ഓര്‍മ്മക്കനലുകള്‍

''ഇത് എന്റെ സുഹൃത്താണ്. ഇയാൾക്കു കുറച്ചുകാര്യങ്ങൾ അറിയാനുണ്ട്. കിരണിന്റെ കാര്യത്തിൽ അത് പ്രയോജനപ്പെടുമെന്നു കരുതുന്നു. അൽപ്പസമയം സംസാരിക്കുന്നതിന് അവസരം ഉണ്ടാക്കുമല്ലോ.''

വലിപ്പമേറിയ പീഠത്തിൽ ചമ്രം പിണഞ്ഞിരിക്കുന്ന സ്വാമിവൈദ്യർ ആ കത്തിലേക്കുതന്നെ ഇമ വെട്ടാതെ നോക്കി. കഴിഞ്ഞ തവണത്തേതു പോലെ നിസ്സംഗനിലപാടിലായിരുന്നില്ല അയാൾ. ചെറിയ സമയപരിധിക്കിടയിലും തീവ്രമായ മനോവ്യാപാരത്തിൽ മുങ്ങിനിവർന്ന സ്വാമി ഈറൻ മനസ്സോടെ റിഷിയെ നോക്കി. കരുത്തുള്ള നോട്ടമായിരുന്നു അത്.

'എനിക്കു പരിചയമുള്ള ഡോക്ടർ എന്റെ അടുത്തേക്കൊരാളെ അയയ്ക്കുമ്പോൾ അവഗണിക്കുന്നത് നീതിയല്ല. ഞാനും ഒരു വൈദ്യരല്ലേ. പാരമ്പര്യസിദ്ധിയെ ഉപാസിച്ചു കഴിയുന്നയാൾ '
അയാൾ കത്ത് നാലായി മടക്കി അടുത്തിരുന്ന ഡയറിക്കുള്ളിലേക്കു വയ്ക്കുന്നതിനിടയിൽ തുടർന്നു.
'അതുകൊണ്ടാണ്. അല്ലാതെ കിരണിനുവേണ്ടിയല്ല. എന്നെ ധർമ്മക്കൊള്ളി വച്ചാൽപ്പോലും അവനെ എനിക്കാവശ്യമില്ല '

ഡോക്ടറുടെ കത്തുമായി ബാംഗ്ലൂരിൽ നിന്നു തിരിക്കുമ്പോൾ സ്വാമിവൈദ്യരിൽ നിന്നും അനുകൂലഭാവം റിഷി സ്വപ്നേപി പ്രതീക്ഷിച്ചിരുന്നില്ല.

ഒരാളൊരു സാധ്യത മുന്നോട്ടുവയ്ക്കുന്നു. അതൊന്നു പരീക്ഷിച്ചുനോക്കുന്നു. അത്രമാത്രമേ കരുതിയുള്ളൂ. എന്നാലിപ്പോൾ സ്വാമിവൈദ്യരിൽ കാണുന്നത് സഹിഷ്ണുതയുടെ പരിവേഷമാണ്. അത് പ്രതീക്ഷയേകുന്നതുമാണ്.

റിഷിയുടെ വരവറിഞ്ഞ്, ഒരു രോഗിക്കു ശാരീരികവും മാനസികവുമായി നൽകിവന്നിരുന്ന ചികിത്സാപദ്ധതിയിൽ അർത്ഥവിരാമമിട്ടാണ് സ്വാമിവൈദ്യർ പൂമുഖത്തേക്കെത്തിയിരുന്നത്. ചികിത്സ ശേഷിക്കുന്നതിന്റെ തിരക്ക് അയാളിൽ ബാക്കിനിന്നിരുന്നു. കുറച്ചു സമയം കൂടി വേണം അതു പൂർത്തിയാകാൻ.

അയാൾ ഉള്ളിലേക്കുനോക്കി മുഴങ്ങുന്ന ശബ്ദത്തിൽ വിളിച്ചു.
'ദുർഗ്ഗാ '
പട്ടുസാരിയിൽ പൊതിഞ്ഞ, പൊട്ടുകൾ കുത്തിയ, മൂക്കുത്തിത്തിളക്കം മുഖത്തൊഴുകുന്ന യുവതി അവിടേക്കെത്തി. അവൾ വൈദ്യരുടെ പിന്നിലായി ഒതുങ്ങിനിന്നു.

