രാവിലെ 5.30നുതന്നെ അനില്‍ പോലീസ്ജീപ്പുമായി എത്തി. കാലത്ത് പോകാന്‍ തീരുമാനിച്ചിരുന്നതിനാല്‍ ഗേറ്റ് ലോക്ക് ചെയ്തിരുന്നില്ല. അനില്‍ തന്നെ കൈയിട്ട് ഗേറ്റ് തുറന്ന് വണ്ടി അകത്തു കയറ്റി. ഞാന്‍ കുളികഴിഞ്ഞ് യൂണിഫോം ധരിക്കുമ്പോഴേക്കും രേഷ്മ ചായയും കഴിക്കാന്‍ ഉള്ളിയും പച്ചമുളകും തേങ്ങയുമിട്ട ഗോതമ്പുറൊട്ടിയും എടുത്ത് വെച്ചിരുന്നു. ഞാന്‍ വാതില്‍ തുറന്ന് അനിലിനെ ഭക്ഷണത്തിനായി ക്ഷണിച്ചു. 

'ഞാന്‍ വീട്ടില്‍നിന്നും രണ്ടു ദോശ കഴിച്ചിരുന്നു സര്‍.'
'എന്നാല്‍ ഒരു ചായ കുടിക്കാം.'
ഒരു കപ്പ് ചായയുമായി രേഷ്മ പുറത്തിറങ്ങി നിന്നുകൊണ്ട് പറഞ്ഞു.  അനില്‍ ചായ വാങ്ങിക്കുടിച്ചശേഷം ചായക്കപ്പ് കൈമാറി. ചീസ് തേച്ച ഒരു റൊട്ടി അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ് ഒരു കവറിലിട്ട് ഞാന്‍ ബാഗിലിട്ടു. ഗോപിയേട്ടനു കൊടുക്കാം ബാലകൃഷ്ണനും വിക്രമനും ചിലപ്പോള്‍ കഴിച്ചിട്ടാവും വരിക.
'ചിലപ്പോള്‍ ഞങ്ങള്‍ തിരിച്ചെത്താന്‍ വൈകും. ഇനി അഥവാ വരില്ലെങ്കില്‍ ഞാന്‍ വിളിച്ചറിയിക്കാം. മോനോടു പറഞ്ഞേക്കണം.'

പുറത്തേക്കിറങ്ങുന്നതിനിടയില്‍ ഞാന്‍ രേഷ്മയോടു പറഞ്ഞു. 
ജീപ്പ് ഗേറ്റ് കടക്കുന്നതുവരെ രേഷ്മ പുറത്തുതന്നെ നിന്നു. 

പോലീസ്ജീപ്പ് സ്റ്റേഷനിലെത്തുമ്പോള്‍ ബാലകൃഷ്ണന്‍ ഒരു ഫയലും കൂടാതെ അസോസിയേഷന്‍ സമ്മേളനത്തിന് കോംപ്ലിമെന്റായി കിട്ടിയ ബാഗുമായി കാത്തുനില്പുണ്ടായിരുന്നു. വിക്രമന്‍ ഗോപിയെ പുറത്തിറക്കി അയാളോടു കാര്യങ്ങളല്ലാം പറഞ്ഞുകൊടുത്തുകൊണ്ട് നില്പുണ്ട്. ഞാന്‍ വണ്ടിയിലിരുന്നുകൊണ്ടുതന്നെ ബാഗ് തുറന്ന് അലുമിനിയം ഫോയിലിന്റെ പൊതിയെടുത്ത് വിക്രമന്റെ കൈയില്‍ കൊടുത്തിട്ട് ഗോപിക്കു കൊടുക്കാന്‍ പറഞ്ഞു. ഗോപി പൊതി തിരിച്ചും മറിച്ചും നോക്കിയിട്ട് പറഞ്ഞു, 

'ഇത്ര കാലത്തേ വേണ്ട സാറേ. ഞാന്‍ പിന്നെ കഴിച്ചോളാം.'

മൂന്നുപേരും വണ്ടിയില്‍ കയറി. പിന്നിലെ സീറ്റില്‍ നടുവിലാണ് ഗോപി ഇരിക്കുന്നത്.
ജീപ്പ് റിവേഴ്‌സില്‍ തന്നെ പുറത്തേക്കെടുത്തു. ഇറക്കമിറങ്ങി പുതിയങ്ങാടിയില്‍നിന്നു വലതുവശത്തേക്ക് തിരിഞ്ഞു നാഷണല്‍ ഹൈവേയിലൂടെ മുന്നോട്ടു കുതിച്ചു. കാലത്ത് റോഡില്‍ അധികം വാഹനത്തിരക്കില്ലായിരുന്നതിനാല്‍ കുറഞ്ഞ സമയംകൊണ്ട് കൂടുതല്‍ സമയം താണ്ടാനായി .

'ശരിക്കും എവിടെയാണ് പോകേണ്ടതെന്ന് തീരുമാനമായോ?'
അനിലാണ് ചോദിച്ചത്.

'നമുക്ക് മലപ്പുറത്തുനിന്നും പാലക്കാട്ടേക്ക് പോകുന്ന റോഡിലെത്തണം. അതിനുശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാം.'

പോലീസ്‌വണ്ടി സാമാന്യം വേഗത്തില്‍ തന്നെയാണ് പോകുന്നത്.  തലശ്ശേരി പോലീസ് സ്റ്റേഷന്‍ അതിര്‍ത്തി കടന്ന് മാഹി പാലത്തിലൂടെ മുന്നോട്ടു നീങ്ങി. ഇരുവശങ്ങളിലുമുള്ള വൈന്‍ ഷോപ്പുകള്‍ തുറന്നു വരുന്നതേയുള്ളു. തുറന്നിരിക്കുന്ന കടകളില്‍ അടുക്കിവെച്ചിരിക്കുന്ന മദ്യക്കുപ്പികളില്‍നിന്നും പ്രതിഫലിക്കുന്ന പ്രകാശത്തിന് ഒരു പ്രത്യേക നിറമാണ്. ഞാന്‍ തിരിഞ്ഞ് ഗോപിയെ നോക്കി. അയാളുടെ മുഖത്ത് അദ്ഭുതവും സന്തോഷവും നിറഞ്ഞു നില്ക്കുന്നു. ആദ്യമായി പൂരപ്പറമ്പിലെ ദീപാലങ്കാരങ്ങള്‍ വീക്ഷിക്കുന്ന ഒരു കൊച്ചു കുട്ടിയുടെ ഭാവം. 

'എന്താ ഗോപിയേട്ടാ വേണോ ഒന്ന്?'
'വേണ്ട സാര്‍. നമ്മളൊരു നല്ലകാര്യത്തിനു പോകുകയല്ലേ?'

ഗോപിയുടെ മറുപടിയില്‍ അല്പം നിരാശ പടര്‍ന്നിരുന്നോയെന്ന് ന്യായമായും സംശയിക്കാം. അയാളുടെ മനസ്സിപ്പോഴും പണ്ടെങ്ങോ മുറിഞ്ഞുപോയ രക്തബന്ധത്തിന്റെ കണ്ണികളിലാണ്. അത് എന്തുകൊണ്ടും നല്ല ലക്ഷണമാണ്. സ്‌നേഹബന്ധങ്ങളുടെ ആത്മാര്‍ഥമായ തലോടലില്‍ മാറ്റി മറിക്കപ്പെടാവുന്നതേയുള്ളൂ ഗോപിയുടെ ദുശ്ശീലങ്ങള്‍.

'അപ്പോള്‍ അത് നല്ല കാര്യങ്ങള്‍ക്കു പോകുമ്പോള്‍ ഉപയോഗിക്കാന്‍ പാടില്ലാത്തതാണെന്നറിയാം... എന്നിട്ടാ!' 
'അതല്ല സാറേ, മുന്നോട്ട് ചിന്തിക്കാനില്ലാത്തവര്‍ക്ക് എന്ത് നല്ലത് വരാനാണ്?' 

