22-കര്‍പ്പൂരഗന്ധം

'രു സിനിമപോലെ സംഭവബഹുലമാണ് കാര്യങ്ങള്‍. കാണികളെ പിടിച്ചിരുത്തുന്ന ഓപ്പണിംഗ്. കൃത്യമായ എന്‍ഡിംഗ്. പുതിയൊരു ഡയമന്‍ഷനിലേക്കു നയിക്കുന്ന ഇടവേള. ഉറച്ച ക്ലൈമാക്‌സും അവിചാരിത ട്വിസ്റ്റുകളും '
എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ സതീഷിന്റെ അഭിപ്രായം അതായിരുന്നു. 

ജീനയെക്കുറിച്ചുള്ള വിവരങ്ങള്‍ വള്ളിപുള്ളി വിടാതെ അറിയിക്കുന്ന പതിവനുസരിച്ച് ഉണ്ടായ സംഭവങ്ങളെല്ലാം ഞെട്ടലൊഴിയും മുന്‍പെ റിഷി ഫോണിലൂടെ ആദ്യം വാര്‍ഡനോടും പിന്നാലെ സതീഷിനോടും പറഞ്ഞിരുന്നു. പക്വതയോടെ കാര്യങ്ങള്‍ വിലയിരുത്തുന്ന സതീഷിലായിരുന്നു അയാളുടെ പ്രതീക്ഷ. ഇത്തരം സാഹചര്യങ്ങളില്‍ ചില ചിന്താകിരണങ്ങള്‍ സതീഷ് മുന്നോട്ടുവയ്ക്കും. അത് മിക്കപ്പോഴും പ്രശ്‌നപരിഹാരത്തിനുതകുന്നതും സാന്ത്വനമേകുന്നതുമായിരിക്കും.   

അടുത്തടുത്ത ദിവസങ്ങളിലെ യാത്രകള്‍ റിഷിയെ തളര്‍ത്തിയിരുന്നു. രഘുനാഥന്റെയും കുടുംബത്തിന്റെയും ദുരന്തം മറക്കാനാവാത്ത മുറിവായിരുന്നെങ്കില്‍ കിരണ്‍രാജ് കൊല്ലപ്പെട്ടത് അപ്രതീക്ഷിതമായ നടുക്കമേല്‍പ്പിച്ചുകൊണ്ടാണ്. തിരുനെല്ലായിയിലെ സംഭവങ്ങളെല്ലാം ഫോണില്‍ കേള്‍ക്കുമ്പോള്‍ സതീഷില്‍ നിന്ന് ആച്ഛര്യശബ്ദങ്ങളോ വ്യാക്ഷേപകസൂചകങ്ങളോ പ്രകടമായിരുന്നില്ല. എന്തുതന്നെയായാലും ഒരു വഴിത്തിരിവ് ഇക്കാര്യത്തിലയാള്‍ പ്രതീക്ഷിച്ചിരുന്നെന്നുവേണം കരുതാന്‍. 

സംഭവങ്ങളുടെ നാള്‍വഴികളെ സതീഷ് ഒരു സിനിമയുടെ സ്ട്രക്ചറിനോടു ചേര്‍ത്തുപമിച്ചപ്പോള്‍ റിഷിക്കും ശരിവയ്ക്കാതിരിക്കാനായില്ല. തുടക്കവും ഒടുക്കവും ട്വിസ്റ്റുകളുമെല്ലാം കൃത്യമായി അതിനുണ്ട്. അതു ജീനയുടെയും കിരണിന്റെയും കാര്യത്തില്‍ മാത്രമല്ലെന്നും രഘുനാഥനെന്ന സംവിധായകന്റെ ജീവിതവും ഒരു സിനിമയായിരുന്നെന്നും റിഷിക്കു തോന്നി. എല്ലാ ലക്ഷണവുമൊത്ത ഒരു ബയോപിക്ചര്‍. 

സതീഷിനെപ്പോലെ കാര്യങ്ങള്‍ ഇത്തരത്തില്‍ ദൂരെക്കൂട്ടി കാണാന്‍ റിഷിക്കു കഴിഞ്ഞില്ല. അല്ലെങ്കില്‍ അത്തരത്തില്‍ ചിന്തിക്കാന്‍ അയാളാഗ്രഹിച്ചില്ല. രഘുനാഥന്റെ കാര്യത്തിലായാലും വാര്‍ത്തയുടെ കാര്യത്തിലുള്ള പ്രായശ്ചിത്തമായാലും ദുരന്തങ്ങളൊന്നുമുണ്ടാകരുതേയെന്നുമാത്രമായിരുന്നു റിഷി ആഗ്രഹിച്ചിരുന്നത്.  

