15

കഥ ഇതുവരെ

തിരാവിലെ വാര്‍ഡന്റെ ഫോണ്‍കോള്‍ പതിവില്ലാത്തതാണ്. വിശേഷിച്ചെന്തോ ഉണ്ടെന്ന റിഷിയുടെ ഊഹം ശരിയായിരുന്നു. അയാളെ കാണണമെന്ന് ജീന ആവശ്യപ്പെട്ടിരിക്കുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ അറിയിച്ച വസ്തുതകളെല്ലാം ജീനയെ കാര്യമായി ഉലച്ചിട്ടുണ്ടെന്നും അവളുടെ ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നെന്നും റിഷിക്കു തോന്നി. പിറന്ന നാട്ടില്‍നിന്ന് സാമുവല്‍ ഒളിച്ചോടേണ്ടിവന്നത് അവള്‍ കാരണമാണ്. അയാള്‍ നേരിട്ട അവഹേളനത്തിന്റെയും ഒറ്റപ്പെടലിന്റെയും തീക്ഷ്ണതയില്‍ ജീന ഉള്‍ച്ചൂടിലുരുകിയിട്ടുണ്ടാവണം.

' രാത്രി വൈകി ... ഒരു പത്തര, പതിനൊന്നായിക്കാണും... റിഷിയെ കാണണമെന്നു പറയുകയായിരുന്നു. നേരം പുലര്‍ന്നിട്ടു വിളിക്കാമെന്നാ ഞാന്‍ കരുതിയത്. രാവിലെ ആറുമണിയായില്ല ;അതിനുമുമ്പേ അവളു വീണ്ടും വന്നു. '

സദനം ഓഫീസിനു മുന്നില്‍ കാത്തുനിന്നിരുന്ന വാര്‍ഡന്റെ വാക്കുകള്‍ ജീനയുടെ മനപ്പരിവര്‍ത്തനത്തിന്റെ തോത് വ്യക്തമാക്കി. പതിവുഹാളില്‍ അവള്‍ കാത്തിരിപ്പുണ്ടായിരുന്നു. ഇരുവരെയും സ്വതന്ത്രമായി സംസാരിക്കാന്‍ വിട്ട് വാര്‍ഡന്‍ ഓഫീസ് മുറിയിലേക്കു പിന്‍വാങ്ങി.

' എന്താ ജീന ? '
റിഷി ആകാംക്ഷ മറച്ചുവച്ചില്ല.

അവളൊന്നും മിണ്ടിയില്ല.  അയാളിലുറച്ച കണ്ണുകള്‍ മെല്ലെ താഴ്ത്തി ജീന സാരിത്തലപ്പിനുള്ളില്‍ മൂടിവച്ചിരുന്ന കവര്‍ ജീന പുറത്തെടുത്തു.
 
' അപ്പച്ചനെത്തിക്കണം. തപാലിലയച്ചാലും മതി. എന്റെ കയ്യില്‍ അഡ്രസില്ല '

തെല്ലു സംശയത്തോടെ റിഷി കത്തുവാങ്ങി.  

' ഒട്ടിച്ചിട്ടില്ല.  '

അവള്‍ പറഞ്ഞതിന്റെ അര്‍ത്ഥം റിഷിക്കു മനസ്സിലായി. സാമുവലിനുള്ള കത്താണെങ്കിലും അതില്‍ റിഷിക്കറിയേണ്ടത് കുറിച്ചിട്ടുണ്ട്. അയാളതു വായിക്കുന്നതിനു വേണ്ടിയാണ് ഒട്ടിക്കാതിരുന്നത്.  

' ഷുവര്‍ ജീന. രാവിലെ തന്നെ ഞാനിത് സാമുവല്‍സാറിന് അയക്കുന്നുണ്ട്.'

വലിയൊരു ഭാരം ഇറക്കിവച്ചതുപോലെ അവള്‍ പുഞ്ചിരിച്ചു. ദു:ഖസാന്ദ്രമായിരുന്നു ആ ചിരി .  

കത്തിനു നല്ല കനമുണ്ട്. ഭൂതകാലവും വര്‍ത്തമാനകാലവും നിരവധി പേജുകളിലായി അവള്‍ കോറിയിട്ടിട്ടുണ്ടാവണം. അവള്‍ മൗനം വെടിയുന്നതോടെ ദുരൂഹതയുടെ അവസാനചുരുളും അഴിയാന്‍ പോകുന്നു. ധൃതിയില്‍ വീട്ടിലെത്തി റിഷി കത്തു തുറന്നു.

ആദ്യവരി തന്നെ ഉള്ളുലച്ചു.  

പ്രിയപ്പെട്ട അപ്പച്ചന്,
അവിടെ വന്ന് കാലില്‍ കെട്ടിപ്പിടിച്ച് കരയണമെന്നുണ്ട്. പക്ഷേ അപ്പച്ചന്റെ മുന്നില്‍ നില്‍ക്കാനും മുഖത്തുനോക്കാനും എനിക്കിനി യോഗ്യതയില്ല.  
അത്രവലിയ ദ്രോഹമാണ് ഞാനപ്പച്ചനോടു ചെയ്തത്.

ആ കത്ത് കോറമംഗലയിലെ റസിഡന്‍ഷ്യല്‍ ഏരിയയില്‍ നടന്ന രക്തദാനക്യാമ്പിലേക്കാണ് റിഷിയെയെത്തിച്ചത്.
തൊട്ടടുത്ത സ്ഥാപനങ്ങളില്‍ പഠിച്ചിരുന്ന ജീനയും കിരണ്‍രാജും പരിചയപ്പെട്ടത് അവിടെവച്ചാണ്. തിരുനെല്ലായിക്കാരനും മണിക്കടവുകാരിയും തമ്മിലുണ്ടായ സൗഹൃദം വളരാനും അതു പ്രണയമായി മാറാനും അധികകാലം വേണ്ടിവന്നില്ല. നിരന്തരമുള്ള ഫോണ്‍വിളികളുടെയും കൂടിക്കാഴ്ചകളുടെയും നാളുകളിലാണ് സ്വാമിമഠം ജീനയുടെ സ്വപ്‌നങ്ങളില്‍ കടന്നുകൂടിയത്. മിസ്റ്റിക് പശ്ചാത്തലമുള്ള സ്വാമിമഠവും വിളിപ്പുറത്തുള്ള ഉപാസനാമൂര്‍ത്തികളും മോഹിപ്പിക്കുന്നതായിരുന്നു. പാരമ്പര്യവൈദ്യത്തിന്റെയും യോഗയുടെയും നിഴല്‍നിലാവുകള്‍ പുരണ്ട വാങ്മയചിത്രങ്ങള്‍ ആകര്‍ഷിക്കുന്നതായിരുന്നു. സ്വാമിമഠത്തെ വലിയാരു കൗതുകമായി അവളുടെയുള്ളില്‍ അനുദിനം വളര്‍ത്തുന്നതില്‍ കിരണ്‍രാജ് വിജയിച്ചു.