'വൈദ്യരിടം തുറക്കൂ. ഇയാളവിടെ വിശ്രമിക്കട്ടെ '

ചേലാഞ്ചലം നിലത്തുരഞ്ഞുണ്ടായ മർമ്മരവേഗത്തിൽ ദുർഗ്ഗ പോകാനൊരുങ്ങുമ്പോൾ റിഷിക്കുനേരെ തിരിഞ്ഞ് സ്വാമിവൈദ്യർ പറഞ്ഞു.
'ഇത്രടം വരെ യാത്ര ചെയ്തതല്ലേ. അൽപ്പം റസ്റ്റെടുക്കൂ. അപ്പോഴേക്കും ഞാനെത്താം '

ദുർഗ്ഗയെ പിന്തുടർന്ന് സ്വാമിമഠത്തിനു പിൻവശത്തേക്കു റിഷി നടന്നു.
അതിരിട്ടുനിൽക്കുന്ന മട്ടിപ്പാലയുടെയും കൂവളത്തിന്റെയും നെൻമേനിവാകയുടെയും കരിങ്ങാലിയുടെയും മരച്ഛായകൾക്കുതാഴെ കാട്ടുകസ്തൂരി നിരയിട്ടുനട്ടിരിക്കുന്നു. കാറ്റിൽ നാട്ടുപച്ചയുടെ സൗരഭ്യം.

തറയോടു പാകിയ ഗ്രൗണ്ടിലപ്പോൾ ഒരു വൃദ്ധൻ എന്തോ ചില പരിശ്രമങ്ങളിലേർപ്പെടുന്നുണ്ട്. കഷണങ്ങളായി മുറിച്ചെടുത്ത കോതിവൃത്തിയാക്കിയ ഓലമടൽത്തുണ്ടുകൾ ചെറിയ അകലങ്ങളിലിട്ട് അതിൽ ചവിട്ടാതെ നടക്കാനുള്ള യത്നത്തിലാണയാൾ. അയാളെ നിരീക്ഷിച്ച് അമ്പി അടുത്തുണ്ട്. ഓരോ റൗണ്ടും വൃദ്ധൻ പൂർത്തിയാക്കുന്നതനുസരിച്ച് അമ്പി ചെറിയൊരു നോട്ട്ബുക്കിൽ അതിന്റെ സ്റ്റാറ്റസ് രേഖപ്പെടുത്തുന്നു. റിഷിയെ കണ്ടതും അയാൾ പരിചയം പുതുക്കി ചിരിച്ചു.

നിശ്ശബ്ദം മുന്നോട്ടു നടക്കുകയായിരുന്നു ദുർഗ്ഗ.
പ്രായമുള്ള മനുഷ്യനും അമ്പിയും അവിടെ ചെയ്തുകൊണ്ടിരിക്കുന്നതെന്താണെന്നറിയാൻ റിഷിക്ക് കൗതുകം തോന്നി.
അയാൾ ശബ്ദം താഴ്ത്തി ചോദിച്ചു.
'അവരെന്താണ് അവിടെ ചെയ്യുന്നത്? '

'അതോ ... അത് ഓർമ്മക്കുറവിനുള്ള ചികിത്സയാണ്. സ്വാമി വൈദ്യരുടെ ട്രീറ്റ്മെന്റ് നടന്നുകൊണ്ടിരിക്കുകയാണ് '
ഒരേസമയം സൗമ്യവും സുദൃഢവുമാണ് ദുർഗ്ഗയുടെ ശബ്ദമെന്ന് റിഷിക്കു തോന്നി.
അവൾ പടിക്കെട്ടുകൾ കയറാൻ തുടങ്ങി. കുളപ്പടവിനെതിരെ അൽപ്പം മാറിയാണ് വൈദ്യരിടമെന്ന പാരമ്പര്യചികിത്സാലയം. കാലപ്പഴക്കത്തിന്റെ ചാരനിറം വീണതെങ്കിലും വൃത്തിയുള്ള കെട്ടിടം. മുന്നിൽ മരുന്നുചെടികൾ നട്ടുവളർത്തിയിട്ടുണ്ട്. പിന്നിലും പാർശ്വങ്ങളിലുമായി വിശാലമായ സ്ഥലം കാടുമൂടിക്കിടക്കുന്നു.

ദുർഗ്ഗ ചികിത്സാലയത്തിന്റെ മുൻവാതിൽ തുറന്നു. കുറച്ചുദിവസമായി അടച്ചുപൂട്ടിക്കിടന്നതിന്റെ ലക്ഷണങ്ങളുണ്ട്. നല്ല വെടിപ്പുണ്ടെങ്കിലും പച്ചമരുന്നിന്റെയും പഴമയുടെയും ഗന്ധം തങ്ങിനിൽക്കുന്നു. പ്രധാനഹാളിന്റെ ഇരുവശങ്ങളിലുമുള്ള മുറികളിലെ ജാലകങ്ങൾ അവൾ തുറന്നിട്ടു. നല്ല കാറ്റും വെളിച്ചവും. തിരിച്ചു വന്ന് ഹാളിലെ ഫാൻ ഓണാക്കിയതിനുശേഷം അവൾ പറഞ്ഞു

