ഹെഡ് & ടെയില്‍
കൂടത്തിനുള്ള അടി തലയ്‌ക്കേറ്റതുപോലെയായി രഘുനാഥന്. നടന്‍മാരില്‍നിന്ന് അത്തരം പ്രവൃത്തികള്‍ അപ്രതീക്ഷിതമൊന്നുമല്ല. എന്നാല്‍ തന്റെ കാര്യത്തിലങ്ങനെയുണ്ടാകാനുള്ള വിദൂരസാധ്യത പോലും അയാള്‍ മുന്നില്‍ കണ്ടിരുന്നില്ല. ഏറിവന്നാല്‍ ഡേറ്റുവാങ്ങിത്തരാന്‍ മാനേജര്‍ കൂടുതല്‍ പണം വാങ്ങിയേക്കും. അത്ര മാത്രമേ ചിന്തിച്ചിരുന്നുള്ളൂ.
അയാളുടെ ബാച്ചില്‍പ്പെട്ട മറ്റൊരു സംവിധായകനും ഈയിടെ ഇങ്ങനെയൊരനുഭവമുണ്ടായി. ഒരു വര്‍ഷം ഒന്നിച്ചിരുന്നു തിരക്കഥയെഴുതി സംവിധായകനും എഴുത്തുകാരനും കൂടി മുതിര്‍ന്ന താരത്തെ കണ്ടതിനുശേഷമാണ് അവിടെയും അട്ടിമറി നടന്നത്. താരം എഴുത്തുകാരനുമായി രഹസ്യധാരണയുണ്ടാക്കി. അതിനു താരത്തിനൊരു ന്യായമുണ്ടായിരുന്നു. കഥ കൊള്ളാം. പക്ഷേ അടുത്തെങ്ങും ഡേറ്റില്ല. പടം നടക്കാന്‍ നടനൊരു ഫോര്‍മുല മുന്നോട്ടുവച്ചു. നിലവില്‍ ഡേറ്റ് കൊടുത്തിട്ടുള്ള മറ്റൊരു സംവിധായകനുണ്ട്. ഈ കഥ അയാള്‍ ചെയ്താല്‍ സിനിമ നടക്കും. എഴുത്തുകാരന്‍ പ്രായോഗികത മാത്രം നോക്കി. അത്രയും കാലം തിരക്കഥയെ നെഞ്ചോടുചേര്‍ത്തു വളര്‍ത്തിവലുതാക്കാനൊപ്പമുണ്ടായിരുന്ന സംവിധായകന്റെ അടുത്തെത്തി കാലുപിടിച്ചു. താരത്തിന്റെ ഒരു പടം കിട്ടി രക്ഷപ്പെടാന്‍ തനിക്കു കൈവന്നിരിക്കുന്ന അപൂര്‍വ്വ അവസരമാണെന്നും ആ പടത്തില്‍ നിന്നു പിന്‍മാറി തന്നെ സഹായിക്കണമെന്നും സംവിധായകനോടയാള്‍ അപേക്ഷിച്ചു. സാധാരണ ആരും അതിനു സന്നദ്ധമാവില്ല. പക്ഷേ, ഒരാളെങ്കിലും രക്ഷപ്പെടുന്നെങ്കില്‍ രക്ഷപ്പെടട്ടേയെന്നു കരുതി മനോവിഷമത്തോടെ സംവിധായകന്‍ വഴിമാറിക്കൊടുത്തു. അങ്ങനെ പടം പുറത്തിറങ്ങുകയും അതു വലിയ ഹിറ്റാവുകയും ചെയ്തു. ഇത്തരം കഥകള്‍ കേള്‍ക്കുകയും അതെപ്പറ്റി വിമര്‍ശനബുദ്ധ്യാ സുഹൃത്തുക്കളുമായി സംസാരിക്കുകയും ചെയ്തുവരുന്നതിനിടയിലാണ് രഘുനാഥനും അതേ അനുഭവത്തിനിരയായിരിക്കുന്നത്. അപഹാസ്യനായതിന്റെ ക്ഷീണം അയാളെ തെല്ലിട നിശ്ശബ്ദനാക്കി.
'രഘുവേട്ടാ... നമുക്കവനെ വിട്ടേക്കാം. വേറെ ആരെയെങ്കിലും ട്രൈ ചെയ്യാം. നിങ്ങളുടെ സിനിമ ആരു ചെയ്യണമെന്നു തീരുമാനിക്കുന്നത് നിങ്ങളാണ്.'
നടനില്‍ നിന്നുണ്ടായ അപക്വമായ പെരുമാറ്റം റിഷിയെയും പ്രകോപിപ്പിച്ചിരുന്നു.
റിഷിയെ ശരിവച്ച് തലകുലുക്കിെയങ്കിലും രഘുനാഥന്‍ അസ്വസ്ഥനായിരുന്നു. മാനേജരുടെ വാക്കുകള്‍ അതേപടി അയാളോട് ആവര്‍ത്തിക്കേണ്ടിയിരുന്നില്ലെന്ന് റിഷിക്കപ്പോള്‍ തോന്നി. കുറച്ച് എഡിറ്റിംഗ് ആവാമായിരുന്നു.
റിഷി മനസ്സിലാക്കിയിടത്തോളം ത്രില്ലര്‍ സബ്ജക്ടുകള്‍ ചെയ്യാന്‍ അതീവമെയ്‌വഴക്കമുള്ള ഡയറക്ടറാണ് രഘുനാഥന്‍. ഷോട്ടിലും എഡിറ്റിലുമെല്ലാം അയാള്‍ക്കയാളുടേതായ ഒരു ദ്രുതതാളമുണ്ട്. പലരും ചേര്‍ന്നയാളെ സിനിമാരംഗത്ത് ഒറ്റപ്പെടുത്തിയതാണ്. കോക്കസുകളില്‍ അയാള്‍ പങ്കാളിയാകാറില്ല. മറ്റുള്ളവരുടെ അവസരം തട്ടിയെടുക്കാന്‍ കൂട്ടുനില്‍ക്കാറുമില്ല. എന്നുതന്നെയല്ല, ജോലിയില്‍ കണിശക്കാരനുമായിരുന്നു. ഒരു പ്രൊജക്ടിനു തുടക്കമിട്ടാല്‍പ്പിന്നെ അതു തീരുംവരെ അയാളില്‍നിന്ന് വിട്ടുവീഴ്ചകളൊന്നും പ്രതീക്ഷിക്കേണ്ട. തൊഴിലിനു ദോഷമാകുന്ന ഒരു ബന്ധങ്ങളും അയാള്‍ക്കില്ല. അതെല്ലാമാണയാളെ പലരുടെയും നോട്ടപ്പുള്ളിയാക്കിയത്. കരിയറില്‍ അത്ര ചെറുതല്ലാത്ത ഇടവേള കൂടി വന്നതോടെ പ്രതിയോഗികളത് ആയുധമാക്കുകയും ചെയ്തു.