ഒന്ന് നിര്‍ത്തി ഒരു ദീര്‍ഘനിശ്വാസമെടുത്ത ശേഷം തുടര്‍ന്നു,

'ഓര്‍മകളെ മൂടിവെക്കാനും ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണിടാനും ഇതിനു കഴിയും... അതെ സാറേ, ഞാന്‍ ബോധം മറിയുംവരെ കുടിക്കും. അങ്ങനെ ഒരു ദിവസം ഒന്നുമറിയാതങ്ങു തീരണം. അതാണെന്റെ ആഗ്രഹം.'

'എങ്കില്‍ പിന്നെ എന്തിനിത്ര കഷ്ടപ്പെടണം? തിരിച്ചു പോകുന്നതല്ലേ നല്ലത്.'
എന്റെ മറുപടിയില്‍ അതൃപ്തി നിറഞ്ഞിരുന്നു. അത് മനസ്സിലായിട്ടെന്നോണം ഗോപി പറഞ്ഞു,
'ഇന്നലെ വരെ അങ്ങിനെയായിരുന്നു സാര്‍. പക്ഷേ ഇന്നങ്ങനെയല്ല. എനിക്കുവേണ്ടിയും നില്ക്കാന്‍ ആളുണ്ട് എന്നൊരു തോന്നല്‍ ഒരു പുത്തന്‍ പ്രതീക്ഷയല്ലേ സാര്‍.'
'ഓ... ഇപ്പോള്‍ സമാധാനമായി.' 

ഞാന്‍ ആശ്വസിച്ചു. വഴിയരികില്‍ കണ്ട ഒരു സാധാരണ ചായക്കടയ്ക്ക് മുന്നില്‍ വണ്ടി നിര്‍ത്തി. 

'ചായ കുടിക്കാം. വേണമെങ്കില്‍ ഗോപിയേട്ടന് ഭക്ഷണവും കഴിക്കാം. '
'എനിക്കൊരു കട്ടന്‍ ചായ വേണം.'
അനില്‍ ഡ്രൈവര്‍ സീറ്റില്‍ നിന്നിറങ്ങി കടയിലേക്കു നടന്നു.
'സാറിന് ചായ ഇങ്ങോട്ടെടുക്കാന്‍ പറയട്ടേ..?'
ജീപ്പില്‍ നിന്നിറങ്ങുമ്പോള്‍ ബാലകൃഷ്ണന്‍ ചോദിച്ചു.
'വേണ്ട. ഞാനും വരാം. ഇത്രയും നേരം ഒരേ ഇരുപ്പായിരുന്നില്ലേ.'

ഞാന്‍ ഇറങ്ങുമ്പോഴേക്കും വിക്രമന്‍ ഗോപിയെയും കൂട്ടി കടയിലേക്ക് കയറിക്കഴിഞ്ഞിരുന്നു. അനില്‍ ഒരു  കട്ടന്‍ ചായയ്ക്കും മൂന്ന് സാദാ ചായയ്ക്കും ഓര്‍ഡര്‍ കൊടുത്ത ശേഷം അന്നത്തെ പത്രത്തിലൂടെ കണ്ണോടിക്കുകയാണ്.  ഗോപി ഒരു മേശയ്ക്കരുകില്‍ ഇരുന്ന് അലൂമിനിയം ഫോയില്‍ പാക്ക് തുറന്ന് ഗോതമ്പു റൊട്ടിയെടുത്ത് ചൂട് ചായയോടൊപ്പം കഴിക്കാന്‍ തുടങ്ങി. പലഹാരങ്ങളിട്ടുവെച്ചിരിക്കുന്ന ചില്ലലമാരയില്‍നിന്നും എണ്ണയില്‍ പൊരിച്ചെടുത്ത ഒരു നെയ്പത്തല്‍ എടുത്ത് കടിച്ച ശേഷം വിക്രമന്‍ കൈ കൊണ്ട് നല്ലതാണെന്ന് ആംഗ്യം കാണിച്ചു.

'എന്നാലെനിക്കും ഒന്നെടുത്തോ,' ബാലക്യഷ്ണന്‍ പറഞ്ഞു. 

വിക്രമന്‍ പത്തല്‍ എടുത്ത് ബാലകൃഷ്ണനു കൈമാറി. ഒന്നെടുത്ത് ഒരു പ്ലേറ്റില്‍ വെച്ച് എന്റെ മുന്നിലും വെച്ചു.  ഞാനത് ഗോപിക്ക് നേരെ നീട്ടി.   വിക്രമന്‍ ചായ കുടിച്ച ശേഷം പുറത്തേക്കിറങ്ങി. അനിലും ബാലകൃഷ്ണനും കൈയും മുഖവും കഴുകി ഫ്രഷായി. ഗോപി ഭക്ഷണം കഴിച്ച ശേഷം മുഖം കഴുകാന്‍ പോയപ്പോള്‍ ഞാന്‍ എഴുന്നേറ്റ് കടക്കാരന് നൂറു രൂപയുടെ ഒരു നോട്ടെടുത്ത് കൊടുത്തു. ബാക്കി പണം വാങ്ങി ഞങ്ങള്‍ തിരിച്ച് വണ്ടിയില്‍ കയറി. വണ്ടി മുന്നോട്ടു നീങ്ങി.

കോഴിക്കോട് ബൈപ്പാസും കഴിഞ്ഞ് പോലീസ്‌വാഹനം ഹൈവേ വിട്ട് ഇടതുവശത്തേക്കുള്ള റോഡിലേക്കു കയറി. ഇരുവശവും ബഹുനില മണിമാളികള്‍ ഉയര്‍ന്നു നില്ക്കുന്നുണ്ട്. വിദേശത്തുനിന്നും ഒഴുകുന്ന പണത്തിന്റെ സ്വാധീനം ഓരോ സൗധത്തിലും തുളുമ്പി നില്ക്കുന്നുണ്ട്. മനോഹരമായി പണികഴിപ്പിച്ചിരിക്കുന്ന മതില്‍ക്കെട്ടുകള്‍ ബഹുവര്‍ണങ്ങളാല്‍ അലംകൃതമാണ്. ഗോപി റോഡിന് ഇരുവശങ്ങളിലേക്കും മാറി മാറി നോക്കുന്നുണ്ട്. 

'എന്റെ ഓര്‍മയില്‍ ഇത്രയൊന്നും ടൗണല്ല നമ്മുടെ സ്ഥലം. കുറെക്കൂടി വിട്ടുവിട്ടാണ് അവിടുള്ള വീടുകള്‍.' 
'നമുക്ക് റോഡ് സൈഡിലുള്ളതും മുസ്‌ലിം പള്ളിക്കടുത്തുള്ളതുമായ സ്്കൂളുകള്‍ നോക്കുന്നതാവും എളുപ്പം.'

ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. 

'സ്‌കൂളിനു മുന്നില്‍ റോഡിനോടു ചേര്‍ന്ന് ഇരുമ്പുതൂണുകളില്‍ പിടിപ്പിച്ച ആര്‍ച്ചും, ആര്‍ച്ചില്‍ സ്‌കൂളിന്റെ പേരുമുണ്ട‌്

ഗോപി കുറച്ചു കാര്യങ്ങള്‍ കൂടി ഓര്‍മയില്‍നിന്നും ചികഞ്ഞെടുത്തു.

വണ്ടി മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. ദീര്‍ഘമായ ആലോചനയില്‍ നിന്നും ഉണര്‍ന്ന് ഞാന്‍ വാച്ചിലേക്കു നോക്കി. സമയം 1:40 ആയിരുന്നു. ഞാന്‍ തിരിഞ്ഞു നോക്കി. വിക്രമന്‍ പാതി മയക്കത്തിലാണ്. അയാളുടെ പാന്റിന്റെ പോക്കറ്റില്‍നിന്നും ഹാന്‍ഡ് കഫ് സീറ്റില്‍ വീണുകിടക്കുന്നു.

