അതിര്‍ത്തിയില്‍ സേനാനീക്കം തുടങ്ങിയിരുന്നു. ടാങ്കുകള്‍ ഉരുളുന്നതിന്റെ വിദൂരദൃശ്യങ്ങള്‍ ടി.വി സ്‌ക്രീനില്‍ ആവര്‍ത്തിക്കുന്നു. ഏതടിയന്തരസാഹചര്യവും നേരിടാന്‍ സേന സജ്ജം. അതിരടയാളങ്ങള്‍ക്ക് മറുപുറത്തുനിന്ന് കയ്യേറ്റത്തിന്റെ ശരീരഭാഷയുമായി അയല്‍ക്കാര്‍. ഒരു നിമിഷത്തെ തീരുമാനം മതി യുദ്ധം പൊട്ടിപ്പുറപ്പെടാന്‍. ഇരുകൂട്ടര്‍ക്കുമിത് വര്‍ഷങ്ങളായി കൊണ്ടുനടക്കുന്ന വാശിയുടെ കണക്കെടുപ്പാണ്. ദൃശ്യങ്ങള്‍ക്കപ്പാടെ തീ പടരാനതു ധാരാളമാണ്. വണ്ടുകളെപ്പോലെ തലങ്ങും വിലങ്ങും ചീറുന്ന പോര്‍വിമാനങ്ങള്‍ വന്‍നാശം വിതച്ചേക്കും. ലക്ഷ്യസ്ഥാനം അളന്നുതിരിച്ച് മിസൈലുകള്‍ ആഘാതം തീര്‍ക്കും. ചാനല്‍ ത്രീയിലെ സുദീര്‍ഘമായ ചര്‍ച്ച അതിര്‍ത്തിയിലെ പിരിമുറുക്കത്തെക്കുറിച്ചായിരുന്നു. അയല്‍രാജ്യത്തെ വിശ്വാസത്തിലെടുക്കാന്‍ കഴിയാത്ത സാഹചര്യത്തെപ്പറ്റി അതിഥികളെല്ലാം സമാനമായാണ് ചിന്തിച്ചത്.
'വിശ്വാസ്യതയുടെ മേലാവരണത്തില്‍ അമര്‍ത്തിവച്ചിരിക്കുന്നത് ചതിയുടെ കുഴിബോംബുകളാണെങ്കിലോ?
വിശ്വസിക്കുന്നവനെ വീഴ്ത്തിയാണ്, ഒറ്റിയാണ് വെട്ടിപ്പിടിക്കുന്നതിന്റെ വീര്യം പലപ്പോഴും വ്യക്തികളും പ്രസ്ഥാനങ്ങളും രാജ്യങ്ങളുമൊക്കെ നിലനിര്‍ത്തിയിട്ടുള്ളത്. അതിരറ്റ വളര്‍ച്ചയിലേക്കുള്ള അടിവളം അതാണ്. ലഡാക്കില്‍ അതിരടയാളങ്ങള്‍ മാറ്റിവരയ്ക്കാനുള്ള നീക്കത്തെയും ആ നിലയ്ക്കു കാണണം.'
ചര്‍ച്ചാവിഷയത്തെ അത്തരത്തില്‍ സമര്‍ത്ഥിച്ച് മുന്‍ അംബാസിഡര്‍ ചരിത്രവും ഉടമ്പടികളുമൊക്കെ നിവര്‍ത്തുകയും വാദിക്കുകയും ചെയ്തുകൊണ്ടിരുന്നു. എന്നാല്‍ അയാളുടെ അക്കാദമികശബ്ദത്തിനു മേല്‍ മറ്റു രണ്ട് അതിഥികളുടെയും വാക്പോര് വല്ലാതെ മുറുകുന്നുണ്ടായിരുന്നു. ഭരണകക്ഷിയുടെ പ്രതിനിധി റഡാറില്‍പ്പെടാതെ തെന്നിപ്പറന്ന് നയതന്ത്രവിജയം എതിരാളിക്കുമേല്‍ വര്‍ഷിക്കാനാണ് ആദ്യം മുതല്‍ ശ്രമിച്ചത്. അതേ സമയം വിരുന്നുണ്ണാനുള്ള പോക്കുവരവുകള്‍ക്കപ്പുറം അതിരു സംരക്ഷിക്കാനൊന്നും ചെയ്തില്ലെന്ന പഴി പ്രതിപക്ഷപ്രതിനിധിയുടെ മിസൈലുകളായി ചീറിപ്പറന്നു.
ഡല്‍ഹി, തിരുവനന്തപുരം, കൊച്ചി സ്റ്റുഡിയോകളിലിരുന്ന് അതിഥികള്‍ തല്‍സമയരാഷ്ട്രീയം സടകുടഞ്ഞുമുന്നേറിയതോടെ റിഷിയ്ക്ക് ചര്‍ച്ചയിലുള്ള താല്‍പ്പര്യം യുദ്ധഭൂമിപോലെ താറുമാറായി. അയാള്‍ ടിവിയുടെ ശബ്ദം നന്നായി കുറച്ചു. എന്നാലത് ബ്യൂറോയില്‍ അപ്പോഴുണ്ടായിരുന്ന ആരെയും അലോസരപ്പൈടുത്തിയതുമില്ല. അത്തരം ചര്‍ച്ചകളുടെ നൈരന്തര്യം അവരുടെ കൗതുകത്തെ എന്നേ ഇല്ലാതാക്കിയിരുന്നു.
