ഇര

പെട്ടെന്നൊരു നിമിഷം മായച്ചുഴിയിലേക്ക് വീഴുകയായിരുന്നു റിഷി. കാര്യങ്ങള്‍ വിശകലനം ചെയ്യാനോ സംഭവിച്ചതെന്തെന്നു മനസ്സിലാക്കാനോ അപ്പോള്‍ കഴിയുമായിരുന്നില്ല. വാര്‍ഡനോടു യാത്ര പറഞ്ഞിറങ്ങുമ്പോള്‍ പുകമഞ്ഞോര്‍മ്മകള്‍ക്കു നടുവിലായി അയാള്‍.

റിഷി പൊടുന്നനെ മൗനിയായത് ശിവാനി ശ്രദ്ധിച്ചു. തന്നോടു വെളിപ്പെടുത്താത്ത എന്തെങ്കിലും ആ സ്ത്രീ പറഞ്ഞിട്ടുണ്ടാവുമോ ?  എങ്കില്‍ എന്തായിരിക്കും അത് ?  അക്കാര്യം റിഷിയെന്താണ് പറയാത്തത് ? പെരുകുന്ന സംശയവുമായി ശിവാനി അയാളുടെ കാതിലേക്കു ചേര്‍ന്നു.

' ഇല്ല ... ഒരക്ഷരം പോലും സംസാരിച്ചില്ല '
ചുരുക്കം വാക്കുകളില്‍ റിഷി സംശയം ദുരീകരിച്ചു.    

തിളച്ച പ്രതലത്തില്‍ പൊരിഞ്ഞമരുന്ന ഓര്‍മ്മത്തുള്ളികള്‍ ഒട്ടേറെ ചോദ്യങ്ങള്‍ റിഷിക്കുമുന്നില്‍ ഉയര്‍ത്തുന്നുണ്ടായിരുന്നു. പലപ്പോഴായി പലയിടങ്ങളിലായി ചിന്തകള്‍ ചിതറിക്കിടക്കുകയാണ്. ഒരു റുബിക്‌സ് ക്യൂബിലെന്നപോലെ അവ ക്രമപ്പെടുത്താതെ ഉത്തരങ്ങള്‍ അസാധ്യമാണ്.

വീട്ടുപടിക്കല്‍ ശിവാനി ഇറങ്ങി. അവളുടെ സന്ദേഹങ്ങള്‍ പിന്നെയും ബാക്കിനില്‍ക്കുന്നതു മനസ്സിലാക്കി റിഷി മെല്ലെ പറഞ്ഞു.  
' എനിക്കു ചില സംശയങ്ങളുണ്ട്. അതൊന്നു ക്രോസ് ചെക്കുചെയ്യണം. എന്നിട്ടു ഞാനതു നിന്നോടുപറയാം. '

ചാനല്‍ ഓഫീസിലേക്കു പോകാമെന്നാണ് റിഷി കരുതിയിരുന്നതെങ്കിലും പ്രധാനറോഡിലേക്കു കയറിയപ്പോള്‍ ചിന്ത മാറി. അയാളുടെ കാതില്‍ ആ ശബ്ദം വീണ്ടും വീണ്ടും മുഴങ്ങുകയാണ്. ധാര്‍ഷ്ട്യവും നീരസവും ഇച്ഛാഭംഗവും പൊതിഞ്ഞ ശബ്ദം. വാക്കുകള്‍ക്കിടയില്‍ വെള്ളി വീണ മധ്യകേരള സ്ലാംഗ്... വനിതാ സദനത്തില്‍ കണ്ടകാര്യങ്ങള്‍ അതേപടി വാര്‍ത്തയാക്കുന്നതില്‍ അപകടമുണ്ട്. പ്രതീക്ഷിക്കാത്ത തരത്തില്‍ സങ്കീര്‍ണ്ണമാണ് വിഷയം. ഒരുനിമിഷത്തെ ആലോചനയ്ക്കുശേഷം വീട്ടിലേക്കുള്ള കുപ്പിക്കഴുത്തുറോഡിലേക്ക് അയാള്‍ ബൈക്കുതിരിച്ചു.  

നാലുവര്‍ഷം മുമ്പുള്ള മഴയില്‍ കുതിര്‍ന്ന ജൂണ്‍മാസമായിരുന്നു അയാളുടെ മനസ്സിലപ്പോള്‍. തൊട്ടുമുന്‍പുള്ള വര്‍ഷങ്ങളില്‍ സാമ്പത്തികപ്രതിസന്ധി കാരണം ചാനല്‍ ത്രീയില്‍ ശമ്പളവര്‍ദ്ധനയും പ്രമോഷനും മുടങ്ങിയിരുന്നു. എന്നാല്‍ അക്കൊല്ലം സാമ്പത്തികവര്‍ഷം കഴിയുന്ന മുറയ്ക്ക് അനുകൂലമായൊരു മാറ്റം ജീവനക്കാര്‍ പ്രതീക്ഷിച്ചു. ശമ്പളവര്‍ദ്ധനയ്ക്കുള്ള നടപടിക്രമങ്ങളുടെ ഭാഗമായി എഛ് ആര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇന്റേണല്‍ അസസ്‌മെന്റ് തുടങ്ങിയതോടെ അക്കാര്യത്തില്‍ ഉറപ്പേറുകയും ചെയ്തു.  ജോലിയിലുള്ള അറിവ്, താല്‍പ്പര്യം, പുതിയ ആശയങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിലുള്ള ഉത്സാഹം. കാര്യങ്ങള്‍ സ്വയം ഏറ്റെടുക്കാനുള്ള സന്നദ്ധത, ടീം സ്പിരിറ്റ് , പങ്ച്വാലിറ്റി, ക്രൈസിസ് മാനേജ്‌മെന്റ് എന്നുതുടങ്ങി ഓരോ കോളത്തിലും രേഖപ്പെടുത്തപ്പെടുന്ന മാര്‍ക്കിനുവേണ്ടി പലരും ഭഗീരഥപ്രയത്‌നം തുടങ്ങി. ഒരു കാര്യത്തിനും ഇന്നോളം മുന്‍കൈയെടുത്തിട്ടില്ലാത്തവര്‍ പോലും ആത്മാര്‍ത്ഥതയുടെ അരപ്പട്ട കെട്ടിത്തുടങ്ങി. തങ്ങളുടെ സാന്നിധ്യം സ്ഥാപനത്തിന് അനിവാര്യമാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു ഒരോരുത്തരുടെയും ലക്ഷ്യം.