'വിക്രമാ,' വിക്രമനെ വിളിച്ച് ഞാന്‍ ഹാന്‍ഡ് കഫിന്റെ കാര്യം സൂചിപ്പിച്ചു. അയാള്‍ ഉറക്കത്തില്‍നിന്നും ഞെട്ടിയുണര്‍ന്ന് അതെടുത്ത് പാന്റിന്റെ പോക്കറ്റിലേക്ക് തള്ളിക്കയറ്റിക്കൊണ്ട് പറഞ്ഞു,

'ഷുഗറുള്ളതുകൊണ്ടാണെന്നു തോന്നുന്നു, വല്ലാത്ത ക്ഷീണം.'

'ഷുഗറുണ്ടോ?'

'ഹാ സാര്‍... ഇത് ഹെറിഡിറ്ററിയാ അമ്മയ്ക്കുണ്ട്.'
'ഉം... ഓക്കെ.'

ഗോപി അപ്പോഴും പുറത്തേക്കു നോക്കിയിരിക്കുകയാണ്. ഏതോ കാഴ്ച പ്രതീക്ഷിച്ചതുപോലെ. 
'ഊണ് കഴിക്കാനായെങ്കില്‍ കഴിക്കാം. രണ്ടു മണിയാകാനായില്ലേ?'

ഞാന്‍ ഗോപിയോടായി പറഞ്ഞു.
'കഴിക്കണമെന്നില്ല സാര്‍.' 

'ഗോപിയേട്ടന്‍ വല്ലാത്ത ടെന്‍ഷനിലാണെന്നു തോന്നുന്നു. അതുകൊണ്ടാ വിശപ്പില്ലാത്തത്,'അനില്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
'ടെന്‍ഷനൊന്നും വേണ്ട. നമ്മളെന്തായാലും വീട്ടുകാരെ കണ്ടുപിടിച്ചിട്ടേ മടങ്ങൂ,' 
ഗോപിയെ സമാധാനിപ്പിക്കാനായി പറഞ്ഞ ശേഷം ഞാന്‍ അനിലിനെ നോക്കി.
'ഏതായാലും ഊണു കഴിക്കാനുള്ള സ്ഥലം നോക്കി നിര്‍ത്തിക്കോ.' 

ദൂരം കൂടുംതോറും റോഡിന്റെ സ്വഭാവം മാറിമാറിവരുന്നുണ്ട്. ടാറിളകി സാമാന്യം വലിയ കുഴികള്‍ നിറഞ്ഞ, ഗട്ടറുള്ള റോഡിലൂടെയാണ് ഇപ്പോള്‍ വാഹനം പൊയ്‌ക്കൊണ്ടിരിക്കുന്നത്. മുന്നില്‍ വലതുവശത്ത് അവ്യക്തമായി എഴുതിവെച്ചിരിക്കുന്ന ബോര്‍ഡില്‍ 'എടക്കര ചെമ്മാട് ' എന്നെഴുതി വലത്തോട്ട് ഒരു ആരോമാര്‍ക്ക് കൊടുത്തിട്ടുണ്ട്. വലതുവശത്തേക്കുള്ള റോഡില്‍ കുറച്ചു മുന്നിലായി ഓടിട്ട ഒരു കെട്ടിടവും, അതിന്റെ മുന്നില്‍ 'നല്ല നാടന്‍ ഊണ്' എന്നെഴുതിയ ബോര്‍ഡും തൂങ്ങിക്കിടപ്പുണ്ട്.
'ഏതായാലും നമുക്കാ കടയില്‍നിന്നും ഊണ് കഴിച്ചിട്ടു പോയാല്‍ മതി.'

ഞാന്‍ അനിലിനോടു വണ്ടി അങ്ങോട്ടു മാറ്റി നിര്‍ത്താന്‍ പറഞ്ഞു.  കടയുടെ മുന്നില്‍ അരികു ചേര്‍ത്ത് വണ്ടി നിര്‍ത്തി എല്ലാവരും പുറത്തേക്കിറങ്ങി. ബാലകൃഷ്ണന്‍ രണ്ടു കൈയും കൂട്ടിപ്പിടിച്ച് മേല്‌പോട്ടുയര്‍ത്തി പെരുവിരലില്‍നിന്ന് ദീര്‍ഘനിശ്വാസമുതിര്‍ത്തു. പുറത്ത് തൂക്കിയിട്ടിരിക്കുന്ന അലൂമിനിയം ബക്കറ്റില്‍നിന്നും വെള്ളമെടുത്ത് അനില്‍ മുഖം കഴുകിയശേഷം വെള്ളമെടുക്കുന്ന മഗ്ഗ് എനിക്കു നീട്ടി. എല്ലാവരും കൈകഴുകി ഹോട്ടലിനുള്ളിലേക്കു കയറി. അകത്ത് രണ്ടുമൂന്നു പേര്‍ ഇരുന്ന് ഊണ് കഴിക്കുന്നുണ്ട്. ഇലയിലാണ് ഊണ്. രണ്ടു മേശകള്‍ക്കരുകിലായി അഞ്ചു പേരുമിരുന്നു. കുറച്ചു പ്രായമുള്ള ഒരാള്‍ തലയില്‍ കെട്ടിയ മുണ്ടെടുത്ത് ഇരുകൈകളും തുടച്ചുകൊണ്ട് അടുത്തു വന്ന് ചോദിച്ചു,

'ഊണിന് പൊരിച്ചതാകാല്ലോ ല്ലേ?' 
'എന്താണ് പൊരിച്ചത്?'
വിക്രമന്‍ ചോദിച്ചു.
'നല്ല മീനാ...ഡാമിന്നു വരുന്നതാ.'
'എന്തായാലും എല്ലാവര്‍ക്കും ഓരോ പീസെടുത്തോ.'

അയാള്‍ തിരിഞ്ഞ് അടുക്കളയില്‍നിന്നും അഞ്ച് ഇലയെടുത്ത് മേശമേല്‍ നിരത്തി. അതിനിടയില്‍ ഊണു കഴിഞ്ഞവര്‍ എഴുന്നേറ്റ് കൈ കഴുകി വന്ന് പണം കൊടുത്തത് വാങ്ങി അയാള്‍ മേശവലിപ്പില്‍ വെച്ച ശേഷം ചോറും തൂക്കനുമെടുത്ത് വന്നു.

'എല്ലാ കാര്യത്തിനും കൂടെ ഒരാള്‍ മാത്രമേയുള്ളോ?'
ബാലകൃഷ്ണന്‍ ചോദിച്ചു.
'വീടുകൊറച്ചപ്രത്താ. ഊണ് കഴിയാറായതുകൊണ്ട് അവളങ്ങ് പോയി. '

ശരിയാണ്, രണ്ടര കഴിഞ്ഞിരിക്കുന്നു. സാമ്പാറും പരിപ്പുകറിയും ചതുരപ്പയര്‍ തോരനും മീന്‍ പൊരിച്ചതും പൊട്ടിയ കുറേ പപ്പടക്കഷണങ്ങളും കൂട്ടി എല്ലാവരും വയറു നിറച്ച് ഭക്ഷണം കഴിച്ചു. നല്ല രുചിയുള്ള ഊണ്. അതങ്ങനെയാണ്, ചില ചെറിയ ചെറിയ നാടന്‍ ഹോട്ടലുകളില്‍ നല്ല ഭക്ഷണം നമ്മളെ കാത്തിരിപ്പുണ്ടാകും. കേസിന്റെ ആവശ്യങ്ങള്‍ക്കായി നിരവധി സ്ഥലങ്ങളിലൂടെ യാത്രചെയ്തിട്ടുണ്ട്. പലപ്പോഴും ഭക്ഷണത്തിന്റെ കാര്യത്തില്‍ ഇത്തരം ഭാഗ്യം കൈവരാറുണ്ട്. 

'ഇവിടെയടുത്ത് എവിടെയാണ് കാട്ടിനുള്ളില്‍ ഒരു ക്ഷേത്രമുള്ളത്?'

