തിരിച്ചറിവ്
ട്രെയിന്‍ കണ്ണൂര്‍ സൗത്തിലേക്കടുക്കുന്തോറും ഗതിവേഗം ഒച്ചുപോലെയായി. മറ്റേതോ ട്രെയിന്റെ സുഗമസഞ്ചാരത്തിനു വേണ്ടി സ്റ്റേഷനിലെത്തും മുമ്പ് പിടിച്ചിടാനുള്ള തയ്യാറെടുപ്പ്. രാവിലെ അതു പതിവുള്ളതാണ്. ഈ തളര്‍ച്ചയും താളം ചവിട്ടും കഴിഞ്ഞ് കണ്ണൂര്‍ സ്റ്റേഷനിലെത്താന്‍ പത്തുമിനുട്ട് പിന്നെയും വേണ്ടിവരും. രാത്രികാല ട്രെയിന്‍ സഞ്ചാരങ്ങള്‍ നിദ്രാരഹിതങ്ങളാകുന്നതും പ്രഭാതം മെഴുകിയ പ്ലാറ്റ്‌ഫോമുകളിലേക്ക് വിളര്‍ച്ചയോടെ കാല്‍കുത്തുന്നതുമാണ് റിഷിയുടെ പതിവ്. പക്ഷേ ഇത്തവണ യാത്രയില്‍ അസാധാരണമായൊരു സുഷുപ്തി കണ്ണുകളെ തഴുകിയെത്തിയിരുന്നു. സംശയങ്ങളെല്ലാം ദുരീകരിക്കാനും മതിയായ വിവരങ്ങള്‍ ശേഖരിക്കാനും പോകുന്നതിന്റെ ആത്മവിശ്വാസത്തിലാവും അങ്ങനെ സംഭവിച്ചത്.
മലബാറിലേക്കു പോകുന്നുവെന്നും രണ്ടു ദിവസം കഴിയും മടങ്ങിയെത്താനെന്നും പറഞ്ഞപ്പോള്‍ അമ്മയതിനെ തൊഴില്‍ സംബന്ധമായ യാത്രയായാണ് കണ്ടത്. ചാനല്‍ ത്രീയിലെ ജോലിയുപേക്ഷിച്ച സാഹചര്യത്തില്‍ സ്വാഭാവികമായും പുതിയൊരു തൊഴിലിടം തേടേണ്ടതുണ്ടല്ലോ. എന്തുതന്നെയായാലും സ്വന്തം കാര്യം നോക്കാനുള്ള കഴിവ് റിഷിയ്ക്കുണ്ടെന്ന് അമ്മ വിശ്വസിക്കുന്നു. അച്ഛനാണ് അങ്ങനെയൊരാത്മവിശ്വാസം അമ്മയില്‍ നിക്ഷേപിച്ചിരുന്നത്.
' അവനിപ്പോ നമ്മളെപ്പോലല്ല. നാട്ടിലെല്ലാവര്‍ക്കും അവനെ അറിയാം. ആളുകളുടെ ഇടയിലേക്കും അവരുടെ പ്രശ്‌നങ്ങളിലേക്കുമൊക്കെ അവന്‍ ചെന്നെത്തുന്നുണ്ട് ... '
അച്ഛന്റെ വാക്കുകളില്‍ അഭിമാനം പുരളും. അമ്മയ്ക്കതു ധാരാളമായിരുന്നു റിഷിയെപ്പറ്റി എന്നെന്നേക്കുമുള്ള ധൈര്യത്തിന്.
അതേ സമയം അച്ഛന്റെ നിലപാടിന്റെ വൈപരീത്യവും റിഷി കണ്ടിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് അസംബ്ലി തെരഞ്ഞെടുപ്പിന്റെ സമയം. ചാനലില്‍ വന്ന ഏതോ വാര്‍ത്തയുടെ പേരില്‍ തെരഞ്ഞെടുപ്പു പ്രചാരണയോഗത്തിനിടയില്‍വച്ച് സ്ഥാനാര്‍ത്ഥിയുടെ ആളുകളും വാടകഗുണ്ടകളും ചേര്‍ന്ന് റിഷിയെ ക്രൂരമായി മര്‍ദ്ദിച്ചു. മുറിവും ചതവുമേറ്റ റിഷിയെ ഹോസ്പിറ്റലില്‍ അഡ്മിറ്റു ചെയ്തതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു അത്. പെട്ടെന്നുണ്ടായ സങ്കടത്തില്‍ അച്ഛന്‍ ആ തീരുമാനം പറഞ്ഞു.
' വേണ്ട...ഇതിവിടെ നിര്‍ത്താം. നിനക്കിതു വേണ്ട. തല്ലുകൊള്ളാത്ത വേറെ എത്രയോ ജോലികളുണ്ട്. '
ഹോസ്പിറ്റലില്‍ നിന്നു ഡിസ്ചാര്‍ജ്ജ് ചെയ്തശേഷം രണ്ടു ദിവസം റിഷി ഓഫീസില്‍ പോയില്ല. അച്ഛനെ മെല്ലെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി ജോലിയിലേക്കു മടങ്ങാന്‍ അനുവാദം വാങ്ങാമെന്ന് അയാള്‍ കരുതി. എന്നാല്‍ മൂന്നാമത്തെ ദിവസം അച്ഛന്‍ തന്നെ അയാളെ അരികിലേക്കു വിളിച്ചു.
'നീ നിന്റെ തൊഴിലാണല്ലോ ചെയ്തത്. ആളുകള്‍ക്കുവേണ്ട കാര്യങ്ങള്‍ അവരെ അറിയിക്കുന്നത് വലിയ കാര്യം തന്നെയാണ്. '
എന്തായിരിക്കും അച്ഛന്‍ പറയാനുദ്ദേശിക്കുന്നതെന്ന ആകാംക്ഷയിലായി റിഷി.
' എല്ലാ തൊഴിലിനുമുണ്ട് അതിന്റേതായ റിസ്‌ക്. നോക്കിയും കണ്ടുമൊക്കെ നില്‍ക്കണം. പൊയ്‌ക്കോ. ഇന്നുതന്നെ ജോയിന്‍ ചെയ്‌തോളൂ '
റിഷി അച്ഛന്റെ കൈകള്‍ സന്തോഷത്തോടെ കൂട്ടിപ്പിടിച്ചു. അതായിരുന്നു അച്ഛന്‍.