മനോനില പൂര്‍ണ്ണമായും വികലമായ ഒരാളെന്ന പരിഗണനയും സഹതാപവും ഇന്നത്തെ അവസ്ഥയില്‍ കിരണിന് നല്‍കണമെന്നും അയാളെ അടിയന്തരചികിത്സകള്‍ക്കു വിധേയനാക്കണമെന്നുമായിരുന്നു റിഷി ഉറച്ചുവിശ്വസിച്ചിരുന്നത്. എന്നാല്‍ കിരണിലെ ഉന്മാദി ചോദിച്ചുവാങ്ങിയ വിധിയായിരുന്നു മരണം. കയ്യും കണക്കുമില്ലാത്ത ക്രൂരതയായിരുന്നു കിരണെങ്കിലും അയാളങ്ങനെ കൊല്ലപ്പെടേണ്ട ആളായിരുന്നില്ലെന്ന് റിഷി ഇപ്പോഴും കരുതുന്നു. പക്ഷേ മരണം അനിവാര്യതയായി മാറി. ജീനയെന്ന സ്ത്രീയുടെ നോവുമാത്രമല്ല,  ചോരച്ചാലായി ഒലിച്ചുപോയ ദുര്‍ഗ്ഗയുടെ കുഞ്ഞുസ്വപ്‌നവും കിരണിനുമേല്‍ ശാപത്തിന്റെ കരിനിഴല്‍ വീഴ്ത്തിയിരുന്നു.  

കിരണ്‍രാജ് കൊല്ലപ്പെട്ട കേസിലെ നടപടിക്രമങ്ങളുടെ ചെറിയൊരു കാലതാമസത്തിനുശേഷം പോലീസുതന്നെ ജീനയെയും കുഞ്ഞിനെയും തിരിച്ച് വനിതാസദനത്തിലെത്തിച്ചു. എന്നുതന്നെയല്ല, വാര്‍ഡന്റെ നിരന്തരശ്രമത്തിലൂടെ ഗോണിക്കൊപ്പലില്‍ നിന്ന് സാമുവലിനെ ലൈനില്‍ കിട്ടുകയും ചെയ്തു. അവര്‍ സംശയിച്ചിരുന്നതുപോലെ ഈ ദിവസങ്ങളില്‍ പള്ളിയുടെ ആഘോഷപരിപാടികളില്‍ മുഴുകിയിരിക്കുകയായിരുന്നു സാമുവല്‍. നടന്നതെന്തെല്ലാമെന്ന് ഏകദേശധാരണ വാര്‍ഡന്‍ അയാള്‍ക്കു കൊടുത്തു.  അതോടെ പിറ്റേദിവസം തന്നെ സാമുവല്‍ ധൃതിപിടിച്ച് വനിതാസദനത്തിലെത്തി. വാര്‍ഡന്‍ അക്കാര്യം വിളിച്ചറിയിച്ചിരുന്നെങ്കിലും ഇത്തവണ റിഷി വനിതാസദനത്തിലേക്കു പോയില്ല. 

വര്‍ഷങ്ങള്‍ക്കു ശേഷമുള്ള സാമുവലിന്റെയും ജീനയുടെയും കൂടിക്കാഴ്ച ഹൃദയഭേദകമായിരുന്നു. അപ്പച്ചനും മകളും കെട്ടിപ്പിടിച്ചു കരഞ്ഞു. പരസ്പരമുള്ള സ്‌നേഹപ്രകടനത്തിനിടയില്‍ അവര്‍ പരിസരം മറന്നു. ഗൗരവക്കാരിയെന്ന ബാഹ്യരൂപം തകര്‍ത്ത് രണ്ടുതുള്ളി കണ്ണുനീര്‍ വാര്‍ഡന്റെ കണ്ണുകളിലുരുണ്ടുകൂടി. 

ചെറിയൊരു ചടങ്ങുനടത്തിയാണ് വനിതാ സദനം പ്രവര്‍ത്തകര്‍ ജീനയ്ക്ക് യാത്രയയപ്പുനല്‍കിയത്. അതില്‍ സദനം സെക്രട്ടറിയും പങ്കെടുത്തിരുന്നു. ജീനയുടെ കാര്യത്തില്‍ വാര്‍ഡന്‍ പ്രത്യേക ശ്രദ്ധാലുവായിരുന്നെന്ന് സെക്രട്ടറി പ്രസംഗത്തിനിടയില്‍ പറഞ്ഞു. എന്നാല്‍ വാര്‍ഡന്‍ തനിക്കു സംസാരിക്കാന്‍ കിട്ടിയ അവസരം റിഷിയെക്കുറിച്ചു സൂചിപ്പിക്കാനാണുപയോഗിച്ചത്. റിഷിയെന്ന പത്രപ്രവര്‍ത്തകനില്ലായിരുന്നെങ്കില്‍ ഈ പുനസ്സമാഗമം സാധ്യമല്ലായിരുന്നെന്ന് അവര്‍ തീര്‍ത്തുപറഞ്ഞു.