ഊണിന്റെ പണം കൊടുക്കുന്നതിനിടയില്‍ അയാളോടു ചോദിച്ചു. 'ഇവിടെയടുത്തെങ്ങുമില്ല. പിന്നെ കുറേയപ്പുറത്ത് കാട്ടില്‍ ഒരു അമ്പലമുണ്ട്. പക്ഷേ അവിടെ ഒരിക്കലേ പൂജയുള്ളൂ. ഉത്സവത്തോടൊന്നിച്ച് അപ്പോള്‍ മാത്രമേ അങ്ങോട്ടു പോകാന്‍ ഫോറസ്റ്റുകാര്‍ സമ്മതിക്കാറുളളു.'
ഞങ്ങളെ ഒന്ന് സൂക്ഷിച്ചു നോക്കിയ ശേഷം അയാള്‍ തുടര്‍ന്നു, 
'പിന്നെ സാറുമ്മാര്‍ക്ക് ചെലപ്പം പെര്‍മിഷന്‍ തരുവായിരിക്കും.'
'ഇവിടെ മുസ്‌ലിംപള്ളി വക ഏതെങ്കിലും സ്‌കൂളുണ്ടോ?'
'കുറേ സ്‌കൂളുകള്‍ ഉണ്ട്. പിന്നെ സര്‍ക്കാര്‍ സഹായം കിട്ടുന്ന സ്്കൂളാണേല്‍ ഇവിടുന്ന് മുപ്പതു കിലോമീറ്റര്‍ കഴിഞ്ഞാല്‍ ചെമ്മാട് ഒരു സ്‌കൂളുണ്ട്. കൊറേ പഴയ സ്‌കൂളാ...' 
'പഴേതെന്ന് പറഞ്ഞാല്‍ ഉദ്ദേശം എത്ര വഷം മുന്‍പ് തുടങ്ങിയതാണ്?'
'ഓ... അത് പത്തുനാല്പത്തഞ്ചു വര്‍ഷങ്ങളായിട്ടുള്ളതാ...! എനിക്ക് തോന്നുന്നത്, എല്‍.പി. തൊടങ്ങിട്ട് അന്‍പതു വര്‍ഷത്തിനും മോളിലായിട്ടുണ്ടാവുമെന്നാ.' 
'ഓഹോ... ഇതേ റോഡിന്റെ സൈഡില്‍ത്തന്നെയാണോ?'

ആകാംക്ഷയോടെ ബാലകൃഷ്ണന്‍ ചോദിച്ചു.

'ഹാ...ഇതേ റോഡിലൂടെ പോയാല്‍ ഒരു പത്തിരുപത്തഞ്ചു കിലോമീറ്റര്‍ കഴിഞ്ഞ് ഒരു ചുരം കിട്ടും. മൂന്നു വളവുകളുള്ളത്. അത് കയറിക്കഴിഞ്ഞാല്‍ നിരപ്പാണ്. അവിടുന്ന് കഷ്ടിച്ച് നാലു കിലോമീറ്റര്‍ കഴിഞ്ഞാല്‍ ചെറിയൊരു ടൗണ്‍ എത്തും. അതാണ് ചെമ്മാട്. അവിടെത്തന്നെയാ സ്‌കൂള്.'
കടക്കാരനു നന്ദി പറഞ്ഞ് ഞങ്ങളിറങ്ങി. അയാള്‍ മേശമേലുള്ള ഇലകള്‍ പെറുക്കണ പണിയിലേക്കു കടന്നു.
എല്ലാവരുടെയും മുഖത്തൊരു പ്രതീക്ഷയുണ്ട്. ഒരുപക്ഷേ ഗോപി പഠിച്ച സ്‌കൂളായിരിക്കും. എന്നാലും വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള രജിസ്റ്ററുകള്‍ അവിടെയുണ്ടാവുമോ? എങ്ങിനെ അയാളുടെ വിലാസം കണ്ടെത്താനാവും? ആവോ... ഒരു നിശ്ചയവുമില്ല. എന്നിരുന്നാലും ശൂന്യതയില്‍ നിന്നുമല്ലേ വരുന്നത്. ഇത്രയും നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിരിക്കുന്നു. അതു ചെറിയ കാര്യമല്ല. 
ഗോപിയുടെ മനസ്സില്‍ എന്തായിരിക്കും? ഇരുകൈകളും രണ്ടു വശങ്ങളിലുമായി സീറ്റിലുറപ്പിച്ച് തല കുനിച്ച് വണ്ടിയുടെ പ്ലാറ്റ്‌ഫോമിലേക്ക് നോക്കിയിരിക്കുകയാണയാള്‍. അയാളുടെ മുഖം കണ്ടാലറിയാം, അയാള്‍ വിദൂരമായ കാലത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ജീപ്പിന്റെ ഇരമ്പലുകളും പുറം ലോകത്തിന്റെ ശബ്ദങ്ങളൊന്നും അയാള്‍ അറിയുന്നില്ല. കാറ്റില്‍ ഇളകാത്ത ഒരു മരംപോലെ. പോലീസ്‌വണ്ടി റോഡിന്റെ വലതുവശത്തുള്ള പഴകി ദ്രവിക്കാറായ ഇരുമ്പിന്റെ ആര്‍ച്ചിനുള്ളിലൂടെ ഒരു ഗ്രൗണ്ടിലേക്ക് കടന്നു. ഞാന്‍ മനസ്സില്‍ വായിച്ചു.

'ചെമ്മാട് ജമാ-അത്ത് സ്‌കൂള്‍.'
'ഇതുതന്നെയാ സാറേ എന്റെ നാട്.' 

ഗോപിക്ക് സന്തോഷംകൊണ്ട് വാക്കുകള്‍ പുറത്തേക്കു വരുന്നില്ല. അയാളുടെ മുഖത്തെ സന്തോഷം കണ്ടപ്പോള്‍ എനിക്ക് ചാരിതാര്‍ഥ്യം തോന്നി.

'നമ്മുടെ ശ്രമം ആത്മാര്‍ഥമാണ്. അതുകൊണ്ട് തന്നെ അതൊരിക്കലും വിഫലമാകില്ല ഗോപിയേട്ടാ!'

അയാളുടെ മുഖത്ത് ഒരിക്കലും കാണാത്ത മനോഹരമായ ഒരു പുഞ്ചിരി വിടര്‍ന്നു. പോലീസ്‌വാഹനം ഗേറ്റ് കടന്ന് ഗ്രൗണ്ടിലൂടെ വലതുവശത്തേക്കു തിരിഞ്ഞ് തറ കെട്ടിത്തിരിച്ച് സംരക്ഷിച്ചു നിര്‍ത്തിയിരിക്കുന്ന ആലിന്‍ചുവട്ടിലായി നിര്‍ത്തി. ആലിന്‍ചുവട്ടില്‍ ഒരു മാരുതി 800 കാറും മൂന്നു മോട്ടോര്‍ സൈക്കിളുകളും പാര്‍ക്ക് ചെയ്തിട്ടുണ്ട്, സ്‌കൂള്‍ വിട്ടിട്ടില്ല. നാലു മണിയാകാന്‍ അഞ്ചു മിനിട്ട് മാത്രമേ ബാക്കിയുള്ളൂ. 

പുറത്തേക്കിറങ്ങി. ഒപ്പം ബാലകൃഷ്ണനും. ബാലകൃഷ്ണന്‍ ചോദിച്ചു,
'സ്‌കൂളു വിടുംവരെ വെയ്റ്റ് ചെയ്താലോ സാര്‍?'
'നമുക്ക് അപ്പോഴേക്കും ഓഫീസ് കണ്ടുപിടിക്കാം.'