'ഇവിടെയിരുന്നോളൂ. സ്വാമി വൈദ്യർ വന്നോളും '
ദുർഗ്ഗ പടിയിറങ്ങിപ്പോയി. നടന്നകലുന്ന അവളുടെ പിന്നഴകിൽ റിഷിയുടെ കണ്ണുടക്കി. ദുർഗ്ഗയെന്ന പേര് അവൾക്ക് നന്നായി യോജിക്കുന്നു. കടഞ്ഞെടുത്ത ദേവീവിഗ്രഹം പോലെ. പട്ടുസാരിയിൽ , മൂക്കുത്തിത്തിളക്കത്തിൽ, സൗമ്യതയിൽ...ഇവളാരാണ്? സ്വാമി വൈദ്യരുടെ മകളായിരിക്കും. അങ്ങനെയെങ്കിൽ കിരൺരാജിന്റെ സഹോദരി.
ധന്വന്തരീമൂർത്തിയെന്ന് സംസ്കൃതത്തിൽ ആലേഖനം ചെയ്ത വലിപ്പമേറിയ വെങ്കലഫലകം ചുമരിലൊരിടത്ത് ശ്രദ്ധ പതിയുംവിധം ചാരിവച്ചിട്ടുണ്ട്. ഒത്ത നീളവും വീതിയുമുള്ള ഫലകം. റിഷി മെല്ലെ അതൊന്നുയർത്തി നോക്കി. അത്യാവശ്യം തൂക്കമുണ്ടായിരുന്നു അതിന്. മങ്ങിയ ഒരു ഛായാചിത്രം ഫ്രെയിം ചെയ്തുസൂക്ഷിച്ചിരിക്കുന്നു. അതിലൊരാൾ ഇടം കുതികാൽ ഉള്ളിലേക്കുവച്ച് വലം കുതികാൽ മുന്നിലാക്കി ഭൂമധ്യത്തിൽ ദൃഷ്ടിയുറപ്പിച്ച് സിദ്ധാസനത്തിലങ്ങനെ ഇരിക്കുകയാണ്. ആദ്യ ദിവസം വന്നപ്പോൾ അമ്പി കുശലപ്രശ്നങ്ങൾക്കിടയിൽ പറഞ്ഞ അഷ്ടസിദ്ധികൾ സമ്പാദിച്ച യോഗി ഇതായിരിക്കണം. സാക്ഷാൽ സ്വാമി വൈദ്യരുടെ പിതാവ്. മറ്റൊരു ചുമരിൽ മങ്ങിയനിലയിൽ എന്തോ രേഖപ്പെടുക്തിയിരിക്കുന്നു. റിഷി അവിടേക്കു നടന്നു. അഷ്ടാംഗങ്ങളെ ശ്രദ്ധായുക്തമാക്കി ഒരു ദണ്ഡുപോലെ ഭൂതലത്തിൽ വീണുനമസ്കരിക്കുന്നതാണ് സാഷ്ടാംഗനമസ്കാരമെന്ന സംസ്കൃത ശ്ലോകമായിരുന്നു അത്.

റിഷിക്കു കൗതുകമേറി. മേശമേൽ പ്രധാന്യത്തോടെ സൂക്ഷിച്ചിരിക്കുന്ന താളിയോല ഗ്രന്ഥങ്ങൾക്കു മുന്നിൽ അയാൾ നിന്നു. ആവണപ്പലകമേൽ പതിവുപയോഗത്തിനെനന്നവണ്ണം പുസ്തകങ്ങളും പഴയ രജിസ്റ്ററുകളും വച്ചിരിക്കുന്നു. രജിസ്ടറ്ററുകളുടെ കൂട്ടത്തിൽ മുകളിലിരിക്കുന്നത് അയാൾ തുറന്നുനോക്കി. എഴുതിയ ആൾക്കു മാത്രം ബോധ്യമാകും വിധത്തിൽ ശരീരത്തിന്റെയും മനസ്സിന്റെയും രോഗാവസ്ഥകളാണതിലുള്ളത്. കൗതുകത്തോടെ അതു മറിച്ചു നോക്കുമ്പോൾ ചില പ്രത്യേക പേജുകളിൽ അയാളുടെ കണ്ണുടക്കി. ശരീരധാതുക്കളുടെ സാരം നശിച്ചാലത് മരണത്തിനു കാരണമാകുന്നുവെന്നും മറ്റുമുള്ള വിവരണങ്ങളയാൾ ശ്രമപ്പെട്ട് വായിച്ചെടുത്തു. ഓജക്ഷയം ബാധിച്ച രോഗികളെക്കുറിച്ചു പറയുന്ന പേജുകളിലായിരുന്നു അത്. ഓജക്ഷയം എന്ന് സ്വാമിവൈദ്യർ രേഖപ്പെടുത്തിയിരിക്കുന്നത് എയ്‌ഡ്സ് രോഗത്തെയാണെന്ന് റിഷി സംശയിച്ചു. അതിനു ചികിത്സ തേടിയവരുടെ മേൽവിലാസമടക്കം വിവരങ്ങളും ചികിത്സാ സമ്പ്രദായങ്ങളും അതിലുണ്ട്. ഒന്നൊന്നര വർഷം മുമ്പുവരെ അത്തരം ചികിത്സകൾ നടന്നിരുന്നതായി തീയതി വ്യക്തമാക്കുന്നു. അയാൾ ആലോചനയോടെ രജിസ്ടർ മടക്കിവച്ചു.