റിഷി അപ്പോഴും പതിവുനിലപാടുകളില്‍ ഉറച്ചുനിന്നു. അസസ്‌മെന്റ് മുന്നില്‍ക്കണ്ട് കണ്ണില്‍ പൊടിയിടാനുള്ള വിദ്യകള്‍ക്കൊന്നും അയാള്‍ തയ്യാറായിരുന്നില്ല. ആരൊന്നു കണ്ണുനിറഞ്ഞുകാണിച്ചാലും അതിന്റെ പേരില്‍ വാര്‍ത്തയുപേക്ഷിച്ചു സ്ഥലം കാലിയാക്കുന്നയാളാണ് റിഷിയെന്ന തരത്തില്‍ ഓഫീസിലൊരു പ്രചരണം നിലവിലുണ്ടായിരുന്നു. ചിലര്‍ ചേര്‍ന്ന് അത് വീണ്ടും സജീവമാക്കാന്‍ ശ്രമം തുടങ്ങി. ഒരു ജര്‍ണലിസ്റ്റിന്റെ പാകം അയാളിതുവരെ ആര്‍ജ്ജിച്ചിട്ടില്ലെന്നു വരുത്തിത്തീര്‍ക്കേണ്ടത് അവരുടെ ആവശ്യമായിരുന്നു. പ്രമോഷനുമായി ബന്ധപ്പെട്ട് റിഷിക്കു ചില സാധ്യതകള്‍ പറഞ്ഞുകേട്ടിരുന്നു. അതില്ലാതാക്കാനുള്ള നീക്കമായിരുന്നു അത്. സന്ദര്‍ഭവശാല്‍ ആയിടയ്ക്കുതന്നെ ആരോപണങ്ങള്‍ക്ക് ആക്കം കൂട്ടുന്ന തരത്തിലൊരു സംഭവത്തില്‍ റിഷി ചെന്നുപെടുകയും ചെയ്തു.  

പീഡനക്കേസായിരുന്നു വിഷയം. ട്യൂഷന്‍ അധ്യാപകനടക്കം പതിനാലുപേര്‍ ഒരു കോളജ് വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്തി. ആളുകള്‍ക്ക് പൊതുവെ താല്‍പ്പര്യമുള്ള ഇനമാണ് പീഡനവാര്‍ത്തകള്‍. ഒരു കൂട്ടര്‍ ഇരയുടെ അവസ്ഥയില്‍ അനുതപിക്കുമ്പോള്‍ രണ്ടാമത്തെ വിഭാഗം അതാസ്വദിക്കും. ആളുകളുടെ മനോഭാവം എന്തുതന്നെയായാലും അത്തരം വാര്‍ത്തകള്‍ ചാനലിന്റെ വ്യൂവര്‍ഷിപ്പിനു ഗുണം ചെയ്യുമെന്നതില്‍ തര്‍ക്കമില്ല. അതുകൊണ്ടുതന്നെ മറ്റു മാധ്യമങ്ങളോടു മത്സരിച്ച് ആ വാര്‍ത്തയെ വളര്‍ത്തി വലുതാക്കേണ്ടതുണ്ട്. കരതലാമലകം പോലെ തല്‍പ്പരകക്ഷികള്‍ക്ക് അമ്മാനമാടാനിട്ടുകൊടുക്കണം. അതിനു വേണ്ട എക്‌സ്‌ക്ലൂസീവ് വിഷ്വല്‍സും സപ്പോര്‍ട്ടിംഗ് ബൈറ്റ്‌സും സംഘടിപ്പിക്കണം. അതായിരുന്നു റിഷിയുടെ മുന്നിലുള്ള അസൈന്‍മെന്റ്.

മുപ്പതുകിലോമീറ്ററെങ്കിലും വരും പെണ്‍കുട്ടിയുടെ നാട്ടിലേക്ക്. റിഷിയെയും മുരളി കട്ടേലയെയും വഹിച്ചുകൊണ്ട് ഇന്നോവ ചീറിപ്പാഞ്ഞു. ദാരിദ്ര്യം ദുശ്ശകുനമിട്ട ജീര്‍ണ്ണിച്ച തറവാട്. വലിഞ്ഞുമുറുകിനിന്ന നിശ്ശബ്ദതയെ കീറിമുറിച്ച് റിഷി കോളിംഗ് ബെല്ലമര്‍ത്തി. വാതില്‍പ്പാളി ചെറുതായൊന്നു തുറക്കുകയും പകച്ച രണ്ടു വൃദ്ധനേത്രങ്ങള്‍ അവരെ കാണുകയും ചെയ്തു. പെണ്‍കുട്ടിയുടെ അച്ഛനായിരുന്നു അത്. അയാളൊരു റിട്ടയേര്‍ഡ് ഹൈസ്‌കൂള്‍ അധ്യാപകനാണ്. ഒരു ഞെട്ടലോടെ മുറിക്കുള്ളിലേക്കു തിരിഞ്ഞ് പുറം വാതിലടച്ച അയാള്‍ അതില്‍ ചാരി നിന്നു. അയാളുടെ മനസ്സ് നുറുങ്ങുകയായിരുന്നു. പുറത്താരെന്ന ഭീതിയോടെ നില്‍ക്കുന്ന ഭാര്യയുടെ തളര്‍ച്ച അയാള്‍ കണ്ടു. മാനസികാസ്വാസ്ഥ്യങ്ങളോടെ അമ്മയുടെ പിന്നിലൊളിക്കുന്ന മകള്‍. അവരുടെ നിസ്സഹായതയെ നെടുകെ പിളര്‍ത്തി കോളിംഗ് ബെല്‍ വീണ്ടും ഒച്ചയിട്ടു. വാതില്‍ തുറക്കുന്നതിനും പുറത്തേക്ക് ആളു വരുന്നതിനും കാലതാമസമുണ്ടാകുന്നതിലുള്ള മുരളിയുടെ ഇഷ്ടക്കേടായിരുന്നു അത്രയും ദീര്‍ഘമായ കോളിംഗ് ബല്ലില്‍ കലാശിച്ചത്. അത്തരമൊരു ഔചിത്യമില്ലായ്മ മുരളി കാട്ടുമെന്ന് റിഷി കരുതിയിരുന്നില്ല. പെട്ടെന്നു തന്നെ മുരളിയെ വിലക്കി അയാള്‍ മുന്നിലേക്കു കയറിനിന്നു.

