എക്‌സ്‌ക്‌ളൂസീവ് സ്റ്റോറി

ഗരത്തിലെ പ്രധാനറോഡുകള്‍ പലതും കുപ്പിക്കഴുത്തുകളായിരുന്നു. ജില്ലയിലെ ആര്‍.ടി.ഒ ഓഫീസുകളില്‍ പ്രതിദിനം രജിസ്റ്റര്‍ ചെയ്യുന്ന നൂറുകണക്കിനു വാഹനങ്ങള്‍ ആ കുപ്പിക്കഴുത്തിലൂടെ പോക്കും വരവും നടത്തി.

റോഡ് വീതി കൂട്ടണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. അത്കാലാകാലങ്ങളില്‍ ഉണരുകയും പിന്നീട് തളരുകയും ചെയ്തുപോന്നു. ഇടയ്ക്കൊക്കെ അതിനുവേണ്ടി വലിയ ജനകീയ സമരങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ വിഷയം കോര്‍പ്പറേഷന്റെ പരിധി വിട്ട് സെക്രട്ടറിയേറ്റിലേക്കു നീങ്ങും. ജനവികാരത്തെ ബോധ്യപ്പെടുത്താന്‍ ഭരണാധികാരികള്‍ ചില നടപടികള്‍ക്കു നീക്കം നടത്തും. അതേ ഭരണാധികാരികള്‍ തന്നെ മറുവശത്തുകൂടി തങ്ങളുടെ രഹസ്യക്കാരെ ഇറക്കി കോടതിയിലേക്കു കാര്യങ്ങളെത്തിക്കും. രഹസ്യക്കാര്‍ക്ക് കോടതിയില്‍ ഉന്നയിക്കാനുള്ളത് ചെറുതും വലുതുമായ വ്യാപാരികളുടെ ജീവിതപ്രശ്നങ്ങളാണ്. റോഡിനിരുവശവുമുള്ള ബങ്കുകളും കടകളുമൊക്കെ പൊളിച്ചാല്‍ അതിനു തുല്യം വയ്ക്കാനുള്ള നഷ്ടപരിഹാരം സര്‍ക്കാരില്‍നിന്നു കിട്ടില്ല. കടങ്ങളും ബാധ്യതകളും പെരുകുന്നതോടെ ജീവനൊടുക്കുകയേ നിവൃത്തിയുള്ളൂ. അങ്ങനെ സങ്കടഹര്‍ജികള്‍ പെരുകുന്നതോടെ പൊളിച്ചുനീക്കല്‍ നടപടിക്ക് കോടതി സ്റ്റേ നല്‍കും. തുടര്‍ന്നാണ് യഥാര്‍ത്ഥ താരങ്ങള്‍ സീനിലേക്കെത്തുക. ഒറ്റമുറിക്കടക്കാരനെയും വഴിവാണിഭക്കാരനെയും കോര്‍പ്പറേഷന്‍
ബാങ്കുകാരനെയുമെല്ലാം കവചങ്ങളാക്കി റിയല്‍ എസ്റ്റേറ്റുകാരനും വമ്പന്‍ വ്യാപാരികളും കളം കയ്യടക്കും. അതിനവര്‍ റോഡിനിരുവശവുമുള്ള ലന്തക്കാരന്റെയും പോര്‍ച്ചുഗീസുകാരന്റെയും വെള്ളക്കാരന്റെയുമൊക്കെ ശിഷ്ടാവശിഷ്ടങ്ങളെ സംരക്ഷിച്ചുനിര്‍ത്തേണ്ടതിന്റെ അനിവാര്യത വരെ ചര്‍ച്ചയാക്കും. നാടിന്റെ ചരിത്രത്തുടര്‍ച്ചയ്ക്കുള്ള ഓക്സിജന്‍ സിലിണ്ടറുകളാണ് അവയെന്ന് ബോധ്യപ്പെടുത്തും. പിന്നെപ്പറയേണ്ടതില്ലല്ലോ; ചരിത്രത്തിന്റെ മറക്കുടകൂടി നിവരുന്നതോടെ റോഡ് വീതി കൂട്ടാനുള്ള തീരുമാനത്തില്‍ ചുവപ്പുനാട മുറുകും.

ഒത്തുകളിക്കാര്‍ പൊതുവികാരത്തെ മറികടന്നതിന്റെ ഫലമായാണ് നഗരത്തിരക്കിനെ വിഘടിപ്പിക്കാന്‍ തലങ്ങും വിലങ്ങുമുള്ള ഗതാഗതനിയന്ത്രണം പതിവായത്. പാസഞ്ചര്‍ വാഹനങ്ങളും മറ്റും ഒരു കുപ്പിക്കഴുത്തിലൂടെ നിരങ്ങിനീങ്ങുമ്പോള്‍ മറ്റൊന്ന് ചെറുവാഹനങ്ങള്‍ക്കുള്ളതാണ്. ഭാരവാഹനങ്ങളും ചരക്കുലോറികളുമെല്ലാം മാര്‍ക്കറ്റിനെയോ നാഷണല്‍ ഹൈവേയെയോ ലാക്കാക്കി വരുന്നതാണ്. അവ മറ്റൊരിടത്തുകൂടി കഷ്ടിച്ചു നീങ്ങും. ഈ വഴികളില്‍ ഏറ്റവും തിരക്കു കുറവ് ഭാരവാഹനങ്ങളുടേതാണ്. അതിന്റെ ഓരത്തായിരുന്നു വനിതാ സദനം.

