ഞാന്‍ വണ്ടിയില്‍ നിന്നിറങ്ങി വിദ്യാധരന്‍ മാസ്റ്ററുടെ അച്ഛനെ അഭിവാദ്യം ചെയ്തു. 'ഹലോ. ഗുഡ് ഈവനിങ് ജന്റില്‍മാന്‍,'
അദ്ദേഹം പ്രതിഭിവാദ്യം ചെയ്തു. ശേഷം അടുത്തു വന്ന് ഹസ്തദാനം ചെയ്തുകൊണ്ടു പറഞ്ഞു, 
'ഐ ആം വേലായുധന്‍ അടിയോടി, റിട്ടയേര്‍ഡ് ഫ്രം സെന്‍ട്രല്‍ ഇന്റലിജന്‍സ്.' തുടര്‍ന്ന് അദ്ദേഹം വണ്ടിയിലുണ്ടായിരുന്ന മറ്റുള്ളവരെയും അഭിവാദ്യം ചെയ്തു. എല്ലാവരും വാഹനത്തില്‍ നിന്നിറങ്ങി. ഗോപിയാണ് ഒടുവില്‍ ഇറങ്ങിയത്. വേലായുധന്‍ സാര്‍ അയാളെ സൂക്ഷിച്ചു നോക്കുന്നുണ്ട്. വിദ്യാധരന്‍ കൈയിട്ട് ചേര്‍ത്തുപിടിച്ചിട്ട് അച്ഛനോടു ചോദിച്ചു:
'അച്ഛന് മനസ്സിലായോ ഇവനെ?' 
'എനിക്കങ്ങോട്ട്...'
അയാള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.
'ഇവനാണെന്റെ പ്രധാന്‍, അച്ഛനറിയും. എന്റെ ക്ലാസ്‌മേറ്റ്.'
'ഏത് നമ്മുടെ മഹേഷ്ജിയുടെ?' 
'അതെ. മഹേഷ് പ്രധാന്റെ മകന്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ് മിസ്സായ ആ ചെക്കന്‍.' 
'ഓ ഗോഡ്... ഇറ്റ്‌സ് യുവര്‍ ഗ്രേസ്. താങ്ക് ഗോഡ്.'
കളഞ്ഞുപോയിട്ട് ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന് കരുതിയ വളരെ പ്രിയപ്പെട്ട എന്തോ ഒന്ന് തിരിച്ചു കിട്ടിയ സന്തോഷത്തോടെ വേലായുധന്‍ സാര്‍ ചിരിച്ചു.
ഗോപിയുടെ അടുത്തെത്തി അയാളുടെ കൈയില്‍ പിടിച്ച് എല്ലാവരേയും വീടിനുള്ളിലേക്ക് സ്വീകരിച്ചാനയിച്ചു. സ്വീകരണമുറിയിലേക്ക് കടക്കുമ്പോള്‍ ആഗതരെ നോക്കി ഒരു സ്ത്രീ അകത്തെ വാതില്‍പ്പടിയില്‍ തന്നെ നില്പുണ്ട്. സുമാര്‍ നാല്പത്തെട്ടു വയസ്സ് തോന്നിക്കുന്ന അവരെ വിദ്യാധരന്‍ മാസ്റ്റര്‍ പരിചയപ്പെടുത്തി.
'ഇത് സൗദാമിനി, എന്റെ സഹധര്‍മിണി. ഇവിടെയടുത്തു തന്നെയാണ് വീട.്'
ശേഷം സൗദാമിനിയെ നോക്കി പറഞ്ഞു, 'ഇതെന്റെ സതീര്‍ഥ്യന്‍, പ്രധാന്‍.' ഞങ്ങളോടായി മാഷ് പറഞ്ഞു,
'ഞാന്‍ പ്രധാനെപ്പറ്റി മുന്‍പ് ഇവളോടു പറഞ്ഞിട്ടുണ്ട് സാര്‍. ഗോപിയുടെ അമ്മയെ ഇവള്‍ക്കറിയാം.'
'അറിയാം. നമ്മുടെ പാര്‍വതി ചേച്ചിയല്ലേ? ഓ... എന്തൊരു സുന്ദരിയായിരുന്നു അവര്‍..!' സൗദാമിനി ഓര്‍ത്തെടുത്തു.