പിന്നീട് യാത്രയയപ്പിനെക്കുറിച്ച് റിഷിയോടു ഫോണില്‍ സംസാരിക്കുമ്പോള്‍ വാര്‍ഡന്‍ പറഞ്ഞു
' റിഷി കൂടി വേണമായിരുന്നു. മടങ്ങുമ്പോള്‍ റിഷിയെ കാണാത്തതില്‍ രണ്ടുപേരും നല്ല നിരാശയിലായിരുന്നു '

' എല്ലാം നന്നായി കലാശിച്ചല്ലോ... അത്രയും മതി മാഡം. ഞാനതേ പ്രതീക്ഷിച്ചുള്ളൂ '

വാര്‍ഡന്റെ ഫോണ്‍സംഭാഷണം അവസാനിച്ചപ്പോള്‍ റിഷി ദീര്‍ഘമായി ആശ്വസിച്ചു. ഒരു കുറ്റബോധം ഒഴിഞ്ഞുമാറുന്നു. വാര്‍ത്തയുടെ അനന്തരഫലത്തെപ്പറ്റിയൊക്കെ നല്ല ബോധ്യമുണ്ടെന്നു പറയുമ്പോഴും അതെത്രമാത്രം തീവ്രമാണെന്ന് ബോധ്യപ്പെടാന്‍ ഇത്തരത്തിലൊരനുഭവം വേണ്ടിവന്നെന്ന് അയാളോര്‍ത്തു. ഏതായാലും പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് ചെയ്യാന്‍ കഴിയുന്ന പരിഹാരത്തിലേക്കതിനെ എത്തിച്ചിരിക്കുന്നു. 

സാമുവല്‍ സദനത്തില്‍നിന്ന് ജീനയെ കൂട്ടിക്കൊണ്ടുപോയത് ഗോണിക്കൊപ്പലിലേക്കാവണമെന്നില്ല. അതു മണിക്കടവിലേക്കു തന്നെയാവാം. സാമുവലെന്ന മുന്‍ വില്ലേജ് ഓഫീസറെ ആളുകള്‍ വീണ്ടും അംഗീകരിക്കാന്‍ തയ്യാറായേക്കാം.  സാമുവലിന് ക്ഷമിക്കാനായെങ്കില്‍ അയാളുടെ മകളോട് നാട്ടുകാര്‍ക്കും അതിനു കഴിയും. രണ്ടുപേര്‍ക്കും മണിക്കടവില്‍ പുതിയൊരു ജീവിതം തുടങ്ങാം.  ജീനയ്ക്കുമുന്നില്‍ അവസരങ്ങളുടെ ലോകം അടഞ്ഞിട്ടൊന്നുമില്ല. ഇന്നല്ലെങ്കില്‍ നാളെ സാമുവല്‍ ഇച്ഛിച്ചതുപോലൊരു സിറിയന്‍ കാത്തലിക് ചെറുപ്പക്കാരന്‍ തന്നെ അവളെ കെട്ടാനും സാധ്യതയുണ്ട്.  ഒരു കുഞ്ഞിന്റെ ബാധ്യത ചിലപ്പോള്‍ അവളുടെ മുന്നിലേക്കത്തിക്കുന്നത് ഒരു രണ്ടാംകെട്ടുകാരനെ ആയിരിക്കാമെന്നുമാത്രം. ഏതായാലും ഒരു ദുരന്തമുഖത്തിന്റെ വക്കില്‍ അങ്ങോട്ട്് അല്ലെങ്കില്‍ ഇങ്ങോട്ട് എന്ന മട്ടില്‍ നില്‍ക്കുകയായിരുന്ന ജീനയുടെ മുന്നില്‍ കാലം കാത്തുവച്ചിരിക്കുന്നത് ശുഭോദര്‍ക്കമായ പ്രതീക്ഷകളാണ്.  

