വെള്ളിത്തിര

കാലവും പരിണാമവും ആപേക്ഷികമായ സത്യങ്ങളാണ്. 
കാലം പൂവുപോലെ, ഇതള്‍ പോലെ പൊഴിയുന്നത് പുതിയ കാലത്തിന്റെ പൂവുകള്‍ക്കും ഇതളുകള്‍ക്കും വേണ്ടിയാണ്. അതിന് പുതിയ നിറവും രൂപവും ഗന്ധവുമുണ്ടാവും. പുതിയ ആത്മാവുണ്ടാവും.
മുപ്പത്തിയഞ്ചുവര്‍ഷം സര്‍ക്കാര്‍ സര്‍വ്വീസില്‍ , അതും ഒരേ ഡിപ്പാര്‍ട്ട്‌മെന്റില്‍, ജോലി ചെയ്തയാള്‍ എന്ന നിലയില്‍ സതീഷിന് അക്കാര്യത്തില്‍ ചില അഭിപ്രായങ്ങളുണ്ട്. 

അതില്‍ പ്രധാനം തൊഴില്‍മനോഭാവത്തില്‍ വന്നുചേര്‍ന്ന പരിണാമം തന്നെയാണ്. തൊഴില്‍ദാതാവിന്റെയും ജീവനക്കാരന്റെയും കാര്യത്തില്‍ അതുണ്ട്. ഒരാളെ പരമാവധി കാലം കൂടെ നിര്‍ത്തുന്നതിനു പകരം ചുരുങ്ങിയ കാലം കൊണ്ട് അയാളില്‍നിന്ന് പരമാവധി സത്തയൂറ്റുന്ന കോര്‍പ്പറേറ്റു സംസ്‌കാരത്തിലേക്കാണ് തൊഴിലുടമ മാറിയത്. അതേ സമയം ആയുസ്സതിരു മുഴുവന്‍ ഏതെങ്കിലുമൊരു സ്ഥാപനത്തിന്റെ കെട്ടുകുറ്റിയില്‍ ചുറ്റിത്തിരിയാനല്ല, മറിച്ച് മെച്ചപ്പെട്ട സാമ്പത്തികനേട്ടവും ആനുകൂല്യങ്ങളും കിട്ടുന്നിടങ്ങളിലേക്ക് തരാതരം ചുവടുമാറാനാണ് ജീവനക്കാരനും ശ്രമിക്കുന്നത്. തൊഴിലിടത്തിലെ നൈതികത പോലും ഘടനാപരമായി മാറി.  ഈ നിരീക്ഷണങ്ങളെല്ലാം സതീഷ് പലപ്പോഴായി റിഷിയോട് പങ്കുവച്ചിരുന്നു. 
  
' റിഷിയുടെ മുന്നില്‍ ഒന്നല്ല , അനേകം വഴികളുണ്ട്. തുടങ്ങിയിട്ട് കുറച്ചുകാലമല്ലേ ആയിട്ടുള്ളൂ. വയസ്സൊരു പത്തു നാല്‍പ്പത്തഞ്ചു കഴിഞ്ഞിട്ടാണെങ്കില്‍ ശരി ; ഒരു കരുതല്‍ വേണ്ടിവരും. '

താന്‍ പറഞ്ഞതു റിഷിക്കു ബോധ്യപ്പെട്ടില്ലെന്നു തോന്നി സതീഷ് പിന്നെയും വിശദീകരിച്ചു.
' പ്രായവും എക്‌സ്പീരിയന്‍സുമൊക്കെ കൂടുന്തോറും കംപാര്‍ട്ടമെന്റലൈസ് ചെയ്യപ്പെടും. നമുക്കുമുന്നില്‍ ബര്‍ത്തുകളുടെ എണ്ണം കുറയും '
 
അന്നൊന്നും സതീഷിന്റെ വാക്കുകളെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ റിഷി ശ്രമിച്ചിരുന്നില്ല.പക്ഷേ ഇപ്പോഴതല്ല സ്ഥിതി. ജോലി കളഞ്ഞതില്‍ തരി പോലും അയാള്‍ക്കു ഖേദമില്ല. എന്തുകാരണം കൊണ്ടായാലും ശരി  തുടരാനാവില്ലെന്നു ബോധ്യപ്പെട്ട സ്ഥാപനത്തില്‍ പിന്നെയും ഒരാള്‍ തുടരുന്നുണ്ടെങ്കില്‍ അതയാളുടെ കഴിവുകേടും നിസ്സഹായതയുമാണ് വെളിപ്പെടുത്തുന്നത്. 

പത്രപ്രവര്‍ത്തനത്തിന്റെ പലമാതൃകകള്‍ കണ്ടും കേട്ടും റിഷിക്കു നല്ല നിശ്ചയമുണ്ട്. ആത്മാഭിമാനം പണയത്തിലാക്കിയുള്ള ഒത്തുതീര്‍പ്പടിമകളാകാതെ തൊഴിലിടങ്ങളില്‍ നിന്നു സധൈര്യം പടിയിറങ്ങിയവര്‍. കയ്യില്‍ പണമില്ലാതെ ഭാര്യയ്‌ക്കൊപ്പം മെട്രോനഗരങ്ങളില്‍ ഒരു ഓംലറ്റ് രണ്ടായി മുറിച്ചുകഴിച്ച് ദിവസം തള്ളിനീക്കിയവര്‍... റിഷിക്കു പ്രചോദനമായ അനുഭവങ്ങളായിരുന്നു എന്നുമവ. അയാളെ സംബന്ധിച്ചിടത്തോളം രാജി രേഖാപരമാക്കാന്‍ വൈകിയെന്നേയുള്ളൂ;  മനസ്സുകൊണ്ട് പലവട്ടം ചാനല്‍ ത്രീയില്‍നിന്ന് രാജി വച്ചു കഴിഞ്ഞിരുന്നു. 