ഞങ്ങള്‍ നടന്ന് പടവുകള്‍ കയറി ഇടതുവശത്തു കണ്ട കൊടിമരത്തിനു പിന്നിലുളള പഴയ ഓടിട്ട കെട്ടിടത്തിന്റെ മുന്നിലെത്തി. കാഴ്ചയില്‍ നാല്പതു വര്‍ഷത്തിലധികം പഴക്കം തോന്നിക്കുന്നുണ്ടെങ്കിലും ആ കെട്ടിടം നല്ല രീതിയില്‍ സംരക്ഷിച്ചു പോരുന്നുണ്ടെന്ന് ഒറ്റ നോട്ടത്തില്‍ത്തന്നെ മനസ്സിലാകും. നന്നായി പെയിന്റടിച്ച ഭിത്തിയില്‍ ബഹുവര്‍ണചിത്രങ്ങള്‍ വരച്ച് അലങ്കരിച്ചിരിക്കുന്ന മുറിയുടെ അടുത്തേക്ക് ഞങ്ങള്‍ നടന്നു. അപ്പുറത്തെ മുറികളുടെ ജനലഴികള്‍ക്കിടയിലൂടെ ആകാംക്ഷയോടെ പുറത്തേക്കു നോക്കുന്ന കുട്ടികള്‍. മുറിയുടെ മുന്നില്‍ 'ഓഫീസ്' എന്ന് ഇംഗ്ലീഷിലും മലയാളത്തിലും എഴുതിവെച്ചിട്ടുണ്ട്, അതിനു തൊട്ടപ്പുറത്തുള്ള മുറിയുടെ പ്രധാന കവാടത്തിന്റെ വാതില്‍പ്പടിയോടു ചേര്‍ന്ന് തള്ളിനില്ക്കുന്ന ബോര്‍ഡില്‍ ഹെഡ്മാസ്റ്റര്‍ എന്നെഴുതിയ ബോര്‍ഡും കാണാം. ആര്‍ച്ച് രീതിയില്‍ പണികഴിപ്പിച്ച പ്രധാന കവാടത്തിലൂടെ ഞങ്ങള്‍ ഹെഡ്മാസ്റ്ററുടെ മുറിയിലേക്കു കടന്നു. മുറിക്കുള്ളില്‍ ഇടതും വലതും വശങ്ങളില്‍ ഭിത്തിയോടു ചേര്‍ത്ത് വെച്ചിരിക്കുന്ന ചില്ലിട്ട മരത്തിന്റെ അലമാരകളില്‍ ഒരുപാട് പുസ്തക ങ്ങള്‍ ചെരിച്ച് വൃത്തിയായി അടുക്കിവെച്ചിട്ടുണ്ട്. വാതിലിന്റെ മുന്നില്‍ ഇടതുവശത്തായി ക്രമീകരിച്ചിരിക്കുന്ന കസേരകള്‍ക്കു മുന്നിലായി പച്ച നിറത്തിലുള്ള വെല്‍വെറ്റ് തുണികൊണ്ട് വിരിപ്പിട്ട മേശയും മേശയ്ക്കു മുകളില്‍ കുറച്ച് രജിസ്റ്ററ്റുകളും പ്രസ്സ് ചെയ്തുപയോഗിക്കുന്ന ഒരു കോളിങ് ബെല്ലും പെന്‍സ്റ്റാന്‍ഡില്‍ നിറച്ച് പച്ചയും ചുവപ്പും കറുപ്പും നിറത്തിലുള്ള കുറച്ചു പേനകളുമുണ്ട്. മേശയുടെ പിന്നിലെ മരക്കസേരയിലിരുന്ന് ഒരു മനുഷ്യന്‍ ഫയലില്‍ എന്തോ കുത്തിക്കുറിക്കുന്നുണ്ട്. കാല്‍പ്പെരുമാറ്റം കേട്ട് അയാള്‍ തല ഉയര്‍ത്തി നോക്കി. അയാള്‍ക്ക് സുമാര്‍ അന്‍പത്- അന്‍പത്തഞ്ചു വയസ്സിനടുത്ത് പ്രായം തോന്നിക്കുന്നുണ്ട്. പോലീസ് യൂണിഫോമില്‍ ഒരാളെ കണ്ടതുകൊണ്ടാവണം അയാള്‍ സംശയത്തോടെ എഴുന്നേറ്റു. അയാള്‍ എഴുന്നേറ്റതും ദേശീയ ഗാനാലാപനം തുടങ്ങിയതും ഒരുമിച്ചാണ്. ഞാനും ബാലകൃഷ്ണനും അറ്റന്‍ഷനായി. ജനഗണമന കഴിഞ്ഞ് കൂട്ടമണി മുഴങ്ങിയതും അണപൊട്ടിയൊഴുകുന്നതുപോലത്തെ ശബ്ദകോലാഹലങ്ങളോടെ കുട്ടികള്‍ പുറത്തേക്കൊഴുകാന്‍ തുടങ്ങി.

'നമസ്‌കാരം സാര്‍, ഞാന്‍ സാബു തോമസ്. വേലേശ്വരം സര്‍ക്കിളാണ്.'
'നമസ്‌കാരം, ഇരിക്കൂ. എന്താണാവോ ഇവിടേക്ക്?'
മാഷിന്റെ ചോദ്യത്തില്‍ ആകാംക്ഷയേക്കാളുപരി ഭയത്തിന്റെ പരുങ്ങലാണ്.
'ഞങ്ങള്‍ കുറേക്കാലം മുന്‍പ് ഈ സ്‌കൂളില്‍ പഠിച്ച ഒരാളെക്കുറിച്ചന്വേഷിക്കാന്‍ വന്നതാണ്.'
'ഈ സ്‌കൂളിലോ? ആരാണ് സാര്‍, എന്താ പ്രശ്‌നം?'

ഹെഡ്മാസ്റ്ററുടെ ടെന്‍ഷന്‍ കൂടിവന്നു. 

'ഹേയ്, ഇതൊരു ചെറിയ കേസാണ്. അയാള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് നാടുവിട്ടതാണ്. അയാളുടെ ഐഡന്റിറ്റി കണ്ടെത്തണം. അതാ.' ഹെഡ്മാസ്റ്ററുടെ ഉത്കണ്ഠ കുറയ്ക്കാനായി ഞാന്‍ കുറച്ചൊരു ലാഘവത്തോടെ പറഞ്ഞു.
'ഓക്കെ, ഓക്കെ. ഞാനാകെ പേടിച്ചുപോയി.'
ഒരു നിമിഷം സംസാരം നിര്‍ത്തിയിട്ട് അയാള്‍ ചോദിച്ചു.
'എതു കാലഘട്ടത്തിലാണ് സാര്‍?'
'ഒരു 74-75 കാലഘട്ടങ്ങളിലെ സ്റ്റുഡന്റാണ്.' ബാലകൃഷ്ണനാണ് മറുപടി പറഞ്ഞത്.

ഈ സമയം സ്‌കൂളിലെ പ്യൂണാണെന്നു തോന്നുന്നു. വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച ഒരാള്‍ ഒരു താക്കോല്‍ കൂട്ടം ഹെഡ്മാസ്റ്ററ്റുടെ മേശമേല്‍ വെച്ച ശേഷം അനുവാദത്തിനായി കാത്തുനിന്നു. അയാളുടെ മുഖത്തും സംശയവും ഭയവും മാറി മാറി വരുന്നുണ്ട്.

'ജമാലേ, നിങ്ങള് പോകാന്‍ വരട്ടെ. ഓഫീസില്‍ പോയി അകത്ത് ഫയലുകളും രജിസ്റ്ററുകളും ഇരിക്കുന്ന മുറിയില്‍നിന്നും 74- 75 വര്‍ഷങ്ങളിലെ അഡ്മിഷന്‍ രജിസ്റ്റര്‍ ഒന്നെടുത്തു കൊണ്ടുവരൂ.'