ദുര്‍ഗ്ഗ അറസ്റ്റിലാണ്. എന്നു കരുതി കേസിന്റെ കാര്യത്തില്‍ അവളുടെ നില പരുങ്ങലിലാണെന്ന് റിഷി കരുതുന്നില്ല. അതിന് രണ്ടുണ്ട് കാരണങ്ങള്‍. കോടതിയിലെത്തുമ്പോള്‍ കേസുതന്നെ നിലനില്‍ക്കാന്‍ സാധ്യതയില്ല എന്നതാണ് ഒന്നാമത്തേത്. കിരണ്‍രാജിനെ കൊല്ലുകയെന്ന ഉദ്ദേശ്യത്തോടെ സംഭവിച്ചതല്ല അതെന്ന് വക്കീല്‍ സ്ഥാപിക്കും. ഒരു സ്ത്രീയെ കിരണ്‍ അപായപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ അവളെ രക്ഷിക്കാനും അയാളെ പിന്തിരിപ്പിക്കാനുമാണ് ദുര്‍ഗ്ഗ ശ്രമിച്ചത്. അതിനിടയില്‍ വെങ്കലഫലകം അബദ്ധത്തില്‍ തലയില്‍ കൊള്ളുകയായിരുന്നുവെന്ന് സമര്‍ത്ഥിക്കുന്നതോടെ കൊലപാതകക്കുറ്റത്തിന്റെ ഗതി മാറും. ബോധപൂര്‍വ്വമല്ലാത്ത കൃത്യമെന്ന ദൃഢപ്പെടുത്തല്‍ ദുര്‍ഗ്ഗയെ സഹായിക്കുമെന്നുറപ്പ്.  
   
ദുര്‍ഗ്ഗയെ കുറ്റവാളിയാക്കാനാണെങ്കില്‍ അതിനുവേണ്ടി ഇറങ്ങിത്തിരിക്കാന്‍ ആളുണ്ടാവണം. കിരണിനെ ബോധപൂര്‍വ്വം തലയ്ക്കടിച്ചു കൊന്നതാണെന്ന് ബോധ്യപ്പെടുത്തണം. അതിന് ഒരൊന്നാന്തരം ക്രിമിനല്‍ വക്കീലിനെ വയ്‌ക്കേണ്ടിവരും. അതു ചെയ്യാന്‍ മുന്നിട്ടിറങ്ങേണ്ടയാള്‍ സ്വാമി വൈദ്യരാണ്. എന്നാലിവിടെ സ്വാമി വൈദ്യര്‍ ദുര്‍ഗ്ഗയ്‌ക്കൊപ്പമാണ്. ദുര്‍ഗ്ഗയ്ക്കുവേണ്ടി മിടുക്കനായ വക്കീലിനെ സ്വാമിവൈദ്യര്‍ നിയോഗിച്ചുകഴിഞ്ഞു. അതാണ് രണ്ടാമത്തെ അനുകൂലഘടകം. പ്രോസിക്യൂഷനാണ് പിന്നീട് കേസ് നടത്തേണ്ടത്. ആര്‍ക്കും ആവശ്യമില്ലാത്തൊരു കേസില്‍ പ്രോസിക്യൂഷനെന്തു താല്‍പ്പര്യം. പ്രോസിക്യൂഷന്‍ വാദം ദുര്‍ബ്ബലമാകുന്നതോടെ ദുര്‍ഗ്ഗ സുരക്ഷിതയാവും. 

അത്തരമൊരു സന്നിഗ്ദ്ധഘട്ടമുണ്ടാക്കിയതും കിരണിനുവേണ്ടി മരണവക്ത്രമൊരുക്കിയതും അവിടേക്ക് ദുര്‍ഗ്ഗയെ നിയോഗിച്ചതും വിധിയാണ്. ഉഗ്രമൂര്‍ത്തിയായി ദുര്‍ഗ്ഗ അവതരിച്ചില്ലായിരുന്നെങ്കില്‍... 
അതെപ്പറ്റി ആലോചിക്കാന്‍ പോലും റിഷിക്കു കഴിയുമായിരുന്നില്ല. 
ആവശ്യങ്ങള്‍ക്കൊത്ത് മൂര്‍ത്തീഭേദങ്ങള്‍ വരുന്ന ദേവിയാണ് ദുര്‍ഗ്ഗ. സപ്തമാതാവും സപ്തകന്യകയുമാവുന്ന ദേവി. അമ്മയും മകളും സഹോദരിയുമൊക്കെയായി നിയോഗിക്കപ്പെടുമ്പോള്‍ ചുമതലയില്‍നിന്നൊഴിഞ്ഞുനില്‍ക്കാന്‍ ദുര്‍ഗ്ഗയ്ക്കാവില്ലല്ലോ. 

