20- തോറ്റുപോകുന്നവര്‍

ടൗണ്‍ലിമിറ്റിനപ്പുറം ഗ്രാമഭൂമിയിലേക്കെത്തിയാല്‍ ആള്‍ത്തിരക്കു പതിവില്ല. പ്രത്യേകിച്ചും പ്രഭാതത്തില്‍. എന്നാലപ്പോള്‍ നിരത്തില്‍ ഒറ്റയ്ക്കും തെറ്റയ്ക്കുമായി ആളുകളുടെ കാര്യമായ പോക്കുവരവുണ്ടായിരുന്നു. ആല്‍ത്തറ ജംഗ്ഷനിലെ ടീഷോപ്പുകളിലടക്കം ആളുകള്‍ കൂടിനില്‍ക്കുന്നുണ്ട്. രഘുനാഥന്റെ വീട്ടിലേക്കെത്തുമ്പോള്‍ തിരക്കേറുകയും ചെയ്യുന്നു. പോലീസ് ജീപ്പുകളെയും മറ്റു വാഹനങ്ങളെയും മറികടന്ന് ധൃതിയില്‍ ബൈക്കുനിര്‍ത്തി റിഷി വീടിനടുത്തേക്കു നടന്നു. 

ക്രൈം സീനിന്റെ പരിസരത്തെങ്ങും എത്താനാവാത്ത വിധത്തില്‍ പോലീസ് അതിര്‍വരമ്പുകളിട്ടിരുന്നു. എങ്കിലും ലിവിംഗ് റും റിഷി വ്യക്തമായി കണ്ടു. അവിടെത്തന്നെയുണ്ട് മൂന്നുപേരും; രഘുവേട്ടനും ദീപചേച്ചിയും ദീപുവും. 

റിഷിയുടെ കണ്ണുകളില്‍ ഈര്‍പ്പം മൂടി. മങ്ങിയ കാഴ്ചയ്ക്കുമീതെ രഘുനാഥന്റെ ശബ്ദമുയര്‍ന്നു. അതു ദീപയോടായിരുന്നു. 

' നീയിതുവരെ നേരിട്ടു കണ്ടിട്ടില്ലല്ലോ... ടീവീലല്ലേ കണ്ടിട്ടുള്ളൂ... ഇതാണ് സാക്ഷാല്‍ റിഷി '

രഘുനാഥന്റെ ശബ്ദത്തിലേക്ക് അലിഞ്ഞുചേരുന്ന ദീപയുടെ മറുപടി.
' എനിക്കുമനസ്സിലായി '

റിഷിയുടെ കണ്ണുകളില്‍ വീണ്ടും പോലീസിന്റെ അതിരടയാളം തെളിഞ്ഞു. അതിനപ്പുറത്ത് മൂന്നു പോലീസുകാര്‍ ചേര്‍ന്ന് സീന്‍ മഹസ്സര്‍ തയ്യാറാക്കുന്നു. അയാള്‍ പരമാവധി അടുത്തേക്ക്, അനുവദിക്കപ്പെട്ട പരിധിയിലേക്കു നീങ്ങിനിന്ന് രഘുനാഥനെ നോക്കി. അയാളുടെ മനസ്സ് വിതുമ്പി. 'ഒരു ഗ്ലാസ് ലൈഫ് ' മനസ്സില്‍ ഈര്‍ച്ചവാള്‍ കുത്തിയിറക്കുന്നു. അഭിശപ്തമായ ദൃശ്യങ്ങള്‍ അനുക്രമമായ ശ്രേണി തീര്‍ക്കുന്നു. റിഷിയുടെ അധരങ്ങള്‍ വിറകൊണ്ടു.
' എന്തിനായിരുന്നു രഘുവേട്ടാ ...'

മകന്റെ അരയില്‍ ചുറ്റിപ്പിടിച്ചിരിക്കുന്ന ചേരച്ചാലുണങ്ങിയ കൈയോടു ചേര്‍ത്തു ചരിഞ്ഞുപോയ രഘുനാഥന്റെ മുഖം.  

' പ്രതീക്ഷകള്‍ മുഴുവന്‍ മക്കളിലേക്കു കേന്ദ്രീകരിക്കുന്ന സ്ഥിതി. നല്ലൊരു സബ്ജക്ടിനുള്ള ലോഗ് ലൈനാണത്. നോട്ടു ചെയ്തുവച്ചോ.... സമയം വരുമ്പോ അതില്‍പ്പിടിച്ചൊരു കഥ എഴുതിപ്പൊക്കാം. '

രഘുനാഥന്റെ തുറന്ന കണ്ണുകള്‍ തന്നെത്തന്നെ നോക്കുകയാണെന്നു റിഷിക്കു തോന്നി. ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ അസ്വാഭാവികമരണങ്ങളും ദാരുണമരണങ്ങളും കൂട്ടമരണങ്ങളുമൊന്നും റിഷിയ്ക്ക് പുത്തന്‍ കാര്യങ്ങളല്ല. അവയൊക്കെ കണ്ടും കേട്ടും റിപ്പോര്‍ട്ടു ചെയ്തിട്ടുമുണ്ട്. 
പക്ഷേ ഈ അനുഭവം വെട്ടിപ്പിളര്‍ന്നതുപോലെയുള്ള മുറിവായിരുന്നു. ഇങ്ങനെയൊരു കൊടും നീറ്റല്‍ ആദ്യത്തേതായിരുന്നു. 