തിരികെ വീണ്ടും ഫാനിന്റെ ചുവട്ടിലേക്കു മടങ്ങിയ റിഷി പടവുകൾ കയറി വരുന്ന സ്വാമിവൈദ്യരെ കണ്ടു. സ്വാമിവൈദ്യർ ആദ്യം ചെയ്തത് കിരണിനെക്കുറിച്ച് റിഷി അന്വേഷിക്കുന്നതിന്റെ കാരണങ്ങൾ ചോദിച്ചറിയുകയായിരുന്നു.

അടുക്കോടും ചിട്ടയോടും കൂടി റിഷി കാര്യങ്ങൾ വിശദീകരിച്ചു.
ആദ്യമായി കിരൺരാജിനെയും ജീനയെയും കണ്ടത്, അവർ പറഞ്ഞ പ്രകാരം വാർത്ത കൊടുത്തത്, ജീനയുടെ ഇപ്പോഴത്തെ അവസ്ഥ, സാമുവലിനെ തേടിയുള്ള യാത്ര, ബംഗ്ലൂരുവിലെ കോളജിലെത്തിയതും പിന്നാലെ ഡോക്ടറെ കണ്ടതും, കിരൺ ഇടപെട്ടിരുന്ന ജീവിതസാഹചര്യങ്ങളെന്തെല്ലാമെന്ന് നേരിട്ടു മനസ്സിലാക്കിയത്...
അളന്നുതൂക്കിയുള്ള വിവരണമായിരുന്നു റിഷിയുടേത്. ലക്ഷ്യം നല്ലതുമാത്രമായതുകൊണ്ട് അയാളെ സംബന്ധിച്ചിടത്തോളം ഒന്നുംതന്നെ മറയ്ക്കാനില്ലായിരുന്നു.

സൂക്ഷ്മതയോടെ കേട്ടിരുന്ന സ്വാമിവൈദ്യർ തെല്ലുനേരം ചിന്താധീനനായി. പിന്നെയയാൾ മെല്ലെയെഴുനേറ്റ് പാർശ്വഭാഗത്തെ മുറിയിലേക്കു നടന്നു. അതിനിടയിൽ പിന്നാലെ വരാൻ റിഷിയോടയാൾ കൈകാട്ടി.

തുറന്നിട്ട ജാലകത്തിനരികിലെത്തി പുറത്തേക്കു വിരൽചൂണ്ടി അയാൾ പറഞ്ഞു.
'അവിടെ പച്ചമരുന്നുകളുടെ വിശേഷപ്പെട്ട തോട്ടം. വൈദ്യരിടം വലിയൊരു ചികിത്സാകേന്ദ്രം. എന്റെ ജീവിതലക്ഷ്യമായിരുന്നു അത് '

സ്വാമി വൈദ്യർ കാട്ടിയ സ്ഥലം കാടുകയറിക്കിടക്കുകയായിരുന്നു. പാഴ്മരങ്ങളും മുൾപ്പടർപ്പുകളും ഓടക്കാടും തിങ്ങിയ അപശകുനപ്പറമ്പിലേക്കു നോക്കി ദീർഘനിശ്വാസമുതിർത്ത് വൈദ്യർ തിരിഞ്ഞു നടന്നു.

'ആയുർവ്വേദമെന്നോ സിദ്ധമെന്നോ വകതിരിച്ചിട്ടല്ല...പാരമ്പര്യമായി ചില അറിവുകൾ കിട്ടിയിട്ടുണ്ട്. പിന്നെ എന്റെ ഉപാസന.... ഇതൊക്കെ വച്ചാണെന്റെ ചികിത്സ. പക്ഷേ കിരൺ ആയുർവ്വേദം പഠിക്കണമെന്നായിരുന്നു ഞാനാഗ്രഹിച്ചത്. പക്ഷേ അവന് എം ബി ബി എസ് വേണമെന്നായിരുന്നു വാശി'.