അമ്മയെക്കൂടാതെ റിഷിയുടെ മലബാര്‍ യാത്രയെക്കുറിച്ചറിവുള്ളത് ശിവാനിക്കും സതീഷിനുമാണ്. പത്രപ്രവര്‍ത്തനം അവസാനിപ്പിച്ച സാഹചര്യത്തില്‍ അങ്ങനെയൊരു യാത്രയുടെ സാംഗത്യത്തെക്കുറിച്ച് സതീഷ് സംശയിച്ചേക്കുമെന്ന് റിഷിക്കു തോന്നിയിരുന്നു. എന്നാല്‍, ഒറ്റവരിക്കത്തില്‍ പത്തുവര്‍ഷത്തോളം വരുന്ന തൊഴില്‍ബന്ധം രാജിയാക്കിയതിനെക്കുറിച്ച് കേട്ടപ്പോഴുണ്ടായ ഭാവപ്പകര്‍ച്ചയ്ക്കപ്പുറമൊന്നും ഇത്തവണയുമുണ്ടായില്ല. റിഷിയില്‍ നിന്ന് അതെല്ലാം അയാള്‍ പ്രതീക്ഷിക്കുന്നുണ്ടുതാനും. അതുകൊണ്ടാണ് രണ്ടു സന്ദര്‍ഭങ്ങളിലും വിസ്മയചിഹ്നങ്ങളൊന്നും സതീഷ് പ്രകടിപ്പിക്കാതിരുന്നത്.
'വേണമെങ്കില്‍ ശിവാനിയെക്കൂടി കൂട്ടിക്കോളൂ. അവളിവിടെ വെറുതെ ഇരിപ്പല്ലേ; താല്‍പ്പര്യമുണ്ടാവും'
സതീഷ് അതു പറഞ്ഞ് ശിവാനിയെ നോക്കി.
അയാളുടെ വാക്കുകളപ്പോള്‍ ശിവാനിയുടെ കണ്ണുകളില്‍ തിളങ്ങി.
'ഇപ്പോ വേണ്ട സാര്‍... റൂട്ടൊന്നും പ്ലാന്‍ ചെയ്തിട്ടില്ല. ബ്ലാങ്ക് ആയിട്ടാണ് പോകുന്നത്. അവിടെയെത്തി കാര്യങ്ങളുടെ പോക്കനുസരിച്ചുവേണം എല്ലാം തീരുമാനിക്കാന്‍'
വേണ്ടവിധത്തിലുള്ള പ്ലാനിംഗ് യാത്രയ്ക്കില്ലായിരുന്നു എന്നത് നേര്. എന്നാല്‍ റിഷിക്ക് കൃത്യമായ ലക്ഷ്യങ്ങളുണ്ടായിരുന്നു; ഏതുവിധേനയും അതിലേക്കെത്തിച്ചേരുമെന്ന വിശ്വാസവും.
കടുത്ത ആശയക്കുഴപ്പം വട്ടം ചുറ്റിച്ചപ്പോഴാണ് റിഷി അങ്ങനെയൊരു യാത്ര തീരുമാനിച്ചതുതന്നെ. നാലുവര്‍ഷം മുമ്പ് ജീനയുടെ വാര്‍ത്ത ക്രോസ് ചെക്ക് ചെയ്ത അതേ പോലീസ് സ്‌റ്റേഷനിലേക്ക് കഴിഞ്ഞ ദിവസം അയാള്‍ വീണ്ടും വിളിച്ചിരുന്നു. പുതിയ സ്റ്റേഷന്‍ ഓഫീസറാണ് ഫോണ്‍ അറ്റന്റ് ചെയ്തത്. കേസിന്റെ വിശദാംശങ്ങള്‍ ഫോണിലൂടെ വെളിപ്പെടുത്താന്‍ അയാള്‍ മടിച്ചു. കേസ് ഏതാണെന്നറിഞ്ഞതോടെ താല്‍പ്പര്യം തീരെയില്ലാതാകുകയും ചെയ്തു. നാമമാത്രമായ മറുപടിയില്‍ കാര്യങ്ങളൊതുങ്ങി. കൂടുതല്‍ വിവരങ്ങളാവശ്യമുണ്ടെങ്കില്‍ നേരിട്ടെത്തി അന്വേഷിക്കാനായിരുന്നു നിര്‍ദ്ദേശം. സ്റ്റേഷനിലേക്കു വിളിക്കുന്നതിനു മുമ്പുണ്ടായിരുന്ന സംശയങ്ങളുടെ കുന്ന് ആകസ്മികമായാണ് വലിയൊരു മലയായി വളര്‍ന്നത്. ആ മല കയറിയിറങ്ങണമെങ്കില്‍ നേരിട്ടുതന്നെ അന്വേഷിക്കുകയും കാണാന്‍ കഴിയുന്നവരെയെല്ലാം കാണുകയും ചെയ്യണം. അപ്രകാരമാണ് റിഷി യാത്ര നിശ്ചയിച്ചത്.
ട്രയിനിപ്പോള്‍ മെല്ലെ നീങ്ങിത്തുടങ്ങിയിട്ടുണ്ട്. റിഷി ഡോറിനടുത്തേക്കു ചാരിനിന്നു. പുലര്‍വെളിച്ചം കൊണ്ടുവരുന്ന കാറ്റിന് പച്ചിലച്ചാര്‍ത്തിന്റെ മണമുണ്ട്. ചെറിയൊരു മഴ രാത്രിയില്‍ പെയ്തിരുന്നതുകൊണ്ടാവും ഇടയ്ക്ക് നനമണ്ണിന്റെ ചൂരും അനുഭവപ്പെട്ടു. ചില ഗന്ധങ്ങള്‍ അങ്ങനെയാണ്. അതിനെ ഗന്ധമാദനത്തോളം കല്‍പ്പിക്കാം. ശിവാനിയുടെ ചുരുള്‍മുടിയില്‍ നിന്നു പ്രസരിക്കുന്ന കര്‍പ്പൂരഗന്ധം പോലെ. പത്തടി അകലത്താണവള്‍ നില്‍ക്കുന്നതെങ്കില്‍പ്പോലും സുഖമുള്ള സൂചിമുനകള്‍ പോലെ അതു തേടിയെത്തും.