' റാണാ '
കാലിയായ കപ്‌ബോര്‍ഡിലേക്കു നോക്കി രഘുനാഥന്‍ ശബ്ദമുയര്‍ത്തി വിളിച്ചു.
'റാണാ ... ക്യാ ആപ് മദദ് കര്‍ സക്തേ ഹൈം ?'
സഹായം ചെയ്യുമോയെന്നുള്ള ചോദ്യം കേട്ടപാതി കേള്‍ക്കാത്ത പാതി റാണ ലിവിംഗ് റൂമിലേക്കെത്തി.
' ബോസ് '
' വോഡ്ക ചാഹിയേ... ബാര്‍ സേ ഘരീദോ '
'റൈറ്റ് ബോസ്... വോഡ്ക കാഫി ഹോഗാ. ബ്ലഡി മേരി പ്രിപ്പയര്‍ കര്‍ സക്താ ഹേ'
ആരും പ്രത്യേകിച്ചു ജോലിയൊന്നും ഏല്‍പ്പിക്കാത്തതിലുള്ള വിഷമമേ റാണയ്ക്കുള്ളൂ. കിച്ചന്‍ ജോലികള്‍ക്കപ്പുറം എന്തെങ്കിലുമൊക്കെ ചെയ്യാനൊരു കൈത്തരിപ്പ് അയാളെപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ട്. ബാറില്‍ പോയി മദ്യം വാങ്ങേണ്ട ജോലി ആവേശത്തോടെയാണ് അയാളേറ്റെടുത്തത്. ഒരു തുള്ളി മദ്യം പോലും അയാള്‍ കഴിക്കാറില്ല. അതേ സമയം വോഡ്കയും തക്കാളിനീരും സുഗന്ധവ്യഞ്ജനങ്ങളുമൊക്കെ കൃത്യമായ കോംബിനേഷനില്‍ മിക്‌സ് ചെയ്ത് അയാളുണ്ടാക്കുന്ന ബ്ലഡി മേരിയോടു കിടപിടിക്കാന്‍ മറ്റൊരു കോക്‌ടെയിലിനും കഴിയില്ല. അക്കാര്യം റാണ തന്നെ അവരോടു പറഞ്ഞിട്ടുമുണ്ട്.
രഘുനാഥന്‍ കണ്ണുംപൂട്ടി നിശ്ശബ്ദനായി സോഫയില്‍ കിടന്നു. അയാള്‍ വിശ്രമിക്കട്ടെയെന്നു കരുതി റിഷി അകത്തെ മുറിയിലേക്കു നീങ്ങി. റാണ ബാറില്‍നിന്നു മടങ്ങിവന്നതോടെ അയാളുടെ കയ്യില്‍നിന്ന് മദ്യക്കുപ്പി തിരക്കിട്ടുവാങ്ങി രഘുനാഥന്‍ ബഡ്‌റൂമിലേക്കുകയറി ഡോര്‍ ചാരി. റാണ അതു പ്രതീക്ഷിച്ചിരുന്നില്ല. ബ്ലഡിമേരി തയ്യാറാക്കി പ്രാഗല്‍ഭ്യം കാട്ടാനുള്ള ആവേശത്തിലായിരുന്ന അയാള്‍ വല്ലാതെ നിരാശനായി.
അന്നുമുഴുവന്‍ രഘുനാഥന്‍ മദ്യപാനത്തിലായിരുന്നു. ഇടയ്ക്ക് അയാളുടെ ഫോണ്‍ പലതവണ റിംഗ് ചെയ്യുന്നത് റിഷിക്കു കേള്‍ക്കാമായിരുന്നു. അത് വീട്ടില്‍ നിന്നുള്ള കോളുകളായിരുന്നു. എഴുത്തിനിടയില്‍ ഒരു ഫോണ്‍കോള്‍ പോലും ഏകാഗ്രതയെ ശിഥിലമാക്കരുതെന്ന നിര്‍ബന്ധക്കാരനാണ് രഘുനാഥന്‍. വീട്ടില്‍ നിന്നുള്ള കോളുകളൊഴിച്ച് മറ്റെല്ലാം ഫോര്‍വേഡുചെയ്തുവയ്ക്കുകയാണ് പതിവ്. എന്നുമാത്രമല്ല, വീട്ടില്‍ നിന്നുള്ള കോളിന് അയാളൊരു പ്രത്യേക റിംഗ്‌ടോണ്‍ തന്നെ നല്‍കിയിരുന്നു.
കോള്‍ അറ്റന്റുചെയ്യപ്പെടുന്നില്ലെന്നു മനസ്സിലാക്കി ഒന്നുരണ്ടു തവണ രഘുനാഥനെ അതോര്‍മ്മപ്പെടുത്താന്‍ റിഷി തുനിഞ്ഞതാണ്. പിന്നെ കരുതി അയാള്‍ പതിവില്ലാത്തവിധം മുറി ചാരിയത് ആരുടെയും സാന്നിധ്യം തല്‍ക്കാലം വേണ്ടെന്നു കരുതിയിട്ടാണല്ലോയെന്ന്.
പിറ്റേന്നുരാവിലെ തന്നെ റിഷി അവിടെനിന്നു മടങ്ങി. നിശ്ചയിച്ച പ്രകാരമുള്ള എഴുത്തു നടന്നിരുന്നു. അടുത്ത ഘട്ടം എഴുത്ത് എന്നുവേണമെന്ന് രണ്ടുദിവസത്തിനകം രഘുനാഥന്‍ തീരുമാനിച്ചറിയിക്കും.
