വഴിത്തിരിവ് 

'ക' അതുപോലെയാണ് ശിവാനിയുടെ അച്ഛന്‍ സതീഷിന്റെ മുഖം വൃത്താകൃതിയിലുള്ള ഫുള്‍ റിം കണ്ണട മൂക്കില്‍ വച്ചാല്‍ ' ക' എന്ന അക്ഷരം തന്നെ. സ്‌റ്റേറ്റ് ലൈബ്രേറിയനായി റിട്ടയര്‍ ചെയ്തതയാളാണ് സതീഷ്. മുപ്പതുകൊല്ലം അക്ഷരങ്ങള്‍ക്കിടയില്‍ മുങ്ങിത്തപ്പുകയായിരുന്നു അയാള്‍. പുതുമണം മാറാത്തതുമുതല്‍ വാര്‍ദ്ധക്യം ബാധിച്ചതു വരെയുള്ള പുസ്തകങ്ങളിലായി ലൈബ്രറിറാക്കുകളില്‍ നിരന്ന എണ്ണമറ്റ ജീവിതങ്ങളെ അനുഭവിച്ച മനുഷ്യന്‍. 

ഒരാള്‍ക്ക് തന്റെ തൊഴിലിനോട് എത്രമാത്രം താദാത്മ്യം പ്രാപിക്കാനാവുമെന്നതിന് സതീഷിന്റെ മുഖരൂപം മാത്രമായിരുന്നില്ല ശരീരഭാഷയും ഉത്തരമായിരുന്നു. എന്തുപറയാനൊരുങ്ങിയാലും അതിന്റെ ആദ്യാക്ഷരം മുഖം കൊണ്ടു വരച്ചിട്ടാണ് അയാള്‍ തുടങ്ങുക. ശിവാനി എവിടെയെന്നു ചോദിച്ചാല്‍ അതിനുത്തരം അവളിവിടെയില്ല എന്നാണെങ്കില്‍ സതീഷിന്റെ ശിരസ്സും മുഖവും 'അ' എന്നു ചലിച്ചുകൊണ്ടായിരിക്കും അതു പറയുക. അത്രത്തോളം ജൈവാക്ഷരമായിക്കഴിഞ്ഞിരുന്നു അദ്ദേഹം. ജോലിയുടെ ഭാഗമെന്നോണം ലാപ്‌ടോപ്പ് കൈവശം വച്ചിരുന്നെങ്കിലും അയാളത് കാര്യമായി ഉപയോഗിച്ചിരുന്നില്ല. ഫൗണ്ടന്‍ പേനയില്‍ മഷി നിറച്ചുള്ള എഴുത്ത് ഉപേക്ഷിക്കാനാകാത്തതാണ് അതിന്റെ കാരണം. അതും വയലറ്റ് നിറമുള്ള മഷി തന്നെ വേണം. മഷിയുരഞ്ഞുതിരുന്ന അക്ഷരങ്ങള്‍ കടലാസുപുറത്തുകിടന്നുരുളുമ്പോള്‍ അതു പങ്കുപറ്റുന്ന ജീവാംശം ഐ.എസ്.എമ്മിലോ, ടൈപ്പ് ഇറ്റിലോ മംഗ്ലീഷിലോ അയാള്‍ക്കു കിട്ടിയിരുന്നില്ല. 

എന്നാല്‍ ശിവാനി അങ്ങനെ ആയിരുന്നില്ല. സതീഷിന്റെ മുഖം 'ക' പോലെയായിരുന്നെങ്കില്‍ അവളുടേത് 'സൂം ലെന്‍സ്' പോലെയായിരുന്നു. ഒരാളെ ഒരുതവണ കണ്ടാല്‍മതി, അയാളെയവള്‍ ചൂഴ്‌ന്നെടുത്തിരിക്കും. ഉള്ളറകളിലേക്ക് കടന്നുകയറുന്ന അവളുടെ വിലയിരുത്തലുകള്‍ മിക്കപ്പോഴും പാളിയിരുന്നില്ല. ആ നിരീക്ഷണപാടവം നിരവധി സന്ദര്‍ഭങ്ങളില്‍ റിഷി നേരിട്ടറിഞ്ഞിട്ടുണ്ട്. രണ്ടുപേരും മീഡിയ അക്കാദമിയില്‍ ഒരേ ബാച്ചിലാണ് പഠിച്ചത്. റിപ്പോര്‍ട്ടറോ സബ് എഡിറ്ററോ ആകുന്നതില്‍ ശിവാനി താല്‍പ്പര്യപ്പെട്ടിരുന്നില്ല. മറിച്ച് ഒരു ഫോട്ടോ ജേര്‍ണലിസ്റ്റ് ആകാനാണ് ആഗ്രഹിച്ചത്. അതുകൊണ്ടുതന്നെ ഔട്ട്‌ഡോര്‍ അസൈന്‍മെന്റുകളില്‍ ആര്‍ക്കൊപ്പം വേണമെങ്കിലും ക്യാമറയുമായി പോകാന്‍ അവള്‍ തയ്യാറായിരുന്നു. അവളുടെ ക്യാമറാവര്‍ക്കിന്റെ റിസള്‍ട്ടും മെച്ചപ്പെട്ടതായിരുന്നു. 