'ഉം. അതെ, നമ്മുടെ ജീനിയസ് പാര്‍വതി ചേച്ചി.'
ഞങ്ങള്‍ വളരെ ജിജ്ഞാസയോടെ അവരുടെ സംസാരം ശ്രദ്ധിച്ചു. 
'കുടിക്കാന്‍ ചായയോ കാപ്പിയോ?'സൗദാമിനിയാണ് ചോദിച്ചത്.
'എന്തുമാവാം. മധുരം കുറവ് മതി.'
ഞാന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു.
സൗദാമിനി അകത്തേക്കു പോയി. ബാലകൃഷ്ണനും വിക്രമനും സ്വീകരണമുറിയിലെ ശില്പങ്ങളിലേക്കും ഭിത്തിയിലെ ഫോട്ടോകളിലേക്കും മറ്റും നോക്കിയിരിക്കുകയാണ്. 
'അത് ഇന്ത്യന്‍ പ്രസിഡന്റിന്റെ പോലീസ്‌മെഡലാണ്. എമര്‍ജന്‍സി കാലഘട്ടത്തിലെ ഒരു ഓപ്പറേഷന്റെ ഭാഗമായി കിട്ടിയതാണ്. 1976-ല്‍.'
വേലായുധന്‍ സാര്‍ ചിരിച്ച് പാതി ഗൗരവത്തില്‍ പറഞ്ഞു,
'ഇടതുവശത്തുള്ളത് ജജങ ആണ്. അത് 1975-ല്‍. അങ്ങിനെയങ്ങിനെ എന്തെല്ലാം, പക്ഷേ...'
അയാള്‍ എന്തോ പറയാന്‍ തുടങ്ങിയെങ്കിലും പാതി നിര്‍ത്തി ഗോപിയെയും വിദ്യാധരനെയും മാറി മാറി നോക്കി. വേലായുധന്‍ സാര്‍ വികാരനിര്‍ഭരനായി. മാസ്റ്റര്‍ക്ക് കാര്യം പിടികിട്ടി. ഗോപി നിര്‍വികാരനായി ഇരിക്കുന്നതു കണ്ട് വിദ്യാധരന്‍ മാസ്റ്റര്‍ അയാളെ കൂട്ടി സ്വീകരണമുറിയുടെ കിഴക്കുഭാഗത്തുള്ള മുറിയിലേക്കു പോയി. ഞാന്‍ വിക്രമനോട് ശ്രദ്ധ വേണമെന്ന് കണ്ണുകള്‍കൊണ്ട് ആംഗ്യം കാണിച്ചു. 
'ആ മുറിക്ക് ഒറ്റ വാതില്‍ മാത്രമേയുള്ളൂ. അത് തുറക്കുന്നത് ഇങ്ങോട്ട് തന്നെയാണ്.'
എന്റെ ഉത്കണ്ഠ മാറ്റി ശ്രദ്ധ മുഴുവന്‍ തന്നിലേക്കു തിരിക്കാനെന്നവണ്ണം വേലായുധന്‍ സാര്‍ പറഞ്ഞു. 
'ഓപ്പറേഷന്‍ സ്റ്റീപ്പിള്‍ ചെയ്‌സ്' എന്നായിരുന്നു അതിന്റെ പേര്. ഓപ്പറേഷന്റെ സീക്രട്ട് ഇന്‍ഫര്‍മേഷന്‍സ് മുഴുവനും ഈ ഗോപിനാഥ് പ്രധാന്റെ അച്ഛന്‍ മഹേഷ് പ്രധാനില്‍നിന്നുമായിരുന്നു. ആ നീക്കത്തിലൂടെ ഒരു വലിയ പങ്ക് നക്‌സലൈറ്റ് നേതാക്കന്മാരെ വധിക്കുകയോ തടങ്കലിലാക്കുകയോ ചെയ്തു.'
'ഹേയ്... അതെങ്ങനെ? അയാള്‍ മോസ്റ്റ് വാണ്ടഡ് മാവോയിസ്റ്റ് ലീഡറായിരുന്നില്ലേ?' 


