ഭാഗം10- നിഴല്‍ജീവിതങ്ങള്‍

പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രാത്രിയില്‍ ക്രാന്തിവീര്‍ സാംഗൊളി രായണ്ണ റെയില്‍വേ സ്റ്റേഷനിലേക്ക് ബാംഗ്ലൂര്‍ എക്‌സ്പ്രസുണ്ടായിരുന്നു. ഈ യാത്ര ഇന്നത്തെ സാഹചര്യത്തില്‍ അനിവാര്യമാണ്. ജീനയുടെ കാര്യത്തില്‍ ഒരോ യാത്രയും പുതിയ തിരിച്ചറിവുകളിലേക്കാണ് നയിക്കുന്നത്. ഇതും അത്തരത്തിലൊന്നായിരിക്കുമെന്ന് റിഷിയ്ക്കുറപ്പുണ്ടായിരുന്നു.  

സ്വാമി വൈദ്യനെപ്പോലൊരു യോഗിയെ അന്വേഷണത്തിന്റെ വഴികളിലൊന്നും അയാള്‍ പതീക്ഷിച്ചിരുന്നില്ല. പാരമ്പര്യവൈദ്യത്തിന്റെയും കര്‍മ്മയോഗത്തിന്റെയും സങ്കലിതവൃത്തികളുടെ ആള്‍രൂപമായിട്ടും സ്വാമിവൈദ്യരുടെ ക്ഷമ നശിച്ചിട്ടുണ്ടെങ്കില്‍ കിരണ്‍രാജ് അത്രയേറെ ഇഴകീറി പരിശോധിക്കപ്പെടേണ്ട വാര്‍ത്താവസ്തുവാണ്. അത്തരം സൂചകങ്ങള്‍ ആദ്യം തന്നെ മനസ്സിലാക്കി നീങ്ങിയില്ലെങ്കില്‍ തന്റെ മുന്നിലുള്ള ചുരുക്കം സമയം ഒന്നിനും തികയാതെ വരുമെന്ന് റിഷി ആശങ്കപ്പെട്ടു. അയാള്‍ക്ക് അടുത്ത ദിവസങ്ങളില്‍ രഘുനാഥനോടൊപ്പം എഴുതാന്‍ ഇരിക്കേണ്ടതുമുണ്ട്.

ബ്രട്ടീഷുകാരന്‍ നിര്‍മ്മിച്ച അതേ റെയില്‍പാളത്തിലൂടെ ഇരുമ്പുരയുന്ന ചാട്ടവാറൊച്ചകളോടെ ബാംഗ്ലൂര്‍ എക്‌സ്പ്രസ് ബ്രട്ടീഷ് ഭരണത്തിനെതിരേ പൊരുതിയ പോരാളിയുടെ പേരേറ്റിയ സ്റ്റേഷനിലെ പത്തുപ്ലാറ്റ്‌ഫോമുകളിലൊന്നിലേക്കു കുതിച്ചടങ്ങുമ്പോള്‍ അതു കാവ്യനീതിയായി റിഷിക്കുതോന്നി.  

ചുറ്റുപാടും പരതിക്കൊണ്ട് റിഷി മരവിച്ച കാല്‍ പ്ലാറ്റ്‌ഫോമിലേക്കിറക്കിവച്ചു. കോച്ച് നമ്പര്‍ കൃത്യമായി പറഞ്ഞിരുന്നതാണ്. അതുകൊണ്ട് ആശയക്കുഴപ്പം വരില്ല. പ്രതീക്ഷിച്ചതുപോലെ ലെസ്ലി ജോണ്‍ ധൃതിയില്‍ നടന്നുവരുന്നു. ഇരുവരും മീഡിയ അക്കാദമിയില്‍ ഒരുമിച്ചുണ്ടായിരുന്നതാണ്. അന്നും ലസ്ലിക്ക് പ്രാദേശികമാധ്യമങ്ങളോടൊന്നും താല്‍പ്പര്യമില്ല. കോഴ്‌സ് കഴിഞ്ഞ് ആദ്യം ട്രെയിനിയായി ചേര്‍ന്നതുതന്നെ ഒരു ദേശീയ ചാനലില്‍. പിന്നീടിങ്ങോട്ട് ഒന്നു രണ്ടു സ്ഥാപനങ്ങള്‍ മാറി . സകലഭാഷയിലും വലിയ പ്രാധാന്യത്തോടെ തുടങ്ങിയിട്ടുള്ള ഓണ്‍ലൈന്‍ മീഡിയ നെറ്റ്‌വര്‍ക്കിന്റെ സെന്‍ട്രല്‍ ഡസ്‌കില്‍ അസിസ്റ്റന്റ് ഗ്രൂപ്പ് എഡിറ്ററാണിപ്പോള്‍. ഏഴെട്ടു വര്‍ഷങ്ങള്‍ കൊണ്ട് ലസ്ലി കരിയറില്‍ ദേശീയനിലവാരമാണുണ്ടാക്കിയിരിക്കുന്നത്. 

തിരുനെല്ലായിയില്‍ നിന്നു പാലക്കാടേക്കു ബസ് കയറുമ്പോള്‍ റിഷി തീരുമാനിച്ചതല്ല ഈ യാത്ര. സ്വാമിമഠത്തില്‍നിന്ന് എടുത്തെറിയപ്പെട്ടത് അനിശ്ചിതത്വങ്ങളുടെ നടുവിലേക്കായിരുന്നു. യാത്രതിരിക്കും മുമ്പ് ടോസിട്ടതനുസരിച്ചാണെങ്കില്‍ ഹെഡ്ഡല്ലെങ്കില്‍ പിന്നെ ടെയില്‍. അമ്പി ബസ്സ്‌റ്റോപ്പിലെത്തിക്കുമ്പോള്‍ അയാളുടെ മനസ്സില്‍ കിരണും ജീനയുമായിരുന്നു. അവരുടെ പഠനവും പരിചയവും നടന്നത്് ബാംഗ്ലൂരാണ്. അവിടെ വേണം ഈ യാത്ര അവസാനിക്കാന്‍. എന്നാല്‍ ആ തീരുമാനം അന്തിമമായെടുത്തത് പാലക്കാട് റയില്‍വേ സ്റ്റേഷനില്‍ വച്ചാണ്. അത് ലസ്ലിയെ ഫോണില്‍ കിട്ടി അയാളോട് സംസാരിച്ചതിന്റെ ധൈര്യത്തിലായിരുന്നു.  

' ഇതിനകത്തൊന്നുമില്ലേടാ ഒരാഴ്ച പൊറുക്കാനെറങ്ങീട്ട് ?'
റിഷിയുടെ കയ്യില്‍നിന്ന് ബാക്ക് പാക്ക് പിടിച്ചുവാങ്ങി ലസ്ലി തോളിലിട്ടു 
' കുപ്പി ഉണ്ടാവുമല്ലോടാ...?'

