16- തിരുത്തിയെഴുതുന്ന തിരക്കഥകള്‍ 

ഫൈവ് ഡബ്ല്യൂസ് ആന്റ് വണ്‍ എഛ്.
ഹൂ, വാട്ട്, വെന്‍, വെയര്‍, വൈ ആന്റ് ഹൗ. 
ഒരു നല്ല വാര്‍ത്ത ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം പറയും. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ ഇതില്‍ പലതിന്റെയും കൃത്യമായ ഉത്തരം വേണം ഒരു വാര്‍ത്ത പൂര്‍ണ്ണമാകാന്‍. 

സ്വാമിവൈദ്യരും സാമുവലും നല്‍കിയ വിവരങ്ങളും ബാംഗ്ലൂരിലെ അന്വേഷണത്തിന്റെ വിശദാംശങ്ങളും അവശേഷിപ്പിച്ച ചോദ്യങ്ങള്‍ക്ക് ജീന കത്തിലൂടെ കൃത്യമായ മറുപടി നല്‍കിയിരിക്കുന്നു. നാലുവര്‍ഷം മുമ്പുള്ള ഒരു വാര്‍ത്ത പുനരന്വേഷിക്കുമ്പോള്‍ അന്നത്തെ നിര്‍ണ്ണായകസംഭവം എന്തായിരുന്നെന്നും അതെങ്ങനെ സംഭവിച്ചെന്നുമുള്ള ചോദ്യങ്ങളാണ് മുഖ്യം. അതിനുത്തരം സാമുവലില്‍ നിന്നാണു കിട്ടേണ്ടതെന്ന് ആദ്യഘട്ടത്തില്‍ റിഷി കരുതിയിരുന്നു. എന്നാല്‍ തനിക്കൊന്നുമറിയില്ലെന്ന നിലപാടായിരുന്നു സാമുവലിന്റേത്. അയാളുടെ അജ്ഞത സത്യസന്ധമെന്നു കരുതാനും അന്നത്തെ നിര്‍ണ്ണായകസംഭവത്തില്‍ പങ്കില്ലെന്നുറപ്പുവരുത്താനും ഡി എന്‍ എ ടെസ്റ്റിന്റെ റിസള്‍ട്ട് ധാരാളമായിരുന്നു താനും. 

ആ ദുരൂഹതകളെല്ലാം ജീനയുടെ കത്തിലൂടെ അവസാനിച്ചിരിക്കുന്നു.   
ആരാണ് അന്ന് ജീനയെ ഉപദ്രവിച്ചത് ?
ഉത്തരം കിരണ്‍രാജ്.

അതു സംഭവിച്ചതെങ്ങനെ ?
ടെന്‍ഷനും ഉറക്കക്കുറവിനും സ്വാമിവൈദ്യരുടെ ഒറ്റമൂലിയെന്നു ധരിപ്പിച്ച് ചൂര്‍ണ്ണരൂപത്തില്‍ മയക്കുമരുന്നു പതിവായി നല്‍കി ജീനയെ സ്വാധീനിച്ചു. അതിന്റെ മിഥ്യാവലയത്തില്‍ അയഞ്ഞുതൂങ്ങിയ അവള്‍ മയങ്ങിക്കിടന്നപ്പോള്‍ സാമുവലെന്ന വ്യാജേന കെട്ടിയിട്ടു പീഡിപ്പിച്ചു.

എന്തിന് ?
ജീനയോടുള്ള ആസക്തിപോലെ കിരണിനു പ്രധാനമായിരുന്നു അവളുടെ പിതാവിന്റെ സ്വത്തും പണവും. ദുര്‍ഗ്ഗയോടു കാട്ടിയ ക്രൂരതയുടെ പശ്ചാത്തലത്തില്‍ അയാള്‍ക്ക് സ്വാമിമഠത്തില്‍ നിന്നുള്ള അവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ടിരുന്നു. അതോടെ വഴിവിട്ട ജീവിതത്തിന് പണം കണ്ടെത്താന്‍ കിരണിന്റെ മുന്നിലുണ്ടായിരുന്ന ഏകമാര്‍ഗ്ഗം സാമുവലിന്റെ സ്വത്തുവകകളായിരുന്നു്. 