ചര്‍ച്ച പക്ഷേ റിഷിയുടെ മനസ്സിനെ രാജ്യത്തിന്റെ അതിര്‍ത്തിയിലേക്കെത്തിച്ചിരുന്നു. അവിടെ ഒരു യുദ്ധം നടക്കുകയാണെങ്കില്‍ അതെങ്ങനെ ചിത്രീകരിക്കപ്പെടണം. 'ഉറി ദ സര്‍ജിക്കല്‍ സ്ട്രൈക് 'പോലെ ഒന്ന്. അത്തരത്തിലുള്ള ഏകകമുപയോഗിച്ച് ബോര്‍ഡറില്‍ ചിത്രീകരിച്ച ഇന്ത്യന്‍ സിനിമകളെ തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. എണ്ണിപ്പറയാനാണെങ്കില്‍ ചില മേജര്‍ രവിപ്പടങ്ങളും ജോഷിച്ചിത്രങ്ങളും മലയാളത്തില്‍ കേണ്ടക്കാം. പക്ഷേ അവയെല്ലാം ഏതാണ്ട് ഒരേ പാറ്റേണിലുള്ളതാണ്. എന്നുതന്നെയല്ല യുദ്ധചിത്രങ്ങളുടെ വീര്യമൊന്നും അവയ്ക്കില്ല.
അതിര്‍ത്തിയിലൊരു ജവാന്‍. അയാളുടെ ഗൃഹാതുരതകളില്‍ നാട്ടില്‍ കാത്തിരിക്കുന്ന ഭാര്യയും കുഞ്ഞും . അല്ലെങ്കില്‍ കാമുകി. അയാളുടെ പ്രായം ചെന്ന അച്ഛനമ്മമാര്‍. നായകനോ ഉപനായകനോ മരണം നിശ്ചയം . വേണ്ടിവന്നാല്‍ വീരനായകനായ മറ്റൊരു രക്ഷകനെയും അവിടേക്കയയ്ക്കാം. പുട്ടിനു പീരപോലെ ദൃശ്യങ്ങള്‍ക്കും ശബ്ദങ്ങള്‍ക്കും വേണ്ടി ടാങ്കര്‍, ബോംബ്, മിസൈല്‍, തോക്ക് ഇത്യാദികളുടെ തീക്കളി.
എന്നാല്‍ റിഷി മനസ്സില്‍ക്കാണുന്ന യുദ്ധചിത്രം അത്തരത്തിലൊന്നായിരുന്നില്ല. മനസ്സാക്ഷിയെ ഉഴുതു മറിക്കുന്ന പാശ്ചാത്യ ചിത്രങ്ങളായിരുന്നു അയാളെ ആകര്‍ഷിച്ചിരുന്നത്. അതില്‍ത്തന്നെ ക്ലാസ്സും മാസ്സുമായ ഒന്ന് ഏറെക്കാലമായി പ്രലോഭിച്ചുനില്‍ക്കുകയും ചെയ്യുന്നു. ഓസ്ട്രേലിയന്‍ സംവിധായകന്‍ റോബര്‍ട്ട് കനോലിയുടെ 'ബാലിബോ ഫൈവ് ' ആയിരുന്നു അത്.
ഒരു യുദ്ധചിത്രത്തില്‍ നിന്നു പ്രതീക്ഷിക്കുന്നതിലുമേറെ അപ്രിയസത്യങ്ങള്‍ വിളിച്ചു പറഞ്ഞതാണ് പല ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലുകളില്‍ നിന്നും ബാലിബോയെ അവസാനനിമിഷം ചെവിക്കുപിടിച്ചു പുറത്താക്കാന്‍ കാരണമെന്ന് റിഷി കേട്ടിട്ടുണ്ട്. സംഭവകഥയെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച സിനിമയായിരുന്നു അത്. ഓസ്ട്രേലിയ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അഞ്ച് മാധ്യമപ്രവര്‍ത്തകരെ ഈസ്റ്റ് തിമൂറിലെ ബാലിബോ നഗരത്തില്‍ വച്ച് ഇൻഡൊനീഷ്യൻ സൈന്യം കൊലപ്പെടുത്തി. പോര്‍ച്ചുഗീസ്തിമൂറിനെ പിടിച്ചടക്കാനുള്ള ഇന്തോനേഷ്യയുടെ ശ്രമത്തിനിടെ നടന്ന കിരാതസംഭവം. സംഭവത്തെക്കുറിച്ച് കൂടുതലറിയാന്‍ ഓസ്ട്രേലിയയില്‍ നിന്നെത്തിയ മറ്റൊരു മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടു. യുദ്ധരംഗത്ത് പരസ്പരമുണ്ടായ വെടിവയ്പില്‍പ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതാണെന്ന് യുദ്ധകുറ്റകൃത്യങ്ങളെക്കുറിച്ചു നടന്ന അന്വേഷണത്തില്‍ ഇന്തോനേഷ്യ വാദിച്ചു. എന്നാല്‍ മുപ്പത്തിരണ്ടു വര്‍ഷങ്ങള്‍ക്കുശേഷം ന്യൂ സൗത്ത് വെയില്‍സ് കോടതിയുടെ നിര്‍ദേശപ്രകാരം നടന്ന അന്വേഷണങ്ങള്‍ ബാലിബോ ഫൈവ് എന്ന പേരിലറിയപ്പെട്ടിരുന്ന മാധ്യമപ്രവര്‍ത്തകരുടെ മരണത്തെ വീണ്ടും സജീവമാക്കി. ഇൻഡൊനീഷ്യന്‍ സൈന്യം ബോധപൂര്‍വ്വം ഇവരെ കൊന്നുതള്ളിയതാണെന്ന് കോടതി നിരീക്ഷിച്ചു. ഈ വസ്തുതകള്‍ കുറിക്കുകൊള്ളും വിധം അവതരിപ്പിച്ച സിനിമ റിഷി പല തവണയാണ് കണ്ടത്.
ആഗ്രഹങ്ങള്‍ക്കെന്തിനു പിശുക്കു കാട്ടണം. സ്വപ്നം കാണുന്നെങ്കില്‍ അത്തരം സിനിമകള്‍ തന്നെ കാണണമെന്ന് റിഷി സ്വയം ബോധ്യപ്പെടുത്താറുണ്ട്. സ്വന്തം സിനിമാമോഹങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ അയാള്‍ക്കു ചിരി വരും. ക്ലാസ്സും മാസ്സും പോയിട്ട് സിനിമയിലേക്കൊന്നു തലയിട്ടുനോക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. ശ്രമങ്ങള്‍ തുടങ്ങിയിട്ട് കുറേക്കാലമായെങ്കിലും അവസരങ്ങളൊക്കെ ചുണ്ടിനും കപ്പിനുമിടയില്‍ വച്ച് നഷ്ടപ്പെടുകയായിരുന്നു.