' എന്താ ഇനി ? '

' വേറെ എവിടെങ്കിലും ജോലി ആയോ ...?'

' എവിടെങ്കിലും സേഫാക്കിയിട്ട് പേപ്പര്‍ ഇട്ടാല്‍ മതിയായിരുന്നു'

നിരവധി കോളുകളാണ് റിഷിക്കുവന്നുകൊണ്ടിരുന്നത്. മിക്കതും ചാനല്‍ ത്രീയില്‍നിന്നുതന്നെ. റിഷി മനസ്സറിഞ്ഞു ചിരിച്ചു. ജോലിയില്‍ നിന്നുള്ള രാജി ആമോദവും ആത്മഹര്‍ഷവുമാക്കിയ ഒരാള്‍ക്കുവേണ്ടിയാണവര്‍ സഹതപിക്കാന്‍ മത്സരിക്കുന്നത്. എന്തു മറുപടി നല്‍കിയാലാണവര്‍ സംതൃപ്തരാകുക ?

ജോലി രാജിവച്ച് വീട്ടിലെത്തിയ റിഷി സമാധാനത്തോടെ രണ്ടുമണിക്കൂര്‍ കിടന്നുറങ്ങുകയായണ് ആദ്യം ചെയ്തത്. ഉണര്‍ന്നെഴുനേറ്റപ്പൊഴേക്കും അമ്മ ചായുമായെത്തി. അപ്പോഴാണ് അയാള്‍ രാജിക്കാര്യം അമ്മയോടു പറഞ്ഞത്. പതിവുപോലെ കേട്ടുചിരിച്ചതല്ലാതെ അമ്മ പ്രത്യകിച്ചൊന്നും പറഞ്ഞില്ല. 

വിശാലമായൊരു വെള്ളിത്തിരയാണ് ജീവിതം. ഏതൊക്കെ ഷോട്ടുകളാണ്, സീനുകളാണ്, സീക്വന്‍സുകളാണ് അവിടെ പ്രദര്‍ശിപ്പിക്കേണ്ടതെന്നും അതെത്രദിവസം വിജയകരമായി മുന്നോട്ടുപോകുമെന്നുമാണ് കണ്ടറിയേണ്ടത്. അയാള്‍ ചായകുടിക്കുന്നതിനിടെ ഡയറക്ടര്‍ രഘുനാഥനു ഫോണ്‍ ചെയ്തു. ചെറിയൊരു ഇടവേളയ്ക്കുശേഷമായിരുന്നു അങ്ങനെയൊരു ഫോണ്‍കോള്‍.

'രഘുവേട്ടാ. ഒരു സന്തോഷവാര്‍ത്തയുണ്ട്. ഞാന്‍ റിസൈന്‍ ചെയ്തു. ഇനി ഫുള്‍ ടൈം അവെയ്‌ലബിളാ. എന്റെ സമയക്കുറവ് ഇനിയൊരു പ്രശ്‌നമാവില്ല. '

' അതെയോ '

രഘുനാഥന്‍ ആശ്ചര്യപ്പെട്ടിട്ടുണ്ടാവുമെന്ന് റിഷി കരുതി. മുമ്പൊക്കെ ജോലി ഉപേക്ഷിക്കുന്ന കാര്യം സൂചിപ്പിക്കുമ്പോള്‍ സ്വന്തം അനുഭവങ്ങളെ മുന്‍നിര്‍ത്തി അത് വിലക്കുകയാണ് അയാള്‍ ചെയ്തിരുന്നത്. 
' എടുത്തുചാടല്ലേ...പ്രൊജക്ട് ഒാണാകട്ടെ. എന്നിട്ടുമതി റിസൈന്‍ ചെയ്യുന്നതൊക്കെ. സിനിമയാണ്. നടന്നിട്ടേ നടന്നെന്നു പറയാനാവൂ. അവസാന നിമിഷം പോലും അട്ടിമറിക്കപ്പെടാം. എന്നെ കണ്ടില്ലേ. നല്ല സമയത്ത് പി എസ് സി വഴി കിട്ടിയ ജോലി കളഞ്ഞുകുളിച്ചതാ. കല തലയ്ക്കു പിടിച്ചു. ഭാഗ്യമില്ലാത്ത ജാതകമായിപ്പോയി '

രഘുനാഥന്റെ കലാപരമായ കഴിവില്‍ ശത്രുക്കള്‍ക്കു പോലും എതിരഭിപ്രായമില്ല. പ്രമുഖരായ സംവിധായകരുടെ സഹായിയായിട്ടാണ് അയാളുടെ തുടക്കം. സ്വതന്ത്രസംവിധായകനായ ശേഷം നാലു സിനിമകള്‍ സംവിധാനം ചെയ്തു. അതില്‍ ആദ്യത്തെ രണ്ടെണ്ണം ഹിറ്റുകളായിരുന്നു. പിന്നെയുള്ളവ പലതരത്തിലുള്ള ഒത്തുതീര്‍പ്പുകള്‍ക്കും വഴങ്ങിയാണ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. അതിന്റേതായ കുറവുകള്‍ ആ സിനിമകളെ ബാധിച്ചു. അവ ശരാശരി കളക്ഷനിലൊതുങ്ങി. ശേഷം വലിയൊരു ഇടവേളവന്നു. അതാണ് കരിയറിനെ പിടിച്ചുലച്ചതും മുഖ്യധാരയുടെ പുറമ്പോക്കിലേക്കയാളെ ഒതുക്കിനിര്‍ത്തിയതും. 