ഇനിയും പിടിച്ചുനില്‍ക്കാനാവില്ലെന്ന തോന്നലില്‍ വൃദ്ധന്‍ വാതില്‍ തുറന്നു. മൂന്നുപേരിലേക്കും അയാളുടെ തളര്‍ന്ന കണ്ണുകള്‍ ചാഞ്ഞുവീണു. റോള്‍ ചെയ്ത ക്യാമറയുമായി ഷോള്‍ഡര്‍ ഷോട്ടെടുക്കാന്‍ മുരളി വീണ്ടും  റിഷിയെ മറികടന്നു മുന്നിലേക്കു കയറി.

'അരുത്... പ്ലീസ് '
അയാളെ കൈകൊണ്ടുവിലക്കിയ വൃദ്ധന്‍ എല്ലാവരോടുമായി വിതുമ്പി.  
'വരരുതെന്ന് പറഞ്ഞതല്ലേ കുട്ടികളെ ... '

ഓഫീസില്‍നിന്നിറങ്ങുംമുമ്പ് റിഷി ഫോണില്‍ അയാളോടു സംസാരിച്ചിരുന്നു. തനിക്കൊന്നും പറയാനില്ലെന്നും വീട്ടിലേക്കു വരരുതെന്നും അയാളപ്പോള്‍ പറഞ്ഞിരുന്നതാണ്. ഇത്തരമൊരു സന്ദര്‍ഭത്തില്‍ ആരായാലും അങ്ങനെയായിരിക്കും പ്രതികരിക്കുകയെന്ന മുന്‍വിധിയായിരുന്നു റിഷിയ്ക്ക്. നേരിട്ടുകണ്ടാല്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാവുമെന്ന് അയാള്‍ കരുതി. എന്നാല്‍ അവിടെയെത്തി വീടും പരിസരവും ബോധ്യപ്പെടുകയും കുചേലസമാനനായ വൃദ്ധനെ കാണുകയും ചെയ്തതോടെ അയാളെ നേരിയതോതില്‍ കുറ്റബോധം പിടികൂടി.  
.
'സാറിന്റെ പ്രയാസങ്ങള്‍ അറിയാതെയല്ല ഞങ്ങള്‍ വന്നത്. പക്ഷേ സാര്‍... '
തങ്ങളുടെ വരവിന്റെ നല്ല വശം പറയാന്‍ റിഷി തയ്യാറെടുത്തു.
'ബുദ്ധിമുട്ടിക്കാനല്ല സാര്‍. ആ കുട്ടിക്കോ, സാറിനോ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ... പറയണം സാര്‍ . കേസിനതൊരു ബലമല്ലേ...'

ആ വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ വൃദ്ധന്‍ സമ്മതിച്ചില്ല. അയാള്‍ റിഷിയെയും ദൃശ്യങ്ങളെടുക്കാന്‍ ശ്രമിക്കുന്ന മുരളിയെയും തടുക്കുന്ന രീതിയില്‍ കൈയുയര്‍ത്തിവീശി. വീശിയ കൈകളുടെ തളര്‍ച്ച ഒട്ടിയ വയറിന്റെ ഇരുവശങ്ങളിലുമിറക്കിവച്ച് ചെറിയ വലിവുള്ള ശബ്ദത്തില്‍ അയാള്‍ പറഞ്ഞു. 'അരവയറുമായിങ്ങനെ ദിവസം തള്ളിനീക്കുന്നതു തന്നെ ഞങ്ങടെ കുട്ടിക്കുവേണ്ടിയാ... നിങ്ങളീ ഫോട്ടോയെടുത്തുകൊടുത്താല്‍... അവളുടെ മാനം പോയാപ്പിന്നെ... '

അയാളുടെ കരച്ചിലോളമെത്തിയ ശബ്ദമിടറി. എന്തുപറഞ്ഞാണ് അയാളെ സമാധാനിപ്പിക്കേണ്ടതെന്ന് റിഷിക്കറിയില്ലായിരുന്നു. അയാള്‍ മെല്ലെ തിരിഞ്ഞ് മുരളിയെ ചുമലില്‍ത്തട്ടി ദൃശ്യങ്ങളെടുക്കുന്നതില്‍നിന്നും തടഞ്ഞു.

ആ നിശ്ശബ്ദതയില്‍ വൃദ്ധന്റെ ഗദ്ഗദമുയര്‍ന്നു.
'നിങ്ങളെ തടയാനുള്ള ശക്തി എനിക്കില്ല . ആരും സഹായിക്കാനുമില്ല . പക്ഷേ മൂന്നു ജീവന്‍ അവസാനിപ്പിക്കാന്‍ ഞങ്ങള്‍ക്കാരുടെയും സഹായം വേണ്ട'

പിന്നീടവിടെ നില്‍ക്കാന്‍ റിഷിക്കു കഴിഞ്ഞില്ല. അയാള്‍ തിരിഞ്ഞുനടന്നു.