റയില്‍വേ സ്‌റ്റേഷന്റെ പ്രധാനഗേറ്റിനു നേരെ എതിര്‍വശത്താണ് ബസ്സ്‌റ്റോപ്പ്. ബൈറൂട്ടിലേക്കുള്ള ബസിന് പുലരും വരെ കാത്തുനില്‍ക്കണം. മണിക്കടവിലെത്താന്‍ റിഷിക്ക് രണ്ടു ബസുകള്‍ കയറേണ്ടിവന്നു. തിരുവിതാംകൂറില്‍നിന്നുള്ള കുടിയേറ്റ ജനത, സിറിയന്‍ ക്രിസ്ത്യാനികള്‍, ഒഴുക്കിയ വിയര്‍പ്പിനുമീതെ കാര്‍ഷിക- കച്ചവടസംസ്‌കാരങ്ങള്‍ ചരിത്രക്കല്ലുകള്‍ കെട്ടിയുയര്‍ത്തിയ നാട്. അതിന്റെ ഹൃദയത്തിലൂടെ മണിക്കടവ് നദി ഒഴുകുന്നു. ഉച്ചിയില്‍ കുരിശുമല. അതിനപ്പുറം കന്യകയെപ്പോലെ കാഞ്ഞിരകൊല്ലി. അതിരുനിശ്ചയിച്ച് കുടക് തടുത്തുയര്‍ത്തിയ നിത്യഹരിതവനമാണ് പിന്നീട്.
ടൗണില്‍ നിന്നും അല്‍പ്പം മാറിയാണ് പോലീസ് സ്‌റ്റേഷന്‍ . റിഷി ചെല്ലുമ്പോള്‍ സബ് ഇന്‍സ്‌പെക്ടര്‍ സ്ഥലത്തുണ്ട്. ആരെന്നും വന്നതെന്തിനെന്നും അറിയിച്ചതോടെ എതിര്‍വശത്തെ കസാലയില്‍ ഇരിക്കാന്‍ അയാള്‍ കൈകാട്ടി. ഫോണ്‍ശബ്ദത്തില്‍ അനുഭവപ്പെട്ട താല്‍പ്പര്യക്കുറവിന്റെ നേര്‍സാക്ഷ്യം. വീണ്ടും ചട്ടപ്പടി ജോലിയില്‍ മുഴുകിയ ഇന്‍സ്‌പെക്ടര്‍ അതിന്റെ തുടര്‍ച്ചയെന്നോണം മന്ദഗതിയില്‍ പഴയ ഫയല്‍ തെരഞ്ഞടുത്ത് ആദിമധ്യാന്തമൊട്ടാകെ കണ്ണുകളിട്ടിഴച്ചു.
'പീഡനമാ. മുന്നൂറ്റെഴുപത്താറ്. മകള്‍ അപ്പച്ചനെതിരെ കൊടുത്തത്. ഫോര്‍ജ്ഡ് കേസായിരുന്നു'
'ഫോര്‍ജ്ഡ് കേസ് ? '
റിഷിയ്ക്ക് അതിശയം തോന്നി.
' അതേ '
' അപ്പോപ്പിന്നെ... ആ കേസിനെന്താ സംഭവിച്ചത് ?'
' എന്തു സംഭവിക്കാന്‍. ആ സാമുവല്‍ മൂന്നുമാസം ജയിലില്‍ക്കിടന്നു. ട്രയലിനിടയില്‍ ഡി.എന്‍.ഏ ഫലം വന്നപ്പഴാ ക്ലിയര്‍ ആയത്. പരാതീപ്പറേന്ന പോലെ പെണ്ണിനു ഗര്‍ഭമൊണ്ടാക്കിയത് അപ്പച്ചനല്ലെന്ന്. '
്ഇന്‍സ്‌പെക്ടര്‍ വായ കവിഞ്ഞ് പുറത്തേക്കൊലിച്ചുതുടങ്ങിയ മുറുക്കാന്‍ തുപ്പല്‍ വലതുകൈയുടെ ചൂണ്ടുവിരലിനും നടുവിരലിനുമിടയിലൂടെ ഒരു കുഴലില്‍നിന്നെന്നവണ്ണം ജനലിനുവെളിയിലേക്ക് നീട്ടിത്തുപ്പി.
എസ്.ഐയില്‍ നിന്നു കേട്ട വിവരങ്ങള്‍ വിശ്വസിക്കാനാവാതെ റിഷിയിരുന്നു. തന്റെ വാര്‍ത്തയ്ക്ക്, അല്ല തനിക്കു തെറ്റു സംഭവിച്ചിരിക്കുന്നു. പുതിയ അറിവുകള്‍ ആഴത്തിലുള്ള മുറിവുകളാകുന്നു.
'കാമുകന്‍ ചെക്കനും പെണ്ണും കൂടെ കള്ളക്കേസുണ്ടാക്കിയതാണെന്നേ... '
എസ്.ഐ നിസ്സാരഭാവത്തില്‍ ഫയല്‍ മടക്കിക്കെട്ടി.
' അതെന്തിനായിരുന്നു ? '
'എന്തിനാന്നും ഏതിനാന്നുമൊക്കെ അന്വേഷിച്ചാലല്ലേയറിയൂ. പിന്നീടതൊന്നും നടന്നില്ല. കെളവന്‍ വിചാരിച്ചാല്‍ രണ്ടിനേം പിടിച്ചകത്താക്കാമാരുന്നു.'
അയാള്‍ രണ്ടു കൈപ്പത്തികളും മേശപ്പുറത്തു ശക്തമായി അടിച്ചുനിര്‍ത്തിത്തുടര്‍ന്നു.
'പക്ഷേ പുള്ളി പരാതിയില്ലെന്നും പറഞ്ഞൊരൊറ്റ പോക്ക്. അവിടെ തീര്‍ന്നു. പഴയൊരു വില്ലേജാപ്പീസറായിരുന്നു ഈ സാമുവലേ... അന്നു കേസന്വേഷിച്ച പൗലോസുസാറിന്റെ പേരിലും നടപടി വന്നാരുന്നു. ഒത്തുകളിച്ചെന്നും പറഞ്ഞ് ... '
ഇനി കൂടുതലായെന്തെങ്കിലും അറിയാനുണ്ടോയെന്ന മട്ടില്‍ എസ്.ഐ അയാളെ നോക്കി. മറ്റു ജോലിത്തിരക്കുകള്‍ തനിക്കുണ്ടെന്ന സൂചന കൂടിയായിരുന്നു അത്.