വരാന്തയിലേക്കു തുറക്കുന്ന മുറിയില്‍ മടക്കുകസാല നിവര്‍ത്തിയിട്ട് റിഷി നീണ്ടുനിവര്‍ന്നുകിടന്നു. എഴുത്തിനുള്ള അയാളുടെ ഏറ്റവും സ്വസ്ഥമായ ഇരിപ്പിടവും അവിടെത്തന്നെയാണ്. മടക്കുകസാലയില്‍ ആലോചിച്ചങ്ങനെ കിടക്കുന്നത് എഴുത്തിലേക്കുള്ള ധ്യാനമുഹൂര്‍ത്തമാണ്. അച്ഛന്‍ പതിവാക്കിയിരുന്ന ചാരുകസാലയാണത്. അതില്‍ വിശ്രമിച്ചിരുന്ന അച്ഛന്റെ ശരീരത്തില്‍ കുട്ടിക്കാലത്ത് വൈകുന്നേരങ്ങളില്‍ റിഷി കയറിക്കിടക്കാറുണ്ടായിരുന്നു. തന്റെ നെഞ്ചോടു ചേര്‍ന്നുകിടക്കുന്ന റിഷിയുടെ ശിരസ്സില്‍ അച്ഛന്‍ മെല്ലെ തലോടും. കൈവിരലുകളുടെ പ്രത്യേക ലാളനക്രമത്തില്‍ അച്ഛന്‍ തലമുടിയിഴകള്‍ കോതിയൊതുക്കുമ്പോള്‍ ചെറിയൊരു ഇളം കാറ്റു കൂടി വീശുന്നുണ്ടെങ്കില്‍ മയക്കം വന്നുതുടങ്ങുമെന്നു തീര്‍ച്ച. 

മേശമേല്‍ ലാപ്‌ടോപ്പ് തുറന്നുവച്ച നിലയിലാണ്. ദിവസങ്ങള്‍ക്കു മുമ്പ് തിരക്കഥ പോളിഷ് ചെയ്യുന്നതിനിടയിലാണ് അതവസാനമായി ഉപയോഗിച്ചത്. തിരക്കഥയുടെ അനിശ്ചിതാവസ്ഥയെക്കുറിച്ചോര്‍ത്തപ്പോള്‍ റിഷിക്കു നിരാശതോന്നി. രഘുനാഥനുവേണ്ടി എഴുതിയ തിരക്കഥ. അയാളുടെ സംവിധാനപരിചയത്തിന്റെയും ദൃശ്യബോധത്തിലൂന്നിയ ചിന്തകളുടെയും സഹായത്തില്‍ വികസിച്ചതാണത്. അയാളില്ലാതെ ആ കഥ മുന്നോട്ടു കൊണ്ടുപോകാന്‍ തനിക്കെങ്ങനെ കഴിയുമെന്ന് റിഷി സംശയിച്ചു.  

ആ സ്‌ക്രിപ്റ്റ് മറ്റേതെങ്കിലും സംവിധായകനെ ഏല്‍പ്പിക്കാന്‍ രഘുനാഥന്‍ നിര്‍ബന്ധിച്ചത് ഇപ്പോഴും റിഷിയുടെ കാതിലുണ്ട്. ഒരു പക്ഷേ അതു പറഞ്ഞപ്പോള്‍ത്തന്നെ സ്വന്തം വിധി അയാള്‍ നിശ്ചയിച്ചിട്ടുണ്ടാവണം.

റിഷിയുടെ കണ്ണുകള്‍ തനിയെ അടഞ്ഞു. ആലസ്യം തുള്ളിമരുന്നുപോലെ കണ്ണുകളില്‍ പടരുന്നു. അതിനിടയിലെപ്പൊഴോ തന്റെ തലമുടി അച്ഛന്‍ പിന്നിലേക്കു കൊതിയൊതുക്കുന്നതായി റിഷിക്കു തോന്നി. കോളിംഗ്ബല്‍ ശബ്ദം കേട്ടാണ് റിഷി ഉണര്‍ന്നത്. സതീഷും ശിവാനിയും വന്നിരിക്കുന്നു. 

റിഷി ലിവിംഗ് റൂമിലേക്കെത്തിയപ്പോള്‍ ശിവാനി തമാശയായി ചോദിച്ചു. 
' മാഷിന്റെ പള്ളിയുറക്കത്തിനു തടസ്സമായോ ? '

അയാളവളുടെ തലയ്‌ക്കൊരു കിഴുക്കു വച്ചുകൊടുത്തു. പതിവുപോലെ ശിവാനി അകത്തേക്ക്, അമ്മയുടെ അടുത്തേക്ക് പോയി. 