കൂറ്റന്‍ സിമന്റുമതിലിന്റെ കാരാഗൃഹച്ഛായയ്ക്ക് പുറത്തേക്ക് സദനത്തിന്റെ രണ്ടാം നിലയുടെ തലപ്പൊക്കം മാത്രമേ കാണാനുണ്ടായിരുന്നുള്ളൂ. മേഘപാളികളുടെ ദുര്‍ഗ്രഹമായ രൂപമാറ്റം ആകാശം നോക്കി കണ്ടിരിക്കാന്‍ വിധിക്കപ്പെട്ട കുറെ ജീവിതങ്ങള്‍ അവിടെയുണ്ട്. ഇരുപതുകൊല്ലമെങ്കിലും ആയിട്ടുണ്ടാവും വനിതാസദനം പ്രവര്‍ത്തനമാരംഭിച്ചിട്ട്. വിധവകള്‍, അഗതികള്‍, ഉറ്റവര്‍ ഉപേക്ഷിച്ചവര്‍. വിവാഹബന്ധം വേര്‍പെടുത്തി അശരണരായവര്‍, ആരും സഹായിക്കാനില്ലാതെ കുട്ടികള്‍ക്കൊപ്പം അമ്മമാര്‍, പതിനെട്ടുവയസ്സിനു മുകളിലുള്ള പെണ്‍കുട്ടികള്‍... അവരിലാരെക്കുറിച്ചും ഇന്നോളമുണ്ടാകാത്ത ആരോപണവും അന്വേഷണവുമാണ് ഇപ്പോഴുയര്‍ന്നിരിക്കുന്നത്. അതാണ് സദനത്തിലെ വാര്‍ഡനെ ഇത്രത്തോളം ചൊടിപ്പിച്ചത്.

വാര്‍ഡന്‍ വനിതാ സദനത്തില്‍ ചാര്‍ജെടുത്തിട്ടിപ്പോള്‍ പത്തുവര്‍ഷം കഴിയുന്നു. എപ്പോഴും കട്ടിയുള്ള കണ്ണടയും ഖാദര്‍ സാരിയും മാത്രം ധരിക്കുന്ന ഗൗരവക്കാരി. വലിയ ആക്ഷേപങ്ങളൊന്നുമില്ലാതെ മാന്യമായാണ് അവര്‍ സ്ഥാപനം മുന്നോട്ടുകൊണ്ടുപോകുന്നത്. കഴിഞ്ഞ വര്‍ഷം മൂന്നുപെണ്‍കുട്ടികള്‍ മതില്‍ചാടിയ സംഭവമുണ്ടായി. ഇരുചെവിയറിയാതെ അതു പരിഹരിക്കുകയും ചെയ്തു. പത്രക്കാരോ പ്രതിപക്ഷപാര്‍ട്ടികളോ അറിയാതെ രായ്ക്കുരാമാനമാണ് പോലീസ് കുട്ടികളെ കണ്ടെത്തിയത്. എന്തെങ്കിലും തരത്തില്‍ പീഡനമോ കഷ്ടപ്പാടോ ഉണ്ടായിട്ടല്ല അവര്‍ ഒളിച്ചുപോകാന്‍ ശ്രമിച്ചത്. സിനിമയില്‍ അഭിനയിക്കാനും പണമുണ്ടാക്കാനും വേണ്ടി ചെന്നൈയ്ക്കു പോകാനുള്ള ആഗ്രഹം കൊണ്ടാണ്. പോലീസ് മടക്കിക്കൊണ്ടുവന്നപ്പോള്‍ വാര്‍ഡന്‍ തീരുമാനം പെണ്‍കുട്ടികള്‍ക്കുതന്നെ വിട്ടുകൊടുത്തു. അവര്‍ക്കവിടെ
നില്‍ക്കണമെങ്കില്‍ നില്‍ക്കാം; പോകണമെങ്കില്‍ അതു രേഖപ്പെടുത്തി പോകാം. ഒടുവില്‍ അവര്‍ വനിതാ സദനത്തില്‍ത്തന്നെ തുടരാന്‍
തീരുമാനിക്കുകയായിരുന്നു.

ഇതിപ്പോള്‍ അസ്വാഭാവികമായ സാഹചര്യത്തില്‍ ഒരു യുവതിയും അവളുടെ കുഞ്ഞും വന്നുചേരുകയും പിന്നാലെ അവള്‍ക്കെതിരെ അജ്ഞാതരുടെ ആരോപണങ്ങളെത്തുകയും ചെയ്തിരിക്കുന്നു. സംഭവം മണത്തറിഞ്ഞ മാധ്യമപ്രവര്‍ത്തകരാണെങ്കില്‍ നൂറുകൂട്ടം ചോദ്യങ്ങളുമായി ഫോണിലും. വാര്‍ഡന്‍ ആകെ അസ്വസ്ഥയായിരുന്നു. മുഴുത്ത താറാവിന്റെ മേലനക്കത്തോടെ മധ്യവയ്സ്‌കയായ സര്‍വന്റ് അവരുടെ അടുത്തേക്ക് ചുക്കുവെള്ളവുമായെത്തി.