കോഴ്‌സ് പൂര്‍ത്തിയാക്കിയിട്ട് വര്‍ഷങ്ങളായിട്ടും മാധ്യമസ്ഥാപനങ്ങളിലൊന്നിലും അവള്‍ ജോലിക്കു ശ്രമിക്കാത്തതില്‍ റിഷി മുമ്പൊക്കെ അത്ഭുതപ്പെട്ടിരുന്നു. തൊഴിലിനുവേണ്ടിയല്ല കോഴ്‌സ് ചെയ്തതെന്ന മട്ടും മാതിരിയുമായിരുന്നു അവളുടേത്. മീഡിയയില്‍ ക്യാമറാവുമണിന്റെ പ്രാധാന്യം വര്‍ദ്ധിച്ച കാലമാണ്. റിപ്പോര്‍ട്ടിംഗിലും ക്യാമറയിലും ഒരുപോലെ കഴിവുള്ള, മള്‍ട്ടിടാസ്‌ക് ഏല്‍പ്പിക്കാനാവുന്ന ആളെന്ന നിലയില്‍ ഏതു തൊഴില്‍ സ്ഥാപനവും അവളെ ഇരുകൈയും നീട്ടി സ്വീകരിക്കും. റിപ്പോര്‍ട്ടര്‍ തന്നെ ക്യാമറ ചെയ്യുക, ക്യാമറയുടെ അഭാവത്തില്‍ മൊബൈല്‍ ജേര്‍ണലിസ്റ്റാകുക, സ്‌പോട്ടില്‍ വച്ചുതന്നെ ലാപ് ടോപ്പില്‍ എഡിറ്റു ചെയ്ത് പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ റൂമിലേക്കയയ്ക്കുക... അങ്ങനെ മൂന്നും നാലും പേര്‍ ചെയ്തിരുന്ന ജോലി ഒരാളിലേക്കൊതുക്കാനാണ് മാധ്യമങ്ങള്‍ ആഗ്രഹിക്കുന്നത്. ചാനല്‍ ത്രീയിലേക്ക് അവളെ നിര്‍ദ്ദേശിക്കട്ടേയെന്ന് ആദ്യകാലത്ത് റിഷി ചോദിച്ചിരുന്നു. എന്നാല്‍ സ്വതന്ത്രമായി എന്തെങ്കിലും ചെയ്യാനായിരുന്നു അവളുടെ ആഗ്രഹം. അക്ഷരങ്ങളെക്കാള്‍ കൂടുതല്‍ ശിവാനിക്ക് താല്‍പ്പര്യം ഗാഡ്ജറ്റുകളോടായിരുന്നു. ആദ്യമൊന്നും റിഷിക്കതില്‍ കൗതുകം തോന്നിയിരുന്നില്ല. പക്ഷേ സതീഷിനെ കണ്ടതോടെ അതുമാറി. പിതാവിനെ കോഴ്‌സ് പൂര്‍ത്തിയായ കാലത്താണ് റിഷിക്കവള്‍ പരിചയപ്പെടുത്തിക്കൊടുത്തത്. അക്ഷരങ്ങള്‍ക്കും ഗാഡ്ജറ്റുകള്‍ക്കുമിടയില്‍ അവളുടെ സ്ഥാനത്തെക്കുറിച്ച് അന്നാണ് റിഷി ആദ്യമായി സംശയിച്ചത്. 

' അക്ഷരത്തിന്റെ ആത്മാവു തൊട്ടറിഞ്ഞ ഒരാളുടെ മകള്‍... എന്നിട്ടെന്താ അക്ഷരത്തോടു യാതൊരു അഫക്ഷനും നിനക്കില്ലാതെ പോയത്?'

ആ ചോദ്യം കേട്ട് ശിവാനി പൊട്ടിച്ചിരിച്ചു.
' അതിനിപ്പം ഞാനെന്താ മാഷേ മറുപടി തരേണ്ടത്... അധ്യാപകന്റെ മകനായിരുന്നല്ലോ റിഷി. എന്നിട്ട് റിഷി എന്തുകൊണ്ട് അധ്യാപകനായില്ല. അത്രേയുള്ളൂ . '

ശിവാനിയുടെ വ്യത്യസ്ത നിലപാടുകള്‍ റിഷിയെ ആകര്‍ഷിച്ചിരുന്നു. ഒരുപക്ഷേ അവര്‍ക്കിടയിലുള്ള സമവാക്യത്തിന്റെ പൊരുളും അതുതന്നെയായിരുന്നു.   