' അതെന്താടാ ഇവിടെ കുപ്പി കിട്ടാത്ത നാടാണോ? വരട്ടെ; നമുക്കു നോക്കാം '

പഠിക്കുമ്പോഴും ആ ബാച്ചിലെ ലക്ഷണമൊത്ത മദ്യപാനികളിലൊരാള്‍ ലസ്ലി ജോണാണ്. റിഷി അക്കാര്യത്തില്‍ മോശം നിലവാരത്തിലാണെന്ന് അന്നേ അയാള്‍ സര്‍ട്ടിഫിക്കറ്റ് കൊടുത്തിട്ടുമുണ്ട്. എന്നാലിപ്പോള്‍ മദ്യം വേണ്ടതുകൊണ്ടല്ല; കുശലാന്വേഷണം ലഹരിയില്‍ നിന്നുതുടങ്ങാമെന്നു കരുതി മാത്രമാണ് അയാളതു ചോദിച്ചതെന്ന് റിഷിക്കറിയാം. 

ലസ്‌ലി ബാംഗ്ലൂരിലുണ്ടായത് വലിയ അനുഗ്രഹമായി. അവിടെയൊരു അപരിചിതനായിരുന്നെങ്കില്‍ അന്വേഷണകവാടങ്ങള്‍ തുറന്നുകിട്ടാന്‍ ഏറെ പ്രയാസപ്പെട്ടേനെ. ഇതിപ്പോള്‍ ലസ്ലിക്കു പിന്നാലെ വെറുതെ നടന്നുകൊടുത്താല്‍ മതി. വാതിലുകളോരോന്നും അപ്പപ്പോള്‍ തുറന്നുകൊണ്ടിരുന്നു. 

ജീന പഠിച്ച കോളജിലാണു ആദ്യം പോയത്. കാര്യമായ സൂചനകളൊന്നും അവിടെനിന്നും കിട്ടാനില്ലായിരുന്നു. ഉച്ചയോടെ കിരണ്‍രാജിന്റെ എംബിബിഎസ് കോളജില്‍ പ്രിന്‍സിപ്പലിന്റെ മുന്നില്‍ അവരെത്തി. ലക്ഷണമൊത്ത ചട്ടപ്പടിക്കാരന്‍ പ്രിന്‍സിപ്പല്‍. കോപ്പ വെങ്കിടപ്പ. ഏഴെട്ടുവര്‍ഷം മുമ്പ് കോഴ്‌സ് കഴിഞ്ഞുപോയവരുടെ പൂര്‍വകാല ചരിത്രമാണ് തിരയുന്നത്. അതു ദുഷ്‌കരമാണെന്നുമാത്രമല്ല അസാധ്യവുമാണ്. എന്നുതന്നെയല്ല ഒട്ടേറെ ജോലിത്തിരക്കുകള്‍ക്കിടയില്‍ അതിനുവേണ്ടി സമയം നീക്കിവയ്ക്കാനുമില്ല. അതായിരുന്നു കോപ്പ വെങ്കിടപ്പയുടെ മനോഭാവം. എന്നാല്‍ തന്റെ മുന്നിലിരിക്കുന്ന രണ്ടു ചെറുപ്പക്കാരും ജേണലിസ്റ്റുകളാണെന്നറിഞ്ഞതോടെ അയാള്‍ നിലപാടു മാറ്റി. തികച്ചും വ്യക്തിപരമായ ആവശ്യങ്ങളും അന്വേഷണങ്ങളും അനുവദിച്ചുകൊടുക്കുന്നത് സ്ഥാപനത്തിന് യാതൊരുവിധ ദോഷവും ഉണ്ടാക്കാന്‍ പോകുന്നില്ലെന്ന പുനര്‍വിചിന്തനത്തോടെ അയാള്‍ ഇന്റര്‍കോമില്‍ വിളിച്ച് ആരോടോ അവിടേക്കു വരാന്‍ നിര്‍ദ്ദേശിച്ചു. പിന്നെ അവരോടു ചെറുചിരിയോടെ പറഞ്ഞു. 

' മേ ബി സം ചാന്‍സസ്... ഈഫ് ദി ഇയര്‍ ഈസ് കറക്ട്  ദാറ്റ് ഗൈ വാസ് ഇന്‍ അവര്‍ എം ബി ബി എസ് സ്റ്റാര്‍ട്ടിംഗ് ബാച്ച്. ഐ വില്‍ ട്രൈ റ്റു കണക്ട് സംബഡി ...'

കോപ്പ വെങ്കിടപ്പയുടെ ഊഹം ശരിയായിരുന്നു. അയാള്‍ വിളിച്ചതനുസരിച്ച് അവിടേക്കു വന്ന അസിസ്റ്റന്റ് പ്രൊഫസര്‍ അതുറപ്പാക്കി. കോളജില്‍ എംബിബിഎസ് ആരംഭിച്ച അതേ വര്‍ഷമാണ് കിരണ്‍രാജുണ്ടായിരുന്നത്. തന്റെ ബാച്ചിലുണ്ടായിരുന്ന കിരണിനെക്കുറിച്ച് അസിസ്റ്റന്റ് പ്രൊഫസര്‍ക്കിപ്പോഴും വ്യക്തമായ ഓര്‍മ്മകളുണ്ട് . ആദ്യബാച്ചിലുണ്ടായിരുന്ന ആളെന്നു മാത്രമല്ല ആ കോളജിലെ ആദ്യത്തെ എംബിബിഎസ് ഡ്രോപ് ഔട്ടും കിരണായിരുന്നു. എന്നാല്‍ ജീനയെപ്പറ്റി അയാള്‍ക്കും അറിവുണ്ടായിരുന്നില്ല. 

ആദ്യവര്‍ഷം കിരണ്‍രാജ് പ്രശ്‌നക്കാരനായിരുന്നില്ല. എന്നാല്‍ രണ്ടാമത്തെ വര്‍ഷമായപ്പോഴേക്കും കോളജിനകത്തും പുറത്തും അയാള്‍ക്ക് പല തരത്തിലുള്ള കൂട്ടുകെട്ടുകളുണ്ടായി. പ്രായഭേദമന്യേ സ്ത്രീകളും പുരുഷന്‍മാരും അക്കൂട്ടത്തിലുണ്ടായിരുന്നു. കാമ്പസിലേക്കു വന്നാല്‍ത്തന്നെ അയാള്‍ പലപ്പോഴും ക്ലാസ്സില്‍ കയറില്ല. മയക്കുമരുന്നിനടിമകളായ ഒരു ഗ്രൂപ്പിനൊപ്പമായിരിക്കും മിക്കപ്പോഴും. ലഹരിയുടെ വിചിത്രകല്‍പ്പനകളില്‍ ഒരു ഘട്ടത്തില്‍ കൈഞരമ്പ് മുറിച്ച് ചോരത്തുള്ളികള്‍ വാര്‍ന്നുവീഴുന്നതു കണ്ടാനന്ദിക്കുമ്പോഴാണ് അയാളെ ആദ്യമായി ആശുപത്രിയിലാക്കിയത്. അന്നുമാത്രമല്ല പിന്നീട് തുടര്‍ച്ചയായി സ്വാമിവൈദ്യര്‍ക്കവിടെ വരേണ്ടിവന്നു. പ്രാക്ടിക്കല്‍ക്ലാസ്സില്‍ വച്ച് സുഹൃത്തിനെ സര്‍ജിക്കല്‍ ബ്ലേഡുപയോഗിച്ച് ആക്രമിച്ചപ്പോഴാണ് ഏറ്റവുമൊടുവില്‍ അദ്ദേഹം വന്നത്. 