' അപ്പോള്‍ പ്രഗ്നന്‍സി... ആ കുട്ടി '
റിഷിയുടെ സംശയം വിട്ടൊഴിഞ്ഞില്ല.
'കേസിന്റെ അന്വേഷണമൊക്കെ അവിടെ ക്ലോസായി. പിന്നെ കുട്ടീടെ കാര്യം... അതിന്റെ തന്ത ആരെന്നറിയണമെങ്കില്‍ ഒന്നുകില്‍ ആ തള്ളയ്‌ക്കോ അവളുടെ കാമുകനോ താല്‍പ്പര്യം വേണം... അതല്ലെങ്കില്‍ കേസില്‍പ്പെട്ട കെഴവനു വേണം. '
ഇന്‍സ്‌പെക്ടര്‍ പറഞ്ഞതനുസരിച്ചാണെങ്കില്‍ കേസിന്റെ ഭൂതഭാവിവര്‍ത്തമാനങ്ങള്‍ സാമുവലിനെയോ ജീനയെയോ കിരണിനെയോ അലട്ടുന്നില്ല. അവ വെല്ലുവിളിയുയര്‍ത്തുന്നത് ഇപ്പോള്‍ തനിക്കുമാത്രമാണ്. സബ് ഇന്‍സ്‌പെക്ടറോടു നന്ദി പറഞ്ഞ് റിഷി പോലീസ് സ്‌റ്റേഷനില്‍നിന്നുമിറങ്ങി.
വനിതാസദനത്തില്‍ അഭയം തേടേണ്ട അവസ്ഥ ജീനയ്ക്കുണ്ടായതെങ്ങനെ എന്നറിയാനാണ് ഇവിടെവരെയെത്തിയത്. എന്നാല്‍ പുതിയ തിരിച്ചറിവുകള്‍ കൂടുതല്‍ സംശയമുനകളിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്.
അതില്‍ പ്രധാനം സ്വന്തം പിതാവ് പീഡിപ്പിച്ചെന്നും ഗര്‍ഭിണിയാക്കിയെന്നുമുള്ള ജീനയുടെ പരാതി കള്ളമായിരുന്നു എന്നതാണ്. എന്തിനാണ് അവളങ്ങനെ ചെയ്തത്? ആ പരാതിക്കുപിന്നില്‍ കിരണ്‍രാജായിരുന്നോ ? എങ്കില്‍ അയാള്‍ക്കതിലെന്തായിരുന്നു പ്രത്യേക താല്‍പ്പര്യം ? അതോ ഇനി ആ കേസ് കാമുകനെ പറ്റിക്കാന്‍ വേണ്ടി ജീന ബോധപൂര്‍വ്വം സൃഷ്ടിച്ചതായിരിക്കുമോ ? അങ്ങനെയെങ്കില്‍ കിരണറിയാതെ അവള്‍ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടാവണം. ബന്ധങ്ങള്‍ അങ്ങനെയാണ്. ആര്‍ക്കും ആരോടും എപ്പോള്‍ വേണമെങ്കിലും തോന്നാം.
ഒന്നു ശങ്കിച്ചെങ്കിലും റിഷി നേരെ സാമുവലിന്റെ മേല്‍വിലാസത്തിലേക്കു നടന്നു. അയാളുടെ പ്രതികരണം എന്തായിരിക്കുമെന്ന് നിശ്ചയമില്ല. അന്നത്തെ വാര്‍ത്തകള്‍ തയ്യാറാക്കിയ ആളെന്ന നിലയില്‍ വേണം പരിചയപ്പെടാന്‍.
പോലീസ് സ്‌റ്റേഷനില്‍ നിന്നുള്ള വിവരമനുസരിച്ച് കുന്നും ചെരിവുമൊക്കെയായി ഏക്കറുകളോളം വരുന്ന തട്ടുതട്ടാക്കിയ വസ്തുവിന്റെ തുടക്കത്തിലാണ് ആനത്താര വീട്. ഇഞ്ചിയും മഞ്ഞളും കുരുമുളകുമൊക്കെ വലിയതോതില്‍ കൃഷി ചെയ്യുന്ന സ്ഥലത്തിനു നടുവിലായി പഴയ മച്ചും മട്ടുപ്പാവുമുള്ള തടിക്കൂട്ടുകള്‍ ധാരാളമുള്ള വീട്.
പൂമുഖത്തെത്തിയപ്പോള്‍ അപരിചിതഭാവവുമായി ഒരു ക്രിസ്ത്യന്‍ പുരോഹിതന്‍ ഇറങ്ങിവന്നു. പിന്‍കാഴ്ചകള്‍ പ്രകാരം അതൊരു വൃദ്ധഭവനം പോലെ റിഷിക്കുതോന്നി.
' സാമുവലിനെ അന്വേഷിച്ച് വന്നതാണ്...'
പുരോഹിതന്‍ റിഷിയെ അടിമുടി നോക്കി.
' ജേര്‍ണലിസ്റ്റാണ് '
അതോടെ പുരോഹിതന്റെ കൗതുകമേറി.
' എന്താ കാര്യം ...?'
' ഒന്നു കാണേണ്ട കാര്യമുണ്ടായിരുന്നു. പേഴ്‌സണല്‍ മാറ്ററാ. '
പുരോഹിതന്റെ നോട്ടം കൂടുതല്‍ സംശയാധിഷ്ഠിതമായി.
' സാമുവല്‍ ഇവിടെയില്ല. ഈ വീടും പറമ്പുമൊക്കെ പള്ളിക്കെഴുതിത്തന്നിരിക്കുവാ. ബോര്‍ഡറിനപ്പുറത്ത് ഗോണിക്കൊപ്പലിലാ താമസം. അതിപ്പോ മൂന്നു കൊല്ലം കഴിഞ്ഞു. വല്ലപ്പോഴും വന്നു രണ്ടുദിവസമിവിടെ താമസിക്കും. ഇതിപ്പോ സഭയുടെ ഓള്‍ഡ് ഏജ് ഹോമാണ് '
പ്രതീക്ഷിക്കാത്ത ദിശകളിലേക്ക് അന്വേഷണം നീങ്ങുന്നു. തിരത്തള്ളലില്‍ ആ ദിശയിലേക്കു നീങ്ങുന്ന കൊതുമ്പുവള്ളമാണ് താനിപ്പോഴെന്ന് റിഷി സങ്കല്‍പ്പിച്ചു. സാമുവലിനെ കണ്ടെത്തിയേ മതിയാകൂ. അക്കാര്യത്തില്‍ മറുചിന്തയില്ല.
