21-ക്ലൈമാക്‌സ് സീന്‍

തിരുനെല്ലായിയിലെത്തുമ്പോള്‍ സമയം രാവിലെ പത്തുമണി. ദുര്‍ഗ്ഗയുടെ കോള്‍ വന്നതിനു പിന്നാലെ റിഷി രാത്രിയില്‍ത്തന്നെ യാത്ര തിരിച്ചതാണ്. തിരക്കിനിടയില്‍ വനിതാസദനത്തിലേക്കു വിളിച്ച് വാര്‍ഡനോടു കാര്യം പറഞ്ഞിരുന്നില്ല. മൂന്നുമരണങ്ങള്‍ മനസ്സിനും ശരീരത്തിനുമേല്‍പ്പിച്ച കടുത്ത ക്ഷതത്തെ അവഗണിച്ച് യാത്ര നിശ്ചയിക്കുകയായിരുന്നു. നിഴല്‍പോലെ പിടിതരാതെ അകലുന്നതായി ആശങ്കപ്പെട്ടിരുന്ന ജീന എവിടെയുണ്ടെന്നറിഞ്ഞതോടെ അയാള്‍ ക്ഷീണമെല്ലാം മറന്നു. മറ്റു പലയിടത്തും അവളുടെ സാന്നിധ്യം സംശയിച്ചിരുന്നെങ്കിലും ഒരിക്കലും സ്വാമിമഠത്തില്‍ പ്രതീക്ഷിച്ചിരുന്നില്ല. വൈകുന്ന ഓരോ നിമിഷവും അപകടമാണെന്നുറപ്പുള്ളതുകൊണ്ട് രാത്രിതന്നെ റിഷി ട്രയിന്‍ കയറി. ജനറല്‍ കംപാര്‍ട്ട്‌മെന്റിലേക്കുള്ള ടിക്കറ്റാണെടുത്തത്. പ്ലാറ്റ്‌ഫോമില്‍ വച്ചു തന്നെ ടി.ടി.ഇയെ കണ്ടെത്തി. പത്രപ്രവര്‍ത്തകന്റെ ലേബല്‍ ഉപയോഗിച്ച് ഒരു സെക്കന്റ് ക്ലാസ് സീറ്റു തരപ്പെടുത്തി നേരെ ഷൊര്‍ണ്ണൂരിനു തിരിച്ചു. അവിടെ നിന്ന് ആദ്യത്തെ ബസ്സില്‍ത്തന്നെ തിരുനെല്ലായിയിലേക്ക്.  

സ്വാമി വൈദ്യര്‍ പൂജാമുറിയില്‍ നിന്ന് പുറത്തിറങ്ങിയിരുന്നില്ല. വിശേഷാല്‍ പൂജകളുള്ള ദിവസം കൂടിയാണത്. കാത്തിരിക്കാനാണെങ്കില്‍ നന്നായി വൈകും. ദുര്‍ഗ്ഗ തിരക്കു പിടിച്ച് റിഷിയുടെ അടുത്തെത്തി. കൂടുതലൊന്നും വിവരിക്കാന്‍ നില്‍ക്കാതെ കൊരുത്തുകെട്ടിയ താക്കോല്‍ക്കൂട്ടത്തില്‍നിന്നൊരെണ്ണം അവള്‍ റിഷിക്കുനേരെ നീട്ടി. 

'വൈദ്യരിടത്തിനിപ്പോ പലതാ ചാവി. അന്തിക്കവിടെ വെട്ടം കണ്ടപ്പോഴാ ആളുണ്ടെന്നു മനസ്സിലായത്. ആ പെണ്‍കുട്ടിയും അതിന്റെ കുഞ്ഞും അവിടെയുണ്ട്. എന്തിനാണ് ഇവിടെ കൊണ്ടുവന്നിരിക്കുന്നതെന്നറിയില്ല. ആരുമറിയാതെ തല്‍ക്കാലത്തേക്ക് ഒളിച്ചു കഴിയുകയായിരിക്കുമെന്നാണ് സ്വാമിവൈദ്യര്‍ പറയുന്നത്. '

'സ്വാമിവൈദ്യര്‍ വൈദ്യരിടത്തേക്കു പോയില്ലേ...'