ഓരോതവണയും സ്വാമിവൈദ്യര്‍ കൂട്ടിക്കൊണ്ടുപോയാല്‍ ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും കഴിഞ്ഞേ പിന്നീട് കിരണ്‍രാജ് കോളജില്‍ വന്നിരുന്നുള്ളൂ. പരീക്ഷയെഴുതാതെ കോഴ്‌സുപേക്ഷിച്ചു പോയതിനുശേഷമാണ് കാമ്പസിലറിയുന്നത് പിതാവ് ഇടയ്ക്കിടയ്ക്ക് അയാളെ കൂട്ടിക്കൊണ്ടുപോയിരുന്നത് നഗരത്തിലെ ഒരു സൈക്ക്യാട്രിസ്റ്റിന്റെ അടുത്തേക്കാണെന്ന്. 

അസിസ്റ്റന്റ് പ്രൊഫസര്‍ നല്‍കിക്കൊണ്ടിരുന്ന വിവരങ്ങള്‍ ഒരു സിനിമയിലെന്നപോലെ റിഷി മനസ്സില്‍ കാണുകയായിരുന്നു. ഓരോ സീനിലുമുണ്ടായിരുന്നു ആകാംക്ഷയുടെ അംശങ്ങള്‍. കിരണ്‍രാജ് അത്തരമൊരു സീനില്‍ വച്ചാകണം ജീനയെ പരിചയപ്പെട്ടതും പ്രണയത്തിലായതും. അക്കാര്യമൊന്നും അസിസ്റ്റന്റ് പ്രൊഫസര്‍ക്കറിയില്ലായിരുന്നു. എന്നാല്‍ പലപ്പോഴായി നഗരത്തില്‍ത്തന്നെയുള്ള ഒരു മലയാളി ഡോക്ടറുടെ ചികിത്സയിലായിരുന്നു കിരണെന്നും അത് ലഹരിമോചനത്തിന്റെ ഭാഗമായിരുന്നെന്നും അയാള്‍ ഉറപ്പു പറഞ്ഞു.  

കോപ്പ വെങ്കിടപ്പയോടും അസിസ്റ്റന്റ് പ്രൊഫസറോടും നന്ദി പറഞ്ഞിറങ്ങുമ്പോള്‍ മലയാളി ഡോക്ടറായിരുന്നു മനസ്സില്‍. അല്‍പ്പം ബുദ്ധിമുട്ടിയാണെങ്കിലും ലസ്ലി അയാളെ കണ്ടുപിടിച്ചു. ലസ്ലി തന്നെയാണ് അടുത്ത ദിവസത്തേക്കുള്ള അപ്പോയിന്റ്‌മെന്റ് തരപ്പെടുത്തിയതും. 

'അയാളുടെ ഫാദറൊരു വൈദ്യനാണെന്നല്ലേ പറഞ്ഞത്. അപ്പോള്‍പ്പിന്നെ ആരോഗ്യപ്രശ്‌നമെന്തായിരുന്നെന്ന് അയാള്‍ക്കറിയാതെ വരില്ലല്ലോ  '
സായാഹ്നത്തില്‍ ലസ്ലിക്കിഷ്ടപ്പെട്ട ബിയര്‍പാര്‍ലറിലാണ് അപ്പോഴവര്‍ ഇരുന്നത്. കടുത്ത എസി യില്‍ ചില്‍ഡ് ബിയര്‍ അവരുടെ സംഭാഷണത്തെ നനച്ചുതുടങ്ങി . 

'ഷുവര്‍. തിരുനെല്ലായിയിലെ അറിയപ്പെടുന്ന പാരമ്പര്യ വൈദ്യനാണയാള്‍. ആറേഴു വര്‍ഷം മുമ്പെന്നു പറയുമ്പോള്‍ അയാള്‍ക്കു നല്ല തിരക്കുള്ള സമയം...'
റിഷി ഒരു അനുമാനത്തിലെത്താന്‍ ശ്രമിച്ചു. 
'സ്വാമിവൈദ്യരുടെ ചികിത്സാ പദ്ധതിയില്‍പ്പെട്ട കാര്യങ്ങളാവില്ല മകനു സംഭവിച്ചത്. അല്ലെങ്കില്‍ കിരണ്‍രാജതിനോടു സഹകരിച്ചിട്ടുണ്ടാവില്ല. '

'പോസിബിലിറ്റീസ് '
ലസ്ലി കൈമലര്‍ത്തി.

പോസിബിലിറ്റീസ് തന്നെയാണ് പലപ്പോഴും വാര്‍ത്തകളിലേക്കു നയിക്കുന്നതെന്ന് റിഷിക്കുറപ്പുണ്ട്. സാധ്യതകള്‍ ഇഴ കീറിപ്പരിശോധിക്കണം സത്യം പുറത്തുവരാന്‍. 

അപ്രതീക്ഷിതമായാണ് ലസ്ലിയ്ക്കപ്പോള്‍ ഓഫീസില്‍നിന്നുള്ള ചില അസൈന്‍മെന്റ്‌സ് വന്നുചേര്‍ന്നത്. അതുകൊണ്ടുതന്നെ അടുത്ത ദിവസം ഡോക്ടറെ കാണാന്‍ റിഷിയ്‌ക്കൊപ്പം അയാളുണ്ടായിരുന്നില്ല. 

ഡോക്ടറോടു സംസാരിച്ചുതുടങ്ങുമ്പോള്‍ത്തന്നെ റിഷിക്ക് ഒരു കാര്യം ബോധ്യമായി. കിരണ്‍രാജിനെ അയാള്‍ നന്നായി ഓര്‍ത്തുവച്ചിരിക്കുന്നു.