'ആ പെങ്കൊച്ചും കുട്ടീം എന്തേലും കഴിച്ചോ?'
'കുട്ടി കഴിച്ചു; തള്ളയ്ക്കൊന്നും വേണ്ടാന്ന്...'

വൈകുന്നേരമാണ് പെണ്‍കുട്ടിയും കുഞ്ഞും വന്നതെങ്കിലും അതൊരു വിവാദ വിഷയമായത് സന്ധ്യയ്ക്കു ശേഷമാണ്. വാര്‍ഡന്‍ അപ്പോള്‍ത്തന്നെ സെക്രട്ടറിയെ വിളിച്ച് കാര്യം ധരിപ്പിക്കാന്‍ ശ്രമിച്ചതാണ്. പക്ഷേ സെക്രട്ടറിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. അപ്പോള്‍ കരുതി പെണ്‍കുട്ടിയില്‍ നിന്നെന്തെങ്കിലും അറിഞ്ഞിട്ടാവാം അദ്ദേഹത്തെ വിളിക്കുന്നതെന്ന്.

ചുക്കുവെള്ളം ചൂടോടെ കുടിച്ചുതീര്‍ത്ത വാര്‍ഡന്‍ ശബ്ദം താഴ്ത്തി വച്ചിരുന്ന ടിവിയിലേക്കുനോക്കിയിരുന്നു. എന്നാല്‍ അതിലെ ചൂടേറിയ
വാദങ്ങളൊന്നും അവരുടെയുള്ളിലേക്കെത്തിയിരുന്നില്ല. നിലവിലുള്ള പ്രശ്നം കൈകാര്യം ചെയ്യുന്നതെങ്ങനെയെന്ന ചിന്ത അവരെ അലട്ടിക്കൊണ്ടിരുന്നു. അതേസമയം ചാനല്‍ ത്രീയിലെ ചര്‍ച്ചാവിദഗ്ധര്‍ ലഡാക്കില്‍ നിന്നും ചൈനയില്‍ നിന്നും പിന്‍വാങ്ങുകയും നേരെ പാകിസ്താനിലേക്ക് അധിനിവേശം തുടങ്ങുകയും ചെയ്തിരുന്നു.

ഭക്ഷണം കഴിക്കാന്‍ പോയാല്‍ ഉടനടി തിരിച്ചെത്താറുള്ള സാജന്‍ അന്ന് പതിവില്‍ കൂടുതല്‍ വൈകുന്നതായി റിഷി സംശയിച്ചു. എന്നാല്‍ പെട്ടെന്നയാള്‍ തിരുത്തി. ഒരു വാര്‍ത്ത മുന്നിലെത്തിയിരിക്കുന്നതിന്റെ ജാഗ്രത കൊണ്ടുള്ള വെറും തോന്നലായിരുന്നു അത്. സാജനു പിന്നാലെയാണ് ഡ്യൂട്ടി കഴിഞ്ഞ് ക്യാമറാമാന്‍ മുരളി കട്ടേലയും സൗണ്ട് റക്കോര്‍ഡിസ്റ്റും എച്ച് ആര്‍ എക്സിക്യൂട്ടീവും പുറത്തേക്ക് പോയിരുന്നത്. സമയം കൊല്ലാന്‍ അവരെപ്പോലെ വിരുതുള്ളവര്‍ വേറെയില്ല. ജോലി ചെയ്യുകയുമില്ല ; മറ്റുള്ളവരെ അതിനനുവദിക്കുകയുമില്ല. അതാണവരുടെ ലൈന്‍. എന്നാല്‍ അവരുടെ കുരുക്കില്‍ സാജന്‍ വീഴില്ലെന്ന് റിഷിക്കുറപ്പുണ്ടായിരുന്നു.

അയാളുടെ ചിന്തകള്‍ക്കു നടുവിലേക്കപ്പോള്‍ കടലാസ് പ്ലേറ്റില്‍ രണ്ടു സമോസയുമായി സാജനെത്തി.
'ഹോട്ട് പീസാ അണ്ണാ ... സംഗതി കൊള്ളാം. ടേസ്റ്റുണ്ട്. '

' എന്തുപറ്റി ... ഇന്നു പുതിയ റസ്റ്റോറന്റ് വല്ലതും കണ്ടുപിടിച്ചോ...?'

' ഇല്ലണ്ണാ... പ്രസ് ക്ലബ്ബിനടുത്തുള്ള തട്ടുകടയില്ലേ ... അവിടുന്നാ ...'

സാജന്‍ പറഞ്ഞത് ശരിയാണെന്ന് സമോസ കഴിച്ചപ്പോള്‍ റിഷിക്കു ബോധ്യമായി. നല്ല രുചിയുള്ള സമോസ.

' കട്ടേലയുമുണ്ടായിരുന്നു... കത്തീന്നുവച്ചാ എസ് കത്തി. അവളില്ലേ... മെറ്റില്‍ഡ... അവളുടെ കേസാരുന്നു '

' മെറ്റില്‍ഡയ്ക്കെന്തുപറ്റി ..?'
അതുചോദിച്ചശേഷം റിഷി ചെറുചിരിയോടെ തുടര്‍ന്നു.
' അതോ ഇനി അവന്‍മാര്‍ക്കാണോ പറ്റിയത് ?'