' കോണ്‍ടാക്ട് നമ്പരെന്തെങ്കിലും ഫാദറിന്റെ കൈവശമുണ്ടെങ്കില്‍... '
ഫാദര്‍ കൈമലര്‍ത്തി.
' സാമുവല്‍ ഒരു പ്രത്യേക തരക്കാരനാണ്. ഫോണൊന്നും കൊണ്ടുനടക്കാറില്ല. എന്തെങ്കിലും ഞങ്ങളെ അറിയിക്കാനുണ്ടെങ്കില്‍ എവിടെ നിന്നെങ്കിലും വിളിക്കും. അത്ര തന്നെ...'
റിഷി നിരാശനായി.
' ഇനി വിളിക്കുമ്പോള്‍ പറയാം. പേരെന്താ ? '
റിഷി ഒരു നിമിഷം നിശ്ശബ്ദനായി. പിന്നെ ശബ്ദം താഴ്ത്തി പറഞ്ഞു.
' ഇല്ല ഫാദര്‍. പേരു പറഞ്ഞാല്‍ അറിയത്തക്ക പരിചയം ഞങ്ങള്‍ തമ്മിലില്ല '
ഉച്ചവെയിലുഷ്ണം റിഷിയുടെ മുഖത്തെ പ്രതീക്ഷകളെ നനച്ചു. അതു പുരോഹിതനും ശ്രദ്ധിച്ചു. പെട്ടെന്നെന്തോ ഒാര്‍ത്തെടുത്തതുപോലെ അയാള്‍ പറഞ്ഞു.
' ഗോണിക്കൊപ്പലില്‍ സെന്റ് മേരീസ് ചര്‍ച്ച്. ടൗണില്‍ത്തന്നെയാണത്. അതിനടുത്തൊരു മൊണാസ്ട്രിയുണ്ട്. അവിടെ അന്വേഷിച്ചാലറിയാം... ആളെ കണ്ടുപിടിക്കാം '
റിഷിക്ക് ആശ്വാസമായി. ഈശാനകോണിലൊരു ചുവന്ന നക്ഷത്രത്തെപ്പോലെ പുരോഹിതന്‍ ദിശകാട്ടിയിരിക്കുന്നു. ഉളിക്കലും കുന്നോത്തും കടന്ന് കുടകു കാടുകളിലൂടെ ബിട്ടംഗല വഴി ഗോണിക്കൊപ്പലിലേക്കുള്ള യാത്ര. രണ്ടു രണ്ടരമണിക്കൂര്‍ വേണം അവിടെയെത്താന്‍. വിരാജ്‌പെട്ട് താലൂക്കിലെ ചെറുപട്ടണം തീര്‍ത്തും അപരിചിതവും പുതിയ അനുഭവവുമായിരുന്നു. കോഫിയുടെ മണമുള്ള പട്ടണം. കോഫി പ്ലാന്റേഷനില്‍ നിന്നും കൃഷിക്കാരില്‍ നിന്നുമെല്ലാം ഗോണിക്കോപ്പലില്‍ ക്രയവിക്രയത്തിനെത്തുന്ന കോഫിയുടെ മണം പട്ടണത്തിന്റെ അതിരുകള്‍ വിട്ടു പുറത്തേക്കൊഴുകി.
സീറോ മലബാര്‍ സഭയുടെ ചര്‍ച്ചാണ് അതിരടയാളം. അതു പിന്നിട്ട് അല്‍പ്പം മുന്നിലേക്കുനടന്നാല്‍ മൊണാസ്ട്രിയെത്തി. ഓഫീസിന്റെ ചാര്‍ജ്ജുള്ള പുരോഹിതനെ ബുദ്ധിമുട്ടൊന്നും കൂടാതെ റിഷി കണ്ടുപിടിച്ചു. കണ്ണൂര്‍ മണിക്കടവുകാരന്‍ സാമുവലിനെ അന്വേഷിച്ചുവന്നതാണെന്നയാള്‍ പുരോഹിതനോടു പറഞ്ഞു. കൂടുതല്‍ വിശദീകരിക്കേണ്ടിവന്നില്ല. പുരോഹിതന്‍ ശബ്ദം താഴ്ത്തി സെക്യൂരിറ്റി ജീവനക്കാരന് എന്തോ നിര്‍ദ്ദേശം നല്‍കി. ഒപ്പം വരാന്‍ റിഷിയെ കൈകാണിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മുമ്പേ നടന്നു. ഗേറ്റിനുപുറത്ത് റോഡിലെത്തി അയാള്‍ വലതുവശത്തേക്കു വിരല്‍ ചൂണ്ടി.
'നീവു യാറന്നു ഹുഡുകുത്തിരുവുദു... കപ്യാര്‍ന ഗളെയാ സാമുവേല്‍നാ...? '
'യെസ് '
ആരെയാണ് അന്വേഷിക്കുന്നതെന്നും കപ്യാരുടെ സുഹൃത്തിനെയാണോയെന്നുമുള്ള അയാളുടെ ചോദ്യത്തിനു നേരേ റിഷി തല കുലുക്കി.
'മുന്തിന തിരുവു കളെദു കെളഗഡെ ഹോഗി. കപ്യാരന മനേ അല്ലിദേ... ആത്താ അല്ലിരുത്താനേ....'