മുറിയിലെ എൽ ഇ ഡി ബൾബിൽ നിന്നുള്ള പ്രകാശം ധന്വന്തരി മൂർത്തിയുടെ പേരുകൊത്തിയ വെങ്കലഫലകത്തിൽ വീണ് ചിതറുന്നുണ്ടായിരുന്നു. അതേസമയം ചിതറിപ്പോയ ചില ചിന്തകൾ കൂട്ടിച്ചേർക്കുകയായിരുന്നു സ്വാമിവൈദ്യർ.
ബാംഗ്ലൂർ നഗരം മകനു സമ്മാനിച്ച വിനോദവിഹാരങ്ങളും വഴിവിട്ട സൗഹൃദങ്ങളും സ്വാമിവൈദ്യർ അറിഞ്ഞിരുന്നില്ല. കിരൺരാജിനെ ലഹരിചികിത്സയ്ക്കുവേണ്ടി ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയ ആദ്യനാളുകളിൽ മാത്രമാണ് അത്തരം സൂചനകൾ കിട്ടിത്തുടങ്ങിയത്. അപ്പോഴും ആഴവും അടിക്കോണും അജ്ഞാതമായ ചുഴലിപോലെ ദുരൂഹബന്ധങ്ങളിൽ ചക്രച്ചുറ്റിടുന്ന അപകടത്തെ തിരിച്ചറിഞ്ഞിരുന്നില്ല. ഒടുവിൽ പരാക്രമം തറവാട്ടിലേക്കുതന്നെയെത്തേണ്ടിവന്നു വിഷച്ചെടിയുടെ വീര്യമറിയാൻ.

ഒഴിവാക്കാനാകാത്ത ഒരു വിവാഹത്തിൽ പങ്കെടുക്കാൻ സ്വാമിവൈദ്യർ പട്ടാമ്പിക്കു പോയ ദിവസമാണ് അതു സംഭവിച്ചത്.
ചികിത്സയിലുള്ള ഒന്നുരണ്ടുരോഗികളുടേതടക്കം ചുമതലകൾ അനന്തരവളെ ഏൽപ്പിച്ചിട്ടായിരുന്നു യാത്ര. മകനെക്കുറിച്ചുള്ള പ്രതീക്ഷകൾ പാഴാകുന്നതിന്റെ നിരാശ മറികടക്കാൻ അയാൾക്കു മുന്നിലുണ്ടായിരുന്നത് അനന്തരവളായിരുന്നു. മരിച്ചുപോയ ഇളയ സഹോദരിയുടെ മകളാണവൾ. ചെറുപ്പം മുതൽ അവളെ വളർത്തുന്നത് സ്വാമിവൈദ്യരാണ്. ഭൂതകാലധാരയിൽ നിന്ന് സാമ്പ്രദായികമായി കിട്ടിയ അറിവുകൾ ഒരു പിന്തുടർച്ചാവകാശിക്കെന്നപോലെ അയാളവൾക്കു പകർന്നുകൊടുത്തുതുടങ്ങിയിരുന്നു.

വിവാഹച്ചടങ്ങിൽ പങ്കെടുത്തു മടങ്ങിവന്ന സ്വാമിവൈദ്യർ കണ്ടത് ഹൃദയഭേദകമായ കാഴ്ചയായിരുന്നു. ചലിക്കാനാവാത്ത വിധം അവളെ കട്ടിലിൽ കെട്ടിയിട്ടിരിക്കുന്നു. ശബ്ദിക്കാതിരിക്കാൻ അവളുടെ വായിൽ തുണി കുത്തിത്തിരുകിയിയിരുന്നു. മുറച്ചെറുക്കനിൽനിന്നു പുറത്തുവന്ന വേട്ടമൃഗം അവളെ കുത്തിക്കീറിയിട്ടിരിക്കുന്നു. അവളാകെ ഭയന്ന് വിറച്ച് കിടക്കുകയാണ്.

അവൾ ഗർഭിണിയായതോടെ ബന്ധുക്കളിൽ ചിലരുടെ സഹായത്തോടെ കിരൺരാജിനെ പിടിച്ചപിടി കൂട്ടിക്കൊണ്ടുവന്ന് വിവാഹം കഴിപ്പിക്കുകയായിരുന്നു. പിന്നീട് കുറെക്കാലത്തേക്ക് അയാളെ ബാംഗ്ലൂരിലേക്കു പോകാൻ സ്വാമിവൈദ്യർ അനുവദിച്ചതുമില്ല. അതിനിടയിലും അയാളുടെ ക്രൂരതകൾ തുടർന്നു. ഒരു ഭർത്താവിൽ നിന്ന് ഭാര്യ ആഗ്രഹിക്കാത്ത അനുഭവങ്ങൾ. സ്വന്തം താൽപ്പര്യങ്ങൾ ഏകപക്ഷീയമായി ചെയ്തു കൂട്ടുകയായിരുന്നു കിരൺ. പക്ഷേ ഒരു ദിവസമത് സമസ്തസീമകളെയും ലംഘിച്ചു. അന്നും അവൾ ബന്ധിക്കപ്പെട്ടു. കണ്ണും മുഖവും വായുമെല്ലാം മൂടിക്കെട്ടി ബന്ധനത്തിലാക്കി അവളിലേക്കയാൾ ക്രൂരമായി പടർന്നുകയറി. ശാരീരികക്ഷതം പാടില്ലാത്ത ഗർഭകാലത്തിന്റെ പ്രാരംഭനാളിൽ അയാളഴിച്ചുവിട്ട വന്യമായൊരന്തക്ഷോഭത്തിന്റെ യുദ്ധവീര്യം അവളിൽ രൂപപ്പെട്ടിരുന്ന ജീവാംശത്തെ ഞെരിച്ചമർത്തി. ചോരച്ചാലുകൾ അവളുടെ തുടകളിലൂടെ പടർന്നൊഴുകി .