രാവിലെ തന്നെ റിഷി അവളെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞിരുന്നു. അങ്ങനെയാണ് എട്ടുമണിയോടെ അയാള്‍ അവിടെയെത്തിയത്. 

പത്രത്തില്‍ മുഖം പൂഴ്ത്തി പൂമുഖത്ത് സതീഷുണ്ടായിരുന്നു. റിഷിയെ കണ്ടതും അയാളുടെ മുഖം 'ഗു ' എന്ന രൂപത്തില്‍ വളഞ്ഞുതിരിഞ്ഞു. 
' ഗുഡ്‌മോണിംഗ് റിഷി '

' ഗുഡ്‌മോണിംഗ് സാര്‍. ശിവാനി റെഡിയായോ സാര്‍ '

സതീഷിന്റെ മുഖം ' ഇ ' വരച്ചു.
' ഇപ്പോള്‍ റെഡിയാവും. റിഷി ഇരിക്കൂ.'

സതീഷ് തൊട്ടു മുന്നിലുള്ള കസേര അയാള്‍ക്കുവേണ്ടി നീക്കിയിട്ടുകൊടുത്തു. ഷൂസഴിച്ചു വച്ച് റിഷി മുറിയിലേക്കു കയറി. 

നൈറ്റ് ഷിഫ്റ്റ് കഴിയും മുമ്പ് അല്‍പ്പം നേരത്തെ റിഷി ഓഫീസില്‍ നിന്നുമിറങ്ങിയതാണ്. അടുത്ത ജനറല്‍ ഷിഫ്റ്റുകൂടി ഏറ്റെടുത്താലും വേണ്ടില്ല , വനിതാ സദനത്തിലെ വാര്‍ത്ത മറ്റൊരാള്‍ക്കു കൈമാറേണ്ടതില്ലെന്ന് അയാള്‍ തീരുമാനിച്ചിരുന്നു. അയാളെ പേരെടുത്തു സംബോധന ചെയ്തുകൊണ്ടാണ് വെല്‍വിഷര്‍ വാര്‍ത്ത കൈമാറിയത്. തന്നെയുമല്ല, ആ ശബ്ദം മുന്‍പരിചയമുള്ളതുമായിരുന്നു. വാര്‍ഡനുമായി രാവിലെ കാണാന്‍ ധാരണ ഉണ്ടാക്കിയിട്ടുള്ളതും റിഷിയാണ്. ആ സാഹചര്യത്തില്‍ വാര്‍ത്ത മറ്റൊരാളെ ഏല്‍പ്പിച്ചുപോകുന്നത് ഉചിതമല്ലെന്ന് റിഷി കരുതി. 

വീട്ടിലെത്തി കുളിച്ചു തയ്യാറെടുക്കുന്നതിനിടയിലാണ് അങ്ങനെയൊരാശയം റിഷിക്കു തോന്നിയത്. സദനത്തിലേക്കു പോകുമ്പോള്‍ ശിവാനി ഒപ്പമുള്ളതു നന്നായിരിക്കും. ക്യാമറാ പേഴ്‌സണായി ഒരു പെണ്‍കുട്ടി കൂടെയുള്ളത് വാര്‍ഡന്റെയും അവിടെയുണ്ടെന്ന് പറയപ്പെടുന്ന സ്ത്രീയുടെയും വിശ്വാസമാര്‍ജ്ജിക്കാന്‍ നല്ലതാണ്. അയാള്‍ അപ്പോള്‍ത്തന്നെ ബ്യൂറോയില്‍ നിന്നുള്ള ക്യാമറ വേണ്ടെന്ന് വിളിച്ചറിയിച്ചു. ഡ്യൂട്ടിയിലെത്തേണ്ട ക്യാമറാമാന്‍ മുരളി കട്ടേലയായിരുന്നു. മെറ്റില്‍ഡയുടെ ഷിഫറ്റ് അനുസരിച്ചു വരാന്‍ കൊതിക്കുന്ന കട്ടേലയ്ക്ക് ക്യാമറ ക്യാന്‍സല്‍ ചെയ്തത് അനുഗ്രഹമായി. 

'അല്ലാ, ഇന്നെന്താ വിശേഷം . അവള്‍ ചിലതൊക്കെ പറഞ്ഞിരുന്നു. '
സതീഷ് പത്രം മടക്കി വച്ച് കുശലാന്വേഷണത്തിനു തയ്യാറെടുത്തു. 