'അതൊക്കെ ഞാന്‍ പറയണോ. അണ്ണനറിയാത്ത കാര്യമൊന്നുമല്ലല്ലോ...' ചുണ്ടൊരുവശത്തേക്കു കോട്ടി കൈമലര്‍ത്തി സാജന്‍ ചിരിച്ചു.

ചാനല്‍ ത്രീയില്‍ പലരും സഹപ്രവര്‍ത്തകരുടെ സ്വകാര്യതകളിലേക്ക് ഒളിഞ്ഞുനോക്കാന്‍ തല്‍പരരായിരുന്നു. ആ കുതൂഹലതകളില്‍ പരിഹാസയോഗ്യമായി എന്തെങ്കിലും വീണുകിട്ടിയാല്‍ അതുമതി കഥ മാറാന്‍. ചുണ്ടുകളില്‍ നിന്ന് കാതുകളിലേക്കുള്ള അപ് ലിങ്കിംഗും കാതുകളില്‍ നിന്ന് ചുണ്ടുകളിലേക്കുള്ള ഡൗണ്‍ലിങ്കിംഗും അടുത്ത നിമിഷം തുടങ്ങും. അല്ലെങ്കിലും  ഓന്തിനെപ്പോലെ കണ്ണുകളിലൊന്ന് ഒരു ദിക്കിലേക്കും മറുകണ്ണ് പൂര്‍ണ്ണമായും എതിര്‍ദിശയിലേക്കും തിരിക്കാന്‍ കഴിയുന്നത് മാധ്യമങ്ങള്‍ക്കു മാത്രമാണ്. സ്വാഭാവികമായും അതിന്റെ പ്രവര്‍ത്തകരില്‍ നിന്നും ഇതല്ലേ പ്രതീക്ഷിക്കാനാവൂ. അല്ലെങ്കില്‍ഇതുതന്നെയല്ലേ പ്രതീക്ഷിക്കേണ്ടത്.
 
റിഷിയുള്‍പ്പെടെ ബ്യൂറോയിലുള്ള മറ്റു പലരെയുമപേക്ഷിച്ച് പ്രായം കൊണ്ട് മുതിര്‍ന്നയാളാണ് സാജന്‍. എങ്കിലും അയാള്‍ എല്ലാവരെയും സംബോധന ചെയ്തിരുന്നത് അണ്ണന്‍ എന്നാണ്. അതും തനി തിരുവനന്തപുരം സ്‌റ്റൈലില്‍. എന്നുതന്നെയല്ല ആരെയും വെറുപ്പിക്കാത്ത തരത്തില്‍ സംസാരിക്കാനുള്ള നയചാതുരിയും അയാളുടെ പ്രത്യേകതയായിരുന്നു.

മെറ്റില്‍ഡയുടെ കാര്യത്തില്‍ സാജന്‍ പറഞ്ഞുനിര്‍ത്തിയേടത്തുനിന്ന് റിഷി ചിലത് ഊഹിക്കാന്‍ ശ്രമിച്ചു. മെറ്റില്‍ഡ പഠിച്ച കള്ളിയാണ്. ബ്യൂറോചീഫിനെ സുഖിപ്പിക്കേണ്ടതും കാര്യങ്ങള്‍ നേടിയെടുക്കേണ്ടതും എങ്ങനെയെന്ന് അവള്‍ക്ക് നല്ല വശമുണ്ട്. റൂട്ടീന്‍ ബീറ്റ്സിനോട് ഒരിക്കലും അവള്‍ക്ക് താല്‍പ്പര്യം തോന്നിയിട്ടില്ല. തനിക്കു ഗുണമുണ്ടെന്നു തോന്നുന്ന വാര്‍ത്തകള്‍ ചാടിവീണുപിടിക്കും. സീനിയേഴ്സ് ചെയ്യേണ്ട സംഗതികള്‍ പോലും കൗശലത്തില്‍ കൈക്കലാക്കും. ക്യാമറാമാനായാലും വിഷ്വല്‍ എഡിറ്ററായാലും അവള്‍ സ്ഥിരമായി ചിലരെ കണ്ടുവച്ചിട്ടുണ്ട്. സ്വന്തം നിലയ്ക്കു ചെയ്യേണ്ട കാര്യങ്ങള്‍ പോലും അവരെ സുഖിപ്പിച്ചുനിര്‍ത്തി ചെയ്യിക്കാനവള്‍ക്കറിയാം. അങ്ങനെയൊരു പൊടിസുഖം മതി അവര്‍ക്കു സായൂജ്യത്തിന്. അവളുടെ മണം ശ്വസിച്ച്, സാമീപ്യമനുഭവിച്ച് ഉപഗ്രഹങ്ങള്‍ കൂടെത്തന്നെയുണ്ടാവും.