രണ്ടുമതത്തില്‍പ്പെട്ടവര്‍ എന്ന നിലയില്‍ വിവാഹക്കാര്യം സാമുവലിന്റെ സങ്കല്‍പ്പങ്ങള്‍ക്കു വിരുദ്ധമാണെന്ന് ജീനയ്ക്കറിയാം. അതിനൊപ്പമാണ് വിവാഹം ഒരു ചടങ്ങായി നടത്താന്‍ താല്‍പ്പര്യമില്ലെന്ന കിരണിന്റെ തീരുമാനം മറ്റൊരു വെല്ലുവിളിയായത്. പഠനം കഴിഞ്ഞൊരു ജോലിയില്‍ പ്രവേശിച്ചാലുടന്‍  ആര്‍ഭാടമായി വിവാഹം നടത്താന്‍ സാമുവല്‍ കാത്തിരിക്കുകയാണ്.   

' കല്യാണം വല്യ കേമമാക്കണമെന്നാ അപ്പച്ചന്. അമ്മച്ചീടെ ആശയായിരുന്നു വിളിച്ചുകൂട്ടി വല്യ നെലേലു വേണം നടത്താനെന്ന്....'

' മാര്യേജ്... ഗറ്റ് റ്റുഗദര്‍... അതെക്കെ വെറും ഫോര്‍മാലിറ്റീസല്ലേ. അണ്‍നെസസ്സറി കസ്റ്റംസ്. അതിന്റെയൊന്നും ആവശ്യമില്ല'

' അതു നടക്കുമെന്നു തോന്നുന്നില്ല. അപ്പച്ചന്‍ സമ്മതിക്കില്ല '

'അതാണ് സെല്‍ഫിഷ്‌നസ്. നിനക്ക് സ്വാതന്ത്ര്യം തരുന്നില്ലെങ്കില്‍ അതിനര്‍ത്ഥമെന്താ ? നീയൊരു പ്രോപ്പര്‍ട്ടി മാത്രമാണെന്നാണ്.  അപ്പച്ചന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് ഉപയോഗപ്പെടുത്താവുന്ന പ്രോപ്പര്‍ട്ടി '

ലിവിംഗ് ടുഗദര്‍ എന്ന സാമാന്യസങ്കല്‍പ്പത്തിനപ്പുറം ജീവിതത്തിന് സന്ധികളും വ്യവസ്ഥകളും പാടില്ലെന്ന അഭിപ്രായം കിരണ്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. എങ്കിലും ഒടുവിലയാള്‍ക്ക് അര്‍ദ്ധമനസ്സോടെ ജീനയോടു വഴങ്ങേണ്ടിവന്നു.

' ഇഞ്ചിക്കൃഷീം ഗ്രാമ്പൂവുമൊക്കെയായി കുറേ ഏക്കറുള്ളതല്ലേ. ഇനി രജിസ്ടര്‍ വിവാഹം സമ്മതിച്ചില്ലെന്നു പറഞ്ഞ് അതൊന്നും തരാതിരിക്കണ്ട.'
അയാളുടെ വാക്കുകളില്‍ നീരസം ബാക്കിനിന്നു.

അതിന്റെ തുടര്‍ച്ചയായിരുന്നു സ്വാമിമഠത്തിലേക്കുള്ള സാമുവലിന്റെ യാത്ര. ബാംഗ്ലൂരിലുണ്ടായിരുന്ന കിരണ്‍രാജിനെ അന്നുതന്നെ ജീന അക്കാര്യമറിയിച്ചു. അത്ര തിടുക്കപ്പെട്ട് സാമുവല്‍ വീട്ടിലെത്തുമെന്ന് കിരണൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പിന്നീട് രണ്ടാഴ്ചയോളം അയാളവളെ വിളിച്ചില്ല.  ജീന കടുത്ത മാനസികസമ്മര്‍ദ്ദത്തിലായി. ചെറിയൊരു കാര്യം മതി അവള്‍ക്ക് ഉറക്കം നഷ്ടമാവാന്‍. അവളുടെ ഈ സ്വഭാവത്തിനു പറ്റിയ ഒറ്റമൂലി കിരണ്‍ തന്നെ അവള്‍ക്കു കൊടുത്തിട്ടുണ്ട്. പാരമ്പര്യസിദ്ധിപ്രകാരം സ്വാമിവൈദ്യന്‍ തയ്യാറാക്കിയ പച്ചക്കര്‍പ്പൂരത്തിന്റെ ഭസ്മരുചിയുള്ള പ്രത്യേക ചൂര്‍ണ്ണം. അതിന്റെ ഔഷധക്കൂട്ട് പരമരഹസ്യമാണ്. അതിന്റെ തരിപ്പിലും സാന്ത്വനത്തിലും അവള്‍ മനസ്സമാധാനം കണ്ടെത്തിയിരുന്നു. മതിവരുന്നോളം മയങ്ങിക്കിടന്നിരുന്നു.

പിന്നീടു കിരണവളെ വിളിച്ചത് സാമുവല്‍ സ്വാമിമഠത്തില്‍ ചെന്നതിനെപ്പറ്റി പറയാനാണ്.   

'നിന്റെ അപ്പച്ചനവിടെ പോയത് കല്യാണം നടത്തിക്കാനല്ല; മുടക്കാനാണ്. '

' എന്തുണ്ടായി കിരണ്‍ ...?'
അവള്‍ക്ക് ആകാംക്ഷയായി.

'എന്റെ ഫാദറിനോട് മോശമായാണ് ജീനയുടെ അപ്പച്ചന്‍ പെരുമാറിയത്. എന്നോടു പിന്തിരിയാന്‍ പറയണമെന്ന്...അവര്‍ തമ്മില്‍ മുഷിഞ്ഞാണു പിരിഞ്ഞത്. ഇനിയെന്തായാലും ഫാദറിനെ വിവാഹത്തിനു പ്രതീക്ഷിക്കണ്ട. എനിക്കതില്‍ വിഷമമൊന്നുമില്ല '

സാമുവലില്‍നിന്ന് അത്തരം പ്രവൃത്തി ജീനയ്ക്കു വിശ്വസിക്കാനായില്ല. വിവാഹത്തെ ആദ്യം അപ്പച്ചനെതിര്‍ത്തിരുന്നതു ശരിതന്നെ.  എന്നാല്‍ എതിര്‍പ്പു മാറിയതുകൊണ്ടാണല്ലോ പിന്നീടു സമ്മതം നല്‍കിയതും സ്വാമിമഠത്തിലേക്കു പോയതും. തന്നെയുമല്ല സ്വാമി വൈദ്യരോടെന്നല്ല ആരോടും മോശമായി പെരുമാറുന്ന ആളല്ല അപ്പച്ചന്‍.