റിഷി വീട്ടില്‍ വന്ന് രണ്ടുമണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും സതീഷും ശിവാനിയും അവിടേക്കെത്തി. എറണാകുളത്തുനിന്നുമുള്ള യാത്രയ്ക്കിടയില്‍ ശിവാനിയുടെ ഫോണ്‍ വന്നപ്പോള്‍ മടക്കവരവിനെക്കുറിച്ച് റിഷി പറഞ്ഞിരുന്നു. ഗോണിക്കൊപ്പലില്‍ പോയിവന്നിട്ട് റിഷി ഇതുവരെ ശിവാനിയുടെ വീട്ടില്‍ പോയിരുന്നില്ല. പ്രൊഡ്യൂസറോടുള്ള കഥ പറച്ചിലും രണ്ടാഴ്ചത്തെ എഴുത്തുമെല്ലാം കഴിഞ്ഞപ്പൊഴേക്കും പിന്നെയും വൈകി. ജീനയെക്കുറിച്ചും ഗോണിക്കൊപ്പലില്‍ റിഷി നടത്തിയ അന്വേഷണത്തെക്കുറിച്ചും അറിയാനുള്ള ആകാംക്ഷയിലായിരുന്നു ശിവാനി. അതുകൊണ്ടാണവള്‍ മുന്‍കൂട്ടി അറിയിക്കാതെ ടൂവിലറിന്റെ പിന്നില്‍ അച്ഛനെയുമിരുത്തി നേരിട്ടെത്തിയത്.
ശിവാനി ഇടയ്ക്കിടെ വരാറുണ്ടെങ്കിലും ഇത്തവണ സതീഷും ഒപ്പമുള്ളത് അമ്മയെ സന്തോഷിപ്പിച്ചു. ഇതിപ്പോള്‍ നാലാം തവണയാണ് സതീഷ് അവിടെ വരുന്നത്. റിഷിയുടെ അച്ഛനുള്ളപ്പോള്‍ രണ്ടുതവണ. പിന്നെ അദ്ദേഹത്തിന്റെ മരണദിനത്തില്‍.
ആദ്യതവണ സതീഷിനെയും കൂട്ടി ശിവാനി വന്നതും ഇതുപോലെ ആകസ്മികമായാണ്. യാതൊരു മുന്നറിയിപ്പം അവള്‍ നല്‍കിയിരുന്നില്ല. റിഷിയുടെ പിതാവിന്റെ ചെറുതെങ്കിലും കനപ്പെട്ട പുസ്തകശേഖരത്തിലാണ് ആദ്യം തന്നെ സതീഷിന്റെ കണ്ണുകളുടക്കിയത്. അച്ഛനും സതീഷും തുടങ്ങിവച്ച സംഭാഷണം അനിശ്ചിതമായി നീണ്ടു. വിവിധ വഴികളിലൂടെ കടന്ന് ഒടുവിലത് പല വാള്യങ്ങളിലായി മുന്നിലിരിക്കുന്ന വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വത്തിലേക്കെത്തി. അതില്‍ത്തന്നെ വിവേകാനന്ദന്റെ കത്തുകളുള്‍പ്പെട്ട അഞ്ചാം വോള്യത്തിലേക്ക് അവരുറച്ചു. ആദ്യദിനത്തില്‍ അവര്‍ പിരിയുമ്പോള്‍ ചുരുങ്ങിയത് മൂന്നു മണിക്കൂറെങ്കിലും കഴിഞ്ഞിട്ടുണ്ടാവും. ആ മൂന്നു മണിക്കൂര്‍ കൊണ്ട് ഇരുവരും അത്രമാത്രം അടുത്തിരുന്നു. അക്ഷരങ്ങള്‍ ആളുകളെ എത്രത്തോളം ബന്ധുക്കളാക്കുന്നുവെന്നതിന്റെ തെളിവായിരുന്നു അച്ഛനും സതീഷ് സാറുമെന്ന് റിഷി പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. അച്ഛന്റെ മരണദിനത്തിലും മണിക്കൂറുകളോളമാണ് സതീഷ് അവിടെയുണ്ടായിരുന്നത്. മുറ്റത്തെ മരത്തണലില്‍ ഒരു കസാലയിട്ട് ഒറ്റയ്ക്കങ്ങനെ അയാളിരുന്നു. വാചാലത ഇഷ്ടപ്പെട്ടിരുന്ന അയാളന്ന് അധികമാരോടും സംസാരിക്കാനൊരുക്കവുമായിരുന്നില്ല. സതീഷിന്റെ വരവ് പഴയ ഓര്‍മ്മകളിലേക്ക് അമ്മയെ കൂട്ടിക്കൊണ്ടുപോയതായി റിഷിക്കു മനസ്സിലായി.
'ഇവളിങ്ങോട്ടു വരുന്നെന്നു പറഞ്ഞു .റിഷിയെ ഒന്നു കണ്ടേക്കാമെന്ന് ഞാനും കരുതി '
കോഫി ടേബിളിലിരുന്ന വാര്‍ഷികപ്പതിപ്പു മറിച്ചുനോക്കിക്കൊണ്ട് സതീഷ് പറഞ്ഞു.
