വിചാരണ

സംഭവിച്ചേക്കുമെന്നു കരുതുന്ന ഏതോ വാര്‍ത്തയാണ് രാത്രികാല ഷിഫ്റ്റുകളെ ഉറക്കമില്ലാത്തതാക്കുന്നത്. എന്നാല്‍ മുമ്പൊരിക്കല്‍ ചെയ്തുപോയ വാര്‍ത്ത ഇപ്പോള്‍ ഡ്യൂട്ടിയില്ലാത്ത രാത്രിയിലും റിഷിയുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. 

നാലുവര്‍ഷം മുമ്പ് കിരണ്‍ രാജില്‍ കണ്ട ആത്മവിശ്വാസം റിഷിയുടെ മനസ്സില്‍ ഇപ്പോഴുമുണ്ട്. ഇത്തരം കേസുകളുണ്ടായാല്‍ കീഴ്വഴക്കങ്ങളുടെ വേലിമുള്ളുകള്‍ക്കിടയിലേക്ക് ഇരയെ വകഞ്ഞുതിരിച്ചിടുകയാണ് പതിവ്. ഇരയുടെ മുഖം തുടക്കത്തില്‍ത്തന്നെ, പരമാവധി പോയാല്‍ പാതിവഴിയിലെത്തുമ്പോഴേക്കും നഷ്ടപ്പെട്ടിരിക്കും. അപനിര്‍മ്മാണത്തിനു കാത്തിരിക്കുന്നവര്‍ക്ക് അതാവശ്യമാണ്. നീതിരഹിതമായ ചര്‍ച്ചകളും നിലവാരമില്ലാത്ത പരദൂഷണങ്ങളും അതിനുള്ള ഉപകരണങ്ങളാണ്. എന്നാല്‍ ജീനയെ അത്തരം മാമൂലുകള്‍ക്കൊന്നും കിരണ്‍ വിട്ടുകൊടുത്തില്ല. ഭാര്യയായി മുന്നില്‍ നിര്‍ത്തി ധൈര്യം പകരുകയാണ് ചെയ്തത്. 

മിനിഫ്ലോറില്‍ തനിക്കഭിമുഖം ജീനയിരിക്കുമ്പോള്‍ അരികിലുണ്ടായിരുന്ന കിരണ്‍രാജിന്റെ ചലനങ്ങള്‍ റിഷി ഓര്‍ത്തെടുത്തു. സംസാരിച്ചുതുടങ്ങുന്നതിനുമുമ്പ് മാനസികമായ കടമ്പകള്‍ നീക്കാന്‍ അവളുടെ മുഖത്തെ തളര്‍ച്ചകളില്‍ കിരണ്‍രാജിന്റെ വിരലുകള്‍ ആശ്വാസലേപനമുഴിയുന്നുണ്ടായിരുന്നു. സംഭവത്തിലുള്ള ആഘാതം, അതു നാലുപേരുടെ മുന്നില്‍ വിശദീകരിക്കുന്നതിലുള്ള നിസ്സഹായത, ഒപ്പം ഗര്‍ഭകാലത്തെ ശാരീരികദൗര്‍ബ്ബല്യം... അതെല്ലാമായിരുന്നു അപ്പോള്‍ ജീനയെ നിര്‍ണ്ണയിച്ചിരുന്നത്.  