പാര്‍ക്കിംഗ് ഏരിയയില്‍ കാര്‍ വെയ്റ്റ് ചെയ്യുന്നുണ്ടെന്ന് റിസപ്ഷനില്‍ നിന്നു വിളിച്ചുപറഞ്ഞതോടെ എവിടെ നിന്നാണെന്നറിയില്ല ബ്യൂറോ ചീഫ് ഹരീഷ് പ്രത്യക്ഷപ്പെട്ടു. അയാള്‍ ലാപ് ടോപ്പ് മടക്കി ബാഗിലിട്ട് പുറത്തേക്കു നടന്നു.
മുന്‍കാലങ്ങളില്‍ എല്ലാ ദിവസവും ജോലി അവസാനിപ്പിച്ചു മടങ്ങുമ്പോള്‍ ഹരീഷ് അടുത്ത ദിവസത്തെ പ്രധാനപ്പെട്ട പരിപാടികളെക്കുറിച്ച് റിഷിയോട് അന്വേഷിച്ചിരുന്നു. എന്നാല്‍ കുറച്ചുകാലമായി ആ പതിവില്ല. ആരോടെങ്കിലും, അതു ജൂനിയേഴ്സിനോടായാലും മതി, ചോദിച്ചറിയണമെന്നേ അയാള്‍ക്കിപ്പോഴുള്ളൂ. മെറ്റില്‍ഡയാണെങ്കില്‍ ഒരുമുഴം മുന്നേയെറിയുന്ന പതിവനുസരിച്ച് ഹരീഷ് ചോദിക്കുംമുമ്പേ അങ്ങോട്ടു ചെന്ന് ധരിപ്പിക്കാനും തുടങ്ങിയിട്ടുണ്ട്. റിഷിയോട് പഴയ മനോഭാവമായിരുന്നില്ല ഹരീഷിന്. ബോധപൂര്‍വ്വം ഒരകല്‍ച്ച സൃഷ്ടിക്കുകയായിരുന്നു; റിഷി നൈറ്റ്ഷിഫ്റ്റിലേക്കു മാറിയതിനശേഷം പ്രത്യേകിച്ചും. അതേസമയം മറ്റു ചിലരോടു പ്രത്യേക അടുപ്പവും തുടങ്ങിയിരുന്നു.
ബ്യൂറോയില്‍ നിന്നും ഡസ്‌കില്‍ നിന്നുമായി ഒരു കൂട്ടര്‍ കൂടി പുറത്തേക്കു പോകാനുണ്ട്; ഷിഫ്റ്റ് കഴിഞ്ഞു മടങ്ങുന്നവരും രാത്രി ഭക്ഷണത്തിനുപോയി തിരിച്ചുവരേണ്ടവരും. ബ്യൂറോയില്‍ ക്യാമറാമാന്‍ സാജന്‍ മാത്രമാണ് പുറത്തുനിന്നും രാത്രിഭക്ഷണം കഴിക്കുന്നത്. അങ്ങനെ പോയാല്‍ത്തന്നെ അധികം വൈകാതെ അയാള്‍ മടങ്ങിയെത്തുകയും ചെയ്യും. പിന്നീട് രാത്രി മുഴുവന്‍ ഉറങ്ങിയും ഉറങ്ങാതെയും റിഷിയുടെ കൂടെയുണ്ടാവും.
'അണ്ണാ...നിങ്ങളു വാ. നൈസായിട്ടെന്തെങ്കിലും കഴിച്ചിട്ടുവരാം '
സാജന്‍ പുറത്തേക്കു പോകാന്‍ തയ്യാറെടുക്കുന്നതിനിടയില്‍ റിഷിയെ ക്ഷണിച്ചു.
'വേണ്ട സാജാ. ഞാന്‍ ആള്‍റെഡി ഹെവി ഫുഡ്ഡിലാ'
കൂട്ടക്ഷരം പോലെ കുരുങ്ങിക്കിടന്ന റിസീവര്‍വയറുള്ള ലാന്‍ഡ്ഫോണിനരികിലേക്ക് റിഷി ഇരുന്നു. വെള്ളപുതച്ചുമരവിച്ച ആ വാര്‍ദ്ധക്യത്തിലേക്കൊരു കോള്‍ വരുന്നത് അപൂര്‍വ്വമാണ്. റിപ്പോര്‍ട്ടര്‍മാര്‍ക്ക് പ്രത്യേകിച്ചും ബ്യൂറോയ്ക്കു പൊതുവായും മൊബൈല്‍ ഫോണുകളുള്ള സാഹചര്യത്തില്‍ സ്ഥലം മിനക്കെടുത്താനേ ലാന്‍ഡ്ഫോണ്‍ ഉപകരിക്കുവെന്നും അതെടുത്തുമാറ്റണമെന്നും ഹരീഷ് പലപ്പോഴും പിറുപിറുക്കാറുണ്ടായിരുന്നു. അതേ സമയം റിഷിയ്ക്കാണെങ്കില്‍ ആ ഫോണിനോടൊരു മമത തോന്നിയിരുന്നു. അതുകൊണ്ടുതന്നെ പരമാവധി ഓഫീസ് കോളുകള്‍ അതില്‍നിന്നേ അയാള്‍ വിളിച്ചിരുന്നുള്ളൂ.
റിഷി ഡയറക്ടറി നോക്കി പതിവുകോളുകള്‍ ഒന്നൊന്നായി ഡയല്‍ ചെയ്തുതുടങ്ങി.