ആ ഭ്രാന്തിനുമുന്നിൽ പകച്ച, വെട്ടിത്തിളച്ച സ്വാമിവൈദ്യർ നെഞ്ചുപൊട്ടി അലറി.
'പോ പുറത്ത്.. മേലിൽ നിന്നെയിവിടെ കണ്ടുപോകരുത്. '

കസാലയിൽ പദ്മാസനത്തിലെന്ന പോലെ ഇരുന്ന സ്വാമിവൈദ്യരുടെ മുഖത്ത് നിശ്ശബ്ദത പരന്നു. കാറ്റിനും കോളിനും ശേഷം ആ മനസ്സൊന്നടങ്ങുകയായിരുന്നു.

റിഷി ശബ്ദം താഴ്ത്തി ചോദിച്ചു.
'പിന്നീട് കിരൺരാജ് ഇവിടെ വന്നിട്ടില്ലേ ?'

'വ്യക്തിത്വത്തിന് അപഭ്രംശം സംഭവിച്ചവനാണവൻ. ചുണ്ണാമ്പു തേക്കും ... എനിക്കെന്നല്ല, ആർക്കും അവനെ ആവശ്യമില്ലായിരുന്നു. എന്നിട്ടും അവൻ വന്നു. പക്ഷേ അത് വല്ലപ്പോഴുമായിരുന്നെന്നു മാത്രം.'

സ്വാമി വൈദ്യർ എഴുനേറ്റ് അടുത്ത മുറിയിലെ തടി അലമാര തുറന്നു. റിഷി അടുത്തെത്തുംവരെ അയാൾ കാത്തു. അതിൽ നിന്നും അയാൾ പുറത്തെടുത്ത സാധനങ്ങൾ കണ്ട് റിഷി അമ്പരന്നു. അയാളുടെ കാതുകളിലപ്പോൾ ബാംഗ്ലൂരിൽ വച്ച് ദിവാകർ പറഞ്ഞ വാക്കുകളായിരുന്നു.
'വിലങ്ങുകൾ , സുരക്ഷിതമായ റോപ്പുകൾ , ചാട്ടവാറുകൾ , ലദർബൽട്ടുകൾ , ലദർഡ്രസ്സുകൾ അങ്ങനെ പല ഐറ്റവുമുണ്ട്. ചൈനയിൽ നിന്നും മലേഷ്യയിൽ നിന്നും വരുന്ന സാധനം വിലക്കുറവിൽ ലോക്കലി കിട്ടും. അല്ലെങ്കിൽ ഓൺലൈനിൽ വരുത്തണം. '

സ്വാമിവൈദ്യർ അലമാരയിൽ നിന്നെടുത്തത് സ്റ്റീൽ നിർമ്മിതമായ കൈവിലങ്ങും നൈലോൺ ഇഴചേർന്ന റോപ്പും ലദർ മുഖംമൂടിയുമായിരുന്നു.

'ആ കുട്ടിയെ അവനുപദ്രവിച്ചത് ഇതൊക്കെ വച്ചാണ്. '

അവ പഴയതുപോലെ തിരികെ വച്ച് അലമാര പൂട്ടവേ അയാൾ തുടർന്നു.
'ഇതൊന്നുമല്ല ... അവനെനിക്കും തന്നു ചില സമ്മാനങ്ങൾ... വരൂ ... '

നേരത്തെ റിഷി പരിശോധിച്ച രജിസ്റ്ററുകളുടെ സമീപത്തേക്കാണ് വൈദ്യർ പോയത്. ആ രജിസ്ടറുകളിൽ ഒരെണ്ണം അയാളെടുത്തു.
'ഞാനിപ്പോൾ ചികിത്സേം കാര്യങ്ങളുമൊന്നുമില്ലെന്ന് കുട്ടിക്കു മനസ്സിലായിട്ടുണ്ടാവുമല്ലോ . അത്യാവശ്യക്കാർക്കു വല്ല ചിറ്റൗഷധവും കൊടുക്കും; അത്രതന്നെ '

അയാൾ ആവണപ്പലകമേലിരുന്ന പുസ്തകങ്ങൾക്കും രജിസ്ടറുകൾക്കുമിടയിൽ എന്തോ തിരയുവാൻ തുടങ്ങി.