ഏന്തിവലിഞ്ഞു മുന്നോക്കം ചായുന്ന തലകള്‍. അതിനിടയിലൂടെ തിരിച്ചു നടന്ന് ആള്‍ക്കൂട്ടത്തില്‍ നിന്നൊഴിഞ്ഞുമാറി റിഷി നിന്നു. വല്ലാത്തൊരു വിങ്ങല്‍ അയാളെ ഗ്രസിച്ചിരുന്നു. 

മാധ്യമപ്രവര്‍ത്തകര്‍ ഓരോരുത്തരായി അവിടേക്കു വരുന്നതേയുള്ളൂ. അക്കൂട്ടത്തില്‍ ചാനല്‍ ത്രീയുടെ വാഹനവും വന്നു നിന്നു. അതില്‍ നിന്ന് ക്യാമറയുമായി സാജനും പിന്നാലെ തടിച്ചുരുണ്ട ലേഖകനും പുറത്തിറങ്ങി. ക്യാമറ റോളിംഗിലിട്ട് സാജന്‍ ധൃതിവച്ചുമുന്നോട്ടു നീങ്ങുന്നതിനിടയില്‍ റിഷിയെ കണ്ടു. 

' ഹലോ അണ്ണാ ... '
ഒരുനിമിഷം നിന്ന് റിഷിയെ കണ്ട സന്തോഷം പ്രകടിപ്പിച്ച സാജന്‍ തുടര്‍ന്നു
' ഫൈവ് മിനുട്‌സ് അണ്ണാ. ഇപ്പോ വരാം ... പോവല്ലേ '

റിഷിയപ്പോള്‍ മനസ്സിലോര്‍ത്തു;  സാജനറിയില്ലല്ലോ തനിക്കിവിടെനിന്ന് പെട്ടെന്നങ്ങനെ തിരിച്ചുപോകാനാവില്ലെന്ന്.  മറികടന്നു നീങ്ങുന്നതിനിടയില്‍ തടിച്ച ലേഖകന്‍ റിഷിയെ തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു. ഒരു പക്ഷേ തന്നെപ്പറ്റി സാജനെന്തെങ്കിലും സൂചന നല്‍കിയിട്ടാവാം അതെന്ന് റിഷിക്കു തോന്നി. 
 
പരിചയപ്പെട്ടതിനുശേഷം രഘുനാഥനെന്ന വ്യക്തിയില്‍ നിന്നും നേരിട്ടറിഞ്ഞ പലതും അടുക്കും മുറയുമില്ലാതെ റിഷിയുടെ മനസ്സിലൂടെ കടന്നു പൊയ്‌ക്കൊണ്ടിരുന്നു. ഇതിനിടെ തിരക്കുപിടിച്ച് ദൃശ്യങ്ങള്‍ എടുത്ത സാജന്‍ വീട്ടുമുറ്റത്ത് ഒഴിഞ്ഞ കോണിലേക്ക് ലേഖകനുമായി നീങ്ങി പീസ് റ്റു ക്യാമറയ്ക്ക് ഫ്രയിം ഫിക്‌സ് ചെയ്തു. സമാന്തരമായി മറ്റൊരു ചാനല്‍ ലേഖകനും ക്യാമറയ്ക്കു മുന്നിലുണ്ടായിരുന്നു. 
റിഷിയുടെ കാതുകളില്‍ ചാനല്‍ ത്രീ ലേഖകന്റെ ശബ്ദം ചിതറി വീണു.

' കടുത്ത സാമ്പത്തികബാധ്യതയിലായിരുന്നു സിനിമാസംവിധായകനും കുടുംബവും. ഇതാണ് കൂട്ട ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവസ്ഥലത്തുനിന്നും ക്യാമറാമാന്‍ സാജനൊപ്പം അരുണ്‍കുമാര്‍. ചാനല്‍ ത്രീ '

അതു കേട്ടുനില്‍ക്കുകയായിരുന്ന ബന്ധുവായ വൃദ്ധന്‍ വളഞ്ഞ വിരലിലെ പുലിനഖമാതൃക കുത്തി വെറ്റിലഞരമ്പുടച്ച് ചുണ്ണാമ്പു പുരട്ടുന്നതിനിടയില്‍ ആരോടെന്നില്ലാതെ പറഞ്ഞു.

'പിന്നേ... ഈ ടീവിക്കാരും പത്രക്കാരുമൊക്കെ പറയുന്നതു കേട്ടാത്തോന്നും അവരിവിടെ ഇരുപത്തെട്ടുപട്ടിണീം രണ്ടേകാദശീമാരുന്നെന്ന്... എന്തൊക്കെ പറഞ്ഞാലും അയാളൊരു സിനിമാക്കാരനല്ലാരുന്നോ. ഇതു വേറെ ഏതാണ്ടാ വിഷയം  '

കീഴ്ചുണ്ടുവരെ വളര്‍ന്ന മേല്‍മീശ വെറ്റില മുറുക്കുന്നതിനൊപ്പം ചവച്ചുതുടങ്ങിയ വൃദ്ധനോടപ്പോള്‍ അമര്‍ഷമാണ് റിഷിക്കു തോന്നിയത്. നാട്ടുകൂട്ടത്തിലെ പതിവൊരു പരദൂഷണക്കാരനാണ് വൃദ്ധനെന്ന് അയാള്‍ക്കുറപ്പുണ്ടായിരുന്നു. വൃദ്ധന്റെ വാക്കുകള്‍ക്ക് ഭാഗികമായി കാതുകൊടുത്തുകൊണ്ടാണ് സാജനും പിന്നാലെ അരുണ്‍കുമാറും അയാളുടെ അടുത്തേക്കു വന്നത്. 
 