സത്യത്തില്‍ റിഷിയുടെ തിരക്കഥയെഴുത്തിന്റെ പുരോഗതി അറിയാനുള്ള ആകാംക്ഷയായിരുന്നു സതീഷിന്. അവര്‍ എഴുത്തിലേക്കു കടന്നതോടെ ശിവാനി വീടിന്റെ പിന്‍പുറത്തേക്ക് അമ്മയ്‌ക്കൊപ്പം നീങ്ങി. പ്ലോട്ടെന്തെന്നും അതിന്റെ ട്രീറ്റ്‌മെന്റെങ്ങനെയെന്നും സമയമെടുത്ത് റിഷി വിശദീകരിച്ചു. അതില്‍ ലയിച്ചിരിക്കേ സതീഷിന് ഒന്നുരണ്ടു സംശയങ്ങള്‍ തോന്നി. രഘുനാഥന്റെയും റിഷിയുടെയും ജാഗ്രതയില്‍നിന്ന് വഴുതിപ്പോയതായിരുന്നു അവ. വേണമെങ്കില്‍ സൂക്ഷ്മമെന്നു കരുതി അവഗണിക്കാമെങ്കിലും അത്തരം ലോജിക്കിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതുതന്നെയാണെന്ന് റിഷി മനസ്സില്‍ കുറിച്ചു. ഒടുവില്‍ പരിണാമഗുപ്തി പ്രധാനമാണെന്ന പതിവുനിര്‍ദ്ദേശത്തിലേക്ക് സതീഷെത്തി. മൊത്തത്തില്‍ ഇന്റര്‍വെല്‍ വരെയുള്ള കഥയുടെ ഒഴുക്ക് അയാള്‍ക്ക് ഇഷ്ടപ്പെട്ടിരുന്നു. റിഷിക്ക് ആശ്വാസം തോന്നി; തന്റെ കഥയെപ്പറ്റി പുറത്തുനിന്നുള്ള ഒരാളുടെ ആദ്യ അഭിപ്രായമാണത്.
കഥ പറച്ചില്‍ ഒരുവിധത്തില്‍ അവസാനിച്ചെന്നു മനസ്സിലാക്കി ശിവാനി അവിടേക്കെത്തി.
'അല്ല മാഷേ... നിങ്ങളാ ജീനയുടെ പിന്നാലെ പോയിട്ടെന്തായി ? ഇതുവരെ ഡീറ്റയില്‍സ് ഒന്നും പറഞ്ഞില്ലല്ലോ '
വാര്‍ത്താപരാധത്തിന്റെ വിശദാംശങ്ങള്‍ ഇനിയുമവരോട് മറച്ചുവയ്ക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് റിഷിക്കു വ്യക്തമായി. അമ്മ വച്ചുപോയ ഫില്‍ട്ടര്‍കോഫി രുചിക്കുന്നതിനിടയില്‍ ആദിമധ്യാന്തപ്പൊരുത്തത്തോടെ റിഷി സംഭവഗതികള്‍ അവതരിപ്പിച്ചു. വിഷയത്തിന്റെ ഗൗരവം ഒന്നുരണ്ടുതവണ സതീഷിന്റെ കണ്ണുകളില്‍ തുടിച്ചു. ഒടുവില്‍ നിശ്ശബ്ദത നിമിഷങ്ങളായി
' ശ്രദ്ധിച്ചു നീങ്ങേണ്ട വിഷയമാണ് '
ഗോപ്യമായൊരാലോചനയോടെ സതീഷിന്റെ മുഖം അക്ഷരരൂപങ്ങളായി വട്ടം ചുറ്റി.
' എനിക്കു തോന്നിയത് രണ്ടുകാര്യങ്ങളാണ്. ചെയ്തു പോയ ഒരു വാര്‍ത്ത നമ്മെ വേട്ടയാടരുത്. അതു മറക്കണം. ഇപ്പോഴൊരു പുതിയ ഫീല്‍ഡില്‍, സിനിമയില്‍, അവസരം നോക്കുന്ന സമയമാണ്. അതിന്റെ എഴുത്തില്‍ വേണം കോണ്‍സന്‍ട്രേറ്റു ചെയ്യാന്‍ . ഇനിയതല്ല, അന്നത്തെ വാര്‍ത്തയും പുതിയ ഡവലപ്പ്‌മെന്റ്‌സുമൊക്കെ ഫോളോ ചെയ്ത് എന്തെങ്കിലുമൊന്ന് കണ്ടെത്തിയെന്നുതന്നെയിരിക്കട്ടെ ... അപ്പോഴും വേണം റിഷിക്ക് ആരുടെയെങ്കിലും ഹെല്‍പ്പ്. ആളുകളുടെ ഇടയില്‍ വാര്‍ത്തയെത്തിക്കാന്‍ ഇപ്പോഴൊരു ന്യൂസ് മീഡിയ കയ്യിലില്ലല്ലോ. '
സതീഷ് പറയുന്നതിന്റെ ഗൗരവം റിഷിക്ക് ബോധ്യമുണ്ട്. അയാള്‍ നിശ്ശബ്ദം കേട്ടിരുന്നു.
' അല്ലെങ്കില്‍പ്പിന്നെ മറ്റൊന്നും ആലോചിക്കരുത്. സധൈര്യം ആ വാര്‍ത്തയ്ക്കു പിന്നാലെയങ്ങിറങ്ങണം. അതിന്റെ ജാതകം കണ്ടെടുത്ത് വേണ്ടതു ചെയ്യണം. പക്ഷേ അതു കഴിവതും വേഗം വേണം... അതു റിഷിയുടെ സിനിമാ ഡ്രീംസിനെ ബാധിക്കരുത് '
അമ്മയപ്പോള്‍ ശിവാനിയെ അകത്തേക്കു വിളിച്ചു. അവള്‍ ലാപ്‌ടോപ്പ് ബാഗ് കോഫി ടേബിളില്‍ വച്ച് അകത്തേക്കുപോയി.
ശിവാനിയുടെ ബാഗില്‍ കരുതിയിരുന്ന നോവല്‍ സതീഷ് പുറത്തെടുത്തു.
'റിഷി വായിച്ചിട്ടില്ലല്ലോ... ആഫ്രിക്കന്‍ അമേരിക്കക്കാരിയാണ് എഴുത്തുകാരി. സഫയര്‍ '
പുറം ചട്ടയില്‍ ചതുരക്കട്ടയക്ഷരത്തില്‍ നോവലിന്റെ പേര് 'പുഷ്'. ആ പേര് എന്നോ എങ്ങനെയോ മനസ്സില്‍ പതിഞ്ഞിട്ടുള്ളതായി റിഷിക്കു തോന്നി.
'റൈറ്റിംഗ് സ്‌റ്റൈല്‍ ഈസ് വെരി സ്‌ട്രോംഗ് ആന്റ് റിയലിസറ്റിക്... ഏറെ പഠിക്കപ്പെട്ട എഴുത്തുകാരിയാണ്.'