'ഒരു കൊല്ലം മുമ്പുവരെ ഇതായിരുന്നില്ല സ്ഥിതി. കൂട്ടക്കമ്പം പൊരിക്കുന്ന മാതിരിയുണ്ടാവും ആളുകളുടെ ഒച്ച. അത്രയ്ക്കായിരുന്നു രോഗികളും കൈയാളുകളും. മാറാരോഗത്തിനും മരുന്നുകൊടുത്തിരുന്നു. പൂർണ്ണമായി മാറാത്ത കേസിൽ വേദനകുറയ്ക്കാനും ആയുസ്സു നീട്ടാനും ചിലതൊക്കെ ഈ ചികിത്സയിലുണ്ടായിരുന്നു. എന്റെ ഉപാസനാ മൂർത്തികളൊന്നും കൈപ്പിഴ വരുത്തിയിട്ടുമില്ല...'

അയാളുടെ വാക്കുകൾ ഇടറുന്നുവെന്ന് റിഷിക്കു തോന്നി. ഇത്ര ഗംഭീരനായ ഒരു യോഗിയും വികാരങ്ങൾക്കു വശംവദനാകുമോ ?
'ഗളനാളത്തിൽ കത്തിവച്ചത് അവനാണ് . എന്റെ മകൻ... അവനെന്റെ ചികിത്സ അവസാനിപ്പിച്ചു. '

അയാൾ കൈവശമിരുന്ന രജിസ്ടറിന്റെ പിൻപേജുകൾക്കിടയിലിരുന്ന രണ്ടു പത്ര കട്ടിംഗുകളിൽ ഒരെണ്ണം റിഷിക്കുനേരെ നീട്ടി. ഒന്നരവർഷം മുമ്പു പത്രത്തിൽ വന്ന പരസ്യമായിരുന്നു അത്. എയ്‌ഡ്സ് രോഗം പൂർണ്ണമായി ഭേദപ്പെടുത്തുമെന്ന അവകാശവാദവുമായി സ്വാമിവൈദ്യരുടെ പാരമ്പര്യചികിത്സാലയത്തിന്റെ പേരിലുള്ളതായിരുന്നു അത്. ഒറ്റമൂലിമരുന്ന് കൊറിയറായി അയച്ചുകൊടുക്കും. ആവശ്യക്കാർ ബന്ധപ്പെടേണ്ട ഫോൺനമ്പർ സഹിതമാണ് പരസ്യം.

'ഇത് കിരണിന്റെ ഫോൺ നമ്പരാണ്. എന്റെ പേരിൽ പരസ്യം ചെയ്ത് മരുന്നാണെന്നു പറഞ്ഞ് അവനെന്തൊക്കെയോ വിൽക്കുകയായിരുന്നു. ഞാനിതൊക്കെ അറിഞ്ഞപ്പൊഴേക്കും വൈകി '

അയാൾ രണ്ടാമത്തെ പത്രകട്ടിംഗും റിഷിക്കുനേരെ നീട്ടി. എയ്‌ഡ്സിനു വ്യാജമരുന്നു വിൽപ്പന നടത്തിയ പാരമ്പര്യവൈദ്യൻ വഞ്ചനാക്കേസിൽ പിടിയിൽ. സ്വാമിവൈദ്യന്റെ ഫോട്ടോസഹിതമുള്ള ഇരട്ടക്കോളം വാർത്തയായിരുന്നു അത്. അക്കാലത്ത് ഏതോ പത്രത്തിൽ ആ ചെറിയ വാർത്ത കണ്ടിരുന്നതുപോലെ റിഷിക്കു തോന്നി.

'ഡ്രഗ്സ് ആന്റ് മാജിക് റമഡീസ് ആക്ടനുസരിച്ച് ശിക്ഷ അനുഭവിക്കണം. വലിയ തുക പിഴ കെട്ടണം. കാര്യം ബോധ്യപ്പെടുത്താൻ കഴിഞ്ഞതു കൊണ്ട് കേസിൽ നിന്നു രക്ഷപ്പെട്ടു.'
അയാളുടെ മുഖം ഇരുണ്ടു. ഗോപ്യമായ വേദനയായിരുന്നു സ്വാമിവൈദ്യരുടേതെങ്കിലും റിഷിക്കതു കാണാൻ കഴിയുമായിരുന്നു.
'ഇത്ര കാലം കൊണ്ടുനടന്ന പാരമ്പര്യവൈദ്യത്തിന്റെ സിദ്ധിയാണവൻ ഇല്ലാതാക്കിയത്. വിശ്വസിച്ചവർ പോലും സംശയിക്കുന്ന സ്ഥിതി.
വിശ്വാസ്യത നഷ്ടപ്പെട്ടാൽ... ഞാനെങ്ങനെ ചികിത്സിക്കും.'
പിന്നെ എന്തോ ഓർത്തിട്ടെന്ന പോലെ അയാൾ തുടർന്നു.
'വെളിയിൽ കണ്ട അൾഷിമേഴസ് രോഗിയില്ലേ... അയാളീ തറവാട്ടിലെ ആശ്രിതനായിരുന്നു. എന്നുവച്ചാൽ ഇവിടത്തെ ഒരംഗം തന്നെ. ആ നിലയ്ക്ക് അയാളെ നോക്കേണ്ടത് എന്റെ ബാധ്യതയാണ്. അല്ലാതെ പുറത്തുനിന്നുള്ള രോഗിയോ അത്തരം ചികിത്സയോ അല്ല അവിടെ നടക്കുന്നത്
'സ്വാമിവൈദ്യർ നൽകിയ പത്രകട്ടിംഗിലെ ഫോൺനമ്പറിലായിരുന്ന റിഷിയുടെ ശ്രദ്ധ. അയാളതു മനസ്സിൽ കുറിച്ചിട്ടു. കിരൺരാജിന്റെ നമ്പരാണത്.'അന്നു ഞാൻ രണ്ടു തീരുമാനങ്ങളെടുത്തു. ഒന്ന്; ഇനി രോഗികളെ ചികിത്സിക്കില്ല. രണ്ട്; എനിക്കിങ്ങനെ ഒരു മകനില്ല.'