സിനിമയില്‍ പുതിയ കൂട്ടുകെട്ടുകള്‍ രൂപപ്പെടുന്ന കാലമായിരുന്നു അത്. ആളുകള്‍ക്കിടയില്‍ അപ്രതീക്ഷിത സമവാക്യങ്ങള്‍ രൂപപ്പെട്ടു. ചില നിയന്ത്രണകേന്ദ്രങ്ങള്‍ സിനിമയുടെ ഹോട്ട് ഹബ്ബുകളായി. അപ്പോഴെല്ലാം തന്റെ അഭിരുചിയ്ക്കിണങ്ങുന്ന ഒരു സ്‌ക്രിപ്റ്റ് രഘുനാഥന്‍ അന്വേഷിക്കുന്നുണ്ടായിരുന്നു. അതിനിടയിലാണ് റിഷിയുമായി പരിചയപ്പെടുന്നത്. പുതുമയും സാധ്യതയുമുള്ളതാണ് റിഷിയുടെ കഥയെന്നയാള്‍ക്കു തോന്നി. 

രഘുനാഥനുമായി സഹകരിക്കുമ്പോഴൊക്കെ റിഷി അനുഭവിച്ചത് പോസിറ്റീവ് വൈബ് ആണ്. സ്വന്തം ചിന്തകള്‍ക്കുതകുംവിധം ഒരു സംവിധായകന്‍ കഥയെ എങ്ങനെയാണ് ഇടപെട്ടുവളര്‍ത്തുന്നതെന്ന് റിഷി അനുഭവിച്ചറിയുകയായിരുന്നു. ആ നിലയ്ക്ക് രഘുനാഥനോടയാള്‍ക്ക് ബഹുമാനവും തോന്നി. 

' വിജയിക്കുന്നവന്റെ ലോകമാണ് സിനിമ. ഒരിക്കലൊന്നു കാലിടറിയാല്‍ തീര്‍ന്നു .... എല്ലാവനും ചവിട്ടിത്തേച്ച് കടന്നുപോകും. അതാണ് സിനിമ' 
മുന്നറിയിപ്പുനല്‍കി രഘുനാഥന്‍ തുടരും.
' എല്ലാമൊന്ന് ട്രാക്കിലാകുന്നതുവരെ ജോലി വിടണ്ട. റിഷി ഒരു മീഡിയയിലുള്ളത് കാര്യങ്ങള്‍ സ്മൂത്താക്കും. '

എന്നാലിത്തവണ ജോലി രാജിവച്ചതിനുശേഷം റിഷി അക്കാര്യം വിളിച്ചറിയിച്ചപ്പോള്‍ പതിവു പ്രതികരണമായിരുന്നില്ല രഘുനാഥന്റേത്. എന്തോ ഓര്‍ത്തിട്ടെന്നപോലെ അയാള്‍ സംസാരിച്ചു തുടങ്ങുകയായിരുന്നു.   
' റിഷിയെ വിളിക്കാനിരിക്കുകയായിരുന്നു ഞാന്‍. നമ്മുടെ സമയം നന്നാവുകയാണെന്നു തോന്നുന്നു. '

' എന്താണ് ചേട്ടാ ?'

'ആ സ്‌റ്റോറി നമുക്കൊരാളോടു പറയണം .'

' ആരാണ് ആര്‍ട്ടിസ്റ്റ് ?'

' ആര്‍ട്ടിസ്റ്റല്ല ... പണം മുടക്കാനാളുണ്ട്. കഥ ഇഷ്ടപ്പെടണം. അയാള്‍ യസ് പറഞ്ഞാല്‍ ആര്‍ട്ടിസ്റ്റിന്റെ കാര്യം നമുക്കു നോക്കാം '

വന്‍ ബഡ്ജറ്റൊന്നുമല്ലെങ്കിലും സിനിമയ്ക്ക് നാലുകോടി രൂപ ചെലവു വരും. മുന്‍പൊരു പ്രൊഡ്യൂസര്‍ സന്നദ്ധനായതാണ്. പ്രാരംഭ ചര്‍ച്ചകള്‍ക്കുശേഷം രഘുനാഥന്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് അന്നയാള്‍  ഫിലിം ചേംബറില്‍ നിര്‍മ്മാണക്കമ്പനിയും രജിസ്റ്റര്‍ ചെയ്തിരുന്നു. പക്ഷേ ഇടയ്‌ക്കൊരു സ്വര്‍ണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട് കസ്റ്റംസിന്റെയും റവന്യൂ ഇന്റലിജന്‍സിന്റെയും എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെയുമൊക്കെ അന്വേഷണം വന്നതോടെ നിന്നനില്‍പ്പിലയാള്‍ പിന്‍വാങ്ങി. സിനിമ അനൗണ്‍സ് ചെയ്യാനിരിക്കെയാണ് അട്ടിമറി സംഭവിച്ചത്. അന്നും രഘുനാഥനു പറയാനുണ്ടായിരുന്നത് ഒറ്റക്കാര്യമാണ്. 

' ഭാഗ്യമില്ലാത്ത ജാതകമാടോ എന്റേത്. ജ്യോത്സ്യനെ ഒന്നുകൂടി കാണണം. അല്ല; കണ്ടിട്ടും കാര്യമില്ല. കേമദ്രുമയോഗത്തെപ്പറ്റിയേ അയാള്‍ക്കു പറയാനുണ്ടാവൂ. ചന്ദ്രന്‍ നില്‍ക്കുന്ന രാശിയുടെ രണ്ടിലും പന്ത്രണ്ടിലും താരാഗ്രഹങ്ങളൊന്നും നില്‍ക്കുന്നില്ല; ; അനുഭവയോഗമില്ല ...  '

അയാളുടെ കടുത്ത വിശ്വാസത്തെക്കുറിച്ചു തോന്നിയ കൗതുകം റിഷിയുടെ മുഖത്തപ്പോള്‍ നര്‍മ്മമായി പടര്‍ന്നു. അതുമനസ്സിലാക്കി രഘുനാഘന്‍ ചിരിച്ചുകൊണ്ടു തുടര്‍ന്നു. 
' വിശ്വാസമോ അന്ധവിശ്വാസമോ ... അതെന്തോ ആവട്ടെ. സിനിമ നടന്നോ ഇല്ലിയോ ... അതും വിഷയമല്ല. എന്നാലും... ഇതിലൊക്കെ ഒരു രസമുണ്ടെടോ. ഇത്തരം വിശ്വാസങ്ങള്‍ കൂടിയൊക്കെ ചേരുന്നതാ ജീവിതം . ഇതൊന്നുമില്ലെങ്കില്‍പ്പിന്നെ നമ്മളൊക്കെ വല്ലാതങ്ങു ഡ്രൈ ആയിപ്പോവില്ലേ '