'ആരാണെന്നോര്‍ക്കുന്നില്ല... ആരുടെയോ കെയറോഫിലാണ് അയാളിവിടെ വന്നത്. അയാളുടെ ഫാദര്‍ തന്നെയാണ് കൊണ്ടുവന്നത്. ഹി വാസ് എ മെഡിക്കല്‍ പ്രാക്ടീഷണര്‍. ഐ തിങ്ക് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍... സം തിങ്ങ് ലൈക് ദാറ്റ്. വേണമെങ്കില്‍ അയാള്‍ക്കും ചികിത്സകളൊക്കെ പരീക്ഷിക്കാവുന്നതേയുള്ളൂ. പക്ഷേ മകന്‍ അതിനോടു സഹകരിക്കില്ല. സെക്കന്റ് തിങ്ങ്... ഹി വാസ് നോട്ട് റഡി റ്റു ലീവ് ബാംഗ്ലൂര്‍.'

റിഷിയുടെ കണ്ണുകളിലേക്കു തുറിച്ചു നോക്കി ഡോക്ടര്‍ പറഞ്ഞുനിര്‍ത്തി. എന്താണ് അറിയാനുള്ളതെന്നു ചോദിച്ചാല്‍ അതനുസരിച്ച് പറയാനുള്ളത് പറയാം എന്ന മട്ടായിരുന്നു ഡോക്ടര്‍ക്ക്. എന്നാല്‍ ഡോക്ടറുടെ വാക്കുകള്‍ക്കുവേണ്ടി കാത്തിരുന്നതല്ലാതെ റിഷി പ്രത്യേകിച്ചൊന്നും ചോദിച്ചില്ല.   

' ആദ്യതവണ കൊണ്ടുവന്നപ്പോള്‍ രണ്ടാഴ്ച വൈദ്യനും ഇവിടുണ്ടായിരുന്നു. മകന്‍ അത് എതിര്‍ത്തു. പിന്നീടൊക്കെ അഡ്മിറ്റു ചെയ്താലുടന്‍ വൈദ്യന്‍ മടങ്ങിപ്പോവും . ലാസ്റ്റ് ടൈം... ഫ്രണ്ട്‌സ് ആണ് കോളജില്‍ നിന്ന് ബലമായി കൂട്ടിക്കൊണ്ടുവന്നത്. അയാളേതോ സ്റ്റുഡന്റിനെ മുറിവേല്‍പ്പിച്ചതിന്റെ പിന്നാലെയായിരുന്നു അത്. '

'ഡീ അഡിക്ഷനുവേണ്ടി പല തവണ കൊണ്ടുവരിക'
തെല്ലതിശയത്തോടെ റിഷി ചോദിച്ചു.  
'അത്തരമൊരു സര്‍ക്കിളിലായിരുന്നോ ഡോക്ടര്‍ അയാളുടെ കൂട്ടുകെട്ട് ?'

' ആരു പറഞ്ഞു ഡീ അഡിക്ഷന്റെ ട്രീറ്റ്‌മെന്റ് മാത്രമായിരുന്നെന്ന് ? '

വീണ്ടും തിരിച്ചറിവിന്റെ മുഹൂര്‍ത്തം. റിഷി അതിശയം മറച്ചുവച്ചില്ല.  
' അല്ലേ...? അങ്ങനെയായിരുന്നു ഞാന്‍ കേട്ടത്.'

' സീ ...അയാളെക്കുറിച്ചന്വേഷിച്ച് നിങ്ങളിവിടെ വരാന്‍ കാര്യമെന്താണ്... അയാളുടെ ഭാര്യയുടെ അവസ്ഥ. അയാളില്‍നിന്ന് ആ സ്ത്രീ നേരിടുന്ന അവസ്ഥയെന്ന് പറയുന്നതാണ് കൂടുതല്‍ ശരി. അതില്‍ത്തന്നെയുണ്ട് അയാളുടെ പ്രശ്‌നം. '

ഡോക്ടറുടെ തുടര്‍വാക്കുകള്‍ക്കായി റിഷി ആകാംക്ഷയോടെ കാത്തു. 

'ഇന്‍ ദിസ് കേസ് ... അതൊരു ക്രൂഷ്യല്‍ മെഡിക്കല്‍ കണ്ടീഷനാണ്... സാഡോമസോക്കിസം '

റിഷിക്കൊരെത്തും പിടിയും കിട്ടിയില്ല. ഡോക്ടര്‍ ഏതൊക്കെയോ വഴികളിലൂടെ മാറി സഞ്ചരിക്കുന്നു.  

'മനസ്സിലായില്ലേ... വേദനിപ്പിച്ചിച്ചും വേദനിച്ചും രസിക്കുക. അതില്‍ അഭിരമിക്കുക '
ഡോക്ടര്‍ക്കപ്പോള്‍ ഒരു ഫോണ്‍കോള്‍ വന്നു. സംസാരത്തിന്റെ ചരടു പൊട്ടാതിരിക്കാന്‍ നമ്പര്‍ ആരുടേതെന്നുപോലും നോക്കാതെ അയാള്‍ മൊബൈല്‍ സ്വിച്ച് ഓഫ് ആക്കി.

' ഈ നഗരത്തിലെ പ്രധാനപ്പെട്ട ബിഡിഎസ് എം ഗ്രൂപ്പില്‍ അംഗമായിരുന്നു ആ ചെറുപ്പക്കാരന്‍ '

ബിഡിഎസ്എം എന്നെല്ലാം റിഷിക്ക് കേട്ടറിവുണ്ട്. പക്ഷേ അതിന്റെ സംഘടിതസ്വരൂപത്തെക്കുറിച്ച് കാര്യമായ ധാരണയില്ല. എന്നുതന്നെയല്ല, ആ ഗ്രൂപ്പും കിരണ്‍രാജും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും അക്കാര്യത്തിനിവിടെ എന്തു പ്രസക്തിയെന്നും റിഷി സംശയിച്ചു. എങ്കിലും ആ സംശയം അയാള്‍ മനസ്സിലൊതുക്കി. 
.
' ബോണ്ടേജ് ആന്റ് ഡിസിപ്ലിന്‍, ഡോമിനന്‍സ് ആന്റ് സബ്മിഷന്‍, സാഡിസം ആന്റ് മസോക്കിസം ...' 
ഡോക്ടര്‍ ഒരു ക്ലാസ് തന്നെയെടുത്തു. പങ്കാളിയെ ബന്ധനത്തിലാക്കി സെക്‌സിലേര്‍പ്പെടുക, മാനസികമായും ശാരീരികമായും അടിമയാക്കി സെക്‌സ് ആസ്വദിക്കുക. കീഴടങ്ങുന്നവനുമേല്‍ അചാരമുറകളും നിഷിദ്ധസംഗമങ്ങളും അടിച്ചേല്‍പ്പിക്കുക. സ്വയം വേദനിച്ചും പങ്കാളിയെ വേദനിപ്പിച്ചും ഇരുവരും അതാസ്വദിക്കുക... ഭാവനയില്‍ വരഞ്ഞ ചിത്രം പോലെയാണ് ഡോക്ടറുടെ വിശദീകരണം റിഷിക്കനുഭവപ്പെട്ടത്. നാലുവര്‍ഷം മുമ്പു കണ്ട കിരണിന്റെ മുഖം ഇപ്പോഴും റിഷിയുടെ ഓര്‍മ്മയിലുണ്ട്. അത്തരത്തിലൊരു സൂചനയും ആ മുഖത്തുണ്ടായിരുന്നില്ല.  