ഈ പ്രവണത മറ്റുള്ളവരുടെ അസൈന്‍മെന്റുകളെ കാര്യമായി ബാധിക്കുന്നുണ്ടായിരുന്നു. മുമ്പൊരിക്കല്‍ ക്ഷമകെട്ട് റിപ്പോര്‍ട്ടര്‍മാരിലൊരാള്‍ പൊട്ടിത്തെറിച്ച സംഭവം പോലുമുണ്ടായിട്ടുണ്ട്.
' ഹരീഷ് സാര്‍... ഒന്നു ക്ലിയര്‍ ചെയ്ത് തന്നാല്‍ കൊള്ളാം. മെറ്റില്‍ഡയുടെ ക്യാമറാമാന്‍, മെറ്റില്‍ഡയുടെ എഡിറ്റര്‍ എന്നിങ്ങനെ ഈ സ്ഥാപനത്തില്‍ പ്രത്യേക തസ്തികകളുണ്ടോ?'
വല്ലാതെ ഉരുണ്ടുകളിച്ചാണ് ഹരീഷ് അന്നാരംഗം ശാന്തമാക്കിയത്.

മെറ്റില്‍ഡയുടെ ചുറ്റും കറങ്ങിത്തിരിയാറുള്ള ക്യാമറാമാന്‍മാരിലൊരാള്‍ മുരളി കട്ടേലയായിരുന്നു. കട്ടേലയും വീഡിയോ എഡിറ്ററുമൊക്കെ വന്നുവന്നിപ്പോള്‍ മെറ്റില്‍ഡയുടെ ഷിഫ്റ്റ് അനുസരിച്ചാണ് ജോലിസമയംപോലും ക്രമീകരിച്ചിരുന്നത്. ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ മറ്റു റിപ്പോര്‍ട്ടര്‍മാര്‍ക്കൊപ്പം അവരിലാരെങ്കിലും ക്യാമറയുമായി പോയാല്‍ അന്നൊരു പരാതി ഉറപ്പാണ്. ടിവി സ്‌ക്രീനിലെത്തിയപ്പോള്‍ റിപ്പോര്‍ട്ടറുടെ മുഖം കത്തിക്കരിഞ്ഞ നിലയിലായിരുന്നു എന്നുതുടങ്ങി എന്തെങ്കിലുമൊന്ന്. അതേസമയം മെറ്റില്‍ഡ എല്ലാ റിപ്പോര്‍ട്ടുകളിലും സിനിമാ നടിയെപ്പോലെ പ്രൊജക്ട് ചെയ്തു കാണപ്പെടുകയും ചെയ്തു.

ചുരുങ്ങിയ സമയം കൊണ്ട് ഡബിള്‍ പ്രമോഷന്‍ നേടാനുള്ള നീക്കങ്ങളാണ് മെറ്റില്‍ഡ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് റിഷിക്ക് സംശയമുണ്ട്.
ഉപഗ്രഹങ്ങളുടെ കാര്യത്തിലായിരുന്നു അയാള്‍ക്കു സഹതാപം. മെറ്റില്‍ഡ കോമാളികളാക്കുകയായിരുന്നെന്ന് എല്ലാം കഴിയുമ്പോഴേ അവരറിയൂ .

'ചിലപ്പോ ഒന്നു റൗണ്ടടിക്കേണ്ടി വരും സാജാ'

'അതെന്താ അണ്ണാ കോളുവല്ലോം ഒണ്ടോ?'

'ഒരെണ്ണം കൊത്തിയിട്ടുണ്ട്. ചീഫിനെ വിളിച്ചപ്പോള്‍ നാളെ മതീന്നാ പറഞ്ഞത്. രാത്രിതന്നെ ഒത്തുകിട്ടുമോന്നാണ് എന്റെ നോട്ടം. ഇന്‍ഫര്‍മേഷന്‍ ചെക്കുചെയ്യുകയാണ് '

'അണ്ണാ ...വല്ല തള്ളയ്ക്കുവിളി  കേസുമാണോ ?'

റിഷി ശബ്ദമില്ലാതെ ചിരിച്ചു. ചെറിയൊരു മൂളിപ്പാട്ടോടെ സാജന്‍ സ്വന്തം സീറ്റിലിരുന്ന് ക്യാമറയുടെ ലെന്‍സ് ക്ലീന്‍ ചെയ്ത് സുരക്ഷിതമായി വച്ചു.
ബ്യൂറോയിലെ എഡിറ്റ് സ്യൂട്ടില്‍ പവര്‍ ഓഫ് ചെയ്തിരുന്നില്ല. അയാള്‍ നേരെ അങ്ങോട്ടുപോയി.

ഫൈനല്‍ കട്ട് പ്രോയില്‍ സാജന്‍ ചില പരിശ്രമങ്ങള്‍ നടത്താറുണ്ട്. പതിവു ന്യൂസ് കവറേജുകള്‍ക്കിടയില്‍ താല്‍പ്പര്യം തോന്നുന്ന ചില ഷോട്ടുകളയാള്‍ മാറ്റിവയ്ക്കും. വാര്‍ത്തയുമായി യാതൊരു ബന്ധവുമില്ലാത്തവയായിരിക്കും അവ. പതിവുള്ളതും പരിമിതവുമായ വാര്‍ത്താരീതി വിട്ട് കുറേക്കൂടി സൗന്ദര്യാത്മകബോധത്തോടെ സാജന്‍ അവയെ എഡിറ്റിംഗ് ടൂള്‍സിലൂടെ കടത്തിവിടുമ്പോള്‍, കണക്കൊപ്പിച്ച് ചില ഏച്ചുകെട്ടലുകളും ഒഴിവാക്കലുകളും നടത്തുമ്പോള്‍ വിഷ്വല്‍ ലാംഗ്വേജിന്റെ മറ്റൊരു ലെവലിലേക്ക് അതെത്തിയിരുന്നു. ദിവസങ്ങളെടുത്താണ് അത്തരം ചെറിയ ചെറിയ കോംബിനേഷനുകള്‍ അയാള്‍ നിര്‍മ്മിച്ചിരുന്നത്. പിന്നീടത് സ്വന്തം പേരിലുള്ള യൂ ട്യൂബ് ചാനലിലേക്ക് അപ്ലോഡ് ചെയ്യും.