സത്യത്തില്‍ രഘുനാഥന്‍ പറഞ്ഞതെത്ര ശരിയാണെന്ന് അപ്പോഴാണ് റിഷി ചിന്തിച്ചത്. വിശ്വാസങ്ങള്‍, സ്‌നേഹം , ഭക്തി, പ്രണയം, മിത്ത്, ഫാന്റസി ... അതൊക്കെ ചേരുമ്പോഴല്ലേ നമ്മുടെ ദിനരാത്രങ്ങള്‍ സങ്കല്‍പ്പഭരിതങ്ങളാകുന്നത്. 

റിഷിക്ക് എന്തെന്നില്ലാത്ത ഉത്സാഹം തോന്നി. രാജിക്കാര്യം അറിയിക്കാനാണ് രഘുനാഥനെ വിളിച്ചത്. എന്നാല്‍ തന്റെ സിനിമാശ്രമങ്ങളെ ഒരു ചുവടു മുന്നിലേക്കെത്തിക്കാനുള്ള നീക്കമാണ് അയാളില്‍ നിന്നുണ്ടായിരിക്കുന്നത്. യാദൃശ്ചികമെങ്കിലും പ്രതീക്ഷയേകുന്നതായിരുന്നു അത്.  

ഇതിനകം റിഷി പലരോടും കഥ പറഞ്ഞു കഴിഞ്ഞിരുന്നു; കൂട്ടത്തില്‍ രണ്ടു നായകനടന്‍മാരോടും. രഘുനാഥന്‍ മൂന്നു നാല് ആര്‍ട്ടിസ്റ്റുകളെ സമീപിച്ചതാണ്. പക്ഷേ കഥ കേള്‍ക്കാന്‍ തയ്യാറായത് രണ്ടുപേര്‍ മാത്രം. അതിലൊരാള്‍ രമേഷ് കുമാറായിരുന്നു.  
 
' പാരലല്‍ കോളജില്‍ പഠിപ്പിച്ചുനടക്കുമ്പോഴാ അവനു സിനിമയില്‍ കമ്പം കേറിയത്... '
കഥ പറയാനുള്ള യാത്രയില്‍ രമേഷ്‌കുമാറിന്റെ ഭൂതകാലം വിവരിക്കുകയായിരുന്നു രഘുനാഥന്‍. 

'ഡയറക്ടര്‍ രവീന്ദ്രന്‍സാറിന്റെ പടത്തിന്റെ വര്‍ക്കിനിടയിലാണ് ഞാനിവനെ ആദ്യം കണ്ടത്. സാറിന്റെ പിന്നാലെ നടന്നുനടന്ന് അവനൊരു വേഷമൊപ്പിച്ചെടുത്തു. എപ്പോഴെങ്കിലുമൊക്കെയായിരിക്കും ഷൂട്ട്. അവനു റൂമില്ല. തണുപ്പത്തും മഞ്ഞത്തുമെല്ലാം വരാന്തയിലാണ് കിടപ്പ്. ഞാനാണ് ഇവനെ പിടിച്ചോണ്ടുപോയി എന്റെ റൂമില്‍ സൗകര്യം ചെയ്തു കൊടുത്തത്. ഇരുനൂറുരൂപേം ബിരിയാണീമായിരുന്നു അന്നിവന്റെ ദിവസശമ്പളം. തലവര നന്നാവാന്‍ തുടങ്ങിയതോടെ കാര്യങ്ങളൊക്കെ മാറി. അല്‍പ്പന് ഐശ്വര്യം വന്നാല്‍ അറിയാമല്ലോ; അതുതന്നെ ... തീരെ പരിചയമില്ലാത്തവരാണെങ്കില്‍ ഇപ്പോഴവന്‍ കണ്ണു പൊട്ടിക്കുന്ന കാശാണ് ചോദിക്കുന്നത്. അതൊക്കെ എനിക്കറിയാമെന്ന കാര്യം അവനും നന്നായി അറിയാം. '

റിഷി കഥ പറഞ്ഞുതുടങ്ങിയതുമുതല്‍ അതവസാനിപ്പിക്കും വരെ രമേഷ് ശ്രദ്ധയോടെ കേട്ടിരുന്നു. മാനേജരും രണ്ടു ശിങ്കിടികളും ഒപ്പമുണ്ടായിരുന്നു. കഥ കേള്‍ക്കുന്നതിനിടെ നടന്‍മാര്‍ പതിവാക്കിയിട്ടുള്ള അസ്വസ്ഥതയുടെ മുദ്രകളൊന്നും കണ്ടില്ല. അതു പ്രതീക്ഷ നല്‍കുന്നതായിരുന്നു. കഥ പറഞ്ഞുതീര്‍ന്നപ്പോഴേക്കും ചായയെത്തി. 

' നല്ല ആസ്സാം ചായയാ . ഷെഫ് ആസ്സാംകാരനാ ... '

രമേഷ് പറഞ്ഞത് ശരിയായിരുന്നു. ചായ ഒന്നാംതരമായിരുന്നു. ആസ്സാമിലെ തേയിലത്തോട്ടങ്ങളുടെ ആവിമണം നല്ല ചൂടോടെ ഉള്ളിലെത്തിയപ്പോള്‍ മുറിയില്‍ നിറഞ്ഞിരുന്ന എയര്‍കണ്ടീഷന്റെ ശീതകംബളത്തില്‍ നിന്നുള്ള ആശ്വാസമായി അത്.   