അടുത്ത വളവു കഴിഞ്ഞു താഴേക്കുപോയാല്‍ കപ്യാരുടെ വീടെത്തുമെന്നും അവിടെ സാമുവലുണ്ടെന്നുമാണ് സെക്യൂരിറ്റി ജീവനക്കാരന്‍ പറയുന്നത്. അയാള്‍ പറഞ്ഞ വഴിയിലേക്ക് റിഷി നടന്നു. ഒടുവില്‍ സാമുവലിന്റെ അടുത്തേക്കെത്തുന്നു. ഗോണിക്കൊപ്പലിന്റെ തണുപ്പില്‍ ജാള്യതയുടെ കമ്പളം റിഷിയെ പൊതിഞ്ഞു. തിരിച്ചറിയുമ്പോള്‍ സാമുവലിന്റെ പ്രതികരണം എന്താവുമെന്ന ആശങ്ക അടിക്കടി വളരുകയാണ്. പക്ഷേ അതു മറികടക്കാതെ തരമില്ല. കാരണം ഈ യാത്ര സ്വയം കൃതമാണ്. ചോദ്യം ചോദിക്കാനും ഉത്തരം കണ്ടെത്താനും തീരുമാനിച്ചുള്ള യാത്ര
നീളത്തില്‍ ദീര്‍ഘചതുരാകൃതിയിലുള്ള ക്വാര്‍ട്ടേഴ്‌സായിരുന്നു അത്. അതിന്റെ ചുറ്റുതിണ്ണയില്‍ ഭിത്തിയിലേക്കു ചേര്‍ന്ന മല്ലികപ്പടര്‍പ്പുകള്‍ക്കൊപ്പം മറ്റൊരു വള്ളിയായി സാമുവല്‍ പടര്‍ന്നിരിക്കുന്നു. ഗോണിക്കൊപ്പലിലെ വ്യാഴാഴ്ചവൈകുന്നേരത്തെ കണ്ടുതീരാത്ത മട്ടിലുള്ള ഇരിപ്പ്.
മുന്നിലെത്തിയ അപരിചിതനെ സാമുവല്‍ തുറിച്ചുനോക്കി.
' സാമുവല്‍ സാറല്ലേ...?'
സാമുവലിന്റെ മുഖത്തെ സംശയം വര്‍ദ്ധിച്ചു.
' ആരാണ് ?'
'മണിക്കടവില്‍ സാറിന്റെ വീട്ടില്‍ച്ചെന്നപ്പോഴാണ് ഇവിടെയാണെന്നറിഞ്ഞത്. '
നേര്‍ത്തതോതിലാണെങ്കിലും മഞ്ഞ നരച്ചുതുടങ്ങിയ സാമുവലിന്റെ കണ്ണുകളില്‍ അസ്വസ്ഥതയോ ഭീതിയോ ഏതാണു മുന്നില്‍നില്‍ക്കുന്നതെന്നു വ്യക്തമായിരുന്നില്ല. അതു തിരിച്ചറിയാനൊരു ശ്രമം റിഷിക്കുമപ്പോള്‍ സാധ്യമല്ലായിരുന്നു. എങ്ങനെ തുടങ്ങുമെന്ന ചിന്തയാണ് അയാളെ അലട്ടിക്കൊണ്ടിരുന്നത്. തെല്ലൊരു ക്ഷമാപണസ്വഭാവത്തോടെ അയാള്‍ പറഞ്ഞു.
' ഞാന്‍ റിഷി... അന്നത്തെ വാര്‍ത്തകള്‍ ചാനല്‍ ത്രീയില്‍ കൊടുത്ത റിപ്പോര്‍ട്ടറാണ്. '
അതു കേട്ടതും തിളക്കമറ്റ കണ്ണുകള്‍ രണ്ടു ഗോളങ്ങളായി തുറിച്ചു. സാമുവല്‍ മല്ലികപ്പടര്‍പ്പിനിടയില്‍നിന്നുമെഴുനേറ്റു. ആക്രമിക്കാന്‍ ആരോ മുന്നിലെത്തിയ പോലെ ഒരുനിമിഷം പരുങ്ങിനിന്നു. തുറിച്ച ഗോളക്കണ്ണുകള്‍ മെല്ലെ മെല്ലെ പൂര്‍വ്വ സ്ഥിതിയിലായി. പതിഞ്ഞ ശബ്ദത്തില്‍ റിഷി പറഞ്ഞുതുടങ്ങി. അന്നത്തെ വാര്‍ത്ത തന്റെ മുന്നിലെത്തിയതെങ്ങനെയെന്ന്്... വാര്‍ത്തയ്ക്കുപോല്‍ബലകമായി കിട്ടിയ രേഖകളെന്തൊക്കെയായിരുന്നെന്ന്... പോലീസ് സ്‌റ്റേഷനില്‍ നിന്നും സംശയനിവൃത്തി വരുത്തിയതിനെപ്പറ്റി... എല്ലാം ഒന്നൊന്നായി ബോധ്യപ്പെടുത്താനായിരുന്നു റിഷിയുടെ ശ്രമം.
പിളര്‍ന്ന മനസ്സോടെ സാമുവലതു കേള്‍ക്കുമ്പോള്‍ ആരവം കാതിലേക്കും ആള്‍ക്കൂട്ടം കാഴ്ചയിലേക്കും ഓടിയെത്തുകയായിരുന്നു. ഒന്നിനുപിറകെ ഒന്നായി മുഴങ്ങുന്ന ടിവി റിപ്പോര്‍ട്ടുകള്‍. തലകുമ്പിട്ടു പോലീസ് ജീപ്പിലേക്കു കയറുമ്പോള്‍ ആള്‍ക്കൂട്ടത്തിന്റെ പരിഹാസം കൂക്കിവിളികളായി മാറുന്നു. ഒരച്ഛനെന്ന അസ്തിത്വം ഉരുകിവീഴുന്നു; ഒപ്പം ഒരു റിട്ടയേര്‍ഡ് വില്ലേജാപ്പീസറുടെ വ്യക്തിത്വവും അതിനു കിട്ടിയിരുന്ന ആദരവും.
സമചിത്തത പുലര്‍ത്താന്‍ സാമുവല്‍ ശ്രമിച്ചെങ്കിലും പലപ്പോഴും കഴിഞ്ഞില്ല. നീരസവും കോപവും സങ്കടവുമെല്ലാം ഇടയ്ക്കിടെ മുഖത്ത് മിന്നിമറഞ്ഞു. റിഷിക്കു പറയാനുള്ളതെല്ലാം പറഞ്ഞുകഴിഞ്ഞെന്ന് ഉറപ്പാക്കിയശേഷം ചെറിയൊരു മൗനത്തിനുപിന്നാലെ ദുര്‍ബ്ബലമായ ചലനത്തോടെ സാമുവല്‍ മുറിയിലേക്കു കയറി. മുറിയില്‍ ജനലോരമുള്ള ക്രൂശിതരൂപത്തിന് മുന്നിലേക്കാണയാളെത്തിയത്. വ്യാഴാഴ്ച കരി പുരണ്ടുതുടങ്ങിയിരുന്നു. കര്‍ത്താവിന്റെ മുന്നിലയാള്‍ മെഴുകുതിരി കൊളുത്തിവച്ചു.