' കണ്ട്രോള്‍ റൂമല്ലേ... ആരാ രാജേഷോ ? എന്തെങ്കിലും പ്രത്യേകിച്ചുണ്ടോ? വിളിച്ചേക്കണേ... '
'രാജേന്ദ്രന്‍ ചേട്ടാ... നിങ്ങളീ സ്പെഷ്യല്‍ ബ്രാഞ്ചുകാര്‍ക്കൊന്നും പണ്ടത്തെപ്പോലെ സ്നേഹമില്ലല്ലോ. ഒരു സഹായോമില്ല... മോളീന്ന് കടുവേടെ ഇടപെടലു വല്ലതും വന്നോ? '
ഡ്യൂട്ടി കഴിഞ്ഞിറങ്ങിയിരുന്ന സ്പെഷ്യല്‍ ബ്രാഞ്ച് എസ് ഐ രാജേന്ദ്രന്റെ ചിരിയില്‍ ആല്‍ക്കഹോളിന്റെ മണമുണ്ടാവണം.
വെള്ളം, വൈദ്യുതി, ഗതാഗതം ... അടുത്ത ദിവസം അത്തരത്തിലൊന്നിനും പറയത്തക്ക തടസ്സങ്ങളില്ല.
ഫയര്‍ഫോഴ്സ്, മറ്റത്യാവശ്യ സര്‍വ്വീസുകള്‍, നഗരത്തിലെ പ്രധാന പോലീസ് സ്റ്റേഷനുകള്‍ ... എല്ലായിടത്തും അന്നത്തെ വരവു വച്ചു കഴിഞ്ഞു. അതു നിര്‍ബന്ധമാണ്. എത്ര അടുപ്പമുെണ്ടന്നു പറഞ്ഞാലും കാര്യമില്ല; പിറകെ കൂടിയില്ലെങ്കില്‍ വാര്‍ത്ത മറ്റൊരുത്തന്‍ കൊണ്ടുപോകും.
ഓരോരുത്തരും ഓരോരുത്തരോടും ഉണ്ടാക്കുന്ന ബന്ധങ്ങള്‍ക്ക് ഓരോരോ വിതാനമാണുള്ളത്. ചിലതു ചിലന്തിവല പോലെയായിരിക്കും. വലപ്പശിമകളിലൊട്ടിനില്‍ക്കുന്നതേതാണോ ആ ബന്ധങ്ങള്‍ സുദൃഢമാവുന്നു. ബന്ധങ്ങളെ സ്ഥാപിച്ചെടുക്കുന്നതും അതേപടി നിലനിര്‍ത്തുന്നതുമാണ് മാധ്യമപ്രവര്‍ത്തകന്റെ മിടുക്ക്. അക്കാര്യത്തില്‍ റിഷി ഒട്ടും പിന്നിലല്ല. പ്രധാനപോക്കറ്റുകളിലെല്ലാം തന്റേതുമാത്രമായ ചില സോഴ്സുകള്‍ അയാള്‍ കണ്ടുവച്ചിട്ടുണ്ട്.
ചാവികൊടുത്ത ചക്രച്ചുറ്റുപോലെയായിരുന്നു റിഷി സിറ്റി അപ്ഡേറ്റ്സുകളിലൂടെ കടന്നുപോയത്. ചക്രച്ചുറ്റിന്റെ വലയങ്ങളഴിയുകയും ചലനം നിലക്കുകയും ചെയ്യുന്നു. പതിവു യാന്ത്രികത... പതിവു മരവിപ്പ്. അതു മാത്രം ബാക്കിയായി.
യാന്ത്രികതയും മരവിപ്പും അപൂര്‍വ്വമായ കോമ്പിനേഷനാണെന്നു റിഷിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു കാന്തത്തിന്റെ നോര്‍ത്തുപോളിനെയും സൗത്തുപോളിനെയും ചേര്‍ത്തുവയ്ക്കാന്‍ ശ്രമിക്കുന്നതുപോലെ വൈരുദ്ധ്യങ്ങളുടെ ചേര്‍ച്ചയാണത്. യാന്ത്രികതയില്‍ ചലനമുണ്ട്. അതു ശാരീരികവും മാനസികവുമാകാം . ചലനങ്ങള്‍ അവ്യവസ്ഥിതമായ പ്രവേഗം ആര്‍ജ്ജിക്കാം. ആകര്‍ഷണവികര്‍ഷണങ്ങളും ഘര്‍ഷണവുമുണ്ടാവാം. അതിന്റെ ഫലമായി താപരേണുക്കള്‍ മിനുങ്ങിയേക്കാം. കനലേറ്റം തീയായി പടര്‍ന്നേക്കാം. പക്ഷേ മരവിപ്പിന്റെ കാര്യത്തിലേക്കെത്തുമ്പോള്‍ സ്ഥിതി മാറും. നിസ്സഹായത വളര്‍ച്ച മുറ്റിയുണ്ടാകുന്നതാണത്. അവ രണ്ടുമാണ് ചേര്‍ക്കാന്‍ ശ്രമിക്കുന്നത്. അയാള്‍ക്ക് കൗതുകം തോന്നി. യാന്ത്രികതയും നിസ്സഹായതയും. ആ കോംബിനേഷനില്‍ ഒരു കഥ കെണ്ടത്തണം. സിനിമയ്ക്കു പറ്റിയ ഒന്ന്.
പത്രപ്രവര്‍ത്തനത്തെ അലസമായ കലയായോ വിരസമായ തൊഴിലായോ റിഷി കണ്ടിരുന്നില്ല. മീഡിയ അക്കാദമിയില്‍ നിന്ന് മെഡല്‍ വാങ്ങി പുറത്തിറങ്ങുമ്പോള്‍ ആകാശം അനന്തമായിരുന്നു. അതുപക്ഷേ ആദ്യത്തെ ഏഴെട്ടുവര്‍ഷങ്ങള്‍ മാത്രം. ആകാശത്തിന്റെ അതിരുകള്‍ അതിനകം തന്നെ പരിമിതമായി മാറിയിരുന്നു. അവിടെ കളം നിറഞ്ഞുനില്‍ക്കുന്ന സ്വവര്‍ഗ്ഗക്കാര്‍ക്കിടയില്‍ സ്വന്തം സ്പേസ് നിര്‍ണയിക്കാന്‍ ഇനിയെത്ര മെഡല്‍ കിട്ടിയാലും അയാള്‍ക്കു കഴിയുമായിരുന്നില്ല.