' രഘുവേട്ടാ ... സംഗതി കുഴപ്പമില്ല . പക്ഷേ വേറൊരു പ്രശ്‌നമുണ്ട്. '
രമേഷിന്റെ മുഖത്ത് ഗൗരവമുള്ള ആലോചന.

'ജയേട്ടന്റെ ഒരു പടം കമ്മിറ്റ് ചെയ്തിട്ടുണ്ട്. അതില്‍ ഞാനും ബോബിയുമാണ് ലീഡ് റോള്‍ ചെയ്യുന്നത്. നാലഞ്ചുവര്‍ഷമായി എന്റേം ബോബീടേം കൂടൊരു കോംബിനേഷന്‍ വന്നിട്ട്. അതിന്റെ പിന്നിലുള്ള കാര്യങ്ങളൊക്കെ ചേട്ടനറിയാമല്ലോ. അതില്‍ ബോബീടെ കഥാപാത്രം ഇതുപൊലൊന്നാ. തെറ്റിദ്ധരിക്കപ്പെട്ട ഒരു മാവോയിസ്റ്റ്. അണ്ടര്‍ഗ്രൗണ്ടില്‍ കഴിയുന്നയാളായിട്ടാണ് . ഞങ്ങളുടെ പടത്തില്‍ ബോബി ചെയ്യുന്നതുപോലെ ഒരു വേഷം ഈ പടത്തില്‍ ഞാനഭിനയിച്ചാല്‍ ... ഞങ്ങളു തമ്മില്‍ അതൊരു മിസ് അണ്ടര്‍സ്റ്റാന്റിംഗ് ആവും. കമ്മിറ്റു ചെയ്തതുകൊണ്ടാണേ... മറ്റൊന്നും തോന്നരുത്. ഇതു നല്ല കഥയാണ്. ചേട്ടന്‍ വേറെ ആരെയെങ്കിലും ഒന്നു കാണിക്കൂ. '

യാത്രയാക്കാന്‍ രമേഷ് ഫ്‌ലാറ്റിന്റെ മുന്നിലേക്കിറങ്ങിനിന്നു. അയാളുടെ സ്വീകരണത്തിലെയും യാത്രയയപ്പിലെയും ആത്മാര്‍ത്ഥത എത്രത്തോളം കൃത്രിമാണെന്ന് തിരിച്ചറിയുകയായിരുന്നു റിഷി.

' അതവന്‍ നൈസായിട്ട് ഒഴിവാക്കിയതാ ... ' 
മടക്കവഴിയില്‍ രഘുനാഥന്‍ പറഞ്ഞു.
'കഥ കേള്‍ക്കണമെന്നു ഞാന്‍ പറഞ്ഞപ്പോ നോ പറയാന്‍ പറ്റാത്തതുകൊണ്ടവന്‍ കേട്ടു . കഥ കേട്ടുകഴിഞ്ഞിട്ട് പറയേണ്ടതെന്താന്ന് അവന്‍ നേരത്തെതന്നെ തീരുമാനിച്ചിട്ടുണ്ടാവും. '

' അതിപ്പോ ...അയാള്‍ പറഞ്ഞതുപോലെ തീം വൈസൊരു ക്ലാഷ് '

' മണ്ണാങ്കട്ട ... റിഷിക്ക് സിനിമാലോകത്തെക്കുറിച്ചറിയാത്തതുകൊണ്ടാ. ഇനിയിതല്ല വേറൊരു കഥയാണു പറഞ്ഞതെന്നിരിക്കട്ടെ; അപ്പോഴും അവന്റെ മറുപടി ഇതുതന്നെ ആയിരിക്കും. ബോബീടെ കൂടെ അവനൊരു പടം ചെയ്യുന്നെങ്കിത്തന്നെ അതുമിതും തമ്മില്‍ ഒരു സാമ്യവുമുണ്ടാവില്ല . എനിക്കതുറപ്പാണ്. '
ഒരു നിമിഷത്തെ മൗനത്തിനുശേഷം രഘുനാഥന്‍ തുടര്‍ന്നു.
'ഞാന്‍ നേരത്തെ പറഞ്ഞില്ലേ. അവന്റെ എ റ്റു ഇസഡ് എനിക്കറിയാം. അക്കാര്യം അവനും നന്നായി അറിയാം. അതുകൊണ്ടുതന്നെയായിരിക്കും അവന്‍ ഡേറ്റു തരാത്തത്. എന്റെ പടത്തില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ പറയുന്നതു പോലെ അഭിനയിക്കണം. അവനതല്ല ആവശ്യം. അവന്‍ അഭിനയിക്കുന്ന പടം സംവിധാനം ചെയ്യുന്ന സംവിധായകന്‍ അവന്‍ പറയുന്നതുപോലെ സംവിധാനം ചെയ്യണം. അവനറിയാം ... എന്നോടവനങ്ങനെ പറയാനാവില്ലെന്ന്. '

മുതിര്‍ന്ന സംവിധായകര്‍ക്കും പഴയ ആളുകള്‍ക്കും ഡേറ്റു കൊടുക്കാന്‍ താരങ്ങളില്‍പ്പലരും തയ്യാറാവുന്നില്ലെന്ന് റിഷിയും കേട്ടിരുന്നു. അതു ശരിവയ്ക്കുന്നതായിരുന്നു അന്നത്തെ അനുഭവം. മറ്റൊരിക്കല്‍ ഒരു പുതുമുഖനടനില്‍ നിന്നാണ് അങ്ങനെയൊരു സംഭവമുണ്ടായത്. യുവതാരം നായകവേഷം ചെയ്ത രണ്ടുപടങ്ങളും വിജയിച്ചിരുന്നു. അതോടെ ആളുകള്‍ അയാളെ തേടിയെത്താന്‍ തുടങ്ങി. കഥ മുഴുവന്‍ കേട്ടു കഴിഞ്ഞ് യുവനടന്‍ അല്‍പ്പസമയം വിദൂരതയിലേക്കു നോക്കിയിരുന്നു. പിന്നെ പൊടുന്നനെ പറഞ്ഞു.
' എനിക്കൊന്നാലോചിക്കണം. മൊത്തത്തിലൊന്നു റിവൈന്‍ഡ് ചെയ്തു നോക്കട്ടെ. ഞാന്‍ വിളിക്കാം'