ദുര്‍ഗ്ഗ ശബ്ദമില്ലാതെ ചിരിച്ചു. സ്വാമിവൈദ്യരെക്കുറിച്ച് ഒന്നുമറിയാത്തയാളാണ് റിഷിയെന്ന സഹതാപം ആ ചിരിയിലുണ്ടായിരുന്നു. അതിനര്‍ത്ഥം സ്വാമിവൈദ്യരുടെ ശബ്ദകോശത്തിലെങ്ങും കിരണെന്നൊരു പദം ഇല്ലെന്നു തന്നെയാണ്. 

ദുര്‍ഗ്ഗ നല്‍കിയ ചാവിയുമായി റിഷി വൈദ്യരിടത്തിലേക്കു നീങ്ങി. മുമ്പുകണ്ട വൈദ്യരിടമല്ല ഇന്നതയാള്‍ക്ക്. ദുരൂഹത തലങ്ങും വിലങ്ങും മാറാല കെട്ടിയിരിക്കുന്നു. ഗൂഢമായൊരു അപകടം അവിടെയുള്ളതായി റിഷിക്കുതോന്നി. ദുര്‍ഗ്ഗ അയാളെയേല്‍പ്പിച്ചത് മുന്‍വാതിലിന്റെ ചാവിയാണ്. വാതില്‍ തുറക്കുന്നതിനുമുമ്പ് അല്‍പ്പസമയം അയാള്‍ നിശ്ശബ്ദനായിനിന്നു. അകത്ത് ആരുമുള്ള ലക്ഷണമില്ല.  കാറ്റില്‍ മട്ടിപ്പാലയുടെയും കൂവളത്തിന്റെയും നെന്‍മേനിവാകയുടെയും ഇലകള്‍ ചൂളം കുത്തുന്നതും കരിമുണ്ടന്‍കാക്കകളുടെ കരച്ചിലുമൊഴിച്ചാല്‍ വൈദ്യരിടത്തിന്റെ നാലുപാടും നിശ്ശബ്ദം. 

മെല്ലെ വാതില്‍ തുറന്ന് അയാളകത്തുകയറി. ആദ്യമവിടെ വന്നപ്പോള്‍ കണ്ട കാഴ്ചകളെല്ലാം അതേപടിയുണ്ടെങ്കിലും ജാലകങ്ങള്‍ അടച്ചിരുന്നതുകൊണ്ട് അവയൊന്നും വ്യക്തമായിരുന്നില്ല. പ്രധാനമായും മൂന്നുമുറികളായിരുന്നു അയാളുടെ മനസ്സിലുണ്ടായിരുന്നത്. അവിടെയെങ്ങും ആളനക്കമില്ല. അയാള്‍ അകത്തെ മുറികളിലേക്കു സാവധാനം നടന്നുതുടങ്ങി. 

ആ കെട്ടിടം എത്രത്തോളം വിശാലമായിരുന്നെന്ന് അപ്പോഴാണ് റിഷിക്കു ബോധ്യപ്പെട്ടത്. അയാളുടെ വരവറിയിച്ച് മച്ചിലിരുന്ന ചുണ്ടെലികള്‍ എങ്ങോട്ടൊക്കെയോ ചീറിപ്പാഞ്ഞു. ചാരിയടച്ചിരുന്ന വാതിലുകള്‍ ചിലതു തുറന്ന് അകത്തേക്കു കയറിയപ്പോള്‍ പലയിടങ്ങളിലായി കണ്ട ജാലകങ്ങളുടെയും വാതിലുകളുടെയും സാന്നിധ്യം മുന്‍വശത്തുകൂടി മാത്രമല്ല ആ കെട്ടിടത്തിലേക്കു പ്രവേശനമുള്ളതെന്ന് അയാളെ ബോധ്യപ്പെടുത്തി. 