' അണ്ണാ ഇതാ പുതിയ ബ്യൂറോ ചീഫ്... അരുണ്‍കുമാര്‍ '

' ഹലോ ... '
റിഷി കൈ നീട്ടി . അരുണ്‍ പ്രസന്നവദനനായി കൈകൊടുക്കുത്തു.
' സാജന്‍ പറഞ്ഞിരുന്നു... അല്ലാതെ തന്നെ കേട്ടിട്ടുണ്ട്..'

പരിചയപ്പെടലെല്ലാം കഴിഞ്ഞതോടെ സാജന്‍ ശബ്ദം താഴ്ത്തി പറഞ്ഞു. 
' അവളില്ലേ ; മെറ്റില്‍ഡ... തേച്ചുകളഞ്ഞണ്ണാ എല്ലാത്തിനെയും. പഴയ ചീഫിനുവരെ അവള്‍ ആപ്പടിച്ചു '

കാര്യങ്ങളൊക്കെ തനിക്കറിയാമെന്ന മട്ടില്‍ റിഷി തല കുലുക്കി. അങ്ങനെയൊരു സംഭാഷണം മുന്നോട്ടുകൊണ്ടുപോകാന്‍ റഷിയപ്പോള്‍ ആഗ്രഹിച്ചിരുന്നില്ല.
 
' അണ്ണനെന്തോ സിനിമേടെ വര്‍ക്കായിരുന്നല്ലോ. അതെന്തായി ?'

കൗതുകത്തോടെ അരുണ്‍കുമാറും അതു ശ്രദ്ധിച്ചു. എന്റെ സിനിമ അതാ കിടക്കുന്നുവെന്ന് രഘുനാഥനെ ചൂണ്ടി പറയാനാണ് ആ നിമിഷം റിഷിക്കു തോന്നിയത്. എന്നാലയാളത് ഉള്ളിലൊതുക്കി ഒരു ചെറുചിരി മുഖത്തുവരുത്താന്‍ പ്രയാസപ്പെട്ട് മെല്ലെ പറഞ്ഞു. 
' ഓ അതോ... അതൊക്കെയങ്ങനെ നടക്കുന്നു. സ്ലോ പ്രോസസാണ് ' 

അരുണ്‍കുമാറിന്റെ നോട്ടം വൃദ്ധനിലേക്കായി. അയാള്‍ നേരത്തെ പറഞ്ഞ കാര്യം മനസ്സില്‍വച്ചുകൊണ്ട് അരുണ്‍കുമാര്‍ റിഷിയോട് സംശയം പ്രകടിപ്പിച്ചു.
' അതേ...സാമ്പത്തിക ബാധ്യതയാണെന്നൊക്കെ പോലീസ് പറഞ്ഞെങ്കിലും വേറെ ചിലതൊക്കെ കേള്‍ക്കുന്നല്ലോ. കുടുംബപ്രശ്‌നമോ... വല്ലതും. ആ സ്ത്രീ ആളെങ്ങനെ ? വല്ല കുഴപ്പം കേസുമായിരുന്നോ എന്തോ... '

അരുണ്‍കുമാറിന്റെ കഴുത്തിനു കുത്തിപ്പിടിക്കാനുള്ള അരിശം റിഷിയില്‍ പെരുത്തു കയറിയതാണ്. പക്ഷേ പെട്ടെന്നു തന്നെ സ്വയം നിയന്ത്രിച്ചു. എന്നു തന്നെയല്ല ഇത്തരം ഘട്ടങ്ങളില്‍ വാര്‍ത്തയുണ്ടാക്കാനിറങ്ങിത്തിരിച്ചപ്പോഴൊക്കെ തന്റെ സംശയങ്ങള്‍ കേട്ട പലര്‍ക്കും ഇതുപോലെ പ്രതികരിക്കാന്‍ തോന്നിയിട്ടുണ്ടാവുമെന്നും അയാള്‍ സമാധാനിച്ചു. 

തെല്ലിട മൗനത്തിനുശേഷം ശാന്തനായി റിഷി പറഞ്ഞു.
'ഒരുത്തന്റെ മുന്നിലും കൈ നീട്ടാതെ ജീവിക്കാനും ആ കുട്ടിയെ പഠിപ്പിക്കാനും മാര്‍ഗ്ഗമുണ്ടായിരുന്നെങ്കില്‍ ഈ കുടുംബം ഭൂമുഖത്തുനിന്നു പോവില്ലായിരുന്നു '

' എന്നു വച്ചാല്‍ '

' അതു തന്നെ... വ്യവസ്ഥിതിയുടെ ഇരകളാണ് ആ പാവങ്ങള്‍. അതു മറന്നു കേട്ടുകേഴ്‌വികളുടെ പിന്നാലെ പോകാതിരിക്കുന്നതാണ് നല്ലത്. എനിക്കു നന്നായി അറിയാവുന്ന ആളുകളാണ്  '
രേഖകളുടെ ശക്തമായ പിന്‍ബലത്തോടെ ചെയ്ത വാര്‍ത്ത പോലും തന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ദുരവസ്ഥ മനസ്സില്‍ വച്ചുകൊണ്ടാണ് റിഷിയതു പറഞ്ഞത്. 

പോലീസിന്റെ നടപടിക്രമങ്ങള്‍ കഴിഞ്ഞതോടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുവേണ്ടി മെഡിക്കല്‍കോളജിലേക്കു കൊണ്ടുപോകാന്‍ നീക്കമായി. ആംബുലന്‍സിനൊപ്പം രഘുനാഥന്റെ അടുത്ത ബന്ധുക്കളില്‍ ചിലരും പോകുന്നുണ്ട്. ആ വാഹനങ്ങള്‍ക്കു പിന്നാലെ സാജനും അരുണ്‍കുമാറും മടങ്ങി. 