ഗര്‍ഭശയ്യയില്‍ അന്ന് പൂര്‍ണ്ണവളര്‍ച്ചയിലുണ്ടായിരുന്ന കുട്ടിയാണ് ഇന്ന് അവളോടൊപ്പം വനിതാസദനത്തിലുള്ളത്.  
കിരണ്‍രാജിനോടുള്ള അവളുടെ വിശ്വാസത്തിനും വനിതാസദനത്തിന്റെ സുരക്ഷാവലയത്തിനുമിടയില്‍ ചേര്‍ച്ചയില്ലാത്ത ചില കണ്ണികള്‍ രൂപപ്പെട്ടിട്ടുണ്ടാവണം. അത് ഭാര്യാ-ഭര്‍തൃബന്ധത്തിലാവാം, കുഞ്ഞിനെച്ചൊല്ലിയാവാം. ആലോചനയുടെ വിരല്‍ വള്ളികള്‍ റിഷിയെ നെടുകെയും കുറുകെയും ചുറ്റി വരിഞ്ഞു. അവ ഏതെങ്കിലുമൊരിടത്തേക്ക് കൂട്ടിക്കെട്ടാന്‍ തുനിയുമ്പോഴേക്കും പൊട്ടിപ്പോകുന്നു. വീണ്ടും വിരല്‍വള്ളികള്‍ നൂറ്റുമാലയാകുന്നു. പ്രതിമുഖസന്ധിയില്‍ തെളിമയേറാതെ കഥ പിന്നെയും മങ്ങിയനിലയില്‍ തുടരുന്നു. 

രണ്ടുകാര്യങ്ങളാണ് അറിയാനുള്ളത്.  
ഒന്ന്: ജീനയെയും മകനെയും അഭയാര്‍ത്ഥികളാക്കിയത് അരക്ഷിതബോധമാണെങ്കില്‍ അതെങ്ങനെ സംഭവിച്ചു?
രണ്ട്: പകര്‍ച്ചവ്യാധി ആരോപിച്ച് അഗതിമന്ദിരത്തില്‍ നിന്നും അവളെ പുറത്തുചാടിക്കാന്‍ ശ്രമിക്കുന്നതാര്? എന്തിന്?
ഇവയുടെ ഉത്തരങ്ങള്‍ നിര്‍ണ്ണായകമാണ്. വനിതാസദനത്തില്‍നിന്ന് പരിമിതമായ വിവരങ്ങളേ ലഭിച്ചിട്ടുള്ളൂ. അതവലംബമാക്കി വാര്‍ത്ത നല്‍കാനാവില്ല. ബ്യൂറോയിലേക്കുവന്ന ഫോണ്‍ശബ്ദത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ റിഷിക്കു വ്യക്തതയുണ്ട്. അത് കിരണ്‍രാജിന്റേതു തന്നെയാണ്. 

അടുത്ത ദിവസം.

പതിവു സമയത്തിനു മുന്‍പ് റിഷി ഓഫീസിലേക്കു തിരിച്ചു. നാലുവര്‍ഷം മുമ്പ് ചെയ്ത വാര്‍ത്തകള്‍ ലൈബ്രറിയിലുണ്ടാവും. പഴയ വിഷ്വല്‍സില്‍ തീര്‍ത്തും പ്രാധാന്യമില്ലാത്തവ മാത്രമേ ഡിലീറ്റു ചെയ്യാറുള്ളൂ. സ്റ്റോറികളൊക്കെ പൂര്‍ണ്ണരൂപത്തില്‍ത്തന്നെയാണോ അതോ ഫൂട്ടേജുകളാക്കിയാണോ സൂക്ഷിച്ചിരിക്കുന്നതെന്നേ ്അറിയാനുള്ളൂ. 

ഭാഗ്യത്തിന് റിഷി ചെയ്ത നാലു സ്റ്റോറികളും പൂര്‍ണ്ണരൂപത്തില്‍ത്തന്നെയുണ്ടായിരുന്നു. മൂന്നു മിനുട്ടു ദൈര്‍ഘ്യം വരുന്ന രണ്ടെണ്ണവും രണ്ടുമിനുട്ടില്‍ താഴെ വരുന്ന രണ്ടെണ്ണവും. സ്റ്റോറികളെല്ലാം അയാള്‍ ആവര്‍ത്തിച്ചു കണ്ടു. അന്നത്തെ ജീനയെ വാര്‍ത്താമുറിയിലെത്തിച്ചത് കിരണ്‍രാജ് നല്‍കിയ സുരക്ഷിതത്വമാണ്. മറ്റൊരു വാര്‍ത്തയുടെ ചുഴിയിലേക്കും മലരിയിലേക്കും ഇന്നവളെ എറിഞ്ഞിടുന്നതും ഒരുപക്ഷേ അയാള്‍ തന്നെയാവണം. 