വീണ്ടും മുന്നോട്ടു നീങ്ങിയ അയാളുടെ തൊട്ടുമുന്നില്‍ ഇരുട്ടിലപ്പോള്‍ ഒരു കടവാതല്‍ ചിറകുകുടഞ്ഞുവീശി. മുടിനാരിഴയ്ക്ക് മുഖത്തടിക്കാതെ നാസികാഗ്രത്തു വാള്‍ വീശിയതുപോലെ അപ്രതീക്ഷിതമായി അതു പറന്നകന്നപ്പോള്‍ പതറിപ്പോയ അയാള്‍ ചുവടറച്ച് ഒരു നിമിഷം പിന്നോക്കം നിന്നു. 

മുന്നിലപ്പോള്‍ പകല്‍ വെളിച്ചം വീഴുന്നു. അവിടെ നടുമുറ്റമാണ്. നാലുവശത്തും വിശാലമായ ജാലകങ്ങളുള്ള മുറികള്‍. ഇടത്തോ വലത്തോ ഉള്ള മുറിയിലൂടെ മാത്രമേ നടുമുറ്റത്തിനപ്പുറത്തേക്കു പോകാനാകൂ. റിഷി രണ്ടിടത്തും നോക്കി. ആ മുറികള്‍ രണ്ടും പൂട്ടിയിട്ടിരിക്കുകയാണ്. 

നടുത്തളത്തിലേക്കു തുറക്കുന്ന വലിയ ജാലകത്തിനടുത്തേക്കയാള്‍ നീങ്ങി. മറുവശത്ത് മുറിയില്‍ വെളിച്ചമുണ്ട്. ആ മുറിയുടെ ജാലകത്തിലേക്കു സൂക്ഷിച്ചുനോക്കിയ റിഷി ഞെട്ടി.

കൈകള്‍ തൂണിലേക്കു ചേര്‍ത്തുകെട്ടി അരയിലുള്ള കെട്ട് മറ്റൊരു തൂണിലേക്കു വലിച്ചുകെട്ടി ഏകദേശം മൃഗസമാനയായി ജീനയെ നിര്‍ത്തിയിരിക്കുന്നു. മെഡിക്കല്‍ പ്ലാസ്റ്റര്‍ ഉപയോഗിച്ച് അവളുടെ വായ മൂട്ടിക്കെട്ടിയിട്ടുണ്ട്. ശ്രദ്ധിച്ചാല്‍ മാത്രമേ മുരള്‍ച്ചയും മൂളലും പുറത്തുകേള്‍ക്കൂ.  

എന്തുചെയ്യണമെന്നറിയാതെ റിഷി തരിച്ചുനിന്നു.  

അവളുടെ അടുത്തേക്കപ്പോള്‍ ഉന്‍മാദിയെപ്പോലെ കിരണെത്തി. കയ്യില്‍ വിറകൊള്ളുന്ന ചാട്ടവാര്‍. അവള്‍ ദീനമായെന്തോ പറയാന്‍ ശ്രമിക്കുന്നുണ്ട്. മൂടിക്കെട്ടിയ ശബ്ദം ഞരക്കമായി പുറത്തുവരുന്നു. അതെന്തെന്നു മനസ്സിലാക്കിയ മട്ടില്‍ ചാട്ടയയാള്‍ അന്തരീക്ഷത്തിലുയര്‍ത്തിവീശി വെടിപൊട്ടും പോലെ ശബ്ദം കേള്‍പ്പിച്ചു. പിന്നെ വെള്ളി വീണ മുഴക്കമുയര്‍ന്നു. 