വിവാഹാന്വേഷണത്തിന് സാമുവല്‍ സ്വാമിമഠത്തിലെത്തിയതോടെ കിരണിന്റെ കണക്കുകൂട്ടലുകള്‍ തെറ്റി. കിരണ്‍ മറ്റൊരു വിവാഹം കഴിച്ചിട്ടുണ്ടെന്നും ലഹരിക്കടിമയാണെന്നും മനസ്സിലാക്കിയ സാമുവല്‍ ജീനയെ ഏതുവിധേനയും പിന്തിരിപ്പിക്കാനുള്ള തീരുമാനത്തിലെത്തി. അതേസമയം സ്വാമിമഠത്തില്‍ നിന്നറിഞ്ഞ വിവരങ്ങള്‍ ഉടനടി ജീനയോടു പറയാനയാള്‍ തുനിഞ്ഞതുമില്ല.  ജീന കാര്യങ്ങളറിഞ്ഞിട്ടില്ലെന്ന് കിരണിനും ബോധ്യമായി. അറിഞ്ഞിരുന്നെങ്കില്‍ അവളില്‍ നിന്നു ചോദ്യങ്ങളുണ്ടാകുകയും കിരണതിനു മറുപടി കണ്ടെത്തേണ്ടിവരികയും ചെയ്യുമായിരുന്നു. ജീനയുമായുള്ള വിവാഹം നടന്നില്ലെങ്കില്‍ വലിയൊരു സ്വത്തുവിഹിതം കിട്ടാതെ പോകുമെന്നും അതനുവദിക്കരുതെന്നും കിരണ്‍ തീരുമാനിച്ചു. സാമുവലിനെ കെണിയില്‍പ്പെടുത്താനും ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാനുമുള്ള ആലോചനകളായിരുന്നു പിന്നീട്. അതിനിടയിലാണ് ജീനയ്ക്ക് ജോലി അന്വേഷിച്ചുള്ള സാമുവലിന്റെ യാത്ര. ജീന തന്നെയാണ് അക്കാര്യം കിരണിനെ അറിയിച്ചത്. 

സാമുവലില്ലാത്ത തക്കത്തിന് ആനത്താരവീട്ടിലെത്തണമെന്നു കരുതിയാണ് കിരണന്ന് മണിക്കടവില്‍ ബസ്സിറങ്ങിയത്. എന്നാല്‍ അബദ്ധവശാല്‍ ചെന്നുപെട്ടത് സാമുവലിന്റെ മുന്നില്‍. ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ തിരിച്ചു പോകുന്നതായി തെറ്റിദ്ധരിപ്പിച്ച് ബസ്സില്‍ കയറിയ കിരണ്‍ അല്‍പ്പദൂരമെത്തിയതിനുശേഷം തന്ത്രപൂര്‍വ്വം മടങ്ങിവന്നു. ജീന മാത്രമുള്ള ആനത്താര വീട്ടിലേക്ക് അയാളെത്തി. സാമുവല്‍ പോയിരിക്കുന്നത് ജോലിക്കുവേണ്ടിയല്ലെന്നും വേറെ വിവാഹാലോചനയ്ക്കാണെന്നും വിശ്വസിപ്പിക്കാനുള്ള ശ്രമമായിരുന്നു അയാളുടേത്. അതു വിജയിച്ചെന്നുറപ്പില്ലെങ്കിലും ജീന ആശയക്കുഴപ്പത്തിലാകുന്നത് കിരണ്‍ മനസ്സിലാക്കി. പതിവു പോലെ അന്നുമവള്‍ക്ക് ഒറ്റമൂലി നല്‍കി, തിരിച്ചുപോകുന്നതായി ഭാവിച്ച് ആനത്താരവീടുവിട്ട കിരണ്‍ അടുത്ത ദിവസം വരെ മണിക്കടവില്‍ത്തന്നെ തുടരുകയായിരുന്നു.  

ഒറ്റമൂലിയുടെ വിഭ്രാമസീമകളില്‍ ജീന ആ രണ്ടുദിനങ്ങളിലും പതിവിലേറെ ഗാഢമായുറങ്ങി. ആ ഉറക്കത്തിനിടയിലാണ് കിരണ്‍ വീണ്ടുമെത്തിയത്. ഉറങ്ങിക്കിടന്ന ജീനയുടെ കണ്ണുകള്‍ മൂടിക്കെട്ടുകയും കൈകാലുകള്‍ ബന്ധിച്ച് വായില്‍ തുണിതിരുകുകയും ചെയ്തു. കിരണൊരു സാഡോമസോക്കിസ്റ്റായി മാറുകയായിരുന്നു. ജീനയുടെ നിസ്സഹായതയില്‍, വേദനയില്‍ തൃപ്തി തേടി വന്യമായി അയാള്‍ അലഞ്ഞു. ആരെന്ന സൂചന ബാക്കിവയ്ക്കാതെ വീടുവിട്ട അയാള്‍ കാര്യങ്ങള്‍ നിരീക്ഷിച്ച് കാത്തുനിന്നു. മണിക്കൂറുകള്‍ വേണ്ടിവന്നു ജീനയ്ക്ക് ബോധം തിരിച്ചുകിട്ടാന്‍. കണ്ണുതുറന്നപ്പോള്‍ അവളുടെ മുന്നിലുണ്ടായിരുന്നത് സാമുവലായിരുന്നു.  