' വനിതാസദനത്തിലാണ് സാര്‍. ഇന്‍ഫര്‍മേഷന്‍ തെറ്റോ ശരിയോ എന്നറിയില്ല. രണ്ടായാലും അതിലൊരു സ്‌റ്റോറിയുണ്ടെന്നു തോന്നുന്നു...'

സതീഷ് തലയാട്ടി ശരിവച്ചു. പിന്നെ പത്രം മടക്കിവച്ച് 'ക' എന്ന മുഖത്തുനിന്ന് കണ്ണാടി മാറ്റി.
' അതത്ര സീരിയസ് ഇഷ്യൂവാണോ ? ഇനിയിപ്പോള്‍ അവരൊരു രോഗിയാണെങ്കില്‍ത്തന്നെ ... അവരെയങ്ങു വെറുതെ വിട്ടേക്കണം. അതല്ലേ നല്ലത്. '

റിഷി ചെറുചിരിയില്‍ മറുപടി ഒതുക്കി. അതോടെ സതീഷ് ഒന്നുകൂടി നിലപാട് വ്യക്തമാക്കി. 
'ഞാന്‍ പറഞ്ഞെന്നേയുള്ളൂ. മീന്‍ കച്ചവടം പോലെയായില്ലേ ഇന്നു പത്രപ്രവര്‍ത്തനം. ഫോര്‍മാലിനും അമോണിയയുമൊക്കെ ചേര്‍ത്ത്... മനുഷ്യനെന്ത് ആരോഗ്യപ്രശ്‌നം വന്നാലെന്താ ... മരിച്ചാലെന്താ . വാരിവലിച്ചു വില്‍ക്കണം. കാശുണ്ടാക്കണം അത്രതന്നെ . '

'ഇടയ്ക്ക് പച്ച മത്സ്യവും ... കുറച്ചു വില കൂടുതലാണെങ്കിലും ശരി... വില്‍ക്കുന്ന പത്രക്കാരുമുണ്ട് സാര്‍ '

ഇത്തവണ സതീഷാണ് ചിരിച്ചത്. ആ ചിരിയെ മറികടന്ന് അവര്‍ക്കിടയില്‍ ശിവാനിയുടെ അമ്മ ചായ കൊണ്ടുവച്ചു.

'ഡിസ്‌കറേജ് ചെയ്തതല്ലെടോ...  തന്റെ അന്വേഷണം നടക്കട്ടെ. ചെലപ്പോ തനിക്കു നല്ലൊരു സിനിമയ്ക്കുള്ള തീം തന്നെ അവിടില്ലെന്നാരറിഞ്ഞു. '

റിഷിയുടെ സിനിമാസ്വപ്‌നങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യം സതീഷിനുണ്ട്. പത്രപ്രവര്‍ത്തനത്തില്‍ റിഷി അധികകാലമുണ്ടാവില്ലെന്നും ലക്ഷ്യം വെള്ളിത്തിരയാണെന്നും പരിചയപ്പെടുത്തിയ ദിവസം തന്നെ അച്ഛനോട് ശിവാനി പറഞ്ഞിരുന്നു. 

' പഠിക്കുന്ന സമയത്തുതന്നെ ഒരു ഫുള്‍ സ്‌ക്രിപ്‌റ്റെഴുതി ആരുടെയോ കയ്യില്‍ക്കൊടുത്തതാ. അതു പോയ വഴി അറിയാനില്ല '  
ആദ്യസ്‌ക്രിപ്റ്റ് മനം മനമറിയാതെ എങ്ങനെയാണ് റിഷിക്ക് നഷ്ടപ്പെട്ടതെന്ന് തെല്ലുതമാശയായി അവള്‍ വിശദീകരിച്ചു .
'സുഹൃത്തിന്റെ ബന്ധത്തില്‍പ്പെട്ട പ്രൊഡക്ഷന്‍ കണ്‍ട്രോളറെ ഏല്‍പ്പിച്ചതാ. മാസങ്ങളും വര്‍ഷങ്ങളുമൊക്കെ കഴിഞ്ഞു. ഒന്നും നടന്നില്ല. പോയതു പോയി. അതങ്ങുപേക്ഷിച്ചു . അല്ലേ മാഷേ... '

റിഷി തിരക്കഥയെഴുത്തിലാണെന്നു കേട്ടതോടെ സതീഷിന്റെ കണ്ണുകളില്‍ അക്ഷരസ്‌നേഹം പ്രകാശിച്ചു   
'അതെയോ ... അതിന്റെ കോപ്പി കയ്യിലുണ്ടോ... സമയംപോലെ അതൊന്നു വായിക്കാന്‍ തരൂ..'