തുടർന്നാണ് സ്വാമിവൈദ്യർ സ്വത്തുസമ്പാദ്യങ്ങൾക്ക് അവകാശിയെ നിശ്ചയിച്ചത്. പാരമ്പര്യവൈദ്യത്തിൽ പിൻഗാമിയായി കണ്ട അനന്തരവൾ തന്നെയായിരുന്നു സ്വാമിവൈദ്യരുടെ അവകാശി. പണത്തിന്റെ ആവശ്യം അടിക്കടിയുണ്ടായിക്കൊണ്ടിരുന്ന കിരൺരാജിനെ അത് തെല്ലൊന്നുമല്ല ഉലച്ചത്. സ്വത്തിന്റെ കാര്യത്തിലടക്കം എന്തൊക്കെയോ ഗൂഢലക്ഷ്യങ്ങളുമായാണ് നാടോടിയെപ്പോലെ ഇടയ്ക്കിടെ അയാളവിടെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നത്.

'വന്നാൽ അവനിവിടെ വൈദ്യരിടത്തിലാവും ഉണ്ടാവുക. തറവാട്ടിലേക്കങ്ങനെ വരില്ല... എന്നാലും ആ ദിവസങ്ങളിൽ കുട്ടിയുടെ അടുത്തെപ്പോഴും ഞാനുണ്ടാവും. അവൾക്കവനെ അത്ര വെറുപ്പാണ്.'
റിഷി തിരിച്ചുനൽകിയ പത്രകട്ടിംഗുകൾ രജിസ്റ്ററിനുള്ളിലാക്കി സ്വാമിവൈദ്യരത് പഴയപടി ആവണപ്പലകമേൽ വച്ചു.

'ലഗ്നത്തിനു കേന്ദ്രലഗ്നത്തിൽ വ്യാഴൻ... ജനിച്ചപ്പോ കേസരിയോഗമൊക്കെയുണ്ട്. പക്ഷേ; അനുഭവയോഗം; അതുമാത്രമില്ലാതെ പോയി '

'ഇതിനിടയിലെപ്പോഴാണ് ജീന ... അയാളുടെ ഭാര്യ ആയത്? '

'അതും ഒട്ടു വൈകിയാണ് ഞാനറിഞ്ഞത്. ആ കുട്ടിയുടെ അപ്പച്ചൻ ഇവിടെ വന്നിരുന്നു. മകളുടെ വാശിക്കു മുന്നിൽ തോറ്റുവന്നതാണ്... കാര്യങ്ങളൊക്കെ അയാളറിഞ്ഞത് ഇവിടെവച്ചാണ്. '

ഈ സമയം ദുർഗ്ഗ ഓട്ടുമൊന്തയിൽ ചായയുമായി അവരുടെ അടുത്തേക്കുവന്നു. സ്വാമിവൈദ്യർ നിശ്ശബ്ദനായി. ഇരുവർക്കും ചായ പകർന്നു നൽകിയശേഷം അവൾ മടങ്ങി. അവൾ കുളപ്പടവിനടുത്തെത്തുംവരെ മൗനം തുടർന്ന സ്വാമി വൈദ്യർ ചായ ഗ്ളാസ് എടുത്തു.

'ആ കുട്ടിയില്ലേ...ദുർഗ്ഗ. അവളാണ് എന്റെ അനന്തരവൾ.'

മൂർച്ചയേറിയ വാക്കുകളായിരുന്നു അത്. അത്തരമൊരു വിധിവഴിയിൽ ദുർഗ്ഗ? റിഷിയ്ക്കതു വിശ്വസിക്കാനായില്ല. അവളെ അങ്ങനെ കാണാനയാൾ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. ഒരു ദേവീവിഗ്രഹം പോലെ പ്രകാശം ചൊരിയുന്ന ദുർഗ്ഗയെയായിരുന്നു കണ്ടനാൾ മുതൽ അയാൾ മനസ്സിൽ
കൊണ്ടുനടന്നത്.

(തുടരും )

Content Highlights: Ormakkanalukal Novel Based on a True Story  part Eleven Written by Manoj Bharathi, Books