'അപ്പോള്‍പ്പിന്നെ ഞാന്‍ കള്ളം പറയുകയാണെന്നാണോ ? ലുക്ക് ജീന ... ഇതൊക്കെ നിന്റെ അപ്പച്ചന്റെ ടാക്ടിക്‌സാണ്. അപ്പച്ചന്‍ പറയുന്നതൊന്നും നീ വിശ്വസിക്കരുത്. വിവാഹം നടത്തിത്തരാമെന്നു പറഞ്ഞത് വെറുതെയാണ്. '

ജീന വിഷമവൃത്തത്തിലായി. അപ്പച്ചന്‍ അങ്ങനെ ചെയ്യില്ലെന്നു കരുതുന്നതുപോലെ പ്രധാനമാണ് ഇക്കാര്യത്തില്‍ കിരണ്‍ നുണ പറയേണ്ട ആവശ്യമില്ല എന്നതും.  
തന്റെ ആഗ്രഹങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് നടിച്ച് അപ്പച്ചന്‍ ചതിക്കുകയാണോ ?
കിരണ്‍ പറഞ്ഞതുപോലെ സ്വാമി വൈദ്യരാണു തടസ്സമെന്നു വരുത്തി തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയാണോ ?

ആശയക്കുഴപ്പങ്ങളുടെ ആ ദിനങ്ങളിലൊന്നിലാണ് വികാരിയച്ചന്റെ ശുപാര്‍ശക്കത്തുമായി ജീനയ്ക്കു ജോലി തേടി സാമുവല്‍ യാത്രയായത്. സാമുവലില്ലാത്ത തക്കത്തിന് കിരണ്‍രാജ് ആനത്താര വീട്ടിലെത്തി.

' നീ കരുതുന്നുണ്ടോ ജോലി അന്വേഷിച്ചാണ് അപ്പച്ചന്‍ പോയതെന്ന് ? '

' പിന്നെ ? '

' സംശയമെന്താ. നിനക്കേതോ വിവാഹാലോചനയ്ക്കു വേണ്ടി പോയതാണ് '

' അപ്പോള്‍ പള്ളിയില്‍ നിന്നുള്ള കത്ത് ? '

' കത്തുണ്ടെങ്കിലെന്താ ... വിവാഹാലോചന നടക്കില്ലേ ? '

കിരണ്‍ മടങ്ങിയതോടെ അവളുടെ സംഭ്രാന്തി വര്‍ദ്ധിച്ചു. അവള്‍ക്ക് മുന്നില്‍ അവലംബം അയാളന്നും നല്‍കിയ ഒറ്റമൂലി മാത്രം. പതിവുഡോസില്‍നിന്നും ഇരട്ടിയിലധികം നാക്കിലിട്ട് അവള്‍ ബഡ്ഡില്‍ കയറിക്കിടന്നു. പച്ചക്കര്‍പ്പൂരത്തിന്റെ രുചിയില്‍ സ്‌നിഗ്ധചൂര്‍ണ്ണം അവളെ മയക്കത്തിന്റെ നിമ്‌നോന്നതികളിലേക്കെത്തിച്ചു. അതിനിടയിലാണ് അവളെ ആരോ ബന്ധിച്ചതും കാഴ്ചയും ശബ്ദവും മൂടിക്കെട്ടിയതും നഗ്നയാക്കിയതും. ആ മൃഗീയതയില്‍ ഞെരിഞ്ഞമര്‍ന്നപ്പോഴും വേദനകൊണ്ടു പുളഞ്ഞപ്പോഴും അവള്‍ക്ക് മയക്കം വിട്ടുണരാനായില്ല. ഒടുവിലെപ്പോഴോ കണ്ണു തുറന്നപ്പോള്‍ ബാത്ത് ടവ്വല്‍ ചുറ്റി അപ്പച്ചന്‍ മുന്നില്‍ നില്‍ക്കുന്നു.  

അവള്‍ക്കൊന്നും മനസ്സിലായില്ല. അലറിക്കരഞ്ഞപ്പൊഴേക്കും ആളുകള്‍ ഓടിക്കൂടി. എവിടെനിന്നെന്നറിയില്ല, മടങ്ങിപ്പോയെന്നു കരുതിയിരുന്ന കിരണും അവിടെയെത്തി. ശരവേഗത്തിലയാള്‍ ജീനയുടെ അടുത്തെത്തി കാതിലേക്കു കുനിഞ്ഞു.
' ഞാന്‍ പറഞ്ഞതല്ലേ... ഇയാള്‍ കുഴപ്പമാണെന്ന്. '

കിരണിന്റെ വെളിപ്പെടുത്തല്‍ ജീനയെ തകര്‍ത്തു. വന്യമൃഗത്തെപ്പോലെ അപ്പച്ചന്‍ മുന്നില്‍. അയാള്‍ ആളുകളെ എന്തൊക്കെയോ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നു.

കിരണ്‍ പിന്നീടവളെ അവിടെ നിര്‍ത്തിയില്ല. അപ്പോള്‍ത്തന്നെ പുറപ്പെട്ടു. അയാള്‍ക്കതിന്  ആരുടെയും അനുവാദം വേണ്ടിവന്നില്ല. ആരും തടയാന്‍ മുതിര്‍ന്നതുമില്ല. ഫോര്‍ട്ട് കൊച്ചിയില്‍ അമരാവതി റോഡ് സൈഡില്‍ ഒരു വാടക വീട്ടിലേക്കാണ് അയാളവളെ കൊണ്ടുപോയത്. അവിടെ അയാള്‍ക്കൊരു ആയുര്‍വ്വേദ മരുന്നുകടയുടെ ഫ്രാഞ്ചൈസിയുമുണ്ടായിരുന്നു.

ആഴ്ചകള്‍ പിന്നിട്ടതോടെ അതും സംഭവിച്ചു. ജീനയുടെ ഉദരത്തില്‍ ജീവന്‍ തുടിച്ചു. അംഗീകരിക്കാനാകാത്ത സത്യത്തില്‍ അവളുരുകി.

കുഞ്ഞ് കിരണിന്റെയും ജീനയുടെയും ജീവിതത്തില്‍ ചോദ്യചിഹ്നമാണ്. ഗര്‍ഭകാലത്തിന്റെ പ്രാരംഭഘട്ടത്തില്‍ വേണമെങ്കിലതിനെ ഇല്ലാതാക്കാമായിരുന്നു. എന്നാല്‍ അതെപ്പറ്റി ഒരിക്കല്‍പ്പോലും കിരണ്‍ ചിന്തിക്കുകയോ പറയുകയോ ചെയ്തില്ല. ജീനയ്ക്ക് അയാളോടുള്ള സ്‌നേഹവിശ്വാസങ്ങള്‍ പൂര്‍വ്വാധികം ശക്തമാകാന്‍ അതു ധാരാളമായിരുന്നു.