'ഇവിടം വരെ വന്നിട്ട് നമ്മളീ ന്യൂസ് കളഞ്ഞുകുളിക്കണോ ? ഒരെക്‌സ്‌ക്ലൂസീവ് അടിച്ചൂടാരുന്നോ ? ഇതിപ്പോ രാവിലെ വെറുതെ വേസ്റ്റായില്ലേ '
മുരളി ഇഷ്ടക്കേട് വ്യക്തമാക്കി.

'ആ കുട്ടിയെ പെഴപ്പിച്ചവന്‍മാരില്ലേ . അവന്‍മാരെല്ലാം ഒളിവിലാണ് . അതിലൊരുത്തനെ... ഒറ്റയൊരുത്തനെ പിടിക്കാന്‍ സഹായിക്കുന്ന റിപ്പോര്‍ട്ടു കൊടുത്താല്‍ അതാണ് എക്‌സ്‌ക്ലൂസീവ് . അല്ലാതെ ഈ പാവങ്ങളുടെ ജീവിതത്തിന്റെ കുറുകേ കേറിനിന്നുണ്ടാക്കുന്നതല്ല ...'
എക്‌സ്‌ക്ലൂസീവ് ന്യൂസെന്ന പേരില്‍ കെട്ടിയെഴുന്നെള്ളിക്കാറുള്ള പലതിനെപ്പറ്റിയും റിഷിക്ക് എതിരഭിപ്രായമുണ്ടായിരുന്നു. അതയാള്‍ മുരളിയോടു തുറന്നു പറഞ്ഞു.

'ഇന്‍കം ടാക്‌സ് വെട്ടിക്കുന്നവനും സ്വര്‍ണ്ണക്കടത്തുകാരനും സീരിയല്‍ കില്ലറുമൊക്കെ വിളിക്കുമ്പോഴേക്കും ആ പിടികിട്ടാപ്പുള്ളികളുടെ മടയിലേക്ക് നമ്മളങ്ങു ചെല്ലും. അവനു പറയാനുള്ളതൊക്കെ എക്‌സ്‌ക്ലൂസീവായി എടുത്തുകൊടുക്കാന്‍... അവനെ വെള്ളപൂശാന്‍... അത് ജേര്‍ണലിസമല്ല; പി ആര്‍ വര്‍ക്കാണ്. '

മുരളിയുടെ മുഖത്ത് പരിഹാസച്ചിരി പടര്‍ന്നു. അതു കണ്ടതോടെ റിഷിയ്ക്ക് തന്റെ നിലപാട് ഒന്നുകൂടി വ്യക്തമാക്കാന്‍ തോന്നി.  
'ഇങ്ങനൊരു വാര്‍ത്ത ചെയ്തില്ലെന്നു കരുതി ഒരു ചുക്കും സംഭവിക്കാനില്ല . പക്ഷേ വാര്‍ത്ത കൊടുത്താല്‍ ... മൂന്നു ജീവന്‍ ... മൂന്നു ജീവിതങ്ങളാണവസാനിക്കുക ... '

്അതിനു മറുപടിയെന്നോണം പ്രത്യേകതാളത്തില്‍ മുരളി തലയാട്ടിക്കൊണ്ടിരുന്നു. ആ പ്രത്യേകതാളത്തിന്റെ പരിണതി ഓഫീസിലെത്തി അഞ്ചുമിനിട്ടുനുള്ളില്‍ത്തന്നെയുണ്ടായി. വാര്‍ത്ത നഷ്ടപ്പെട്ടതിനെക്കുറിച്ച് ബ്യൂറോ ചീഫ് ഹരീഷ് പരുഷമായാണ് റിഷിയെ ശകാരിച്ചത്.
'ഒരു മണിബുള്ളറ്റില്‍ കൊടുക്കാന്‍ ഷെഡ്യൂള്‍ ചെയ്ത വാര്‍ത്തയാണ്. എന്നിട്ടിപ്പോ വാര്‍ത്തയില്ലെന്ന്...'

റിഷിയെന്തെങ്കിലും മറുപടി പറയുന്നതിനു മുമ്പ് അയാള്‍ തുടര്‍ന്നു.  
' ഇങ്ങനൊരു വാര്‍ത്ത കൊടുത്തില്ലേല്‍ ഒരു ചുക്കും സംഭവിക്കില്ല. കൊടുത്താല്‍ മൂന്നു ജീവന്‍ നഷ്ടപ്പെടും... അതല്ലേ പറയാനുള്ളത്. എന്നാല്‍ തെറ്റി . ഈ വാര്‍ത്ത കൊടുത്തില്ലെങ്കില്‍ ഒരു ചുക്കും സംഭവിക്കില്ലെന്നു തന്നോടാരാ പറഞ്ഞത്. അറുപതു കിലോമീറ്റര്‍ ഇന്നോവ ഓടിയതിനു ചെലവില്ലേ?  ക്യാമറയും തൂക്കി കൂടെ വന്ന ഒരുത്തന്റെ മൂന്നുമണിക്കൂറല്ലേ വേസ്റ്റായത്.'

അന്ന് കഥകളൊക്കെ കേട്ടു കഴിഞ്ഞപ്പോള്‍ ആത്മവിശ്വാസം പകര്‍ന്നത് സതീഷാണ്.  പതിവുപോലെ ഒരു മറുപടി ഉരുത്തിരിയാനുള്ള മൗനസമയത്തിനു പിന്നാലെ സതീഷ് 'എ' എന്ന അക്ഷരത്തിനുവേണ്ടി തല ഉരുട്ടി.

' എന്റെ അഭിപ്രായത്തില്‍ താന്‍ ചെയ്തതു തന്നെയാടോ ശരി. മനുഷ്യകുലത്തില്‍ പിറന്നവര്‍ക്ക് ആ സാഹചര്യത്തില്‍ അതേ കഴിയൂ '

സതീഷിന്റെ അഭിപ്രായത്തെ ശിവാനിയും പിന്താങ്ങി.