മത്സര ഓട്ടങ്ങളുടെ ഏഴെട്ടുകൊല്ലങ്ങളാണ് കടന്നുപോയത്. വാര്‍ത്തക്കുപിന്നാലെയുള്ള പരക്കംപാച്ചിലിനിടയില്‍ മിക്കവരെയും പോലെ പലപ്പോഴും കാല്‍ വഴുതി. മറ്റൊരാളാണെങ്കില്‍ അതൊന്നും പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ മിനക്കെടില്ല. പക്ഷേ റിഷി അങ്ങനെയായിരുന്നില്ല. വാര്‍ത്താവേഗങ്ങള്‍ക്ക് ആക്കം കൂട്ടുകയാണുവേണ്ടതെന്നും തിരക്കുപിടിച്ചുനല്‍കുന്ന വാര്‍ത്ത തെറ്റെന്നു പിന്നീട് ബോധ്യപ്പെട്ടാല്‍ അതപ്പോള്‍ തിരുത്തിയാല്‍ മതിയെന്നുമുള്ള പുതിയ വാര്‍ത്താബോധം അയാള്‍ക്ക് എത്രയായിട്ടും ബോധ്യപ്പെട്ടില്ല.
അതെക്കുറിച്ചയാള്‍ ഒരിക്കല്‍ സംശയമുന്നയിച്ചപ്പോള്‍ ന്യൂസ് എഡിറ്റര്‍ രവിശങ്കര്‍ നെടുനീളത്തില്‍ പൊട്ടിച്ചിരിച്ചു. അതിലെ പരിഹാസം റിഷി വകവച്ചില്ല. പൊട്ടിച്ചിരിക്കുശേഷം എന്തു മറുപടി പറയുമെന്നുമാത്രമാണ് അയാള്‍ക്കറിയേണ്ടിയിരുന്നത്. എന്നാല്‍ തുടര്‍ന്നൊന്നും പറയാതെ ട്രയിനിപ്പെണ്‍കുട്ടി മുന്നിലേക്കു നീട്ടിയ ഏജന്‍സി ടേക്കിന്റെ തര്‍ജ്ജമ നാലു മൂലയില്‍ നിന്നും വലിച്ചു വെട്ടി നിര്‍ദ്ദയം കൊടുക്കുന്ന തിരക്കിലായിരുന്നു രവിശങ്കര്‍ .
റിഷി അപ്പോഴും അവിടെത്തന്നെ തുടര്‍ന്നു.
'നീ പോയില്ലേ ? '
റിഷി തന്റെ സംശയം മാറിയില്ലെന്ന മട്ടില്‍ ന്യൂസ് എഡിറ്ററുടെ മുഖത്തുനോക്കി.
'ടൈം ... ദാറ്റ് ഈസ് ഇംപോര്‍ട്ടന്റ്. '
മുന്നില്‍ പൊട്ടിച്ചുവച്ചിരുന്ന പൊട്ടറ്റോ ചിപ്സ് തള്ളവിരലിനും ചൂണ്ടുവിരലിനുമിടയില്‍ വച്ച് ഞൊടിച്ച് വായിലേക്കിട്ട് അയാള്‍ തുടര്‍ന്നു.
'സീ... ഈ സാധനം തന്നെ. പ്രോസസ്ഡ് ജങ്ക് ഫുഡ്. അമേരിക്കന്‍ കമ്പനീടെ ഇന്ത്യന്‍ വേര്‍ഷന്‍. ഇതിങ്ങനെ കഴിച്ചാല്‍ ... പതിവായി കഴിച്ചുകൊണ്ടിരുന്നാല്‍... റ്റൂമച്ച് സാള്‍ട്ട് , ഹൈ ഇന്‍ കലോറീസ്... കിഡ്നി അടിച്ചുപോവും. അത് മറ്റുള്ളവരെക്കാള്‍ നന്നായി അറിയുന്നത് ഇതുണ്ടാക്കുന്നവന്‍മാര്‍ക്കുതന്നെയാ. പക്ഷേ അവന്‍മാരെന്തു ചെയ്യും... പരമാവധി പേരെ ഇതു തിന്നാന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കും. വൈ... അവനു വേണ്ടത് ബിസിനസ്സാണ്. അത്രതന്നെ '
റിഷി മറുപടി പറഞ്ഞില്ല. രവിശങ്കര്‍ വീണ്ടും പൊട്ടറ്റോ ചീളുകള്‍ വായിലേക്കറിഞ്ഞു.
'ഇതും ബിസിനസുതന്നെയാണ്... ബിസിനസ് . നീ ആ വാര്‍ത്ത കൊടുത്തില്ലെങ്കില്‍ മറ്റവന്‍ അടിക്കും. അങ്ങനെ എല്ലാം മറ്റവന്‍ അടിച്ചാല്‍ നിന്റെ ചാനല്‍ മൂക്കും കുത്തിവീഴും. ടീ ആര്‍ പി ... '
കൈവിരലുകള്‍കൊണ്ട് അശ്ലീലമായ അംഗവിക്ഷേം നടത്തി അയാള്‍ തുടര്‍ന്നു
' അത്ര തന്നെ... എയര്‍ ചെയ്ത വാര്‍ത്ത തെറ്റിയാല്‍ അടുത്ത ബുള്ളറ്റിനില്‍ തിരുത്തണം. അതവിടെത്തീര്‍ന്നോളും . പിന്നെയും പാപക്കറ അവശേഷിക്കുകയാണെങ്കില്‍... ഞാനെന്താ പറയുക. ഡറ്റോള്‍ കലക്കിയ വെള്ളത്തില്‍ നന്നായൊന്നു സ്നാനം ചെയ്യുക ; അത്ര തന്നെ '
ഡറ്റോള്‍ സ്നാനത്തിന്റെ ബാധ്യത അടിക്കടി പെരുകിത്തുടങ്ങിയതോടെയാണ് റിഷിയെ മടുപ്പു പിടികൂടിയത്. വാര്‍ത്ത ബാലന്‍സ്ഡ് ആയിരിക്കണമെന്നും പ്രസിദ്ധികരിക്കും മുമ്പ് അതിന്റെ ഇംപാക്ടെന്തായിരിക്കുമെന്ന ധാരണയുണ്ടാകണമെന്നുമെല്ലാം പാഠഭാഗങ്ങളിലുണ്ട്. എന്നിട്ടും അത്തരം തിയറികളുടെ ഭ്രൂണഹത്യ മീഡിയ അക്കാദമികളില്‍ നിന്നുതന്നെ തുടങ്ങുന്നതാണ് പതിവ്. റൂട്ടിന്‍ ബീറ്റ്. ആഴ്ചയില്‍ ഒന്നുരണ്ട് എക്സ്‌ക്ലൂസീവ്... അതിനോടുപോലും നീതിപുലര്‍ത്താനാവാതെയാണിപ്പോള്‍ തൊഴില്‍ജീവിതം പരിണമിക്കുന്നതെന്ന് അയാള്‍ക്കു പലപ്പോഴും തോന്നാറുണ്ട്.