ആദ്യമൊക്കെ മരുന്നുകടയില്‍ നിന്ന് നല്ല വരുമാനം കിട്ടിയിരുന്നതാണ്. എന്നാല്‍ പൊടുന്നനെ കിരണിന്റെ സാമ്പത്തിക ബാധ്യതകള്‍ പെരുകിവന്നു. എത്ര ആലോചിച്ചിട്ടും ജീനയ്ക്കതിന്റെ കാരണം മനസ്സിലായില്ല. പിന്നാലെ മാറാരോഗങ്ങള്‍ക്ക് തപാല്‍മാര്‍ഗ്ഗം മരുന്നുവിറ്റ് നിയമക്കുരുക്കിലും പെട്ടതോടെ മരുന്നുകട അടച്ചുപൂട്ടേണ്ടതായും വന്നു.
അതിനിടയ്ക്കാണ് അവകാശപ്രശ്‌നമെന്ന നിലയില്‍ കിരണ്‍ ആ നിര്‍ദ്ദേശം വച്ചത്.  
' പാടില്ലാത്തതൊക്കെ സംഭവിച്ചു. സാമുവലിനെ വെറുതെ വിടരുത്. അയാളില്‍ നിന്ന് കിട്ടാനുള്ളതെല്ലാം  വാങ്ങിയെടുക്കണം. നിനക്കുമാത്രമല്ല നിന്റെ വയറ്റില്‍ കിടക്കുന്ന കുട്ടിക്കും അതവകാശപ്പെട്ടതാണ് '

കിരണിന്റെ നിര്‍ദ്ദേശത്തെ അവള്‍ എതിര്‍ത്തില്ല. അവളുടെ ഉള്ളിലുള്ള കനല്‍ തന്നെയാണയാള്‍ ഊതിത്തെളിച്ചത്.
കിരണ്‍ അന്നുതന്നെ സാമുവലിനെ ഫോണില്‍ വിളിച്ച് ആവശ്യമുന്നയിച്ചു. സാമുവലിന്റെ സ്വത്തുക്കള്‍ മുഴുവനും എഴുതിനല്‍കണം.
എന്നാല്‍ സാമുവല്‍ അതിനൊരുക്കമായിരുന്നില്ല. അയാള്‍ ശക്തമായെതിര്‍ത്തതോടെ കിരണ്‍ അരിശം പ്രകടിപ്പിച്ച് ഫോണ്‍ കട്ടു ചെയ്തു.

' ഒരിഞ്ചു സ്ഥലം വിട്ടുതരില്ലെന്നാണ് അയാള്‍ പറയുന്നത്.  നിന്നെ ഞാനിങ്ങോട്ടു കൊണ്ടുവന്നിരുന്നില്ലെങ്കിലോ...എനിക്കുറപ്പാ... നീ അയാളുടെ കണ്ട്രോളിലായേനെ. നിന്നെ അയാളാര്‍ക്കും വിട്ടുകൊടുക്കില്ലായിരുന്നു. സ്വന്തം പ്രോപ്പര്‍ട്ടിയായി വച്ചനുഭവിച്ചേനെ. നിന്റെ അമ്മച്ചി മരിച്ചിട്ടു കൊറേയായില്ലേ. വഷളന്‍ '

ജീനയ്ക്കപ്പോള്‍ മറ്റെന്തിനേക്കാളും വിശ്വാസം കിരണിന്റെ വാക്കുകളായിരുന്നു. ഒപ്പം ചേര്‍ത്തുനിര്‍ത്താന്‍ ഇതുപോലെ ഒരാളില്ലായിരുന്നെങ്കില്‍ തന്റെ സ്ഥിതി എന്താവുമെന്ന് അവള്‍ക്ക് ഊഹിക്കാനേ കഴിയില്ല.
അപ്പച്ചനെക്കുറിച്ചോര്‍ത്ത് കിരണിന്റെ വാക്കുകള്‍ തന്നെ അവള്‍ അറപ്പോടെ ആവര്‍ത്തിച്ചു.
' വഷളന്‍ '

പിന്നെയും ഇതേ ആവശ്യമുന്നയിച്ച് കിരണ്‍ രണ്ടുതവണ സാമുവലിനെ വിളിച്ചിരുന്നു. എന്നാല്‍ അവര്‍ തമ്മില്‍ സംസാരിച്ചതെന്തെന്നറിയാന്‍ ജീന താല്‍പ്പര്യപ്പെട്ടില്ല. അത്രമാത്രം സാമുവലിനെ അവള്‍ വെറുത്തിരുന്നു.

ആ വെറുപ്പിന്റെ കാഠിന്യത്തിലേക്ക് കിരണ്‍ പിന്നെയും പടര്‍ന്നുകയറി.  
' സാമുവലിനെതിരെ കേസു കൊടുക്കണം. കോംപ്രമൈസ് പിന്നെ അയാളുടെ ആവശ്യമാണ്. അയാള്‍ താഴെ വന്നോളും'

പരിണതഫലമെന്തെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും ജീന അതനുസരിച്ചു. സാമുവല്‍ പോലീസ് കസ്റ്റഡിയിലായി. കേസ് കോടതിയിലെത്തും മുമ്പ് നാണക്കേടു കാരണം സാമുവല്‍ അനുരഞ്ജനത്തിനെത്തുമെന്നാണ് കിരണ്‍ കരുതിയത്. സാമുവലിന്റെ സ്വത്തുക്കളെല്ലാം എഴുതിവാങ്ങി കേസ് പറഞ്ഞൊതുക്കാനുള്ള കിരണിന്റെ പദ്ധതിക്ക് എസ് ഐ പൗലോസിന്റെ സകലവിധ ഒത്താശയുമുണ്ടായിരുന്നു.  
എന്നാല്‍ കോടതിയില്‍ കാര്യങ്ങള്‍ തെളിയട്ടെയെന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടിലായിരുന്നു സാമുവല്‍. സാക്ഷികളും സാഹചര്യത്തെളിവുകളും എതിരാണെന്ന് പൗലോസ് മുന്നറിയിപ്പു നല്‍കിയിട്ടും യോജിപ്പിലെത്താന്‍ അയാള്‍ തയ്യാറായില്ല.  