ജമാല്‍ പുറത്തേക്കു നടന്നു. പോകുമ്പോള്‍ അയാള്‍ ഞങ്ങളെ രണ്ടു പേരെയും മാറി മാറി നോക്കി. ബാലകൃഷ്ണന്‍ അയാളെ നോക്കി ചെറുതായൊന്നു പുഞ്ചിരിച്ചു. അയാള്‍ ചിരിക്കണോ വേണ്ടയോ എന്ന സംശയത്തില്‍ തിടുക്കത്തില്‍ പുറത്തേക്കിറങ്ങി.

'74- 75 കാലഘട്ടമാണെങ്കില്‍ ഞാന്‍...'ഒന്നാലോചിച്ച ശേഷം
'ഞാന്‍ ഇവിടെ ഒന്‍പതില്‍ പഠിക്കുന്നുണ്ടല്ലോ. അപ്പോ, ഒരുപക്ഷേ  ഞാനറിയുന്ന ആളാരിക്കുമല്ലോ. എന്താ അയാളുടെ പേര്?' 
'ഒരു ഗോപി.'
'ഗോപി?'

അയാള്‍ താടിരോമങ്ങള്‍ക്കിടയിലൂടെ വിരലോടിച്ച് കസേരയില്‍ ചാഞ്ഞിരുന്നു. ഒരു നിമിഷം പഴയ ഓര്‍മകളിലൂടെ സഞ്ചരിച്ചു. ഞാനും ബാലകൃഷ്ണനും പ്രതീക്ഷയോടെ അയാളുടെ മുഖത്തേക്കുതന്നെ നോക്കിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ വാതില്ക്കല്‍ ഒരു കാല്‍പ്പെരുമാറ്റം കേട്ട് ഹെഡ്മാസ്റ്റര്‍ കണ്ണുതുറന്നു. ദ്രവിച്ചു തുടങ്ങിയ ഹാര്‍ഡ്‌ബോര്‍ഡ് ബൈന്റിട്ട തടിച്ച രണ്ടു പുസ്തകങ്ങളുമായി ജമാല്‍ മൂറിയിലേക്കു കടന്നുവന്നു.

'കഴിഞ്ഞ ദിവസം രജിസ്റ്ററുകള്‍ മെയ്ന്റയിന്‍ ചെയ്യുന്നതിന്റെ ഭാഗമായി ബൈന്റിടാനുള്ളവയെല്ലാം എടുത്ത് അടുക്കിവെച്ചിരുന്നു. അതുകൊണ്ടാ സാറേ ഇത്ര പെട്ടെന്ന് കിട്ടിയത്.'
ജമാല്‍ ഭയഭക്തിബഹുമാനങ്ങളോടെ പറഞ്ഞു.

'74-75 കാലഘട്ടത്തില്‍ സ്‌കൂളില്‍ ചേര്‍ന്നയാളാണെന്നല്ലേ പറഞ്ഞത്?'

തടിച്ച ലെന്‍സുള്ള കണ്ണടയെടുത്ത് മുഖത്തു വെച്ച ശേഷം രജിസ്റ്ററിന്റെ താളുകള്‍ മറിച്ചുകൊണ്ട് ഹെഡ്മാസ്റ്റര്‍ ചോദിച്ചു.
'ഓ...സോറി. അതു പറയാന്‍ വിട്ടു. 74ലോ 75ലോ ആണോയെന്ന് കൃത്യമായി പറയാനാകുന്നില്ല. അയാള്‍ അവസാനമായി പഠിച്ചത് ഇവിടെ ഒന്‍പതാം ക്ലാസിലായിരുന്നു. ആറാം ക്ലാസ് മുതലാണ് ഈ സ്‌കൂളില്‍ ജോയിന്‍ ചെയ്തത്.'

ബാലകൃഷ്ണന്‍ കുറച്ചുകൂടി വ്യക്തമാകുന്ന രീതിയില്‍ പറഞ്ഞു. 

'അതിനുമുന്‍പ് അയാള്‍ നോര്‍ത്ത് ഇന്ത്യയില്‍ എവിടെയോ ആയിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്.' 
പൊടുന്നനെ ഹെഡ്മാസ്റ്റര്‍ രജിസ്റ്ററില്‍നിന്നും മുഖമുയര്‍ത്തി അദ്ഭുതത്തോടെ ചോദിച്ചു. 'ഹേയ്, അത് മ്മടെ ഹിന്ദി മാത്രം മിണ്ടുന്ന പ്രധാനല്ലേ? നമ്മടെ 'ഗോപിനാഥ് പ്രധാന്‍.' അയാളെന്റെ ക്ലാസിലായിരുന്നു.' 

കണ്ണട ഊരി മാറ്റി മേശമേല്‍ വെച്ചശേഷം അദ്ഭുതത്തോടെ അയാള്‍ തുടര്‍ന്നു, 
'ശരിതന്നെ. അയാളും 'ഗോപി'യാണല്ലോ? ഞങ്ങളവനെ പ്രധാന്‍ എന്നാണ് വിളിച്ചിരുന്നത്. അതുകൊണ്ടാ ഓര്‍ക്കാതിരുന്നത്.' 
'അതെ മാഷ്. ഇയാള്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന ആള്‍ തന്നെയാവാനാണ് സാധ്യത. പക്ഷേ അയാള്‍ മലയാളം സംസാരിക്കും.'
'അതെ, അത് പിന്നീട്, ആദ്യകാലത്ത് അവനു ഹിന്ദി മാത്രമേ അറിയുമായിരുന്നു. പിന്നീട് ഒറ്റ വര്‍ഷംകൊണ്ടുതന്നെ അവന്‍ നന്നായി മലയാളം പഠിച്ചെടുത്തു. ഞാന്‍ അച്ഛനോടൊപ്പം ഒരു വര്‍ഷം നോര്‍ത്ത് ഇന്ത്യയിലുണ്ടായിരുന്നതുകൊണ്ട് എനിക്ക് ഹിന്ദി കുറച്ച് നന്നായി സംസാരിക്കാന്‍ അറിയുമായിരുന്നു. അതുകൊണ്ട് അവന്‍ എന്നോടു മാത്രമായിരുന്നു ചങ്ങാത്തം.'
അയാള്‍ നിര്‍ത്താതെ തുടര്‍ന്നു, 

'ഒരു പാവം പയ്യന്‍. ക്ലാസിലെ ബ്രൈറ്റസ്റ്റ് സ്റ്റുഡന്റ്. അവന്റെ ഒരു ബന്ധു, ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. അവളുടെ കൂടെയായിരുന്നു പോക്കും വരവുമെല്ലാം.'
'മാഷ് പറഞ്ഞതെല്ലാം ഏതാണ്ട് ശരിയാണ്. അയാളുടെ വീടിനെക്കുറിച്ചോ ബന്ധുക്കളെക്കുറിച്ചോ മറ്റെന്തെങ്കിലും വിവരങ്ങള്‍ തരാന്‍ മാഷിനാവുമോ?'
എന്ത് ഉദ്ദേശിച്ചു വന്നുവോ ആയതില്‍ പാതി ജോലി പൂര്‍ത്തിയായതിന്റെ സന്തോഷത്തോടെ ഞാന്‍ ചോദിച്ചു. 

'വീട് ഇവിടടുത്താണ്. നാലു കിലോമീറ്ററേയുള്ളു. ബന്ധുക്കളൊക്കെ ഇവിടുത്തെ പഴയ ജന്മിമാരാ. നമ്പ്യാന്മാര്. ഗോപിയുടെ അമ്മ പഴയ എന്‍ജിനീയറാ, ഹൈലി ബ്രില്യന്റ് ലേഡി. ഈ കുഗ്രാമത്തില്‍
നിന്നും റീജിയണല്‍ എന്‍ജിനീയറിങ് കോളേജില്‍ അഡ്മിഷന്‍ കിട്ടിയ ആദ്യത്തെയാള്‍. മധ്യപ്രദേശിലോ മറ്റോ ആയിരുന്നു.'

ഞാനും ബാലകൃഷ്ണനും പരസ്പരം നോക്കി. ബാലകൃഷ്ണന്റെ കണ്ണിലെ പ്രതീക്ഷ ഞാന്‍ കണ്ടു.