എന്തുകൊണ്ടാണ് തനിക്കുമാത്രം ഇത്തരം തോന്നലുകളും കുറ്റബോധവുമൊക്കെയുണ്ടാകുന്നത് ?
'ഉള്ളി തൊലിക്കുന്നതു പോലെയാ കുട്ടീ നീ. നിന്റെ മനസ്സിനു കട്ടിയില്ല. ഈ ലോകത്ത് ജീവിക്കാന്‍ ഇതൊന്നും പോര'
അമ്മ പലപ്പോഴും പറയാറുള്ളത് റിഷിയുടെ ഓര്‍മ്മയിലെത്തി. ശരിക്കും തന്റെ മനസ്സിനു കട്ടിയില്ലാത്തതുകൊണ്ടാണോ ഇതൊക്കെ? അതോ കാര്യമായി ഇനിയെന്തെങ്കിലും ഈ തൊഴിലില്‍ ചെയ്യാനില്ലെന്ന ബോധ്യമാണോ? മൈക്കും ക്യാമറയും അടക്കം ആവനാഴിയിലുള്ള വാര്‍ത്താവേധികള്‍ വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്തി സംഹാരശക്തി പ്രകടിപ്പിക്കുന്നില്ലെന്നാണോ?
അടുത്തിടെയാണ് റിഷി നൈറ്റ് ഷിഫ്റ്റിലേക്ക് മാറിയത്. അതുവരെ ഏറ്റവും ജൂനിയറായ ടിജോയായിരുന്നു ആ ഷിഫ്റ്റിലുണ്ടായിരുന്നത്. ഹെയര്‍സ്റ്റൈല്‍ മുതല്‍ ഷൂമോഡല്‍ വരെ ന്യൂജന്‍ ലൈനാണവന്‍. അക്കാഡമിയിലെ റിപ്പോര്‍ട്ടിംഗ് അധ്യാപകന്‍ സണ്ണിസാറിന്റെ ശൈലിയില്‍ പറഞ്ഞാന്‍ ഒരു പോസ്റ്റ് മോഡേണ്‍ ജേര്‍ണലിസ്റ്റ് .
രാത്രിയില്‍ ക്യാമറാമാന്‍ ബ്യൂറോയിലുണ്ടാവുമെങ്കിലും ടിജോ വെട്ടുകിളിയെപ്പോലെ എങ്ങോട്ടൊക്കെയോ മിന്നിക്കൊണ്ടിരിക്കും. വാട്സ് ആപ്പ് ചാറ്റ്, വീഡിയോ കോള്‍, സൂം മീറ്റിംഗുകള്‍ എന്നുതുടങ്ങി ടൗണില്‍ത്തന്നെയുള്ള കൂട്ടുകാരുടെ ഹോസ്റ്റലിലേക്കുള്ള മിന്നല്‍ സന്ദര്‍ശനം വരെ പ്രതീക്ഷിക്കാം. പ്രവചനാതീതമാണ് അവന്റെ നീക്കങ്ങള്‍. അതേസമയം അവനാര്‍ക്കും ശല്യക്കാരനുമായിരുന്നില്ല. ചിലപ്പോള്‍ കൂട്ടുകാര്‍ക്കൊപ്പം ഹോസ്ററലില്‍ തങ്ങുന്ന പതിവും അവനുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ബ്യൂറോയില്‍ എന്തെങ്കിലും അത്യാവശ്യം വന്നാല്‍ ഒട്ടും വൈകാതെ കുതിച്ചു പാഞ്ഞെത്തകയും ചെയ്യും. രാത്രികളില്‍ വലുതായൊന്നും സംഭവിക്കാനില്ലെന്ന ധൈര്യമായിരുന്നു ടിജോയെ നയിച്ചിരുന്നത്. ക്യാമറാമാന്‍ പ്രശ്നക്കാരനല്ലാത്തതുകൊണ്ട് കാര്യങ്ങളെല്ലാം അവര്‍ രണ്ടുപേര്‍ക്കുമിടയിലൊതുങ്ങി.
അത്തരത്തില്‍ ടിജോ ബ്യൂറോയിലില്ലാത്ത ഒരു രാത്രിയിലാണ് അപ്രതീക്ഷിതമായി അതു സംഭവിച്ചത്. ടി ആര്‍ പിയില്‍ നെരങ്ങിപ്പിടിച്ചു മുകളിലേക്കുകയറിക്കൊണ്ടിരുന്ന മറ്റൊരു ചാനലിലൊരു ബ്രേക്കിംഗ് ന്യൂസ് വന്നു. എയര്‍പോര്‍ട്ടിനു തീവ്രവാദഭീഷണി. സമീപമുള്ള വീട്ടില്‍ നിന്ന് ബോംബുകള്‍ കണ്ടെടുത്തു.