പുസ്തകത്തിന്റെ പുറം ചട്ടയും ബ്ലര്‍ബുമെല്ലാം നോക്കി നോവലിന്റെ ഏകദേശസ്വഭാവം മനസ്സിലാക്കാന്‍ റിഷി ശ്രമിക്കുമ്പോള്‍ സതീഷ് തുടര്‍ന്നു.
'അമേരിക്കന്‍ ഫിലിം-മേക്കര്‍ ലീ ഡാനിയല്‍സ് ഇതു സിനിമയാക്കിയിട്ടുണ്ട്. പേരു മാറ്റി. 'പ്രഷ്യസ് 'എന്നാക്കി. '
എണ്‍പതുകളില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ ജീവിച്ച ക്ലൈറീസ് പ്രഷ്യസ് ജോണ്‍സ് എന്ന പൊണ്ണത്തടിയുള്ള വിരൂപയായ പതിനാറുകാരി കറുത്തവര്‍ഗ്ഗക്കാരിയുടെ കഥയായിരുന്നു അത്. മയക്കുമരുന്നിനടിമയായ പിതാവ്. മൂല്യബോധമില്ലാത്ത മാതാവ്. ഏഴാമത്തെ വയസ്സു മുതല്‍ പിതാവ് പ്രഷ്യസിനെ ലൈംഗികപീഡനത്തിന് ഇരയാക്കുന്നു. പിതാവില്‍ നിന്ന് രണ്ടു തവണ ഗര്‍ഭിണിയായ അവളെ പഠിച്ച സ്‌കൂളില്‍നിന്ന് പുറത്താക്കി. പിന്നീട് മറ്റൊരു ടീച്ചറുടെ സഹായത്തോടെയാണ് അവള്‍ എഴുത്തും വായനയും പഠിച്ചത്. ഭാവനയും ഫാന്റസിയും ചേര്‍ന്ന സ്വപ്‌നങ്ങളില്‍ മുഴുകി പ്രഷ്യസ് ഓരോ ദിവസവും തളളിനീക്കി. പിതാവ് ബലാല്‍സംഗം ചെയ്യുമ്പോള്‍ സീലിംഗിലേക്ക് നോക്കിക്കിടക്കുന്ന അവളുടെ ചിന്ത അവിടെയൊരു മ്യൂസിക് ആല്‍ബത്തിന്റെ ഷൂട്ടിംഗ് നടക്കുകയാണെന്നും താന്‍ അതിലെ കഥാപാത്രമാണെന്നുമായിരുന്നു. അവള്‍ രണ്ടാമത്തെ കുട്ടിയെ പ്രസവിച്ചതോടെ അമ്മയില്‍ നിന്ന് കൂടുതല്‍ തിക്താനുഭവങ്ങളുണ്ടായി. എഴുത്തും വായനയും പഠിപ്പിച്ച ടീച്ചറിന്റെ സഹായത്തോടെ പ്രഷ്യസ് ഒരു പുനരധിവാസകേന്ദ്രത്തിലേക്കു മാറി. ഇതിനിടെ പിതാവ് എയ്ഡ്‌സ് ബാധിച്ചു മരിച്ച വിവരം അമ്മയില്‍ നിന്ന് അവളറിഞ്ഞു. അമ്മയും രോഗബാധിതയായിരുന്നു. എന്നാല്‍ അവളെ തകര്‍ത്തത് പിതാവില്‍ നിന്ന് താനും രോഗബാധിതയാണെന്ന തിരിച്ചറിവാണ്. ടീച്ചറാണ് ആ സന്ദിഗ്ധഘട്ടത്തില്‍ പ്രഷ്യസിന് ധൈര്യമേകിയത്. ഒരു സാമൂഹ്യപ്രവര്‍ത്തകയുടെ ഓഫീസില്‍ വച്ച് അവള്‍ അവസാനമായി അമ്മയെ കണ്ടു. ഇണചേരുന്ന കാര്യത്തില്‍ ഭര്‍ത്താവിന് തന്നേക്കാള്‍ താല്‍പ്പര്യം മകളോടാണെന്ന അസൂയ കൊണ്ടാണ് അവളോട് പലപ്പോഴും ക്രൂരമായി പെരുമാറിയതെന്ന് അമ്മ കുറ്റസമ്മതം നടത്തുന്നു. ഇത് പ്രഷ്യസിന് സഹിക്കാവുന്നതിലുമധികമായിരുന്നു. ഇനിയൊരിക്കലും തന്നെ കാണരുതെന്ന് അമ്മയെ വിലക്കി അവള്‍ പുനരധിവാസകേന്ദ്രത്തില്‍ തന്നെ തുടരുന്നു.
' ബന്ധങ്ങളുടെ പ്രതീക്ഷിക്കാനാകാത്ത തലം... ഇതിനു മറ്റൊരു വശം കൂടിയുണ്ട്...''
സതീഷിന്റെ ശബ്ദത്തിലേക്ക് റിഷി പുസ്തകത്തില്‍ നിന്നും മിഴിയുയര്‍ത്തി.
' എഴുത്തുകാരിയുടെ അനുഭവങ്ങള്‍ കൂടിയാണ് ഈ നോവല്‍. സ്വന്തം പിതാവില്‍ നിന്ന് സഫയറിനും സഹോദരിക്കും ഇത്തരത്തില്‍ അനുഭവങ്ങളുണ്ടായിട്ടുണ്ട്. എന്തിന് സഹോദരനുപോലും ... '
സതീഷും ശിവാനിയും മടങ്ങുമ്പോഴും ആ നോവല്‍ റിഷിയുടെ കയ്യില്‍ത്തന്നെയുണ്ടായിരുന്നു. അയാള്‍ പേജുകളിലൂടെ ഒരോട്ടപ്രദക്ഷിണം നടത്തി. വായനാവേളയിലെപ്പോഴോ ആരോ അണ്ടര്‍ലൈന്‍ ചെയ്ത ചില വരികള്‍ അതിലുണ്ട്. അതിലൊന്നില്‍ അയാളുടെ കണ്ണുടക്കി. പ്രഷ്യസ് എന്ന കറുത്ത പെണ്‍കുട്ടിയുടെ വിലാപമായിരുന്നു അത്.