ഇരുതല മൂര്‍ച്ചയുള്ള ഒരസ്വസ്ഥത റിഷിയേയും മുറിപ്പെടുത്തിയിരുന്നു. പീഡനാരോപണത്തിന്റെ വാര്‍ത്ത കള്ളമായിരുന്നെന്ന് പോലിസ് സ്‌റ്റേഷനില്‍ വച്ചു തിരിച്ചറിഞ്ഞ നിമിഷം സംഭവിച്ചതാണത്. തന്റെ വാര്‍ത്ത ആ സാധുവിനെ വിധിയുടെ കുന്തമുനയില്‍ കോര്‍ത്തെറിഞ്ഞത് റിഷിക്ക് സഹിക്കാവുന്നതിനപ്പുറമായിരുന്നു. ജീനയ്‌ക്കൊപ്പം കിരണ്‍രാജെത്തി നല്‍കിയ ആദ്യവാര്‍ത്തയടക്കം നാലെണ്ണമാണ് റിഷി കൊടുത്തിട്ടുള്ളത്. അറസ്റ്റും മറ്റുമുണ്ടായപ്പോള്‍ തുടര്‍വാര്‍ത്തകള്‍ രണ്ടെണ്ണം കണ്ണൂര്‍ ബ്യൂറോയില്‍ നിന്നു വന്നു. അവിടെ തീര്‍ന്നു ആ വിഷയത്തിലുള്ള തുടര്‍നടപടികള്‍. പിന്നീടു നടന്നതെന്തെന്നോ കോടതിവിധിയെന്തായിരുന്നെന്നോ പിന്തുടര്‍ന്നിരുന്നില്ല. കേസിന്റെ ക്ലൈമാക്‌സില്‍ ഒരു ട്വിസറ്റ് ആരും പ്രതീക്ഷിച്ചിക്കാത്തതായിരുന്നു ഉപേക്ഷയ്ക്കു കാരണം. വര്‍ഷങ്ങള്‍ക്കു ശേഷം ജീനയെ വിധി വീണ്ടും മുന്നിലെത്തിക്കേണ്ടിവന്നു ഒരു തിരിഞ്ഞുനോട്ടത്തിന്. അന്വേഷണം മണിക്കടവ് പോലീസ് സ്‌റ്റേഷനിലെത്തേണ്ടിവന്നു അന്നത്തെ സംഭവങ്ങള്‍ മാളത്തില്‍നിന്ന് ഇഴഞ്ഞിറങ്ങിമുന്നിലെത്താന്‍ .
തെല്ലു സങ്കോചത്തോടെ റിഷി മെല്ലെ മുറിയിലേക്കു കയറി സാമുവലിന് പിന്നിലായി നിന്നു.
' ജീന ചില പ്രശ്‌നങ്ങളില്‍പ്പെട്ടിരിക്കുകയാണ്... പഴയ ഡിറ്റയില്‍സെടുത്തപ്പോഴാണ് താങ്കളെ കാണണമെന്നു തോന്നിയത് '
റിഷിയുടെ ശബ്ദത്തിലേക്ക് കണ്ണുകള്‍പൂട്ടിത്തിരിഞ്ഞ സാമുവല്‍ നീരസത്തോടെ മുരണ്ടു.
' ആരെയും കാണാതിരിക്കാനാണ് ഞാനവിടം വിട്ടത്... ആരെയും കാണാതിരിക്കാനാണ് ഞാനിവിടെ കഴിയുന്നത് '
ഒരു ദീര്‍ഘനിശ്വാസം അയാളില്‍നിന്നുയര്‍ന്നു.
' നിങ്ങള്‍ കാരണമാണ് ഞാനെന്റെ നാടുപേക്ഷിച്ചത്.'
കാരമുള്ളുപോലെ വാരിയിട്ട വാക്കുകള്‍. അതു റിഷിയില്‍ തറച്ചു.
' സാര്‍... തൊഴിലിന്റെ ഭാഗമായി മാത്രം. '
' യെസ്... യെസ് ... സമ്മതിച്ചു. '
അയാള്‍ വീണ്ടും കണ്ണടച്ചു തിരിയുമ്പോള്‍ റിഷിയുടെ നേരെ ചൂണ്ടിയ വിരല്‍ വിറപൂണ്ടിരുന്നു.
'എല്ലാം കഴിഞ്ഞില്ലേ. ഇനിയുമെന്തിനാണിങ്ങനെ... പിന്നാലെ നടന്ന് വേട്ടയാടാനോ? ?'
വീണ്ടുമെന്തോ പറയാനുണ്ടായിരുന്നെങ്കിലും സാമുവലിന്റെ ചുണ്ടുകളില്‍ അതമര്‍ന്നു. ഡറ്റോള്‍ കലക്കിയ വെള്ളത്തില്‍ നന്നായൊന്നു സ്‌നാനം ചെയ്താല്‍ തീരുന്ന പാപമല്ല തന്റേതെന്ന് റിഷിക്കുറപ്പായി. അത്തരമുപദേശം നല്‍കിയ ന്യൂസ് എഡിറ്റര്‍ രവിശങ്കറിനോട് അയാള്‍ക്ക് വെറുപ്പുതോന്നി.