സമയം ഒരു മണി ആയിട്ടുണ്ടാവും. ബ്രേക്കിംഗ് ന്യൂസ് സ്‌ക്രോളുകള്‍ക്കു പിന്നാലെ സ്പെഷ്യല്‍ ബുള്ളറ്റിനും അവര്‍ കൊടുത്തുതുടങ്ങി. സംഭവസ്ഥലത്തുനിന്നല്ലെങ്കിലും ഡസ്‌കിലുള്ള റിപ്പോര്‍ട്ടര്‍ ലൈവിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചു. എയര്‍പോര്‍ട്ടിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത, തന്ത്രപരമായ പ്രാധാന്യം, തീവ്രവാദഭീഷണി നിലനില്‍ക്കുന്നതു സംബന്ധിച്ച് സംസ്ഥാനത്തെയും കേന്ദ്രത്തിലെയും ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയിട്ടുള്ള മുന്നറിയിപ്പുകള്‍ തുടങ്ങി ഒന്നൊന്നായി റിപ്പോര്‍ട്ടര്‍ പറഞ്ഞുകൊണ്ടിരുന്നു.
ഡസ്‌കില്‍ നിന്ന് ഇടതടവില്ലാതെ ഫോണ്‍വിളിയെത്തി. ടിജോയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് എന്തു മറുപടി പറയുമെന്നറിയാതെ ക്യാമറാമാന്‍ പ്രതിസന്ധിയിലായി. ഒടുവില്‍ പത്തുകിലോമീറ്റര്‍ അകലെ നഗരത്തിനു വെളിയില്‍ നിന്ന് കാതടപ്പിക്കുന്ന ശബ്ദത്തോടെ ബൈക്ക് പറപ്പിച്ച് ടിജോവന്നു.
ക്യാമറാമാനില്‍ നിന്ന് വിവരങ്ങളറിഞ്ഞ ടിജോ പോലീസ് സ്റ്റേഷനിലേക്കു തിരിക്കുമ്പോള്‍ത്തന്നെ അവിടെവിളിച്ച് വാര്‍ത്തയുടെ വിശദാംശങ്ങള്‍ ശേഖരിച്ചിരുന്നു. അവനതിന് അവന്റേതായ ഒരു ഭാഷ്യം ചമച്ചു. പോലീസ് കണ്ടെടുത്ത സ്ഫോടകവസ്തുവിനെ ബോംബെന്നോ പന്നിപ്പടക്കമെന്നോ എങ്ങനെവേണമെങ്കിലും മനോധര്‍മ്മമനുസരിച്ച് നിരൂപിക്കാം. ആരോ ഗൂഢലക്ഷ്യത്തോടെ കൊണ്ടുവച്ചതാണെന്ന് പറയാനാണുദ്ദേശിക്കുന്നതെങ്കില്‍ അതിനെ ബോംബെന്നു വിളിക്കാം. അതല്ല ആ പ്രദേശത്തെ ഗുണ്ടാസംഘങ്ങള്‍ പരസ്പരം ഭയപ്പെടുത്താനും ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും സൂക്ഷിച്ചിരുന്ന ഇനമാണെന്നാണെങ്കില്‍ അതിനെ പന്നിപ്പടക്കമെന്നു വിളിക്കാം.
സ്റ്റേഷനിലെത്തി സബ് ഇന്‍സ്പെക്ടര്‍ക്കുനേരെ മൈക്കു ചൂണ്ടി ടിജോ വാര്‍ത്തയുടെ ആംഗിള്‍ നിശ്ചയിച്ചു.
'സാധാരണ ഈപ്രദേശത്ത് ക്വട്ടേഷന്‍ സംഘങ്ങള്‍ക്കിടയില്‍ ഇത്തരം അറ്റാക്കുകള്‍ സ്ഥിരമാണോ? '
പതിവുമദ്യപാനം നീരു വീഴ്ത്തിയ കണ്‍തടം കുലുക്കി എസ് ഐ അതു ശരിവച്ചു.
' അതെ. പന്നിപ്പടക്കവും നാടന്‍ ബോംബുമൊക്കെ പൊട്ടിച്ചൊരു സീനുണ്ടാക്കും. പിന്നാ പണി... അതാ പതിവ് '
അപ്പോള്‍ത്തന്നെ ടിജോ സ്പെഷ്യല്‍ ബുള്ളറ്റിനുവേണ്ടി ലൈവില്‍ അപ്പിയര്‍ ചെയ്തു.
' ശ്യാമാ... എയര്‍പോര്‍ട്ടിനുസമീപമുള്ള വീട്ടില്‍ നിന്നും പതിനഞ്ചോളം പന്നിപ്പടക്കങ്ങളാണ് പോലീസ് കണ്ടെടുത്തത്. നമുക്കറിയാവുന്നതുപോലെ ഗുണ്ടാ സംഘങ്ങള്‍ തഴച്ചുവളരുന്ന പ്രദേശമാണിത്. ഇന്നലത്തെ സംഘാംഗം ഇന്ന് വേറൊരു കൂട്ടരോടൊപ്പമായിരിക്കും ഉണ്ടാവുക. ഇന്നത്തെ ടീമംഗം നാളെ എതിര്‍ടീമിനൊപ്പം ചേര്‍ന്നെന്നിരിക്കും. അതുകൊണ്ടുതന്നെ ഇവിടെ ഗുണ്ടാ സംഘങ്ങള്‍ക്കിടയില്‍ കുടിപ്പകയും ശീതസമരവും പതിവാണ്. അതിന്റെ ഭാഗമായി ക്വട്ടേഷന്‍ സംഘങ്ങള്‍ പരസ്പരം ഭയപ്പെടുത്താന്‍ കരുതി വച്ചിട്ടുള്ളതാണ് ഈ പടക്കങ്ങളെന്ന് പോലീസ് പറയുന്നു '
ടിജോയുടെ ലൈവും പിന്നാലെ എസ് ഐയുടെ റക്കോര്‍ഡ് ചെയ്ത ബൈറ്റും. അതോടെ എതിര്‍ ചാനലിലെ വാര്‍ത്ത സ്വിച്ചിട്ടതുപോലെ നിലച്ചു. ഹൈ ഫ്രീക്വന്‍സിയില്‍ കൊടുത്തിരുന്ന സ്‌ക്രോള്‍ പിന്‍വലിച്ചു. ബ്രേക്കിംഗ് ന്യൂസ് കാണാനില്ല. അങ്ങനെയൊരു വാര്‍ത്തയിപ്പോള്‍ ആ ചാനല്‍ അറിഞ്ഞ ലക്ഷണം തന്നെയില്ലെന്ന സ്ഥിതിയായി.
