ഴയകാലത്തെ ഓര്‍മകളില്‍ സ്വരൂപിക്കുന്നതുപോലെ കുറച്ചുനേരം മൗനമായിരുന്ന് വേലായുധന്‍ സാര്‍ സംസാരിക്കാന്‍ തുടങ്ങി. ഞങ്ങളോട് സംസാരിക്കവേ 'എന്റെ സര്‍വീസിന്റെ ആദ്യകാലങ്ങള്‍ വളരെ സേഫ് ആയിരുന്നു. പൊളിറ്റിക്കല്‍, പാര്‍ട്ടികളിലും മറ്റ് ആന്റി-നാഷണല്‍ ഓര്‍ഗനൈസേഷന്‍സിലും ചാരന്മാരെ വാര്‍ത്തെടുക്കുകയെന്നത് വളരെ ശ്രമകരമായ ജോലിയായിരുന്നു. പ്രത്യേകിച്ചും നോര്‍ത്ത് ഇന്ത്യയില്‍. എന്നാല്‍ പാര്‍വതിയെയും മഹേഷിനെയും പരിചയപ്പെടുന്നതുവരെ മാത്രമായിരുന്നു ഈ ബുദ്ധിമുട്ടുകള്‍. ആദ്യമൊക്കെ അവര്‍ സംഘടനാ വിവരങ്ങള്‍ ഒന്നും തന്നെ സംസാരിക്കാറില്ലായിരുന്നു. എന്നാല്‍ ഓള്‍ ഇന്ത്യ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് കമ്യൂണിസ്റ്റ് റെവല്യൂഷനറീസ് 1969ലെ കല്‍ക്കട്ട കോണ്‍ഗ്രസ്സില്‍ വെച്ച് CPI(ML) സംഘടന രൂപീകരിക്കുവാന്‍ പോകുന്നതിന്റെ കുറച്ചു സുപ്രധാന വിവരങ്ങള്‍ എന്നോടു പറഞ്ഞിരുന്നു. അതാണ് എന്റെ സര്‍വീസിലെ ആദ്യ വഴിത്തിരിവ്. പിന്നീടങ്ങോട്ട് അവരുടെ ഓപ്പറേഷണല്‍ വിഷയങ്ങളൊഴിച്ച് പല കാര്യങ്ങളും എന്നോടു സംവദിക്കാറുണ്ടായിരുന്നു.

'എപ്പോഴായിരുന്നു പ്രധാനും പാര്‍വതിയും തമ്മിലുള്ള വിവാഹം നടന്നത്?'

എന്റെ ചോദ്യം കേട്ടുകൊണ്ട് മാസ്റ്ററും ഗോപിയും സ്വീകരണമുറിയിലേക്കു കടന്നുവന്നു.

'ഇപ്പോഴാ ഇവന്‍ പഴയ പ്രധാനായത്. വിരോധമില്ലെങ്കില്‍ ഞങ്ങള്‍ പുറത്തിരിക്കാം. ഞങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ സംസാരിക്കാനുണ്ട്.'

മാസ്റ്റര്‍ പുറത്തേക്കിറങ്ങുന്നതിനിടയില്‍ പറഞ്ഞു. ഞാന്‍ ഗോപിയെ നോക്കി. അയാള്‍ വസ്ത്രം മാറിയിട്ടുണ്ട്. മാസ്റ്ററുടെ വസ്ത്രങ്ങളാവാനേ സാധ്യതയുള്ളൂ. ഇപ്പോള്‍ അയാള്‍ക്ക് കുറച്ച് ചെറുപ്പമായതുപോലെ.പഴയ സ്‌കൂള്‍ കുട്ടികളെപ്പോലെ അവര്‍ പുറത്തേക്കിറങ്ങിപ്പോയി. 

പെട്ടെന്ന് എന്റെ മനസ്സില്‍ എസ്.പിയുടെ ഉപദേശം മുഴങ്ങി. വെറുതെ റിസ്‌കെടുക്കേണ്ട. ഞാന്‍ വിക്രമനു നിര്‍ദേശം നല്കി. വിക്രമനോടൊപ്പം അനിലും പുറത്തേക്കിറങ്ങി. ഗോപിയും മാസ്റ്ററും മുറ്റത്തെ ഗാര്‍ഡനില്‍ പണികഴിപ്പിച്ച സിമന്റ് ബെഞ്ചിലിരിക്കുകയാണ്. വിക്രമന്‍ പോലീസ്‌വാഹനത്തില്‍ ചാരിനില്ക്കുന്നുണ്ട്. വേലായുധന്‍ സാര്‍ സംസാരം തുടരുകയാണ്.