' നീ വിഷമിക്കണ്ട. നിന്നെ എനിക്കു വേണ്ട. തിരിച്ചയച്ചേക്കാം. പക്ഷേ ഞാന്‍ ജയിച്ചിട്ടായിരിക്കും നീയിവിടെനിന്നു പോകുന്നത് '

കിരണ്‍രാജ് എന്താണുദ്ദേശിച്ചതെന്ന് റിഷിക്കു വ്യക്തമായില്ല. അയാള്‍ ജയിക്കുക, അല്ലെങ്കില്‍ ജീന തോല്‍ക്കുക എന്നതിന്റെ അര്‍ത്ഥമെന്താണ്? അവളില്‍ നിന്ന് കിരണിന് നേടാന്‍ ബാക്കിയുള്ളത് പാരമ്പര്യസ്വത്തും പണവുമാണ്. അതിപ്പോള്‍ അവളുടെ കൈവശമില്ലതാനും. 

റിഷിയുടെ സംശയത്തിന്റെ മറുപടിയെന്നോണം ജാലകക്കാഴ്ചയുടെ പരിധിക്കു വെളിയില്‍ നിന്നും ഒരു മധ്യവയസ്‌കനെ കിരണ്‍ ബലമായി മുന്നിലേക്കു പിടിച്ചുനിര്‍ത്തി. വീശുവളയങ്ങള്‍ തീര്‍ത്തുകൊണ്ടിരിക്കുന്ന ചാട്ടയേന്തി അനിയന്ത്രിതമായ ഭാവവ്യതിയാനങ്ങളോടെ കിതയ്ക്കുന്ന കിരണിനുമുന്നില്‍ ഭയപ്പാടോടെ അയാള്‍ നിന്നു. കിരണ്‍ വീണ്ടും ജീനയ്ക്കുനേരെ തിരിഞ്ഞു.  

'നീ രോഗിയാണെന്നു പറഞ്ഞുപരത്തിയത് ഞാനാണ്... നിന്റെ സുഖവാസം മുടക്കാന്‍ നോക്കിയത് ഞാന്‍തന്നെയാണ്... അപ്പോ നീ ടെസറ്റ് ചെയ്തു. രോഗമില്ലെന്നു തെളിയിച്ചുകൊടുത്തു. മിടുക്കി. നീയാണെടീ പെണ്ണ്. എന്നെ തോല്‍പ്പിച്ച പെണ്ണ്. '

മധ്യവയസ്‌ക്കനെ വീണ്ടും മുന്നിലേക്കുപിടിച്ചുനിര്‍ത്തി ജീനയോടയാള്‍ ഉച്ചത്തില്‍ പറഞ്ഞു. 
'സര്‍ക്കാര്‍ ചെലവില്‍ത്തന്നെ നീ സുഖമായി കഴിഞ്ഞോ... പക്ഷേ ഇനി നീയവിടെ കഴിയുന്നെങ്കില്‍ അതൊരു രോഗിയായിട്ടുതന്നെയായിരിക്കണം '

ഒന്നും മനസ്സിലാകാത്തതുപോലെ അന്തം വിട്ടുനില്ക്കുകയാണ് മധ്യവയസ്‌കന്‍. കിരണ്‍രാജ് അയാളുടെ തോളില്‍ പിടിച്ചു കുലുക്കി.

'നീ രോഗിയായിട്ടെത്ര കൊല്ലമായി? മൂന്നോ നാലോ അതോ അഞ്ചോ? '

അപ്രതീക്ഷിതമായ കാഴ്ചകള്‍ കണ്ട് വിയര്‍ത്തും വിറയാര്‍ന്നും മധ്യവയസ്‌കന്‍ പറഞ്ഞു.
'നാല് '

'അപ്പോ നാലു കൊല്ലമായി നീയൊരു പെണ്ണിനെ അനുഭവിച്ചിട്ട് ' 

അതിനുമറുപടി പറയാതെ അമ്പരന്നുനിന്ന അയാളോട് കിരണ്‍ ആജ്ഞാപിച്ചു. 
'ഇതാ ഇവള്‍... ഇന്നു മുഴുവന്‍ ഇവള്‍ നിനക്കുള്ളതാണ് '

റിഷിയുടെ സര്‍വ്വനിയന്ത്രണവും നഷ്ടപ്പെട്ടു
' എടാ...'