അന്നു സാജന്‍ സെലക്ട് ചെയ്തത് ബീച്ചില്‍ നിന്നുള്ള കുറേ ഷോട്ടുകളാണ്. കടലിനോടും കടല്‍ത്തീരത്തോടും ക്യാമറക്കെന്നും കാമമാണ്. ക്യാമറ എങ്ങോട്ടു തിരിച്ചാലും സമൃദ്ധമായ ദൃശ്യങ്ങള്‍ . ശാന്തസുന്ദരമായ തിരകളായാലും കടല്‍ക്ഷോഭമായാലും കൈനിറയെ ഷോട്ടുകളുറപ്പാണ്. അത്തരം ചില ഷോട്ടുകള്‍ അയാള്‍ തരംതിരിച്ചുകൊണ്ടിരുന്നു.

ഈ സമയം ലാന്‍ഡ് ഫോണ്‍ വീണ്ടും ശബ്ദിച്ചു. റിഷി ഫോണെടുത്തു

' ഹലോ ...റിപ്പോര്‍ട്ടര്‍ റിഷിയല്ലേ? '

കാര്‍ക്കശ്യം മൂടിയ പതിഞ്ഞ ശബ്ദം റിഷി തിരിച്ചറിഞ്ഞു.

'ഞാനൊരു വാര്‍ത്ത തന്നില്ലേ. നിങ്ങളതെപ്പറ്റി അന്വേഷിച്ചിരുന്നോ ? '

'അതന്വേഷിക്കുന്നുണ്ട്... ബട്ട്...നിങ്ങളാരാണെന്നു പറഞ്ഞില്ലല്ലോ ? '

'ഞാന്‍ നേരത്തെ പറഞ്ഞില്ലേ, വാര്‍ത്ത തരാന്‍ ഐഡന്റിറ്റി വെളിപ്പെടുത്തണമെന്നില്ല. അന്വേഷിച്ച് ബോധ്യപ്പെട്ടിട്ടു നിങ്ങളതു കൊടുത്താ മതി '

'സദനത്തില്‍ നിന്നു പറയുന്നത് അങ്ങനെയാരും അവിടെ ചെന്നിട്ടില്ലെന്നാണല്ലോ.'

'മുപ്പതുവയസ്സുവരുന്ന സ്ത്രീയും അവരുടെ നാലുവയസ്സുള്ള ആണ്‍കുഞ്ഞും. അങ്ങനെ രണ്ടുപേര്‍ ചെന്നിട്ടില്ലെന്നാണോ പറഞ്ഞത് ?'
റിഷിയുടെ മറുപടി കാത്തുനില്‍ക്കാതെ വീണ്ടും ഫോണ്‍ശബ്ദം.
'എങ്കിലവര്‍ നിങ്ങളെ മണ്ടനാക്കിയതാണ്. ഒരു ജേര്‍ണലിസ്റ്റിങ്ങനെ മണ്ടനാകാന്‍ പാടില്ല... നിങ്ങള്‍ അവിടെ ചെന്നന്വേഷിക്കൂ. അപ്പോള്‍ മനസ്സിലാവും ഞാന്‍ പറഞ്ഞതെന്താണെന്ന്. '

തന്റെ ആത്മാഭിമാനം ഒരപരിചിതന്‍ ഉരകല്ലിലിട്ടുരച്ചത് റിഷിക്കത്ര ഇഷ്ടമായില്ല. എങ്കിലും അയാളത് ഉള്ളിലടക്കി.

'ഇപ്പോഴൊരു ക്യാമറയുമായി പോയാല്‍ നിങ്ങള്‍ക്കവിടെ നിന്നൊരു എക്സ്‌ക്ലൂസീവ് വാര്‍ത്ത കിട്ടും. അല്ലെങ്കില്‍ നാളെ രാവിലെ ഞങ്ങളു
കുറച്ചുപേര് അങ്ങോട്ടങ്ങു കയറും. മറ്റുള്ളവര്‍ക്കു ഭീഷണിയായി അങ്ങനൊരു സ്ത്രീ അവിടെ താമസിക്കാന്‍ ഞങ്ങളനുവദിക്കില്ല.'

ആ നിമിഷം റിഷിയുടെ മനസ്സിലെത്തിയത് ഇങ്ങനെയൊരു വാര്‍ത്തയുടെ സാധ്യതയെപ്പറ്റി അറിയിക്കാന്‍ ബ്യൂറോചീഫിനെ വിളിച്ചപ്പോള്‍ അയാള്‍ പറഞ്ഞ വാക്കുകളാണ്.
'കൊറോണയും നിപ്പയുമൊക്കെ പകരുന്ന കാലത്ത് നമ്മളിങ്ങനെ എയ്ഡ്സ് രോഗിയെ പിന്തുടരണ്ടേ കാര്യമുണ്ടോ. അല്ലെങ്കില്‍ത്തന്നെ അതെങ്ങനെ പകരും. അങ്ങനൊരു സ്ത്രീ അവിടെയുണ്ടെങ്കില്‍ത്തന്നെ അതാര്‍ക്കും ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടാക്കാന്‍ പോകുന്നില്ല.'