'വിവാഹം എന്ന ആശയത്തില്‍ അവര്‍ക്ക് വിശ്വാസമുണ്ടായിരുന്നുവെന്ന് എനിക്കു തോന്നുന്നില്ല. ഞാന്‍ പരിചയപ്പെടുമ്പോള്‍ പാര്‍വതിക്ക് ഒരു കുഞ്ഞുണ്ടായിരുന്നു. അവരുടെ പേഴ്‌സണല്‍ കാര്യങ്ങളിലേക്ക് ഞാന്‍ കൂടുതല്‍ ചികഞ്ഞു നോക്കിയിരുന്നില്ല, പക്ഷേ അവളുടെ അമ്മാവന്‍ പറഞ്ഞതുവെച്ച് പഠിക്കുന്ന കാലത്തുതന്നെ അവര്‍ ഒരുമിച്ചായിരുന്നു വെന്നും പ്രെഗ്‌നന്റാണെന്ന് അറിഞ്ഞപ്പോള്‍ നാട്ടില്‍ വലിയ ഭൂകമ്പമുണ്ടായെന്നും, അച്ഛനും ആങ്ങളമാരും ഭോപ്പാലില്‍ എത്തി വെറുംകൈയോടെ മടങ്ങുകയായിരുന്നുവെന്നും പറഞ്ഞിരുന്നു. പിന്നീടൊരിക്കലും അവര്‍ അവളെ അന്വേഷിച്ച് വന്നിരുന്നില്ല.'

'പിന്നീട് ഇവര്‍ എങ്ങനെ നാട്ടിലെത്തി?'

'1967 മേയ് 17ന് നക്‌സലൈറ്റുകള്‍ പാകിയ ലാന്‍ഡ് മൈന്‍ പൊട്ടിത്തെറിച്ച് 44 സി.ആര്‍.പി.എഫ്. ജവാന്മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നേതൃത്വത്തിനു മുന്നില്‍ മഹേഷ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. അതിനുശേഷം 25ന് ചാരുഗാവില്‍ ഒരു ഇന്‍സ്‌പെക്ടറെ നക്‌സലുകള്‍ കൊലപ്പെടുത്തിയതിന്റെ റിട്ടാലിയേഷന്റെ ഭാഗമായി നടന്ന പോലീസ്‌വെടിവെപ്പില്‍ ഒന്‍പതു ഗ്രാമീണസ്ത്രീകളും ഒരു കുട്ടിയുമടക്കം പത്തു പേര്‍ കൊല്ലപ്പെട്ടു. ആ സംഭവത്തിനു ശേഷം മഹേഷ് തന്റെ ലക്ഷ്യത്തില്‍ത്തന്നെ മാറ്റം വരുത്തിയിരുന്നു. അയാള്‍ ബ്രൂട്ടല്‍ കില്ലിങ്ങിന് എതിരായിരുന്നു. ഉള്ളില്‍നിന്നും ഫൈറ്റ് ചെയ്യുന്നതിന്റെ ഭാഗമായി അയാള്‍ ഓപ്പറേഷന്‍ സംബന്ധിച്ച ചില സുപ്രധാന വിവരങ്ങള്‍ എനിക്കു കൈമാറാന്‍ തുടങ്ങി. അങ്ങിനെയാണ് 1971ലെ ഓപ്പറേഷന്‍ സ്റ്റീപ്പിള്‍ ചെയ്‌സും മറ്റും വിജയം കൊണ്ടത്. തുടര്‍ന്ന് പല പല കൗണ്ടര്‍ ഓപ്പറേഷനുകള്‍...'  

'നക്‌സലുകള്‍ ഒരിക്കലും ഒറ്റുകാരെ വെച്ചു പൊറുപ്പിക്കാറില്ലല്ലോ.'

'തീര്‍ച്ചയായും. തുടര്‍ച്ചയായ മിലിട്ടറി ഓപ്പറേഷന്‍സ് അവരെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ടാവണം. മഹേഷ് സംശയത്തിന്റെ നിഴലിലായി എന്ന് ഞാന്‍ കരുതുന്നു. എന്റെ സുരക്ഷയെ കരുതിയാവാം അയാള്‍ ഞാനുമായുള്ള കൂടിക്കാഴ്ചകള്‍ ഒഴിവാക്കി.'

ഒരു നിമിഷം നിര്‍ത്തി ദീര്‍ഘശ്വാസമെടുത്ത ശേഷം പുറത്തേക്കു നോക്കി. വിദ്യാധരനും ഗോപിയും പുറത്തു തന്നെയാണെന്ന് ഉറപ്പുവരുത്തിയതിനു ശേഷം തുടര്‍ന്നു,

'പിന്നീട് എനിക്കു കിട്ടിയ വിവരമനുസരിച്ച് അയാള്‍ സംഘടനയില്‍ നിന്നുള്ള ത്രെട്ട് ഭയന്ന് പാര്‍വതിയെയും മോനെയും നാട്ടിലേക്കയച്ചു. ശേഷം അയാള്‍ 1971ലെ മിലിട്ടറി ഓപ്പറേഷനില്‍ സറണ്ടറായിരുന്നു. പിന്നീട് എന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഇടപെട്ട് 1974-ല്‍ അയാളെ ജയിലില്‍ നിന്നും മോചിപ്പിച്ചിരുന്നു. അതിനുശേഷം അയാള്‍ എങ്ങോട്ടു പോയി എന്നറിയില്ല.'
'അയാള്‍ക്ക് എന്തു സംഭവിച്ചുവെന്ന് സാറിനു വിവരങ്ങളൊന്നും കിട്ടിയിരുന്നില്ലേ?'