-ആര്‍ക്കുമെന്നെ വേണ്ടെന്ന് എനിക്കറിയാം... ഞാന്‍ ഗ്രീസ് പോലെയാണ്. ആവശ്യമില്ലാതെയാകുമ്പോള്‍ തുടച്ചു കളയുന്ന ഗ്രീസ്.
തെല്ലു വേദനയോടെയാണ് റിഷി പുസ്തകം മടക്കിയത്. ഇത്തരമൊരു പുസ്തകം സതീഷ് നല്‍കണമെങ്കില്‍ അതത്രത്തോളം വിഷയാനുബന്ധമായിരിക്കണം. ചെയ്തുപോയ വാര്‍ത്തയ്ക്കുപിന്നാലെയുള്ള തന്റെ അന്വേഷണത്തിനും വേറിട്ട എഴുത്തിനുമുള്ള രാസത്വരകം. അതേസമയം ജീന ചതിക്കപ്പെട്ടതാണെങ്കില്‍ പ്രഷ്യസിനെപ്പോലെ അവളെ വിധിക്കു വിട്ടുകൊടുക്കാനാവില്ല. യഥാര്‍ഥ വസ്തുത തിരിച്ചറിയണം; യഥാര്‍ത്ഥ ഇരയെയും.
അന്നത്തേത് ആലോചനാരാത്രിയായിരുന്നു. റിഷി നേരം പുലര്‍ന്നപ്പോള്‍ത്തന്നെ ശിവാനിയെ വിളിച്ചു. വാര്‍ത്തയുടെ ജാതകം തിരുത്താന്‍ തന്നെയാണ് തീരുമാനമെന്നറിയിക്കാനായിരുന്നു അത്.
ശിവാനിയുടെ കൗതുകം വര്‍ദ്ധിച്ചു. അവള്‍ ഒരേസമയം ഗൗരവത്തിലും തമാശയിലും ചോദിച്ചു.
' അല്ല മാഷേ ... എങ്ങോട്ടാ യാത്ര. ഞാനും കൂടെ വന്നാലോ ?'
' എന്തിന് ?'
'അല്ല ... ഒരു സ്ത്രീ സാമീപ്യം വേണമെന്ന് ഇടയ്ക്കു തോന്നിയാലോ. '
'സ്ത്രീസാമീപ്യമോ. അതെന്തിനാണ് ?'
'അതു ഞാനെങ്ങനാ അറിയുന്നത് . അന്നു റിഷിയല്ലേ എന്നെ ജീനയുടെ അടുത്തേക്കു കൊണ്ടുപോയത് . ഒരു സ്ത്രീസാമീപ്യം വേണമെന്നു പറഞ്ഞ് '
ഇരുവരും ചിരിച്ചു. അതുകേട്ടാണ് സതീഷ് അവളുടെ അടുത്തേക്കെത്തിയത്.
' എന്താ മോളേ ...'
' അല്ലച്ഛാ ... റിഷി ഇന്‍വെസ്റ്റിഗേഷനിറങ്ങാന്‍തന്നെ തീരുമാനിച്ചെന്ന്...'
' ഗുഡ്... ഒരാള്‍ ദി ബസ്റ്റ് എന്റെ വക കൊടുത്തേക്കൂ മോളേ '
അവള്‍ ഫോണിലേക്കു തിരിഞ്ഞു.
' അതേ റിഷി ... ഇവിടുന്ന് ഒരു ആള്‍ ദി ബസ്റ്റുണ്ടേ.'
'താങ്ക്യൂ സതീഷ് സാര്‍ '
'എങ്ങോട്ടുപോകാനാ തീരുമാനം. പാലക്കാട്ടേക്കോ അതോ അവരു പഠിച്ച കോളജിലേക്കോ ?'
ശിവാനിയുടെ കൗതുകം വിട്ടൊഴിയുന്നില്ല.
' തീരുമാനിച്ചില്ല '
'അതെന്താ. കണ്‍ഫ്യൂഷനാണെങ്കില്‍ ടോസ്സിട്ടു നോക്കൂ. ഹെഡാണെങ്കില്‍ പാലക്കാട്ടേക്ക്. ടെയിലാണെങ്കില്‍ ബാംഗ്ലൂരിലേക്ക്... പോരേ '
ശിവാനി ഫോണ്‍ വച്ചു കഴിഞ്ഞിട്ടും ആ വാക്കുകള്‍ റിഷിയുടെ കാതില്‍ മുഴങ്ങി. അയാള്‍ പേഴ്‌സില്‍നിന്ന് അഞ്ചുരൂപാനാണയം പുറത്തെടുത്തു. പിന്നെ വെറുതെ ഒരു രസത്തിന് ടോസ്സ് ചെയതു. താഴെ വീണ കോയിനിലേക്ക് ആകാംക്ഷയോടെ കുനിഞ്ഞപ്പോള്‍...
ഹെഡ്.
തീരുമാനമായി. നേരെ പാലക്കാട്ടേക്ക്. കണ്ണാടിപ്പുഴയുടെ തീരത്തെ തിരുനെല്ലായിയിലേക്ക്.
തഞ്ചാവൂര്‍ ബ്രാഹ്മണരുടെ അഗ്രഹാരങ്ങള്‍ കടന്ന് അല്‍പ്പം ഉള്ളിലാണ് സ്വാമിമഠം.
കാലം തെറ്റി വിളറിവളര്‍ന്ന നെല്ലോല അതിരുകുത്തിയ ഇടതുപാര്‍ശ്വത്തെ ചെറുപാടം കടന്ന് പച്ചപ്പിനും ഫലവൃക്ഷങ്ങള്‍ക്കുമിടയിലൂടെ ആ ഗൃഹാന്തരീക്ഷത്തിലേക്ക് റിഷി എത്തുമ്പോള്‍ സമയം വൈകുന്നേരം അഞ്ചുമണി. പഴക്കമുള്ള വെട്ടുകല്ലുകള്‍ തട്ടുതിരിച്ച വഴിയിലൂടെ അയാള്‍ താഴേക്കിറങ്ങി. അല്പം മാറി സമാന്തരമായി ഒഴുകുന്ന കണ്ണാടിപ്പുഴയുടെ മാദകത്വം ഒളിഞ്ഞും തെളിഞ്ഞും സ്വാമിമഠത്തിലെത്തും വരെ കാണാം.