'എന്താ റിഷിയുടെ അടുത്ത പരിപാടി ?'

സതീഷതു ചോദിച്ചപ്പോള്‍ റിഷിക്കു മുന്നിലുണ്ടായിരുന്നത് ശൂന്യതയായിരുന്നു. അക്കാര്യം ചിന്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നെന്നോര്‍ത്ത് അവന്‍ വെറുതെയൊന്നു ചിരിച്ചു. 

സതീഷ് തെല്ലൊരാലോചനയാടെ പറഞ്ഞു. 
'ഇതൊക്കെയാണ് റിഷീ ജീവിതം. നമ്മള്‍ ഉദ്ദേശിക്കുന്ന കരയില്‍ വഞ്ചിയടുത്തെന്നുവരില്ല. അപ്പോള്‍പ്പിന്നെ കാറ്റിനനുസരിച്ച് കുറെയൊക്കെ തുഴയേണ്ടതായിവരും'

'വേണം സാര്‍... എന്തെങ്കിലും ചെയ്യണം'

'എന്തെങ്കിലും ചെയ്യണമെന്നു പറഞ്ഞാല്‍ ... വീണ്ടും പത്രപ്രവര്‍ത്തനമോ?  അതോ സിനിമയോ ?  എന്തു കാര്യത്തിനായാലും ഇനി വൈകരുത്. ഇതിനകം തന്നെ നിരവധി പ്രശ്‌നങ്ങള്‍ റിഷി തലയിലേറ്റിക്കഴിഞ്ഞു. അതെല്ലാം ഇപ്പോള്‍ അവസാനിച്ചിരിക്കുകയാണ് '
ഒന്നുനിര്‍ത്തി സതീഷ് ചോദിച്ചു.
' രഘുനാഥനു പകരം മറ്റൊരാളെ കണ്ടെത്താന്‍ റിഷിക്കു കഴിയില്ലേ ? '

' ശ്രമിക്കാം സാര്‍. പക്ഷേ എനിക്കെന്തോ മനസ്സനുവദിക്കുന്നില്ല. രഘുവേട്ടന്‍ പലവട്ടം മനസ്സില്‍ ഷൂട്ടുചെയ്ത സിനിമയാണ് '

' രഘുനാഥന്‍ തന്നെ റിഷിയോടു പറഞ്ഞിട്ടില്ലേ... സിനിമയില്‍ സെന്റിമെന്റ്‌സിനു സ്ഥാനമില്ലെന്ന്. അതുതന്നെയാണ് എനിക്കും പറയാനുള്ളത്. സെന്റിമെന്റ്‌സൊക്കെയാവാം;  പക്ഷേയത് പ്രായോഗികത നോക്കിവേണം. ആ പടത്തിന് നാലഞ്ചു കോടിയെങ്കിലും ചെലവു വരുമെന്നല്ലേ പറഞ്ഞത്. അതിനു തയ്യാറുള്ള ഒരാളെ പെട്ടെന്നു കണ്ടുപിടിക്കാനാവുമോ?  അല്ലെങ്കില്‍ പ്രൊഡ്യൂസര്‍  കയ്യിലുള്ള ഏതെങ്കിലും സംവിധായകനെ കിട്ടുമോ ? '

ഉറപ്പില്ലാത്ത മട്ടില്‍ തലയാട്ടിയതല്ലാതെ റിഷി ഒന്നും പറഞ്ഞില്ല. 

'അപ്പോള്‍പ്പിന്നെ അനിശ്ചിതമായി കാത്തിരിക്കുന്നതിലെന്താണര്‍ത്ഥം ? '

സതീഷെന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലാകാതെ റിഷി മുഖമുയര്‍ത്തി.

' റിഷിക്ക് പെട്ടെന്നൊരു ചെറിയ സിനിമയെപ്പറ്റി ആലോചിച്ചുകൂടെ. പിന്നീട് സൗകര്യങ്ങള്‍ ഒത്തുവരുന്ന മുറയ്ക്ക് നമുക്ക് ഈ സിനിമ ചെയ്യാം '

ഈ സമയം ശിവാനി അവിടേക്കുവന്ന് റിഷിയുടെ സമീപം സോഫയിലിരുന്ന് ആ സംഭാഷണം ശ്രദ്ധിച്ചു. സതീഷ് തുടര്‍ന്നു. 
'ഒരു ലോ ബജറ്റ് പടം. ഒരൊന്നര ... മാക്‌സിമം രണ്ടുകോടിയില്‍ ഒതുങ്ങുന്നത്. അത്തരത്തിലൊരെണ്ണം നോക്കണം ' 