അയാളുടെ ആശയക്കുഴപ്പം മനസ്സിലാക്കി ഡോക്ടര്‍ പറഞ്ഞു.
' യൂ ആര്‍ എ ജേണലിസ്റ്റ്. '

റിഷി തലയാട്ടി. 

'ബാംഗ്ലൂര്‍ വരെ വന്നിട്ട് , അതും ഇങ്ങനെയൊരു കാര്യത്തിന്... അത്തരക്കാരെ കണ്ടിട്ടില്ല കേട്ടിട്ടില്ല എന്നൊക്കെ പറഞ്ഞാല്‍ ... എല്ലാം ഒന്നു കണ്ടിട്ടുപോകണം. അതല്ലേ ത്രില്‍. ഐ ആം സീരിയസ്.  യൂ ലൈക് ടു ഒബ്‌സര്‍വ് സം ഓഫ് ദെം ? '

ഒരു നിമിഷം ശങ്കിച്ചെങ്കിലും റിഷിയിലെ പത്രപ്രവര്‍ത്തകന്‍ ഉണര്‍ന്നു. അവന്‍ താല്‍പ്പര്യത്തോടെ തലയാട്ടി.

'എന്റെയൊരു സ്റ്റാഫുണ്ട്. ഹി ഈസ് ദി ബെസ്റ്റ് റ്റു ലൊക്കേറ്റ് ദിസ് ഗ്രൂപ്പ്. നിങ്ങളവന്റെ കൂടെ നഗരമൊക്കെ ചുറ്റിവരൂ. വി വില്‍ ടോക് എബൗട്ട് കിരണ്‍രാജ് ഇന്‍ ഡീറ്റയില്‍ ടുമൊറോ. '

ഡോക്ടര്‍ ഹോസ്പിറ്റലിന്റെ മുഖവശത്തേക്കു നടന്നു. പിന്നാലെ റിഷിയും.  ഇളവെയില്‍ ചൂടുപിടിച്ചുതുടങ്ങിയിരുന്നു. വെളിയില്‍ അഡ്മിനിസ്‌ട്രേഷന്‍ ജോലികളുടെ ഭാഗമായി നിന്ന ഒരാളെ കൈകാട്ടി വിളിച്ചിട്ട് റിഷിയോടയാള്‍ പറഞ്ഞു. 
'ദിവാകര്‍. ആളു ക്രോസാ. അച്ഛന്‍ മലയാളി. അമ്മ ഇവിടെ വൊക്കലിഗ ഫാമിലി.... മലയാളം  നന്നായി സംസാരിക്കും .'

വെയിലേറ്റാല്‍ തീപിടിക്കുന്ന മൈലാഞ്ചിമുടിക്കാരനായിരുന്നു ദിവാകര്‍. ഡോക്ടര്‍ ജോലിയേല്‍പ്പിച്ചതുമുതല്‍ വിശ്വസ്തനായ ഒരു ഗൈഡായി അയാള്‍ കൂടെ നിന്നു. തരിശായ നഗരപരിധികളില്‍ നിന്ന് നഗരം പൂക്കുന്നിടത്തേക്കും കായ്ക്കുന്നിടത്തേക്കും അയാള്‍ റിഷിയെ കൂട്ടി. അയാളുടെ പരിചയത്തിലുള്ള ഓട്ടോറിക്ഷയിലായിരുന്നു യാത്ര. 

ജയനഗറിനടുത്തെത്തിയപ്പോല്‍ ആള്‍ത്തിരക്കുകുറഞ്ഞ ഒരു കെട്ടിടം ചൂണ്ടിക്കാട്ടി ദിവാകര്‍ പറഞ്ഞു.
' വീ ആര്‍ നോട്ട് ലക്കി. നോബഡി ഈസ് ദെയര്‍ .'

നിഴല്‍ മനോഭാവങ്ങള്‍ ഗൂഢമോദം നുകരുന്ന മടകള്‍ തേടിയുള്ള യാത്ര തുടര്‍ന്നു. അതിനിടയില്‍ റിഷിയുടെ നേര്‍ക്കു തിരിഞ്ഞ് ദിവാകര്‍ മലയാളം പറഞ്ഞുതുടങ്ങി. 
'ഇതൊക്കെ പുതിയതൊന്നുമല്ല സാറേ. ക്രാക്ക് ഈറ എന്നൊക്കെ സാറു കേട്ടിട്ടില്ലേ... അന്നുതൊട്ടേ ഇവിടിതൊക്കെയുണ്ട്. ഇപ്പോ അത് ഓര്‍ഗനൈസ്ഡ് ആയി. അത്രേയുള്ളൂ. '

ക്രാക്ക് ഈറയെന്ന കാലവിശേഷണം റിഷിയെ ആദര്‍ശങ്ങളും ആചാരങ്ങളും നിരാകരിക്കുന്നവരുടെ ഹിപ്പിയിസത്തിലേക്കെത്തിച്ചു. യഥാര്‍ത്ഥ ഹിപ്പിയിസം വറ്റിയൊടുങ്ങിയ ഇടത്തേക്കാണ് കനാബീസിനും എല്‍ എസ് ഡിയ്ക്കും പിന്നാലെ കൊക്കെയ്‌നുമെത്തിയത്. കൊക്കെയിനിന്റെ വന്‍ ശേഖരം മിയാമിയിലെത്തിയതോടെ 'ക്രാക്ക് ഈറ'യെന്ന വഴിവിട്ട ലോകം പിറക്കുകയായിരുന്നു. ക്രാക് കൊക്കെയിന്‍ എന്ന പേരില്‍ പുകവലിക്കാന്‍ ഖരരൂപത്തിലുള്ള കൊക്കെയിന്‍ പൗഡര്‍ അമേരിക്കന്‍ സ്‌റ്റേറ്റുകളിലെല്ലാം കുറഞ്ഞ വിലക്ക് കിട്ടിത്തുടങ്ങി. മയക്കു മരുന്നിനടിപ്പെടുന്നവര്‍, വീട് ഉപേക്ഷിക്കുന്നവര്‍, കവര്‍ച്ച-കൊലപാതകം-പിടിച്ചുപറി-സംഘം ചേര്‍ന്ന ആക്രമണങ്ങള്‍ ... യുണൈറ്റഡ് സ്റ്റേറ്റ് അക്ഷരാര്‍ത്ഥത്തില്‍ പുകഞ്ഞു. പ്രത്യേകിച്ചും കുടിയേറ്റ ജനത. ക്രാക്ക് യുഗത്തിന്റെ ഉപോല്‍പ്പന്നങ്ങളായി അസ്വാഭാവിക മരണങ്ങളും തൂക്കം കുറഞ്ഞ കുട്ടികളുടെ ജനനവും സര്‍വ്വസാധാരണമായി. ദിവാകറിന്റെ 'ക്രാക് ഈറ' പ്രയോഗം ചരിത്രവഴികളൊക്കെ തുറന്നിടുന്നതായി റിഷിക്കു തോന്നി. 