' അയാളൊരു റിട്ടയേഡ് അധ്യാപകനാണ്. മകളുടെ ദുരവസ്ഥയില്‍ ...നിസ്സഹായനായി കണ്ണുനിറഞ്ഞുമുന്നില്‍ക്കണ്ടപ്പോള്‍ ...സത്യം സാര്‍... എനിക്കെന്റെ അച്ഛനെയാ ഓര്‍മ്മ വന്നത്. '

' നിസ്സഹായനെയും നിരായുധനെയും ദുഷ്ടശക്തികള്‍ വളഞ്ഞിട്ടാക്രമിക്കുമ്പോള്‍ കവചമാകേണ്ടത് മാധ്യമങ്ങളാണ്. നിഷ്പക്ഷമെന്നു പറയുമ്പോഴും വേണം സത്യത്തിന്റേതായ ഒരു പക്ഷം. ഇതൊക്കെയല്ലേ നിങ്ങള്‍ പഠിച്ച പത്രപ്രവര്‍ത്തനം '

റിഷിയും ശിവാനിയും മുഖത്തോടു മുഖം നോക്കി.
അക്ഷരങ്ങളുടെ ആഴം പകര്‍ന്ന ഹൃദയജ്ഞാനമാണ്. അതിനുമുന്നില്‍ റിഷിക്കു മറുപടി ഇല്ലായിരുന്നു.

സതീഷ് തുടര്‍ന്നു.
' ജീവിതങ്ങളെ കുറേക്കൂടി അടുത്തറിയുക. അതിനെ അക്ഷരങ്ങളിലാക്കുക... അപ്പോള്‍ നമുക്കു സ്വയം തോന്നും ശുഭകരമായ സന്ദേശങ്ങള്‍ നല്‍കണമെന്ന്. '

ജീവിതങ്ങളെ ആഴത്തിലറിയുക; ജീവിതങ്ങളെ സൃഷ്ടിക്കുക. സതീഷ് പറയുന്ന പൊരുളിലേക്ക് കൗതുകപൂര്‍വ്വം ഇറങ്ങിച്ചെല്ലുകയായിരുന്നു റിഷി.

' ജോലിക്കൊപ്പം തന്റെ സ്‌ക്രിപ്‌റ്റെഴുത്തും സജീവമായി നടക്കണം. എപ്പോഴാണോ സിനിമ വര്‍ക്ക് ഔട്ടാവുന്നത് അപ്പോള്‍ ഈ പണിയങ്ങു നിര്‍ത്തിയേക്കുക; അത്ര തന്നെ '

സതീഷ് അന്നു പകര്‍ന്ന ആത്മവിശ്വാസം വളരെ വലുതായിരുന്നു. ഓഫീസില്‍ പരിഹാസഛവി കലര്‍ന്ന നോട്ടം പതിവാക്കിയവരുടെ മുന്നിലൂടെ നെഞ്ചുവിരിച്ചുനടക്കാന്‍ റിഷിയെ കരുത്തനാക്കിയത് അതാണ്.
കൃത്യം ഒരാഴ്ച തികഞ്ഞില്ല; അതിനിടയില്‍ തൊഴില്‍മിടുക്ക് പ്രകടിപ്പിക്കാനൊരവസരം അയാള്‍ക്ക് വീണുകിട്ടുകയും ചെയ്തു. ദോഷൈകദൃക്കുകള്‍ക്കെല്ലാം മറുപടി നല്‍കാന്‍ ശേഷിയുള്ള വാര്‍ത്തയായിരുന്നു അത്. മതിയായ എല്ലാ രേഖകളോടും കൂടി ഒരു വാര്‍ത്ത.

അന്നും ബ്യൂറോയിലേക്ക് ഒരു കോള്‍ വരികയായിരുന്നു.
റിഷിയൊഴിച്ച് മറ്റു റിപ്പോര്‍ട്ടര്‍മാരൊന്നും അപ്പോള്‍ ബ്യൂറോയിലുണ്ടായിരുന്നില്ല. വളരെ പ്രധാനപ്പെട്ട വാര്‍ത്തയാണെന്നും നേരിട്ടു വന്നുതരാമെന്നും ഫോണില്‍ അപരിചിതന്‍ അറിയിച്ചപ്പോള്‍ റിഷി അതു സമ്മതിച്ചു.  മെലിഞ്ഞുനീണ്ട ഇരുനിറക്കാരനായ ചെറുപ്പക്കാരന്‍. കൊത്താനൊരുങ്ങുന്ന കഴുകനേപ്പോലെ അയാള്‍ മുഖം മുന്നിലേക്ക് ആയത്തില്‍നീട്ടി പെട്ടെന്ന് പിന്‍വലിച്ച് കിരണ്‍രാജെന്ന് പരിചയപ്പെടുത്തി.
പതിഞ്ഞ താളത്തില്‍ അതേ സമയം ഉറച്ച ശബ്ദത്തില്‍ അയാള്‍ വാര്‍ത്തയിലേക്കു കടന്നു. അയാളുടെ ഓരോ വാക്കും, അവ രൂപപ്പെടുത്തിയ സംഭവങ്ങളും ചുട്ടുപൊള്ളിക്കുന്നതായിരുന്നു. മതിയായ രേഖകളുണ്ടെങ്കില്‍ കണ്ണും പൂട്ടി കൊടുക്കേണ്ട വാര്‍ത്ത.

' പോലീസില്‍ കേസു കൊടുത്തെന്നല്ലേ പറഞ്ഞു . അതിന്റെ പ്രൂഫെന്തെങ്കിലും ?'
എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ റിഷി ചോദിച്ചു.