കോടതി നടപടികളിലേക്കു കാര്യങ്ങളെത്തി. അതു വലിയ വാര്‍ത്തയാക്കാന്‍ കിരണിനെ ഉപദേശിച്ചത് പൗലോസാണ്. വാര്‍ത്തകള്‍ വരുന്നത് സാമുവലിനെ സമ്മര്‍ദ്ദത്തിലാക്കുമെന്ന് കിരണിനും ഉറപ്പായിരുന്നു. അയാള്‍ കാര്യങ്ങള്‍ ജീനയെ ബോധ്യപ്പെടുത്തി.
 
' നീ ചാനലില്‍ ഇന്റര്‍വ്യൂ കൊടുക്കണം. നിനക്കും നിന്റെ വയറ്റിലുള്ള കുഞ്ഞിനും ഒരു കുഴപ്പവും വരാതെ ഞാന്‍ നോക്കും. ആ കുഞ്ഞ് നമ്മുടെ കുഞ്ഞായി വളരും '

കിരണ്‍ നല്‍കിയ ആത്മബലം വലുതായിരുന്നു. അതുമാത്രം മതിയായിരുന്നു ജീനയ്ക്ക്. പൂര്‍ണ്ണഗര്‍ഭിണിയെന്ന ക്ലേശവും ബലഹീനതയും മറന്ന് അവളതിനു തയ്യാറായി.
ചാനല്‍ ത്രീയില്‍ ഇന്റര്‍വ്യു ടെലികാസ്റ്റുചെയ്തു. വാര്‍ത്തകള്‍ പിന്നാലെ വന്നു. നാട്ടുകാരിലാര്‍ക്കെങ്കിലും സംശയത്തിന്റെ ആനുകൂല്യം സാമുവലിനോടുണ്ടായിരുന്നെങ്കില്‍ അതും ഇല്ലാതെയായി.
പക്ഷേ, സാമുവലപ്പോഴും മൊഴിയില്‍ ഉറച്ചുനിന്നു.

പ്രസവദിനം അടുത്തതോടെ ജീനയൊരു വിഷാദരോഗിയെപ്പോലെ പെരുമാറാന്‍ തുടങ്ങി. ആണ്‍കുഞ്ഞായിരുന്നു ജീനയുടേത്. ഒരു മകള്‍ സ്വന്തം പിതാവിന്റെ കുഞ്ഞിനെ പ്രസവിച്ചിരിക്കുന്നു. ഓര്‍മ്മകള്‍ അറ്റുപോയിരുന്നെങ്കിലെന്നാശിച്ച് അവള്‍ കണ്ണീരൊഴുക്കി. അപ്പച്ചന്റെ എന്തെങ്കിലും ഛായ കുഞ്ഞിനുണ്ടോ? ഒറ്റയ്ക്കിരിക്കുമ്പോള്‍ കുഞ്ഞിന്റെ മുഖത്തവള്‍ തിരഞ്ഞത് അതാണ്. നിരാശയായിരുന്നു ഫലം.

കേസിന്റെ ഭാഗമായി ഡി എന്‍ എ ടെസ്റ്റ് വേണ്ടിവന്നിരുന്നു. അതിന്റെ ഫലം ജീനയെ ഞെട്ടിച്ചു. കുഞ്ഞിന്റെ പിതാവ് സാമുവലല്ല.
സാമാന്യവിരുദ്ധമായ ചിന്തകള്‍ ബോധതീരം അടിച്ചുതകര്‍ക്കുന്നു. ജീന ഉന്മാദിനിയെപ്പോലെ തലതല്ലിച്ചതച്ചു. നാലുദിക്കില്‍ നിന്നും വെളിപാടുചോദ്യങ്ങളുയരുന്നു.   
സാമുവലല്ലെങ്കില്‍ പിന്നെയാരാണ് നിന്നെ ഉപദ്രവിച്ചത് ?
നിന്റെ വയറ്റില്‍ വളര്‍ന്ന കുഞ്ഞിന്റെ പിതാവാരാണ്് ?
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍.

സാമുവല്‍ കുറ്റവിമുക്തനായിരിക്കുന്നു. ജീനയ്ക്ക് ഒന്നുമറിയില്ലെന്ന സത്യം കിരണ്‍ പോലും വിശ്വസിക്കില്ലെന്നവള്‍ക്കറിയാം. ആശ്വാസത്തിനുവേണ്ടി ഒറ്റമൂലി തിരഞ്ഞെങ്കിലും അതു തീര്‍ന്നിരുന്നു. അടുത്ത തവണ സ്വാമിമഠത്തില്‍ പോയി വരുമ്പോള്‍ കൊണ്ടുവരാമെന്ന് കിരണവളെ ആശ്വസിപ്പിച്ചു.  

സ്വാമി മഠത്തിലേക്കെന്ന പേരില്‍ അടിക്കടി കിരണ്‍ നടത്തിയിരുന്ന യാത്രകള്‍ പലപ്പോഴും ജീനയ്ക്ക് ദുരൂഹമായിരുന്നു. എല്ലാത്തിനും അവള്‍ മൗനസാക്ഷിയായി. വലിയൊരു ന്യൂനതയാണ് താനെന്ന ആത്മനിന്ദയായിരുന്നു അവള്‍ക്ക്. കിരണിനെ ചോദ്യം ചെയ്യാനുള്ള യോഗ്യത നഷ്ടപ്പെട്ടിരിക്കുന്നു. കിരണിന്റെ സമീപനത്തിലും കാര്യമായ മാറ്റം വന്നിട്ടുണ്ട്. അയാളുടെ സാന്നിധ്യമില്ലാത്ത നാളുകളില്‍ അവരെങ്ങനെ കഴിഞ്ഞുകൂടുന്നുവെന്നുപോലും അന്വേഷിക്കാറില്ല. വീട്ടിലുള്ളപ്പോള്‍പ്പോലും ഒറ്റയ്‌ക്കൊരു മുറിയിലാണ് കൂടുതല്‍ സമയവും.  ജീനയോട് പഴയ രീതിയിലുള്ള സംസാരമില്ലെന്നു മാത്രമല്ല ഇടയ്‌ക്കൊക്കെ കുത്തുവാക്കുകള്‍ക്കും മടിക്കുന്നില്ല.  

ഒരു ദിവസം.
അവിചാരിതമായാണ് ജീന ആ കാഴ്ച കണ്ടത്. കിരണ്‍ കൈത്തണ്ടയില്‍ മയക്കുമരുന്നു കുത്തിവയ്ക്കുന്നു.
ആ കാഴ്ചയുടെ ആകസ്മികാഘാതത്തില്‍ പാഞ്ഞെത്തിയ അവള്‍ സിറിഞ്ച് തട്ടിനീക്കാന്‍ ശ്രമിച്ചു. എന്നാലപ്പോള്‍ തീര്‍ത്തും അപരിചിതമായ മുഖമായിരുന്നു കിരണിന്. അയാളവളെ മുറിയുടെ മൂലയിലേക്ക് ശക്തമായി പിടിച്ചുതള്ളി.