ദിവാകറിനൊപ്പമുള്ള യാത്ര നഗരത്തിന്റെ മുക്കും മൂലയും പരിചയപ്പെടുത്തുന്നതായിരുന്നു. ഡോക്ടര്‍ പറഞ്ഞ പ്രത്യേകഗ്രൂപ്പുകളെക്കുറിച്ച്  ലസ്ലിക്ക് ധാരണയുണ്ടാവുമെന്നും അങ്ങനെയെങ്കില്‍ അയാളെയും കൂട്ടി പോയാല്‍ മതിയെന്നും യാത്ര തുടങ്ങും മുമ്പ് റിഷിയാലോചിച്ചിരുന്നു. എന്നാല്‍ യാത്ര തുടങ്ങിയതിനുശേഷം ആ ചിന്ത തിരുത്തി. ദിവാകര്‍ തന്നെയാണ് ഏറ്റവും ഉത്തമം. ബി ഡി എസ് എം ഗ്രൂപ്പുകളില്‍ ചെറിയൊരു കാലയളവിലാണെങ്കിലും സഹകരിച്ചിരുന്ന അയാളില്‍ നിന്നു കിട്ടുന്നത്ര വിവരങ്ങള്‍ ലസ്ലിയില്‍ പ്രതീക്ഷിക്കേണ്ടതില്ല. 

ഇത്തവണ ബാനര്‍ഹട്ട റോഡിലെ പബ്ബിലേക്കാണ് ദിവാകര്‍ കൂട്ടിയത്. അത്തരക്കാരുടെ ഹാംഗ് ഔട്ടുകളിലൊന്നാണത്. അവിടെ അവന്റെ പ്രതീക്ഷ തെറ്റിയില്ല . ഒഴിഞ്ഞ കോണില്‍ രണ്ടു ടേബിളുകളിലായി രണ്ടുപേര്‍ വീതമിരിക്കുന്നു. ഒരു ടേബിളില്‍ യുവാവും മധ്യവയസ്‌കയുമാണ്. അവരെന്തൊക്കെയോ കാര്യമായി സംസാരിക്കുന്നുണ്ട്. അല്‍പ്പം മാറിക്കിടക്കുന്ന ടേബിളില്‍ രണ്ടു പുരുഷന്‍മാരുണ്ട്. അവരില്‍ പ്രായമുള്ളയാള്‍ നിലത്ത് രണ്ടാമത്തെയാളുടെ പാദത്തിനുസമീപം കുനിഞ്ഞിരിക്കുന്നു. രണ്ടാമത്തെയാളുടെ അഴിച്ചിട്ടിരുന്ന ഷൂസ് നിലത്തിരുന്നയാളുടെ കൈവശമുണ്ട്.  

' ഹി ഈസ് എ ഫൂട്ട് ഫെറ്റിഷിസ്റ്റ് ... ഷൂ മണക്കും. ചെലപ്പോ നക്കിത്തുടയ്ക്കും '

ദിവാകര്‍ പറഞ്ഞുതീരുംമുമ്പുതന്നെ അതൊക്കെ സംഭവിച്ചു. കീഴടങ്ങുന്നതിന്റെയും കീഴടക്കുന്നതിന്റെയും രസതന്ത്രം റിഷി നേരിട്ടുകാണുകയായിരുന്നു. 
 
' അവര്‍ക്ക്  കാലും ഷൂസുമൊക്കെ വല്യ ഇഷ്ടമാ'

' ഫൂട്ട് ഫെറ്റിഷിസ്‌ററ് '
അത്ര സുപരിചിതമല്ലാത്ത പദം റിഷി ആവര്‍ത്തിച്ചു. 
'ഇത്തരക്കാരെ അങ്ങനെയാണോ വിളിക്കുന്നത് ?'

' ഇംഗ്ലീഷ് ലെറ്റേഴ്‌സനുസരിച്ച് ഗ്ലോസ്സറിയൊക്കെയുണ്ട്. ഓരോ വേഡ് കേട്ടാലും ഗ്രൂപ്പിലുള്ളവര്‍ക്കറിയാം ആള്‍ ഏതുതരക്കാരനാണെന്ന്. '

റിഷിക്കു കൗതുകം തോന്നി. കൂടുതല്‍ അറിയാനുള്ള ആഗ്രഹത്തോടെ അയാള്‍ ദിവാകറിന്റെ മുഖത്തേക്കു നോക്കി. 

' ഫോര്‍ എക്‌സാംബിള്‍... ജി ഫോര്‍ ഗോള്‍ഡന്‍ ഷവര്‍, എസ് ഫോര്‍ സ്വിച്ച് '

' എന്നൊക്കെ പറഞ്ഞാല്‍ ? '

' സീ... ഗോള്‍ഡന്‍ ഷവര്‍ മീന്‍സ്... '
ദിവാകറൊരു വഷളന്‍ ചിരി ചിരിച്ചു ; പിന്നെ തുടര്‍ന്നു.
' ഷവര്‍ യുവര്‍ പാര്‍ട്ണര്‍ വിത്ത് യുവര്‍ പിസ്സ് '

റിഷിക്ക് അറപ്പു തോന്നി. പാര്‍ട്ട്ണറുടെ ശരീരത്തിലോ ചുറ്റുപാടുമോ കിടക്കയിലോ മൂത്രമൊഴിക്കുക. അതയാള്‍ക്ക് ആലോചിക്കാന്‍ തന്നെ കഴിഞ്ഞില്ല. 
  
' എഛ് ഫോര്‍ ഹാര്‍ഡ് ലിമിറ്റ്... യൂ കാന്‍ ഡിസ്‌കസ് ദ ബൗണ്ടറീസ് വിത്ത് യുവര്‍ പാര്‍ട്ണര്‍. ദാറ്റ് മീന്‍സ്...ഓപ്ഷന്‍ ഈസ് ദെയര്‍. യൂ കാന്‍ സേ ... പ്ലീസ് ഡൂ നോട്ട് പീ ഓണ്‍ മി '

കീഴടങ്ങാനും കീഴടക്കാനും ഒരുപോലെ കഴിയുന്നവരാണ് സ്വിച്ച്. ദിവാകര്‍ വിശദീകരണം തുടരുമ്പോള്‍ തിരിച്ചറിവിന്റെ മറ്റൊരു പ്രതലത്തിലായിരുന്നു റിഷി. ഇതൊരു സ്‌പോര്‍ട്ടി ഗെയിമോ ഫാന്റസിയുടെ ലോകമോ ആണെന്നാണ് ദിവാകര്‍ സ്ഥാപിക്കുന്നത്.  