കടുത്ത വേദനയില്‍ ഹൃദയംപൊട്ടി ജീന നിലവിളിച്ചു. ആളുകള്‍ ഓടിക്കൂടിയപ്പോള്‍ കൂട്ടത്തില്‍ കിരണ്‍രാജുമെത്തി. ആമറുചിന്തയ്ക്കവസരം നല്‍കാതെ ജീനയുടെയും നാട്ടുകാരുടെയും മുന്നിലയാള്‍ സാമുവലിനെ കുറ്റവാളിയാക്കി. അപ്പോള്‍ത്തന്നെ ജീനയെ അവിടെനിന്നു കൂട്ടിയ കിരണ്‍ അവളുടെ വിശ്വാസമാര്‍ജ്ജിക്കാനായി രജിസ്ടര്‍ വിവാഹത്തിനും മുന്‍കൈയെടുത്തു. അവളെ മുന്‍നിര്‍ത്തി കിരണ്‍ നിശ്ചയിച്ചിരുന്ന പാവനാടകത്തിലെ ആദ്യരംഗങ്ങളായിരുന്നു അവ.  

റിഷിക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി.
ഒരു വലിയ അന്വേഷണം അവസാനിച്ചിരിക്കുന്നു. കുറ്റസമ്മതമോ മാപ്പപേക്ഷയോ കുമ്പസാരമോ ആണ് ജീനയുടെ കത്ത്. ഭദ്രമായൊട്ടിച്ച് നേരിട്ടയയ്ക്കുന്നതിനു പകരം അവളതു തന്നെയേല്‍പ്പിച്ചത് സാമുവലിനു തന്നെ കിട്ടുമെന്നുറപ്പാക്കാനാണ്. അതിലുപരി തന്റെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള അവളുടെ മറുപടിയും അതിലുണ്ടായിരുന്നു. 

റിഷി പിന്നെ വൈകിയില്ല. കത്തില്‍ ഗോണിക്കൊപ്പലിലെ സാമുവലിന്റെ അഡ്രസ് എഴുതി. ഒരു ദിവസം കഴിഞ്ഞാല്‍ ആ കത്ത് സാമുവലിന്റെ കയ്യിലെത്തും. അയാളെങ്ങനെയായിരിക്കും പ്രതികരിക്കുക ?  ആ കയ്യക്ഷരം കാണുമ്പോള്‍, കത്തു പൊട്ടിക്കുമ്പോള്‍ അയാളുടെ മനസ്സും മുഖവും എങ്ങനെയുണ്ടാവും ?
 ' പ്രിയപ്പെട്ട അപ്പച്ചന്. അവിടെ വന്ന് കാലില്‍ വീണ് കെട്ടിപ്പിടിച്ചു കരയണമെന്നുണ്ട് ' എന്ന ആദ്യവരികളില്‍ത്തന്നെ സാമുവല്‍ വായന അവസാനിപ്പിക്കുമോ ? കത്തു വലിച്ചുകീറിക്കളയുമോ ?
അതോ ; അടക്കിപ്പിടിച്ച വികാരങ്ങളെല്ലാം അണപൊട്ടി തിടുക്കത്തില്‍ താഴേക്കു താഴേക്കു വന്ന് ജീനയുടെ മനസ്സിലേക്കയാള്‍ വായിച്ചു കയറുമോ ? 

അവസാനം കണ്ടുപിരിയും മുമ്പ് സാമുവല്‍ പറഞ്ഞ വാചകം റിഷിയുടെ കാതുകളില്‍ ഇപ്പോഴുമുണ്ട്. 
'ഒരപ്പച്ചനങ്ങനാണ്. ക്ഷമിക്കാനേ കഴീയൂ... മക്കളെപ്പോലെയല്ല '

ഒരു തവണ കൂടി ക്ഷമിക്കാന്‍ സാമുവലിനെ അയാളാശ്രയിക്കുന്ന ദൈവം പ്രേരിപ്പിക്കട്ടെയെന്ന് റിഷി ആശിച്ചു. എല്ലാം നല്ലതിനാവട്ടെയെന്നാഗ്രഹിക്കുമ്പോള്‍ത്തന്നെ റിഷിയ്ക്കത് തൊഴില്‍പരമായുണ്ടായ നോട്ടപ്പിശകിന് ഒടുക്കുന്ന പിഴ കൂടിയായിരുന്നു.   

ജീനയുടെ വാര്‍ത്താവൈരുദ്ധ്യങ്ങള്‍ക്കിടയിലൂടെ റിഷി നടത്തിയ യാത്രകളെക്കുറിച്ച് രഘുനാഥനും സതീഷിനും കുറെയൊക്കെ ധാരണയുണ്ട്. എന്നാല്‍ രഘുനാഥനെന്തുകൊണ്ടോ ആ വിഷയത്തില്‍ വലിയ താല്‍പ്പര്യം കാട്ടിയിരുന്നില്ല. ഒരിക്കല്‍പ്പോലും അതേപ്പറ്റി അന്വേഷിക്കാനും മുതിര്‍ന്നിരുന്നില്ല. നേരെ മറിച്ചായിരുന്നു സതീഷ്. റിഷിയുടെ മനസ്സ് ആ വാര്‍ത്തയ്‌ക്കൊപ്പമാണെന്നുറപ്പുള്ളതുകൊണ്ട് സതീഷും അത് ഗൗരവമായെടുത്തിരുന്നു. ഇക്കാര്യത്തില്‍ ശിവാനിയും പിതാവിനെപ്പോലെ തന്നെയായിരുന്നു. വിവരങ്ങള്‍ സമയാസമയങ്ങളില്‍ അറിയാത്തതിലായിരുന്നു അവള്‍ക്ക് പരിഭവം.   