'കിട്ടിയിരുന്നു. പക്ഷേ ആ വിവരങ്ങള്‍ ശരിയാണോയെന്നറിയില്ല. മഹേഷ് ആന്ധ്രയിലും വാണ്ടഡ് ആയിരുന്നു. അവര്‍ അയാളെ പിടിച്ചശേഷം എന്‍കൗണ്ടര്‍ നടത്തിയതായി ഡിപ്പാര്‍ട്ട്‌മെന്റില്‍ ഒരു സംസാരമുണ്ടായിരുന്നു. പക്ഷേ ആന്ധ്രാപോലീസ് അത് നിഷേധിച്ചിരുന്നു.'

'ഒരുപക്ഷേ അവരുടെ ആള്‍ക്കാര്‍ തന്നെ അയാളെ..?'

'അതിനാണ് സാധ്യത കൂടുതല്‍. പാര്‍വതിയുടെ തിരോധാനത്തിലും വളരെ ദുരൂഹതകളുണ്ട്. അവരെ കര്‍ണാടകയിലെ ഹൂബ്‌ളിയില്‍വെച്ച് ആന്ധ്രാ ആന്റി-നക്‌സല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തതായാണ് അന്ന് വാര്‍ത്തകള്‍ വന്നിരുന്നത്. അതും ആന്ധ്രാ പോലീസ് നിഷേധിച്ചിട്ടുണ്ട്. അല്ലെങ്കില്‍ത്തന്നെ പോലീസായിരുന്നുവെങ്കില്‍ അവരെ ഇവിടെ നിന്നുതന്നെ അറസ്റ്റ് ചെയ്യാമായിരുന്നു. മാത്രമല്ല, അവള്‍ക്കെതിരെ ഒരിടത്തും കേസുകള്‍ ഉണ്ടായിരുന്നില്ല എന്നാണ് എനിക്കറിയാന്‍ കഴിഞ്ഞത്.'

'അതുമാത്രമല്ല സാര്‍. പാര്‍വതി മിസ്സാകുമ്പോള്‍ അവരോടൊപ്പം ഗോപിയുണ്ടായിരുന്നതായി അയാള്‍ ഞങ്ങളോടു പറഞ്ഞിട്ടുണ്ട്. കൂടാതെ യാത്രയില്‍ അവരെ ആരോ ഫോളോ ചെയ്യുന്നതായി അവര്‍ ഭയപ്പെട്ടിരുന്നതായും അയാള്‍ പറഞ്ഞതില്‍നിന്നും വ്യക്തമാണ്.'

'അങ്ങിനെയെങ്കില്‍ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ ഒരുപക്ഷേ അവര്‍ മകന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി അവനെ ബസ്സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച് പിടികൊടുത്തതാവില്ലേ..?' ബാലകൃഷ്ണന്‍ ചോദിച്ചു.
'ഉപേക്ഷിച്ചുവെന്നു പറയരുത് ബാലകൃഷ്ണാ...അവര്‍ ഒരുപാട് വേദനയോടെയായിരിക്കാം അങ്ങനെ ചെയ്തത്.'

'അങ്ങിനെയെങ്കില്‍ നമുക്കൊരു കാര്യം ഉറപ്പിക്കാം, പാര്‍വതിയെ കസ്റ്റഡിയിലെടുത്തത് പോലീസാവില്ല. ആയിരുന്നെങ്കില്‍ കുട്ടിയേക്കൂടി അവര്‍ കൊണ്ടുപോകുമായിരുന്നു. കാരണം അവന്‍ ഒരു ജുവനൈല്‍ ആയിരുന്നല്ലോ? അങ്ങനെയെങ്കില്‍ നക്‌സല്‍ ഗ്രൂപ്പില്‍പ്പെട്ടവര്‍ തന്നെയാവും. അത് സത്യമാണെങ്കില്‍ രണ്ടുപേരെയും അവര്‍ ഇല്ലാതാക്കിയിട്ടുണ്ടാവും.' വേലായുധന്‍ സാര്‍ ഒരുനിമിഷം കണ്ണുകളടച്ചു. ശേഷം പറഞ്ഞു,

'ഗോപിനാഥിന്റെ കാര്യത്തില്‍ ഞാന്‍ വല്ലാതെ അസ്വസ്ഥനാണ്. ഇക്കാര്യത്തില്‍ എനിക്കെന്തെങ്കിലും ചെയ്യണമെന്നുണ്ട്. ജാമ്യം, നല്ല വക്കീല്‍ എല്ലാം ഞാന്‍ അറേഞ്ച് ചെയ്യാം. അയാള്‍ക്കെങ്ങനെയെങ്കിലും ഒരു ജീവിതം കൊടുക്കണം. അതിന് ഏതറ്റംവരെ പോകാനും ഞാന്‍ റെഡിയാണ്.' 

'ഞങ്ങളും ധര്‍മസങ്കടത്തിലാണ് സാര്‍. എത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ എനിക്കാവും. അങ്ങനെയെങ്കില്‍ റിമാന്റ് പിരിയഡില്‍ തന്നെ ട്രയല്‍ സംഘടിപ്പിക്കാം. നല്ല വക്കീലാണെങ്കില്‍ റൈറ്റ് ഓഫ് പ്രൈവറ്റ് ഡിഫന്‍സില്‍ അയാളെ രക്ഷിച്ചെടുക്കാം. മാക്‌സിമം ആറേഴു മാസത്തെ സമയമെടുക്കും.'