ഇടനാഴിയുടെ നെടുനീളത്തിലൂടെ റിഷി ബ്യൂറോയിലേക്കു നടന്നു. അയാള്‍ വരുന്നതും നോക്കി അളന്നുമുറിച്ചിരിപ്പുണ്ട് ബ്യൂറോചീഫ്. കാര്യങ്ങള്‍ റിഷി തന്നെ പറഞ്ഞുതുടങ്ങട്ടെയെന്ന മനോഭാവത്തിലായിരുന്നു അയാള്‍.   

'വനിതാ സദനത്തിലെ ഇഷ്യൂ... അതില്‍ കുറച്ചു ദുരൂഹതകളുണ്ട്. '   

'അതുകൊണ്ട്...അതുകൊണ്ടെന്തിനു ന്യൂസ് ലേറ്റാക്കണം, ദുരൂഹതയുണ്ടെങ്കില്‍ അതു തന്നെയല്ലേ വാര്‍ത്ത. ഏഴെട്ടു വര്‍ഷമായില്ലേ ഇവിടെ വന്നിട്ട്?'
റിഷിയോടു പുലര്‍ത്തിവരുന്ന നീരസം ഹരീഷ് മറച്ചുവച്ചില്ല. 

'ചില ക്ലാരിഫിക്കേഷന്‍സ് വേണം. പ്രോപ്പറായി മനസ്സിലാക്കാതെ...' 

'എന്തിന്?'
റിഷിയെ വിശ്വാസത്തിലെടുക്കാതെ ഹരീഷ് തുടര്‍ന്നു. 
'വാര്‍ത്ത കഴമ്പുള്ളതാണോന്നു ഞാന്‍ രാത്രിയില്‍ത്തന്നെ ചോദിച്ചതല്ലേ. അപ്പോഴെന്താ പറഞ്ഞത്... തനിക്കു വാശിയായിരുന്നല്ലോ അവിടെപ്പോയി ആ വാര്‍ത്ത ചെയ്യാന്‍ '

ബ്യൂറോയിലേക്ക് അപ്പോള്‍ മെറ്റില്‍ഡയും ഉപഗ്രഹങ്ങളുമെത്തി. പ്രതിപക്ഷനേതാവിന്റെ വാര്‍ത്താസമ്മേളനം കവര്‍ ചെയ്യാന്‍ പോയിരിക്കുകയായിരുന്നു അവര്‍. പെട്ടെന്നുള്ള അവളുടെ സാമീപ്യം ഹരീഷിനെ വര്‍ദ്ധിതവീര്യത്തിലെത്തിച്ചു. 

'സീ റിഷി. ജസ്റ്റിഫിക്കേഷനൊന്നും വേണ്ട. നിങ്ങളാ വാര്‍ത്ത മിസ്സാക്കി. അത്രതന്നെ. മറ്റു മീഡിയയില്‍ പ്രോപ്പര്‍ ടൈമില്‍ പ്രോപ്പര്‍ പ്ലേസിലതു വന്നു.'

റിഷി മറുപടി പറഞ്ഞില്ല.

'രണ്ടാമത്തെ സീരിയസ് ഇഷ്യൂ... പുറത്തുനിന്ന് താനാ ഫ്രീലാന്‍സ് പെണ്ണിനെ കൂട്ടിയത്. അതെന്തിനായിരുന്നു?'
മെറ്റില്‍ഡയുടെ മുഖത്ത് സന്തോഷം. അവള്‍ കേള്‍ക്കാന്‍ കാത്തിരുന്നതെന്തോ അത് ബ്യൂറോചീഫ് ചോദിച്ചതുപോലെ.
'സദനത്തിലേക്കു പോകാനിറങ്ങിയപ്പോഴാ തോന്നിയത്... ആ സ്ത്രീയെ ഡീലു ചെയ്യാന്‍ ചെലപ്പോ
 മറ്റൊരു സ്ത്രീക്കു കഴിഞ്ഞേക്കുമെന്ന്.' 