ആ സാഹചര്യത്തില്‍ ഇതുവരെയുണ്ടായ കാര്യങ്ങളെപ്പറ്റി വിശദമായൊരു ചിത്രം സതീഷിനും ശിവാനിക്കും നല്‍കണമെന്ന് റിഷിയ്ക്കുണ്ടായിരുന്നു. എന്നാല്‍ അപ്പോള്‍ത്തന്നെ സമയം വൈകിയിരുന്നു. വീണ്ടും എഴുത്തു തുടങ്ങാമെന്ന് രഘുനാഥനോടേറ്റിരിക്കുന്ന ദിവസമാണ്. രാവിലെ മുതല്‍ വീട്ടിലയാള്‍ കാത്തിരിക്കുന്നുണ്ടാവും. ഒന്നുകില്‍ അന്നത്തെ എഴുത്തുകഴിഞ്ഞ് മടങ്ങി വന്നിട്ട്, അല്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ത്തന്നെ സതീഷിന്റെ വീട്ടിലേക്കു പോകണമെന്ന് റിഷി നിശ്ചയിച്ചു. പതിനൊന്നു മണി കഴിഞ്ഞിട്ടുണ്ടാവും രഘുനാഥന്റെ വീട്ടിലേക്കയാള്‍ തിരിച്ചപ്പോള്‍. 

നഗരം തീരുന്നതും നാട്ടുപച്ച തുടങ്ങുന്നതും രഘുനാഥന്റെ വീടിനടുത്താണ്. ആ റോഡിലൂടെ ബൈക്കില്‍ പോകുമ്പോഴെല്ലാം റിഷി കൗതുകത്തോടെ ആലോചിക്കാറുണ്ട് ;  കോര്‍പ്പറേഷന്‍ ലിമിറ്റിന്റെ ബോര്‍ഡ് കഴിഞ്ഞാലുടന്‍ എങ്ങനെ സര്‍വ്വചിട്ടയുമൊത്ത ഒരു ഗ്രാമാന്തരീക്ഷം ഉണ്ടാകുന്നുവെന്ന്. നാടും നാട്ടാരും മാത്രമല്ല പ്രകൃതിയും പക്ഷികളുമെല്ലാം വ്യത്യസ്തങ്ങളായിരുന്നു അവിടെ .
 
ആദ്യത്തെ പ്രധാന കവല രണ്ടു വലിയ പേരാലുകളുടെയും ഒരു നാട്ടുമാവിന്റെയും തണലിലാണ് നിലയുറപ്പിച്ചിട്ടുള്ളത്. അടുത്തിടെ പേരാലുകള്‍ക്കു ചുറ്റും കരിങ്കല്ലുകൊണ്ട് തറ കെട്ടിയുയര്‍ത്തിയിരുന്നു. അതോടെ വെടിവട്ടം പറയാന്‍ പ്രായഭേദമന്യേ ആളുകള്‍ കൂടുന്നതും സമയം കൊല്ലാനുള്ള ചീട്ടുകളിയും തര്‍ക്കവിതര്‍ക്കങ്ങളും പതിവായി. 

ആല്‍മരങ്ങള്‍ക്കു പിന്നിലായി ക്ഷേത്രത്തിലേക്കുള്ള വഴിയാണ്. മുഖവഴിക്കു തെല്ലുമാറി അകത്തേക്കുള്ള ഓടിട്ട വീടാണ് രഘുനാഥന്റേത്. പ്രതാപകാലത്തിന്റെ മങ്ങിയ തഴമ്പുകള്‍ പേറുന്ന വീടാണതെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തമാകും. 

വീടിനുമുന്നില്‍ ബൈക്കൊതുക്കുമ്പോള്‍ വൈകിപ്പോയതിന്റെ യഥാര്‍ത്ഥകാരണം പറയേണ്ടതില്ല എന്നയാള്‍ക്കു തോന്നി. മറ്റൊരവസരത്തിലായിരുന്നെങ്കില്‍ ഒരുപക്ഷേ രഘുനാഥന്‍ സ്വസ്ഥമായി അതു കേട്ടിരിക്കുമായിരുന്നു. ഇപ്പോഴയാളുടെ മനസ്സു മുഴുവന്‍ സിനിമയും സ്‌ക്രിപ്റ്റുമാണ്. എത്രയും വേഗം എഴുത്തു തീര്‍ക്കുന്നതിനാണ് അയാള്‍ വെമ്പല്‍ കൊള്ളുന്നത്. അതിനിടയില്‍ ജീനയുടെ സംഭവബഹുലമായ കഥ അയാളോടു പറയുന്നത് ഔചിത്യമല്ല. 