'ഒന്‍പതാം ക്ലാസിന്റെ പകുതിയില്‍ വെച്ച് അവന്‍ സ്‌കൂളിലേക്ക് വരാതായി. അവന്റെ ബന്ധു പെണ്‍കുട്ടിയോട് അന്വേഷിച്ചപ്പോള്‍ അവന്‍ അമ്മയാടൊപ്പം എങ്ങോട്ടോ പോയെന്ന് അറിയാന്‍ കഴിഞ്ഞു. പിന്നീട് വിവരങ്ങളൊന്നുമില്ലാതായി.'

അയാള്‍ എന്തോ ആലോചിച്ചുകൊണ്ട് രജിസ്റ്റര്‍ മടക്കി ജമാലിനു കൊടുത്ത ശേഷം തിരിച്ച് മുറിയില്‍ വെക്കാന്‍ നിര്‍ദേശം കൊടുത്തു. ജമാല്‍ വാതില്‍ കടന്നുവെന്ന് ഉറപ്പു വരുത്തിയ ശേഷം മുന്നോട്ടാഞ്ഞ് ശബ്ദം താഴ്ത്തി പറഞ്ഞു:

'പ്രധാന്റെ അച്ഛന്‍ മധ്യപ്രദേശിലെ മോസ്റ്റ് വാണ്ടഡ് നക്‌സലൈറ്റ് നേതാവായിരുന്നു.'
കൈവിരലുകള്‍ നെറ്റിയിലമര്‍ത്തി കണ്ണുകളടച്ച് ഒന്ന് ആലോചിച്ച ശേഷം തുടര്‍ന്നു, 
'ഓ... അവന്റെ അച്ഛന്റെ പേര് കൃത്യമായി ഓര്‍ത്തെടുക്കാനാവുന്നില്ല.'

ഈ സമയം രജിസ്റ്റര്‍ ഭദ്രമായി വെച്ചശേഷം ജമാല്‍ താക്കോലുകളുമായി തിരികെയെത്തി. 
'ഇനി നിങ്ങള് പൊയ്‌ക്കോളൂ.' ജമാല്‍ ഒന്നു ശങ്കിച്ചു നിന്നശേഷം, ഞങ്ങളെ നോക്കി പുറത്തേക്കു നടന്നു. അവിടെ നടക്കുന്ന കാര്യങ്ങളില്‍ അയാള്‍ക്കും പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെന്ന് ആകാംക്ഷയുടെ കണ്ണുകള്‍ കണ്ടാലറിയാം, 

 ഞങ്ങളോട് ഇരിക്കാന്‍ പറഞ്ഞശേഷം ഹെഡ്മാസ്റ്റര്‍ എഴുന്നേറ്റ് വാതില്ക്കലെത്തി ജമാല്‍ സ്‌കൂളിന്റെ ഗേറ്റു വഴി പുറത്തേക്കു പോകും വരെ നോക്കി നിന്നശേഷം തിരികെ വന്ന് കസേരയില്‍ ഇരുന്നിട്ട് ചോദിച്ചു,

'ശരിക്കും എന്താണ് കേസ്? ഗോപിയുടെയും അവന്റെ അമ്മയുടെയും തിരോധാനമാണോ? അത് പത്തു നാല്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന കാര്യമാണ്.'
'അതല്ല. മറ്റൊരു കേസാണ്.'

'എന്നോട് ഷെയര്‍ ചെയ്യാന്‍ പറ്റുന്ന കാര്യമാണെങ്കില്‍ കേള്‍ക്കാന്‍ താത്പര്യമുണ്ട്. കാരണം എനിക്കും എന്റെ അച്ഛനും അത്രയ്ക്ക് വേണ്ടപ്പെട്ടവരായിരുന്നു ഗോപിയും ഗോപിയുടെ കുടുംബവും.'
ഞാന്‍ ഒന്നാലോചിച്ച ശേഷം പറഞ്ഞു,
'ഗോപിയുടേത് ഒരു മര്‍ഡര്‍ കേസാണ്.'
'ഓ മൈ ഗോഡ്...'

'സ്വയരക്ഷയ്ക്കായി ചെയ്യേണ്ടിവന്ന ഒരു കൊലപാതകം.'
ഹെഡ്മാസ്റ്റര്‍ നടുങ്ങി പിന്നോട്ട് ആഞ്ഞു. കൈ നെറ്റിയില്‍ വെച്ച് ഞങ്ങളെ മാറിമാറി നോക്കി.
അല്പസമയത്തിന്നുള്ളില്‍ത്തന്നെ നടുക്കം വിട്ട് അയാള്‍ ചോദിച്ചു, 
'അപ്പോള്‍ പ്രധാന്‍ ജീവിച്ചിരിപ്പുണ്ടോ?'
'ഉണ്ട്. ഞങ്ങളോടൊപ്പമുണ്ട്. പുറത്ത് വണ്ടിയിലിരുത്തിയിട്ടുണ്ട്.'
'അവന്‍ ഈ സ്‌കൂള്‍ തിരിച്ചറിഞ്ഞോ..?' മാസ്റ്റര്‍ക്ക് അദ്ഭുതവും സന്തോഷവും അടക്കാനാവുന്നില്ല. 
'എനിക്കൊന്ന് കാണാനാവുമോ അവനെ?'
'തീര്‍ച്ചയായും. അതിനുമുന്‍പ് കുറച്ചുകാര്യങ്ങള്‍ കൂടി അറിയണമായിരുന്നു.'
ഞാന്‍ മേശമേല്‍ കൈകള്‍ വെച്ച് മുന്നോട്ടിരുന്ന് ശബ്ദം താഴ്ത്തി ചോദിച്ചു:
'ഗോപിയുടെ അമ്മ പിന്നീട് തിരിച്ചു വന്നിരുന്നോ?'
'ഇല്ല. ഇന്നുവരെ അവരെക്കുറിച്ച് യാതൊരു വിവരവുമില്ല.'
'അവരിപ്പോള്‍ ജീവിച്ചിരിപ്പുണ്ടോയെന്നുതന്നെ എങ്ങനെയെങ്കിലും അറിയാനാവുമോ?'

ബാലകൃഷ്ണന്‍ നിരാശയോടെ ചോദിച്ചു.