ഗോപിയേട്ടനെ സഹായിക്കാനായി ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്യണമെന്ന് ഞാന്‍ മനസ്സില്‍ തീരുമാനിച്ചുകഴിഞ്ഞിരുന്നു.

'അതല്ല. ജാമ്യത്തിനു ശ്രമിച്ചാല്‍ നടക്കില്ലേ?' വേലായുധന്‍ സാര്‍ സംശയമുന്നയിച്ചു. ശേഷം പറഞ്ഞു,
'അതുപോര. നമുക്ക് കേസ് ഡിസ്‌പോസലാക്കി അയാളെ മനസ്സമാധാനത്തില്‍ ജീവിക്കാന്‍ അനുവദിക്കണം.' 

'ജാമ്യമെടുത്താല്‍ പിന്നെ ട്രയല്‍ കണ്ടക്ട് ചെയ്യാന്‍ വീണ്ടും വര്‍ഷങ്ങളെടുക്കും. അത്രയും കാലം അയാളുടെ ജീവിതം നരകതുല്യമായേക്കാം, കസ്റ്റഡി ട്രയലിനു പ്രൊപ്പോസ് ചെയ്യാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് സാധിച്ചേക്കും. സ്ഥിരമായ മേല്‍വിലാസമില്ലാത്തയാളാണെന്നും ജാമ്യത്തില്‍ പോയാല്‍ ഒരുപക്ഷേ പിന്നീട് നിയമത്തിനു മുന്നിലെത്തിക്കാന്‍ പ്രയാസമായിരിക്കും എന്നുകൂടി കോടതിയെ ബോധ്യപ്പെടുത്താനായാല്‍ കസ്റ്റഡി ട്രയലിനുളള സാധ്യത തെളിഞ്ഞേക്കാം. മറിച്ച് ഇപ്പോള്‍ ജാമ്യമെടുത്താല്‍ കോടതിയിലെ പെന്‍ഡിങ് കേസുകള്‍ ഡിസ്‌പോസലായ ശേഷം സീനിയോറിറ്റിക്കനുസരിച്ചു മാത്രമേ ഈ കേസ് പരിഗണിക്കൂ,'

ഞാന്‍ വിശദീകരിച്ചു.

'ഹൈക്കോര്‍ട്ടില്‍ എന്റെ അടുത്ത ഒരു സുഹൃത്ത് ഗവണ്‍മെന്റ് പ്ലീഡറുണ്ട്. അയാളോടു കൂടി ഒപീനിയനെടുക്കാം. അല്ലേ?'
'തീര്‍ച്ചയായും സാര്‍.'
'ഗോപിയേട്ടന്റെ വീട് ഇവിടെയടുത്താണെന്നു കേട്ടു,'
ബാലകൃഷ്ണന്‍ പറഞ്ഞു.
'അതെ ഇവിടെ അടുത്ത്, കുറച്ച് ഉള്ളിലേക്കാണ്. ഒരു നാലഞ്ചു കിലോമീറ്റര്‍ പോയാല്‍ മതി. പക്ഷേ അവിടെ പ്രായമായ ആളുകള്‍ മാത്രമാണുള്ളത്. കുട്ടികളൊക്കെ പല ജോലികളുമായി വിദേശത്തൊക്കെയാണെന്നാണ് കേട്ടിട്ടുളളത്,' വേലായുധന്‍ സാര്‍ ഒന്നാലോചിച്ച ശേഷം തുടര്‍ന്നു,

'ഈ രാത്രിയില്‍ അവിടേക്ക് പോകുന്നതിലും നല്ലത് രാവിലെ പോകുന്നതാണ്. ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടുമ്പോഴുണ്ടാകുന്ന വികാരപ്രകടനങ്ങള്‍ എങ്ങിനെയാകുമെന്ന് മുന്‍കൂട്ടി പറയാനാകില്ല. മിക്കവരും പ്രഷറിന്റെയും ഷുഗറിന്റെയുമൊക്കെ വരിക്കാരാണ്.'  

'പാര്‍വതിയെയും മകനെയും വീട്ടില്‍ നിന്ന് പുറത്താക്കിയിരുന്നതല്ലേ? അപ്പോള്‍പ്പിന്നെ വലിയൊരു ഇന്റിമസിയുടെ പ്രശ്‌നംവരുമോ?' 

'നാട്ടിലുള്ള സംസാരം വെച്ച് പറയുകയാണെങ്കില്‍ പാര്‍വതിയും മകനെയും ആങ്ങളമാര്‍ക്ക് ജീവനാണ്. പാര്‍വതിയെയും മകനെയും നാട്ടില്‍നിന്നും കാണാതായശേഷം എവിടെയൊക്കെയോ അവര്‍ അന്വേഷണം നടത്തിയിരുന്നു. അവരെ കണ്ടെത്താനാവാത്തതില്‍ മനം നൊന്താണ് അവിടുത്തെ അച്ഛന്‍ മരണപ്പെട്ടതെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്.' 

ഈ സമയം വിദ്യാധരനും ഗോപിയും ഹാളിലേക്കു കടന്നുവന്നു.