അതൊരലര്‍ച്ചയായിരുന്നു. അശരീരിപോലെയുള്ള ശബ്ദം കേട്ട് കിരണ്‍ ഞെട്ടി. അടുത്ത നിമിഷം മുറിയിലെ വെളിച്ചമണയുകയും ആ ദൃശ്യം ഇരുട്ടിലാവുകയും ചെയ്തു. വീണ്ടും റിഷിയുടെ കണ്‍മുന്നിലൂടെ കടവാതല്‍ ചീറിയകന്നു. 
എത്രയും വേഗം കിരണിന്റെ മുറിയിലേക്കെത്തണം. റിഷി അതിനുള്ള വഴി തിരഞ്ഞു. പെട്ടെന്നാണ് പിന്‍വാതിലില്‍ പഴമയുടെ ഓടാമ്പല്‍ മുരള്‍ച്ചയുയര്‍ന്നത്. നാലുപാടുമുള്ള വാതിലുകള്‍ അടഞ്ഞതോടെ താന്‍ തടവിലാക്കപ്പെട്ടിരിക്കുന്നെന്ന് റിഷിക്കു ബോധ്യമായി. 
 
അതേ നിമിഷം കിരണിന്റെ മുറിയില്‍ വീണ്ടും പ്രകാശം നിറഞ്ഞു. തെല്ലു പുശ്ചത്തോടെ റിഷി നില്‍ക്കുന്നയിടത്തേക്കു പാളിനോക്കി കിരണ്‍ വീണ്ടും രോഗിയുടെ അടുത്തെത്തി. 

' പറഞ്ഞതു കേട്ടില്ലേ ... വേഗം '

' ഇല്ല സാര്‍... '

' എന്തുകൊണ്ട് ? '

മധ്യവയസ്‌കന്‍ ഇരുകൈകളും കൂപ്പി ഭയപ്പാടോടെ നിന്നു. 

'നീ ബ്രഹ്മചാരിയൊന്നുമല്ലല്ലോ... ആണെങ്കില്‍ നിനക്കീ അസുഖം വരുമോടാ... '
കിരണിന്റെ ശബ്ദം പരുഷമായി. 

' സാര്‍... അസുഖത്തിനു മരുന്നും ചികിത്സയും തരാമെന്നു പറഞ്ഞതുകൊണ്ടാണ് ഞാന്‍ വന്നത് '

' മരുന്നു തരും. എയ്ഡ്‌സിനുള്ള നല്ല ഒന്നാന്തരം ഒറ്റമൂലി. പക്ഷേ... അതിനുമുമ്പ് ഞാന്‍ പറയുന്നതനുസരിക്കണം.'

' പറ്റില്ല സാര്‍... അതുമാത്രം പറയരുത് '

' എടാ വിഡ്ഢീ... നാലുവര്‍ഷം കൊതിച്ചുനടന്ന നിനക്കൊരവസരം തന്നപ്പോ വേണ്ടാന്ന് '
അടുത്ത നിമിഷം ചാട്ട ഉയര്‍ന്നുതാണു. പൊട്ടിയടര്‍ന്ന ചാട്ടയൊച്ചയ്‌ക്കൊപ്പം മധ്യവയസ്‌കന്‍ പുളഞ്ഞുകരഞ്ഞു. കിരണ്‍ വീണ്ടും നിര്‍ദ്ദയം തല്ലി.
 
കൊല്ലരുതേയെന്ന് ദുര്‍ബ്ബലമായി രോഗി വിലപിച്ചു. ഓരോ ചാട്ടവാറടിയും കൈകൊണ്ടു തടയാനുള്ള വൃഥാശ്രമത്തിനിടയില്‍ അയാളൊരു തവളയെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും കുതിച്ചു. ഒടുവില്‍ നിലത്തു തളര്‍ന്നു വീണു. എന്നിട്ടും കലിയടങ്ങാത്ത കിരണ്‍ ചാട്ടയുപയോഗിച്ച് ജീനയുടെ മുതുകിലും ആഞ്ഞൊന്നു പ്രഹരിച്ചു. നിന്നനില്‍പ്പില്‍ നാല്‍ക്കാലിയെപ്പോലെ പിടഞ്ഞ അവളുടെ മൂടിക്കെട്ടിയ വായയില്‍ നിന്നു വികൃതരോദനം പുറത്തുവന്നു. കിരണ്‍ ചാട്ട താഴെയിട്ടു . 