ഒരു വീണാ നാദവും അനുബന്ധമായി കീര്‍ത്തനവീചികളുടെ ആരോഹണാവരോഹണങ്ങളും. തുളസിത്തറ മുതല്‍ പൂമുഖം വരെ ആ ശബ്ദസാന്നിധ്യം അയാളെ നയിച്ചു. റിഷി കാല്‍ നനച്ച് അകത്തെ പടിക്കെട്ടിലേക്കു കയറി. ഒറ്റ നോട്ടത്തില്‍ കണ്ടുപിടിക്കാനാവില്ലെങ്കിലും തെല്ലൊഴിഞ്ഞുള്ള കോളിംഗ് ബല്ലില്‍ അയാള്‍ വിരലമര്‍ത്തി. അതോടെ സംഗീതം നിലയ്ക്കുകയും തടിക്കൊത്തുകള്‍ വരഞ്ഞിട്ട മുഖവാതിലിലെ താമരയിതളുകള്‍ ഇരട്ടപ്പാളികളായി വിരിയുകയും ചെയ്തു.
സുന്ദരിയായ ഒരു യുവതിയായിരുന്നു അത്. പട്ടുസാരിയില്‍ പൊതിഞ്ഞ, നിരവധി പൊട്ടുകള്‍ കുത്തിയ, മൂക്കുത്തിത്തിളക്കം മുഖത്തൊഴുകുന്ന യുവതി. മോഹനവീണപോലെയുള്ള സാന്നിധ്യം.
' ആരാ ? ട്രീറ്റ്‌മെന്റിനാണെങ്കില്‍ ഇപ്പോഴില്ല?'
റിഷിയുടെ മറുപടി പ്രതീക്ഷിക്കാതെ തന്നെ അവര്‍ തുടര്‍ന്നു.
' ജാസ്തിയാണേല്‍ ഹോസ്പിറ്റലില്‍ത്തന്നെ കാണിക്കൂ. അതാ നല്ലത്. '
' ഞാന്‍ കുറച്ചകലെ നിന്നാണു വരുന്നത് . കിരണ്‍രാജിന്റെ വീടല്ലേ.'
ആ നിമിഷം; യുവതിയുടെ മുഖത്തെ തിടുക്കഭാവം അപ്രത്യക്ഷമായി. അവള്‍ സംശയത്തോടെ റിഷിയെ നോക്കി.
' എന്താണ് കാര്യം ? '
' കിരണ്‍രാജുണ്ടെങ്കില്‍ ഒന്നു കാണാനായിരുന്നു. '
അവളുടെ സംശയം വര്‍ദ്ധിച്ചതായി തോന്നി. ഈ സമയം കാര്യക്കാരനും അവിടേക്കെത്തി.
' ഇരിക്കൂ...'
അതു പറഞ്ഞശേഷം അവള്‍ അകത്തേക്കു പോയി.
കാര്യക്കാരന്‍ അടുത്തെത്തി ചിലതൊക്കെ ചോദിച്ചറിയാനൊരു ശ്രമം നടത്തി.
' സ്വാമിവൈദ്യര്‍ യോഗ കഴിഞ്ഞിട്ടുണ്ടാവും. എന്നാലും കുറച്ചു വൈകും കേട്ടോ '
ചുമരില്‍ പതിപ്പിച്ചിരിക്കുന്ന പഴയ ഫോട്ടോകളിലേക്ക് റിഷിയുടെ കണ്ണെത്തി. അതില്‍ ചിലതില്‍ യോഗ ചെയ്യുന്ന അവസ്ഥയില്‍ കാണപ്പെട്ട ആളായിരിക്കും സ്വാമിവൈദ്യര്‍.
സിദ്ധവൈദ്യത്തിന്റെയും പാരമ്പര്യവൈദ്യത്തിന്റെയും യോഗസ്പര്‍ശം അവിടമാകെ ചൂഴ്ന്നുനില്‍ക്കുന്നുവെന്ന് റിഷിക്കു തോന്നി. അത്തരം സൂചനകളാണ് കാര്യക്കാരനില്‍ നിന്നു കേട്ടുകൊണ്ടിരുന്നതും.
' മിക്കപ്പോഴും ധ്യാനത്തിലാ. അതും കഴിഞ്ഞുവന്ന് കൈയൊന്നു തൊട്ടാ മതി... ഏതസുഖോം മാറും. അതാ സ്വാമിവൈദ്യര്‍'
മാറാരോഗങ്ങള്‍ക്കു പലതിനും വൈദ്യരെത്തേടി മുമ്പ് ആളുകള്‍ വന്നിരുന്നതിനെപ്പറ്റി പറയുമ്പോള്‍ കാര്യക്കാരനു നാവ് നൂറായിരുന്നു. സ്വാമിവൈദ്യരിപ്പോള്‍ രോഗികളെ കാണുന്നത് പൊതുവെ കുറച്ചിരിക്കുന്നു. ഒഴിവാക്കാനാകാത്ത കേസുകള്‍ മാത്രമേ ഏറ്റെടുക്കാറുള്ളൂ.
ഈ സമയം ഒരു കൊളുത്തിയ നിലവിളക്കുമായി മുന്‍പുകണ്ട യുവതി അവിടേക്കുവന്നു. പൂമുഖത്ത് വിളക്കു വച്ചശേഷം അവള്‍ അകന്നുമാറിനിന്നു. പിന്നാലെ സ്വാമിവൈദ്യര്‍ അവിടേക്കെത്തി. നീളമുള്ള വെള്ള കോട്ടണ്‍ ജുബ്ബയാണ് വേഷം . സങ്കല്‍പ്പത്തിലുള്ള സ്വാമിയുടെ രൂപവും ഭാവവുമല്ല. അയാളെ കണ്ട് റിഷി എഴുനേറ്റു. ഇരിക്കാന്‍ കൈ കാണിച്ച് തടി കൊണ്ടുനിര്‍മ്മിച്ച വീതിയേറിയ പീഠത്തില്‍ അദ്ദേഹം ചമ്രം പിണഞ്ഞിരുന്നു. അയാളുടെ കാലുകള്‍ പദ്മാസനത്തിലാണെന്ന് റിഷിക്കുതോന്നി. ശാന്തമെങ്കിലും മുഴങ്ങുന്ന ശബ്ദമായിരുന്നു സ്വാമിവൈദ്യരുടേത്.