'സര്‍, നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ മാത്രം... ഇന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇവിടെ നിന്നുകൂടെ?'  
മാസ്റ്ററുടെ ചോദ്യത്തിലെ ആത്മാര്‍ഥതയും വേലായുധന്‍ സാറിന്റെ വാക്കുകളും എന്നെ സമ്മര്‍ദത്തിലാക്കി. തീരുമാനമെടുക്കാനാവാതെ ഞാന്‍ ബാലകൃഷ്ണനെ നോക്കി ചോദിച്ചു,
'നിങ്ങള്‍ ചെയ്ഞ്ച് ചെയ്യാന്‍ ഡ്രസ്സൊക്കെ കരുതിയിട്ടുണ്ടോ?' 

'ഒരു ജോഡിയുണ്ട് സാര്‍.' 

ബാലകൃഷ്ണന്റെ മറുപടിക്കു ശേഷം ഞാന്‍ വേലായുധന്‍ സാറിനെ നോക്കി ചോദിച്ചു, 'ഇവിടെ വല്ല അസൗകര്യവും..?' 

'ഹേയ്... നെവര്‍. വീ ഒണ്‍ലി ത്രീ ഹിയര്‍. ഞങ്ങള്‍ മൂന്നുപേര്‍ക്കായി അഞ്ചു റൂമുകളുണ്ട്. നിങ്ങള്‍ക്ക് സൗകര്യപ്രദമാണെങ്കില്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ. ഇനി ഇവിടെ തങ്ങിയാലും ഇല്ലെങ്കിലും ഭക്ഷണം കഴിച്ചിട്ടു പോയാല്‍ മതി. സൗദാമിനി അങ്ങിനെയുള്ള കാര്യങ്ങളില്‍ നിര്‍ബന്ധക്കാരിയാണ്.' 

ഗോപിയെ സോഫയില്‍ ഇരുത്തിയശേഷം വിദ്യാധരന്‍ സൗദാമിനിയെയും കൂട്ടി അകത്തേക്കു പോയി. ബാലകൃഷ്ണന്‍ പുറത്തേക്കിറങ്ങി വിക്രമനും അനിലും നില്ക്കുന്ന ഭാഗത്തേക്കു നടന്നു. 
അല്പസമയത്തിനുശേഷം വിദ്യാധരന്‍ ഹാളിലേക്കു വന്ന് ചെവിയില്‍ എന്തോ പറഞ്ഞിട്ട് ഗോപിയെയും കൂട്ടി തന്റെ മുറിയിലേക്കു പോയി. വേലായുധന്‍ സാര്‍ മുന്നോട്ടാഞ്ഞ് ശബ്ദം താഴ്ത്തി ചോദിച്ചു,
'ഭക്ഷണത്തിനു മുന്‍പ് അല്പം ഹോട്ട് കഴിക്കുന്നതില്‍ വിരോധമുണ്ടാ?' 

'ഇല്ല സാര്‍, ഞാന്‍ മദ്യപിക്കാറില്ല... ' 

മനസ്സിലെ ആഗ്രഹം മറച്ചുവെച്ചുകൊണ്ട് ഞാന്‍ വിനയത്തോടെ പറഞ്ഞു.

'ഓ... വണ്ടര്‍ഫുള്‍, ഇന്ന് ഇത്തരക്കാരെ കണ്ടുകിട്ടാന്‍ ബുദ്ധിമുട്ടാണ്, എനിവെ, കീപ്പ് ഇറ്റ് അപ്പ് ജെന്റില്‍മാന്‍, ഞങ്ങള്‍ക്ക് സര്‍വീസില്‍ ബോര്‍ഡര്‍ പോസ്റ്റിങ് മസ്റ്റാണ്. ലേയിലും ലഡാക്കിലുമൊക്കെ പിടിച്ചു നില്ക്കണമെങ്കില്‍ ഇവനില്ലാതെ പറ്റില്ല. അന്നു തൊട്ടേയുള്ള ശീലമാ...' 

ഞാന്‍ ചിരിച്ചു.

'വിദ്യാധരന്‍,  ഇവര്‍ക്ക് ഫ്രഷാകാനുളള മുറികള്‍ കാണിച്ചു കൊടുക്കൂ.' 

വിദ്യാധരന്‍ ഹാളിലെത്തി എനിക്കു മുകളില്‍ ഇടതുവശത്ത് മുറി കാണിച്ചു തന്നശേഷം പറഞ്ഞു, 

'പ്രധാന്‍ എന്നോടൊപ്പം സുരക്ഷിതമായിരിക്കും.' 

ഞാന്‍ അയാളെ സൂക്ഷിച്ചു നോക്കി. അയാളുടെ വിശ്വാസവും ആത്മാര്‍ഥതയും കണ്ടപ്പോള്‍ എതിര്‍ത്തു പറയാന്‍ തോന്നിയില്ല.

'അവന് സത്യത്തില്‍ ജീവിക്കണമെന്നുതന്നെയില്ലായിരുന്നു. പക്ഷേ ഇപ്പോള്‍, കുറേ സംസാരിച്ചു കഴിഞ്ഞപ്പോള്‍ അവന്റെയുള്ളില്‍ ഒരുപാട് പ്രതീക്ഷകള്‍ നിറഞ്ഞതുപോലെ തോന്നുന്നു. കുറെക്കാര്യങ്ങള്‍ കൂടി ഞങ്ങള്‍ക്ക് ഓര്‍ത്തെടുക്കാനും സംസാരിക്കാനുമുണ്ട.

