമയം അനില്‍ മുകളിലേക്കു കയറി വന്നു. അയാളുടെ മുണ്ട് പാതി നനഞ്ഞിട്ടുണ്ട്. 
'എന്താ അനില്‍ നനഞ്ഞിരിക്കുന്നത്? പുറത്ത് മഴ ചാറിയിരുന്നോ?'
'ഇല്ല സര്‍, വണ്ടിയൊന്നു കഴുകി.'
യാത്രയ്ക്ക് തയ്യാറായി നില്ക്കുന്ന ബാലകൃഷ്ണനെയും അടിമുടി നോക്കിയിട്ട് അനില്‍ തിടുക്കത്തില്‍ പറഞ്ഞു,
'സാര്‍, നിങ്ങള്‍ റെഡിയായി അല്ലേ..? ഞാനിപ്പോ തന്നെ റെഡിയാകാം.'
അയാള്‍ അറ്റന്‍ഷനായ ശേഷം നേരെ ബാലകൃഷ്ണന്റെ മുറിയിലേക്ക് കയറി.
'ഞാന്‍ ഡ്രസ് മാറട്ടെ. നമുക്ക് ഉടനെ പുറപ്പെടാം.'
ഞാന്‍ ഒഴിഞ്ഞ ചായക്കപ്പുമായി മുറിയിലേക്കു കയറി. ചുമരിലെ ഹുക്കില്‍ തൂക്കിയിട്ടിരുന്ന യൂണിഫോമെടുത്ത് നോക്കി. ഭാഗ്യം അങ്ങനെ അധികമൊന്നും മുഷിഞ്ഞിട്ടില്ല. യൂണിഫോം ബെഡ്ഡില്‍ വിരിച്ച് ചുളിവുകള്‍ നിവര്‍ത്തി. ബാഗില്‍നിന്നും 'കൂള്‍ വാട്ടര്‍' സ്പ്രേയെടുത്ത് കോളറിലും കക്ഷത്തിലും അടിച്ച ശേഷം യൂണിഫോം ധരിച്ചു. പുറത്തെടുത്തുവെച്ച സാധനങ്ങളെല്ലാം പാക്ക് ചെയ്ത് താഴേക്കിറങ്ങി.
'ഗുഡ് മോണിങ് മിസ്റ്റര്‍ സാബു. എങ്ങിനെയുണ്ടായിരുന്നു ഉറക്കമൊക്കെ?' വേലായുധന്‍ സാര്‍ പ്രഭാതസവാരിക്കുശേഷമുള്ള പത്രവായനയിലാണ്. ദ ഹിന്ദു പത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍നിന്നും മുഖമുയര്‍ത്തി അദ്ദേഹം എന്നെ നോക്കി.
'ഗുഡ് മോണിങ് സാര്‍. നന്നായി ഉറങ്ങി.'
'യാ... വെരി ഗുഡ്. ഇരിക്കൂ. അപ്പൊ എന്താ റ്റുഡെയ്സ് പ്ലാന്‍ ഓഫ് ആക്ഷന്‍? രാവിലെ തന്നെ ഗോപിയുടെ തറവാട്ടിലേക്ക് പോകുകയല്ലേ?'വേലായുധന്‍ സാറിന്റെ സംസാരം വളരെ ഷാര്‍പ്പാണ്. എന്തൊരു പ്രസരിപ്പാണ് അദ്ദേഹത്തിന്. 
'അതെ സാര്‍, രാവിലെ അവരെ മീറ്റ് ചെയ്ത ശേഷം ഉച്ചയ്ക്കു മുന്‍പു തന്നെ തിരിക്കണം. എന്നാലേ രാത്രിക്കെങ്കിലും നാട്ടിലെത്താനാവൂ.'
അപ്പോഴേക്കും ബാലകൃഷ്ണനും വിക്രമനും അനിലും ബാഗുകളുമായി താഴേക്കു വന്നു.
'ഗുഡ് മോണിങ് റ്റു ഓള്‍.'
വേലായുധന്‍ സാര്‍ കണ്ണട മാറ്റി എല്ലാവരെയും നോക്കി മന്ദഹസിച്ചു. എല്ലാവരും തിരിച്ച് അഭിവാദ്യം ചെയ്തു. അനില്‍ എന്റെ പക്കല്‍നിന്നും ബാഗ് വാങ്ങി പുറത്ത് വണ്ടിയില്‍ വെക്കാനായി കൊണ്ടു പോയി. ഗോപി ഒരു വെള്ള മുണ്ടും ഇളം നീല നിറമുള്ള ഷര്‍ട്ടുമിട്ട് ഹാളിലേക്കു വന്നു. താടിയൊക്കെ വെട്ടിയൊതുക്കിയതുപോലെ തോന്നുന്നു. അയാളില്‍ മൊത്തത്തില്‍ ഒരു ഉണര്‍വ് കാണുന്നുണ്ട്.
'ഓക്കെ. ഗോപിനാഥും റെഡിയായി. ദെന്‍...ലെറ്റ് അസ് ഗോ ഫോര്‍ ബ്രേക്ക്ഫാസ്റ്റ്.'