'അതെ. പക്ഷേ അയാള്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. ഞങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ 'ദ മോസ്റ്റ് കോസ്റ്റിലിയസ്റ്റ് സോഴ്‌സ്'. മഹേഷ്, അതയാളുടെ ശരിയായ പേരല്ല- ഭോപ്പാല്‍ റീജിയണല്‍ എന്‍ജിനീയറിങ് കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ നക്‌സല്‍ ആശയങ്ങളില്‍ അയാള്‍ ആകൃഷ്ടനായിരുന്നു. അയാളുടെ ജൂനിയറായിട്ടാണ് പാര്‍വതി നമ്പ്യാര്‍ എത്തുന്നത്. ഈ ഗോപിനാഥിന്റെ അമ്മ. ഈ നാട്ടില്‍നിന്നും ആദ്യമായി റീജിയണല്‍ എന്‍ജിനീയറിങ് കോളേജില്‍ അഡ്മിഷന്‍ വാങ്ങിയ പെണ്‍കുട്ടി. സോ ബ്രില്യന്റ് സ്റ്റുഡന്റ്.  അവളുടെ വകയിലൊരമ്മാവന്‍ എന്റെ സുഹൃത്ത് അവിടുത്തെ സ്റ്റാഫായിരുന്നു. ലാബ് അസിസ്റ്റന്റോ മറ്റോ. ഞാന്‍ ഭോപ്പാല്‍ യൂണിറ്റില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ ഇടയ്‌ക്കൊക്കെ അയാളുടെ വീട്ടില്‍ പോകുമായിരുന്നു. അങ്ങനെയാണ് പാര്‍വതിയെയും അവളിലൂടെ പ്രധാനെയും പരിചയപ്പെടുന്നത്.' 
'പഠിക്കുന്നതിനു മുന്‍പുതന്നെ മഹേഷ് പ്രധാന്‍ നക്‌സലൈറ്റ് നേതാവായിരുന്നോ? അപ്പോള്‍ അയാള്‍ക്കെങ്ങനെ അഡ്മിഷന്‍ കിട്ടി?'
'പില്ക്കാലത്ത് അയാള്‍ നേതൃസ്ഥാനത്തേക്ക് വന്നിരുന്നില്ലെങ്കിലും പല സാമൂഹികപ്രശ്‌നങ്ങളിലും ഇടപെട്ടിരുന്നു. പ്രത്യേകിച്ച് മൈനിങ്ങുമായി ബന്ധപ്പെട്ട് ആദിവാസികളെ കുടിയിറക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ.'
'എന്നിട്ട്?'
എനിക്ക് ആകാംക്ഷ കാരണം ക്ഷമ നഷ്ടപ്പെട്ടു തുടങ്ങി. 
'എന്തായാലും ആ സൗഹൃദം പിന്നീട് വല്ലാത്തൊരു അടുപ്പമാക്കിയെടുക്കുന്നതില്‍ ഞാന്‍ വിജയിച്ചു. ഒരു പരിധിവരെ എന്റെ പ്രൊഫഷന് അത് ആവശ്യമായിരുന്നു.'
ഈ സമയം സൗദാമിനി ഒരു ട്രേയില്‍ ചായയും പലഹാരങ്ങളുമായെത്തി.
'വിദ്യേട്ടനും പ്രധാനും?'
ചായ ടീപ്പോയില്‍ വെക്കുന്നതിനിടെ സൗദാമിനി ആരാഞ്ഞു. 
'അങ്ങോട്ട് കൊടുത്തോളൂ...'
കിഴക്കേമുറി ചൂണ്ടിക്കാണിച്ചുകൊണ്ട് വേലായുധന്‍ സാര്‍ പറഞ്ഞു. സൗദാമിനി രണ്ടു കോപ്പ ചായയും ഒരു പ്ലേറ്റിലെ പലഹാരങ്ങളുമായി മാസ്റ്ററുടെ മുറിയിലേക്കു പോയി. വിക്രമന്‍ പുറത്തേക്കിറങ്ങി അനിലിനെ ചായ കുടിക്കാന്‍ വിളിച്ചു. അനില്‍ വണ്ടി ലോക്ക് ചെയ്തശേഷം സ്വീകരണമുറിയിലെത്തി ചായക്കപ്പെടുത്ത് ബാലക്യഷ്ണന്റെ അടുത്തായി സോഫയിലിരുന്നു. 