ബ്യൂറോ ചീഫ് അങ്ങനെ പറഞ്ഞത് വാര്‍ത്തയുടെ മെറിറ്റു നോക്കിയായിരുന്നില്ലെന്ന് റിഷിക്കറിയാം. അതയാളോടുള്ള നീരസത്തിന്റെ തുടര്‍ച്ചയാണ്. പുതിയ ആശയങ്ങളോ വാര്‍ത്തകളോ എന്തുമാകട്ടെ, കൊണ്ടുവരുന്നത് റിഷിയാണെങ്കില്‍ അതംഗീകരിക്കാനൊരു മടി ഹരീഷിനിപ്പോള്‍ പതിവാണ്.

ഫോണില്‍ അജ്ഞാതന്‍ മറുപടി കാത്തുനില്‍ക്കുകയാണ്. റിഷി നിലപാട് ഒന്നുകൂടിവ്യക്തമാക്കി.
' ചേട്ടാ നിങ്ങളാരാണെന്നെനിക്കറിയില്ല... പണ്ടത്തെ കാലമല്ലല്ലോ ഇത്. എയ്ഡ്സ് എങ്ങനെയാണു പകരുന്നതെന്നൊക്കെ ജനത്തിനു നല്ല ബോധ്യമുണ്ട്. സ്ത്രീകള്‍ മാത്രം താമസിക്കുന്ന അഗതി മന്ദിരത്തില്‍ അങ്ങനെയൊരു സ്ത്രീ ചെന്നിട്ടുണ്ടെങ്കില്‍ത്തന്നെ ആര്‍ക്കാണ് ഭീഷണി. '

ഫോണിന്റെ മറുതലയ്ക്കല്‍ ഇഷ്ടക്കേട് പരിഹാസച്ചിരിയായി.

'നിങ്ങളെ അവര്‍ മണ്ടനാക്കിയതു വെറുതെയല്ല...'
വീണ്ടും ആത്മാഭിമാനത്തിനു നേരെ ഉറക്കുത്തുമായി മുനയുള്ള വാക്കുകള്‍
'എടോ... പെണ്ണുങ്ങള് മാത്രം താമസിക്കുന്നേടത്തെന്താ എയ്ഡ്‌സ് വരൂലേ? '
ഒരു നിമിഷത്തെ മൗനത്തിനുശേഷം വീണ്ടും ആ ശബ്ദമുയര്‍ന്നു.
'മാധ്യമപ്രവര്‍ത്തകരാണെന്നു പറഞ്ഞാല്‍പ്പോര... കുറെക്കൂടി ഉത്തരവാദിത്വം കാട്ടണം. 'ഫോണ്‍ കട്ടായി.

അയാളുടെ വാചകങ്ങള്‍ ശിരോമടക്കുകളില്‍ തരിപ്പാകുന്നത് റിഷിയറിഞ്ഞു.

പെണ്ണുങ്ങള് മാത്രം താമസിക്കുന്നേടത്തെന്താ എയ്ഡ്‌സ് വരൂലേ?

അല്‍പ്പംമുമ്പ് റിഷി സൂചിപ്പിച്ച വാര്‍ത്തയുമായി ബന്ധപ്പെട്ട ഫോണ്‍കോളായിരുന്നു അതെന്ന് സാജന് മനസ്സിലായി.

'വര്‍ക്കൊണ്ടോ അണ്ണാ ...'
അയാള്‍ എഡിറ്റിംഗ് സിസ്റ്റം ഓഫ് ചെയ്യാന്‍ തയ്യാറായി.

'വെയ്റ്റ് സാജാ. ഞാന്‍ പറയാം '

ബ്യൂറോ ചീഫിനോട് ഒരിക്കല്‍ക്കൂടി അഭിപ്രായം തേടാമെന്നാണ് റിഷി ആദ്യം കരുതിയത്. പിന്നീടു തീരുമാനിച്ചു വനിതാസദനത്തിലേക്ക്
വിളിച്ചിട്ടാകട്ടെയെന്ന്. സദനത്തില്‍ കുറച്ചുമുമ്പ് വിളിച്ചപ്പോള്‍ പ്രകടിപ്പിച്ച അതേ ഈര്‍ഷ്യയില്‍ത്തന്നെയാണ് വാര്‍ഡന്‍ ഇപ്പോഴുമുള്ളതെന്ന് റിഷിക്കു മനസ്സിലായി.

' മാഡം ... ഒരു മുപ്പതുവയസ്സുള്ള സ്ത്രീയും അവരുടെ കുട്ടിയും '

' ഏയ് മിസ്റ്റര്‍ ... നിങ്ങളോട് നേരത്തെ വിളിച്ചപ്പോള്‍ പറഞ്ഞതല്ലേ... അതില്‍ കൂടുതലൊന്നും എനിക്കു പറയാനില്ല. '

അസ്വസ്ഥതയും ആശയക്കുഴപ്പവും അവരുടെ വാക്കുകളില്‍ പ്രകടമായിരുന്നു.