'അതെന്താ; ഇവിടെ മെറ്റില്‍ഡ ഉണ്ടായിരുന്നല്ലോ. അവളെന്താ സ്ത്രീയല്ലേ?'

നിര്‍വൃതിയുടെ ഉച്ചാവസ്ഥയിലായിരുന്നു അപ്പോള്‍ മെറ്റില്‍ഡ. അവളെ ആ നിലയിലേക്ക് പരമാവധി ഉയര്‍ത്താന്‍ ഹരീഷ് ശ്രമിക്കുകയാണെന്നുപോലും റിഷി സംശയിച്ചു. ഡബിള്‍ പ്രമോഷന്‍ നേടി തന്നോടു തുല്യതനേടാന്‍ സര്‍വ്വപഴുതുകളും നോക്കുന്ന അവളെ ഒപ്പം കൂട്ടാത്തതിലാണ് ചീഫിനു കുണ്ഠിതം. റിഷി മൗനം പാലിച്ചു.   

'മറുപടി ഉണ്ടാവില്ല'
മുന്‍വിധികളോടെ ഹരീഷ് തുടര്‍ന്നു. 
'അയാം ഷുവര്‍. ഒന്നുകില്‍ വനിതാസദനത്തില്‍ നിന്ന് നിങ്ങളെന്തോ ഫേവര്‍ സ്വീകരിച്ചു. ആ വാര്‍ത്ത മുക്കി. അല്ലെങ്കില്‍ നിങ്ങള്‍ക്കവിടെ നിന്ന് നല്ല ഇന്റര്‍വ്യൂവോ വിഷ്വല്‍സോ കിട്ടിയിട്ടുണ്ട്. അതു നിങ്ങളാര്‍ക്കെങ്കിലും മറിച്ചുകൊടുത്തിരിക്കുന്നു. ' 

സഹപ്രവര്‍ത്തകര്‍ക്കു മുന്നില്‍ തൊഴിലിന്റെ സത്യം ചോദ്യം ചെയ്യപ്പെടുന്ന നിമിഷം. കൃത്യസമയത്ത് വാര്‍ത്ത ഫയല്‍ ചെയ്യാത്തതിലുള്ള ശകാരമല്ല അത്. പിന്നില്‍ ബോധപൂര്‍വ്വമായ ആസൂത്രണമുണ്ട്. മെറ്റില്‍ഡയ്ക്കു ചില നല്ല മുഹൂര്‍ത്തങ്ങള്‍ ഒരുക്കുകയാണ് ഹരീഷ്. കടുത്ത രോഷത്തോടെ റിഷി പ്രതികരിച്ചു.
'പ്ലീസ്... നിങ്ങളിങ്ങനെ തരം താഴ്ന്നു സംസാരിക്കരുത്. '
അത്ര ഉച്ചത്തില്‍ പൊടുന്നനെ അങ്ങനെയൊരു മറുപടി ബ്യൂറോയില്‍ ആരും പ്രതീക്ഷിച്ചിരുന്നില്ല. ഒരു നിമിഷത്തെ നിശ്ശബ്ദത ഹരീഷിന്റെ ഡൈയിട്ടുണക്കി വെട്ടിനിര്‍ത്തിയ മീശയെ കുന്തരോമങ്ങളാക്കിമാറ്റി.  


'താനീ കാണിച്ചതൊക്കെ പിന്നെന്താ? സ്വന്തമിഷ്ടപ്രകാരം കാര്യങ്ങളൊക്കെ ഡിസൈഡ് ചെയ്യാന്‍ ഇതു തറവാട്ടുസ്വത്തല്ല. എന്തു ധൈര്യത്തിലാ...'
വാക്കുകള്‍ പൂര്‍ത്തിയാക്കാതെ ഹരീഷ് അമര്‍ഷം പ്രകടിപ്പിച്ചു. 