' ഉണ്ട് ബ്രദര്‍ ... കോടതിയില്‍ കൊടുത്ത ഫൈനല്‍ റിപ്പോര്‍ട്ടിന്റെ കോപ്പിയുണ്ട്. '
നിറം മങ്ങിയ പഴയ വി ഐ പി ബ്രീഫ് കേസ് തുറന്ന് കിരണ്‍രാജ് റിപ്പോര്‍ട്ടിന്റെ കോപ്പിയും ഒരു ഫോട്ടോയും പുറത്തെടുത്തു.

' ഫോട്ടോ ആരുടേതാണ് ?'

' ദാറ്റ് ഫ്രോഡ് . ഇതാണ് കക്ഷി '

ഫൈനല്‍ റിപ്പോര്‍ട്ടിലേക്ക് റിഷി കണ്ണോടിച്ചു.


കേരള പോലീസ്
അന്തിമറിപ്പോര്‍ട്ട്.
( ക്രിമിനല്‍ നടപടി നിയമം 173 പ്രകാരം )


കോടതി - ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി

ജില്ല - കണ്ണൂര്‍                    പോലീസ് സ്‌റ്റേഷന്‍ - മണിക്കടവ്

എഫ് ഐ ആര്‍ നമ്പര്‍ - 137 / 15          തീയതി  10.03.2015

ആക്ട് - ഐ പി സി                വകുപ്പുകള്‍ 376 ഐ പി സി

അന്തിമറിപ്പോര്‍ട്ടിന്റെ സ്വഭാവം - കുറ്റപത്രം നല്‍കി.

അന്വേഷണ ഉദ്യോഗസ്ഥന്‍ ,
പേര് , പദവി       -എം പൗലോസ് , പോലീസ് സബ് ഇന്‍സ്‌പെക്ടര്‍.

പരാതിക്കാരന്റെ/ക്കാരിയുടെ പേര് - ജീന

അച്ഛന്റെ / അമ്മയുടെ പേര് - സാമുവല്‍ / സോമി


ചാര്‍ജ്ജ് ചെയ്ത കുറ്റാരോപിതരുടെ വിവരങ്ങള്‍;

പേര് - സാമുവല്‍

അച്ഛന്റെ പേര് - ഗീവര്‍ഗ്ഗീസ്.

വയസ് - 58

മേല്‍വിലാസം - മണിക്കടവ് വില്ലേജില്‍ ടി ദേശത്ത് ആനത്താര വീട്

അറസ്റ്റ് ചെയ്ത തീയതി - 13.03.2015


പരിശോധിക്കപ്പെട്ട സാക്ഷികളുടെ വിവരങ്ങള്‍

1. ജീന   - ഫസ്റ്റ് ഇന്‍ഫര്‍മേഷന്‍ മൊഴിയും...  
 പ്രതി കൃത്യത്തില്‍ വച്ച് ക്രൂരമായി ബലാല്‍സംഗം ചെയ്തുവെന്നും ആയതിനാല്‍ ഗര്‍ഭിണി ആയി എന്നും മറ്റും ഒന്നാം സാക്ഷിയാലും ...

ഫൈനല്‍ റിപ്പോര്‍ട്ടിന്റെ കോപ്പിയില്‍ ബാക്കിയെല്ലാം കിരണ്‍രാജ് വിവരിച്ചതുപോലെ തന്നെയുണ്ട്. ബാംഗ്ലൂരിലെ നഴ്‌സിംഗ് പഠനം കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയതാണ് ജീന. അവളുടെ അമ്മച്ചി സോമി രണ്ടുവര്‍ഷം മുമ്പ് ക്യാന്‍സര്‍ ബാധിച്ചു മരിച്ചിരുന്നു. വീട്ടില്‍ അവളും പിതാവ് സാമുവലും മാത്രം. ഒരു ദിവസം ഉച്ചയുറക്കത്തിനിടെയാണ് സംഭവം. ശക്തമായ ബലപ്രയോഗത്തെത്തുടര്‍ന്നാണ് ജീന ഉണര്‍ന്നത്. എന്നാല്‍ ആരാണെന്നു തിരിഞ്ഞുനോക്കാന്‍ പോലും സമയം കൊടുക്കാതെ അവളുടെ കണ്ണുകള്‍ തുണിയുപയോഗിച്ച് മൂടപ്പെട്ടു. അതേ വേഗതയില്‍ത്തന്നെ കയ്യും കാലും പിന്നിലേക്കു പിണച്ച് സല്‍വാറിന്റെ ഷാളുപയോഗിച്ച് കൂട്ടിക്കെട്ടി. ഒച്ചയുണ്ടാക്കിയതോടെ വായില്‍ തുണി തിരുകി. പിന്നീടവളെ കട്ടിലിലേക്കു കെട്ടിയിട്ടു പീഡിപ്പിക്കുകയായിരുന്നു. അപ്രതീക്ഷിതമായ ആഘാതത്തില്‍ , മാരകമായ സംഭോഗരീതികളില്‍ അവള്‍ ബോധരഹിതയായി.
ഇടയ്‌ക്കെപ്പഴോ ബോധം തെളിഞ്ഞപ്പോഴാണ് തനിക്കുണ്ടായ ദുരന്തത്തിന്റെ തീവ്രത അവളറിഞ്ഞത്. അതിലുപരി അവളെ തകര്‍ത്തത് തന്നെ നശിപ്പിച്ചത് അപ്പച്ചന്‍ തന്നെയാണെന്ന തിരിച്ചറിവായിരുന്നു.

എന്തു ചെയ്യണമെന്നറിയാതെ വിറങ്ങലിച്ചുനിന്ന ജീനയെ കൂടെ നിര്‍ത്തിയത് കാമുകനും പിന്നീട് ഭര്‍ത്താവുമായ കിരണ്‍ രാജാണ്. അവിശ്വസനീയവും അരുതാത്തതുമായ കാര്യങ്ങള്‍ ജീനയുടെ മാനസികനിലയെത്തന്നെ ബാധിച്ചു. അന്നത്തെ ആഘാതം ഗര്‍ഭപാത്രത്തില്‍ പ്രതിഫലിക്കാന്‍ തുടങ്ങിയതോടെ അവളാകെ ഉന്മാദാവസ്ഥയിലായി. പിതാവിനെതിരെ കേസുകൊടുക്കാന്‍ അവളെ നിര്‍ബന്ധിച്ചതും കിരണ്‍രാജാണ്. കേസുകൊടുക്കുന്നതിന്റെ പേരില്‍ എന്തു മാനക്കേടുണ്ടായാലും അത് അവളോടൊപ്പം അനുഭവിക്കാന്‍ അയാള്‍ തയ്യാറായിരുന്നു.  