റിഷിയുടെ അടുത്തേക്ക് വെറ്റിലനിറം പുരണ്ട മീശ ചവച്ചരച്ച് വൃദ്ധനെത്തി. മുന്‍പരിചയമില്ലെങ്കിലും പൊതുവായി ഒരു കാര്യമെന്ന പോലെ അയാള്‍ പറഞ്ഞു.
' അവര്‍ക്കു ചാവണേലങ്ങു ചത്താപ്പോരാരുന്നോ. ആ കൊച്ചിനെക്കൂടെ കൊല്ലണമാരുന്നോ. ഒരാണ്‍കുട്ടിയായിരുന്നില്ലേ. എങ്ങനേലുമങ്ങ് ജീവിച്ചേനെ... '

രക്തവര്‍ണ്ണം നീട്ടിത്തുപ്പി ചിറി തുടച്ച് അയാള്‍ തുടര്‍ന്നു.
' ചാവുന്നേനു മുമ്പ് അത് ക്യാമറേപ്പിടിച്ച് കംപ്യൂട്ടറിലോ നെറ്റിലോ ഒക്കെയിട്ടെന്നും കേട്ടു. ദുഷ്ടത്തരമായിപ്പോയി...'

റിഷിക്ക് ആ വരണ്ട രൂപത്തോടു വെറുപ്പു തോന്നി. അയാളുടേത് കേവലം നിഷ്‌കളങ്കമായ വാക്കുകളല്ല; മറിച്ച് വിഷം പുരട്ടിയവയാണ്. 

രഘുനാഥനിലാരോപിക്കപ്പെട്ട ദുഷ്ടത്തരത്തെ അതിന്റെ എല്ലാ അര്‍ത്ഥത്തിലും മനസ്സിലാക്കിയയാളാണ് റിഷി. കറുത്തിരുണ്ട ഭാവിക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ രഘുനാഥനും ദീപയും പിന്തിരിഞ്ഞപ്പോള്‍ ഒപ്പം മകനെ കൂട്ടാതിരിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. എത്രയോ കാലമായി ദീപുവിന്റെ വളര്‍ച്ചയും വിജയവും മാത്രമായിരുന്നു അവരുടെ ജീവമന്ത്രം. അവന്റെ കണ്ണിലൂടെ ലോകത്തെ നോക്കിക്കാണാനാണ് അവരിഷ്ടപ്പെട്ടിരുന്നത്. തങ്ങളില്ലാത്ത ലോകത്ത് പഠനം പാതിവഴിയിലുപേക്ഷിക്കപ്പെടുന്ന, മറ്റുള്ളവര്‍ക്കു മുന്നില്‍ കൈ നീട്ടിനില്‍ക്കുന്ന, തൊഴില്‍ തെണ്ടി അലയുന്ന മകനെ അവര്‍ക്കു സങ്കല്‍പ്പിക്കാന്‍ പോലും കഴിയുമായിരുന്നില്ല. അതായിരുന്നു ആ ക്രൂരത. വൃദ്ധന്‍ പറഞ്ഞ ദുഷ്ടത്തരം. സ്വന്തം തൊഴില്‍മേഖലയായ സിനിമയില്‍നിന്നനുഭവിച്ചതടക്കം വ്യവസ്ഥിതികളുടെ ഇരയായ ഒരാള്‍ക്ക്  'ഒരു ഗ്ലാസ് ജീവിതം ' പോലൊരു ഷോര്‍ട്ട് ഫിലിം കൊണ്ടേ മരണമൊഴി രേഖപ്പെടുത്താനുണ്ടായിരുന്നുള്ളൂ. 

വൃദ്ധന്‍ നടന്നു നീങ്ങിയപ്പോള്‍ റിഷി സങ്കല്‍പ്പിച്ചത് പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ കിടക്കുന്ന രഘുനാഥനെയാണ്. അയാള്‍ മെല്ലെ കണ്ണുകള്‍ തുറക്കുന്നു. പിന്നെ മൃദുഹാസത്തോടെ പറയുന്നു. 
'ഞാനെപ്പോഴും പറയാറില്ലേ; മലയാളസിനിമയില്‍ ഒരു റൗണ്ട് വെടിപൊട്ടിക്കാനുള്ള മരുന്ന് നിന്റെ കയ്യിലുണ്ട്. വീണുകൊടുക്കരുത്. വീണാല്‍ എല്ലാവനും ചവിട്ടിത്തേച്ച് കടന്നുപോകും ...'

മരണവീട്ടിലേക്ക് പുതുതായെത്തുന്നവരും അവിടെനിന്ന് പിരിഞ്ഞുപോകുന്നവരും ഇടയ്‌ക്കെങ്കിലും ചെറിയ തിക്കും തിരക്കും സൃഷ്ടിച്ചുകൊണ്ടിരുന്നു. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് ബോഡികള്‍ എപ്പോള്‍ കൊണ്ടുവരുമെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. രഘുനാഥന്റെ ബന്ധുക്കളിലാരെയും റിഷിക്ക് മുന്‍പരിചയമില്ലായിരുന്നു. ആരോടും സംസാരിക്കാനൊന്നുമില്ലാതെ പുറത്തെ ടാര്‍പ്പാള്‍ വിരിച്ചുകെട്ടിയ തണലില്‍ കസാലയിട്ട് അയാളിരുന്നു.  