അടുത്ത ദിവസം ബ്യൂറോ മീറ്റിംഗില്‍ എത്ര ആലോചിച്ചിട്ടും റിഷിയടക്കം ആര്‍ക്കും ആ വാര്‍ത്തയുടെ പൊരുളിലേക്കു കടക്കാന്‍ കഴിഞ്ഞില്ല. സത്യത്തില്‍ എന്തായിരുന്ന സംഭവിച്ചത്?
അവിടെ കണ്ടെത്തിയത് അപകടകരമായ സ്ഫോടകവസ്തുക്കള്‍ ആയിരുന്നോ അതോ പന്നിപ്പടക്കം മാത്രമായിരുന്നോ? ഉത്തരമില്ലാത്ത സംശയമായി അതവശേഷിച്ചു.
ടിജോ എതിര്‍ചാനലിന്റെ ബ്രേക്കിംഗ് ന്യൂസിനെ തന്ത്രപരമായി ശൈശവത്തില്‍ത്തന്നെ കൊന്നു കുഴിച്ചുമൂടിയെന്നതു ശരി. എങ്കിലും അവന്റെ പുറംപൂച്ചു പൊളിഞ്ഞു. രാത്രിയില്‍ ഡ്യൂട്ടിസമയത്ത് ബ്യൂറോയില്‍ അവന്‍ ഉണ്ടാവാറില്ലെന്ന ബോധ്യം എല്ലാവരിലുമെത്തി. അതിന്റെ പ്രതിക്രിയയായി ചില മാറ്റങ്ങള്‍ നിശ്ചയിച്ചപ്പോഴാണ് റിഷി സ്വമേധയാ തന്റെ താല്‍പ്പര്യം അറിയിച്ചത്. ഒന്നിടവിട്ടുള്ള ആഴ്ചകളില്‍ അയാള്‍ നൈറ്റ് ഷിഫ്റ്റ് ചെയ്യാന്‍ തയ്യാറായിരുന്നു. എന്നാല്‍ ബ്യൂറോചീഫ് ആദ്യം അതിനെ അനുകൂലിച്ചില്ല. റിഷിയോട് കുറേക്കാലമായി വച്ചുപുലര്‍ത്തുന്ന നീരസം ഇത്തവണയും അയാള്‍ പുറത്തുകാട്ടി. രാത്രികാലത്താരും സെക്രട്ടറിയേറ്റ് അടിച്ചോണ്ടൊന്നും പോകില്ലെന്നയാള്‍ പിറുപിറുത്തു. സീനിയറായ ഒരാളങ്ങനെ രാത്രിയില്‍ വെറുതെ ഇരിക്കണ്ടെന്ന നിലപാടിനേക്കാള്‍ റിഷിയോടുള്ള ചൊരുക്കു കൂടിയായിരുന്നു അത്. അതേസമയം രാത്രിയിലും സെക്രട്ടറിയേറ്റ് അടിച്ചോണ്ടുപോകില്ലെന്നുറപ്പു പറയാനാവാത്ത കാലമാണിതെന്നു പറഞ്ഞ് റിഷി രാത്രികാല റിപ്പോര്‍ട്ടിംഗിന്റെ സാധ്യതകള്‍ വിവരിച്ചു. അങ്ങനെയാണ് ഒന്നിടവിട്ടള്ള ആഴ്ചകളിലെ നൈറ്റ് ഷിഫ്റ്റ് റിഷിയും ടിജോയും പങ്കുവച്ചത്.
പതിവു ഫോണ്‍വിളികള്‍ ഒരു റൗണ്ട് പൂര്‍ത്തിയായതോടെ റിഷി ലാന്‍ഡ്ഫോണ്‍ വയറിന്റെ കുരുക്കുകളഴിച്ച് കൂട്ടക്ഷരങ്ങളെ സ്വതന്ത്രമാക്കി. പിന്നെ അന്നത്തെ പത്രങ്ങള്‍ കോര്‍ത്ത ഫയലില്‍ നിന്ന് വായിക്കാന്‍ ബാക്കിവച്ചിരുന്ന വാര്‍ത്തകള്‍ തിരഞ്ഞുപിടിച്ചു.
പെട്ടെന്നാണ് അപൂര്‍വ്വമായി സംഭവിക്കാറുള്ള ഊര്‍ദ്ധ്വനിശ്വാസം ലാന്‍ഡ് ഫോണില്‍ നിന്നുയര്‍ന്നത്. അയാള്‍ വേഗമത് അറ്റന്റു ചെയ്തു.
'ഹലോ. ചാനല്‍ ത്രീയല്ലേ ? '
'അതേ '
'ബ്യൂറോയല്ലേ... റിഷിയെ ഒന്നു കിട്ടുമോ ? '
'യെസ്... റിഷിയാണ് '
കിതപ്പടക്കാനുള്ള ഇടവേളയ്ക്കു ശേഷം ആ ശബ്ദം വീണ്ടുമുയര്‍ന്നു.
'ഒരെക്സ്‌ക്ലൂസീവ് വാര്‍ത്ത തരാനാണ് വിളിച്ചത്. ഞാന്‍ പറയാന്‍ പോകുന്നത് നിങ്ങള്‍ സീരിയസായെടുക്കണം. '
'ഷുവര്‍. നിങ്ങള്‍ ആരാണ്? എവിടെനിന്നാണ് വിളിക്കുന്നത്?'
'അതെന്തിനു നിങ്ങളറിയണം. ഞാനാരെന്നതിലല്ല ... ഞാന്‍ പറയുന്നതിലാണു കാര്യം ബ്രദര്‍...'
പിന്നെയും ചെറിയ കിതപ്പോടെ ശബ്ദം നിലച്ചു.
റിഷി തെല്ലു സംശയത്തോടെ റിസീവറിലേക്ക് കാതുകൂര്‍ത്തു.
(തുടരും)
Content Highlights: Malayalam Novel based on true story part one