നിസ്സഹായാവസ്ഥയില്‍ എന്തുചെയ്യണമെന്നറിയാതെ നിന്ന റിഷിയപ്പോള്‍ അവിടെ നടക്കുന്നതെല്ലാം മൊബൈലില്‍ പകര്‍ത്താനൊരു ശ്രമം നടത്തി. അതുമനസ്സിലാക്കിയ നിമിഷം കുന്തം പോലെ കൂര്‍ത്ത ഇരുമ്പു ദണ്ടെടുത്ത് കിരണ്‍ ജാലകത്തിലൂടെ റിഷിയെ ലക്ഷ്യമിട്ടെറിഞ്ഞു. ഊക്കോടെയത് മുറിയുടെ ചുമരിലേക്കു തുളച്ചുകയറി. ഭാഗ്യത്തിന്റെ ആനുകൂല്യമില്ലായിരുന്നെങ്കില്‍ അത് റിഷിയുടെ നെഞ്ച് പിളര്‍ത്തിയേനെ. 

നാലുപാടും എന്തോ തിരഞ്ഞ കിരണ്‍ പെട്ടെന്നൊരു മൂലയിലേക്കു നടന്നു. അവിടെയുള്ള ബാഗ് തുറന്ന് അയാള്‍ അതില്‍നിന്നെന്തോ പുറത്തെടുത്തു. ആകാംക്ഷയോടെ നോക്കിനിന്ന റിഷിയുടെ നെഞ്ചിടിപ്പു വര്‍ദ്ധിച്ചു.  പ്ലാസ്റ്റിക് കവര്‍ നീക്കം ചെയ്തതോടെ അതൊരു സിറിഞ്ചാണെന്ന് വ്യക്തമായി. കിരണ്‍ അതുമായി ചാട്ടയടിയേറ്റ് അവശനായ രോഗിയുടെ അടുത്തേക്കു നീങ്ങി. 

കിരണിന്റെ ഉന്നമെന്തെന്ന സംശയത്തില്‍ റിഷി ഞെട്ടിത്തരിച്ചു. സാഡോമസോക്കിസത്തിന്റെ അപാരമായ തലത്തിലേക്കാണ് അയാള്‍ നീങ്ങുന്നത്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒരു ദുരന്തത്തിലേക്കു കാര്യങ്ങള്‍ ചെന്നെത്തുന്നു. കിരണിനെ തടഞ്ഞേ പറ്റൂ. പക്ഷേ, മുറിയ്ക്കു പുറത്തിറങ്ങാനാകാതെ തടവിലാക്കപ്പെട്ടിരിക്കുകയാണ്. പുറത്തുനിന്നൊരാളെ വിളിക്കാനാണെങ്കില്‍ അതിനുള്ള സമയവുമില്ല. ക്ഷണനേരം കൊണ്ട്  എല്ലാം കഴിയും. എന്നുതന്നെയല്ല പരിചയമില്ലാത്ത നാട്ടില്‍ ആരെ വിളിച്ചുകൂട്ടാനാണെന്നും റിഷി ശങ്കിച്ചു. കഴിഞ്ഞ രാത്രിയില്‍ ദുര്‍ഗ്ഗ വിളിച്ച നമ്പര്‍ മാത്രമാണ് കയ്യിലുള്ളത്. മറ്റൊരു മാര്‍ഗ്ഗവുമില്ലാത്തതിനാല്‍ ധൃതിയില്‍ അയാള്‍ ആ നമ്പരിലേക്ക് ഡയല്‍ ചെയ്തു. എന്നാല്‍ ആവര്‍ത്തിച്ചു റിംഗ് ചെയ്തതല്ലാതെ ആരും ഫോണ്‍ അറ്റന്റ് ചെയ്തില്ല. 