വര്‍ഷാവസാനമാകുമ്പോഴേക്കും അവരുടെ ബോണ്ടിംഗ് മീറ്റുകള്‍ പലയിടത്തും നടക്കാറുണ്ട്. പത്തും ഇരുപതും പേരൊക്കെയുണ്ടാവും ഓരോ മീറ്റിംഗിലും. പ്രത്യേകവിളിപ്പേരുകള്‍ സ്വീകരിച്ച്  അതില്‍ പങ്കെടുക്കാനെത്തുന്നവരെപ്പറ്റി കേട്ടപ്പോള്‍ റിഷി അതിശയിച്ചു. ഡോക്ടര്‍മാര്‍ , ടെക്കികള്‍, ബിസിനസ്സുകാര്‍ ,ടീച്ചര്‍മാര്‍, വീട്ടമ്മമാര്‍ ... 

മൈസൂര്‍ റോഡില്‍ ഇത്തവണ ഒരു സെമിനാറിനുള്ള വട്ടംകൂട്ടലുകള്‍ തുടങ്ങിയിട്ടുള്ളതായി ദിവാകര്‍ പറഞ്ഞു. അതിനുവേണ്ട രജിസ്‌ട്രേഷന്‍ ഓണ്‍ലൈനില്‍ തുടങ്ങിയിട്ടുണ്ട്. ബി ഡി എസ് എം പ്രാക്ടീസിലെ സുരക്ഷിതത്വം, ഒരാളെ ബന്ധനസ്ഥനാക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, ആക്ടിവിറ്റീസിന്റെ ഭാഗമായി ചാട്ടവാറും നീഡില്‍സുമൊക്കെ ഉപയോഗിക്കുമ്പോള്‍ വേണ്ട നിയന്ത്രണങ്ങള്‍ എന്നുതുടങ്ങി ഇന്റര്‍ ആക്ടീവ് സെഷനുകളും പ്രാക്ടിക്കല്‍ സെഷനുകളും മീറ്റിംഗുകളിലുണ്ടാവും. ബി ഡി എസ് എം പ്രാക്ടീസിനുവേണ്ട അത്യാവശ്യം ഉപകരണങ്ങളുടെ ബേസിക് കിറ്റ് പ്രതിനിധികള്‍ക്ക് സൗജന്യമായി നല്‍കുകയും ചെയ്യും. 

' എന്താണീ ഉപകരണങ്ങള്‍ ? ദിവാകര്‍ എന്തെങ്കിലും ഉപയോഗിച്ചിരുന്നോ?  '
മനസ്സുകൊണ്ട് ഉള്‍ക്കൊള്ളാനാവുന്നതല്ലെങ്കിലും ആ പ്രത്യേകജീവിതക്രമത്തെക്കുറിച്ച് റിഷി അന്വേഷണം തുടര്‍ന്നു. 
 
'ബോണ്ടിംഗ് മെറ്റീരിയല്‍സ്... റോപ്... അതായിരുന്നു എനിക്കു ശീലം. വിലങ്ങുകള്‍, സുരക്ഷിതമായ റോപ്പുകള്‍, ചാട്ടവാറുകള്‍, ലെതര്‍ ബെല്‍റ്റുകള്‍, ലെതർ ഡ്രസ്സുകള്‍ അങ്ങനെ പല ഐറ്റവുമുണ്ട്. ചൈനയില്‍ നിന്നും മലേഷ്യയില്‍ നിന്നും വരുന്ന സാധനം വിലക്കുറവില്‍ ലോക്കലി കിട്ടും. അല്ലെങ്കില്‍ ഓണ്‍ലൈനില്‍ വരുത്തണം. '

സുപരിചിതമല്ലാത്ത ഒരു ജീവിതത്തിന്റെ ശല്കങ്ങള്‍ നിസ്സങ്കോചം ഉരിഞ്ഞിടുകയായിരുന്നു ദിവാകര്‍. ആ ജീവിതം രഹസ്യമായും പരസ്യമായും ജീവിച്ചുതീര്‍ക്കുന്നവരില്‍ ഒരാളാണ് കിരണ്‍രാജ് എന്നതാണ് യാഥാര്‍ത്ഥ്യം. കലുഷിതമാണ് കാര്യങ്ങളെന്ന് റിഷിക്കു ബോധ്യമായി. 

ഈ വിഷയത്തില്‍ ലസ്ലിക്കും പൊതുധാരണയ്ക്കപ്പുറം കാര്യമായ അറിവില്ലായിരുന്നു. മറ്റു പല നഗരങ്ങളിലുമെന്നപോലെ ഇത്തരക്കാര്‍ ഇവിടെയുമുണ്ടാകുമെന്നല്ലാതെ അതിത്ര മാത്രം തീവ്രവും സംഘടിതവുമാണെന്ന് അയാള്‍ ചിന്തിച്ചിരുന്നില്ല. റിഷി പറഞ്ഞ കാര്യങ്ങള്‍ ലെസ്ലിയെയും ജിജ്ഞാസുവാക്കി. 

അടുത്ത ദിവസം ഡോക്ടറുടെ അടുത്തേക്ക് പോകുന്നതിന് ലസ്ലിയും ഒപ്പമുണ്ടായിരുന്നു. കിരണ്‍രാജിനെപ്പറ്റി ഒരു പൊതുബോധം റിഷിക്കു കിട്ടിയിരിക്കുമെന്ന വിശ്വാസത്തിലാണ് ഡോക്ടര്‍ സംസാരിച്ചു തുടങ്ങിയത്.