' പത്തറുപതു കൊല്ലം ജീവിച്ച നാട്ടില്‍, സ്വന്തം മുഖം നഷ്ടപ്പെട്ടവനാണ് ഞാന്‍. ഒരിക്കല്‍ മുഖം നഷ്ടമായാല്‍ പിന്നീടതു തിരിച്ചുകിട്ടില്ല. കിട്ടിയാല്‍ത്തന്നെ അതാര്‍ക്കും പരിചയമുള്ളതായിരിക്കില്ല. പഴയ അടുപ്പമൊന്നും പിന്നെ പ്രതീക്ഷിക്കേണ്ട '
' മനപ്പൂര്‍വ്വം സംഭവിച്ചതല്ല സാര്‍. കാര്യങ്ങളൊന്നും ഞങ്ങളറിഞ്ഞിരുന്നില്ല. '
'നിങ്ങള്‍ക്കു വേണ്ടത് വാര്‍ത്തയല്ല; വിവാദമാണ്. മകളെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി. അതു നിങ്ങള്‍ വാര്‍ത്തയാക്കും. അയാളെ അറസ്റ്റു ചെയ്യും വരെ നിങ്ങള്‍ കൂടെയുണ്ടാവും. നല്ലതുതന്നെ. പക്ഷേ അവിടെ തീരും... അവിടെ തീരും നിങ്ങളുടെ താല്‍പ്പര്യം. അയാള്‍ നിരപരാധിയാണെന്നു വന്നാല്‍... കള്ളക്കേസാണതെന്നുകണ്ട് അയാളെ വെറുതെ വിട്ടാല്‍... അതു നിങ്ങളറിയില്ല. നിങ്ങള്‍ക്കതു വാര്‍ത്തയാവില്ല . '.
ഒറ്റ ശ്വാസത്തിലാണ് സാമുവല്‍ ഉള്ളഴിച്ചിട്ടത്.
' നിങ്ങളുടെ ചാനലുകളിലേക്കും പത്രങ്ങളിലേക്കുമൊക്കെ ആളുകളെ പിടിച്ചുനിര്‍ത്താന്‍ വേണ്ടിയുള്ള ടീസറുകളാണ് ഞങ്ങള്‍. വെറും ടീസറുകള്‍ '
സാമുവലിനെ സമാധാനിപ്പിച്ചുകൊണ്ട് റിഷി ശാന്തമായി പറഞ്ഞു.
' ഞാന്‍ പറഞ്ഞില്ലേ സാര്‍... പുതിയ ചില ഇഷ്യൂസ് ഉണ്ടായിട്ടുണ്ട്. അതൊരുപക്ഷേ വാര്‍ത്തയാക്കേണ്ടി വരും. സാറിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്കുണ്ടായ തെറ്റ് വാര്‍ത്തയിലൂടെത്തന്നെ തിരുത്തും '
അയാള്‍ പുശ്ചത്തോടെ മുഖം കോട്ടി ചിരിച്ചു.
'നിങ്ങളുടെ വാര്‍ത്ത ഒരു സാമുവലിനെ കൊന്നു . ഇക്കണ്ട കാലമെല്ലാം കഴിഞ്ഞ് സാമുവല്‍ നിരപരാധിയാണെന്ന് നിങ്ങളൊരു വാര്‍ത്ത കൊടുത്തിട്ടെന്താ കാര്യം. കൊല്ലപ്പെട്ട സാമുവലിനെ തിരിച്ചുകിട്ടുമോ ? അല്ലെങ്കില്‍ത്തന്നെ വാര്‍ത്ത ആരു വിശ്വസിക്കും.? ആളുകള്‍ക്കയാള്‍ മകളെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ മൃഗമാണ്. കോടതി വെറുതെ വിട്ടെന്ന് നിങ്ങള്‍ വാര്‍ത്ത കൊടുത്താല്‍ അവര്‍ പറയും സാമുവല്‍ ആരെയെങ്കിലും സ്വാധീനിച്ചു രക്ഷപ്പെട്ടെന്ന്. പണമെറിഞ്ഞ് പുറത്തുവന്നെന്ന് '
ജേര്‍ണലിസം ക്ലാസ്സുകള്‍ ചിതല്‍പ്പുറ്റുകളാകുന്നതും പഠിച്ച തിയറികളോരോന്നും ഫണം വിടര്‍ത്തിയാടി തിരിഞ്ഞുകൊത്തുന്നതും റിഷിയറിഞ്ഞു. സാമുവല്‍ പറഞ്ഞത് നൂറുശതമാനം ശരിയാണ്. ഒരൊറ്റ വാര്‍ത്ത മതി ഒരാളെ ആര്‍ക്കും വേണ്ടാത്തവനാക്കാന്‍. അതേ സമയം നൂറു വാര്‍ത്തകള്‍ മറിച്ചുകൊടുത്താലും നഷ്ടപ്പെട്ട പേര് തിരിച്ചുപിടിക്കാനാവില്ല. താനടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ മിക്കപ്പോഴും മറക്കുന്ന പത്രപ്രവര്‍ത്തനത്തിന്റെ ബാലപാഠമാണതെന്ന് റിഷി വേദനയോടെ ഓര്‍ത്തു.
സാമുവലിന്റെ വികാരവിന്യാസങ്ങള്‍ സമഗതി പ്രാപിക്കുംവരെ റിഷി കാത്തു.
'അന്നെന്തായിരുന്നു മകള്‍ക്കു സംഭവിച്ചത്. അതറിയണം... ഇംപോര്‍ട്ടന്റാണ് സാര്‍. ജീനയിപ്പോള്‍ ഒരപകടസന്ധിയിലാണ്. അതറിഞ്ഞാലേ എന്തെങ്കിലും ചെയ്യാനാകൂ '
രാവിനൊപ്പം പിച്ചവച്ചെത്തിയ കാറ്റില്‍ കാപ്പിമണം ഏറിയിരുന്നു. വെളിയില്‍ പരന്നു തുടങ്ങിയ സ്ട്രീറ്റ് ലൈറ്റുകളിലേക്ക് സാമുവല്‍ കണ്ണയച്ചു. റിഷി അവിടെയെത്തിയ ആദ്യസമയത്ത് സാമുവലില്‍ കണ്ട അതേ നിസ്സംഗത തിരിച്ചുവന്നിരിക്കുന്നു. ക്രൂശിതരൂപത്തിലേക്ക് ഇടയ്‌ക്കൊരുവട്ടമയാള്‍ മിഴിയുയര്‍ത്തി.
' സാര്‍ '
' പൊയ്‌ക്കോളൂ... എനിക്കൊന്നും പറയാനില്ല '
അതൊരു ഉറച്ച മറുപടിയായിരുന്നു. അതു കാട്ടിയ വഴിയിലൂടെ റിഷി പുറത്തേക്കു നടന്നു.
( തുടരും )
Content Highlights: Malayalam Novel based on true story part seven