'നാലു വര്‍ഷം മുമ്പ് നമ്മള്‍ കൊടുത്ത വാര്‍ത്തയിലെ വിക്ടിമാണ് ഈ സ്ത്രീ. എനിക്കെന്തോ, ഇപ്പോഴത്തെ വാര്‍ത്തയില്‍ ചില മിസ്സിംഗ് ലിങ്ക്സ്് ഉണ്ടെന്നു തോന്നി. '

'പഴയ വാര്‍ത്തയുടെ കാര്യം അവിടിരിക്കട്ടെ. ഇപ്പോഴത്തെ വാര്‍ത്തയെക്കുറിച്ചു പറയൂ. മറ്റുള്ളവരൊക്കെ അതു കൊടുത്തുകഴിഞ്ഞു. അവര്‍ക്കൊന്നും മിസ്സിംഗില്ല. അപ്പോള്‍ തനിക്ക്... തനിക്ക് മാത്രമാണ് മിസ്സിംഗ്.  എന്നു വച്ചാല്‍ നാലു വര്‍ഷം മുമ്പ് താന്‍ കൊടുത്ത വാര്‍ത്ത തെറ്റാണ്. ഇപ്പോഴുള്ള വാര്‍ത്ത കൊടുക്കാനാവാത്ത വിധം പ്രശ്നങ്ങളുണ്ടായിരുന്നു അതിന്. '
റിഷിക്ക് പിന്നെയും ദേഷ്യം വന്നു. എങ്കിലും ഹരീഷിന്റെ മുന്‍വിധിയെക്കുറിച്ചയാള്‍ മൗനം പാലിച്ചു.   

'നാലു വര്‍ഷം മുമ്പെന്നുപറയുമ്പോള്‍... എന്നാണ് ആ വാര്‍ത്ത കൊടുത്തത്?'

'ജൂണില്‍ '

അടുത്ത നിമിഷം. 
എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടിയ മട്ടില്‍ ഹരീഷിന്റെ മുഖം വികസിച്ചു. 
ബ്യൂറോയിലുള്ളവരെ ആകമാനമൊന്നു നോക്കിയിട്ട് അയാള്‍ ഒരു വിജയിയെപ്പോലെ റിഷിയുടെ നേരെ തിരിഞ്ഞു.

'യെസ്. ഐ ഗസ് ഇറ്റ്. പ്രമോഷന്‍ പീരീഡ്... അന്നതിനു വേണ്ടി താനുണ്ടാക്കിയ ഫേക്ക് ന്യൂസായിരുന്നു അത്. അല്ലേ... '

അതോടെ റിഷിയുടെ സര്‍വ്വനിയന്ത്രണവും നഷ്ടമായി. അയാള്‍ ഇരിപ്പിടത്തില്‍ നിന്നു ചാടിയെഴുന്നേറ്റു. 'തെമ്മാടിത്തം പറയരുത്. '

മുഖമടച്ച് അടി കിട്ടിയമട്ടിലായി ഹരീഷ്. സായൂജ്യമൂര്‍ച്ഛയില്‍ നിന്ന് മെറ്റില്‍ഡയപ്പോള്‍ പിടഞ്ഞുവീഴുകയും അവളുടെ മുഖം വിളറിവെളുക്കുകയും ചെയ്തു.