പൂര്‍ണ്ണബോധ്യം വന്നെങ്കിലും എറര്‍ഫാക്ടറിന്റെ അവസാനസാധ്യതയും ഇല്ലാതാക്കാന്‍ റിഷി പോലീസ് സ്‌റ്റേഷന്റെ ഫോണ്‍നമ്പര്‍ തിരഞ്ഞു.
പെട്ടെന്നുതന്നെ കിരണ്‍രാജ് പാന്റിന്റെ കീശയില്‍ നിന്നും ഫോണ്‍നമ്പര്‍ കുറിക്കുന്ന ചെറുബുക്ക് പുറത്തെടുത്തു.
' പൗലോസ് സാറാ എസ് ഐ ... സാറിനെ വിളിച്ചാ മതി .'
കിരണ്‍രാജ് ഫോണ്‍നമ്പര്‍ പറഞ്ഞു. ആദ്യറിങ്ങില്‍ത്തന്നെ പൗലോസ് ഫോണെടുത്തു.

' സാര്‍ ഞാന്‍ ചാനല്‍ ത്രീയില്‍ നിന്നു വിളിക്കുന്നു. എനിക്കൊരു വാര്‍ത്ത കിട്ടിയിരുന്നു. ഫൈനല്‍ റിപ്പോര്‍ട്ടിന്റെ കോപ്പി എന്റെ കയ്യിലുണ്ട്. അതിന്റെ സ്റ്റാറ്റസൊന്നറിയാനായിരുന്നു. '

' എഫ് ഐ ആര്‍ നമ്പരു പറയൂ ... '

'  നൂറ്റിമുപ്പത്തേഴേ ബാര്‍ പതിനഞ്ച് '

' ഓ ആ പീഡനക്കേസ് . അപ്പച്ചന്‍ മോളെ പെഴപ്പിച്ച് ഗര്‍ഭിണിയാക്കിയത് ... അയാളിപ്പോ ജില്ലാ ജയിലിലുണ്ട് '

എല്ലാം ബോധ്യമായല്ലോയെന്ന ഭാവത്തില്‍ മുന്നോട്ടാഞ്ഞ കഴുകന്‍മുഖം കൊത്താന്‍ തുനിയുന്നതുപോലെ പറഞ്ഞു.  
' ഭാര്യ കാറിലുണ്ട്. അവളുടെ ഒരിന്റര്‍വ്യൂ കൂടി കൊടുക്കണം. '

' അതിപ്പോ ... '
റിഷി അതു തീരെ പ്രതീക്ഷിച്ചിരുന്നില്ല.

' അതെ ... അവളു റെഡിയാണ് . നിങ്ങളത് എക്‌സ്‌ക്ലൂസിവായി കൊടുത്തോളൂ.'

' ലിഫ്റ്റ് വര്‍ക്കു ചെയ്യുന്നില്ല. മൂന്നുനില സ്റ്റെപ്പു കയറി വരണം . അതു ബുദ്ധിമുട്ടാവുമോ ? '

' അതൊന്നും പ്രശ്‌നമില്ല '
കിരണ്‍രാജ് ധൃതിപിടിച്ചെഴുനേറ്റു.
' ഞാനിപ്പം വരാം '

മറുപടിക്കുപോലും നില്‍ക്കാതെ കൊത്താനൊരുങ്ങുന്ന കഴുകന്റെ ആയവേഗത്തില്‍ അയാള്‍ പുറത്തേക്ക് നടന്നു.

റിഷി ഒരിക്കല്‍ക്കൂടി ഫൈനല്‍ റിപ്പോര്‍ട്ട് വായിച്ചു. അയാളുടെ ഞരമ്പുകള്‍ മെല്ലെ മുറുകിത്തുടങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ സ്ഥാപനത്തില്‍ ചിലര്‍ തന്റെ പ്രൊഫഷണലിസത്തെ ചോദ്യം ചെയതത് ഒരച്ഛന്‍ കാരണമാണ്. സ്വന്തം മകളുടെ മാനം കാക്കാന്‍ വേണ്ടി ജീവനൊടുക്കാന്‍ പോലും തയ്യാറെടുത്തുനില്‍ക്കുന്ന ഒരച്ഛനായിരുന്നു അത്. ഇവിടെയും ഒരച്ഛന്‍ തന്നെ. അയാള്‍ പക്ഷേ സ്വന്തം മകളെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയിരിക്കുകയാണ്. മറ്റാരെക്കാളും മുമ്പ് ഈ വാര്‍ത്ത കൊടുക്കാനും അതിന്റെ മൂര്‍ച്ച പരമാവധി രാകിമിനുക്കാനും തന്നെയാരും പഠിപ്പിക്കേണ്ടെന്ന് റിഷി മനസ്സിലുറച്ചു. വാര്‍ത്ത എന്താണെന്ന് ബ്യൂറോ ചീഫ് മനസ്സിലാക്കട്ടെ.

' ബ്രദര്‍ ... '
തിരികെ വരുമ്പോള്‍ കിരണ്‍രാജ് അകലെ നിന്നുതന്നെ റിഷിയെ ഉച്ചത്തില്‍ വിളിച്ചു.
 