' സാര്‍ പറഞ്ഞതു ശരിയാണ്. അതിനിനി പുതിയൊരു കഥ ആലോചിക്കണം. ചെലവു കുറഞ്ഞ പടമെന്നു പറയുമ്പോള്‍... അങ്ങനെ ചിന്തിക്കുന്ന ഒരു സംവിധായകന്‍ വേണം. എല്ലാത്തിനുമുപരി അത്തരത്തില്‍ പടമെടുക്കാന്‍ ഒരു പ്രൊഡ്യൂസറും വേണം  '

അമ്മ കൊണ്ടുവന്ന ചായ ശിവാനി അവര്‍ക്ക് പകര്‍ന്നുകൊടുത്തു. ചായ കുടിക്കുന്നതിനിടയില്‍ റിഷിയുടെ മറുപടിയിലേക്ക് സാവധാനം ചുഴിഞ്ഞിറങ്ങാനുള്ള ശ്രമത്തിലായിരുന്നു സതീഷ്.  

' നല്ല അനുഭവങ്ങളല്ലേ റിഷീ നല്ല കഥകളാകുന്നത്. ഫാന്റസിയും മിത്തും നോണ്‍സെന്‍സുമൊക്കെ തീമുകളായി പടങ്ങളിറങ്ങാറുണ്ട്. പക്ഷേ അവ സസ്റ്റെയിന്‍ ചെയ്യണമെങ്കില്‍ യഥാര്‍ത്ഥ ജീവിതത്തോട് ഏതെങ്കിലും തരത്തില്‍ കണക്ടു ചെയ്യാന്‍ കഴിയണം. നല്ല ചെറിയ കാമ്പുള്ള സിനിമ വേണം. അത്തരത്തിലൊന്ന് ഇപ്പോള്‍ത്തന്നെ റിഷിയുടെ കയ്യിലുണ്ട് '

സതീഷിന്റെ പ്രസ്താവന തീര്‍ത്ത കൗതുകത്തില്‍ റിഷിയുടെ കണ്ണുകള്‍ വിടര്‍ന്നു. 

' ചെയ്തുപോയ വാര്‍ത്ത ഒരു മാധ്യമപ്രവര്‍ത്തകനെ വേട്ടയാടുന്നു... പിന്നെ ജീന , സാമുവല്‍ , കിരണ്‍രാജ് , സ്വാമിവൈദ്യര്‍, ദുര്‍ഗ്ഗ... എഴുതാന്‍ ഇതിലും വലിയൊരു ജീവിതം വേണോ '

അമ്പരപ്പോടെ റിഷി എഴുനേറ്റു. അടുത്ത നിമിഷം ശിവാനി അയാളുടെ ചുമലില്‍ പിടിച്ച് വീണ്ടും സോഫയിലേക്കിരുത്തി. 

'' യെസ് ... ഈ സിനിമ റിഷി എഴുതണം. ലോ ബജറ്റില്‍ ചെയ്യുന്നതെങ്ങനെയെന്നാലോചിക്കണം. അതിന് വേണ്ടിവന്നാല്‍ ആളുകളെയും സ്ഥലങ്ങളെയുമെല്ലാം മാറ്റിമറിച്ചോളൂ. ഐ ആം ഷുവര്‍. റിഷിക്കതു നന്നായി ചെയ്യാനാവും. '

' പക്ഷേ സാര്‍... ആ വഴിക്കൊന്നും ഞാനതേപ്പറ്റി ചിന്തിച്ചിട്ടില്ല '

' ഇനി ചിന്തിക്കണം. സിനിമാക്കാരനാകാന്‍ ഇറങ്ങിത്തിരിച്ചയാളാണ് റിഷി. പിറകോട്ടു മാറരുത്. പിന്നെ ... പ്രൊഡ്യൂസറുടെ കാര്യം. അതെനിക്കു വിട്ടേക്കൂ '

റിഷിക്കു വീണ്ടും അതിശയങ്ങള്‍ സമ്മാനിക്കുകയായിരുന്നു സതീഷ്. ഇരുവരെയും മാറിമാറി നോക്കിയ ശിവാനിയുടെ കണ്ണുകള്‍ റിഷിയുടെ മുഖത്തുറച്ചു.  അവളുടെ മുഖത്തൊരു കള്ളച്ചിരി വിടര്‍ന്നു.

' ഞാനും എന്റെ ക്ലാസ് മേറ്റും ... അവനിപ്പോ അമേരിക്കയിലാണ്. ഞങ്ങളാണ് പ്രൊഡ്യൂസര്‍മാര്‍. എന്താ പോരേ? '

എന്തു പറയണമെന്നറിയാത്ത സ്ഥിതിയിലായി റിഷി. സതീഷ് വീണ്ടും തന്റെ നിലപാടിലേക്കു കടന്നു.