എന്നാല്‍ കാത്തിരിപ്പിന്റെ മുഷിച്ചിലായിരുന്നില്ല, റിഷി എത്തിച്ചേര്‍ന്നതിന്റെ സന്തോഷമായിരുന്നു രഘുനാഥന്റെ മുഖത്ത്. ഒന്നും മറച്ചുവയ്ക്കാനാവാത്ത മുഖമാണ് രഘുനാഥന്റേതെന്ന് റിഷിക്കെപ്പോഴും തോന്നാറുണ്ട്. മനസ്സിലെന്തുവികാരമായാലും അതു മുഖത്തുണ്ടാവും. കള്ളത്തരങ്ങളൊന്നും വഴങ്ങുന്ന മനുഷ്യനല്ല അയാള്‍. 

രണ്ടു സൂപ്പര്‍ ഹിറ്റുകളും ഹിറ്റിലേക്കെത്തിയ മറ്റു രണ്ടു ചിത്രങ്ങളും സംവിധാനം ചെയ്ത, കുറേക്കാലമായി സിനിമാരംഗത്തുള്ള ഒരാളുടെ വീടായിരുന്നില്ല അത്. പൂമുഖത്ത് തടികൊണ്ടുണ്ടാക്കിയതും പ്ലാസ്റ്റിക് വരിഞ്ഞതുമായ കസേരകളും ടീപ്പോയികളും.  സിനിമാക്കാരനെന്നതു പോയിട്ട് ഒരു സാധാരണക്കാരന്റെ വീട്ടില്‍ കാണുന്ന സൗകര്യങ്ങള്‍ പോലും പുറമെ കാണാനില്ല.  

ചുമരില്‍ അയാളുടെ ചിത്രങ്ങള്‍ നൂറു ദിവസവും എഴുപത്തിയഞ്ച് ദിവസവും പ്രദര്‍ശിപ്പിച്ചതിന്റേതടക്കം മെമന്റോകള്‍. മുതിര്‍ന്ന ചില സംവിധായകരോടൊപ്പമുള്ള ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍. ഒരു കപ്‌ബോര്‍ഡില്‍ കുറച്ചു പുസ്തകങ്ങളും വാരികകളും. റിഷിയുടെ കണ്ണുകള്‍ മുറിയിലൊരോട്ടപ്രദക്ഷിണം നടത്തി മടങ്ങി. 

' റിഷീ... നമുക്കോരോ കപ്പ് ചായ ആദ്യം കുടിക്കാം. എന്നിട്ടു തുടങ്ങാം. '

രഘുനാഥന്‍ അതു പറയാന്‍ കാത്തിരുന്നതുപോലെ അയാളുടെ ഭാര്യ ദീപ രണ്ടുഗ്ലാസ് ചായയും സ്‌നാക്‌സുമായി അങ്ങോട്ടെത്തി. 
  
'  നീയിതുവരെ നേരിട്ടു കണ്ടിട്ടില്ലല്ലോ...ടീവീലല്ലേ കണ്ടിട്ടുള്ളൂ... ഇതാണ് സാക്ഷാല്‍ റിഷി '
 
'എനിക്കു മനസ്സിലായി ...'
ഏറെക്കാലമായി പരിചയമുള്ള ഒരാളോടെന്ന മട്ടില്‍ ദീപ ചിരിച്ചു. 

ആ ചിരിയില്‍ നിര്‍മ്മലമായ ഒരു പൂ വിരിയുന്നത് റിഷി കണ്ടു. ഒറ്റനോട്ടത്തില്‍ത്തന്നെ ആര്‍ക്കും മനസ്സിലാവും തറവാടിത്തമുള്ള സ്ത്രീയാണ് അവരെന്ന് . വിഷാദത്തിന്റെ ഛവി മുഖത്ത് ഒളിഞ്ഞുകിടന്നിരുന്നെങ്കിലും അതു മറയ്ക്കുന്ന പുഞ്ചിരിയായിരുന്നു അവരുടേത്. വീട്ടിലൊരു മൂത്ത സഹോദരിയുണ്ടായിരുന്നെങ്കില്‍ അവര്‍ ദീപചേച്ചിയെപ്പോലെ ആയിരുന്നേനെയെന്ന് റിഷിക്കുതോന്നാന്‍ അവരുടെ ഒരൊറ്റ ചിരി ധാരാളമായിരുന്നു. 

റിഷി ലാപ്‌ടോപ്പ തുറന്ന് ഫയല്‍ ഓപ്പണ്‍ ചെയ്തു. മുന്‍കരുതലെന്ന നിലയില്‍ ലാപ്‌ടോപ്പ് ചാര്‍ജ്ജിലിട്ടേക്കാമെന്നു കരുതി പ്ലഗ്‌പോയിന്റിനടുത്തേക്ക് നീങ്ങിയപ്പോള്‍ കോര്‍ണറില്‍ വച്ചിരുന്ന ഫോട്ടോ കണ്ട് അയാളതിലേക്ക് കൗതുകത്തോടെ നോക്കി. 

' മകനാണ് ; ദീപു ... ? '

മകന്റെ തോളില്‍ കയ്യിട്ട് രഘുനാഥന്‍. കളങ്കമേതുമില്ലാത്ത പോസ്. 