'അത്താഴത്തിന് എന്താണ് വേണ്ടത്? ചപ്പാത്തിയും സ്റ്റൂവും സലാഡും ഉണ്ടാക്കട്ടെ?'
മുറിയില്‍നിന്നും തിരിച്ചിറങ്ങുമ്പോള്‍ സൗദാമിനി എല്ലാവരോടുമായി ചോദിച്ചു. 'അയ്യോ വേണ്ട മാഡം... ഞങ്ങള്‍ക്ക് രാത്രിതന്നെ തിരിച്ചു പോകണം. വണ്ടിയുള്ളതുകൊണ്ട് കുഴപ്പമില്ല,'
ഞാന്‍ പറഞ്ഞു.
'ഇപ്പോള്‍ത്തന്നെ അഞ്ചരയായി. ഇനിയെങ്ങോട്ടാണ് നിങ്ങള്‍ക്ക് പോകണ്ടത്?' ഭിത്തിയിലെ ക്ലോക്കില്‍ കണ്ണെറിഞ്ഞ് വേലായുധന്‍ സാര്‍ ചോദിച്ചു.
'ക്ഷമിക്കണം ഞങ്ങള്‍ വന്നകാര്യം പറയാന്‍ വിട്ടുപോയി.'
'അതല്ല. നിങ്ങള്‍ക്ക് സംസാരിക്കാന്‍ ഞാന്‍ അവസരം തന്നില്ല എന്നു പറയുന്നതാവും ശരി. ഹ...ഹ... ഹ... ' അദ്ദേഹം പൊട്ടിച്ചിരിച്ചു. 
'ഞാന്‍ വേലേശ്വരം സി.ഐ. ആണ്. ഗോപിനാഥ് എന്റെ സ്റ്റേഷന്‍ ലിമിറ്റില്‍ നടന്ന ഒരു മര്‍ഡര്‍ കേസിലെ പ്രതിയാണ്. സ്വയരക്ഷയ്ക്കായി നടത്തിയ ഒരു പ്രതിരോധത്തില്‍ ഒരാള്‍ മരിച്ചു...'
നടന്ന സംഭവങ്ങള്‍ വിശദമായി ഞാന്‍ വേലായുധന്‍ സാറിനു മുന്‍പില്‍ അവതരിപ്പിച്ചു.
'അതിലെ ഇന്ററസ്റ്റിങ് ഫാക്ടര്‍ മറ്റൊന്നാണ്. ഭൂതകാലമറിയാത്ത ഇയാളുടെ പ്രകൃതം കണ്ടപ്പോള്‍, ഒരു സമയംവരെ, ഇയാള്‍ സുകുമാരക്കുറുപ്പാണോയെന്നുവരെ ഞങ്ങള്‍ സംശയിച്ചിരുന്നു. പിന്നീട് ഇയാളുടെ നിസ്സഹായാവസ്ഥയില്‍ ഇയാളോടു തോന്നിയ ഒരു അഫക് ഷന്‍, അത് ഞങ്ങളെ ഇവിടെ വരെ എത്തിച്ചു എന്നു പറയുന്നതാവും സത്യം.'
ഞാന്‍ ബാലകൃഷ്ണനെയും മറ്റും നോക്കി.
'അതെ...' 
അവര്‍ പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി. 
'ഓക്കെ, അപ്പോള്‍ നിങ്ങള്‍ക്ക് ഇന്നു പോകണമെന്നു തന്നെയാണോ?'
'വേണം സാര്‍. പക്ഷേ, സാറില്‍നിന്നും കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ താത്പര്യമുണ്ട്.'
'എങ്കില്‍ ഞാന്‍ ചുരുക്കിപ്പറയാം,' വേലായുധന്‍ സാര്‍ സോഫയില്‍ ഒന്ന് അനങ്ങിയിരുന്ന ശേഷം പറയാന്‍ തുടങ്ങി.

((തുടരും)

മുൻ ഭാഗങ്ങൾ വായിക്കാം

Content Highlights : Kuttasammatham Malayalam Novel By Sibi Thomas part 11