ജീവിതത്തെ റിഷി നോക്കിക്കാണുന്നതെങ്ങനെയെന്നറിയാനുള്ള ജിജ്ഞാസയായിരുന്നു സതീഷിന്. അങ്ങനെയാണ് നഷ്ടപ്പെട്ട തിരക്കഥയുടെ തിരുത്തലുകള്‍ ബാക്കിവച്ചിരുന്ന കോപ്പി പഴയബുക്കുകെട്ടുകള്‍ക്കിടയില്‍നിന്നും റിഷി കണ്ടെടുത്തതും അയാളെ ഏല്‍പ്പിച്ചതും. 

ഒരാഴ്ച കഴിഞ്ഞു വീണ്ടും കണ്ടപ്പോള്‍ അഭിനന്ദനമായിരുന്നു ആദ്യം. പിന്നാലെ സതീഷ് കാര്യത്തിലേക്കു കടന്നു.
' സംഘര്‍ഷങ്ങളാണ് നാടകാന്തരീക്ഷം സൃഷ്ടിക്കുക... ആള്‍ ഡ്രാമ  ഈസ് കോണ്‍ഫ്‌ലിക്റ്റ്. വിത്തൗട്ട് കോണ്‍ഫ്‌ലിക്റ്റ് , യൂ ഹാവ് നോ ആക്ഷന്‍. വിത്തൗട്ട് ആക്ഷന്‍, യൂ ഹാവ് നോ ക്യാരക്ടര്‍. വിത്തൗട്ട് ക്യാരക്ടര്‍, യൂ ഹാവ് നോ സ്‌റ്റോറി. '  

അയാള്‍ മേശമേല്‍ എടുത്തുവച്ചിരുന്ന സിഡ് ഫീല്‍ഡിന്റെയും , ലിന്‍ഡാ എം ജയിംസിന്റെയും പുസ്തകങ്ങള്‍ റിഷിക്കു നീട്ടി. 
' ഇതു നന്നായി വായിക്കണം . ഗുണം ചെയ്യും. '
തരക്കഥാരചനയെക്കുറിച്ചുള്ള ആധികാരിക പുസ്തകങ്ങളായിരുന്നു അവ. 
 
'പിന്നെ പുസ്തകം പോലെ തന്നെ പ്രധാനമാണ് സിനിമ കാണുന്നതും. കൊറിയനോ കരീബിയനോ ലാറ്റിന്‍ അമേരിക്കനോ... എന്തും കിട്ടും ബീമാപ്പള്ളിയില്‍. അതൊക്കെ വാങ്ങി കാണണം. കണ്ടതുകൊണ്ട് ദോഷമൊന്നും വരാനില്ല. കാണാതിരിക്കുന്നതാണ് കുഴപ്പം. ലോകസിനിമ മാറുന്നതെങ്ങനെയെന്ന് നമ്മളറിയാതെ പോവും '

ഇടയ്ക്കയാള്‍ പഴയ ചില ഓര്‍മ്മകളിലേക്കു പോയി . 
'ഇന്നത്തെ ന്യൂ വേവില്ലേ... അതുതന്നെയായിരുന്നെടോ അന്നും. അറുപതുകളുടെ അവസാനവും എഴുപതുകളും... ടൗണുകളിലൊക്കെ ഫിലിം സൊസൈറ്റികള്‍, സിനിമാപ്രദര്‍ശനം , ചര്‍ച്ചകള്‍... ഫ്രഞ്ചിന്റെയും ഇറ്റാലിയന്റെയും ഒരു ഇന്‍ഫ്‌ളുവനന്‍സ് പീരീഡായിരുന്നു അത്. പിന്നെ പി എന്‍ മേനോന്‍ , അരവിന്ദന്‍ , ജോണ്‍ എബ്രഹാം... തമാശ അതല്ല ;  അന്നത്തെ എന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു നല്ല സിനിമയെടുക്കണമെന്നായിരുന്നു. അതിപ്പോ സംവിധാനമൊന്നുമല്ല ഞാനുദ്ദേശിച്ചത്. ഒരു നല്ല പടം നിര്‍മ്മിക്കണം.  അത്രതന്നെ... പിന്നെ അതെല്ലാം വിട്ടു. കുറേക്കഴിഞ്ഞപ്പോ ആ ധാരണയൊക്കെ മാറി. സിനിമയുടെ കമേഴ്‌സ്യല്‍ സൈഡ് വളരെ പ്രധാനമാണെന്നും ബോധ്യമായി. ഇന്നിപ്പോ ആരാ ചക്രം തിരിച്ചുകിട്ടാത്ത പടത്തിനു കാശെറക്കുന്നത്. ' 

പിന്നീടും അവസരം കിട്ടിയപ്പോഴൊക്കെ സതീഷ് എഴുത്തിനെക്കുറിച്ചും സിനിമയെക്കുറിച്ചും ചോദിക്കുകയും പറയുകയും ചെയ്തു. ഇന്നിപ്പോള്‍ വാര്‍ത്ത തേടിയിറങ്ങുകയൊണെന്നറിഞ്ഞിട്ടും അയാള്‍ ആശംസിക്കുന്നത് നല്ലൊരു സിനിമയ്‌ക്കെങ്കിലും യാത്ര പ്രയോജനപ്പെടട്ടേയെന്നാണ്. മനസ്സിനെ ഉന്‍മേഷത്തിലാക്കിയ ആശംസയായിരുന്നു റിഷിക്കത്. 