അടുത്ത ദിവസം ഉച്ചയോടെയാണ് അയാള്‍ വിളിച്ചത്. കഥയെപ്പറ്റി ഇനിയുമൊരു ക്ലാരിറ്റി കിട്ടിയിട്ടില്ല. അയാള്‍ക്കൊരു ക്രിയേറ്റീവ് ടീമുണ്ട്. അവരുമായി ചര്‍ച്ച ചെയ്യുന്നതിന് കഥയൊന്ന് ഇ മെയില്‍ ചെയ്തുകൊടുക്കണം. അതിനുശേഷം അഭിപ്രായം അറിയിക്കാമെന്ന്. 

രഘുനാഥനത് വല്ലാത്ത അപമാനമായി തോന്നി. കുറെ കഞ്ചാവുപിള്ളേര്‍ കേട്ടുവിലയിരുത്തിയിട്ടുവേണം കഥ നല്ലതോ മോശമോയെന്നു തീരുമാനിക്കാന്‍. നീരസം മറച്ചുവയ്ക്കാതെ അയാള്‍ മറുപടി പറഞ്ഞു.
' എന്റെ റൈറ്റര്‍ അവിടെ വന്നു കഥ പറഞ്ഞപ്പോള്‍ കിട്ടാത്ത എന്തു ക്ലാരിറ്റിയാണ് കൂട്ടം ചേര്‍ന്നിരുന്ന് ചര്‍ച്ച ചെയ്താല്‍ നിങ്ങള്‍ക്കു കിട്ടാന്‍ പോകുന്നത്.  ക്ലാരിറ്റി കിട്ടിയിട്ടില്ലെങ്കില്‍ വേണ്ട . താന്‍ ആ പടം ചെയ്യണ്ട.'

പൊതുവെ അസഹിഷ്ണുത പ്രകടിപ്പിക്കാത്ത രഘുനാഥന്‍ അന്നു പക്ഷേ പതിവിനു വിപരീതമായാണ് പെരുമാറിയത്. പിന്നെയും പലരോടും ആ കഥ പറഞ്ഞു. കൂട്ടത്തില്‍ പണം മുടക്കാനിടയുണ്ടെന്നു തോന്നിയവരോടും. 

ഇതിപ്പോള്‍ പുതിയൊരു പ്രൊഡ്യൂസറെക്കൂടി കഥ കേള്‍പ്പിക്കണമെന്ന് രഘുനാഥന്‍ പറഞ്ഞപ്പോള്‍ മടുപ്പല്ല; പുതിയൊരാവേശമാണ് റിഷിക്കു തോന്നിയത്. പ്രൊഡ്യൂസറുടെ സമയം ഫിക്‌സ് ചെയ്തിട്ട് അറിയിക്കാമെന്നും അതനുസരിച്ച് കഥ പറയാന്‍ തയ്യാറെടുത്തോളാനും പറഞ്ഞ് രഘുനാഥന്‍ ഫോണ്‍ വച്ചു. റിഷിയുടെ ചിന്ത വീണ്ടും തിരക്കഥയിലേക്കു തിരിഞ്ഞു. എപ്പോഴും പതിവ് അതാണ്. ആരോടെങ്കിലും കഥ പറയേണ്ടി വരുമ്പോള്‍ ഇതുപോലെ സിനിമാസ്വപ്‌നങ്ങള്‍ സജീവമാവും. അതു കഴിഞ്ഞാല്‍പ്പിന്നെ വീണ്ടും പഴയതുപോലെ ദീര്‍ഘമായ ഇടവേളയാണ്. വാര്‍ത്തയ്ക്കു പിന്നാലെയുള്ള നെട്ടോട്ടത്തിലേക്കുതന്നെ മടങ്ങും. ഇനി എന്തായാലും ആ പരക്കം പാച്ചില്‍ വേണ്ട. ജീവിതം എന്തു പഠിപ്പിക്കുന്നു എന്ന സത്യത്തില്‍ നിന്നുകൊണ്ട് സര്‍ഗ്ഗാത്മകമായി മുന്നോട്ടു നീങ്ങിയാല്‍ മതി. 

വൈകുന്നേരം റിഷി വനിതാസദനത്തിലേക്ക് പോയി. 
ജീനയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കിടയിലെ അസ്വഭാവികതയാണ് റിഷിയുടെ പൊടുന്നനെയുള്ള രാജിയിലേക്കു നയിച്ചതെങ്കിലും അതിനെയയാള്‍ ഗുണപരമായി മാത്രം കാണാന്‍ ശ്രമിച്ചു. നാലുവര്‍ഷം മുമ്പ് ജീനയ്ക്കുവേണ്ടി ചെയ്ത സ്‌റ്റോറിയ്ക്കും കഴിഞ്ഞ ദിവസം കൊടുക്കാതെ മാറ്റിവച്ച സ്റ്റോറിയ്ക്കുമിടയില്‍ വലിയൊരു മഞ്ഞുമറയുണ്ട്. ഒരു കീറ് വെട്ടം പുകമഞ്ഞുമറയില്‍ വീണിരുന്നെങ്കില്‍ യാഥാര്‍ത്ഥ്യത്തിലേക്കടുക്കുമായിരുന്നു. പത്രപ്രവര്‍ത്തനത്തിന്റെ പടിയിറങ്ങുകയാണെങ്കിലും വാര്‍ത്തകള്‍ക്കിടയിലെ വസ്തുത സംബന്ധിച്ച ദുരൂഹത മാറ്റേണ്ടത് ധാര്‍മ്മികമായ ഉത്തരവാദിത്വമാണെന്ന് അയാള്‍ ഉറപ്പിച്ചു. 