'റിഷിയോടു ഞാന്‍ പറഞ്ഞിട്ടില്ലേ... ഒരു കാലത്ത് സിനിമ നിര്‍മ്മിക്കാനൊക്കെ ആഗ്രഹിച്ചുനടന്നയാളാണ് ഞാനും. അന്നതു നടന്നില്ല. പിന്നെ... എല്ലാത്തിനും ഒരു സമയമുണ്ടല്ലോ '

റിഷിക്കപ്പോഴും അവിശ്വസനീയത ഒഴിഞ്ഞില്ല. അവന്‍ സതീഷിനെയും ശിവാനിയെയും നോക്കി. പിന്നെ സംശയത്തോടെ പറഞ്ഞു. 

' അല്ല സാര്‍ ... ഇങ്ങനെയൊരു കഥ ഏതെങ്കിലും ഡയറക്ടറെ കേള്‍പ്പിച്ച് അയാള്‍ക്കു കൂടി ബോധ്യം വരണ്ടേ ? '

' വേണ്ട '

റിഷി സംശയിച്ചു. 

' റിഷിക്ക് മാത്രം ബോധ്യം വന്നാല്‍ മതി. ഈ പടം എഴുതുന്നതും സംവിധാനം ചെയ്യുന്നതും റിഷി തന്നെയാണ് '

വിശ്വസം വരാത്തതുപോലെ റിഷി ചിരിച്ചു. അവനെ വിലക്കിക്കൊണ്ട് ശിവാനി ചെറിയൊരു ഭാവാഭിനയത്തോടെ പറഞ്ഞു.
' ചിരിക്കണ്ട മാഷേ... കഥ, തിരക്കഥ, സംഭാഷണം, സംവിധാനം റിഷി. അതു തന്നെ സംഭവം.'

' റിഷീ... ഈ കഥ തന്റെ അനുഭവമാണ്. ഓരോ ഫ്രയിമും തന്റെ മനസ്സിലുണ്ട്. അതില്‍ അല്‍പ്പം സിനിമാറ്റിക് ഇന്‍ഗ്രേഡിയന്‍സ് കൂടി ചേരണം. മറ്റൊരു സംവിധായകന്‍ കണ്‍സീവ് ചെയ്യുന്നതിനെക്കാള്‍ ആഴത്തില്‍ റിഷിക്കതിനു കഴിയും. നല്ലൊരു അസോസിയേറ്റിനെ കൂടി കൂട്ടണമെന്നേയുള്ളൂ ' 

ഒരു മറുപടി പറയാന്‍ കഴിയാത്ത വിധത്തില്‍ റിഷി ആശയക്കുഴപ്പത്തില്‍പ്പെട്ടു. എന്നാല്‍ അതിനകം തന്നെ സതീഷ് ലാപ്‌ടോപ്പിന്റെ ബാഗു തുറന്നിരുന്നു. അയാളതില്‍ നിന്നൊരു ചെക്കെടുത്ത് റിഷിക്കു നീട്ടി.

' ഇനിഷ്യല്‍ എക്‌സ്‌പെന്‍സിനുള്ള തുക. റിഷിക്കൊരു അഡ്വാന്‍സും ഇതിലുണ്ട്. '

ഒരു സിനിമയില്‍ യാദൃശ്ചികമായി വന്നുചേരുന്ന വഴിത്തിരിവുപോലെയായിരുന്നു റിഷിക്കതെല്ലാം. അയാള്‍ എന്തുചെയ്യണമെന്നറിയാതെ നിന്നു. 

' വൈകണ്ട. ജോലി തുടങ്ങിക്കോളൂ'
സതീഷ് ധൈര്യം പകര്‍ന്നു. 

കര്‍പ്പൂരഗന്ധം വഴിയുന്ന മുടിയിഴകള്‍ മാടിയൊതുക്കുന്നതിനിടെ ശിവാനി കണ്ണുകള്‍ കൊണ്ടയാളോട് ചെക്കുവാങ്ങാന്‍ ആവശ്യപ്പെട്ടു. ആ നീണ്ട കണ്ണുകളില്‍ സ്‌നേഹം ചിരിച്ചുനില്‍ക്കുന്നത് റിഷി കണ്ടു. 

(അവസാനിക്കുന്നില്ല)

മുന്‍ ഭാഗങ്ങള്‍ വായിക്കാം

Content Highlights: Malayalam Novel based on true story part twenty two