ഈ സമയം ശിവാനി തയ്യാറായെത്തി. അവള്‍ ടൂ വീലറെടുക്കാന്‍ നിന്നില്ല . പകരം റിഷിയുടെ ബൈക്കിന്റെ പിന്നിലേക്കു കയറി.

' പെണ്‍സാന്നിധ്യം മതിയെങ്കില്‍ നിനക്കവിടെ മെറ്റില്‍ഡ ഇല്ലായിരുന്നോ മാഷേ..? '
ബൈക്കിന്റെ വേഗതയനുസരിച്ച് ചോദ്യം കാറ്റില്‍ പറന്നുപോകാതിരിക്കാന്‍ മുന്നിലേക്ക് , റിഷിയുടെ കാതിലേക്കവള്‍ മുഖം ചേര്‍ത്തു.   

' എന്തോ... എനിക്ക് സൂയിസൈഡ് അറ്റംപ്റ്റിനു താല്‍പ്പര്യമില്ല ... അതാ മാഷേ '
അതുപറഞ്ഞ് റിഷി പൊട്ടിച്ചിരിച്ചു. 

ശിവാനിക്ക് മെറ്റില്‍ഡയെക്കുറിച്ച് അത്യാവശ്യം മുന്‍ധാരണകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ റിഷിയുടെ പൊട്ടിച്ചിരിയുടെ അര്‍ത്ഥം അവള്‍ക്കു മനസ്സിലായി. 

വനിതാസദനത്തില്‍ അതിനകം മറ്റു മൂന്നു പത്രപ്രവര്‍ത്തകര്‍ കൂടി എത്തിയിരുന്നു. വെല്‍വിഷറുടെ സമ്മര്‍ദ്ദം തന്നെയായിരിക്കും അവരെയും അവിടെയെത്തിച്ചത്. അക്കൂട്ടത്തില്‍ ചാനലുകാര്‍ ആരുമില്ലാത്തത് റിഷിക്ക് ആശ്വാസമായി. അവരില്‍ നിന്നും അല്‍പ്പം അകന്നുമാറി റിഷിയും ശിവാനിയും വാര്‍ഡന്‍ പുറത്തേക്കു വരുന്നതും കാത്തുനിന്നു.   
 
കൃത്യം പത്തു മണിക്കുതന്നെ വാര്‍ഡന്‍ ഓഫീസ്മുറി തുറന്നു. അവരെ ആദ്യമായി കാണുകയായിരുന്നു റിഷി. അമ്പത്തഞ്ചുവയസ്സോളം വരുന്ന ഗൗരവക്കാരി. എടുപ്പിലും നടപ്പിലുമൊക്കെ കാര്യപ്രാപ്തി പ്രകടം.

വാര്‍ഡന്റെ മുഖത്ത് ആശ്വാസഭാവമുണ്ടായിരുന്നു. ഓരോരുത്തരും എവിടെനിന്നാണെന്ന് ചോദിച്ചറിഞ്ഞ് അവര്‍ മെല്ലെ പറഞ്ഞുതുടങ്ങി.
 
'ഇപ്പറഞ്ഞതുപോലെ ഒരു പെണ്‍കുട്ടി ... കുട്ടിയെന്നുവച്ചാല്‍ അമ്മയും അതിന്റെ കുഞ്ഞുമാണ്. ഇന്നലെ വൈകിട്ട് ഇവിടെ വന്നിട്ടുണ്ട്. അവര്‍ വന്നതിനു പിന്നാലെ... നിങ്ങളെ വിളിച്ചതുപോലെ ആരോ ഒരാള്‍ ഇവിടേക്കും വിളിച്ചു. '

ഇത്രയും കാര്യങ്ങള്‍ അവര്‍ക്കൊരോരുത്തര്‍ക്കും ബോധ്യപ്പെട്ടിരുന്നതുകൊണ്ട് വാര്‍ഡന്റെ തുടര്‍വാക്കുകളായിരുന്നു പ്രധാനം.

'അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉണ്ടായത്. സത്യസ്ഥിതി അറിയാനായി സെക്രട്ടറി നിര്‍ദ്ദേശിച്ചതനുസരിച്ച് ആ സ്ത്രീയുടെയും അതിന്റെ കുട്ടിയുടെയും രക്തപരിശോധന ഇന്നു രാവിലെ നടത്തി. എച്ച്.ഐ.വി എന്നല്ല ഒരസുഖവും അവര്‍ക്കില്ല '

'അപ്പോള്‍പ്പിന്നെ അങ്ങനൊരു ഫോണ്‍സന്ദേശം ? അതെന്തിനായിരുന്നു ?'
ഇംഗ്ലീഷ് പത്രക്കാരന് വാര്‍ത്താകുമിള ഉടഞ്ഞതിന്റെ നിരാശ . 

' ആ സ്ത്രീയെ അപമാനിക്കാനും ഇവിടെനിന്നു പുറത്തുചാടിക്കാനും. അല്ലാതെന്താ ? '

' ആരാണ് അതിനുപിന്നിലെന്ന് വല്ല സൂചനയും ഉണ്ടോ മാഡം ? '

' നിങ്ങള്‍ക്കറിയാവുന്നതുപോലെയേ എനിക്കും അറിയാവൂ. നിങ്ങള്‍ പത്രക്കാരല്ലേ. അന്വേഷിച്ചു കണ്ടുപിടിക്കൂ '

' ആ സ്ത്രീയെന്താ അതെപ്പറ്റി പറയുന്നത് ?'

' പ്രത്യേകിച്ചൊന്നും പറഞ്ഞില്ല '

സംശയം ബാക്കിനിന്ന ഇംഗ്ലീഷ് പത്രക്കാരന്‍ പിന്നെയും ചോദ്യമുതിര്‍ത്തു.
' ഞങ്ങള്‍ക്കാ സ്ത്രീയെ ഒന്നു കാണാന്‍ പറ്റുമോ ...?'

' ഇല്ല. ആ കുട്ടി അതിനു തയ്യാറാവില്ല...'

ഇതിനിടെ എല്ലാവര്‍ക്കും ചായയെത്തി. 

' നിങ്ങളിതൊരു ബിഗ് ഇഷ്യൂവാക്കാനൊന്നും നില്‍ക്കണ്ട ...ആ പെണ്‍കുട്ടിയെ വെറുതെ വിട്ടേക്കണം '
എല്ലാവരോടും നന്ദി പറഞ്ഞ് വാര്‍ഡന്‍ എഴുന്നേറ്റു. 

ഒാരോരുത്തരായി വനിതാസദനത്തില്‍ നിന്നു മടങ്ങി. റിഷിയും ശിവാനിയും ബാക്കിയായി. ഹെല്‍മറ്റ് ധരിച്ച് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാനൊരുങ്ങിയതാണ് റിഷി. പെട്ടെന്നെന്തോ ആലോചിച്ച് അയാള്‍ ബൈക്കില്‍നിന്നിറങ്ങി തിരിച്ച് വാര്‍ഡന്റെ ഓഫീസിലേക്കു നടന്നു. 

ചോദ്യഭാവത്തില്‍ വാര്‍ഡന്‍ അയാളെയും പിന്നാലെയെത്തിയ ശിവാനിയെയും നോക്കി. 

' പറഞ്ഞതൊക്കെ വച്ചു നോക്കുമ്പോള്‍... അതൊരമ്മയും കുഞ്ഞുമല്ലേ. അവരുടെ പിന്നാലെ ആരോ ഇങ്ങനെ ഫോളോ ചെയ്യുന്നത് നിസ്സാരകാര്യമല്ലല്ലോ. അവര്‍ അപകടത്തില്‍പ്പെട്ടിരിക്കുകയല്ലേ ?'

' പക്ഷേ റിഷീ... അങ്ങനെയല്ലേ പേര്...?'

'അതെ '

' ആ കുട്ടിയും അതിന്റെ കുഞ്ഞും തല്‍ക്കാലം ഇവിടെത്തന്നെ തുടരുകയാണ്. ആ നിലയ്ക്ക് ഇപ്പോഴവവര്‍ക്കു ഭീഷണിയൊന്നുമില്ല. മറ്റുള്ളതൊക്കെ പിന്നീട് ആലോചിച്ചു ചെയ്യേണ്ടതാണ്. '

' എങ്കിലും ഞങ്ങള്‍ക്കവരെയൊന്നു കാണാന്‍... നിര്‍ബന്ധിച്ചൊന്നും പറയിക്കാനല്ല. ഒന്നും പറയാനവര്‍ തയ്യാറല്ലെങ്കില്‍ അപ്പോള്‍ത്തന്നെ പൊയ്‌ക്കോളാം '

' ഇല്ല. ആരെയും കാണാന്‍ ആ കുട്ടി തയ്യാറല്ല. '

ഒരുനിമിഷത്തെ ആലോചനയ്ക്കു ശേഷം റിഷി വീണ്ടും അഭ്യര്‍ത്ഥിച്ചു. 