' ലറ്റ് മി സ്റ്റാര്‍ട്ട് വിത്ത് വാട്ട് യൂ ഹാവ് ലേണ്‍ഡ് സോ ഫാര്‍. നമ്മള്‍ പലപ്പോഴും ആള്‍ട്ടര്‍നേറ്റീവ് മെഡിസിനെ തള്ളിപ്പറയാറുണ്ട്. അതിന്റെ ശാസ്ത്രീയത ഇനിയും അംഗീകരിക്കപ്പെടാനുണ്ട് ; ശരിയാണ്.  ബട്ട് ദിസ് വൈദ്യന്‍ ഹാസ് സം മിറക്കിള്‍സ്...എന്തൊക്കെയോ സിദ്ധികള്‍. ചികിത്സയില്ലാത്ത അള്‍ഷിമേഴ്‌സിനും എയ്ഡ്‌സിനുമൊക്കെ ഇയാള്‍ ചില മരുന്നുകള്‍ നല്‍കിയിരുന്നു. എനിക്കു തോന്നുന്നത് മകനുവന്ന തകര്‍ച്ച അയാളെയും ബാധിച്ചെന്നാണ്. അതാണയാള്‍ പഴയതുപോലെ ചികിത്സയില്‍ ആക്ടീവല്ലാത്തത്. ' 

എയ്ഡ്‌സ്, അള്‍ഷിമേഴ്‌സ് എന്നിങ്ങനെ മാറാരോഗങ്ങള്‍ സ്വാമിവൈദ്യന്‍ ചികിത്സിച്ചിരുന്ന കാര്യം റിഷിക്കു പുതിയ അറിവായിരുന്നു. അയാളുടെ മനസ്സിലേക്ക് വീണ്ടും സ്വാമിമഠം കടന്നുവന്നു. വാതില്‍ തുറന്നു പുറത്തേക്കു വരുന്ന ദുര്‍ഗ്ഗ ചികിത്സ ഇപ്പോഴില്ലെന്നും മറ്റേതെങ്കിലും ആശുപത്രിയിലേക്കു പൊയ്‌ക്കൊള്ളാനും പറയുന്നു. ചികിത്സാസിദ്ധിയില്‍ നിന്ന് പദാനുപദം പിന്നിലേക്ക് അകലുകയായിരുന്നോ സ്വാമി ?

'ഡിസ്ചാര്‍ജ്ജ് ആയി തിരിച്ചു പോകും. അധികം വൈകാതെ വീണ്ടും വരും. ദിസ് വാസ് ഹിസ് റൂട്ടിന്‍. അച്ഛനോടും കൂട്ടുകാരോടുമൊക്കെ തെറ്റി അങ്ങനെ അലയും. അതിനിടയ്‌ക്കെപ്പോഴോ ആയിരിക്കും നിങ്ങള്‍ പറഞ്ഞ പെണ്‍കുട്ടിയുമായി അടുപ്പമുണ്ടാക്കിയത്. ഐ തിങ്ക് ... ഇറ്റ് വാസ് നോട്ട് എ സിന്‍സിയര്‍ റിലേഷന്‍ഷിപ്പ്  ' 

'എന്നുവച്ചാല്‍... കിരണ്‍രാജ്... അയാള്‍ ജീനയെ ചീറ്റ് ചെയ്‌തെന്നാണോ ഡോക്ടര്‍ പറയുന്നത് ?' 

'അതും ഉറപ്പിച്ചു പറയാനാവില്ല. നിങ്ങള്‍ കണ്ടതല്ലേ. സാഡോ മസോക്കിസം. ഇറ്റ് കാന്‍ ബി റിഫ്‌ലക്ടഡ് എനിവേ  '
എന്തൊക്കെയോ ഒാര്‍ത്തെടുത്ത് ഡോക്ടര്‍ തുടര്‍ന്നു. 
' ലാസ്റ്റ് ടൈമില്‍  ചികിത്സ തീരുംമുമ്പ് കിരണ്‍ ഇറങ്ങിപ്പോകുകയായിരുന്നു. വിലക്കാന്‍ ശ്രമിച്ച ഞാന്‍ തലമുടിനാരിഴയ്ക്കാണ് അയാളുടെ തല്ലുകൊള്ളാതെ രക്ഷപ്പെട്ടത്. എന്റെ ചികിത്സാമുറകളെ പുച്ഛിച്ച് ഒരൊറ്റപ്പോക്ക്. പിന്നീടിങ്ങോട്ടു വന്നിട്ടില്ല '

വൈദ്യര്‍ ഇക്കാര്യങ്ങളൊന്നും റിഷിയോടു സംസാരിച്ചിട്ടില്ലെന്ന് ഇതിനകം ഡോക്ടര്‍ മനസ്സിലാക്കിയിരുന്നു. ആലോചിച്ച് അയാള്‍ ഒരു വഴി നിര്‍ദ്ദേശിച്ചു. 
' നിങ്ങള്‍ വൈദ്യനെ കണ്ടുനോക്കൂ. കിരണിന്റെ പ്രശ്‌നങ്ങളുടെ വിത്ത് അവിടെയുമുണ്ടാകും. അവിടേക്കയാള്‍ക്ക് മടങ്ങിയെത്താതിരിക്കാനാവില്ല '

'പക്ഷേ ... സ്വാമിവൈദ്യര്‍... കിരണിനെക്കുറിച്ച് ഓര്‍ക്കാന്‍ പോലും അദ്ദേഹം ഇഷ്ടപ്പെടുന്നില്ല '

'മെമ്മറീസ് ആര്‍ ഇംപള്‍സസ്. നമ്മുടെ ഇഷ്ടവും അനിഷ്ടവും നോക്കിയല്ല അതു വരുന്നതും പോകുന്നതും. അതുകൊണ്ട് ഓര്‍ക്കണ്ട എന്നു വിചാരിക്കുന്നതില്‍ വലിയ അര്‍തഥമന്നുമില്ല.  ഇനി ഓര്‍മിക്കുന്നില്ലെന്നാണെങ്കില്‍ നിങ്ങള്‍ ഓര്‍മ്മിപ്പിക്കണം. '

ഡോക്ടര്‍ ഉദ്ദേശിച്ചത് എന്തെന്ന് റിഷിക്കു മനസ്സിലായില്ല. ലസ്ലിയും എല്ലാം കേട്ടിരിക്കുകയായിരുന്നു. 
ഡോക്ടര്‍ ലറ്റര്‍ പാഡെടുത്തു.

' ഫോണ്‍ നമ്പര്‍ വേണ്ട. അയാളുടെ അഡ്രസ് പറയൂ. ഞാനൊരു ലറ്റര്‍ തരാം. അയാളെന്നെ മറക്കാനിടയില്ല '

റിഷി അഡ്രസ് പറഞ്ഞു കൊടുത്തു. ഉരുണ്ട അക്ഷരത്തില്‍ ഡോക്ടര്‍ കത്തെഴുതാന്‍ തുടങ്ങി.

- ഇത് എന്റെ സുഹൃത്താണ്. ഇയാള്‍ക്ക് കുറച്ചു കാര്യങ്ങള്‍ അറിയാനുണ്ട്. കിരണിന്റെ കാര്യത്തില്‍ അതു പ്രയോജനപ്പെടുമെന്നു തോന്നുന്നു. അല്‍പ്പസമയം സംസാരിക്കുന്നതിന് അവസരമുണ്ടാക്കുമല്ലോ.

ഡോക്ടറുടെ കത്തുമായി മടങ്ങുമ്പോള്‍ ക്രാന്തിവീര്‍ സാംഗൊളി രായണ്ണ സ്‌റ്റേഷനിലെ ചൂളംവിളി റിഷിയുടെ കാതില്‍ നിറഞ്ഞു 

(തുടരും)

Content Highlights: Malayalam Novel based on true story part ten