വേലായുധന്‍ സാര്‍ എല്ലാവരേയും ഡൈനിങ് ഹാളിലേക്കു ക്ഷണിച്ചു. വിദ്യാധരന്‍ അടുക്കളയില്‍നിന്നും ഒരു ചൂടാറാത്ത പാത്രവുമായി തിടുക്കത്തില്‍ മുറിയിലേക്കു വന്നു.
'സോറി. ഞങ്ങള്‍ കിച്ചണില്‍ അല്പം തിരക്കിലായിരുന്നു.'
'നിന്റെ ഷര്‍ട്ട് ഗോപിനാഥിനു കറക്ടാണല്ലോ, യാ... ഇറ്റ് ലുക്സ് ലൈക് ടെയ്ലര്‍ഡ് ഫിറ്റ്.' വേലായുധന്‍ സാറിന്റെ ചിരിയില്‍ എല്ലാവരും പങ്കു ചേര്‍ന്നു. സൗദാമിനി പാത്രങ്ങള്‍ ഓരോന്നായി മേശമേല്‍ നിരത്തി ഓരോരുത്തരുടെയും പാതത്തിലേക്ക് ചൂടുള്ള ഇഡ്ഡലിയും സാമ്പാറും വിളമ്പി. പുറമേ മാസ്റ്ററുടെ വക പച്ചവെളിച്ചെണ്ണ ചേര്‍ത്തിളക്കിയ ചമ്മന്തിപ്പൊടിയും. 'ആവിയില്‍ വെന്തതായതുകൊണ്ട് വയറിനു വളരെ നന്നാണ്.'
ഒരു ഇഡ്ഡലി കൂടി ഗോപിയുടെ പാത്രത്തില്‍ ഇട്ടുകൊണ്ട് സൗദാമിനി പറഞ്ഞു. ഗോപി അനുസരണയോടെ അതു കഴിച്ചു. എല്ലാവരും അവരുടെ ആതിഥ്യമര്യാദയില്‍ നന്ദി പ്രകടിപ്പിച്ച ശേഷം കൈ കഴുകി സ്വീകരണമുറിയിലേക്കു കടന്നു. അനില്‍ പുറത്ത് ജീപ്പിനടുത്തേക്ക് നടന്നു. എല്ലാവരും സ്വീകരണമുറിയില്‍ നില്ക്കുകയാണ്. വിദ്യാധരന്‍ ഗോപിയുടെ മുഖത്തേക്കു നോക്കി. ഗോപിക്ക് എന്തു പറയണമെന്നറിയില്ല. പൊടുന്നനെ അയാള്‍ രണ്ടു കൈകളും നീട്ടി മാസ്റ്ററെ ആലിംഗനം ചെയ്തു.
'ഇനി കാണാനാവുമോ നമുക്ക്?'
ഗോപിയുടെ കണ്ഠമിടറി. അയാള്‍ സാവധാനം പിടി വിട്ട് വിദ്യാധരനെ നോക്കി. അയാളുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു. മനസ്സിനെ പിടിച്ചുലയ്ക്കുന്ന വല്ലാത്തൊരു രംഗം. 
'ഹേയ് മാന്‍. ചീയര്‍ അപ്പ്. നമുക്കിനിയും കാണാം.'
വേലായുധന്‍ സാര്‍ രംഗം ശാന്തമാക്കാന്‍ ശ്രമിച്ചു. ഗോപി അദ്ദേഹത്തിന്റെയും സൗദാമിനിയുടെയും മുഖത്തു നോക്കിയ ശേഷം പുറത്തേക്കിറങ്ങി. വിക്രമനും അയാളോടൊപ്പം ചേര്‍ന്നു. ഞാനും ബാലകൃഷ്ണനും എല്ലാവരോടും യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങി പോലീസ്ജീപ്പില്‍ കയറി.
വാഹനം മെല്ലെ മുന്നോട്ടു നീങ്ങി ഗേറ്റിലൂടെ വെളിയിലേക്കിറങ്ങി. ഗോപി മുഖം തിരിച്ച് വീടിന്റെ മുറ്റത്തു നില്ക്കുന്ന വിദ്യാധരന്റെ മുഖത്തേക്കു നോക്കി. അയാള്‍ കൈ ഉയര്‍ത്തി യാത്രാമംഗളങ്ങള്‍ നേര്‍ന്നുകൊണ്ട് ഇപ്പോഴും അതേ നില്പ് നില്ക്കുകയാണ്. 

(തുടരും)

മുൻ ഭാഗങ്ങൾ വായിക്കാം

 Content Highlights : Kuttasammatham Malayalam Novel By Sibi Thomas part 13