'എന്നെ വേണ്ട . ശിവാനിയെ മാത്രം വിടൂ. ഒരു പെണ്‍കുട്ടി കാണണമെന്നു പറയുന്നത് അവരെതിര്‍ത്തില്ലെങ്കിലോ. നമുക്ക് പോസിറ്റീവായ ലക്ഷ്യങ്ങളല്ലേയുള്ളൂ മാഡം. '

റിഷിയുടെ നിര്‍ബന്ധത്തില്‍ അല്‍പ്പസമയം നിശ്ശബ്ദയായ വാര്‍ഡന്‍ അകത്തേക്കു പോയി. ആ സ്ത്രീയില്‍ നിന്നും അറിയേണ്ട ചുരുക്കം ചില കാര്യങ്ങളെന്തെന്ന് അയാള്‍ പതിഞ്ഞ ശബ്ദത്തില്‍ ശിവാനിയെ ബോധ്യപ്പെടുത്തി. രണ്ടേ രണ്ടു കാര്യം. ആരാണ് അവളെ ദ്രോഹിക്കുന്നത് ? അതിന്റെ കാരണമെന്താണ് ? എന്തെങ്കിലും മറുപടി കിട്ടിയാല്‍ മാത്രം മതി കൂടുതല്‍ അന്വേഷണങ്ങള്‍. 

അകത്തേക്കു പോയ മുഖഭാവത്തോടെയല്ല വാര്‍ഡന്‍ മടങ്ങിവന്നത്. അവര്‍ ശിവാനിക്ക് അനുവാദം നല്‍കി. 
 
' കുട്ടി വന്നോളൂ. പക്ഷേ ക്യാമറ വേണ്ട. ഓഫ് ദി റക്കോര്‍ഡ് ആയി സംസാരിച്ചാല്‍ മതി '

ക്യാമറ റിഷിയെ ഏല്‍പ്പിച്ച് വാര്‍ഡന്റെ പിന്നാലെ ശിവാനി അകത്തേക്കു പോയി. റിഷിക്ക് വലിയ പ്രതീക്ഷകളൊന്നുമില്ലായിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. അധികം വൈകാതെ മടങ്ങിവന്ന ശിവാനിയുടെ മുഖത്തു നിരാശ. അയാള്‍ ക്യാമറ അവളെ മടക്കിയേല്‍പ്പിച്ചു.  ഈ സമയം വാര്‍ഡന്‍ പിന്നില്‍ നിന്നു വിളിച്ചു.

'റിഷീ ... നിങ്ങള്‍ക്കും കാണണമെങ്കില്‍ കണ്ടോളൂ. ഇനി ഞാനവസരം തന്നില്ലെന്നു വേണ്ട. '

തെല്ലൊരാവേശത്തോടെ അയാള്‍ വാര്‍ഡന്റെ പിന്നാലെ നീങ്ങി. ഇരുണ്ടമുറിയില്‍ കസാലയിലിരിക്കുന്ന ചെറുപ്പക്കാരി. അവരുടെ മുഖം വ്യക്തമല്ല.

'ഞാന്‍ റിഷി ... ചാനല്‍ ത്രീയില്‍ നിന്നാണ്... നിങ്ങളെ സഹായിക്കാനാണു വന്നത്  '

അവളൊന്നും മിണ്ടിയില്ല.

'നിങ്ങള്‍ക്കെന്തെങ്കിലും പരാതിയുണ്ടോ... എങ്ങനെയാണ് ഇവിടെയെത്തിയത്...?'

വാര്‍ഡന്റെ സാന്നിധ്യത്തില്‍ റിഷി അല്‍പ്പം കൂടി മുന്നിലേക്കു നീങ്ങി. അവളുടെ മൗനത്തിനഭിമുഖമായിട്ടായിരുന്നു ഇപ്പോഴയാളുടെ നില്‍പ്പ്. നിറം മങ്ങിയ തറയോടിലേക്കു വീണുകിടന്നിരുന്ന അവളുടെ കണ്‍കോണുകളില്‍ അയാളുടെ സോക്‌സു ധരിച്ച പാദങ്ങള്‍ പെട്ടു. ആ നിമിഷം അവള്‍ മുഖം ചെരിച്ചൊന്നുയര്‍ത്തി. റിഷിക്കു നേരെ ഉയര്‍ന്നു താഴ്ന്ന മുഖം. ഒരു കൊള്ളിമീന്‍ പോലെ പൊള്ളിപ്പിണഞ്ഞ മുഖദര്‍ശനം. റിഷി ഞെട്ടിത്തരിച്ചുനിന്നു. 

( തുടരും )

Content Highlights: Malayalam Novel based on true story part three