'  ഞാന്‍ കരുതിയത് രഘുവേട്ടനും ഏതോ തിക്ക് ഫ്രണ്ടുമാണെന്നാണ് '

'ഹഹഹ... അതു ശരിയാ...അവന്‍ ബസ്റ്റ് ഫ്രണ്ടൊക്കത്തന്നെയാ. ചെലപ്പോളവന്‍ നാളെ രാവിലെ വന്നേക്കും. അങ്ങനെയാണെങ്കില്‍ എനിക്കൊന്നുരണ്ടിടം വരെ പോകേണ്ടി വരും  '  
അതിന്റെ തുടര്‍ച്ചയായി രഘുനാഥന്‍ സംസാരിച്ചത് ശബ്ദം താഴ്ത്തിയാണ്. ദീപ കേള്‍ക്കണ്ടെന്നു കരുതിയായിരുന്നു അത്.
' കുറച്ചു പൈസേടെ ആവശ്യവുമുണ്ട്. അതച്ചായന്റെ കാശുനോക്കി നിന്നാല്‍ ശരിയാവില്ല. അവന്റെ സെമസ്റ്റര്‍ ഫീസും ഹോസ്റ്റല്‍ ഫീസുമൊക്കെയാ. ലാസ്റ്റ് ഡേറ്റായി. '

വീണ്ടം പഴയതുപോലെ ശബ്ദമുയര്‍ത്തി അയാള്‍ തുടര്‍ന്നു. 
' അതു കൊണ്ട് ചെലപ്പോ നാളെ ഒരു ദിവസത്തേക്ക് എഴുത്തിനൊന്ന് ബ്രേക്കിടേണ്ടിവരും. മറ്റന്നാള്‍ മുതല്‍ നോ പ്രോബ്ലം...'

'ഷുവര്‍ രഘുവേട്ടാ ...'
അതു സമ്മതിക്കുമ്പോള്‍ റിഷിയുടെ കണ്ണുകള്‍ വീണ്ടും ബസ്റ്റ് ഫ്രണ്ട്‌സിന്റെ ചിത്രത്തിലേക്കു പാളി. 
നാളെ ദീപു വരുന്നത് ഫീസ് സംഘടിപ്പിക്കുക എന്ന ആവശ്യവുമായിട്ടാണ്. എവിടെയോ പണത്തിനുള്ള സാധ്യത രഘുനാഥന്‍ കാണുന്നുണ്ട്. എല്ലാം അച്ചായന്‍ ഉടന്‍ തന്നെ പടം തുടങ്ങുമെന്ന പ്രതീക്ഷയിലാണ്.  

' വീഡിയോ എഡിറ്റിംഗില്‍ ദീപുവിന് വല്യ കമ്പമാ... സ്വന്തമായി ചില സോഫറ്റ്‌വെയറുകളൊക്കെ അവന്‍ പഠിച്ചിട്ടുണ്ട്.  എവിടുന്നൊക്കെയോ കളക്ടു ചെയ്ത റഷസുവച്ച് ഒന്നുരണ്ടു സോംഗ്‌സ് അവനെന്നെ കാണിച്ചു . നന്നായിട്ടുണ്ടായിരുന്നു... '
റിഷി അയാളുടെ വാക്കുകളിലേക്കു കണ്ണുനട്ടു.
' ഞാനവനെ വിലക്കിയില്ല ;  പക്ഷേ ... പ്രോത്സാഹിപ്പിച്ചതുമില്ല. അവന്‍ എന്നെപ്പോലെ ആവരുതെന്നെനിക്കുണ്ട്.'

ആ നിമിഷം രഘുനാഥന്റെ മുഖത്ത് ആത്മനിന്ദ നിറഞ്ഞിരുന്നു. നല്ലൊരു ജോലി കളഞ്ഞുകുളിച്ച് സിനിമയില്‍ ഭ്രാന്തുകയറിയ ഓര്‍മകളിലേക്കാണ് അയാള്‍ മടങ്ങിയതെന്ന് റിഷിക്കുറപ്പായി. രഘുനാഥന്‍ മിക്കപ്പോഴും പറയാറുള്ള കാര്യം അയാളോര്‍ത്തു; സിനിമ ഒരു തൊഴിലായി മാറണമെങ്കില്‍ ഒന്നുകില്‍ ചോദ്യം ചെയ്യപ്പെടാത്ത പ്രതിഭയുണ്ടാവണം. നിമിഷങ്ങള്‍ക്കു വിലയിടാവുന്ന ക്രിയേറ്റിവിറ്റി. അല്ലാത്ത പക്ഷം കൂട്ടിക്കൊടുപ്പിനും കുതികാല്‍വെട്ടിനുമുള്ള കഴിവു വേണം. 