'യൂ...'
റിഷിയ്ക്കു നേരെ കൈ ചൂണ്ടി പിന്നിലേക്കു നടക്കുന്നതിനിടയില്‍ ഹരീഷ് കോപംകൊണ്ടു വിറച്ചു. 
'യൂ മസ്റ്റ് ആന്‍സര്‍ ഫോര്‍ ഇറ്റ്. പ്രമോഷനല്ല... ഡീ പ്രമോഷന്‍... യൂ ഡിസര്‍വ് ദാറ്റ്. '

ചീഫ് എഡിറ്ററുടെ അടുത്തേക്കാണ് ഹരീഷ് പാഞ്ഞുപോയത്. കാഴ്ചയില്‍ സാധാരണമെന്നു തോന്നിപ്പിച്ച് അപ്രതീക്ഷിതനീക്കങ്ങള്‍ നടത്താന്‍ അയാള്‍ മിടുക്കനാണ്. ഒറ്റനോട്ടത്തില്‍ ആര്‍ക്കുമത് പിടികിട്ടണമെന്നില്ല. റിഷി വാര്‍ത്ത കൊടുക്കാത്തതിനെപ്പറ്റി ഇതിനകം തന്നെ ഓഫീസില്‍ അയാള്‍ പല തരത്തിലുള്ള അഭ്യൂഹങ്ങള്‍ വിതച്ചുകഴിഞ്ഞിരുന്നു. 

ഫീല്‍ഡില്‍ റിപ്പോര്‍ട്ടര്‍മാര്‍മാര്‍ക്കിടയില്‍ ഹരീഷിനെപ്പറ്റി നിരവധി കഥകളാണുള്ളത്. തൊഴില്‍ സ്ഥാപനത്തിന്റെ ബാനര്‍ ദുരുപയോഗം ചെയ്യുന്നതില്‍ അയാള്‍ക്കൊരു മടിയുമുണ്ടായിരുന്നില്ല.  ഇപ്പോള്‍ താമസിക്കുന്നതുതന്നെ ഒരു അബ്കാരിയുടെ ഉടമസ്ഥതയിലുള്ള ആഡംബര ഫ്ളാറ്റിലാണ്. വാടകകൊടുത്താണു താമസമെങ്കില്‍ ചാനലില്‍ നിന്നു കിട്ടുന്ന ശമ്പളം അതിനു തികയാതെ വരും. സ്വന്തം വീടുപോലെ താമസിക്കുന്നതിന് അബ്കാരി അതയാളെ ഏല്‍പ്പിച്ചതാണെന്ന് റിഷി കേട്ടിട്ടുണ്ട്. അനധികൃതമായി സ്പിരിറ്റ് സ്റ്റോക്കു ചെയ്തതിന് പോലീസ് സീല്‍ ചെയ്തിരുന്ന ഫ്ളാറ്റ് അബ്കാരിക്കു നഷ്ടപ്പെടാതിരിക്കാന്‍ ഹരീഷ് ചില പ്ലാന്റ് സ്റ്റോറികള്‍ ചെയ്തെന്നും അതിന്റെ പ്രതിഫലമായിട്ടാണ് അബ്കാരി അങ്ങനെ ചെയ്തതെന്നുമാണ് അറിയുന്നത്. എന്തുതന്നെയായാലും രഹസ്യങ്ങളും രഹസ്യക്കാരും ഹരീഷിനു നിരവധിയുണ്ടെന്നത് വസ്തുത തന്നെയായിരുന്നു. 

അനന്തരം സംഭവിക്കാന്‍ പോകുന്നതെന്തെന്ന് റിഷി സങ്കല്‍പ്പിച്ചു. ഹരീഷിന് രഹസ്യക്കാര്‍ എപ്രകാരം വിശ്വസ്തരാണോ അതുപോലെയാണ് ചീഫ് എഡിറ്റര്‍ക്ക് അയാളും. അതുകൊണ്ടുതന്നെ ആത്യന്തികമായി റിഷിയുടെ വിധി നിശ്ചയിക്കാന്‍ പോകുന്നത് ബ്യൂറോചീഫ് ഹരീഷ് തന്നെയാണ്. അതിനു തുല്യം ചാര്‍ത്തുക മാത്രമാണ് ചീഫ് എഡിറ്റര്‍ക്കു ചെയ്യാനുള്ളത്. 