'കിരണ്‍ രാജിനെ ഇവിടെ വന്നാല്‍ കാണാമെന്ന് നിങ്ങളോടാരാണു പറഞ്ഞത് ?'
'ഇവിടെ ഉണ്ടാവുമെന്ന് ആരും പറഞ്ഞില്ല. പക്ഷേ, അഡ്രസ് തന്നത് അയാളുടെ ഭാര്യയാണ് ... ജീന '
ഒരു നിമിഷത്തെ മൗനത്തിനു ശേഷം പിന്നിലേക്കെന്നവണ്ണം സ്വാമിവൈദ്യരുടെ ശബ്ദം മുഴങ്ങി.
' ദുര്‍ഗ്ഗാ ...'
യുവതി അടുത്ത നിമിഷം അകത്തേക്കു പോയി. അവള്‍ പോയിക്കഴിഞ്ഞുവെന്നുറപ്പുവരുത്തിയശേഷം സ്വാമിവൈദ്യര്‍ സംസാരിച്ചു തുടങ്ങി.
' എന്റെ മകനാണെന്നു കരുതിയായിരിക്കും; അല്ലേ... ആയിരുന്നു. പക്ഷേ, ആ സ്ഥാനം ഞാനെന്നേ റദ്ദാക്കി. '
റിഷി സംശയത്തോടെ ജ്ഞാനവൃദ്ധന്റെ കണ്ണുകളിലെ നിസംഗതയിലേക്കുറ്റുനോക്കി.
'ഇവിടെയവന്‍ അധികം വരാറില്ല. എപ്പോള്‍ വരും എപ്പോള്‍ പോകും... അതു ഞാന്‍ ശ്രദ്ധിക്കാറുമില്ല '
' അയാളെക്കുറിച്ച് ചില കാര്യങ്ങളറിയാന്‍ വേണ്ടിയാണ്...'
' അയാളെക്കുറിച്ച് ഒന്നുമറിയാത്തവനാണ് ഞാന്‍. '
' അയാളുടെ ഭാര്യ ഇപ്പോഴൊരു പ്രശ്‌നത്തിലാണ് ... അയാളെ എവിടെയാണ് അന്വേഷിക്കേണ്ടതെന്ന് ഒരൈഡിയയുമില്ല. '
' നിങ്ങള്‍ മറ്റെവിടെങ്കിലും അന്വേഷിക്കൂ ... '
അടുത്ത നിമിഷം സ്വാമിവൈദ്യര്‍ അകത്തേക്കു നീട്ടി വിളിച്ചു.
' ദുര്‍ഗ്ഗാ...'
തിരിഞ്ഞ് റിഷിയോടയാള്‍ പറഞ്ഞു
' പ്രാര്‍ത്ഥനയ്ക്കു സമയമായി ... '
മടങ്ങിപോകാനുള്ള നിര്‍ദ്ദേശമാണ് അതെന്ന് റിഷിക്കു മനസ്സിലായി . എഴുനേല്‍ക്കുന്നതിനിടയില്‍ സ്വാമിവൈദ്യര്‍ അവിടെത്തന്നെ ഒതുങ്ങിനില്‍പ്പുണ്ടായിരുന്ന കാര്യക്കാരനെ വിളിച്ചു.
' അമ്പീ ...'
' സ്വാമി...'
' ഇരുട്ടുവീണിട്ടുണ്ട്. ഇയാളെ ബസ് സ്റ്റോപ്പിലേക്കു കൂട്ടിക്കോ ...'
കറുപ്പു പടര്‍ന്ന നെല്‍പ്പാടത്തിന്റെ അരികിലെ ഇടവഴിയിലൂടെ മെയിന്‍ റോഡിലേക്കു നടക്കുമ്പോള്‍ സമാശ്വസിപ്പിക്കാനെന്നവണ്ണം അമ്പി പറഞ്ഞു.
' നല്ല മനുഷ്യനാ ... മോനെ ആയുര്‍വ്വേദം പഠിപ്പിക്കാനും ഇവിടെ പച്ചമരുന്നുകളുടെ വലിയൊരു തോട്ടം വളര്‍ത്താനുമൊക്കെ ആശിച്ചിരുന്നു. മോനാണേല്‍ എം ബി ബി എസ് മതി . ബാംഗ്ലൂരാ പഠിക്കാന്‍ വിട്ടത്. എന്നിട്ടെന്താ ...എം ബി ബി എസ്സുമില്ല ആളേം കാണാനില്ല. കുഴപ്പമായിപ്പോയെന്നാ കേട്ടത് '
' എന്തു പറ്റി ? കിരണ്‍രാജിനെക്കുറിച്ച് അമ്പിക്കെന്തൊക്കെ അറിയാം? അയാളെയിപ്പോള്‍ എവിടെച്ചെന്നാല്‍ കാണാം ?'
റിഷിയില്‍ നിന്ന് അങ്ങനെ ചില ചോദ്യങ്ങള്‍ വന്നതോടെ നിമിഷനേരം കൊണ്ട് അമ്പി ജാഗരൂകനായി. എന്നുതന്നെയല്ല താനിതൊന്നും ഇങ്ങനെ പറയാന്‍ പാടില്ലെന്ന തോന്നലും അയാളെ പിടികൂടി.
' അതൊന്നും അമ്പിക്കറിയില്ലേ... '
അയാള്‍ തന്ത്രപൂര്‍വ്വം മൗനം പാലിച്ചു.
മെയിന്‍ റോഡിലെത്തി അടുത്തുതന്നെയുള്ള ബസ് സ്റ്റോപ്പിലേക്ക് അമ്പി വിരല്‍ ചൂണ്ടി.
' ബസ്സെപ്പഴുമുണ്ട്.. പാലക്കാട്ടേക്കല്ലേ ? '
അതെയെന്ന് റിഷി തല കുലുക്കി.
( തുടരും )
Content Highlights: Malayalam Novel based on true story part Nine