ഇത്തവണ അനുവാദം ചോദിക്കാന്‍ നില്‍ക്കാതെ നേരേ വനിതാസദനത്തിലെത്തുകയായിരുന്നു റിഷി. ജീനയുടെ പൂര്‍വ്വകഥയുടെ വാതായനങ്ങള്‍ വാര്‍ഡനുമുന്നില്‍ അയാള്‍ തുറന്നിട്ടു. ഇരുന്ന ഇരുപ്പില്‍ ഒരിരുണ്ട ഗഹ്വരത്തിലേക്ക് വീണതുപോലെയായി വാര്‍ഡന്‍. നീണ്ടും നിവര്‍ന്നും മുന്നോട്ടുപോകാന്‍ ഏറെയുള്ള ഗഹ്വരം. പുത്തനറിവുകള്‍ വാര്‍ഡന്റെ ജിജ്ഞാസ വര്‍ദ്ധിപ്പിച്ചു. തന്റെ തൊഴില്‍ജീവിതത്തില്‍ ജീന ഒരു ബാധ്യതയായതെങ്ങനെയെന്ന് റിഷി വിവരിച്ചത് വാര്‍ഡന്‍ തുറിച്ച കണ്ണുകളോടെ കേട്ടിരുന്നു. 

'റിഷി പറയുന്നതനുസരിച്ച് ...ആ കുട്ടിയുടെ ഹസ്ബന്റാണോ കുഴപ്പത്തിന്റൈയെല്ലാം പിന്നില്‍  '

ആലോചിച്ചുറപ്പിക്കാതെ അതിനുത്തരം പറയാന്‍ റിഷിക്കു കഴിയുമായിരുന്നില്ല. കിരണ്‍രാജാണോ എല്ലാ കുഴപ്പത്തിനും പിന്നിലെന്നു ചോദിച്ചാല്‍ അവിടെ യുക്തിഭദ്രതയുടെ പ്രശ്‌നം ബാക്കിയാവും. എല്ലാ കുഴപ്പങ്ങളുമെന്നു പറയുമ്പോള്‍ അതെന്തെല്ലാമാവണം. ആപേക്ഷികവും അനിശ്ചിതവുമായ അവയൊക്കെ നിര്‍ണ്ണയിക്കപ്പെടുംവരെ കിരണ്‍രാജില്‍ മാത്രം സംശയമിറക്കിവയ്ക്കാനാവില്ല. പക്ഷേ റിഷിക്കൊന്നുറപ്പുണ്ട്; വാര്‍ത്ത വിളിച്ചുപറഞ്ഞ ഫോണ്‍ശബ്ദം കിരണിന്റേതായിരുന്നു. 

ഒരു കൗതുകത്തിരിനീട്ടം മുന്നില്‍ത്തെളിഞ്ഞതോടെ അതുമേന്തി ഇത്രവേഗം മുന്നോട്ടുപോകാന്‍ വാര്‍ഡന്‍ തയ്യാറാവുമെന്ന് റിഷി കരുതിയിരുന്നില്ല. ആദ്യനോട്ടത്തില്‍ത്തല്‍ത്തന്നെ കണിശമായി ആരെയും നിര്‍വ്വചിക്കുന്ന ശിവാനി പോലും വാര്‍ഡന്റെ കാര്യത്തില്‍ പരാജയപ്പെട്ടിരിക്കുന്നു. വാര്‍ഡനെ ആദ്യമായി കണ്ട ദിവസം പ്രത്യേകിച്ചൊരു അഭിപ്രായപ്രകടനത്തിനും ശിവാനി തുനിഞ്ഞിരുന്നില്ല.  ഇന്നല്ലെങ്കില്‍ നാളെ ആഭിമുഖ്യമുണ്ടാക്കാന്‍ കഴിയുന്ന വ്യക്തിത്വമാണ് വാര്‍ഡനെന്നവള്‍ തിരിച്ചറിഞ്ഞില്ലെന്നര്‍ത്ഥം. കറുത്ത കട്ടിക്കണ്ണടയും പശിമബലം നീട്ടിനിവര്‍ത്തിയ ഖാദിസാരിയുമെല്ലാം ചേര്‍ന്നു രൂപപ്പെടുത്തിയ ഗൗരവത്തിലായിരുന്നില്ല വാര്‍ഡനപ്പോള്‍. പകരം പ്രായമുള്ള ഒരു സ്ത്രീയുടെ, അമ്മയുടെ അങ്കലാപ്പ്. 

' റിഷിക്ക് ആ കുട്ടിയെ കാണണമെന്നുണ്ടോ ? എന്തെങ്കിലും സംസാരിക്കാന്‍... '
പെണ്‍കുട്ടി അപകടാവസ്ഥയിലാണെന്ന് വാര്‍ഡന്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ആ ബോധമാണ് അവരെക്കൊണ്ട് അങ്ങനെ ചോദിപ്പിച്ചത്. 
 
' യസ് മാഡം.'