' ഇല്ല, ഇതു ഞാന്‍ സമ്മതിക്കില്ല...'
വീണിടത്തുനിന്ന് കൈകുത്തിയെഴുനേറ്റ ജീന വീണ്ടും അയാളുടെ അടുത്തേക്കു നീങ്ങി.
' കിരണ്‍ മയക്കുമരുന്ന് യൂസ് ചെയ്യാന്‍ ഞാന്‍ സമ്മതിക്കില്ല '

ക്രൂരത ദര്‍ശിക്കുന്നതിലുള്ള സുഖം നിഷ്ഠൂരമായി ചിരിച്ചനുഭവിച്ച് അയാളപ്പോള്‍ പറഞ്ഞു.
'അപ്പോള്‍ നീയോ ? നീയും ഇതൊക്കെത്തന്നെയല്ലേ ഉപയോഗിച്ചിരുന്നത് '

ഒരു നിമിഷമവള്‍ പകച്ചുനിന്നു; പിന്നെ മുന്നോട്ടാഞ്ഞുനിന്ന് അവള്‍ ചോദിച്ചു.
' എന്താ പറഞ്ഞത് ...? കിരണെന്താ പറഞ്ഞത്... ? '

' നീയും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നെന്ന് ... വലിച്ചു കയറ്റിയ ഒറ്റമൂലി സ്വാമിമഠത്തിലെ വൈദ്യരുടെ മരുന്നും മന്ത്രവുമൊന്നുമല്ല. ഒന്നാന്തരം മരിജുവാന... മേമ്പൊടിയായി കുറച്ചു പച്ചക്കര്‍പ്പൂരവും ഭസ്മവും ചേര്‍ത്തിരുന്നു '

ദുരനുഭവത്തിന്റെ പടുതയ്ക്കു പിന്നിലേക്കവളെ വലിച്ചെറിഞ്ഞ് അടുത്ത നിമിഷം തന്നെ കിരണ്‍ വീട്ടില്‍ നിന്നുമിറങ്ങിപ്പോയി.

കിരണിലുള്ള വിശ്വാസത്തിന്റെ ചിറകുകള്‍ അറ്റുവീഴുന്നു. ടെന്‍ഷനും ഉറക്കക്കുറവും ഒറ്റയടിക്ക് പരിഹരിക്കാന്‍ കിരണ്‍ നല്‍കിയിരുന്ന ഒറ്റമൂലി മയക്കുമരുന്നായിരുന്നു. ഒറ്റമൂലി സമ്മാനിച്ച മയക്കവും മിഥ്യാദര്‍ശനവും ഓര്‍മ്മക്കുറവുമെല്ലാം അവളെ പൊള്ളിച്ചു. കന്യകാത്വം ക്രൂരമായി കവര്‍ന്നെടുത്ത നിര്‍ണ്ണായകദിവസം പതിവില്‍ കൂടുതല്‍ മരുന്ന് കഴിച്ചിരുന്നെന്ന് അവളോര്‍ത്തു.
ഇപ്പോള്‍...
വിശ്വാസ വഞ്ചനയുടെ കൗശലവാതിലുകള്‍ തുറന്നിട്ട് കുറുക്കനെപ്പോലെ നടക്കുകയായിരുന്നു കിരണ്‍രാജെന്നു തിരിച്ചറിയുമ്പോള്‍...
അവള്‍ നെഞ്ചിടിപ്പോടെ സ്വയം ചോദിച്ചു.
ലഹരിയുടെ മയക്കത്തില്‍ അന്നു തന്നെ നശിപ്പിച്ചത് ആരാണ് ?

ഒറ്റപ്പെട്ട അവസ്ഥയിലായി അവള്‍.
പരിചയമില്ലാത്ത നാട്ടില്‍ ആരും തുണയില്ല. കുഞ്ഞിനു കൃത്യമായി ആഹാരം പോലും നല്‍കാന്‍ കഴിയുന്നില്ല. അവളുടെ നിസ്സഹായതയിലേക്ക് കാര്‍ക്കശ്യം നിറഞ്ഞ വാക്കുകളോടെ വീട്ടുടമയും കടന്നുവന്നു. കുടിശ്ശിക വീട്ടുവാടക തീര്‍ത്തുകൊടുക്കണം. അല്ലെങ്കില്‍ എത്രയും വേഗം വീടൊഴിയണം.

പിന്നെയും ഒരാഴ്ച കഴിഞ്ഞു കിരണ്‍രാജ് തിരിച്ചെത്താന്‍. മൗനം പാലിച്ച് മുറിക്കുള്ളിലൊതുങ്ങിയ അയാളോട് വീട്ടുടമ വാടക ആവശ്യപ്പെട്ട കാര്യം ജീന പറഞ്ഞു.
ഒരലര്‍ച്ചയായിരുന്നു അതിനുള്ള മറുപടി.
'  നിന്റെ തന്ത കൊണ്ടുവച്ചിട്ടുണ്ടോ അയാള്‍ക്കു കാശു കൊടുക്കാന്‍... '

അവള്‍ നടുങ്ങി പിന്നോക്കം മാറി. കിരണിന്റെ കണ്ണുകള്‍ ചെമ്പരത്തിപ്പൂവുപോലെ ചുമന്നിരുന്നു. നെറ്റിത്തടങ്ങളിലും കണ്ണിന്റെ കീഴെയും കറുപ്പ് കനത്ത് കവിളുകളിലേക്ക് ഒഴുകിപ്പരക്കാന്‍ തുടങ്ങിയിരുന്നതുകൊണ്ട് കിരണിന്റെ ക്രൗര്യത്തിനും കറുപ്പേറിയിരുന്നു.

' കേസും കൂട്ടവുമായപ്പോ കോംപ്രമൈസിനു വരുമെന്നും എല്ലാം എഴുതിത്തരുമെന്നുമാണ് വിചാരിച്ചത്. ആ തെണ്ടി അതിനും നിന്നില്ല '

ഒന്നിനുപിറകെ ഒന്നായി സാമുവലിനെക്കുറിച്ചുള്ള നിന്ദാവചനങ്ങള്‍. കേട്ടുനില്‍ക്കാനാവാതെ കിരണിനെ പിടിച്ചുകുലുക്കിക്കൊണ്ടവള്‍ പൊട്ടിത്തെറിച്ചു.
'കേസ് കേസ് കേസ്... എന്നിട്ടെന്തായി. അപ്പച്ചന്‍ കുറ്റക്കാരനല്ല. അപ്പോപ്പിന്നെ ആരാ എന്നെ ഉപദ്രവിച്ചത്. നിങ്ങള്‍ക്കതറിയാം.'