കിരണ്‍രാജ് തളര്‍ന്നു കിടന്ന രോഗിയുടെ കൈത്തണ്ട ബലമായി പിടിച്ചുവച്ച് സിറിഞ്ചിലേക്ക് രക്തം കുത്തിയെടുത്തു. വലിയൊരു മനോനിലത്തകര്‍ച്ച സമ്മാനിച്ച വര്‍ദ്ധിതവീര്യത്തിലാണയാള്‍. സിറിഞ്ചുനിറയെ ക്രൂരതയുമായെഴുനേറ്റ കിരണിന് ഒരു ജന്മം ചവിട്ടിമെതിക്കാനുള്ള ആവേശം. ആ കാഴ്ചയില്‍ സമനില തെറ്റിയ ജീന ജീവന്മരണപോരാട്ടമായി കെട്ടുകള്‍ പൊട്ടിക്കാന്‍ കുതറിത്തെറിച്ചുകൊണ്ടിരുന്നു. 

റിഷി സ്വയമറിയാതെ വിലപിച്ചുപോയി. അയാള്‍ തൊഴുകൈയോടെ കിരണിനെ വിളിച്ചപേക്ഷിച്ചു.
' കിരണ്‍... പ്ലീസ്. ചെയ്യരുത്... അതു ചെയ്യരുത്...'

കിരണ്‍ മെല്ലെയൊന്നുതിരിഞ്ഞ് റിഷിയെ നോക്കി. പുശ്ചം നിറഞ്ഞ പുഞ്ചിരി പൊട്ടിച്ചിരിയായി. ചിരിയലകളവസാനിപ്പാക്കാതെ പെട്ടെന്നയാള്‍ ജീനയുടെ അരികിലേക്കു നടന്നു. തൂണിനരികിലേക്കു നീങ്ങിയ അയാളുടെ ലക്ഷ്യം അവളുടെ ബന്ധനാവസ്ഥയിലുള്ള കരങ്ങളായിരുന്നു. വെള്ളി വീണ ശബ്ദം വീണ്ടും മുഴങ്ങി.

'നീ വിഷമിക്കണ്ട. സദനത്തില്‍ ഞാന്‍ തന്നെ നിന്നെ കൊണ്ടുവിട്ടേക്കാം. അതിനുമുമ്പ് ഞാനൊന്നു ജയിക്കട്ടെടീ'

അയാളവളുടെ കൈത്തണ്ടയിലേക്ക് സിറിഞ്ച് അടുപ്പിച്ചു. ആ നിമിഷം ഇടിവെട്ടുംപോലെയെന്തോ ചീറിയടിച്ചു തകര്‍ന്നു. കിരണ്‍ വെട്ടിയിട്ടതുപോലെ നിലത്തുവീണു. അമ്പരപ്പിനിടയില്‍ എന്തു സംഭവിച്ചെന്ന് വ്യക്തമാകാതെ റിഷി നോക്കുമ്പോള്‍ ദുര്‍ഗ്ഗ പ്രത്യക്ഷയായി. ധന്വന്തരിയെന്ന് ആലേഖനം ചെയ്ത വലിയ വെങ്കലഫലകവുമായി നില്‍ക്കുകയാണവള്‍. കിരണ്‍ പിടയുകയാണ്. ഭാഗികമായി ഉടഞ്ഞിരുന്ന ഫലകമുയര്‍ത്തി വീണ്ടുമവള്‍ കിരണിന്റെ നടുംതലയില്‍ അടിച്ചു. കിരണിന്റെ പിടച്ചില്‍ അവസാനിച്ചപ്പോഴാണ് ദുര്‍ഗ്ഗ ശാന്തയായത്. 

ചോര ചിതറിയ ക്ലൈമാക്‌സ് സീനില്‍ റിഷി വിറങ്ങലിച്ചുനിന്നു. 

(തുടരും )

മുന്‍ ഭാഗങ്ങള്‍ വായിക്കാം

Content Highlights: Malayalam Novel based on true story part twenty one