അയാളുടെ നിഴലായി ഒരു യുവതി. അവളുടെ മനവും തനുവും ഏതോ വിര്‍ച്വല്‍ റിയാലിറ്റിയില്‍പ്പെട്ടതുപോലെ. നിലം തൊടാതെ ഒഴുകിവരുന്ന നൂലുവിട്ട പട്ടക്കടലാസായിരുന്നു അവള്‍. ഒരു ഇര എങ്ങനെയാണ് കാണപ്പെടുന്നതെന്നും പെരുമാറുന്നതെന്നും റിഷി കാണുകയായിരുന്നു.

റിഷി അവരെ മിനിഫ്‌ലോറിലേക്കു കൂട്ടിക്കൊണ്ടുപോയി. നെടുങ്കന്‍ ഇന്റര്‍വ്യൂ ഒന്നും ആവശ്യമില്ല. മൂന്നോ നാലോ ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും ധാരാളം. ഒന്നോ രണ്ടോ സ്‌റ്റോറികളിലായി ബൈറ്റുകള്‍ ഉള്‍പ്പെടുത്തി കൊടുക്കാം. ജീനയുടെ മനോഭാവമെന്തെന്ന് റിഷി പാളിനോക്കി. അവളുടെ മുഖം ഇനിയും ഉയര്‍ന്നിട്ടില്ല.  

' ജീന...ക്യാമറയിലേക്കു നോക്കി സംസാരിക്കൂ'
സ്‌നേഹപൂര്‍വ്വം കിരണ്‍രാജ് ശാസിച്ചു.

അനുസരണയോടെ മുഖമുയര്‍ത്തിയെങ്കിലും അവളുടെ കണ്ണുകള്‍ ദുര്‍ബ്ബലമായിരുന്നു. അതെങ്ങും ഉറച്ചുനിന്നില്ല. ഒരു ചെറിയ നോട്ടത്തെപ്പോലും പ്രതിരോധിക്കാനാകാത്ത കണ്ണുകള്‍.

' ഷാള്‍ മുഖത്തേക്കിട്ടോളൂ '
ക്യാമറാമാന്‍ ഫ്രെയിം ഫിക്‌സ് ചെയ്യുന്നതിനിടയില്‍ റിഷി മെല്ലെ പറഞ്ഞു.
അതിനു മറുപടി പറഞ്ഞത് കിരണ്‍രാജാണ്.
' മുഖമൊന്നും മറയ്ക്കണ്ട. ഞങ്ങള്‍ക്ക് കുഴപ്പമൊന്നുമില്ല. അല്ലേ ജീന ? '

' പക്ഷേ ഞങ്ങള്‍ക്കു കുഴപ്പമുണ്ട് '
റിഷി ചിരിച്ചുകൊണ്ടു തുടര്‍ന്നു.
'ഞങ്ങള്‍ക്കു ചില ലിമിറ്റേഷന്‍സൊക്കെയുണ്ട്. ഇനി നിങ്ങള്‍ മുഖം മറച്ചില്ലേലും ശരി ഞങ്ങളത് മാസ്‌ക് ചെയ്‌തേ എയറില്‍ വിടൂ '

അവള്‍ സംസാരിച്ചുതുടങ്ങിയപ്പോള്‍ റിഷിക്ക് ഒരു കാര്യം ബോധ്യമായി; മറച്ച മുഖക്കാഴ്ച അവളുടെ വാക്കുകള്‍ക്ക് കുറെക്കൂടി വ്യക്തത വരുത്തിയിരിക്കുന്നു.  ജീനയുടെ വാക്കുകളിലൂടെ ഫൈനല്‍ റിപ്പോര്‍ട്ട് ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കപ്പെട്ടു. മനപ്പാഠം പോലെയാണ് അവളത് ഉരുവിട്ടത്. ഷൂട്ടു കഴിഞ്ഞപ്പോള്‍ കിരണ്‍രാജ് വാത്സല്യത്തോടെ, സാന്ത്വനത്തോടെ അവളുടെ നെറ്റിത്തടത്തില്‍ തഴുകി.

റിഷിയെ സംബന്ധിച്ചിടത്തോളം അത് വിമര്‍ശകരുടെ വായടപ്പിക്കുന്ന വാര്‍ത്തയായിരുന്നു. ഒരു പക്ഷേ പ്രാദേശികപത്രത്താളില്‍ മുമ്പു വന്നിട്ടുണ്ടാവാം. എന്നാല്‍ ഇരയുടെ എക്‌സ്‌ക്ലൂസീവ് ഇന്റര്‍വ്യൂവോടെ ഇതാദ്യമാണ്. അതും അരുതാത്ത ബന്ധങ്ങളെക്കുറിച്ചുള്ള വാര്‍ത്ത.

വാര്‍ത്ത വന്നതിന്റെ തൊട്ടടുത്ത ദിവസം ബ്യൂറോയിലേക്കു വീണ്ടും ഫോണ്‍കോളെത്തി. ഇത്തവണ അത് റിഷിയെത്തന്നെ തേടിയുള്ളതായിരുന്നു.

' താങ്ക് യൂ ബ്രദര്‍ . വാര്‍ത്ത നന്നായി വന്നു. ഒരുപാടുപേരു വിളിച്ചിരുന്നു.നല്ല ഇംപാക്ട് ഉണ്ട്. '

നാലുവര്‍ഷം മുമ്പ് ജൂണ്‍ മധ്യവാരത്തിലെ മഴയിരമ്പത്തില്‍ കേട്ട ശബ്ദമാണെങ്കിലും അതിന്റെ വാക്യഘടനയും, സ്ലാങ്ങും, ആറ്റിറ്റിയൂഡുമെല്ലാം ഉരുത്തിരിഞ്ഞുവരുന്നതായി റിഷിക്കു തോന്നി.
ആലോചനയുടെ സൂചിത്തുമ്പില്‍ നിന്നുമയാള്‍ ചാടി എഴുനേറ്റു .
'അതേ ... അതയാള്‍ തന്നെ '

( തുടരും )

മുന്‍ ഭാഗങ്ങള്‍ വായിക്കാം

Content HighlightsL Malayalam Novel based on true story part Four