മരണവിവരമറിഞ്ഞ്  രഘുനാഥന്റെ പഴയ അസിസ്റ്റന്റുമാരില്‍ ചിലര്‍ വന്നുപോയതൊഴിച്ചാല്‍ സിനിമാരംഗത്തുനിന്ന് കാര്യമായി ആരുമെത്തിയിട്ടില്ലെന്ന് റിഷി ശ്രദ്ധിച്ചു. ഒരുപക്ഷേ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് ബോഡികളെത്തുമ്പോഴേക്കും ചിലരൊക്കെ വന്നേക്കും. സംഘടനയുടെ പേരില്‍ റീത്തു വച്ചേക്കും. ഫേസ് ബുക്കിലും മറ്റും രഘുനാഥന്റെ ദുരന്തത്തിലുള്ള ആളുകളുടെ പ്രതികരണം അയാള്‍ തെരഞ്ഞു. പലരും, പ്രത്യേകിച്ചു സിനിമയെ ഇഷ്ടപ്പെടുന്നവര്‍, രഘുനാഥനെന്ന സംവിധായകനെ ഓര്‍ക്കുന്നുണ്ട്. ഒട്ടേറെ പേര്‍ അയാളെ ഇഷ്ടപ്പെടുന്നുണ്ട്. ചിലരൊക്കെ അയാളുടെ സിനിമകളെപ്പറ്റി വാചാലമാകുന്നുണ്ട്. കൂട്ടത്തില്‍ സിനിമാരംഗത്തുള്ള ചിലരുടെ പോസ്റ്റുകളുമുണ്ട്. അതിലൊന്ന് നടന്‍ രമേഷ്‌കുമാറിന്റെ കുറിപ്പാണ്. 

ആ വരികളിലൂടെ കടന്നുപോയപ്പോള്‍ റിഷിക്കു വല്ലാത്ത അമര്‍ഷം തോന്നി. മരിച്ചുപോയ രഘുനാഥന്റെ ആത്മാവു പോലും ആ പ്രകീര്‍ത്തനങ്ങള്‍ പൊറുക്കില്ല.  എക്‌സ്ട്രാ നടനായിരുന്ന കാലത്ത് ഉറങ്ങാനൊരു മുറി പോലും ലഭിക്കാതെ വരാന്തയില്‍ വെറുംനിലത്ത് മഞ്ഞുകൊണ്ടുകിടക്കുമ്പോള്‍ അന്നത്തെ പടത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍ രഘുനാഥന്റെ മനസ്താപത്തില്‍ അയാളുടെ മുറിയിലെത്തിയ, പടം തീരും വരെ അയാളുടെ കാരുണ്യത്തില്‍ മുറിയില്‍ കഴിഞ്ഞ ഒരു രമേഷ്‌കുമാറിനെക്കുറിച്ച് റിഷി കേട്ടിട്ടുണ്ട്. കരിയറില്‍ സംഭവിച്ച ഇടവേളയില്‍ നിന്നു രക്ഷപ്പെടാന്‍ രഘുനാഥന്‍ ഡേറ്റു ചോദിച്ചു ചെന്നപ്പോള്‍ കഥ മുഴുവന്‍ കേട്ടെന്നു വരുത്തി മറ്റൊരു ചിത്രത്തില്‍ ഒപ്പമുള്ള നായകനടന്റെ കഥാപാത്രവുമായി ക്ലാഷുണ്ടാവുമെന്നു പറഞ്ഞ് തന്ത്രപൂര്‍വ്വം ഒഴിവാക്കിവിട്ട ഒരു രമേഷ്‌കുമാറിനെ റിഷി കണ്ടിട്ടുണ്ട്.  

പക്ഷേ രമേഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു.

-ഇനി ആ സ്റ്റാര്‍ട്ടും കട്ടുമില്ല
എനിക്കേറ്റവും ഇഷ്ടമുള്ള േേജ്യഷ്ഠസഹോദരനായിരുന്നു ശ്രീ. രഘുനാഥന്‍. 
എന്റെ കരിയറിന്റെ ആദ്യകാലം മുതല്‍ അദ്ദേഹവുമായെനിക്ക് സൗഹൃദമുണ്ട്. എന്റെ ഒന്നു രണ്ടു പടങ്ങളില്‍ അദ്ദേഹം പ്രധാന സംവിധാന സഹായിയായിരുന്നു. അന്നൊക്കെ പരസ്പരമുള്ള ആശയവിനിമയത്തിന്റെ സൗകര്യം നോക്കി ഞാനെന്റെ റൂം തന്നെയുപേക്ഷിച്ച് അദ്ദേഹത്തോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഇടയ്ക്ക് അദ്ദേഹത്തിനു സിനിമയില്‍ നിന്ന് മാറിനില്‍ക്കേണ്ടിവന്നു. അപ്പോഴെല്ലാം ഞാനദ്ദേഹത്തോടു തിരിച്ചുവരാന്‍ ആവശ്യപ്പെടുകയും എന്നോടൊപ്പം സിനിമാലോകത്തു പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഈ അടുത്ത കാലത്തു പോലും ഞാനദ്ദേഹത്തോടു പറഞ്ഞു. ഒരു കഥ... അതിനി ഏതു കഥയായാലും വേണ്ടില്ല. രഘുവേട്ടനെന്നോടു കഥ പോലും പറയണ്ട... ഓപ്പണ്‍ ഡേറ്റു തന്നിരിക്കുകയാണ്... നിങ്ങള്‍ പടം ചെയ്യണം... തിരിച്ചുവരണമെന്ന്. 
എന്തുകൊണ്ടോ രഘുവേട്ടന്‍ അതിനുള്ള ശ്രമമെടുത്തില്ല.  
ഇപ്പോള്‍ ഇങ്ങനെയൊരു വാര്‍ത്ത കേള്‍ക്കുമ്പോള്‍ വല്ലാത്ത വേദനയുണ്ട്.