'  വിദ്യാധരന്‍ വികാരനിര്‍ഭരനായി.എന്റെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കിയശേഷം തുടര്‍ന്നു, 

'അവനെ പൂര്‍ണമായും ജീവിതത്തിലക്ക് തിരികെ കൊണ്ടുവരണം.' 

ഞാന്‍ ഒന്നും പറഞ്ഞില്ല. വിദ്യാധരന്‍ താഴേക്കിറങ്ങി മറ്റുളളവരെ വിളിക്കുവാനായി പോയി.

ഞാന്‍ മുറിയിലേക്കു കയറി. ചെറുതെങ്കിലും നല്ല വൃത്തിയില്‍ അടുക്കും ചിട്ടയോടും കൂടി സൂക്ഷിച്ചിരിക്കുന്നു. സിംഗിള്‍ കോട്ട് കട്ടിലില്‍ മഞ്ഞപ്പൂക്കളുള്ള ബെഡ്ഷീറ്റ് വിരിച്ചിട്ടുണ്ട്. ഒരു മേശയും തടിയുടെ തന്നെ ഒരു കസേരയുമുണ്ട്. മേശയില്‍ ടേബിള്‍ ലാമ്പും ഒരു ഫ്‌ളാസ്‌കും, അതിനടുത്തായി ഒരു ഗ്ലാസും വെച്ചിരിക്കുന്നു.
ഞാന്‍ ബെഡ്ഡിലിരുന്നു നോക്കി, നല്ല പതുപതുത്ത പഞ്ഞിമെത്തയാണ്.

വണ്ടിയില്‍നിന്നും എന്റെ ബാഗുമായി ബാലകൃഷ്ണനും വിക്രമനും മുറിയിലേക്കു കയറിവന്നു. 

'സാര്‍, അനില്‍ വണ്ടിയിലാണ് കിടക്കുന്നതെന്നു പറയുന്നു,' 

ബാഗ് കൈമാറിക്കൊണ്ട് ബാലകൃഷ്ണന്‍ പറഞ്ഞു.

'എന്തിന്..? അയാള്‍ക്കത് ക്ഷീണമാകും. നാളെ പകല്‍ മുഴുവനും തിരിച്ച് ഓടിക്കാനുളളതാണ്.' 
'ഞാന്‍ പറഞ്ഞതാണ്. പക്ഷേ അയാള്‍ക്കതാണ് കംഫര്‍ട്ട് എന്നു പറഞ്ഞു,' വിക്രമനാണ് മറുപടി പറഞ്ഞത്.
'അയാളെവിടുണ്ട്?' 
'അയാള്‍ കുളിക്കുകയാണ്. ഇവിടെ തൊട്ടപ്പുറത്തതാണ് ഞങ്ങളുടെ മുറി.'  
'ഓക്കെ, അയാള്‍ക്കതാണ് ഇഷ്ടമെങ്കില്‍ അങ്ങിനെ ആയിക്കോട്ടെ.' 
'എന്നാല്‍ ഞങ്ങള്‍ അപ്പുറത്തുണ്ട് സാര്‍,' 

ബാലകൃഷ്ണനും വിക്രമനും പുറത്തേക്കിറങ്ങി. വാതിലടച്ച് കുറ്റിയിട്ട ശേഷം വസ്ത്രം മാറി ഞാന്‍ ദേഹം കഴുകാന്‍ കുളിമുറിയിലേക്കു കയറി. കുളിമുറിയിലെ വാഷ്‌ബേസിനുമുകളില്‍ പിടിപ്പിച്ചിരിക്കുന്ന കണ്ണാടിയിലേക്ക് കണ്ണോടിച്ചിട്ട് മുഖത്തിനിരുവശത്തും താടിയിലൂടെയും കൈയോടിച്ചു. മുഴുവന്‍ പൂത്തിരിക്കുകയാണ്.

പ്രായമായി തുടങ്ങിയിരിക്കുന്നു. മക്കളെ കുറിച്ചോര്‍ത്തു. അവരിനി ഒരു നിലയ്‌ക്കെത്തണമെങ്കില്‍ എത്ര വര്‍ഷമെടുക്കും. വേണ്ടാത്തൊരു ഉത്കണ്ഠ മനസ്സിനെ അലട്ടാന്‍ തുടങ്ങി. ഷവര്‍ തുറന്ന് വെള്ളം ദേഹത്തേക്ക് ഒഴിച്ചു. ചിന്തിച്ചു ചിന്തിച്ച് തല പെരുത്തിരിക്കുകയാണ്. നന്നായൊന്നു കുളിരട്ടെ. ശിരസ്സ് തണുക്കെ കുളിച്ചിറങ്ങി. ബാഗില്‍ നിന്നും ഒരു നീല ട്രാക്ക് സ്യൂട്ടും പോലീസ് അത്‌ലറ്റിക് മീറ്റിനു വേണ്ടി വാങ്ങിയ വെള്ള ടീഷര്‍ട്ടും ധരിച്ചു. കതകിന്റെ പുറത്തുനിന്നും വാതിലില്‍ ആരോ മുട്ടുന്നുണ്ട്. രേഷ്മ പ്രത്യേകം എടുത്തുവെച്ചിരുന്ന കൂള്‍വാട്ടര്‍ സ്‌പ്രേയെടുത്ത് ഡ്രസ്സിലടിച്ച ശേഷം വാതില്‍ തുറന്നു. വിദ്യാധരന്‍ മാസ്റ്ററാണ്.