വാര്‍ഡന്‍ കൈവശമിരുന്ന രജിസ്ടര്‍ മടക്കിവച്ചു. അതിനിടയില്‍ റിഷി തുടര്‍ന്നു.
' ഇന്നിപ്പോ കണ്ടിട്ട് ജീനയെന്തെങ്കിലും പറയുമെന്നു കരുതിയിട്ടല്ല. പക്ഷേ അവള്‍ക്ക് സുരക്ഷാബോധം തോന്നിയാല്‍... സഹായിക്കാനാളുണ്ടെന്നു ബോധ്യപ്പെട്ടാല്‍... ഇന്നല്ലെങ്കില്‍ നാളെ, ഒരു പക്ഷേ മാഡത്തോടെങ്കിലും അവള്‍ മനസ്സു തുറക്കും. '

വാര്‍ഡന്‍ ഓഫീസ് റൂമില്‍നിന്നും ഹാളിലേക്കിറങ്ങി ജീനയുടെ മുറിയിലേക്കു കയറി. ജീനയെ അനുനയിപ്പിക്കാന്‍ അവരൊരു ശ്രമം നടത്തും. അതു വിജയിച്ചാലും ഇല്ലെങ്കിലും തന്നെയവര്‍ ഏതുവിധേനയും ജീനയുടെ മുന്നിലെത്തിക്കുമെന്ന് റിഷിക്കുറപ്പായിരുന്നു. 

പ്രതീക്ഷപോലെ സംഭവിച്ചു. ഇത്തവണ ഇരുവരെയും ഹാളില്‍ സ്വതന്ത്രമായിവിട്ട് വാര്‍ഡന്‍ മുറിയില്‍നിന്നു പുറത്തിറങ്ങി. തന്റെ അസാന്നിധ്യത്തില്‍ ജീനയെന്തെങ്കിലും പറയുന്നെങ്കില്‍ പറയട്ടെയെന്നവര്‍ കരുതി. 

' ജീന '
റിഷി ശബ്ദം താഴ്ത്തി വിളിച്ചു. 

കഴിഞ്ഞ തവണ കാണുമ്പോഴുണ്ടായിരുന്ന അലച്ചിലിന്റെ ശല്കങ്ങള്‍ അവളില്‍നിന്നു പൊഴിഞ്ഞുതുടങ്ങിയിരുന്നു.  എങ്കിലും ബാഹ്യലോകം ഇപ്പോഴും ഒരു ഭയമായി ചൂഴ്ന്നുനില്‍ക്കുന്നെന്നു തോന്നി.   

' ജീനയ്ക്ക് എന്നെ മനസ്സിലായോ... ?'

അവള്‍  പ്രതികരിച്ചില്ല. 

'മുമ്പ് ... മുമ്പെന്നു പറഞ്ഞാല്‍ നാലു വര്‍ഷം മുമ്പ്. ജീനയെപ്പറ്റി ഞാനൊരു വാര്‍ത്ത ടി വിയില്‍ കൊടുത്തിരുന്നു'

ഒന്നുപതറിയ അവള്‍ പെട്ടെന്നുതന്നെ മുഖം താഴ്ത്തി. 

' ജീനയെ ആരാണിങ്ങനെ ഉപദ്രവിക്കുന്നത്... ഫാദറാണോ?  അതോ ഹസ്ബന്റോ ? '

ഒരക്ഷരം പോലും ഉരിയാടാതെ പ്രതിമ പോലെയിരിക്കുകയാണവള്‍. 
റിഷി സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. 
' ജീന പേടിക്കണ്ട. ഞങ്ങള്‍ സഹായിക്കാന്‍ വന്നവരാണ്.  ജീനയുടെ പ്രശ്‌നം എന്താണെന്നറിഞ്ഞാലേ ഞങ്ങള്‍ക്കെന്തെങ്കിലും ചെയ്യാനാവൂ '

ഹാളിലേക്കപ്പോള്‍ വാര്‍ഡനൊന്നു പാളിനോക്കി. ജിജ്ഞാസ അവരിലും വളര്‍ന്നുവലുതായിരുന്നു.  

' കിരണ്‍രാജെവിടെയാ താമസം ? ഇവിടെ ടൗണില്‍ തന്നെയാണോ ?  '

അവള്‍ മൗനം തുടര്‍ന്നു. ഇന്നിനി എന്തുചോദിച്ചിട്ടും കാര്യമില്ലെന്ന് റിഷിക്കു മനസ്സിലായി. എന്തൊക്കെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചാലും മൗനത്തിന്റെ മുഖപടം അവള്‍ നീക്കുമെന്നു തോന്നുന്നില്ല. 

'ഞാന്‍ പോകുകയാണ്.  ജീന നന്നായിട്ടൊന്നാലോചിക്കൂ.  എന്നിട്ട് സമയമെടുത്തു മതി... വാര്‍ഡനോടു പറഞ്ഞാല്‍ മതി ...  '

അയാള്‍ തിരിച്ചുപോകുകയാണെന്നു കേട്ടിട്ടാകണം ജീനയുടെ മുഖം അറിയാതെയൊന്നുയര്‍ന്നു. ഭയത്തിന്റെ വലയില്‍ കുരുങ്ങിയ നോട്ടമായിരുന്നു അവളുടേത്.  
 
' ഒ കെ ജീന ... റസ്‌റ്റെടുത്തോളൂ '
റിഷി പുറത്തേക്കുനടന്നു. 

വനിതാസദനത്തില്‍നിന്നു മടങ്ങുമ്പോള്‍ റിഷിക്കുറപ്പുണ്ടായിരുന്നു;  കൗതുകത്തിരിനാളം വാര്‍ഡന്‍ കെടാതെ നോക്കിക്കോളുമെന്ന്. രണ്ടുകാര്യങ്ങളാണ് വാര്‍ഡനെ സ്വാധീനിച്ചിട്ടുള്ളത് . ജീനയ്ക്ക് ഇതുവരെ സംഭവിച്ചതെന്തെന്നുള്ള ആകാംക്ഷയും ഇനിയെന്തു സംഭവിക്കുമെന്നുള്ള അപായഭീതിയും. രണ്ടുകാര്യത്തിലാണെങ്കിലും ചെറിയൊരു ഇലയനക്കം തട്ടിയാല്‍ ഉടനടി അവര്‍ തന്നെ വിളിക്കുമെന്ന് റിഷിക്കുറപ്പായിരുന്നു.

മുന്‍ ഭാഗങ്ങള്‍ വായിക്കാം

Content Highlights; Malayalam Novel based on true story part six