ദിവസങ്ങളായി അലട്ടിക്കൊണ്ടിരുന്ന ചോദ്യത്തിനുത്തരം പറയേണ്ടത് കിരണാണെന്ന് അവള്‍ ഉറപ്പിച്ചു.  
അടുത്ത നിമിഷം. കിരണവളെ വലിച്ചിഴച്ച് കുഞ്ഞ് ഉറങ്ങിക്കിടന്ന മുറിയിലേക്കു തള്ളി. എവിടെനിന്നെന്നറിയില്ല ഒരു കൈവിലങ്ങയാള്‍ പുറത്തെടുത്തു. ഒന്നു പിടയാന്‍ പോലും അനുവദിക്കാതെ അവളുടെ വലതുകൈ ജാലകക്കമ്പിയോടു ചേര്‍ത്തുവച്ച് വിലങ്ങിട്ടു. അയാളപ്പോള്‍ത്തന്നെ വീടുപൂട്ടി പുറത്തേക്കു പോയി.

വീട്ടുതടങ്കലിന്റെ ഒരു പകലും രാവും. പിറ്റേന്നുരാവിലെയാണ് കിരണ്‍ വന്നതും മുറി തുറന്നതും. അതുവരെ ചങ്ങലപ്പൂട്ടില്‍ ജനലോരം നില്‍ക്കുകയായിരുന്നു ജീന. അയാള്‍ വിലങ്ങഴിച്ച് അവളെ സ്വതന്ത്രയാക്കി. ജീനയ്ക്ക് അലറിക്കരയണമെന്നു തോന്നി. പ്രവചനാതീതമായ ചേഷ്ടകളോടെ അടിക്കടി മാറുകയാണ് കിരണ്‍രാജ്. ഈ സമയം അയാള്‍ക്കൊരു ഫോണ്‍ വന്നു. അത് അറ്റന്‍ഡു ചെയ്ത് ആര്‍ക്കോ വീടിന്റെ വഴി പറഞ്ഞുകൊടുത്ത് അയാള്‍ പുറത്തേക്കിറങ്ങി. വീടിനുമുന്നിലപ്പോള്‍ ഒരു കാറെത്തുകയും അതില്‍ നിന്നിറങ്ങിയ മധ്യവയസ്‌കന്‍ കിരണിനൊപ്പം വീട്ടിലേക്കു കയറുകയും ചെയ്തു.

ജീനയുടെ ഭയം വാനോളമുയര്‍ന്നു. രക്ഷകന്റെ മുഖം കിരണിന് പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നു. മനുഷ്യനായിപ്പോലും അയാളെയിപ്പോള്‍ കാണാനാവില്ല. അപരിചിതമായ കാര്യങ്ങള്‍ മാത്രമാണ് അയാളില്‍ നിന്നുണ്ടാകുന്നതെല്ലാം. ഔഷധമെന്നു തെറ്റിദ്ധരിപ്പിച്ച് പതിവായി മയക്കുമരുന്നു നല്‍കുന്നു. മൃഗത്തെപ്പോലെ കെട്ടിയിടുന്നു. ഒരു രാത്രി മുഴുവന്‍ വിലങ്ങില്‍ തളച്ച് വീട് താഴിട്ടുപൂട്ടുന്നു. അനുഭവങ്ങളോരോന്നും അവളെ വിറകൊള്ളിച്ചു. വന്നയാളെക്കുറിച്ചന്വേഷിക്കാനോ അവിടെന്തു നടക്കുന്നെന്ന് ശ്രദ്ധിക്കാനോ അവള്‍ തുനിഞ്ഞില്ല. ഒരു പക്ഷേ കിരണിനെപ്പോലെ ലഹരി ഉപയോഗിക്കുന്നയാളായിരിക്കാം . അതായിരിക്കും അകത്തെ മുറിയിലെ രഹസ്യ സംഭാഷണത്തിന്റെ ഉള്ളടക്കം.

അവള്‍ കുഞ്ഞിനെ നോക്കി. വിളറിയ മുഖവും വിശന്നൊട്ടിയ വയറും. ഫ്രിഡ്ജില്‍ ദോശമാവ് ബാക്കിയുണ്ട്. കുഞ്ഞിനവള്‍ വേഗം തന്നെ ദോശയുണ്ടാക്കിക്കൊടുത്തു. അതേ സമയം ജീനയുടെ വിശപ്പും ദാഹവുമെല്ലാം എങ്ങോ പൊയ്‌പ്പോയിരുന്നു.

'നീ കാപ്പി കഴിച്ചോ ? '
അവളുടെ അടുത്തേക്കുവന്ന കിരണ്‍ പഴയ ശാന്തതയും പ്രസന്നതയും മുഖത്തെത്തിക്കാനുള്ള പാഴ്ശ്രമത്തിലാണ്.
അവളതിനു മറുപടി പറഞ്ഞില്ല.
അയാളപ്പോള്‍ തിരക്കുപിടിച്ച് വാച്ചിലേക്കു നോക്കി. പിന്നെ വളരെ സാധാരണമട്ടില്‍ പറഞ്ഞു.
'കഴിച്ചില്ലേല്‍ വേഗം കഴിക്ക്. എന്നിട്ടാ മുറിക്കകത്തിരിക്കുന്ന ആളില്ലേ... അയാളുടെ അടുത്തേക്കൊന്നു പോകണം.'

കിരണിന്റെ വാക്‌സൂചനയില്‍ പിടഞ്ഞ അവള്‍ ഞെട്ടിയെഴുനേറ്റു. എന്നാലയാള്‍ കൂടുതല്‍ അടുത്തേക്കുനീങ്ങിനിന്ന് തന്റെ ആവശ്യം ശക്തമായി ആവര്‍ത്തിക്കുകയായിരുന്നു.
'അതു തന്നെ ... ഒരു പത്തുമിനുട്ട് '

കുതറിമാറിയേക്കുമെന്നുകരുതി കിരണവളെ പൂണ്ടടക്കം ഞെരിച്ച് പഴയതുപോലെ നിലത്തിരുത്തി.

' വീട്ടുവാടക വേണം. അത്യാവശ്യത്തിന് കയ്യില്‍ കാശു വേണം. അതിനൊക്കെത്തന്നെയാ ഇത് '

വിറയ്ക്കുന്ന ശബ്ദത്തോടെ ജീന കുതറി
'ഇല്ല. എന്നെ  കൊന്നാലും സമ്മതിക്കില്ല '

അയാളവളെ വീണ്ടും ശക്തമായി ഞെരിച്ചു. അവളുടെ കണ്ണുകളിലേക്ക് അയാളുടെ കഴുകുന്‍ മുഖം ആഞ്ഞുലഞ്ഞുനീണ്ടു. അവളുടെ കാതുകളിലേക്കയാള്‍ വാക്കുകള്‍ കടിച്ചുപൊട്ടിച്ചു.
' കൊല്ലേണ്ടിവന്നാല്‍... കൊന്നുകളയും'
അയാളൊരു മൃഗത്തെപ്പോലെ നിന്നുകിതച്ചു.