'ഭക്ഷണം റെഡിയായിട്ടുണ്ട്. സമയമായെങ്കില്‍ ചൂടോടെ കഴിക്കാം.' 

അയാള്‍ ക്ഷണിച്ചു. ഞാന്‍ ലൈറ്റ് ഓഫ് ചെയ്ത് മാഷോടൊപ്പം താഴേക്കിറങ്ങി. അപ്പുറത്തെ മുറിയില്‍നിന്നും ബാലകൃഷ്ണനും വിക്രമനും ഞങ്ങളെ അനുഗമിച്ചു. താഴെ ഊണുമുറിയില്‍ വേലായുധന്‍ സാര്‍ ഉപവിഷ്ടനാണ്. ഗോപി കുളിച്ചു വൃത്തിയായി തൊട്ടടുത്ത് ഇരിപ്പുണ്ട്.

ഊണ്‍മേശയില്‍ നിരവധി വിഭവങ്ങള്‍ നിരത്തിവെച്ചിട്ടുണ്ട്. ചപ്പാത്തി, വെജ്കുറുമ, സവാളയും കക്കിരിയും വട്ടത്തില്‍ മുറിച്ച് ഉപ്പും കുരുമുളകു പൊടിയും വിതറിയതും പച്ചപ്പയര്‍ തോരനും, അച്ചാറും, ചൂടാറാത്ത പാത്രത്തില്‍ കുറച്ചു ചോറും അങ്ങനെയൊരു നീണ്ട നിര തന്നെയുണ്ട്. എല്ലാവരും മേശയ്ക്ക് ചുറ്റുമിരുന്നു. വിദ്യാധരന്‍ ചപ്പാത്തിയെടുത്ത് ഓരോരുത്തരുടെ പ്ലെയ്റ്റുകളിലേക്ക് വിളമ്പി.
'അച്ഛന് പച്ചക്കറിയോടാണ് താത്പര്യം,' കുറുമ വിളമ്പിക്കൊണ്ട് സൗദാമിനി പറഞ്ഞു. 

ചപ്പാത്തിയും ചോറും കറികളും മാറി മാറിയെടുത്ത് എല്ലാവരും നന്നായിട്ട് കഴിച്ചു. ശേഷം കൈ കഴുകി സ്വീകരണമുറിയിലെത്തി.
'ഞാന്‍ ഹൈക്കോടതിയിലെ പ്ലീഡറെ ഒന്ന് കോണ്‍ടാക്ട് ചെയ്തിരുന്നു. അയാളുടെ അഭിപ്രായത്തില്‍ കസ്റ്റഡി ട്രയലാണ് ഉചിതമെന്നു പറഞ്ഞു. അങ്ങിനെയെങ്കില്‍ ആ രീതിയില്‍ത്തന്നെ നീങ്ങാം. ന്താ..?' 

ടവ്വല്‍കൊണ്ട് മുഖം തുടച്ചശേഷം വേലായുധന്‍ സാര്‍ പറഞ്ഞു. 

'തീര്‍ച്ചയായും സാര്‍. ഞാന്‍ എത്രയും പെട്ടെന്ന് തന്നെ ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കാം.' 
'ശരി. നിങ്ങള്‍ ഡേ മുഴുവന്‍ ട്രാവല്‍ ചെയ്ത് ക്ഷീണിച്ചതല്ലേ? മുകളില്‍ പോയി റെസ്റ്റെടുക്ക്. ഗുഡ് നൈറ്റ്.' 
'ഗുഡ് നൈറ്റ് സാര്‍.' 

ഞാന്‍ മുകളിലെ മുറിയിലേക്കു നടന്നു. ബാലകൃഷ്ണന്‍ അനിലിനോടൊപ്പം പുറത്തേക്കിറങ്ങി. വിക്രമന്‍ ഒരു സിഗരറ്റിനു തീ കൊളുത്തി. തെളിഞ്ഞ ആകാശമാണ്. അവിടവിടായി    മേഘ ശകലങ്ങളുണ്ട്. അനില്‍ ബാഗില്‍നിന്നും മുണ്ടെടുത്ത് വണ്ടിയുടെ നടുവിലുള്ള സീറ്റില്‍ നിരത്തില്‍ വിരിച്ച് വൃത്തിയാക്കി.

'അനിലേ, നീ വേറെ ഡ്രസ് കൊണ്ടുവന്നിട്ടുണ്ടോ?' 

ബാലകൃഷ്ണന്‍ ചോദിച്ചു.

'ഇല്ല സാര്‍, ഇതുകൊണ്ട് തന്നെ അഡ്ജസ്റ്റ് ചെയ്യണം.' 

അയാള്‍ പറഞ്ഞു. 
മുറിയുടെ ജനവാതിലിലൂടെ ഞാന്‍ കുറച്ചു നേരം പുറത്തേക്കു നോക്കി നിന്നു വാച്ചില്‍ നോക്കിയപ്പോള്‍ സമയം 10 മണിയാകുന്നു. അവളെ ഒന്നു വിളിച്ചു നോക്കാം. മൊബൈലെടുത്ത് രേഷ്മയുടെ നമ്പര്‍ ഡയല്‍ ചെയ്തു. റിങ് ചെയ്യുന്നുണ്ട്.