ആദ്യപടി അതൊരു എക്സ്പ്ലനേഷന്‍ നോട്ടീസാവാം. അതിനു നല്‍കുന്ന മറുപടി തൃപ്തികരമല്ലെന്നു കാട്ടി മറ്റൊരു ഓര്‍ഡര്‍ പിന്നാലെ വരാം. അത് ഹരീഷ് ഉയര്‍ത്തിയ ഭീഷണി തന്നെയാവാം. ഇപ്പോഴത്തെ പദവിയില്‍ നിന്നുമുള്ള തരം താഴ്ത്തല്‍. അതോടെ റിഷി ഒരു ഗ്രേഡ് താഴേക്കിറങ്ങും. ഡബിള്‍ പ്രമോഷന്‍ നേടി റിഷിയുടെ ഒപ്പമെത്താന്‍ വളഞ്ഞവഴിയെല്ലാം നോക്കുന്ന മെറ്റില്‍ഡ രണ്ടു സ്റ്റെപ്പു മുന്നോട്ടെത്തുന്നതോടെ സ്വാഭാവികമായും പദവിയുടെ അടിസ്ഥാനത്തില്‍ റിഷിയെക്കാള്‍ സീനിയറായിത്തീരും. ഇത്ര കാലംകൊണ്ട് റിഷിയുണ്ടാക്കിയ നേട്ടത്തേക്കാള്‍ വലുത് മൂന്നുവര്‍ഷത്തെ പത്രപ്രവര്‍ത്തനപരിചയം കൊണ്ട് അവള്‍ നേടും. 

റിഷി ലാപ്ടോപ്പ് തുറന്ന് വികാരങ്ങള്‍ കീബോര്‍ഡിലേക്കു പങ്കുവയ്ക്കുകയും പിന്നീടതിന്റെ പ്രിന്റെടുക്കുകയും ചെയ്തു. അയാള്‍ കാണുകയില്ലെന്ന ധാരണയില്‍ മെറ്റില്‍ഡയപ്പോള്‍ പിന്‍സീറ്റിലിരുന്ന് മുരളി കട്ടേലയോട് പുരികക്കൊടിവിക്ഷേപങ്ങളിലായിരുന്നു. എന്നാല്‍ റിഷിയതു പ്രതീക്ഷിച്ചിരുന്നു. അയാള്‍ പെട്ടെന്ന് മെറ്റില്‍ഡയുടെ നേരെ തിരിഞ്ഞു. ഒരൊറ്റ നിമിഷം വേണ്ടിവന്നില്ല അവളിലെ കാപട്യം പരിണമിക്കാനും നിഷ്‌കളങ്കത നിറയാനും. 

ബ്യൂറോയില്‍ ഇന്റര്‍കോം ശബ്ദിച്ചു; ചീഫ് എഡിറ്ററാണ്.
'റിഷി. ക്യാബിനിലേക്കു വരൂ. '

ജഡ്ജിയുടെ റോളില്‍ ചീഫ് എഡിറ്ററും വാദിയായി ബ്യൂറോ ചീഫും ക്യാബിനില്‍ തയ്യാറെടുത്തിരിപ്പുണ്ട്. മാധ്യമവിചാരണ എന്നും വിവാദവിഷയമാണ്. അതേസമയം മാധ്യമപ്രവര്‍ത്തകന്‍ നേരിടുന്ന 
വിചാരണ അധികമാരും അറിയാറില്ല. ഇതുപോലൊരു ജഡ്ജിയുടെയും അയാളുടെ ഇഷ്ടക്കാരുടെയും 
ഇടയില്‍ അതൊതുങ്ങും. മുഖത്ത് ഭാവപ്പകര്‍ച്ചയുടെ സ്റ്റാറ്റസില്‍ റിഷി ഫീലിംഗ് പുഛം പോസ്റ്റുചെയ്തു. അതു കൃത്യമായി മനസ്സിലാക്കിയ ഹരീഷ് ഒളികണ്ണിട്ട് ചീഫ് എഡിറ്ററെയൊന്നു നോക്കി. ഇരുവരും തമ്മില്‍ നിമിഷാര്‍ത്ഥത്തില്‍ ചില ആശയവിനിമയങ്ങള്‍ നടന്നു.