എക്‌സ്ട്രാ നടനില്‍ നിന്നും രമേഷ്‌കുമാര്‍ എത്രമാത്രം അഭിനയിച്ചു മുന്നേറിയിരിക്കുന്നെന്ന് ബോധ്യപ്പെടാന്‍ ആ ഫേസ്ബുക്ക് പോസ്റ്റ് ധാരാളമായിരുന്നു. റിഷിക്കയാളോട് അറപ്പാണു തോന്നിയത്. ഇവനെപ്പോലെയുള്ള അവസരവാദികളുടെ കയ്യിലാണ് ഇന്ന് സിനിമയെന്ന് അയാളോര്‍ത്തു. 

വൈകിട്ടോടെയാണ് പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് ബോഡികളെത്തിയതും സംസ്‌ക്കരിച്ചതും. അതിനിടെ രണ്ടുതവണ വാര്‍ഡന്റെ കോള്‍ വന്നെങ്കിലും വിശദമായി സംസാരിക്കാവുന്ന സാഹചര്യമല്ലാത്തതുകൊണ്ട് റിഷി അറ്റന്‍ഡ് ചെയ്തിരുന്നില്ല. രഘുനാഥന്റെ വീട്ടില്‍ നിന്നു മടങ്ങിയതിനു ശേഷം അയാള്‍  വാര്‍ഡനെ തിരിച്ചുവിളിച്ചു.

' സോറി മാഡം. ഞാനൊരു മരണവീട്ടിലായിരുന്നു '

' ഞാന്‍ വിളിച്ചത്... സാമുവലിനെ നമുക്കിതുവരെ ലൈനില്‍ കിട്ടിയിട്ടില്ല. ഇപ്പോത്തന്നെ വൈകി. ഇനിയും പോലീസിലറിയിച്ചില്ലെങ്കില്‍... '

പള്ളിയുടെ ജൂബിലി ആഘോഷങ്ങളുടെ തിരക്കില്‍പ്പെട്ടതു തന്നെയാവാം സാമുവലിനെ കിട്ടാത്തതിനു കാരണം. റിഷിയും ഇതിനകം അയാളെ ട്രൈ ചെയ്തിരുന്നു . അപ്പോഴും റിംഗ് ചെയ്തതേയുള്ളൂ. 

'മാഡം സെക്രട്ടറിയൊടൊന്നാലോചിച്ച് വേണ്ടതു ചെയ്യൂ '

' സെക്രട്ടറിയോടു സംസാരിച്ചു. സാറും അതാണു പറയുന്നത്. തട്ടിക്കൊണ്ടു പോയതായി പരാതിയായിട്ടൊന്നും കൊടുക്കണ്ട... കുഞ്ഞുമായി ഹോസ്പിറ്റലില്‍ പോയ ജീന മടങ്ങിവന്നില്ലെന്നും ഭര്‍ത്താവിനൊപ്പം പോകുകയാണെന്ന് വിളിച്ചറിയിച്ചെന്നും പോലീസില്‍ ഇന്‍ഫര്‍മേഷന്‍ നല്‍കിയേക്കാനാണ് സാര്‍ പറയുന്നത്. '

രാത്രിയോ അടുത്ത ദിവസമോ ഗോണിക്കൊപ്പലിലെ മൊണാസ്ട്രിയുടെ നമ്പരെടുക്കണമെന്നും അവിടെ വിളിച്ച് സാമുവലിനെ കിട്ടുമോയെന്ന് അന്വേഷിക്കണമെന്നും റിഷി തീരുമാനിച്ചു. 

രഘുനാഥന്റെ വീട്ടില്‍ നിന്നുമെത്തുമ്പോള്‍ അയാള്‍ നന്നേ ക്ഷീണിതനായിരുന്നു. കുളിച്ചു ഫ്രഷായ അയാള്‍ക്ക് ചായയുമായി അമ്മയെത്തി. കൂട്ട ആത്മഹത്യയെപ്പറ്റിയുള്ള വാര്‍ത്ത അവര്‍ ഇതിനകം ടിവിയില്‍ കണ്ടിരുന്നു. എന്നുതന്നെയല്ല റിഷി സിനിമയ്ക്കുവേണ്ടി ശ്രമം നടത്തിയിരുന്നത് ആത്മഹത്യ ചെയ്ത രഘുനാഥനുമായി ചേര്‍ന്നാണെന്നും അമ്മ മനസ്സിലാക്കിയിരുന്നു. തന്റെ കാഴ്ചപ്പാടിലുള്ള രഘുനാഥനും ദീപയും ദീപുവും എന്തായിരുന്നെന്ന് റിഷി അവരോടു വിശദീകരിച്ചു. അമ്മയുടെ മനസ്സ് വല്ലാതെ വേദനിച്ചെന്നയാള്‍ക്കു തോന്നി. 

ദീര്‍ഘനിശ്വാസമുതിര്‍ത്ത് അമ്മ അരികില്‍ നിന്നു നീങ്ങിയപ്പോള്‍ വെറുതെയെങ്കിലും റിഷി ആശിച്ചു ; ഇന്നലെ ഈ നേരത്തെങ്കിലും കുറച്ചു പണത്തിന്റെ ആവശ്യമുണ്ടെന്ന് രഘുവേട്ടന്‍ തന്നോടു പറഞ്ഞിരുന്നെങ്കിലെന്ന്. അല്ലെങ്കില്‍ പണത്തിന്റെ എന്തെങ്കിലും അത്യാവശ്യമുണ്ടോയെന്ന് ചോദിക്കാന്‍ തനിക്കു തോന്നിയിരുന്നെങ്കിലെന്ന്. അതു സംഭവിച്ചിരുന്നെങ്കില്‍ അവരിപ്പോഴും ഈ ലോകത്തുണ്ടാകുമായിരുന്നു. രഘുവേട്ടന്റെ സര്‍ഗ്ഗചിന്തകളും ദീപചേച്ചിയുടെ പൂ വിരിയുന്നതുപോലുള്ള പുഞ്ചിരിയും ദീപുവിന്റെ സ്വപ്‌നങ്ങളും ബാക്കിയുണ്ടാവുമായിരുന്നു.