'അവിടേക്കൊന്നു വന്നാല്‍ ... മാഡത്തെ നേരിട്ടുകണ്ട് സംസാരിക്കാനായിരുന്നു. '

'പറഞ്ഞാല്‍ മനസ്സിലാവില്ലേ...  ഇതു സ്ത്രീകളുടെ താമസസ്ഥലമാണ്. പ്രോപ്പര്‍ പെര്‍മിഷനില്ലാതെ ഇവിടെ ആരെയും കടത്തിവിടാനാവില്ല. അതും വിസിറ്റിംഗ് ടൈമിലേ അനുവദിക്കൂ...'

' പക്ഷേ നാളെ രാവിലെ അവിടെ കുറച്ചാളുകള്‍ ബഹളമുണ്ടാക്കാനെത്തുമെന്നു കേട്ടു '

നിമിഷനേരം വാര്‍ഡന്‍ നിശ്ശബ്ദയായി. പിന്നെ സംശയത്തോടെ ചോദിച്ചു
' ആരു പറഞ്ഞു ?'

'എന്നെ വിളിച്ചയാള്‍ തന്നെ. ഞാനത് പോലീസിനെ ഇന്‍ഫോം ചെയ്യാമെന്നു കരുതിയിരിക്കുകയായിരുന്നു. വെറുതെ രാവിലെ അവിടെയൊരു സീനുണ്ടാവേണ്ടല്ലോ. '

മറുതലയ്ക്കല്‍ വീണ്ടും മൗനം. വാര്‍ഡന്‍ ഫോണ്‍ കട്ടാക്കിയതാണോയെന്നു പോലും
റിഷി സംശയിച്ചു.

'ആരാണ് നിങ്ങളെ വിളിച്ചതെന്നറിയാമോ ... ആ ആള്‍ തന്നെയായിരിക്കണം ഇവിടെയും വിളിച്ചത്.'
ക്ഷോഭം വെടിഞ്ഞ് തെല്ലു ശാന്തമായി വാര്‍ഡന്‍ ചോദിച്ചു.

റിഷിയുടെ കാതുകളില്‍ ആ ശബ്ദം റീപ്ലേ ചെയ്തുതുടങ്ങി. പതിഞ്ഞതെങ്കിലും കാര്‍ക്കശ്യം പ്രതിഫലിക്കുന്ന ശബ്ദം. ധാര്‍ഷ്ട്യവും നീരസവും
ഇച്ഛാഭംഗവുമെല്ലാം അതിലുണ്ട്. മധ്യകേരളത്തിന്റെ സ്ലാങ്ങിലുള്ള ഉച്ചാരണം അടിക്കടി ഇടറുന്നുണ്ട്. ഒരു വാചകത്തില്‍ത്തന്നെ പലതവണ വെള്ളി. അതേ... ആ ശബ്ദം മുമ്പു കേട്ടിട്ടുള്ളതാണ്. എവിടെ വച്ചാണത് കേട്ടത്? ഓര്‍മ്മകളെ ഒരാവൃത്തി വട്ടം ചുറ്റിച്ചെങ്കിലും ഫലമുണ്ടായില്ല.

'ആരാണെന്നറിയില്ല ... പേരു വെളിപ്പെടുത്തിയില്ല '

' വെല്‍വിഷറെന്നു പരിചയപ്പെടുത്തിയാ ഇവിടെയും വിളിച്ചത്. ഇംഗ്ലീഷ് പത്രത്തില്‍ നിന്നൊരാളും നിങ്ങളെപ്പോലെ വിളിച്ചിരുന്നു.'

വാര്‍ഡന്‍ കൂടുതല്‍ വശഗയായതോടെ റിഷി നയപരമായി ചോദ്യമാവര്‍ത്തിച്ചു.
' ആരെങ്കിലും പുതുതായി ഇന്നവിടെ വന്നിരുന്നോ?'

'അങ്ങനെ അയാള്‍ പറയുന്നതു പോലെ ... ആരും വന്നിട്ടില്ല. പിന്നെ ... '
അവര്‍ അര്‍ദ്ധോക്തിയില്‍ നിര്‍ത്തി. അതില്‍ പിടിച്ചു കയറാമെന്നു തോന്നിയതോടെ റിഷി സാവധാനം അവരെ തന്റെ വഴിയിലേക്കു കൊണ്ടുവരാന്‍ ശ്രമിച്ചു.

' മാഡം ... ഏതായാലും അവിടെ വരെ ഞാനൊന്നു വന്നോട്ടെ ... മാഡത്തെ നേരിട്ടു കണ്ടിട്ട് മടങ്ങിക്കോളാം '

ഇത്തവണ വാര്‍ഡന്‍ ക്ഷോഭിച്ചില്ല. ആലോചനകള്‍ക്കൊടുവില്‍ അവര്‍ പറഞ്ഞു.
'ഇപ്പോള്‍ വേണ്ട. കാലത്തെ എന്നെയൊന്നു വിളിക്കൂ... ഒരു പത്തു മണിക്ക്. '

(തുടരും)

Content Highlights: Malayalam Novel based on true story part two