'റിഷിക്കറിയാവുന്ന കാര്യം തന്നെയാണ് '
ചീഫ് എഡിറ്റര്‍ ഒരു കവര്‍ അയാള്‍ക്കു നേരെ നീട്ടി. 
'ഐ നീഡ് യുവര്‍ റിപ്ലൈ ഇമ്മീഡിയറ്റ്ലി'  

റിഷി അതു കൈപ്പറ്റിയില്ല. പകരം തന്റെ കൈവശമുണ്ടായിരുന്ന പേപ്പര്‍ അയാള്‍ ചീഫ് എഡിറ്ററുടെ മേശമേല്‍ വച്ചു. 
'ഐ ആം സൈനിംഗ് ഓഫ് ഫ്രം ഹിയര്‍. ദിസ് ഈസ് മൈ റസിഗ്‌നേഷന്‍ ലെറ്റര്‍...'

ചീഫ് എഡിറ്ററും ബ്യൂറോചീഫും അത്തരമൊരു നീക്കം പ്രതീക്ഷിച്ചിരുന്നില്ല. ആദ്യത്തെ അന്ധാളിപ്പ് 
മറച്ചുവച്ച് എന്തോ പറയാന്‍ ചീഫ് എഡിറ്റര്‍ മുന്നോട്ടാഞ്ഞു. അപ്പോഴേക്കും റിഷി തന്റെ നിലപാടുറപ്പിച്ചു.
'ഇമ്മീഡിയറ്റ് ഡിസിഷനാണ്. നോട്ടീസ് പീരീഡില്ല. സോ... എനിക്ക് ഈ മാസത്തെ ശമ്പളം വേണ്ട'

ഇരുവര്‍ക്കും മറുവാക്കുകള്‍ക്കുള്ള അവസരം നല്‍കാതെ റിഷി ക്യാബിനു പുറത്തിറങ്ങി. നെഞ്ചില്‍ നിന്ന് ഒരു ഭാരം ഒഴിഞ്ഞ ആശ്വാസമായിരുന്നു അയാള്‍ക്ക്. ബ്യൂറോയില്‍ നിന്ന് ബാക്ക്പാക്ക് മാത്രമേ എടുക്കാനുണ്ടായിരുന്നുള്ളൂ. ഗ്രൗണ്ടില്‍ ബൈക്കിനരികിലെത്തിയപ്പോള്‍ പിന്നില്‍ സാജന്റെ ശബ്ദം. അയാളെങ്ങനെയോ കാര്യങ്ങള്‍ മണത്തറിഞ്ഞിട്ടുണ്ട്. 

'അണ്ണാ... മണ്ടത്തരം കാണിക്കല്ലേ. ഒരു ബാനറൊക്കെയിങ്ങനെ ഒന്നും കാണാതെ വലിച്ചെറിയല്ലേ....'

'മീഡിയ മാറിക്കഴിഞ്ഞു സാജന്‍. ബാനറിലും ഹോര്‍ഡിംഗ്സിലുമൊന്നും വലിയ കാര്യമില്ല. അവനവന്‍ തന്നെയാണ് ഇന്ന് മീഡിയ '

എന്തു മറുപടി പറയണമെന്നറിയാതെ സാജന്‍ നിന്നു. മനസ്സുതുറന്നു ചിരിച്ചു യാത്ര പറഞ്ഞ റിഷി ഒരു മുരള്‍ച്ചയോടെ ബൈക്ക് റേയ്സ് ചെയ്ത് മുന്നോട്ടുനീങ്ങി.  

മുന്‍ ഭാഗങ്ങള്‍ വായിക്കാം

(തുടരും)

 Content Highlights: Malayalam Novel based on true story part Five