'ആദ്യം എഞ്ചിനീയറിംഗ് പഠിക്കട്ടെ. കലയൊക്കെ സൈഡിലങ്ങു വന്നോളും  ... നല്ലൊരു ജോലി കിട്ടിക്കഴിഞ്ഞാല്‍ അവന്റെ മുന്നില്‍ പല ചോയ്‌സുകളുമുണ്ടാവും. അപ്പോഴവന്‍ തീരുമാനിക്കട്ടെ. അതുമതി... അവന്‍ നന്നായി പഠിക്കും . അതാണെന്റെ പ്രതീക്ഷ...  '

ദീര്‍ഘനിശ്വാസത്തോടെ രഘുനാഥന്‍ അയാളെ നോക്കി കണ്ണിറുക്കി. നിരാശയ്ക്കിടയിലും പ്രതീക്ഷ പൂക്കുന്ന വാക്കുകള്‍ .

'പ്രതീക്ഷകള്‍ മുഴുവന്‍ മക്കളിലേക്കു കേന്ദ്രീകരിക്കുന്ന സ്ഥിതി. നല്ലൊരു സബ്ജക്ടിനുള്ള ലോഗ്‌ലൈനാണത്. നോട്ടു ചെയ്തുവച്ചോ. സമയം വരുമ്പോ അതില്‍പിടിച്ചൊരു കഥ എഴുതിപ്പൊക്കാം.'

റിഷിയും ശബ്ദമില്ലാതെ ചിരിച്ചു. പക്ഷേ വേദനയോടെ അയാളറിയുകയായിരുന്നു;  പ്രതീക്ഷകളുടെ ഉയരം താണ്ടാനാകാതെ കാലിടറിപ്പോയ ഒരാളുടെ നുറുങ്ങുന്ന ഹൃദയം ആ വാക്കുകളിലുണ്ടെന്ന്.  

രഘുനാഥന്‍ ജാലകത്തോടു ചേര്‍ന്ന് വെളിച്ചം കൂടുതല്‍ കിട്ടുന്നിടത്തേക്ക് കസാലകള്‍ വലിച്ചിട്ടു. 

ശേഷം കഥയിലേക്ക്.
ഏതാണ്ട് ഹെഡ് റ്റു ടെയില്‍ ധാരണയുണ്ടാക്കിയ കഥയാണ്. പുതുമുഖങ്ങളിലേക്ക് നായകസങ്കല്‍പ്പത്തെ തിരിച്ചതോടെയുണ്ടാവുന്ന മാറ്റമാണ് മുഖ്യം. അടിമുടി പൊളിക്കേണ്ടതില്ലെങ്കിലും കാര്യമായ മാറ്റങ്ങള്‍ വരുത്താനുണ്ട്. നായകനായ മാവോയിസ്റ്റിന് മുപ്പത്തിയഞ്ച് വയസ്സിനുമുകളിൽ പ്രായമാണ് ആദ്യം നിശ്ചയിച്ചിരുന്നത്. പക്ഷേ പുതുമുഖങ്ങളുടെ കാര്യം വരുമ്പോള്‍ യൂത്താണ് നല്ലത്.  ഇരുപത്തിയെട്ടുവയസ്സൊക്കെ മതിയാവും. അങ്ങനെ വരുമ്പോള്‍ മറ്റൊരു പ്രശ്‌നമുണ്ട്. നായകന് അനുജത്തിയാണ് കഥയിലുണ്ടായിരുന്നത്. അവള്‍ അവിവാഹിതയായിരുന്നു. അവളുടെ പ്രണയത്തിന്റെ ഒരു സബ്‌പ്ലോട്ടും സ്‌ക്രിപ്റ്റിലുണ്ടായിരുന്നു. മെയിന്‍ പ്ലോട്ടിനത് മോശമല്ലാത്ത രീതിയില്‍ സപ്പോര്‍ട്ടുമായിരുന്നു. എന്നാലിപ്പോള്‍ അവിടെ പുതിയൊരു വേര്‍ഷന്‍ കണ്ടുവയ്ക്കണം. നായകന്‍ ചെറുപ്പത്തിലേക്കു മാറുമ്പോള്‍ സഹോദരിക്ക് അവനെക്കാള്‍ പ്രായം കൂടുന്നതാണ് നല്ലത്. അതനുസരിച്ച് ഒന്നുകില്‍ അവള്‍ വിവാഹിതയോ വിവാഹമോചിതയോ ആകണം. ചുരുക്കത്തില്‍ സബ് പ്ലോട്ടില്‍ നന്നായി വര്‍ക്കുചെയ്യണം. അതാണ് പ്രധാനപ്പെട്ട മാറ്റം. 

ഏറെ പണിപ്പെട്ടാണെങ്കിലും അന്നു തന്നെ കഥാഗതി പുനക്രമീകരിച്ചു. ഇനി അതൊന്നു പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം മതി. അതിനിടെ പുതുമുഖത്തെ കണ്ടെത്തുകയാണ് പ്രധാനം. 