റിഷി പെട്ടെന്ന് ജയിംസിനെ ഓര്‍ത്തു. രഘുനാഥന്റെ ആത്മഹത്യ അയാള്‍ അറിഞ്ഞിട്ടുണ്ടാവും. എന്നാല്‍ അതിന്റെ ലക്ഷണമൊന്നും കണ്ടില്ല. അയാളെ ഇതുവരെ നേരിട്ടുവിളിക്കേണ്ട ആവശ്യം റിഷിക്കുണ്ടായിട്ടില്ല. അതേസമയം റിഷിയുടെ മൊബൈല്‍ നമ്പര്‍ ജയിംസിന്റെ കയ്യിലുണ്ടുതാനും. അയാളെയൊന്നു വിളിക്കാന്‍തന്നെ റിഷി നിശ്ചയിച്ചു. ഒരുപരിധിവരെ ആ മൂന്നു മരണങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്തത്തില്‍നിന്ന് ജയിംസിന് ഒഴിഞ്ഞു നില്‍ക്കാനാവില്ല. റിഷി അയാളെ ഫോണില്‍ വിളിച്ചു.

കാര്യങ്ങള്‍ ജയിംസ് ശ്രദ്ധയോടെ കേട്ടു. ഒടുവില്‍ സഹതാപത്തോടെ അയാള്‍ പ്രതികരിച്ചു.
' കഷ്ടമായിപ്പോയി. നല്ല കഴിവുള്ളയാളായിരുന്നു രഘുനാഥന്‍. എന്തു ചെയ്യാനാ. ടാലന്റ്‌സുള്ളോരൊക്കെയിങ്ങനാ. വല്ലാതങ്ങു സെന്‍സിറ്റീവാകും. ഇതിപ്പോ ഇന്റര്‍വെല്ലിനുമന്‍പ് പടം തീര്‍ന്നതുപോലെയായില്ലേ '

ജയിംസിന്റെ മറുപടി കേട്ടപ്പോള്‍ റിഷിക്കു പ്രതികരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

' അച്ചായാ... നിങ്ങളൊരാള്‍ വിചാരിച്ചിരുന്നെങ്കില്‍ ഇന്റര്‍വെല്ലിനുമുമ്പു പടം തീരില്ലായിരുന്നു '

' അതിനു ഞാനെന്താ ചെയ്‌തെന്നാ ഇയാളു പറയുന്നെ...?'

മറുപടി പറയാതെ റിഷി ഫോണ്‍ കട്ടു ചെയ്തു. ജയിംസിപ്പോള്‍ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും മദ്യത്തിന്റെ ഹാങ്ങ്ഓവറിലായിരിക്കും. എതെങ്കിലും സുന്ദരിമാരുടെ ശരീരഭാഗങ്ങള്‍ ലാളിക്കുന്ന തിരക്കിലാവും അയാള്‍. 

സമയം വൈകിയെങ്കിലും ശിവാനിയുടെ വീട്ടിലേക്കു പോകണമെന്ന് റിഷിക്കു തോന്നി. രഘുനാഥന്റെ മരണത്തോടെ റിഷിയുടെ സിനിമാഭാവിയെക്കുറിച്ച് വ്യാകുലപ്പെടുന്ന ഒരാള്‍ സതീഷാണ്.  

' ജയിംസെത്ര നിസ്സാരമായിട്ടാണു പറയുന്നത്... ഇന്റര്‍വെല്ലിനുമുമ്പ് പടം തീര്‍ന്നെന്ന്. അയാള്‍ക്കൊക്കെ അതേ തോന്നൂ. ഓരോരുത്തരുടെയും കള്‍ച്ചര്‍; അല്ലാതെന്താ ' 
റിഷിയുടെ നീരസം വിട്ടുമാറിയിരുന്നില്ല.

' എന്നാലും രഘുനാഥനിങ്ങനെ ചെയ്തത്... അത്രയ്ക്കു ഭീരുവായിരുന്നോ അയാള്‍ ? '
ശിവാനി അവിശ്വസനീയതയോടെ റിഷിയെ നോക്കി.

' നോ. ഞാനറിയുന്ന രഘുവേട്ടന്‍ ഭീരുവല്ല. പക്ഷേ ഇതിപ്പോ... അയാള്‍ പരമാവധി ശ്രമിച്ചതാണ്. കൈയില്‍ നില്‍ക്കാതെ പോയി '

എല്ലാം നിശ്ശബ്ദനായി കേട്ടിരുന്ന സതീഷ് മുഖം കൊണ്ട്  'റ ' എന്ന് അര്‍ത്ഥവൃത്തം വരച്ചു.
' റിഷി പറഞ്ഞ അറിവേ എനിക്കയാളെപ്പറ്റിയുള്ളൂ. ഒന്നെനിക്കു മനസ്സിലായി. ആരുടെ മുന്നിലും അഭിമാനം അടിയറ വെയ്ക്കുന്നയാളായിരുന്നില്ല രഘുനാഥന്‍. തട്ടിച്ചും വെട്ടിച്ചും കഴിയുന്നവരുടെ ലോകത്ത് അധികപ്പറ്റായി സ്വയം തോന്നിയിട്ടുണ്ടാവും '

റിഷിയുടെ സിനിമാഭാവിയെക്കുറിച്ചോ എഴുതിവന്ന സ്‌ക്രിപ്റ്റിനെപ്പറ്റിയോ അന്നത്തെ ദിവസം ഒന്നും പറയാന്‍ സതീഷ് ശ്രമിച്ചില്ല. പകരം ഒരാഴ്ചത്തേക്ക് മനസ്സിനെ സ്വസ്ഥമായി വിടാന്‍ ഉപദേശിക്കുകയാണ് ചെയ്തത്. എന്നത്തെയും പോലെ സതീഷിന്റെയും ശിവാനിയുടെയും അടുത്തുനിന്നു മടങ്ങുമ്പോള്‍ റിഷി ശാന്തത കൈവരിച്ചിരുന്നു.  