'അത് ഞാന്‍ പറയാനിരിക്കയായിരുന്നു, എന്റെ അച്ഛന്‍ മുപ്പത്തിരണ്ടു വര്‍ഷത്തോളം സെന്‍ട്രല്‍ ഇന്റലിജന്‍സിലായിരുന്നു. 1991- ല്‍ റിട്ടയര്‍ ചെയ്തു. ഇപ്പോള്‍ 80 വയസ്സുണ്ട്. കൂടുതല്‍ സര്‍വീസും നോര്‍ത്തിലായിരുന്നു. ഒന്നുരണ്ട് വര്‍ഷം ഞാനും അമ്മയും അച്ഛനോടൊപ്പം അവിടെ ഉണ്ടായിരുന്നു. പിന്നീട് ഞങ്ങള് പോന്നു. മൂന്നാം ക്ലാസ് മുതല്‍ എന്റെ പഠനം ഇവിടാരുന്നു.'
ഒരു നിമിഷം എന്തോ ആലോചിച്ച ശേഷം തുടര്‍ന്നു,
'അച്ഛന്റെ സുഹൃത്തായിരുന്നു പ്രധാന്റെ അച്ഛന്‍ മഹേഷ് പ്രധാന്‍.'
'അത് സ്‌ട്രെയിഞ്ചാണല്ലോ? ഒരു ഇന്‍സര്‍ജന്റും ഒരു ഗവണ്‍മെന്റ് സെര്‍വന്റും എങ്ങിനെ സുഹൃത്തുക്കളായി?'
ഞാന്‍ മാസ്റ്ററെ നോക്കി. അയാള്‍ തെല്ലൊരാശങ്കയോടെ പറഞ്ഞു, 'ബുദ്ധിമുട്ടില്ലെങ്കില്‍ നമുക്കൊന്ന് വീടുവരെ പോയാലോ? അച്ഛന് ഒരുപക്ഷേ നിങ്ങളോട് പലതും സംസാരിക്കാനുണ്ടാകും. ഈ പ്രായത്തിലും പഴയ കാര്യങ്ങള്‍ കൃത്യമായി ഓര്‍ത്തെടുത്തു പറയും. ഒരുപക്ഷേ നിങ്ങള്‍ക്കത് ഉപകാരപ്പെട്ടേക്കാം.'
മാസ്റ്റര്‍ പറഞ്ഞ അഭിപ്രായം ഒരുപാട് നിഗൂഢതകളുടെ ചുരുളഴിക്കാന്‍ സഹായകരമാകുമെന്ന് എനിക്കു തോന്നി. ഞാന്‍ ബാലകൃഷ്ണനെ നോക്കി. ബാലകൃഷ്ണന്‍ എന്തിനും തയ്യാറാണ്.
'ശരി മാഷെ, വരുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ.'
'എങ്കില്‍ നമുക്കിറങ്ങാം.'
അയാള്‍ എഴുന്നേറ്റ് ഫാന്‍ ഓഫ് ചെയ്തുകൊണ്ട് പറഞ്ഞു. ഞാനും ബാലകൃഷ്ണനും എഴുന്നേറ്റ് പുറത്തേക്കിറങ്ങി. ലൈറ്റ് ഓഫ് ചെയ്തശേഷം മാസ്റ്റര്‍ പുറത്തിറങ്ങി ഓഫീസ് വാതില്‍ താഴിട്ട് പൂട്ടി താക്കോല്‍ കൂട്ടങ്ങളുമായി മുറ്റത്തേക്കിറങ്ങി. ഞങ്ങള്‍ തലമുറകളുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ പടവുകളിലൂടെ താഴേക്കിറങ്ങി. ഗ്രൗണ്ടില്‍ അനിലും വിക്രമനും സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഗോപി വണ്ടിക്കുള്ളില്‍ത്തന്നെയിരിക്കുന്നു. ഞങ്ങളോടൊപ്പം മറ്റൊരാള്‍ കൂടി നടന്നുവരുന്നതു കണ്ട് വിക്രമന്‍ സംസാരം നിര്‍ത്തി മാസ്റ്ററെ നോക്കിക്കൊണ്ടു നിന്നു. മാസ്റ്റര്‍ പോക്കറ്റില്‍നിന്നും കണ്ണടയെടുത്തു. മാസ്റ്ററുടെ നോട്ടം മുഴുവന്‍ വണ്ടിക്കുള്ളില്‍ ഇരിക്കുന്നയാളിലേക്കാണ്. ഗോപി അപ്പോഴും എന്തോ ആലോചനയില്‍ മുഴുകിയിരിക്കുകയാണ്. ബാലകൃഷ്ണന്‍ ജീപ്പിനടുത്തു ചെന്ന് വാതില്‍ തുറന്നു. 'ഗോപിയേട്ടാ.. ഇദ്ദേഹത്തെ പരിചയമുണ്ടോ?'

ഗോപി തലയുയര്‍ത്തി മാസ്റ്ററെ നോക്കി. അയാളുടെ കണ്‍പുരികങ്ങള്‍ ചുളിഞ്ഞു. അയാള്‍ എന്തോ ഓര്‍ത്തെടുക്കാനുള്ള കഠിനശ്രമത്തിലാണ്.
'പ്രധാന്‍, ഞാന്‍ വിദ്യാധരന്‍. ഓര്‍മയുണ്ടോ എന്നെ നിനക്ക്?'

'പ്രധാന്‍' എന്ന വിളി കേട്ടതും ഗോപിയുടെ കണ്ണുകള്‍ വിടര്‍ന്നു. വരണ്ട ചുണ്ടുകളില്‍ ഒരു മൃദുമന്ദഹാസം വിരിഞ്ഞു.
'വിദ്യാജി...'

അയാളുടെ ചുണ്ടുകളില്‍നിന്നും അറിയാതെ വീണുപോയതുപോലെ അവ്യക്തമായൊരു ശബ്ദം പുറപ്പെട്ടു.
'അതെ സാര്‍. ഇത് ഗോപിനാഥ് പ്രധാന്‍ തന്നെ. പക്ഷേ എനിക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ഇവന്‍ ജീവനോടെയുണ്ടെന്നുള്ള വാര്‍ത്ത ഏറ്റവും സന്തോഷിപ്പിക്കുക എന്റെ അച്ഛനെയാവും.'
'അതെന്താ അങ്ങിനെ?'

ഗോപിയുടെ ചോദ്യം പൊടുന്നനെയായിരുന്നു. മാസ്റ്റര്‍ ഗോപിയുടെ മുഖത്തേക്കു നോക്കി പുഞ്ചിരിച്ച ശേഷം ഞങ്ങളെ നോക്കിക്കൊണ്ട് പറഞ്ഞു:
'അതിനെക്കുറിച്ച് വിശദമായി അച്ഛന്‍ പറയും. നമുക്കങ്ങോട്ടു പോകാം.'

അയാള്‍ തൊട്ടപ്പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന മാരുതി  800 കാറിനടുത്തേക്കു നടന്നു. ഞങ്ങള്‍ ഗോപിയേയും കൂട്ടി വാഹനത്തില്‍ കയറി. മാസ്റ്റര്‍ കാര്‍ തിരിച്ചെടുത്ത ശേഷം പിന്നാലെ വരാന്‍ ആംഗ്യം കാണിച്ചു. അനില്‍ വണ്ടി തിരിച്ച് കാറിനെ പിന്തുടര്‍ന്നു. 
'ഇയാള് മാഷിന്റെ ചേട്ടനാ..?'
അനിലിന്റെ ചോദ്യം കേട്ട് ഗോപി ചിരിച്ചു. 

'വിദ്യാജി എന്റെ കൂടെ പഠിച്ചതാണ്.'
'പിന്നെ അച്ഛനു സന്തോഷമാകുമെന്നു പറഞ്ഞത്?'
അനിലിന്റെ സംശയം തീര്‍ന്നില്ല. 'അതെനിക്കറിയില്ല. അതയാളുടെ അച്ഛന്‍ തന്നെ പറയട്ടെ.'
റോഡിന്റെ ഇരുവശങ്ങളിലും മരങ്ങളായിരുന്നു. ഗോപിയെ തിരിഞ്ഞു നോക്കി. അയാള്‍ സ്വയം നഷ്ടപ്പെട്ടതുപോലെ ഇരിക്കുകയായിരുന്നു. 
കഷ്ടിച്ച് അരകിലോമീറ്റര്‍ കഴിഞ്ഞു കാണും, മാസ്റ്റര്‍ കാര്‍ റോഡിനു വലതുവശത്തുള്ള ഗേറ്റിനുള്ളിലേക്ക് കയറ്റി പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തു. മുറ്റത്ത് ചെടികള്‍ക്ക് വെള്ളം നനയ്ക്കുന്ന പ്രായമായ ഒരാള്‍ തലയുയര്‍ത്തി ഞങ്ങളെ നോക്കി.

'കുറച്ച് അതിഥികളുണ്ട്. അച്ഛനൊന്നിങ്ങ് വന്നേ.'
വിദ്യാധരന്‍ മാസ്റ്റര്‍ പ്രായം ചെന്നയാളോടു പറഞ്ഞു. അയാള്‍ മെല്ലെ തിരിഞ്ഞ് ടാപ്പ് ഓഫ് ചെയ്തശേഷം ഗേറ്റിനടുത്തേക്കു വന്നു. മാസ്റ്റര്‍ പോലീസ് വണ്ടിക്കടുത്തു വന്ന് ഞങ്ങളെ സ്വീകരിച്ചു.

(തുടരും)

മുൻ ഭാഗങ്ങൾ വായിക്കാം