'നമുക്കു ചെറിയൊരു ടാലന്റ് ഹണ്ട് നടത്തിയാലോ?  ഓഡിഷനിംഗ് ... സ്‌പോണ്‍സര്‍മാരെ വച്ചാണെങ്കില്‍ തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും ഫിക്‌സ് ചെയ്യാം. '
രഘുനാഥന്‍ പെട്ടെന്നൊരു ഐഡിയ എടുത്തിട്ടു. 

അതൊരു നല്ല ചിന്തയാണെന്ന് റിഷിക്കും തോന്നി. പുതിയ ട്രെന്‍ഡനുസരിച്ച് സെലക്ഷന്‍ പ്രോസസ് നടത്തിയാല്‍ പല നല്ല ടാലന്റുകളെയും കിട്ടും. മിടുക്കന്‍മാര്‍ അധികവും കളിക്കളത്തിനു പുറത്തിരിക്കുന്നതാണ് സിനിമയുടെ തലവര. ഭാഗ്യത്തിന്റെ ആനുകൂല്യവും ഗോഡ്ഫാദര്‍മാരുടെ കയ്യൊപ്പും പതിഞ്ഞ കുറേ പേര്‍ സിനിമയെ കയ്യടക്കുകയാണ്. അതു മാറണം. താപ്പാനകള്‍ ചരിഞ്ഞിട്ടുവേണം പുതിയ കുറെയാളുകള്‍ കടന്നുവരാന്‍. 

'മൂന്നിടത്തും ഓരോ ലോക്കല്‍ പാര്‍ട്ണര്‍ വേണം. ഏതെങ്കിലും എന്‍ര്‍ടൈന്‍മെന്റ് ചാനലുമായി ടൈ അപ്പ് ചെയ്യാം. പിന്നെ ലോക്കല്‍ എഫ് എമ്മിലൊരു ആക്ടിവിറ്റി. റേഡിയോ പാര്‍ട്ണര്‍ നല്ലതാണ് . റീച്ചു കിട്ടും '
റിഷി അതിന്റെ സാധ്യതകള്‍ ശരിവച്ചുപറഞ്ഞു. 

' അച്ചായന് ബിസിന്‌സ് കണക്ഷന്‍ ആവശ്യത്തിനുണ്ട്. മൂന്നിടത്തേക്കും മീഡിയ പാര്‍ട്ണര്‍ കൂടി ഉണ്ടാകുമ്പോള്‍ സ്‌പോണ്‍സറെ കണ്ടെത്താനൊന്നും പ്രശ്‌നം വരില്ല. അച്ചായനഞ്ചു പൈസ ചെലവില്ലല്ലോ '

അടുത്ത ദിവസം രഘുനാഥന്‍ എഴുത്തിന്റെ പുരോഗതി അറിയിക്കാന്‍ ജയിംസിനെ വിളിക്കുന്നുണ്ട്. അപ്പോള്‍ ഇക്കാര്യം പറയാമെന്ന് അയാള്‍ കരുതി. ഇത്തരം ഐഡിയകള്‍ ഓവര്‍ബ്രിഡ്ജിന്റെ സംവിധായകന് ചിന്തിക്കാന്‍ പോലും കഴിയണമെന്നില്ല. ആ നിലയ്ക്ക് ജയിംസിന് തന്നോടൊരു മതിപ്പുമുണ്ടാവുമെന്ന് രഘുനാഥന്‍ ഉറപ്പിച്ചു.  

അന്നു രാത്രി വൈകുംവരെ അവര്‍ എഴുത്തും ചര്‍ച്ചയുമായി തുടര്‍ന്നു. ഇടയ്ക്ക് അവര്‍ക്കുവേണ്ടി ഭക്ഷണവും ചായയുമായി ദീപ വന്നും പോയുമിരുന്നു. ഒറ്റ ദിവസം കൊണ്ട് റിഷി ആ വീടിന്റെ ഭാഗമായിക്കഴിഞ്ഞിരുന്നു. 

അതിനിടെ രഘുനാഥന് കോള്‍ വന്നു. ദീപു ട്രയിനില്‍ കയറിയിട്ടുണ്ട്. വെളുപ്പിനു നേരത്തെയെത്തും. 

'നീ ആക്കുളം സ്‌റ്റേഷനിലെത്തുമ്പോഴേക്കും വിളിക്ക്. ഞാന്‍ ബൈക്കെടുത്തു വരാം. '

രഘുനാഥന്റെ മുഖത്ത് മകന്റെ വരവിലുള്ള സന്തോഷം പ്രകടമായിരുന്നു.  രാവിലെ റിഷിയെ കണ്ടപ്പോള്‍ പ്രകടമായ അതേ സന്തോഷം. എങ്കിലും അതില്‍ അന്തര്‍ലീനമായി ഒരു ആശങ്കയുണ്ടായിരുന്നു. മകന്‍ മടങ്ങുമ്പോള്‍ ഫീസും മറ്റു ചെലവുകളും കൊടുത്തുവിടുന്നതു സംബന്ധിച്ചായിരുന്നു അത്. 

( തുടരും )

മുന്‍ ഭാഗങ്ങള്‍ വായിക്കാം

Content Highlights: Malayalam Novel based on true story part sixteen