'പണത്തിനുവേണ്ടിത്തന്നെയാടീ രജിസ്ടര്‍ വിവാഹമെങ്കില്‍ രജിസ്ടര്‍ വിവാഹം ചെയ്തു തൊലയ്ക്കാമെന്നു വിചാരിച്ചത്. എല്ലാം തകര്‍ത്തത് സാമുവലാണ്. ഞാനറിയാതെ അവനെന്റെ വീട്ടില്‍ കല്യാണാലോചനയ്ക്കു പോയി. '

എല്ലാ ശക്തിയും ചോര്‍ന്നതു പോലെ ജീന നിന്നു. അയാളവളെ വീണ്ടും ഉന്തിത്തള്ളി ചുമരിലേക്കു ചേര്‍ത്തുനിര്‍ത്തി.

' കോടതിയില്‍ വച്ചു നിന്റെ തന്ത പറഞ്ഞില്ലേ . എനിക്കു വേറെ ഭാര്യയുണ്ടെന്ന്. ഉണ്ടെടീ അങ്ങനൊരു സാധനം. രണ്ടു ഭാര്യമാരെ എനിക്കുവാഴില്ലെന്നു നിന്റപ്പന്‍ തീരുമാനിച്ചാപ്പിന്നെ ഞാനെന്താ വേണ്ടത്. നിന്നെയായിരുന്നില്ലെടീ ... സാമുവലിന്റെ സ്വത്തും പണവും തന്നെയായിരുന്നെടീ എനിക്കുവേണ്ടത്. അതിനു തന്നെയാടീ നിന്നെക്കൊണ്ട് കള്ളക്കേസു കൊടുപ്പിച്ചത് '

കിരണിന്റെ വാക്കുകളില്‍ ജീന തളര്‍ന്നു. അവള്‍ക്കു തല ചുറ്റുന്നതുപോലെ തോന്നി. കണ്ണിലിരുട്ടു കയറുന്നു. കാതടഞ്ഞതുപോലെ. വല്ലാത്തൊരു മരവിപ്പ് ശരീരമാകെ പടരുന്നു.
' കര്‍ത്താവേ...'
അവള്‍ ഉറക്കെ വിളിച്ചു.

' എന്നെ ജനിപ്പിച്ച തന്തക്കഴുവേറി സ്വാമിയാരുണ്ട്. അയാളെന്നെ പടിയടച്ചു പിണ്ഡം വച്ചു... ഒരു തരി മണ്ണുപോലും എനിക്കു തന്നില്ല. അപ്പപ്പിന്നെ പറയെടീ... കാശിനു ഞാനെവിടെ പോവണം ?'

ജീനയെ ശക്തമായി പിടിച്ചുകുലുക്കിക്കൊണ്ട് അയാള്‍ ചോദിച്ചു.

' നീ കഴിഞ്ഞ ദിവസം ചോദിച്ചില്ലേ. നിന്നെയാരാ അന്ന് ഉപദ്രവിച്ചതെന്ന്. ആരാ ചെക്കന്റെ തന്തയെന്ന്... '

അയാളുടെ ഉച്ചത്തിലുള്ള ചിരിയില്‍ ലഹരി പരന്നൊഴുകി. പേടിപ്പെടുത്തുന്ന ചിരി.

' അതു ഞാന്‍ തന്നെയാടീ '

നടുങ്ങിനില്‍ക്കുന്ന ജീനയുടെ മുന്നില്‍ നിന്നയാള്‍ കുഞ്ഞിനെ വാരിയെടുത്തു. അയാളുടെ മുഖം കൂടുതല്‍ ക്രൂരമായി.

' നീ സമ്മതിക്കും. പോ... ബഡ്‌റൂമിലക്കേു പോ. അയാളവിടെ കാത്തിരിക്കുകയാണ് '

ഒരു ഭ്രാന്തനെപ്പോലെ അതാവര്‍ത്തിച്ച് അയാള്‍ കുഞ്ഞുമായി ദോശക്കല്ലിനടുത്തേക്കു ധൃതിയില്‍ നീങ്ങി. ഒരാര്‍ത്തനാദം അവളില്‍ നിന്നു പുറത്തു ചാടി. സമ്മതം മൂളിയില്ലെങ്കില്‍ കുഞ്ഞിനെയയാള്‍ തിളച്ച ദോശക്കല്ലിലേക്കിരുത്തും. എവിടെനിന്നെന്നറിയില്ല ഒരു ശക്തി അവളുടെ കാല്‍വിരലില്‍ നിന്നും തലമുടിനാരോളം പടര്‍ന്നുകയറി. ഒരു തരിപ്പ് ; ആരോ തള്ളിയിട്ടതുപോലെ പിന്നെയൊരു കുതിപ്പ്. കിരണിന്റെ കാലിലവള്‍ക്കു പിടുത്തം കിട്ടി. പിന്‍കാലിടറി മുട്ടുകുത്തിയ കിരണിന്റെ കൈയൊന്നയഞ്ഞു. ജീന കുഞ്ഞിനെ വാരിവലിച്ചെടുത്തു. ഇതുവരെയില്ലാത്ത ചലനവേഗത്തിലവള്‍ കുഞ്ഞിനെയും ചേര്‍ത്തുപിടിച്ച് വീടിനുപുറത്തേക്കു കുതിച്ചു.  

ആദ്യത്തെ അന്ധാളിപ്പൊന്നവസാനിച്ചതോടെ അവള്‍ക്കുപിന്നാലെ കിരണും വെളിയിലേക്കു പാഞ്ഞു. ജീനയപ്പോള്‍ റോഡിലെത്തിയിരുന്നു. അമരാവതി റോഡില്‍ പതിവില്‍ക്കവിഞ്ഞ ആള്‍ത്തിരക്കുണ്ടായിരുന്നു . അത് കിരണിനെ പിന്നിലേക്കു വലിച്ചു. അതുവഴി വന്ന ഓട്ടോ കൈ കാണിച്ചു നിര്‍ത്തി കുഞ്ഞുമായവള്‍ അതിലേക്കു കയറി. പിന്നെ തൊഴുകൈയോടെ ഓട്ടോഡ്രൈവറോടപേക്ഷിച്ചു.

' ഏതെങ്കിലുമൊരു അനാഥാലയത്തിലെത്തിക്കണം... പ്ലീസ്.'


( തുടരും )

മുന്‍ ഭാഗങ്ങള്‍ വായിക്കാം

Content Highlights: Malayalam Novel based on true story part fifteen