'ങ്ഹാ... സാബുച്ചായാ... എവിടെത്തി?' 
'ഓ. ഇന്ന് വരാന്‍ പറ്റാത്ത സാഹചര്യത്തിലാണുള്ളത്. നാളെ ഉച്ചകഴിയും എത്തുമ്പോള്‍.' 
'അയ്യോ. അതെന്താ? എന്തുപറ്റി.' 
'ഹേയ്... പേടിക്കാനൊന്നുമില്ല. ഇതുവരെ ഗോപിയേട്ടന്റെ വീട്ടിലെത്താനായിട്ടില്ല. എല്ലാം വിശദമായി നാളെപ്പറയാം. മോനൊറങ്ങിയോ?' 
'ഉം. കുറേ നേരം അവന്‍ ഗേറ്റില്‍ നോക്കിയിരുന്നു. പിന്നെ ഉറങ്ങിപ്പോയി,' അവള്‍ മറുപടി പറഞ്ഞു.
'ഓക്കെ, എങ്കി നീ കെടന്നാ. നാളെ കാണാം. ഗുഡ് നൈറ്റ്.' 

ഫോണ്‍ കട്ട് ചെയ്തശേഷം ലൈറ്റണച്ച് കിടന്നു. ഉറക്കം വരുന്നില്ല. തുറന്നിട്ട ജാലകത്തിലൂടെ അകലെ ഒറ്റയ്‌ക്കൊറ്റയ്ക്കായി ഉയര്‍ന്നു നില്ക്കുന്ന കരിമ്പനകള്‍ കറുത്തിരുണ്ട് ഭീകരരൂപം പൂണ്ടിരിക്കുന്നു. തെളിഞ്ഞ ആകാശത്തില്‍ അവിടവിടായുള്ള കറുത്ത മേഘരൂപങ്ങള്‍ മനസ്സിനെ അലോസരപ്പെടുത്തി. ഞാന്‍ പതുക്കെ കണ്ണുകളടച്ചു. നാളിതുവരെ യാതൊരു പരിചയവുമില്ലാത്ത ഒരു വീട്ടില്‍ അന്തിയുറങ്ങുന്നു. ശരിക്കും ഓരോ ദിവസവും എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്നത്തെ മാവോയിസവും അന്നത്തെ നക്‌സലിസവും ശരിക്കും എത്രയെത്ര ബാല്യങ്ങളെ അനാഥമാക്കിയിട്ടുണ്ടാവാം. 44 ജവാന്മാരുടെ കുടുംബാംഗങ്ങള്‍, 9 ഗ്രാമീണസ്ത്രീകളും അവരുടെ മക്കളും ഓപ്പറേഷന്‍ സ്റ്റീപ്പിള്‍ ചേയ്‌സിന്റെ ഇരകള്‍... തല മരവിക്കുന്നു. 
ആരോ തന്റെ പിന്നാലെ ഓടിവരുന്നുണ്ടെന്ന് എനിക്കു മനസ്സിലായി. ഞാന്‍ നിര്‍ത്താതെ ഓടുകയാണ്. പിന്നിലുള്ളയാള്‍ ശരവേഗത്തിലാണ്. സര്‍വശക്തിയുമെടുത്ത് ഞാന്‍ ഓടി. കുറേ മുന്നിലായി ഒരു കുട്ടി കരഞ്ഞുകൊണ്ട് നില്പുണ്ട്. അവനെ ഇപ്പോള്‍ വ്യക്തമായി കാണാനാവുന്നുണ്ട്. അവന് കെവിന്റെ മുഖം. കെവിന്‍ എന്നെ നോക്കി കൈ നീട്ടി അലമുറയിടുന്നുണ്ട്. ഞാന്‍ അവന്റെ തൊട്ടടുത്തെത്താറായപ്പോള്‍ പ്രപഞ്ചമൊട്ടാകെ പ്രകമ്പനം കൊള്ളുന്ന തരത്തില്‍ ഒരു സ്‌ഫോാടനശബ്ദം കാതില്‍പ്പതിച്ചു.

'മോനേ...' 

അലറിവിളിച്ചുകൊണ്ട് ഞാന്‍ കിടക്കയില്‍നിന്നും ചാടിയെണീറ്റു. ദേഹമാസകലം വിയര്‍ത്തിട്ടുണ്ട്. ബെഡ്ഡില്‍ ഇരുന്നുകൊണ്ട് തന്നെ സ്വിച്ചിട്ടു. മുറിയില്‍ വെളിച്ചം നിറഞ്ഞു. മേശമേലുള്ള ഫ്‌ളാസ്‌കില്‍ നിന്നും ഒരു ഗ്ലാസ് ചൂടുവെള്ളമെടുത്ത് കുടിച്ചു. എന്നിട്ട് ബെഡ്ഡിന്റെ നാലു മൂലകളിലും കുരിശടയാളം വരച്ച ശേഷം ലൈറ്റണച്ചു കിടന്നു.

(തുടരും)

മുൻ ഭാഗങ്ങൾ വായിക്കാം