നിരത്തുവരെ അയാളെ പിന്തുടര്‍ന്ന ശിവാനി സ്‌നേഹപൂര്‍വ്വം പറഞ്ഞു. 
' ടോ മാഷേ... വെറുതെ ചിന്തിച്ചു കൂട്ടാനൊന്നും നില്‍ക്കണ്ട. ടെന്‍ഷന്‍ വന്നാല്‍ വിളിച്ചോളൂ. ശിവാനി അപ്പോഴവിടെയെത്തും.'

ശിവാനിയുടെ ചുരുള്‍ മുടിയില്‍ നിന്നു പ്രസരിക്കുന്ന കര്‍പ്പുരഗന്ധം ഏറ്റുവാങ്ങി റിഷി ബൈക്ക് മുന്നോട്ടെടുത്തു. 

റിഷിയുടെ ചിന്തകളെല്ലാം രഘുനാഥനിലും ജീനയിലുമാണെത്തി നിന്നത്. ഇരുവരുടെയും അവസ്ഥകള്‍ക്ക് സമാനതകളുണ്ട്. നിസ്സഹായതയുടെ ഇരകളാണവര്‍. രഘുനാഥന്‍ നിസ്സഹായതയ്ക്കുമുന്നില്‍ ജീവിതത്തെ സമര്‍പ്പിച്ച് പരാജയം സമ്മതിക്കുകയായിരുന്നു. അതേ സമയം ജീവിതം തിരിച്ചുപിടിക്കണമെന്ന് ചിന്തിച്ചുതുടങ്ങിയപ്പോഴാണ് ജീനയെ നിസ്സഹായത കീഴടക്കിയത്. രണ്ടും റിഷിയെ സംബന്ധിച്ചിടത്തോളം അസാമാന്യമായ നഷ്ടങ്ങളാണ്. പുതിയൊരു മാധ്യമമായ സിനിമയിലേക്കുള്ള പ്രവേശനം തുടക്കത്തില്‍ത്തന്നെ വിലക്കപ്പെട്ടിരിക്കുന്നു. ജീനയുടെ വിഷയത്തില്‍ അയാള്‍ക്ക് തൊഴില്‍പരമായ തെറ്റുതിരുത്തലിനും സ്വസ്ഥമായ പ്രശ്‌നപരിഹാരത്തിനുമുള്ള അവസരം നിഷേധിക്കപ്പെട്ടിരിക്കുന്നു. രണ്ടും അത്യന്തം വേദനാജനകമാണ്. എത്രയൊക്കെ ആശ്വാസം കണ്ടെത്താന്‍ ശ്രമിച്ചാലും അതവിടെ നിലനില്‍ക്കും. 

പുറത്ത് മേഘക്കീറുകളില്‍ നിന്ന് നിലാവെള്ളിച്ചാലുകള്‍ ജാലകത്തിലൂടെ മുറിയിലേക്കൊഴുകി. സിനിമ ഒരു വെള്ളിവെളിച്ചമാണ്. അതിന്റെ പ്രഭയില്‍ വിളങ്ങിനില്‍ക്കുന്നത് അത്ര എളുപ്പമല്ല. ഭാഗ്യത്തിന്റെ ഒരു കളിയാണത്. റിഷി നെടുനിശ്വാസം പൂണ്ടു. 

രാത്രിഭക്ഷണം കഴിച്ചിരിക്കുമ്പോഴാണ് പരിചയമില്ലാത്ത നമ്പരില്‍ നിന്നും റിഷിക്കൊരു ഫോണ്‍ വന്നത്. അയാളത് അറ്റന്റ് ചെയ്തു.

' ഞാന്‍ ദുര്‍ഗ്ഗയാണ്. '

അപ്രതീക്ഷിതമായ കോള്‍. കസേരയില്‍ നിന്നും റിഷി അറിയാതെതന്നെയെഴുനേറ്റുപോയി. അങ്ങേയറ്റത്തെ ജിജ്ഞാസയോടെ അയാള്‍ കാതോര്‍ത്തു.

' സ്വാമി വൈദ്യര്‍ പറഞ്ഞിട്ടു വിളിക്കുകയാണ്. '

' പറഞ്ഞോളൂ ദുര്‍ഗ്ഗാ'

ഒരു നിമിഷം നിശ്ശബ്ദത . പിന്നാലെ ഉറച്ച ശബ്ദം.

' കിരണ്‍രാജ് ഇവിടെയുണ്ട്... വൈദ്യമഠത്തില്‍.  ജീനയും കുട്ടിയും അയാള്‍ക്കൊപ്പമുണ്ട് '

ഒരു നിമിഷം എന്തുചെയ്യണമെന്നറിയാതെ റിഷി നിന്നു. 

( തുടരും )

മുന്‍ ഭാഗങ്ങള്‍ വായിക്കാം

Content Highlights: Malayalam Novel based on true story part twenty